2026 ആഗസ്റ്റ് 17-23
ഗീതം 90 പരസ്പരം പ്രോത്സാഹിപ്പിക്കുക
സഹോദരങ്ങളുമായുള്ള സൗഹൃദം നിലനിറുത്തുക
“ആർദ്രപ്രിയം, അനുകമ്പ, ദയ, താഴ്മ, സൗമ്യത, ക്ഷമ എന്നിവ ധരിക്കുക.”—കൊലോ. 3:12.
ഉദ്ദേശ്യം
സഹവിശ്വാസികളുമായുള്ള സൗഹൃദം തകർത്തേക്കാവുന്ന പ്രശ്നങ്ങളെ എങ്ങനെ നേരിടാമെന്നു നോക്കും.
1. യഥാർഥകൂട്ടുകാരെ നമുക്ക് എവിടെ കണ്ടെത്താനാകും?
“കൂട്ടു വേണം, കൂട്ടുകാർ വേണം ജീവിതത്തിൽ എന്നും. സഹായമായി സ്നേഹിതന്മാർ, നമുക്കൊപ്പം ചേരണം.” “യഥാർഥസുഹൃത്ത്” എന്ന ചിത്രഗീതത്തിന്റെ തുടക്കത്തിലെ ഈ വരികൾ സത്യമാണെന്ന് നിങ്ങൾക്ക് തോന്നിയിട്ടില്ലേ? യഹോവയുടെ ജനത്തിനിടയിൽനിന്ന് ശരിക്കുമുള്ള കൂട്ടുകാരെ കണ്ടെത്താനാകുന്നത് എത്ര വലിയൊരു അനുഗ്രഹമാണ്! (സങ്കീ. 119:63) സ്നേഹമെന്ന ചരടിൽ കോർത്തിണക്കിയിരിക്കുന്ന വലിയൊരു കുടുംബമാണ് നമ്മുടേത്.
2. നമ്മുടെ സഹോദരങ്ങളുമായി എങ്ങനെയുള്ള സൗഹൃദമാണ് നമ്മൾ വളർത്തിയെടുക്കേണ്ടത്?
2 സഹോദരങ്ങളുമായുള്ള സുഹൃദ്ബന്ധം വെറുതേ പുറമേയുള്ളതായിരിക്കരുത്. ആഴത്തിൽ വേരൂന്നിയ, അടുത്ത ബന്ധമായിരിക്കണം അത്. യഹോവയെയും യേശുവിനെയും സ്നേഹിക്കുന്ന ഒരു കുടുംബത്തിന്റെ ഭാഗമാണ് നമ്മൾ. ആ സ്നേഹമാണ് നമ്മളെ ഒറ്റക്കെട്ടായി നിറുത്തുന്നത്. (യോഹ. 13:35) അത്തരം സൗഹൃദങ്ങൾ തനിയെ ഉണ്ടാകില്ല. അതിനു നല്ല ശ്രമം ആവശ്യമാണ്. അതു നിലനിറുത്താനും ശ്രമം വേണ്ടിവരും. കാരണം നമ്മളെല്ലാം അപൂർണരാണ്.
3. സൗഹൃദങ്ങൾ നിലനിറുത്തുന്നതു ബുദ്ധിമുട്ടായേക്കാവുന്നത് എന്തുകൊണ്ട്?
3 ചിലരെ അടുത്ത കൂട്ടുകാരാക്കാൻ എളുപ്പമായിരിക്കും. കാരണം നിങ്ങൾക്ക് ഒരേ താത്പര്യങ്ങളും ഇഷ്ടങ്ങളും ഒക്കെയായിരിക്കും ഉള്ളത്. എന്നാൽ മറ്റു ചില സഹോദരങ്ങളുമായുള്ള സൗഹൃദം നിലനിറുത്താൻ നമുക്ക് ബുദ്ധിമുട്ട് തോന്നിയേക്കാം. ചിലപ്പോൾ അഭിപ്രായവ്യത്യാസങ്ങൾ കാരണം നമുക്കിടയിലെ ബന്ധത്തിന് വിള്ളൽ വീണേക്കാം. ഇനി വ്യക്തിത്വങ്ങളിൽ വ്യത്യാസം ഉള്ളതുകൊണ്ട് ചിലരോട് കൂട്ടുകൂടാൻ മടി തോന്നാം. അതുപോലെ നമ്മുടെ സഹോദരങ്ങൾക്ക് എന്തെങ്കിലും ഗുരുതരമായ രോഗമോ മാനസികവിഷമമോ ഉള്ളപ്പോഴും അവരുമായി ഒത്തുപോകാൻ പാടായിരിക്കും. ഇത്തരം പ്രശ്നങ്ങളുണ്ടെങ്കിലും നല്ല സൗഹൃദങ്ങൾ നിലനിറുത്താൻ യേശുവിന്റെ മാതൃക നമ്മളെ എങ്ങനെ സഹായിക്കുമെന്ന് ഈ ലേഖനത്തിൽ നോക്കും. എന്നാൽ അതിനു മുമ്പ്, സൗഹൃദങ്ങൾ നിലനിറുത്താൻ ദൈവികഗുണങ്ങൾ എങ്ങനെയാണ് സഹായിക്കുന്നതെന്നു പഠിക്കാം.
സൗഹൃദങ്ങൾ നിലനിറുത്താൻ ദൈവികഗുണങ്ങൾ സഹായിക്കും
4. സഹോദരങ്ങളുമായുള്ള സൗഹൃദം നമുക്ക് എങ്ങനെ ശക്തമാക്കാം?
4 സഹോദരങ്ങളുമായുള്ള സൗഹൃദം ശക്തമാക്കാൻ അവരുടെ നല്ല ഗുണങ്ങളിലേക്ക് നമ്മൾ നോക്കണം. അതിനു നമ്മളെ സഹായിക്കുന്ന ഒരു കാര്യമാണ് അവരോടൊപ്പം സമയം ചെലവഴിക്കുന്നത്. അപ്പോസ്തലനായ പൗലോസിന് സഹോദരങ്ങളോടൊപ്പം ആയിരിക്കാൻ ഒത്തിരി ആഗ്രഹം തോന്നി. തെസ്സലോനിക്യക്കാർക്ക് അദ്ദേഹം ഇങ്ങനെയാണ് എഴുതിയത്: “നിങ്ങളെ നേരിൽ കാണാൻ ഞങ്ങൾക്ക് അതിയായ ആഗ്രഹം തോന്നി. നിങ്ങളുടെ അടുത്ത് വരാൻ ഞങ്ങൾ ഒരുപാടു ശ്രമിക്കുകയും ചെയ്തു.” (1 തെസ്സ. 2:17) നേരിട്ടുകണ്ട് സംസാരിക്കുന്നത് സുഹൃദ്ബന്ധം ശക്തമാക്കാനുള്ള ഏറ്റവും നല്ല വഴിയായി പലർക്കും തോന്നിയിട്ടുണ്ട്. ശുശ്രൂഷയും മീറ്റിങ്ങും സമ്മേളനങ്ങളും കൺവെൻഷനുകളും ഒക്കെ അതിനുള്ള നല്ല അവസരങ്ങളാണ്. എന്നാൽ ഒരുമിച്ച് ആയിരിക്കുന്നതുകൊണ്ടുമാത്രം ആ സൗഹൃദത്തിന് ഭീഷണിയായേക്കാവുന്ന കാര്യങ്ങൾ നമുക്കു തടയാനാകില്ല.
5. പ്രശ്നങ്ങളുള്ളപ്പോഴും സുഹൃദ്ബന്ധം നിലനിറുത്താൻ നമ്മളെ സഹായിക്കുന്നത് എന്താണ്? ഒരു ദൃഷ്ടാന്തം പറയുക. (കൊലോസ്യർ 3:12)
5 സുഹൃദ്ബന്ധം നന്നായി കൊണ്ടുപോകാൻ സഹായിക്കുന്നത് ദൈവികഗുണങ്ങളാണ്. (കൊലോസ്യർ 3:12 വായിക്കുക.) താഴ്മ, ക്ഷമ, ദയ, അനുകമ്പ എന്നീ ഗുണങ്ങളുണ്ടെങ്കിൽ സുഹൃത്തുക്കൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും അതു പരിഹരിച്ച് മുന്നോട്ടുപോകാൻ എളുപ്പമായിരിക്കും. ഒരു കാറിന്റെ എഞ്ചിൻ നന്നായി പ്രവർത്തിക്കാൻ ഓയിൽ സഹായിക്കുന്നതുപോലെയാണ് ഈ ദൈവികഗുണങ്ങൾ. പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും ഒത്തുപോകാൻ ആ ഗുണങ്ങൾ സഹായിക്കും. നമുക്ക് ഇപ്പോൾ, സുഹൃദ്ബന്ധത്തിന് തടസ്സമായേക്കാവുന്ന മൂന്നു കാര്യങ്ങൾ നോക്കാം. അതോടൊപ്പം യേശു കാണിച്ച താഴ്മ, ക്ഷമ, ദയ, അനുകമ്പ എന്നിവ നല്ല സുഹൃത്തുക്കളായിരിക്കാൻ നമ്മളെ എങ്ങനെ സഹായിക്കുമെന്നും നമ്മൾ ചിന്തിക്കും.
അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ
6. അഭിപ്രായവ്യത്യാസങ്ങൾ ഒരു സൗഹൃദത്തെ എങ്ങനെ ബാധിച്ചേക്കാം?
6 ഇതൊരു പ്രശ്നമായേക്കാവുന്നത് എങ്ങനെ? അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ ഓരോരുത്തർക്കും അവരുടെ ഭാഗമാണ് ശരി എന്നു തോന്നും. ഒരു സാഹചര്യം നോക്കാം: ഒരു വയൽസേവന ഗ്രൂപ്പിൽ രണ്ട് സഹോദരന്മാർക്ക്, തങ്ങളുടെ പ്രദേശത്ത് പ്രസംഗപ്രവർത്തനം ചെയ്യുന്ന രീതിയുമായി ബന്ധപ്പെട്ട് രണ്ട് അഭിപ്രായങ്ങൾ വരുന്നു. സ്വന്തം അഭിപ്രായമാണ് ഏറ്റവും നല്ലതെന്നു രണ്ടു പേർക്കും തോന്നുന്നു. ഈ അഭിപ്രായവ്യത്യാസം വലിയൊരു പ്രശ്നമായി മാറാനും അവർ തമ്മിലുള്ള ബന്ധത്തിന് ഇളക്കം തട്ടാനും ഉളള സാധ്യത നിങ്ങൾ കാണുന്നുണ്ടോ? അഹങ്കാരം അവരെ പിടികൂടിക്കഴിഞ്ഞാൽ പ്രശ്നം വഷളാകും. അവർ അത് സംസാരിച്ച് പരിഹരിച്ചില്ലെങ്കിൽ അവർക്ക് അങ്ങോട്ടുമിങ്ങോട്ടും ദേഷ്യം തോന്നുകയും പതിയെപ്പതിയെ അവരുടെ ബന്ധം അകന്നുപോകുകയും ചെയ്യും. ആ സൗഹൃദം അങ്ങനെ അവസാനിച്ചേക്കാം. എത്ര നിസ്സാരമായ ഒരു പ്രശ്നത്തിൽനിന്നാണ് കാര്യങ്ങൾ ഇവിടെവരെ എത്തിയത് അല്ലേ?
7. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ താഴ്മ കാണിക്കേണ്ടതിന്റെ പ്രാധാന്യം യേശു ശിഷ്യന്മാരെ പഠിപ്പിച്ചത് എങ്ങനെ?
7 യേശുവിന്റെ താഴ്മയിൽനിന്ന് പഠിക്കുക. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ അത് പരിഹരിക്കാൻ സഹായിക്കുന്ന ഒരു ഗുണത്തെക്കുറിച്ച് യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. താഴ്മയായിരുന്നു അത്. തങ്ങളിൽ ആരാണ് വലിയവൻ എന്നതിനെക്കുറിച്ച് ശിഷ്യന്മാർക്കിടയിൽ കുറച്ച് നാളായിട്ട് തർക്കമുണ്ടായിരുന്നു. അവരുടെ ഉള്ളിൽ ആഴത്തിൽ വേരുറച്ചുപോയ ആ ചിന്താരീതിക്ക് മാറ്റം വരുത്താൻ മറ്റുള്ളവരെ ശ്രേഷ്ഠരായി കാണണമെന്ന് യേശു അവർക്കു പറഞ്ഞുകൊടുത്തു. (മത്താ. 20:25-28) യേശു അവരെ താഴ്മ പഠിപ്പിക്കുകയായിരുന്നു. തന്റെ മരണത്തിന്റെ തലേരാത്രി ആയിരുന്നിട്ടും, അവരുടെ കാലുകൾ കഴുകിക്കൊണ്ട് ഒരു അടിമ ചെയ്യുന്ന ജോലി യേശു താഴ്മയോടെ ചെയ്തു. അങ്ങനെ അവർക്കു ‘മാതൃക വെച്ചു.’ (യോഹ. 13:3-5, 12-16) ആ സംഭവത്തിലൂടെ അവർക്കിടയിലെ സൗഹൃദം നിലനിറുത്താൻ എങ്ങനെ കഴിയുമെന്ന് യേശു കാണിച്ചുകൊടുത്തു. മറ്റുള്ളവരെ ശ്രേഷ്ഠരായി കണ്ടാൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോഴും വഴക്കം കാണിക്കാനും നല്ല കൂട്ടുകാരായിത്തന്നെ തുടരാനും അവർക്ക് എളുപ്പമാകുമായിരുന്നു.
8. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോഴും സൗഹൃദം നിലനിറുത്താൻ താഴ്മ നിങ്ങളെ എങ്ങനെ സഹായിക്കും? (കൊലോസ്യർ 3:13) (ചിത്രങ്ങളും കാണുക.)
8 സൗഹൃദം എങ്ങനെ നിലനിറുത്താം? താഴ്മയുണ്ടെങ്കിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങളൊക്കെ വിട്ടുകളയാനും മറ്റുള്ളവരോടു ക്ഷമിക്കാനും നമുക്ക് കഴിയും. (കൊലോസ്യർ 3:13 വായിക്കുക.) താഴ്മയുള്ള ഒരു വ്യക്തി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോഴും ബന്ധത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് മോശമായ രീതിയിൽ പ്രതികരിക്കാതിരിക്കാൻ നോക്കും. (സങ്കീ. 4:4) ഇനി, ദയയില്ലാതെ ഒരാൾ നമ്മളോടു സംസാരിച്ചെങ്കിൽ നമ്മളും ഇതുപോലെ മറ്റുള്ളവരെ വേദനിപ്പിക്കുന്ന കാര്യങ്ങൾ പറഞ്ഞുപോകാറുണ്ടെന്ന് ഓർക്കണം. (സഭാ. 7:21, 22) സ്വയം ചോദിക്കുക: ‘ഞാനാണ് ശരിയെന്ന് തെളിയിക്കുന്നതാണോ അതോ ഞങ്ങൾക്കിടയിലെ സൗഹൃദം നിലനിറുത്തുന്നതാണോ എനിക്ക് ഏറ്റവും പ്രധാനം?’ നിങ്ങൾ മറ്റേ വ്യക്തിയുടെ അഭിപ്രായത്തോട് യോജിച്ചാൽ മതിയാകും. എന്നിട്ട് ആ വിഷയം വിട്ടുകളയുക. വീണ്ടും അത് എടുത്തിടുന്നത് നിങ്ങളുടെ മനസ്സമാധാനം കളയുകയേയുള്ളൂ.
ചെറിയ അഭിപ്രായവ്യത്യാസങ്ങൾ വിട്ടുകളയാനും ഉദാരമായി ക്ഷമിക്കാനും താഴ്മ നിങ്ങളെ സഹായിക്കും (8-ാം ഖണ്ഡിക കാണുക)a
9. ഒരു അഭിപ്രായവ്യത്യാസം നീണ്ടുനിൽക്കുന്നെങ്കിൽ താഴ്മ എങ്ങനെ നിങ്ങളെ സഹായിക്കും? (സുഭാഷിതങ്ങൾ 17:9)
9 ഒരു അഭിപ്രായവ്യത്യാസം നീണ്ടുനിൽക്കുന്നെങ്കിൽ അവിടെയും താഴ്മ എന്ന ഗുണം നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഭാഗം ശരിയാണെന്നു തെളിയിക്കുന്നതിനുവേണ്ടി തർക്കിക്കാൻപോകരുത്. (സുഭാഷിതങ്ങൾ 17:9 വായിക്കുക; 1 കൊരി. 6:7) നിങ്ങൾക്കിടയിലെ സൗഹൃദം നിലനിറുത്തുക എന്നതാണ് ലക്ഷ്യമെന്ന് എപ്പോഴും മനസ്സിൽപ്പിടിക്കുക. പ്രശ്നം പരിഹരിക്കാൻ ആ വ്യക്തിയെ കണ്ട് ദയയോടെ സംസാരിക്കുന്നത് പലരെയും സഹായിച്ചിട്ടുണ്ട്. (സങ്കീ. 34:14) നിങ്ങൾക്ക് ഒരുപക്ഷേ ഇങ്ങനെ പറയാനായേക്കും: “ഒരു സമയത്ത് നമ്മൾ നല്ല കൂട്ടുകാരായിരുന്നല്ലോ. നമുക്കിടയിൽ ഉണ്ടായ പ്രശ്നത്തെപ്പറ്റി ഒന്നു സംസാരിച്ചാലോ?” അങ്ങനെ സംസാരിക്കുമ്പോൾ നമ്മുടെ ഭാഗത്തുണ്ടായ തെറ്റ് അംഗീകരിക്കാനും ആ വ്യക്തിയെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അത് സമ്മതിക്കാനും ക്ഷമ ചോദിക്കാനും തയ്യാറായിരിക്കുക. ഇനി, മറ്റേ വ്യക്തി നിങ്ങളോട് ക്ഷമ ചോദിക്കുന്നെങ്കിൽ താഴ്മയോടെ ക്ഷമിച്ചുകൊടുക്കുക. (ലൂക്കോ. 17:3, 4) ഓർക്കുക: നിങ്ങളുടെ ലക്ഷ്യം ആരുടെ ഭാഗമാണ് ശരി എന്നു സ്ഥാപിക്കുകയല്ല, പകരം അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് സൗഹൃദം നിലനിറുത്തുക എന്നതാണ്.—സുഭാ. 18:24.
വ്യക്തിത്വങ്ങളിൽ വ്യത്യാസം വരുമ്പോൾ
10. നല്ല കൂട്ടുകാരായി തുടരുന്നത് ബുദ്ധിമുട്ടാക്കുന്ന ചില സാഹചര്യങ്ങൾ ഏതൊക്കെയാണ്?
10 ഇത് ഒരു പ്രശ്നമായേക്കാവുന്നത് എങ്ങനെ? നമ്മുടേതിൽനിന്ന് വ്യത്യസ്തമായ വ്യക്തിത്വങ്ങളുള്ള സഹോദരങ്ങളുമായി സുഹൃദ്ബന്ധം നിലനിറുത്താൻ പാടായിരിക്കും. നമുക്ക് ഒട്ടും ഇഷ്ടപ്പെടാത്ത സ്വഭാവമായിരിക്കും ചിലരുടേത്. ഇനി, മറ്റു ചിലർ പെരുമാറുന്നത് വളരെ വിചിത്രമായി നമുക്ക് തോന്നിയേക്കാം. ഒരുപക്ഷേ മുമ്പുണ്ടായ എന്തെങ്കിലും മോശമായ അനുഭവംകൊണ്ടായിരിക്കാം അവർ അങ്ങനെ പെരുമാറുന്നത്. അല്ലെങ്കിൽ അവർ വളർന്നുവന്ന സംസ്കാരത്തിലുള്ളവർ ഒതുങ്ങിക്കൂടുന്നവരോ ചിലപ്പോൾ ഒരുപാട് സംസാരിക്കുന്നവരോ ആയിരുന്നിരിക്കാം. അതല്ലെങ്കിൽ അവരുടെ പ്രകൃതം നമ്മുടേതിൽനിന്ന് വ്യത്യസ്തമായിരിക്കും. ചിലർക്ക് കുറെ ആളുകളോടൊപ്പം ആയിരിക്കാനാണ് ഇഷ്ടം; വേറെ ചിലർക്ക് ഒറ്റയ്ക്കായിരിക്കാനും.
11. തന്റേതിൽനിന്ന് വ്യത്യസ്തമായ വ്യക്തിത്വങ്ങൾ ഉള്ളവരോടും സൗഹൃദം നിലനിറുത്താൻ യേശുവിന് കഴിഞ്ഞത് എങ്ങനെയാണ്?
11 യേശുവിന്റെ ക്ഷമയിൽനിന്ന് പഠിക്കുക. തന്റേതിൽനിന്ന് വ്യത്യസ്തമായ വ്യക്തിത്വം ഉള്ളവരോടും യേശു സൗഹൃദം നിലനിറുത്തി. ഉദാഹരണത്തിന്, അപ്പോസ്തലന്മാരായ യാക്കോബും യോഹന്നാനും ദൈവരാജ്യത്തിൽ പ്രമുഖസ്ഥാനങ്ങൾ ചോദിച്ചുകൊണ്ട് അധികാരമോഹം കാണിച്ചു. (മർക്കോ. 10:35-37) എന്നാൽ യേശുവോ? സ്വർഗത്തിൽ ഉണ്ടായിരുന്ന ഉയർന്ന സ്ഥാനവും പദവിയും എല്ലാം താഴ്മയോടെ ഉപേക്ഷിച്ചാണ് യേശു ഭൂമിയിലേക്ക് വന്നത്. (ഫിലി. 2:5-8) എത്ര വ്യത്യസ്തമായ വ്യക്തിത്വങ്ങൾ! എന്നിട്ടും യേശു യാക്കോബിനോടും യോഹന്നാനോടും മറ്റുള്ളവരോടും ക്ഷമയോടെ ഇടപെട്ടു.
12. തന്റെ സുഹൃത്തുക്കളോട് ക്ഷമ കാണിക്കാൻ യേശുവിനെ എന്താണ് സഹായിച്ചത്?
12 തന്റെ സുഹൃത്തുക്കളെക്കുറിച്ച് യേശുവിന് ന്യായമായ പ്രതീക്ഷകളേ ഉണ്ടായിരുന്നുള്ളൂ. യാക്കോബും യോഹന്നാനും കാണിച്ച അധികാരമോഹം മറ്റു പല ശിഷ്യന്മാരുടെയും ഉള്ളിലുണ്ടെന്ന് യേശു മനസ്സിലാക്കി. (മർക്കോ. 9:34) അവരുടെ അതേ മതപശ്ചാത്തലത്തിൽ വളർന്നുവന്ന യേശുവിന് അന്നത്തെ ആളുകളുടെ ചിന്താരീതി അറിയാമായിരുന്നു. അവർ അധികാരത്തിനും സ്ഥാനത്തിനും ഒരുപാട് പ്രാധാന്യം കൊടുത്തിരുന്നു. അത് ശിഷ്യന്മാരെ സ്വാധീനിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയതുകൊണ്ട് യേശുവിന് അവരോട് ക്ഷമയോടെ ഇടപെടാൻ കഴിഞ്ഞു. വർഷങ്ങൾകൊണ്ട് അവരുടെ ഉള്ളിൽ ആഴത്തിൽ വേരുറച്ചുപോയ ആ ചിന്താരീതിക്കു മാറ്റം വരുത്താൻ യേശു സമയം കൊടുത്തു.—മർക്കോ. 10:42-45.
13. സൗഹൃദം നിലനിറുത്താൻ ക്ഷമ നമ്മളെ എങ്ങനെ സഹായിക്കും? (എഫെസ്യർ 4:2)
13 സൗഹൃദം എങ്ങനെ നിലനിറുത്താം? മറ്റുള്ളവരുടെ സ്വഭാവസവിശേഷതകൾ നിങ്ങളെ അസ്വസ്ഥപ്പെടുത്തിയാലും അവ അംഗീകരിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ട് നിങ്ങൾക്ക് ക്ഷമ വളർത്തിയെടുക്കാനാകും. (സുഭാ. 14:29) നമ്മളെല്ലാം പല സ്വഭാവം ഉള്ളവരാണ്. അതിലെ ചില സവിശേഷതകൾ നമ്മുടെ കുറവുകളല്ല, പകരം നമ്മുടെ മാത്രം ചില പ്രത്യേകതകളാണ്. നമ്മുടെ കാര്യത്തിൽ മറ്റുള്ളവർ അത് അംഗീകരിക്കുമ്പോൾ നമ്മൾ അത് വിലമതിക്കും. (എഫെസ്യർ 4:2 വായിക്കുക.) അതുകൊണ്ട് നമുക്കും മറ്റുള്ളവരെക്കുറിച്ച് ന്യായമായ പ്രതീക്ഷകൾ വെക്കുകയും അവരെ അവരായിരിക്കാൻ അനുവദിക്കുകയും ചെയ്യാം. അധികം സംസാരിക്കാത്ത ഒതുങ്ങിക്കൂടുന്ന ഒരു വ്യക്തി എത്രമാത്രം ശ്രമം ചെയ്തായിരിക്കും മറ്റുള്ളവരോട് സംസാരിക്കുകയും സഹവസിക്കുകയും ചെയ്യുന്നതെന്ന് നമുക്ക് ചിന്തിക്കാം. അതുപോലെ ഒരുപാട് സംസാരിക്കുകയും എപ്പോഴും ആളുകളുടെ കൂടെയായിരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാളുടെ കാര്യത്തിൽ നമ്മൾ ക്ഷമ കാണിക്കേണ്ടിവന്നേക്കാം. എല്ലാവരെയും അടുത്ത കൂട്ടുകാരാക്കാൻ നമുക്കു പറ്റില്ല എന്നത് ശരിയാണ്. പക്ഷേ വ്യത്യസ്തവ്യക്തിത്വങ്ങൾ ഉള്ള സഹോദരങ്ങളോടുപോലും ഒത്തുപോകാൻ നമുക്ക് കഴിയും.
14. ക്ഷമയുണ്ടെങ്കിൽ നമ്മൾ ഏതു കാര്യത്തിൽ ശ്രദ്ധിക്കും?
14 സഹോദരങ്ങളുടെ നല്ല ഗുണങ്ങൾ ശ്രദ്ധിക്കാൻ ക്ഷമ നമ്മളെ സഹായിക്കും. അങ്ങനെയാകുമ്പോൾ വ്യക്തിത്വത്തിലെ വ്യത്യാസങ്ങളൊന്നും സൗഹൃദത്തിന് ഒരു തടസ്സമായി നമ്മൾ കാണാൻ സാധ്യതയില്ല. യാക്കോബിന്റെയും യോഹന്നാന്റെയും കാര്യത്തിൽ അവർ സ്വാർഥതയോടെ ഉയർന്ന സ്ഥാനം കിട്ടാൻ ആഗ്രഹിച്ചു. പക്ഷേ ദൈവരാജ്യം അവർക്ക് അത്ര യാഥാർഥ്യമായിരുന്നു എന്നാണ് അത് കാണിച്ചത്. യേശു അവരുടെ ആ വിശ്വാസം കാണുകയും അതിനെ വിലമതിക്കുകയും ചെയ്തു. നമ്മളും നമ്മുടെ കൂട്ടുകാരുടെ നല്ല ഗുണങ്ങളിലേക്ക് നോക്കുകയാണെങ്കിൽ യേശുവിനെയും പിതാവായ യഹോവയെയും അനുകരിക്കുകയായിരിക്കും.
15. വ്യത്യസ്ത വ്യക്തിത്വങ്ങൾ ഉള്ളവരുമായി സൗഹൃദം നിലനിറുത്താൻ ആർക്ക് നമ്മളെ സഹായിക്കാനാകും?
15 ഇനി ഏറ്റവും പ്രധാനമായി, വ്യത്യസ്തവ്യക്തിത്വങ്ങൾ ഉള്ളവരോടും സൗഹൃദം നിലനിറുത്താൻ സഹായിക്കണേ എന്ന് യഹോവയോടു പ്രാർഥിക്കാനാകും. ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങൾ മുൻകൂട്ടിക്കാണാൻ ശ്രമിച്ചുകൊണ്ട് ശാന്തരായിരിക്കാനുള്ള സഹായത്തിനുവേണ്ടി മുന്നമേ പ്രാർഥിക്കാം. യഹോവ നമ്മുടെ സ്രഷ്ടാവായതുകൊണ്ട് നമ്മൾ ഓരോരുത്തരും വ്യത്യസ്തരാണെന്ന് യഹോവയ്ക്ക് അറിയാം. അതുകൊണ്ട് പ്രാർഥിക്കുമ്പോൾ പിടിച്ചുനിൽക്കാൻ നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് യഹോവയ്ക്ക് അറിയാമെന്ന് ഉറപ്പുണ്ടായിരിക്കുക. ഇനി, നിങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ പരിശുദ്ധാത്മാവിനെ തന്നുകൊണ്ട് ശരിയായ രീതിയിൽ പ്രതികരിക്കാൻ സഹായിക്കണേ എന്നും പ്രാർഥിക്കാം.—ലൂക്കോ. 11:13; ഗലാ. 5:22, 23.
സഹോദരങ്ങൾ കഷ്ടപ്പാടിലായിരിക്കുമ്പോൾ
16. കഷ്ടപ്പാടിലായിരിക്കുന്ന സഹോദരങ്ങളോട് ഇടപെടുന്നത് നമുക്ക് ബുദ്ധിമുട്ടായേക്കാവുന്നത് എങ്ങനെ?
16 ഇത് ഒരു പ്രശ്നമായേക്കാവുന്നത് എങ്ങനെ? ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങൾ നിമിത്തം കഷ്ടപ്പെടുന്ന സഹോദരങ്ങൾ, ചിലപ്പോൾ നമുക്ക് ബുദ്ധിമുട്ട് തോന്നുന്ന രീതിയിൽ ഇടപെട്ടേക്കാം. ഉദാഹരണത്തിന് അവർ ഉൾവലിയുകയോ പെട്ടെന്ന് അസ്വസ്ഥരാകുകയോ നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിൽ പെരുമാറുകയോ പോലും ചെയ്തേക്കാം. അവർ പറയുന്നതും ചെയ്യുന്നതും ആയ കാര്യങ്ങൾ നമ്മളെ വിഷമിപ്പിച്ചെന്നും വരാം. (ഇയ്യോ. 6:2, 3) പലപ്പോഴും നമ്മുടെ സഹോദരങ്ങൾ കടന്നുപോകുന്ന സാഹചര്യം നമുക്ക് അറിയില്ലായിരിക്കാം. അതുകൊണ്ട് നമ്മൾ പ്രതീക്ഷിക്കുന്ന രീതിയിൽ അവർ ഇടപെടണമെന്നില്ല.
17. അന്ധനായ ബർത്തിമായിയോട് യേശു ഇടപെട്ട വിധത്തിൽനിന്ന് നിങ്ങൾ എന്താണ് പഠിച്ചത്?
17 യേശുവിന്റെ ദയയിൽനിന്നും അനുകമ്പയിൽനിന്നും പഠിക്കുക. കഷ്ടപ്പെടുന്നവരോട് യേശു ദയയും അനുകമ്പയും കാണിച്ചു; മുമ്പ് പരിചയമില്ലാത്തവരോടുപോലും. ഉദാഹരണത്തിന്, അന്ധനായ ബർത്തിമായിയോട് യേശു ഇടപെട്ടതിനെക്കുറിച്ച് ചിന്തിക്കുക. യേശു അതുവഴി പോകുന്നുണ്ടെന്ന് കേട്ട അദ്ദേഹം യേശുവിന്റെ ശ്രദ്ധ കിട്ടാൻവേണ്ടി ഉറക്കെ വിളിച്ചു. ജനക്കൂട്ടത്തിൽ ചിലർ അദ്ദേഹത്തോട് മിണ്ടാതിരിക്കാൻ പറഞ്ഞെങ്കിലും സുഖപ്പെടാനുള്ള അതിയായ ആഗ്രഹം കാരണം ബർത്തിമായി കൂടുതൽ ഉച്ചത്തിൽ വിളിക്കാൻ തുടങ്ങി. ഇതു കണ്ടിട്ട് അവരിൽ ചിലർക്കെങ്കിലും അസ്വസ്ഥത തോന്നിക്കാണുമോ? അതിന് സാധ്യതയുണ്ട്. എന്നാൽ യേശുവിന് എന്താണ് തോന്നിയത്? അതു കണ്ടപ്പോൾ യേശുവിന്റെ ‘മനസ്സ് അലിഞ്ഞു.’ തീവ്രമായ അനുകമ്പയെ കുറിക്കുന്ന ഒരു പദമാണ് ഇത്. (മത്താ. 20:34; മർക്കോ. 10:46-52) ബർത്തിമായിയുടെ വിശ്വാസം എടുത്തുപറഞ്ഞുകൊണ്ട് യേശു ദയയോടെ അദ്ദേഹത്തോട് സംസാരിച്ചു. അത്ഭുതകരമായി അദ്ദേഹത്തിന് കാഴ്ച തിരിച്ചുകൊടുക്കുകയും ചെയ്തു.
18. കഷ്ടപ്പാടിലായിരിക്കുന്ന സുഹൃത്തുക്കളോട് നിങ്ങൾ എങ്ങനെ ഇടപെടണം? (1 തെസ്സലോനിക്യർ 5:14)
18 സൗഹൃദം എങ്ങനെ നിലനിറുത്താം? ദയയും അനുകമ്പയും ഉള്ളവരായിരിക്കുക. ആർദ്രമായ ഈ ഗുണങ്ങൾ ശാരീരികമായോ മാനസികമായോ കഷ്ടപ്പെടുന്ന സഹോദരങ്ങളോട് ‘ആശ്വാസം തോന്നുന്ന രീതിയിൽ സംസാരിക്കാൻ’ നിങ്ങളെ സഹായിക്കും. (1 തെസ്സലോനിക്യർ 5:14 വായിക്കുക.) ഒരു യഥാർഥകൂട്ടുകാരൻ എപ്പോഴും സഹായിക്കാൻ തയ്യാറായിരിക്കും; പ്രത്യേകിച്ചും “കഷ്ടതകളുടെ സമയത്ത്.” (സുഭാ. 17:17) അങ്ങനെയൊരു കൂട്ടുകാരൻ അവർ അനുഭവിക്കുന്ന കഷ്ടപ്പാട് കണ്ട് വെറുതേ വിഷമിക്കുക മാത്രമല്ല, അവർക്കു വേണ്ട മാനസികപിന്തുണയും പ്രോത്സാഹനവും പ്രായോഗികസഹായവും ഒക്കെ കൊടുക്കാനും മനസ്സു കാണിക്കും.
19. നമുക്ക് എങ്ങനെ ദയയും അനുകമ്പയും കാണിക്കാം? (ചിത്രങ്ങളും കാണുക.)
19 ദയയും അനുകമ്പയും കാണിക്കാൻ കഴിയുന്ന ചില പ്രായോഗികവഴികൾ ഏതൊക്കെയാണ്? നിങ്ങളുടെ സഹോദരങ്ങൾ അനുഭവിക്കുന്ന വിഷമങ്ങൾ ഇല്ലാതാക്കാൻ നിങ്ങൾക്കാകില്ല എന്നത് ശരിയാണ്. എങ്കിലും അവർ അനുഭവിക്കുന്ന കാര്യങ്ങളും അവരുടെ വികാരങ്ങളും പരമാവധി മനസ്സിലാക്കാൻ നിങ്ങൾക്ക് ശ്രമിക്കാനാകും. (മത്താ. 7:12; 1 പത്രോ. 3:8) അവർ അതെക്കുറിച്ച് പറയുമ്പോൾ ശ്രദ്ധിച്ച് കേട്ടിരിക്കുക. ഉചിതമെങ്കിൽ അവരെ ആശ്വസിപ്പിക്കുന്ന എന്തെങ്കിലും പറയാനാകും. (സുഭാ. 12:25) പെട്ടെന്നു തെറ്റായ നിഗമനങ്ങളിൽ എത്തിച്ചേരരുത്. (സുഭാ. 18:13) പകരം ക്ഷമ കാണിക്കുക. അവരുടെ കാര്യത്തിൽ ന്യായമായ പ്രതീക്ഷകൾ മാത്രം വെക്കുക.—എഫെ. 4:32.
യഥാർഥസുഹൃത്തുക്കൾ ദയയും അനുകമ്പയും കാണിച്ചുകൊണ്ട് ആശ്വസിപ്പിക്കും (19-ാം ഖണ്ഡിക കാണുക)
20. എങ്ങനെയുള്ള സുഹൃത്തായിരിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
20 ക്രിസ്തീയ സഹോദരങ്ങൾക്കിടയിലുള്ള നല്ല സുഹൃദ്ബന്ധങ്ങൾ നമ്മൾ ഒരുപാട് വിലമതിക്കുന്നു. എന്നാൽ നമ്മൾ മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയിൽ ചിലപ്പോൾ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ഒക്കെ ചെയ്തേക്കാം. നമ്മൾ അപൂർണരായതുകൊണ്ടോ ജീവിതത്തിൽ നേരിട്ടിട്ടുള്ള മോശമായ അനുഭവങ്ങൾകൊണ്ടോ ആയിരിക്കാം അത്. എന്നിട്ടും നമ്മുടെ സഹോദരങ്ങൾ താഴ്മയും ക്ഷമയും ദയയും അനുകമ്പയും കാണിച്ചുകൊണ്ട് നമ്മളോടുള്ള സുഹൃദ്ബന്ധം നിലനിറുത്തുന്നു. അതിൽ നിങ്ങൾക്ക് ഒരുപാട് നന്ദി തോന്നുന്നില്ലേ? അതുകൊണ്ട് അങ്ങനെ ഒരു സുഹൃത്താകാൻ നമുക്കും പരമാവധി ശ്രമിക്കാം.
ഗീതം 124 എന്നും വിശ്വസ്തൻ
a ചിത്രത്തിന്റെ വിവരണം: ഒരു പ്രായമായ സഹോദരനും ചെറുപ്പക്കാരനായ സഹോദരനും തമ്മിൽ സഭാപ്രദേശവുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസമുണ്ടാകുന്നു. പിന്നീട് അവർ ഒരുമിച്ച് സന്തോഷത്തോടെ ശുശ്രൂഷയിൽ ഏർപ്പെടുന്നു.