2026 ആഗസ്റ്റ് 10-16
ഗീതം 122 അചഞ്ചലരായ് ഉറച്ചുനിൽക്കാം
വിശ്വാസത്തിന്റെ പരിശോധനകളുണ്ടാകുമ്പോഴും വിശ്വസ്തരായി തുടരുക
“കർത്താവേ, ഞങ്ങൾ വേറെ ആരുടെ അടുത്തേക്കു പോകാനാണ്? നിത്യജീവന്റെ വചനങ്ങൾ അങ്ങയുടെ പക്കലല്ലേ ഉള്ളത്!”—യോഹ. 6:68.
ഉദ്ദേശ്യം
വിശ്വാസത്തിന്റെ പരിശോധനകൾ എന്തുതന്നെയാണെങ്കിലും നമുക്ക് യഹോവയോടു വിശ്വസ്തരായി തുടരാൻ കഴിയും.
1-2. യേശു കഫർന്നഹൂമിൽ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ എന്താണു സംഭവിച്ചത്?
“ഹൊ, എന്തൊക്കെയാണ് ഇദ്ദേഹം ഈ പറയുന്നത്? ഇതൊക്കെ കേട്ടുനിൽക്കാൻ ആർക്കു കഴിയും!” (യോഹ. 6:60) കഫർന്നഹൂമിൽവെച്ച് യേശു പറഞ്ഞ കാര്യങ്ങളോടു പല ശിഷ്യന്മാരും ഇങ്ങനെയാണു പ്രതികരിച്ചത്. യേശു അവരോടു പറഞ്ഞത് ഇതായിരുന്നു: “നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്കു ജീവൻ കിട്ടില്ല. എന്റെ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യുന്നയാൾക്കു നിത്യജീവനുണ്ട്. അവസാനനാളിൽ ഞാൻ അയാളെ ഉയിർപ്പിക്കും.”—യോഹ. 6:53, 54.
2 ഈ വാക്കുകൾ കേട്ടപ്പോൾ പലരും യേശുവിനെ അനുഗമിക്കുന്നതു നിറുത്തി. അതിന്റെ അർഥം അവർക്ക് യേശുവിൽ ഒട്ടും വിശ്വാസമില്ലായിരുന്നു എന്നാണോ? ശരിക്കും പറഞ്ഞാൽ ഈ സംഭവത്തിനു മുമ്പ് യേശു ചെയ്ത അത്ഭുതം കണ്ടിട്ട് അവരിൽ പലരും ഇങ്ങനെ പറഞ്ഞിരുന്നു: “ലോകത്തേക്കു വരാനിരുന്ന പ്രവാചകൻ ഇദ്ദേഹംതന്നെ.” (യോഹ. 6:14) അതുകൊണ്ട് ആ ശിഷ്യന്മാർക്ക് യേശുവിൽ ഒരു പരിധിവരെ വിശ്വാസമുണ്ടായിരുന്നെന്ന് വ്യക്തമാണ്. എന്നാൽ അവരുടെ വിശ്വാസം പരിശോധിക്കപ്പെട്ടപ്പോൾ അവർ വിശ്വസ്തരായി തുടർന്നില്ല.
3. യേശുവിന്റെ വാക്കുകളോട് അപ്പോസ്തലന്മാർ എങ്ങനെയാണു പ്രതികരിച്ചത്, എന്തുകൊണ്ട്? (ചിത്രവും കാണുക.)
3 എന്നാൽ യേശുവിന്റെ വാക്കുകളോട് അപ്പോസ്തലന്മാർ വ്യത്യസ്തമായ രീതിയിലാണു പ്രതികരിച്ചത്. നിങ്ങൾക്കും പോകണമെന്നുണ്ടോ എന്ന് യേശു ചോദിച്ചപ്പോൾ പത്രോസ് ഇങ്ങനെയാണു മറുപടി കൊടുത്തത്: “കർത്താവേ, ഞങ്ങൾ വേറെ ആരുടെ അടുത്തേക്കു പോകാനാണ്? നിത്യജീവന്റെ വചനങ്ങൾ അങ്ങയുടെ പക്കലല്ലേ ഉള്ളത്! അങ്ങ് ദൈവത്തിന്റെ പരിശുദ്ധനെന്നു ഞങ്ങൾ വിശ്വസിക്കുന്നു, അതു ഞങ്ങൾക്കു മനസ്സിലായിട്ടുമുണ്ട്.” (യോഹ. 6:68, 69) തന്റെ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യണമെന്ന യേശുവിന്റെ വാക്കുകൾ, പത്രോസിനും മറ്റ് അപ്പോസ്തലന്മാർക്കും പൂർണമായും മനസ്സിലായിട്ടുണ്ടാകണമെന്നില്ല. എങ്കിലും യേശുവിനോടു വിശ്വസ്തരായി തുടരാൻ അവർ തീരുമാനിച്ചു. എന്തുകൊണ്ട്? കാരണം അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനം മാറ്റമില്ലാത്ത ഒരു സത്യത്തിലായിരുന്നു; യേശു ‘ദൈവത്തിന്റെ ക്രിസ്തുവാണെന്ന’ സത്യത്തിൽ.—ലൂക്കോ. 9:20, 35.
പല ശിഷ്യന്മാരും യേശുവിനെ വിട്ടുപോയെങ്കിലും പത്രോസും മറ്റ് അപ്പോസ്തലന്മാരും യേശുവിനോടു വിശ്വസ്തരായിനിന്നു (3-ാം ഖണ്ഡിക കാണുക)
4. നമുക്ക് എന്തെല്ലാം പരിശോധനകൾ നേരിട്ടേക്കാം?
4 യഹോവയോടുള്ള നമ്മുടെ വിശ്വസ്തത പരിശോധിക്കപ്പെടുന്ന പല സാഹചര്യങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടായേക്കാം. ഉദാഹരണത്തിന്, ഒരു ബൈബിൾവാക്യത്തോടു ബന്ധപ്പെട്ട ഗ്രാഹ്യത്തിനു മാറ്റം വരുന്നെങ്കിലോ? പ്രസംഗപ്രവർത്തനം ചെയ്യുന്ന രീതിക്ക് ഒരു മാറ്റം വരുത്താൻ സംഘടന പറയുന്നെങ്കിലോ? അല്ലെങ്കിൽ നമ്മുടെ ജീവിതത്തിലുണ്ടായ ഒരു ദുരന്തം യഹോവ അനുവദിച്ചത് എന്തുകൊണ്ടാണെന്നു നമുക്കു മനസ്സിലാകുന്നില്ലെങ്കിലോ? ഇനി നമുക്കു വളരെ അടുപ്പമുണ്ടായിരുന്ന ഒരു സഹോദരൻ നമ്മളെ വിഷമിപ്പിക്കുന്നെങ്കിലോ? അല്ലെങ്കിൽ നമ്മൾ ഒരുപാടു ബഹുമാനിച്ചിരുന്ന ഒരാൾ നമ്മളോട് അന്യായമായി ഇടപെടുന്നെങ്കിലോ? ഇതെല്ലാം വിശ്വാസത്തിന്റെ പരിശോധനകളായിത്തീർന്നേക്കാം.
5. നമ്മുടെ വിശ്വാസത്തിനു ശക്തമായൊരു അടിസ്ഥാനമുണ്ടായിരിക്കേണ്ടത് എന്തുകൊണ്ടെന്ന് ഒരു ദൃഷ്ടാന്തത്തിലൂടെ വിശദീകരിക്കുക. (കൊലോസ്യർ 1:23)
5 ബുദ്ധിമുട്ടുള്ള സമയങ്ങളിലും യഹോവയോടു വിശ്വസ്തരായി നിൽക്കണമെങ്കിൽ നമുക്കു ശക്തമായ വിശ്വാസം വേണം. ഉദാഹരണത്തിന് ഭൂകമ്പം ഉണ്ടാകാൻ സാധ്യതയുള്ള ഒരു സ്ഥലത്ത് ഒരു കെട്ടിടം നിർമിക്കുമ്പോൾ അതിന്റെ അടിസ്ഥാനം എപ്പോഴും ഉറപ്പുള്ളതായിരിക്കണം. സമാനമായി, കഴിഞ്ഞ ഖണ്ഡികയിൽ കണ്ടതുപോലുള്ള വിശ്വാസത്തിന്റെ പരിശോധനകൾ ഉണ്ടാകുമ്പോൾ പിടിച്ചുനിൽക്കാൻ കഴിയണമെങ്കിൽ നമ്മുടെ വിശ്വാസത്തിനും ശക്തമായ അടിസ്ഥാനം ഉണ്ടായിരിക്കണം. നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം ശക്തമാക്കിക്കൊണ്ടിരിക്കുന്നെങ്കിൽ നമുക്ക് ഉറച്ചുനിൽക്കാൻ കഴിയും. പരിശോധനകളുടെ സമയത്തും നമ്മൾ യഹോവയോടു വിശ്വസ്തരായി തുടരും.—1 കൊരി. 15:58; കൊലോസ്യർ 1:23 വായിക്കുക.
6. യേശുവിനോടു വിശ്വസ്തരായി തുടരാൻ അപ്പോസ്തലന്മാരെ സഹായിച്ചത് എന്താണ്?
6 പലരും യേശുവിനെ ഉപേക്ഷിച്ച് പോയപ്പോഴും യേശുവിനോടു വിശ്വസ്തരായി തുടരാൻ അപ്പോസ്തലന്മാരെ എന്താണു സഹായിച്ചത്? എല്ലാത്തിന്റെയും സ്രഷ്ടാവായതുകൊണ്ട് യഹോവ ആരാധനയ്ക്ക് യോഗ്യനാണെന്നും, “നിത്യജീവന്റെ വചനങ്ങൾ” പഠിപ്പിച്ച യേശു ദൈവത്തിന്റെ മകനാണെന്നും, യേശുവിന് യഹോവയുടെ പൂർണപിന്തുണയുണ്ടെന്നും അപ്പോസ്തലന്മാർക്ക് ഉറപ്പായിരുന്നു. ഇന്നു നമുക്കും എന്തെല്ലാം പരിശോധനകൾ നേരിട്ടാലും വിശ്വസ്തരായി തുടരാൻ നമ്മളെ സഹായിക്കുന്ന മൂന്നു സത്യങ്ങളെക്കുറിച്ച് ഇപ്പോൾ നോക്കാം. അവ ഇതാണ്: (1) സകലത്തിന്റെയും സ്രഷ്ടാവ് യഹോവയാണ്. (2) ബൈബിൾ ദൈവവചനമാണ്. (3) തന്റെ ജനത്തെ യഹോവ ഇന്ന് നയിക്കുന്നു. ഈ മൂന്നു സത്യങ്ങളെക്കുറിച്ച് നമുക്ക് ഉറച്ച ബോധ്യമുണ്ടെങ്കിൽ പരിശോധനകൾ ഉണ്ടാകുമ്പോഴും വിശ്വസ്തരായി തുടരാൻ നമുക്കാകും.
യഹോവ സ്രഷ്ടാവാണ്
7. വെളിപാട് 4:11 നമ്മളെ എന്താണ് ഓർമിപ്പിക്കുന്നത്, പരിശോധനകളുടെ സമയത്ത് അതു നമ്മളെ എങ്ങനെ സഹായിക്കും?
7 വെളിപാട് 4:11 വായിക്കുക. യഹോവയാണ് എല്ലാം സൃഷ്ടിച്ചതെന്ന് ഈ വാക്യം നമ്മളെ ഓർമിപ്പിക്കുന്നു. യഹോവയെ നമ്മുടെ ആരാധനയ്ക്ക് യോഗ്യനാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാരണമാണിത്. യഹോവയുടെ അതിശയകരമായ ശക്തിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഏതൊരു പരിശോധനയിൽനിന്നും നമ്മളെ രക്ഷിക്കാൻ യഹോവയ്ക്കു കഴിയുമെന്നു നമുക്ക് ഉറപ്പാകും. എന്നാൽ ഒരു ദൈവമുണ്ടോ എന്നു സംശയം തോന്നിപ്പിക്കുന്ന രീതിയിലുള്ള നുണകൾകൊണ്ട് സാത്താൻ ഈ ലോകം നിറച്ചിരിക്കുകയാണ്. ആളുകൾ ബഹുമാനിക്കുന്ന ശാസ്ത്രജ്ഞന്മാർ, ജീവൻ തനിയെ ഉണ്ടായതാണെന്നുപോലും അവകാശപ്പെടുന്നു. അതുകൊണ്ട് യഹോവ നമ്മുടെ സ്രഷ്ടാവാണെന്നും നമ്മളെ സ്നേഹിക്കുന്നുണ്ടെന്നും ഉറച്ച ബോധ്യമുണ്ടായിരിക്കേണ്ടതു പ്രധാനമാണ്. അങ്ങനെയാകുമ്പോൾ പ്രശ്നങ്ങളുടെ സമയത്ത് ദൈവമുണ്ടോ എന്നും ദൈവം നമ്മളെ സഹായിക്കുമോ എന്നും നമ്മൾ സംശയിക്കില്ല.—എബ്രാ. 11:6.
8-9. ഒരു സ്രഷ്ടാവുണ്ടോ എന്നു സംശയം തോന്നിത്തുടങ്ങിയാൽ നിങ്ങൾ എന്തു ചെയ്യണം? (ചിത്രവും കാണുക.)
8 ഒരു സ്രഷ്ടാവുണ്ടോ എന്ന കാര്യത്തിൽ നിങ്ങൾക്കു സംശയം തോന്നിത്തുടങ്ങിയാൽ പെട്ടെന്നുതന്നെ പടികൾ സ്വീകരിക്കുക. യഹോവയാണ് എല്ലാം സൃഷ്ടിച്ചത് എന്നതിന്റെ അനേകം തെളിവുകൾക്കായി നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം ചെയ്യുക. ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?, ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ എന്നീ പ്രസിദ്ധീകരണങ്ങളിൽ വിശ്വാസം ബലപ്പെടുത്തുന്ന ധാരാളം വിവരങ്ങൾ നിങ്ങൾക്കു കണ്ടെത്താനാകും. ഇനി jw.org-ലെ “ആരുടെ കരവിരുത്?” എന്ന പരമ്പരയിലും ഈ വിഷയത്തെക്കുറിച്ചുള്ള ധാരാളം തെളിവുകൾ കാണാം. ഐക്യനാടുകളിൽനിന്നുള്ള ഒരു യുവസഹോദരിയായ ജെസ്സിക്ക പറയുന്നത് ഇങ്ങനെയാണ്: “ജീവന്റെ ഉത്ഭവം എന്ന ലഘുപത്രിക വായിച്ചതിനു ശേഷം ബുദ്ധിശക്തിയുള്ള ഒരു സ്രഷ്ടാവുണ്ട് എന്ന എന്റെ ഉറപ്പ് കൂടുതൽ ശക്തമായി. അത് എനിക്കു നേരത്തേ അറിയാമായിരുന്നു. പക്ഷേ ഈ ലഘുപത്രികയിൽ കൊടുത്തിരുന്ന തെളിവുകളൊക്കെ വായിച്ചപ്പോൾ ഒരു സംശയവും ബാക്കിയാകാത്ത രീതിയിൽ എനിക്ക് അത് കൂടുതൽ ഉറപ്പായി.” ഇനി, ജീവിതം ആസ്വദിക്കാം പുസ്തകത്തിലെ 6, 7 പാഠങ്ങളും പലർക്കും പ്രയോജനം ചെയ്തിട്ടുണ്ട്. നിങ്ങൾ ചിലപ്പോൾ ഇതെല്ലാം വായിച്ചിട്ടുള്ളതായിരിക്കും. എങ്കിലും അത് ഒന്നുകൂടി വായിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാകുമോ?
9 ദൈവമുണ്ട് എന്നതിന്റെ തെളിവുകൾ പഠിക്കുന്നതു നിങ്ങളുടെ അടുത്ത പഠനപ്രോജക്ട് ആക്കാം. അത് യഹോവയുണ്ടെന്ന നിങ്ങളുടെ വിശ്വാസം ശക്തമാക്കുന്നതോടൊപ്പം യഹോവയുടെ വ്യക്തിത്വം നന്നായി മനസ്സിലാക്കാനും നിങ്ങളെ സഹായിക്കും. (റോമ. 1:20) ഇനി ആ വിവരങ്ങൾ ഒരു സ്രഷ്ടാവുണ്ടോ എന്നു സംശയിക്കുന്നവരെ സഹായിക്കാനും നിങ്ങൾക്ക് ഉപയോഗിക്കാനാകും. അതുകൊണ്ട് പ്രധാനപ്പെട്ട ആശയം ഇതാണ്: താൻ സ്രഷ്ടാവാണ് എന്നുള്ളതിന്റെ ഒട്ടനേകം തെളിവുകൾ യഹോവതന്നെ നമുക്കു തന്നിട്ടുണ്ട്.
Nebula: IAC/RGO/David Malin Images; fish and car: Mercedes-Benz USA; plane: Kristen Bartlett/University of Florida
ഒരു സ്രഷ്ടാവുണ്ടെന്നു തെളിയിക്കുന്ന പ്രസിദ്ധീകരണങ്ങൾ നിങ്ങൾ വായിച്ചിട്ടുണ്ടോ? അത് ഒന്നുകൂടി വായിക്കാനാകുമോ? (8-ാം ഖണ്ഡിക കാണുക)
ബൈബിൾ ദൈവത്തിന്റെ വചനമാണ്
10. നമ്മൾ ബൈബിളിനെ എങ്ങനെയാണു കാണുന്നത്? (2 തിമൊഥെയൊസ് 3:16, 17)
10 2 തിമൊഥെയൊസ് 3:16, 17 വായിക്കുക. മനുഷ്യകുടുംബത്തിനുള്ള യഹോവയുടെ ഒരു സന്ദേശമാണു ബൈബിൾ. അതു ജീവിതത്തിലെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം തരുന്നു. യഹോവയുടെ ഇഷ്ടം എന്താണെന്നും യഹോവ നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്നത് എന്താണെന്നും ബൈബിൾ കാണിച്ചുതരുന്നുണ്ട്. അതിന്റെ എഴുത്തുകാരൻ യഹോവ ആയതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകമാണു ബൈബിൾ. അതിലെ വാക്കുകൾ മനസ്സിലാക്കുന്നുണ്ടെന്നും അതിനു ചേർച്ചയിൽ പ്രവർത്തിക്കുന്നുണ്ടെന്നും നമ്മൾ ഉറപ്പാക്കണം.
11. ബൈബിൾ ദൈവത്തിന്റെ വചനമാണെന്നു നിങ്ങൾക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്?
11 ബൈബിൾ ദൈവപ്രചോദിതമായി എഴുതിയ പുസ്തകമാണെന്നു നമുക്ക് ഉറപ്പുള്ളത് എന്തുകൊണ്ടാണ്? അതിനു പല കാരണങ്ങളുണ്ട്. ബൈബിൾ ചരിത്രപരമായി കൃത്യതയുള്ളതാണ്. (ലൂക്കോ. 3:1, 2) പ്രകൃതിയോട് ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നിടത്തും നമുക്ക് ആ കൃത്യത കാണാം. (ഇയ്യോ. 26:7) ബൈബിൾ ഇല്ലാതാക്കാൻ സാത്താൻ കിണഞ്ഞുശ്രമിച്ചെങ്കിലും ഏറ്റവും വ്യാപകമായി വിതരണം ചെയ്തിട്ടുള്ള പുസ്തകം ബൈബിളാണ്. ഏതാണ്ട് 1,600 വർഷംകൊണ്ട് 40-ഓളം വ്യത്യസ്ത പുരുഷന്മാരാണ് ബൈബിൾ എഴുതിയതെങ്കിലും അതിലെ സന്ദേശം യോജിപ്പുള്ളതാണ്. ഒരുപാടു വർഷങ്ങൾക്കു മുമ്പ് എഴുതിയ പുസ്തകമായിട്ടും അതിലെ ഉപദേശങ്ങൾ ഇന്നും ലക്ഷക്കണക്കിന് ആളുകളെ സഹായിക്കുന്നു. (സുഭാ. 13:20; 15:21; മത്താ. 7:12) ഇനി, ഇതുവരെ നിറവേറിയിരിക്കുന്ന അതിലെ അനേകം പ്രവചനങ്ങളും ബൈബിൾ നമുക്കു വിശ്വസിക്കാമെന്നതിന്റെ തെളിവാണ്. (യോശു. 23:14) അതെ, ബൈബിൾ തീർച്ചയായും ദൈവത്തിൽനിന്നുള്ള പുസ്തകമാണ്!
12. ബൈബിൾ ദൈവത്തിന്റെ വചനമാണോ എന്ന സംശയം തോന്നിത്തുടങ്ങിയാൽ എന്തു ചെയ്യാനാകും?
12 ബൈബിൾ ദൈവത്തിന്റെ വചനമാണോ എന്ന സംശയം തോന്നിത്തുടങ്ങിയാൽ നമുക്ക് എന്തു ചെയ്യാനാകും? അതെക്കുറിച്ച് പ്രാർഥിക്കുക. എന്നിട്ട് പ്രാർഥനയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കുക. ഒരു സാക്ഷിക്കുടുംബത്തിൽ വളർന്നുവന്ന ജോർദൻ എന്ന ചെറുപ്പക്കാരൻ ഇങ്ങനെ പറയുന്നു: “കേൾക്കുന്നതെല്ലാം ഞാൻ അങ്ങനെതന്നെ വിശ്വസിക്കാറില്ല. കാര്യങ്ങൾ എനിക്കുതന്നെ ആദ്യം ബോധ്യം വരണം. സത്യം പറഞ്ഞാൽ ഇപ്പോഴും എനിക്ക് ഇടയ്ക്കൊക്കെ സംശയങ്ങൾ തോന്നാറുണ്ട്. പക്ഷേ ഞാൻ അപ്പോൾ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം ചെയ്യും. അങ്ങനെ എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുകയും സംശയങ്ങൾ ഇല്ലാതാക്കുകയും ചെയ്യും.” അതുകൊണ്ട് ബൈബിൾ യഹോവയുടെ വചനമാണെന്ന ബോധ്യം ശക്തമാക്കുന്നെങ്കിൽ നമ്മൾ നമ്മുടെ വിശ്വാസത്തിന്റെ അടിത്തറ ഉറപ്പുള്ളതാക്കുകയായിരിക്കും.—1 കൊരി. 3:12, 13.
തന്റെ ജനത്തെ യഹോവ ഇന്നു നയിക്കുന്നു
13. ഇന്ന് ആരാണ് ദൈവജനം എന്ന കാര്യത്തിൽ സംശയം തോന്നിത്തുടങ്ങിയാൽ എന്തു ചെയ്യണം?
13 യഹോവ ഇന്ന് ഉപയോഗിക്കുന്നത് യഹോവയുടെ സാക്ഷികളുടെ സംഘടനയെത്തന്നെയാണോ എന്നു സംശയം തോന്നിത്തുടങ്ങിയാൽ നിങ്ങൾ പെട്ടെന്നുതന്നെ പ്രവർത്തിക്കണം. ആ സംശയങ്ങൾ ഇല്ലാതാക്കാൻ ഇതുപോലുള്ള ചോദ്യങ്ങൾ സ്വയം ചോദിക്കാനാകും: ‘ബൈബിൾനിലവാരങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ ഇന്ന് പരമാവധി ശ്രമിക്കുന്നത് ആരാണ്? എല്ലായ്പോഴും ബൈബിളിനെ അടിസ്ഥാനമാക്കി കാര്യങ്ങൾ ചെയ്യുന്നത് ഏതു സംഘടനയാണ്?’ (2 തിമൊ. 4:3, 4) ‘ആരാണ് ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്?’—മത്താ. 7:20, 21.
14. മത്തായി 24:14-ലെ പ്രവചനം നിവർത്തിക്കാൻ ദൈവം യഹോവയുടെ സാക്ഷികളെ ഉപയോഗിക്കുന്നത് എങ്ങനെ?
14 ഇന്ന് ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നത് ആരാണ് എന്നതിനോടു ബന്ധപ്പെട്ട് നമുക്ക് ഈ ചോദ്യം ചിന്തിക്കാനാകും: ‘അവസാനനാളുകളിൽ നടക്കുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞ പ്രസംഗപ്രവർത്തനം ചെയ്യുന്നത് ആരാണ്?’ (മത്താ. 24:14) ഉത്തരം പകൽപോലെ വ്യക്തമാണ്. ദൈവം യഹോവയുടെ സാക്ഷികളെ ഉപയോഗിച്ചുകൊണ്ടാണ് ഇന്ന് പ്രസംഗപ്രവർത്തനം നടത്തുന്നത്. 240-ലധികം ദേശങ്ങളിൽ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുന്നതു നമ്മൾ മാത്രമാണ്. ദൈവരാജ്യഭരണത്തിൻകീഴിൽ 100-ലധികം വർഷമായി നമ്മൾ ഈ പ്രവർത്തനം ചെയ്തുകൊണ്ടിരിക്കുകയാണ്. അതെ, പ്രസംഗപ്രവർത്തനത്തിനു നമ്മൾ ഏറ്റവും അധികം പ്രാധാന്യം കൊടുത്തിരിക്കുന്നു.—മത്താ. 28:19, 20.
15. യഹോവയുടെ സാക്ഷികൾ ഇന്നു ദൈവനാമത്തിന്റെ വിശുദ്ധീകരണത്തിനായി പ്രവർത്തിക്കുന്നത് എങ്ങനെ? (മത്തായി 6:9; യശയ്യ 43:10)
15 മത്തായി 6:9; യശയ്യ 43:10 വായിക്കുക. നമ്മൾ ദൈവത്തിന്റെ വ്യക്തിപരമായ പേരിൽ അറിയപ്പെടുന്നു. നമ്മളെ യഹോവയുടെ സാക്ഷികൾ എന്നു വിളിക്കുന്നതിൽ നമുക്ക് അഭിമാനമുണ്ട്. ഇന്നു ലോകത്തിലെ മിക്ക ആളുകൾക്കും ദൈവത്തിന്റെ പേര് എന്താണെന്ന് അറിയില്ല. എന്നാൽ, ബൈബിളിൽ ദൈവനാമം വരേണ്ടിടത്തെല്ലാം അതു പുനഃസ്ഥാപിച്ചുകൊണ്ട് നമ്മൾ വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം എന്ന ബൈബിൾ പുറത്തിറക്കിയിരിക്കുന്നു. ആ ബൈബിളിൽ 7,000-ലധികം തവണ ദൈവനാമം കാണാനാകും.
16. യോഹന്നാൻ 13:34, 35-ലെ കല്പന ഇന്ന് യഹോവയുടെ സാക്ഷികൾ അനുസരിക്കുന്നു എന്നു പറയാനാകുന്നത് എന്തുകൊണ്ട്? (ചിത്രവും കാണുക.)
16 യോഹന്നാൻ 13:34, 35 വായിക്കുക. സ്നേഹവും ഐക്യവും ഉള്ള നമ്മുടെ സഹോദരകുടുംബം ശരിക്കും ഒരു ആധുനികകാല അത്ഭുതമാണ്! ശത്രുത നിറഞ്ഞ, വിഭജിതമായ ഈ ലോകത്തിൽ ഇങ്ങനെയൊരു കൂട്ടം ഉള്ളത് അതിശയിപ്പിക്കുന്ന ഒരു കാര്യമല്ലേ? നമ്മളെല്ലാം ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ളവരാണ്. നമ്മൾ വളർന്നുവന്ന സാഹചര്യവും നമ്മുടെ പശ്ചാത്തലവും എല്ലാം വ്യത്യസ്തമാണ്. എന്നിട്ടും നമുക്കിടയിൽ സ്നേഹവും സമാധാനവും നിലനിറുത്താനാകുന്നു. എപ്പോഴെങ്കിലും ഒരു യാത്രയ്ക്കിടെ നിങ്ങൾ മറ്റേതെങ്കിലും ഒരു സ്ഥലത്തുള്ള സഭയിൽ പോയിട്ടുണ്ടോ? ഉണ്ടെങ്കിൽ അവിടെയുള്ള സഹോദരങ്ങളുടെ സ്നേഹവും ഐക്യവും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. തന്റെ ഇഷ്ടം ചെയ്യാൻ യഹോവ ഇന്ന് ഉപയോഗിക്കുന്നത് യഹോവയുടെ സാക്ഷികളെയാണെന്ന് ഇതു വ്യക്തമാക്കുന്നു. അതുകൊണ്ട് ഇക്കാര്യം ഓർക്കുന്നതു വിശ്വാസത്തിന്റെ ഏതു പരിശോധനകൾ ഉണ്ടായാലും യഹോവയോടു വിശ്വസ്തരായി തുടരാൻ നമ്മളെ സഹായിക്കും.
സ്നേഹവും ഐക്യവും ഉള്ള നമ്മുടെ സഹോദരകുടുംബം ഒരു ആധുനികകാല അത്ഭുതമാണ് (16-ാം ഖണ്ഡിക കാണുക)a
ഒരിക്കലും യഹോവയെ വിട്ട് പോകരുത്
17-18. എന്തൊക്കെ പ്രശ്നങ്ങൾ നമുക്കു നേരിട്ടേക്കാം, പക്ഷേ നമുക്ക് ഉറപ്പോടെ എന്തു പറയാനാകും?
17 അവസാനകാലത്ത് ജീവിക്കുന്നതുകൊണ്ട് നമുക്കു ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. (2 തിമൊ. 3:1, 13) അല്ലെങ്കിൽ നമ്മളെ ഉത്കണ്ഠപ്പെടുത്തുന്ന മറ്റു കാര്യങ്ങൾ ചിലപ്പോൾ ഉണ്ടായേക്കാം. നമുക്ക് മുഴുവനായി മനസ്സിലാകാത്ത ചില തീരുമാനങ്ങൾ സംഘടന എടുത്തേക്കാം. അല്ലെങ്കിൽ ഒരു സഹോദരനോ സഹോദരിയോ നമ്മളെ തെറ്റിദ്ധരിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തേക്കാം. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് എങ്ങനെ പരിഹരിക്കണമെന്നോ എന്തുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നതെന്നോ നമുക്കു മനസ്സിലാകുന്നില്ലായിരിക്കാം.
18 ഈ വിഷമങ്ങളോ ഉത്കണ്ഠകളോ ഒക്കെ ഉണ്ടെങ്കിലും നമുക്ക് യഹോവയോടു വിശ്വസ്തരായിരിക്കാൻ കഴിയും. കാരണം യഹോവയാണു സ്രഷ്ടാവെന്നും ബൈബിൾ ദൈവത്തിന്റെ വചനമാണെന്നും യഹോവയുടെ സാക്ഷികളാണു ദൈവജനമെന്നും നമുക്ക് ഉറപ്പുണ്ട്. പത്രോസ് യേശുവിനോടു പറഞ്ഞതുതന്നെ നമുക്കും യഹോവയോടു പറയാം: “ഞങ്ങൾ വേറെ ആരുടെ അടുത്തേക്കു പോകാനാണ്? നിത്യജീവന്റെ വചനങ്ങൾ അങ്ങയുടെ പക്കലല്ലേ ഉള്ളത്!”
ഗീതം 123 ദൈവത്തിന്റെ ക്രമീകരണത്തിനു മനസ്സോടെ കീഴ്പെടാം
a ചിത്രത്തിന്റെ വിവരണം: ബസിൽ യാത്ര ചെയ്യുന്ന ഒരു അമ്മയും മകളും ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന മറ്റു സഹോദരങ്ങളെ കണ്ട് സന്തോഷിക്കുന്നു.