2026 ആഗസ്റ്റ് 3-9
ഗീതം 113 സമാധാനമെന്ന നമ്മുടെ അവകാശം
മറ്റുള്ളവരുടെ തീരുമാനങ്ങളെ മാനിക്കുക
“അയാൾക്കു മറ്റൊരു അഭിപ്രായമുണ്ട് എന്നതിന്റെ പേരിൽ അയാളെ വിധിക്കരുത്.”—റോമ. 14:1.
ഉദ്ദേശ്യം
സഹോദരങ്ങൾ നമ്മളിൽനിന്ന് വ്യത്യസ്തമായ ഒരു തീരുമാനമാണ് എടുക്കുന്നതെങ്കിലും അതിനെ മാനിക്കാൻ എങ്ങനെ കഴിയും എന്നു നോക്കും.
1-2. ചിലപ്പോൾ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ മറ്റു സഹോദരങ്ങളുടേതിൽനിന്ന് വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ട്?
നിങ്ങൾ എടുത്ത ഒരു തീരുമാനത്തിന്റെ പേരിൽ ആരെങ്കിലും നിങ്ങളെ കുറ്റപ്പെടുത്തിയിട്ടുണ്ടോ? ഇനി ഏതെങ്കിലും ഒരു സഹോദരനോ സഹോദരിയോ എടുത്ത തീരുമാനത്തെ നിങ്ങൾ വിധിച്ചിട്ടുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള നമ്മളിൽ മിക്കവരുടെയും ഉത്തരം ഉണ്ടെന്നായിരിക്കും.
2 ചിലപ്പോൾ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ മറ്റു സഹോദരങ്ങളുടേതിൽനിന്ന് വ്യത്യസ്തമായിരുന്നേക്കാം. കാരണം നമ്മളെല്ലാം പല വീക്ഷണങ്ങളുള്ള വ്യത്യസ്തരായ ആളുകളാണ്. നമ്മുടെ സംസ്കാരം, കുടുംബപശ്ചാത്തലം, അനുഭവങ്ങൾ എന്നിവയെല്ലാം നമ്മുടെ ചിന്തകളെ സ്വാധീനിക്കും. പക്ഷേ, നമ്മുടെ ഈ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഒന്നും സഭയുടെ ഐക്യവും സമാധാനവും തകർക്കാൻ നമ്മൾ ഒരിക്കലും അനുവദിക്കരുത്.—എഫെ. 4:3.
3. ഒരു സഹവിശ്വാസി നമുക്ക് യോജിക്കാൻ കഴിയാത്ത ഒരു തീരുമാനമെടുക്കുമ്പോൾ നമ്മൾ എന്തു ചെയ്യാൻ ശ്രമിച്ചേക്കാം?
3 നമുക്കു യോജിക്കാൻ കഴിയാത്ത ഒരു തീരുമാനം ഒരു സഹവിശ്വാസി എടുക്കുമ്പോൾ, ഒന്നുകിൽ അവരോടു സംസാരിച്ച് അവരുടെ മനസ്സു മാറ്റാനോ അല്ലെങ്കിൽ നമ്മുടെ ആ വിഷമത്തെക്കുറിച്ച് മറ്റുള്ളവരോടു പറയാനോ നമുക്കു തോന്നിയേക്കാം. നല്ല ഉദ്ദേശ്യത്തോടെ ആയിരിക്കാം നമ്മൾ ഇതെല്ലാം ചെയ്യുന്നത്. കാരണം, നമ്മൾ സഹോദരങ്ങളെ സ്നേഹിക്കുകയും അവർക്കു നന്മ വന്നുകാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. (സുഭാ. 17:17) അവർ തെറ്റായ ഒരു തീരുമാനമെടുത്ത് പിന്നീടു വിഷമിക്കുന്നതു കാണാനോ അവർക്ക് ആത്മീയമായി എന്തെങ്കിലും കുഴപ്പം സംഭവിക്കുന്നതു കാണാനോ നമ്മൾ ആഗ്രഹിക്കുന്നില്ല.
4-5. ഒരു ക്രിസ്ത്യാനി നമ്മുടേതിൽനിന്ന് വ്യത്യസ്തമായ ഒരു തീരുമാനമെടുക്കുമ്പോൾ നമ്മൾ എന്തു ചെയ്യണം?
4 ഒരു വ്യക്തി എടുക്കുന്ന തീരുമാനത്തോടു നമുക്ക് യോജിക്കാൻ പറ്റുന്നില്ലെങ്കിൽ നമ്മൾ അതെക്കുറിച്ച് അവരോടു സംസാരിക്കണോ? അതു പല കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഉദാഹരണത്തിന്, ആ വ്യക്തി ചെയ്യാൻപോകുന്ന കാര്യം ഒരു ബൈബിൾനിയമത്തിന്റെ ലംഘനമാണെങ്കിൽ ആ വ്യക്തിയെ തിരുത്താൻ നമ്മൾ ശ്രമിക്കും. കാരണം നമ്മൾ അദ്ദേഹത്തെ സ്നേഹിക്കുന്നു. (സുഭാ. 27:5, 6) എന്നാൽ ഒരു സഹോദരൻ എടുക്കുന്ന തീരുമാനത്തിൽ ബൈബിൾനിയമങ്ങളുടെ ലംഘനമൊന്നും ഉൾപ്പെട്ടിട്ടില്ലെങ്കിലോ? അതു നമ്മൾ എടുക്കുമായിരുന്ന ഒരു തീരുമാനം അല്ല എന്നു മാത്രമേ ഉള്ളെങ്കിലോ? അപ്പോൾ എന്തു ചെയ്യണം എന്നതിന്റെ ഉത്തരം നമ്മുടെ ആധാരവാക്യത്തിലുണ്ട്: “അയാൾക്കു മറ്റൊരു അഭിപ്രായമുണ്ട് എന്നതിന്റെ പേരിൽ അയാളെ വിധിക്കരുത്.”—റോമ. 14:1.
5 അങ്ങനെയൊക്കെയാണെങ്കിലും സഹോദരങ്ങൾ എടുക്കുന്ന തീരുമാനങ്ങളെ മാനിക്കാൻ ചിലപ്പോൾ നമുക്കു ബുദ്ധിമുട്ട് തോന്നിയേക്കാം. ഈ ലേഖനത്തിൽ മറ്റുള്ളവരുടെ തീരുമാനങ്ങളെ മാനിക്കേണ്ടത് എന്തുകൊണ്ടാണെന്നും അത് എങ്ങനെ ചെയ്യാമെന്നും നമ്മൾ ചർച്ച ചെയ്യും. എന്നാൽ അതിനു മുമ്പ്, സഹോദരങ്ങൾ എടുക്കുന്ന തീരുമാനങ്ങളെ കുറ്റപ്പെടുത്താൻ തോന്നിയേക്കാവുന്ന ചില സാഹചര്യങ്ങൾ നമുക്കു നോക്കാം.
മറ്റുള്ളവരെ വിധിക്കാൻ തോന്നുന്ന ചില സാഹചര്യങ്ങൾ
6-7. മറ്റുള്ളവരുടെ തീരുമാനങ്ങളെ നമ്മൾ വിധിച്ചേക്കാവുന്ന സാഹചര്യങ്ങൾ വിശദീകരിക്കുക.
6 നേരത്തേ കണ്ടതുപോലെ നമ്മുടെ പശ്ചാത്തലമോ അനുഭവങ്ങളോ കാരണം ചില കാര്യങ്ങളിൽ നമുക്കു വ്യക്തമായ നിലപാടുകൾ ഉണ്ടായിരിക്കും. മറ്റുള്ളവർക്കും അതേ നിലപാടാണുള്ളതെന്നു നമുക്കു തോന്നിയേക്കാം. എന്നാൽ അങ്ങനെയായിരിക്കണം എന്നില്ല. അത്തരം ചില സാഹചര്യങ്ങൾ നോക്കാം. സാഹചര്യം 1: അമിതമദ്യപാനിയായ പിതാവിനെ കണ്ടുവളർന്ന ഒരു വ്യക്തി പിന്നീടു സത്യം പഠിക്കുന്നു. എന്നാൽ ഒരു കൂടിവരവിൽവെച്ച് സഹോദരങ്ങൾ മദ്യപിക്കുന്നത് അദ്ദേഹം കാണുന്നു. അപ്പോൾ അദ്ദേഹത്തിനു വിഷമം തോന്നുകയും അതു തെറ്റാണെന്ന് അവരോടു പറയുകയും ചെയ്യുന്നു. സാഹചര്യം 2: ഒരു സഹോദരിക്കു ഗുരുതരമായ ഒരു ആരോഗ്യപ്രശ്നം വരുകയും അതു സുഖപ്പെടുകയും ചെയ്യുന്നു. പിന്നീട്, മറ്റൊരു സഹോദരിക്ക് ഇതേ രോഗം വരുന്നു. ആദ്യത്തെ സഹോദരി ഈ സഹോദരിയോടുള്ള സ്നേഹംകൊണ്ട്, താൻ ചെയ്ത അതേ ചികിത്സാരീതിതന്നെ തിരഞ്ഞെടുക്കാൻ സഹോദരിയെ നിർബന്ധിക്കുന്നു. അതു ചിലപ്പോൾ ഏതെങ്കിലും ഒരു പ്രത്യേക ഭക്ഷണരീതിയോ അല്ലെങ്കിൽ പ്രത്യേകതരം മരുന്നോ ചികിത്സാരീതിയോ ആയിരിക്കാം. സാഹചര്യം 3: മുമ്പ് വ്യാജമതത്തിന്റെ ഭാഗമായിരുന്ന ഒരു സഹോദരൻ തന്റെ ആ ജീവിതരീതി പൂർണമായി ഉപേക്ഷിക്കുകയും അതു വെറുക്കുകയും ചെയ്യുന്നു. അപ്പോഴാണ് ഒരു സഹക്രിസ്ത്യാനി പള്ളിയിൽവെച്ച് നടന്ന ഒരു ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്തതായി അദ്ദേഹം അറിയുന്നത്. അത് അദ്ദേഹത്തെ വിഷമിപ്പിക്കുന്നു.a
7 നമുക്കു ചില ഉദാഹരണങ്ങൾകൂടെ നോക്കാം. സാഹചര്യം 4: ഒരു സഹോദരൻ വളർന്നുവന്നതു പുരുഷന്മാർ താടി വെക്കുന്നതും സ്ത്രീകൾ കൂടിവരവുകളിൽ പാന്റ്സ് ധരിക്കുന്നതും ശരിയല്ലെന്നു മിക്കവരും ചിന്തിച്ചിരുന്ന ഒരു സമയത്താണ്. ഈ വിഷയത്തെക്കുറിച്ച് അടുത്തിടെ വന്ന മാറ്റം അദ്ദേഹത്തിന് അറിയാമെങ്കിലും സഹോദരന്മാർ താടി വെക്കരുതെന്നും സഹോദരിമാർ ആത്മീയപ്രവർത്തനങ്ങളിൽ ആയിരിക്കുമ്പോൾ പാന്റ്സ് ധരിക്കരുതെന്നും അദ്ദേഹം മറ്റുള്ളവരോടു വീണ്ടുംവീണ്ടും പറയുന്നു. സാഹചര്യം 5: യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നേടുകയും പിന്നീടു സത്യം ഉപേക്ഷിച്ചുപോകുകയും ചെയ്ത ഒരു സഹോദരനെക്കുറിച്ച് ഒരു മൂപ്പന് അറിയാം. ഇപ്പോൾ ഈ മൂപ്പന്റെ സഭയിലുള്ള ഒരു യുവസഹോദരൻ കൂടുതലായ വിദ്യാഭ്യാസം നേടാൻ തീരുമാനിക്കുന്നു. മൂപ്പന് അതിൽ ടെൻഷൻ തോന്നുകയും ഇക്കാര്യത്തിൽ ഈ ചെറുപ്പക്കാരന്റെയും അവന്റെ മാതാപിതാക്കളുടെയും മനസ്സുമാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു.
8. (എ) മാതാപിതാക്കൾ മറ്റു മാതാപിതാക്കളെ കുറ്റപ്പെടുത്തിയേക്കാവുന്നത് എപ്പോഴാണ്? (ബി) മറ്റുള്ളവരെക്കുറിച്ച് മോശമായി ചിന്തിക്കുന്നതു സഭയെ എങ്ങനെ ബാധിച്ചേക്കാം?
8 ഇനി മാതാപിതാക്കളെ ബാധിക്കുന്ന ഒരു സാഹചര്യം നോക്കാം. സാഹചര്യം 6: മാതാപിതാക്കളെന്ന നിലയിൽ നിങ്ങളുടെ മക്കളെ ‘യഹോവയുടെ ശിക്ഷണത്തിലും ഉപദേശത്തിലും വളർത്തിക്കൊണ്ടുവരാൻ’ നിങ്ങൾ നന്നായി അധ്വാനിക്കുന്നു. (എഫെ. 6:4) എന്നാൽ മക്കളുടെ കാര്യത്തിൽ നിങ്ങൾ അനുവദിക്കാത്ത പല കാര്യങ്ങളും മറ്റു മാതാപിതാക്കൾ അനുവദിക്കുന്നതായി നിങ്ങൾ കാണുന്നു. ഉദാഹരണത്തിന്, അവർ ചിലപ്പോൾ മക്കളെ രാത്രി അൽപ്പം വൈകി വരാനോ അക്രമം ഇല്ലാത്ത വീഡിയോ ഗെയിമുകൾ കളിക്കാനോ സമ്മതിച്ചേക്കാം. അല്ലെങ്കിൽ ചെറിയ പ്രായത്തിൽത്തന്നെ അവർക്കു ഫോൺ മേടിച്ച് കൊടുത്തേക്കാം. അപ്പോൾ നിങ്ങളുടെ കുട്ടിക്കു നിങ്ങൾ കടുംപിടുത്തം പിടിക്കുകയാണെന്നു തോന്നാനിടയുണ്ട്. ‘എന്റെ കൂട്ടുകാരുടെ പപ്പയും മമ്മിയും ഒക്കെ ഇത് അനുവദിക്കുന്നുണ്ടല്ലോ?’ എന്ന് അവർ ചോദിച്ചേക്കാം. അങ്ങനെയൊരു സാഹചര്യത്തിൽ ആ മാതാപിതാക്കളെ വിധിക്കാൻ ചിലപ്പോൾ നിങ്ങൾക്കു തോന്നും. ഇനി ഒരു ക്രിസ്ത്യാനി പണം ചെലവാക്കുന്ന രീതി, കൂടെക്കൂടെ യാത്രകൾ പോകുന്നത്, അല്ലെങ്കിൽ തിരഞ്ഞെടുക്കുന്ന വിനോദം എന്നിവയുടെ കാര്യത്തിലെല്ലാം നമുക്കു ചിലപ്പോൾ ഇഷ്ടക്കേട് തോന്നിയേക്കാം. ഒരു ക്രിസ്ത്യാനി എടുക്കുന്ന ഇത്തരം വ്യക്തിപരമായ തീരുമാനങ്ങൾ നമ്മുടേതിൽനിന്ന് വ്യത്യസ്തമാണെങ്കിൽ നമ്മൾ അവരെക്കുറിച്ച് മോശമായി ചിന്തിക്കാൻ സാധ്യതയുണ്ട്. എന്നാൽ നമ്മുടെ ഈ ചിന്തകളോ അഭിപ്രായങ്ങളോ ഒന്നും സഭയുടെ ഐക്യത്തെക്കാൾ പ്രധാനപ്പെട്ടതായി വരരുത്.
9. എല്ലാ ക്രിസ്ത്യാനികളും ഒരേ തീരുമാനങ്ങൾതന്നെ എടുക്കണമെന്നുണ്ടോ? (ചിത്രവും കാണുക.)
9 ഒരു കാര്യത്തിൽ രണ്ടു പേർ വ്യത്യസ്ത തീരുമാനങ്ങളെടുക്കുന്നു എന്നതുകൊണ്ട് അതിലൊന്നു ശരിയും മറ്റേതു തെറ്റും ആകണമെന്നില്ല. (റോമ. 14:5) “ചിന്തകളിൽ യോജിപ്പുള്ളവരായിരിക്കുക” എന്നു ബൈബിൾ പറയുന്നതു ദൈവം വെച്ചിരിക്കുന്ന നിലവാരങ്ങളുടെ കാര്യത്തിലാണ്. വ്യക്തിപരമായ കാര്യങ്ങളോടു ബന്ധപ്പെട്ട് എല്ലാവരും ഒരേ രീതിയിൽ ചിന്തിക്കണം എന്നല്ല അതിന്റെ അർഥം. (2 കൊരി. 13:11) അതു മനസ്സിലാക്കാൻ നമുക്കൊരു ദൃഷ്ടാന്തം നോക്കാം. നമ്മൾ ഒരു സ്ഥലത്തേക്കു യാത്ര ചെയ്യുകയാണെന്നു വിചാരിക്കുക. ആ ലക്ഷ്യസ്ഥാനത്ത് എത്താൻ പല മാർഗങ്ങളുണ്ടാകും. ഓരോരുത്തരുടെ ഇഷ്ടവും സാഹചര്യവും അനുസരിച്ച് അവർ അതിൽ ഒരെണ്ണം തിരഞ്ഞെടുക്കും. ഇതുപോലെ ക്രിസ്ത്യാനികൾക്കും വ്യക്തിപരമായ കാര്യങ്ങളോടു ബന്ധപ്പെട്ട് പല തിരഞ്ഞെടുപ്പുകൾ ഉണ്ടായിരിക്കും: എന്നാൽ നമ്മുടെയെല്ലാം ലക്ഷ്യസ്ഥാനം യഹോവയെ സന്തോഷിപ്പിക്കുക എന്നതുതന്നെയാണ്. അതുകൊണ്ട് മറ്റുള്ളവർ വ്യക്തിപരമായി എടുക്കുന്ന തീരുമാനങ്ങളെ നമ്മൾ വിധിക്കുന്നില്ല.—മത്താ. 7:1; 1 തെസ്സ. 4:11.
ഒരു ലക്ഷ്യസ്ഥാനത്ത് എത്താൻ യാത്രക്കാർ പല മാർഗങ്ങൾ തിരഞ്ഞെടുത്തേക്കാം; അതുപോലെ ക്രിസ്ത്യാനികൾ വ്യക്തിപരമായ കാര്യങ്ങളോടു ബന്ധപ്പെട്ട് വ്യത്യസ്തതീരുമാനങ്ങൾ എടുത്തേക്കാം (9-ാം ഖണ്ഡിക കാണുക)
മറ്റുള്ളവരുടെ തീരുമാനങ്ങളെ മാനിക്കേണ്ടത് എന്തുകൊണ്ട്?
10. യാക്കോബ് 4:12 അനുസരിച്ച് നമുക്ക് എന്തിനുള്ള അധികാരമില്ല, എന്തുകൊണ്ട്?
10 മറ്റുള്ളവർ എടുക്കുന്ന തീരുമാനങ്ങളെ നമ്മൾ മാനിക്കേണ്ടതിന്റെ പല കാരണങ്ങൾ ബൈബിളിൽ പറയുന്നുണ്ട്. നമുക്കു അതിൽ ചിലതു നോക്കാം. വ്യക്തിപരമായ കാര്യങ്ങളുടെ പേരിൽ മറ്റുള്ളവരെ വിധിക്കാനുള്ള അധികാരം നമുക്കില്ല. (യാക്കോബ് 4:12 വായിക്കുക.) യഹോവയാണു നീതിയുള്ള നിയമനിർമാതാവും ന്യായാധിപനും. നമുക്കുവേണ്ട നിയമങ്ങളും നിലവാരങ്ങളും വെക്കാനുള്ള അവകാശം യഹോവയ്ക്കു മാത്രമേയുള്ളൂ. അതുകൊണ്ട്, സഹോദരങ്ങൾ കണക്കു ബോധിപ്പിക്കേണ്ടത് യഹോവയോടാണ്, നമ്മളോടല്ല. (റോമ. 14:10) നമ്മുടെ അഭിപ്രായങ്ങളുടെയോ നിലവാരങ്ങളുടെയോ അടിസ്ഥാനത്തിൽ മറ്റുള്ളവരെ കുറ്റപ്പെടുത്താനോ വിധിക്കാനോ നമുക്ക് അവകാശമില്ല.b
11. നമുക്ക് എങ്ങനെ സഭയുടെ ഐക്യത്തിനുവേണ്ടി പ്രവർത്തിക്കാം? (ചിത്രവും കാണുക.)
11 യഹോവ തന്റെ ആരാധകർക്കിടയിൽ പ്രതീക്ഷിക്കുന്നത് ഐക്യമാണ്, അല്ലാതെ അവർ ഒരുപോലെ ആയിരിക്കാനല്ല. യഹോവ വ്യത്യസ്തത ഇഷ്ടപ്പെടുന്നു! അതു സൃഷ്ടികൾ നോക്കിയാൽ നമുക്കു മനസ്സിലാകും. ഉദാഹരണത്തിന് ശരീരത്തിൽ ഒരേപോലെ വരകളുള്ള രണ്ടു സീബ്രകളില്ല. ഇനി മനുഷ്യരുടെ കാര്യം എടുത്താലോ? ഭൂമിയിലെ 800 കോടിയിലധികം ആളുകളിൽ, കാഴ്ചയിലും വ്യക്തിത്വത്തിലും ഒരേപോലെതന്നെയുള്ള ആരുമില്ല. അതെ, വ്യത്യാസങ്ങളോടെയാണ് യഹോവ നമ്മളെ സൃഷ്ടിച്ചത്. നമ്മൾ മറ്റൊരാളുടെ തനിപ്പകർപ്പാകാൻ ദൈവം ആഗ്രഹിക്കുന്നില്ല. എന്നാൽ അതേസമയം നമുക്കിടയിൽ ഐക്യമുണ്ടായിരിക്കാൻ ദൈവം പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് മറ്റൊരാൾ വ്യത്യസ്തമായ രീതിയിൽ ഒരു കാര്യം ചെയ്യുമ്പോൾ അതിൽ കുഴപ്പം കണ്ടുപിടിക്കുന്നതിനു പകരം സമാധാനം നിലനിർത്തുക. നമ്മുടെ അഭിപ്രായങ്ങളെക്കാളും ഇഷ്ടങ്ങളെക്കാളും പ്രധാനം സഭയുടെ ഐക്യം ആണെന്നു നമുക്ക് എപ്പോഴും ഓർക്കാം.—റോമ. 14:19.
യഹോവ വ്യത്യസ്തരായാണു നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ നമുക്കിടയിൽ ഐക്യമുണ്ടായിരിക്കാൻ ദൈവം പ്രതീക്ഷിക്കുന്നു (11-ാം ഖണ്ഡിക കാണുക)
മറ്റുള്ളവരുടെ തീരുമാനങ്ങളെ എങ്ങനെ മാനിക്കാം?
12-13. ഒരാൾ ‘തെറ്റായ ഒരു ചുവടു വെക്കുന്നെന്നു’ തോന്നുന്നെങ്കിൽ നമ്മൾ എന്താണു മനസ്സിൽപ്പിടിക്കേണ്ടത്? (ഗലാത്യർ 6:1; “നിങ്ങൾക്ക് യോജിക്കാൻ പറ്റുന്നില്ലെങ്കിൽ” എന്ന ചതുരവും കാണുക.)
12 വ്യക്തിപരമായ കാര്യങ്ങളിൽ മറ്റുള്ളവർ തീരുമാനമെടുക്കുമ്പോൾ. സ്വയം ചോദിക്കുക: ‘ആ വ്യക്തി “തെറ്റായൊരു ചുവടാണോ” വെക്കുന്നത്? അതോ വ്യത്യസ്തമായ ഒരു ചുവടു വെക്കുന്നു എന്നേയുള്ളോ?’ ഒരു ബൈബിൾനിയമം ലംഘിച്ചുകൊണ്ട് തെറ്റായൊരു ചുവടാണു വെക്കുന്നതെങ്കിൽത്തന്നെ നിങ്ങൾ ഇങ്ങനെ ചിന്തിക്കുക, ‘അദ്ദേഹത്തെ തിരുത്താനുള്ള തിരുവെഴുത്തുയോഗ്യത എനിക്കുണ്ടോ? അതോ അതു ചെയ്യാൻ യോഗ്യതയുള്ളതു മറ്റാർക്കെങ്കിലും ആണോ?’ ഇനി നിങ്ങൾക്ക് യോഗ്യതയുണ്ടെങ്കിൽ അദ്ദേഹത്തോടു സൗമ്യതയുടെ ആത്മാവിൽ സംസാരിക്കുക. (ഗലാത്യർ 6:1 വായിക്കുക.) എന്നാൽ മിക്ക സാഹചര്യങ്ങളിലും നമ്മുടേതിൽനിന്ന് വ്യത്യസ്തമായ ഒരു തീരുമാനം അദ്ദേഹം എടുത്തെന്നേയുണ്ടാകൂ. അങ്ങനെയാണെങ്കിൽ അദ്ദേഹത്തെക്കുറിച്ച് തെറ്റായി ചിന്തിക്കുകയോ ആ തീരുമാനത്തെക്കുറിച്ച് മോശമായി സംസാരിക്കുകയോ ചെയ്യരുത്. വിധിക്കുന്നതിനു പകരം സ്വന്തമായി തീരുമാനമെടുക്കാനുള്ള ആ വ്യക്തിയുടെ അവകാശത്തെ മാനിക്കുക.—റോമ. 14:2-4.
13 നമുക്കൊരു ഉദാഹരണം നോക്കാം. നമ്മൾ ഒരു കൂട്ടുകാരന്റെ കൂടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്നിരിക്കുകയാണെന്നു ചിന്തിക്കുക. നമ്മൾ ഓർഡർ ചെയ്ത അതേ ഭക്ഷണംതന്നെ വാങ്ങിക്കാൻ നമ്മൾ കൂട്ടുകാരനെയും നിർബന്ധിക്കുമോ? ഇല്ല. ഇഷ്ടത്തിനനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാനുള്ള അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെ നമ്മൾ മാനിക്കും. മാത്രമല്ല അദ്ദേഹം കഴിക്കാൻ എന്തു തിരഞ്ഞെടുത്താലും അതു നമ്മളെ അധികം ബാധിക്കുന്ന കാര്യവുമല്ല. ഇനി തിരിച്ച് ഒന്നു ചിന്തിച്ചുനോക്കുക: നിങ്ങൾക്കു കഴിക്കാൻവേണ്ട ഭക്ഷണം കൂട്ടുകാരൻ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഓർഡർ ചെയ്യാനും നിങ്ങൾ പ്രതീക്ഷിക്കില്ല. അതുകൊണ്ട് നമ്മുടെ തീരുമാനങ്ങൾ മറ്റുള്ളവരെ അടിച്ചേൽപ്പിക്കുന്നതിനു പകരം സ്വന്തമായി തീരുമാനങ്ങളെടുക്കാൻ അവരെ അനുവദിക്കാം. അങ്ങനെ അവരെ ബഹുമാനിക്കുന്നുണ്ടെന്നു കാണിക്കാനാകും.
14. വ്യക്തിപരമായ തീരുമാനങ്ങളെടുക്കുമ്പോൾ നമുക്കു സഭയുടെ ഐക്യം എങ്ങനെ കാത്തുസൂക്ഷിക്കാം? (1 കൊരിന്ത്യർ 8:12, 13)
14 വ്യക്തിപരമായ കാര്യങ്ങളിൽ നിങ്ങൾ തീരുമാനമെടുക്കുമ്പോൾ. മറ്റുള്ളവരെ അസ്വസ്ഥരാക്കാതിരിക്കാൻ കഴിവിന്റെ പരമാവധി ശ്രമിച്ചുകൊണ്ട് നിങ്ങൾക്കു സഭയുടെ ഐക്യം കാത്തുസൂക്ഷിക്കാനാകും. (1 കൊരിന്ത്യർ 8:12, 13 വായിക്കുക.) ചിലപ്പോൾ നമ്മൾ എടുക്കാൻ പോകുന്ന തീരുമാനം ‘അനുവദനീയമായിരിക്കും.’ പക്ഷേ അതൊരു സഹോദരനെ വേദനിപ്പിക്കുന്നെങ്കിൽ അതുകൊണ്ട് എന്തു ‘പ്രയോജനമാണുള്ളത്?’c (1 കൊരി. 10:23, 24) അത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ അവകാശങ്ങളിൽ കടിച്ചുതൂങ്ങുന്നതിനു പകരം നിങ്ങളുടെ ഇഷ്ടങ്ങൾ ഒന്നു മാറ്റിവെക്കാൻ ശ്രമിക്കുക. (റോമ. 15:1) എന്നാൽ വ്യക്തിപരമായി നമ്മൾ എടുക്കുന്ന തീരുമാനങ്ങളെ മറ്റുള്ളവർ മാനിക്കണമെന്നല്ലേ നമ്മൾ ഇപ്പോൾ പഠിച്ചത്? അതു ശരിയാണ്. നമ്മൾ മറ്റുള്ളവരുടെ തീരുമാനങ്ങളെ മാനിക്കുന്നതുപോലെ അവർ നമ്മുടെ തീരുമാനങ്ങളെയും മാനിക്കേണ്ടതാണ്. എന്നാൽ റോമർ 12:18-ൽ കാണുന്ന ഈ തത്ത്വം നമ്മൾ മനസ്സിൽപ്പിടിക്കണം: “എല്ലാവരുമായി സമാധാനത്തിലായിരിക്കാൻ നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുക.” അതുകൊണ്ട് സമാധാനം നിലനിറുത്താൻ നമുക്കു പറ്റുന്നതെല്ലാം ചെയ്യാം. മറ്റുള്ളവരെ അനാവശ്യമായി അസ്വസ്ഥരാക്കുന്നത് ഒഴിവാക്കാം.
15. മൂപ്പന്മാർക്ക് എങ്ങനെ സഭയുടെ ഐക്യത്തിനുവേണ്ടി പ്രവർത്തിക്കാനാകും? (1 കൊരിന്ത്യർ 4:6)
15 മൂപ്പന്മാർ മറ്റുള്ളവരുടെ തീരുമാനങ്ങളെ മാനിക്കുന്നു. വ്യക്തിപരമായ കാര്യങ്ങളിൽ നിയമങ്ങൾ ഉണ്ടാക്കാതിരുന്നുകൊണ്ടും ബൈബിളിൽ ‘എഴുതിയിരിക്കുന്നതിന് അപ്പുറം പോകാതിരുന്നുകൊണ്ടും’ മൂപ്പന്മാർ സഭയുടെ ഐക്യത്തിനുവേണ്ടി പ്രവർത്തിക്കുന്നു. (1 കൊരിന്ത്യർ 4:6 വായിക്കുക.) അതിന്റെ അർഥം ബൈബിളിനെ അടിസ്ഥാനമാക്കി നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾക്ക് അപ്പുറവും അവർ പോകുന്നില്ല എന്നാണ്. ഇനി ഒരു സഹക്രിസ്ത്യാനി ഉപദേശം ചോദിക്കുമ്പോൾ മൂപ്പന്മാർ തങ്ങളുടെ സ്വന്തം അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അവർക്ക് ഉപദേശം കൊടുക്കില്ല. പകരം അവർ ദൈവവചനത്തെ അടിസ്ഥാനമാക്കിയായിരിക്കും അതു ചെയ്യുന്നത്.—യശ. 48:17, 18.
16. മൂപ്പന്മാരുടെ സംഘം എടുത്ത തീരുമാനത്തെ താൻ മാനിക്കുന്നുണ്ടെന്ന് ഒരു മൂപ്പന് എങ്ങനെ കാണിക്കാം?
16 ഇനി മൂപ്പന്മാർ ഒരു സംഘമെന്ന നിലയിൽ എടുക്കുന്ന തീരുമാനത്തിന്റെ കാര്യത്തിലോ? ഒരു മൂപ്പനു ചിലപ്പോൾ വ്യത്യസ്തമായൊരു അഭിപ്രായമുണ്ടായിരുന്നേക്കാം. എന്നാൽ മൂപ്പന്മാർ ഒരുമിച്ചിരുന്ന് പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുകയും തിരുവെഴുത്തുകൾ ഒക്കെ നോക്കി ഒരു തീരുമാനത്തിൽ എത്തുകയും ചെയ്തുകഴിഞ്ഞാൽ ഓരോ മൂപ്പനും അതിനെ പിന്തുണയ്ക്കേണ്ടതുണ്ട്. (എഫെ. 5:17) ഇനി ബൈബിളിലോ പ്രസിദ്ധീകരണങ്ങളിലോ ഉള്ള ഒരു നിർദേശത്തിനു ശരിക്കുമുള്ളതിനെക്കാൾ കൂടുതൽ അർഥം കൊടുക്കാതിരിക്കാനും മൂപ്പന്മാർ ശ്രദ്ധിക്കും. ഉദാഹരണത്തിന് ഒരു ലേഖനത്തിന്റെ മൊത്തം ആശയം നോക്കാതെ അതിൽ ഏതെങ്കിലും ഒരു വാചകം മാത്രം എടുത്തിട്ട്, താൻ പറയുന്നതു ശരിയാണെന്നു വാദിക്കാനും ഒരു മൂപ്പൻ ശ്രമിക്കില്ല.
17. മറ്റുള്ളവരുടെ തീരുമാനങ്ങളെ നമ്മൾ മാനിച്ചാൽ എന്തു പ്രയോജനമാണുള്ളത്?
17 നേരത്തേ കണ്ടതുപോലെ നമ്മൾ ഓരോരുത്തരും വ്യത്യസ്തരാണ്. എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങളും ഇഷ്ടങ്ങളും ഉണ്ട്. ആ വൈവിധ്യം ശരിക്കും നല്ലതാണ്. നമ്മുടെ വ്യത്യസ്തമായ പശ്ചാത്തലവും വ്യക്തിത്വവും ഒക്കെ സഭയെ എല്ലാവരും ഇഷ്ടപ്പെടുന്ന മനോഹരമായ ഒരു ഇടമാക്കി മാറ്റുന്നു. അതുകൊണ്ട് ഈ വ്യത്യസ്തതകൾ നമ്മളെ തമ്മിൽ അകറ്റുകയല്ല അടുപ്പിക്കുകയാണു വേണ്ടത്. മറ്റുള്ളവരെ ഇടറിക്കാതിരിക്കാനും സമാധാനമുണ്ടാക്കാനും നമുക്കു ശ്രമിക്കാം. അതുപോലെ വ്യക്തിപരമായ കാര്യങ്ങളിൽ മറ്റുള്ളവർ എടുക്കുന്ന തീരുമാനങ്ങളെ നമുക്കു മാനിക്കുകയും ചെയ്യാം. അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ ശ്രമങ്ങൾക്ക് യഹോവ പ്രതിഫലം തരും. ഐക്യമുള്ള ഒരു സഭയിൽ സന്തോഷത്തോടെ സേവിക്കാൻ നമുക്കാകും.—സങ്കീ. 133:1; മത്താ. 5:9.
ഗീതം 89 ശ്രദ്ധിക്കാം, അനുസരിക്കാം, അനുഗ്രഹം നേടാം
a പള്ളിയിൽവെച്ച് നടക്കുന്ന ഒരു ശവസംസ്കാരശുശ്രൂഷയിലോ വിവാഹത്തിലോ ഒരു ക്രിസ്ത്യാനി പങ്കെടുക്കണോ എന്നു തീരുമാനിക്കുന്നതിനു മുമ്പ് പല കാര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. 2002 മേയ് 15 ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന ലേഖനം കാണുക.
b ഗുരുതരമായ തെറ്റുകൾ ചെയ്യുന്നവരുടെ കാര്യത്തിൽ ചിലപ്പോൾ മൂപ്പന്മാർക്കു തീരുമാനങ്ങൾ എടുക്കേണ്ടിവന്നേക്കാം. എന്നാൽ അവർ വിധിക്കുന്നത് യഹോവയ്ക്കുവേണ്ടിയാണെന്ന് ഓർക്കും. അതുകൊണ്ട് സ്വന്തം നിലവാരങ്ങൾക്കനുസരിച്ചല്ല യഹോവയുടെ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിലായിരിക്കും അവർ തീരുമാനങ്ങളെടുക്കുന്നത്.—2 ദിനവൃത്താന്തം 19:6 താരതമ്യം ചെയ്യുക.
c ഉദാഹരണങ്ങൾക്ക് ജീവിതം ആസ്വദിക്കാം പുസ്തകം, പാഠം 35, പോയിന്റ് 5 കാണുക.