2026 ജൂലൈ 27–ആഗസ്റ്റ് 2
ഗീതം 56 സത്യത്തിൻ വഴിയേ നടക്കുക
കൂടുതലായ വിദ്യാഭ്യാസം നേടുമ്പോഴും ആത്മീയമായി ശക്തരായിരിക്കുക
“നമ്മൾ കൈവരിച്ച പുരോഗതിക്കു ചേർച്ചയിൽത്തന്നെ നമുക്ക് ഇനിയും ചിട്ടയോടെ നടക്കാം.”—ഫിലി. 3:16.
ഉദ്ദേശ്യം
നിങ്ങൾ കൂടുതലായ വിദ്യാഭ്യാസത്തിനു പോകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ആത്മീയമായി ശക്തരായിനിൽക്കാൻ സഹായിക്കുന്ന നാലു ബൈബിൾതത്ത്വങ്ങൾ നോക്കും.
1-2. (എ) കൂടുതലായ വിദ്യാഭ്യാസം നേടാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഏതു കാര്യം തുടർന്നും ചെയ്യണം? (ബി) “ഇനിയും ചിട്ടയോടെ നടക്കാം” എന്നതിന്റെ അർഥം എന്താണ്? (ഫിലിപ്പിയർ 3:16)
ഗവൺമെന്റ് ആവശ്യപ്പെട്ടിരിക്കുന്ന അടിസ്ഥാന വിദ്യാഭ്യാസത്തിനു പുറമേ കൂടുതലായ വിദ്യാഭ്യാസം നേടാൻ യഹോവയുടെ സാക്ഷികളിൽ ചിലർ തീരുമാനിച്ചിരിക്കുന്നു. കാരണം തങ്ങളുടെ ആവശ്യങ്ങൾ നടന്നുപോകാനും യഹോവയെ നന്നായി സേവിക്കാനും സഹായിക്കുന്ന ഒരു ജോലി കണ്ടെത്താൻ അവർ ആഗ്രഹിക്കുന്നു. കൂടുതലായ വിദ്യാഭ്യാസം നേടാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ യഹോവയിൽനിന്ന് അകന്നുപോകുന്നില്ലെന്ന് എങ്ങനെ ഉറപ്പു വരുത്താം? (യാക്കോ. 4:8എ) സ്കൂളിൽ പഠിച്ചപ്പോൾ വിശ്വാസത്തിന്റെ പേരിൽ നിങ്ങൾക്കുണ്ടായ പരിശോധനകളെ നിങ്ങൾ വിജയകരമായി നേരിട്ടിട്ടുണ്ടാകും. മുന്നോട്ടും നമുക്ക് അതുതന്നെ ചെയ്യാം; “കൈവരിച്ച പുരോഗതിക്കു ചേർച്ചയിൽത്തന്നെ നമുക്ക് ഇനിയും ചിട്ടയോടെ നടക്കാം.” അതായത് യഹോവയെ തുടർന്നും വിശ്വസ്തമായി സേവിക്കാം.—ഫിലിപ്പിയർ 3:16 വായിക്കുക.
2 “ഇനിയും ചിട്ടയോടെ നടക്കാം” എന്ന പദപ്രയോഗത്തിലെ ഗ്രീക്ക് ക്രിയാപദം, ഐക്യത്തോടെ പട്ടാളക്കാർ മാർച്ച് ചെയ്യുന്നതിനെ കുറിക്കാനാണ് പൊതുവേ ഉപയോഗിച്ചിരിക്കുന്നത്. നിങ്ങൾ കൂടുതലായ വിദ്യാഭ്യാസം നേടാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ യഹോവയുടെ സേവനത്തിൽ നിങ്ങളും മുന്നോട്ടുതന്നെ “മാർച്ച് ചെയ്യണം.” വെറുതേ നിൽക്കുകയോ പിന്മാറുകയോ ചെയ്യരുത്. അങ്ങനെ മുന്നോട്ടുപോകാൻ സഹായിക്കുന്ന നാലു ബൈബിൾതത്ത്വങ്ങൾ ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും. നിങ്ങൾ ഇതിനോടകം ചെയ്തിട്ടുള്ള, നിങ്ങൾക്ക് അറിയാവുന്ന തത്ത്വങ്ങൾതന്നെയാണ് ഇവയെല്ലാം. എന്നാൽ കൂടുതലായ വിദ്യാഭ്യാസം നേടുന്ന സമയത്തും അതിനുശേഷവും ഈ തത്ത്വങ്ങൾ അനുസരിക്കുന്നത് പ്രയോജനം ചെയ്യും.
ആത്മീയദിനചര്യ നിലനിറുത്തുക
3. കൂടുതലായ വിദ്യാഭ്യാസം നേടുമ്പോൾ ആത്മീയകാര്യങ്ങൾക്ക് എന്തു സംഭവിച്ചേക്കാം?
3 പ്രശ്നം. കൂടുതലായ വിദ്യാഭ്യാസം നേടുന്ന സമയത്ത് നിങ്ങളുടെ ജീവിതം വളരെ തിരക്കുള്ളതായിരിക്കും. ഓരോ ദിവസവും ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ടാകും. പഠനം നന്നായി കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ ആത്മീയകാര്യങ്ങളുടെ പ്രാധാന്യം കുറഞ്ഞുപോയേക്കാം. ബൈബിൾവായന, പ്രാർഥന, മീറ്റിങ്ങുകൾ എന്നിവയൊക്കെ മുടക്കാനോ പേരിനുമാത്രം ശുശ്രൂഷയ്ക്കു പോകാനോ ഒക്കെ തുടങ്ങിയേക്കാം.—വെളി. 2:4.
4. ‘കർത്താവിന്റെ വേലയിൽ തിരക്കുള്ളവരായിരിക്കേണ്ടത്’ എന്തുകൊണ്ട്? (1 കൊരിന്ത്യർ 15:58)
4 1 കൊരിന്ത്യർ 15:58 വായിക്കുക. ഒരു സൈക്കിൾ വീഴാതെ മുന്നോട്ടുപോകണമെങ്കിൽ അത് നമ്മൾ ചവിട്ടിക്കൊണ്ടിരിക്കണം. അതുപോലെ നമ്മളും ആത്മീയമായി ശക്തരായി മുന്നോട്ടുപോകണമെങ്കിൽ ‘കർത്താവിന്റെ വേലയിൽ എപ്പോഴും തിരക്കുള്ളവരായിരിക്കണം.’ അതിനർഥം ആത്മീയപ്രവർത്തനങ്ങൾക്കായി വെറുതേ കുറച്ച് സമയം മാറ്റിവെക്കണമെന്നല്ല. പകരം, നമ്മൾ അത് എന്തുകൊണ്ട് ചെയ്യുന്നു എന്നും ചിന്തിക്കേണ്ടതാണ്. ആദ്യം നിങ്ങൾ നിങ്ങളെത്തന്നെ കാണേണ്ടത് യഹോവയുടെ ഒരു ദാസനായിട്ടാണ്, പിന്നെ വേണം ഒരു വിദ്യാർഥിയായി കാണാൻ. (മത്താ. 22:37) ഒരു യുവസഹോദരിയായ സാമന്ത പറയുന്നു: “എന്റെ വിദ്യാഭ്യാസം എപ്പോഴെങ്കിലും ദൈവസേവനത്തിന് ഒരു തടസ്സമായാൽ ഞാൻ പഠനം ഉപേക്ഷിക്കുമെന്ന് നേരത്തേതന്നെ തീരുമാനിച്ചിരുന്നു.”
5. യഹോവയുടെ സേവനത്തിൽ തിരക്കുള്ളവരായി തുടരാൻ നിങ്ങൾക്ക് എന്തു ചെയ്യാം?
5 കൂടുതലായ വിദ്യാഭ്യാസം തുടങ്ങുന്നതിനു മുമ്പുതന്നെ എന്തു ചെയ്യാം? ഏതു കാര്യത്തിനു മുൻഗണന കൊടുക്കുമെന്നു നേരത്തേതന്നെ ചിന്തിക്കാനാകും. സ്വയം ചോദിക്കുക: ‘മീറ്റിങ്ങും ശുശ്രൂഷയും വ്യക്തിപരമായ പഠനവും മുടങ്ങുന്നില്ല എന്ന് ഉറപ്പാക്കാൻ ഞാൻ എന്താണ് ചെയ്തിരിക്കുന്നത്?’ (യോശു. 1:8; മത്താ. 28:19, 20; എബ്രാ. 10:25) ഇനി പുറകോട്ടും ചിന്തിക്കുക: സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് ഈ കാര്യങ്ങളൊക്കെ മുടങ്ങാതിരിക്കാൻ നിങ്ങൾ എന്താണ് ചെയ്തിരുന്നത്? അന്ന് കാര്യങ്ങൾ കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നെന്നു തോന്നുന്നെങ്കിൽ ഇപ്പോൾ എന്ത് മാറ്റം വരുത്താനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? കൂടുതലായ വിദ്യാഭ്യാസം നേടുമ്പോൾ യഹോവയുടെ സേവനത്തിൽ തിരക്കോടെതന്നെ തുടരാൻ തീരുമാനിച്ചുറയ്ക്കുക. പഠനത്തിനു വേണ്ട ശ്രദ്ധ കൊടുക്കണം എന്നതു ശരിയാണ്. പക്ഷേ അത് നിങ്ങളുടെ ആരാധന ബലി കഴിച്ചുകൊണ്ടാകരുത്.a—മത്താ. 6:24.
6. സ്വയം വിലയിരുത്തുമ്പോൾ ഏതൊക്കെ ചോദ്യങ്ങൾ ചോദിക്കാനാകും? (ചിത്രവും കാണുക.)
6 കൂടുതലായ വിദ്യാഭ്യാസം നേടുമ്പോൾ പതിവായി, മാസത്തിൽ ഒരിക്കലെങ്കിലും സ്വയം വിലയിരുത്തുക. നിങ്ങൾക്ക് ഇങ്ങനെ ചിന്തിക്കാനാകും: ‘ഇപ്പോഴും യഹോവയ്ക്കുതന്നെയാണോ ഞാൻ ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നത്?’ അങ്ങനെയല്ലെന്ന് കാണിക്കുന്ന എന്തെങ്കിലും സൂചനകളുണ്ടോ? ഉദാഹരണത്തിന്, നിങ്ങൾ മീറ്റിങ്ങ് മുടക്കാനോ അതിന് താമസിച്ചുവരാനോ തുടങ്ങിയിട്ടുണ്ടോ? മീറ്റിങ്ങിലായിരിക്കുമ്പോൾ ക്ലാസിലെ അസൈൻമെന്റുകളെക്കുറിച്ചാണോ നിങ്ങൾ ചിന്തിക്കുന്നത്? സൂമിലൂടെയാണോ നിങ്ങൾ മീറ്റിങ്ങ് കൂടുന്നത്? ഇനി ബൈബിൾവായനയും പ്രാർഥനയും കുറഞ്ഞുപോയിട്ടുണ്ടോ? നിങ്ങൾ ശുശ്രൂഷയ്ക്കു പോകുന്നത് ഒരു ചടങ്ങുപോലെയാണോ? എത്രയും പെട്ടെന്ന് അതു തീർത്തിട്ട് വരണമെന്നാണോ നിങ്ങളുടെ ചിന്ത? ഇങ്ങനെയുള്ള സൂചനകൾ എന്തെങ്കിലും കാണുന്നെങ്കിൽ പെട്ടെന്ന് പ്രവർത്തിക്കുക. വിദ്യാഭ്യാസം നേടുന്നു എന്നതുകൊണ്ട്, യഹോവയെ സേവിക്കുന്നതു രണ്ടാം സ്ഥാനത്തായി പോകരുത്.
നിങ്ങളുടെ ജീവിതത്തിൽ യഹോവയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നതിന് വിദ്യാഭ്യാസം ഒരു തടസ്സമാകരുത് (6-ാം ഖണ്ഡിക കാണുക)
“ചിന്താശേഷി കാത്തുസൂക്ഷിക്കാം”
7. കൂടുതലായ വിദ്യാഭ്യാസം നേടുമ്പോൾ നമ്മുടെ ചിന്താരീതിയിൽ എന്തു മാറ്റം വന്നേക്കാം?
7 പ്രശ്നം. നിങ്ങൾ എടുക്കുന്ന കോഴ്സനുസരിച്ച്, ലോകത്തിന്റെ ‘തത്ത്വജ്ഞാനവും വഞ്ചകവും കഴമ്പില്ലാത്തതും ആയ ആശയങ്ങളും’ നിങ്ങളുടെ ഉള്ളിൽ നിറഞ്ഞേക്കാം. അതിൽ ചിലതാണ് പരിണാമവും നിരീശ്വരവാദവും. (കൊലോ. 2:8) ഇനി നമ്മുടെ കഴിവുകളിൽത്തന്നെ ആശ്രയിക്കാനും അതു നമ്മളെ പ്രേരിപ്പിച്ചേക്കാം. ഒരു ചെറുപ്പക്കാരനായ സഹോദരൻ തന്റെ പഠനകാലത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ഞങ്ങളെ വൈദഗ്ധ്യങ്ങൾ മാത്രമല്ല പഠിപ്പിച്ചത്, ഒരു ചിന്താരീതി കൂടിയാണ്. അതു പലപ്പോഴും യഹോവയുടെ ചിന്തകൾക്കു ചേർച്ചയിലുള്ളതായിരുന്നില്ല. ഉദാഹരണത്തിന്, നമ്മുടെ ജീവിതവിജയം നമ്മളിൽത്തന്നെ ആശ്രയിച്ചാണിരിക്കുന്നത് എന്ന് അവിടെ പഠിപ്പിച്ചു. അങ്ങനെയാകുമ്പോൾ യഹോവയ്ക്കു വലിയ റോൾ ഇല്ലാത്തതുപോലെയാകും. ദൈവത്തിൽ ആശ്രയിക്കാൻ എനിക്ക് അപ്പോൾ കൂടുതൽ ബുദ്ധിമുട്ടു തോന്നി.”
8. നിങ്ങളുടെ ‘ചിന്താശേഷി കാത്തുസൂക്ഷിക്കേണ്ടത്’ എന്തുകൊണ്ട്? (സുഭാഷിതങ്ങൾ 5:1, 2)
8 സുഭാഷിതങ്ങൾ 5:1, 2 വായിക്കുക. നിങ്ങളുടെ ‘ചിന്താശേഷി കാത്തുസൂക്ഷിക്കാൻ’ ബൈബിൾ മുന്നറിയിപ്പു തരുന്നു. ഒരു കാര്യം നമ്മൾ കാത്തുസൂക്ഷിക്കുന്നത് അത് ആരെങ്കിലും നശിപ്പിക്കാനോ തട്ടിയെടുക്കാനോ ശ്രമിക്കുമ്പോഴാണ്. ചിന്താശേഷിയുടെ കാര്യത്തിലും ഇത് സത്യമാണ്. (1 പത്രോ. 5:8) ധാർമികത, ജീവന്റെ ഉത്ഭവം, ദൈവത്തിന്റെ അസ്തിത്വം എന്നിവയുമായി ബന്ധപ്പെട്ട നമ്മുടെ വിശ്വാസങ്ങൾ ഇല്ലാതാക്കാനാണ് ലോകത്തിന്റെ ആത്മാവ് ശ്രമിക്കുന്നത്. ആളുകൾ പൊതുവേ ഇത്തരം ചിന്തകളെ വളരെ ഉന്നതമായി കാണുന്നു. എന്നാൽ ശരിക്കും അതു താഴ്ന്ന ചിന്തകളാണ്, “ദൈവത്തിന്റെ കണ്ണിൽ വിഡ്ഢിത്തമാണ്.”—1 കൊരി. 3:18-20.
9. ചിന്താശേഷി കാത്തുസൂക്ഷിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
9 കൂടുതലായ വിദ്യാഭ്യാസം തുടങ്ങുന്നതിനു മുമ്പുതന്നെ എന്തു ചെയ്യാം? ചിന്താശേഷി കാത്തുസൂക്ഷിക്കണമെങ്കിൽ, കൂടുതലായ വിദ്യാഭ്യാസം നേടുന്നതിനു മുമ്പുതന്നെ ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം ശക്തമാക്കണം. ഇത്തരം ചോദ്യങ്ങൾ സ്വയം ചോദിക്കുക: ‘ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നത് എന്തുകൊണ്ടാണ്? ബൈബിൾ ദൈവത്തിന്റെ വചനമാണെന്ന് എനിക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്? ബൈബിൾ പറയുന്ന ധാർമികനിലവാരങ്ങൾ ലോകത്തിന്റെ നിലവാരങ്ങളെക്കാൾ ഉന്നതമാണെന്നു ഞാൻ വിശ്വസിക്കുന്നത് എന്തുകൊണ്ട്?’ ഇനി പുറകോട്ടും ചിന്തിക്കാനാകും: മുമ്പ് സ്കൂളിൽ എങ്ങനെയായിരുന്നു? മറ്റുള്ളവർ പരിണാമത്തിൽ വിശ്വസിക്കുന്നതു കണ്ടപ്പോൾ ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം കുറഞ്ഞുപോയിരുന്നോ? മറ്റു കുട്ടികളുടെ മോശമായ ജീവിതരീതി നിങ്ങളെ എളുപ്പം സ്വാധീനിച്ചിരുന്നോ? അന്ന് കുറച്ചുകൂടി നന്നായി കാര്യങ്ങൾ ചെയ്യാമായിരുന്നു എന്നു തോന്നുന്നെങ്കിൽ എന്തു മാറ്റം വരുത്താനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ഇപ്പോൾ വിശ്വാസം ശക്തമാക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും? കൂടുതലായ വിദ്യാഭ്യാസം നേടുമ്പോൾ ചിന്താശേഷി കാത്തുസൂക്ഷിക്കുമെന്നു തീരുമാനിച്ചുറയ്ക്കുക.—2 തിമൊ. 2:16-18.b
10. നിങ്ങൾക്ക് എങ്ങനെ തുടർന്നും നിങ്ങളുടെ ചിന്താശേഷി സംരക്ഷിക്കാനാകും?
10 കൂടുതലായ വിദ്യാഭ്യാസം നേടുമ്പോൾ ഇടയ്ക്കിടെ സ്വയം വിലയിരുത്തുക. നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാനാകും: ‘ചുറ്റുമുള്ള ആളുകളുടെ മോശം സ്വഭാവരീതികൾ എന്നെ സ്വാധീനിക്കുന്നുണ്ടോ? ഒരു കാര്യം കേൾക്കുമ്പോൾ അതു ലോകത്തിന്റെ ആശയമാണോ എന്ന് എനിക്ക് തിരിച്ചറിയാനാകുന്നുണ്ടോ? മനുഷ്യരുടെ പ്രശ്നങ്ങൾക്കുള്ള ഒരേയൊരു പരിഹാരം ദൈവരാജ്യമാണെന്ന് എനിക്ക് പൂർണബോധ്യമുണ്ടോ?’ നിങ്ങളുടെ ചിന്താശേഷി സംരക്ഷിക്കണമെങ്കിൽ ദൈവവചനം വായിക്കുകയും അതെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും വായിച്ച കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും വേണം. അങ്ങനെയാകുമ്പോൾ ബൈബിൾ പറയുന്നതാണ് സത്യം എന്ന നിങ്ങളുടെ വിശ്വാസം കൂടുതൽ ഉറപ്പുള്ളതാകും.—1 തിമൊ. 4:15.
സമയം നന്നായി ഉപയോഗിക്കുക
11. കൂടുതലായ വിദ്യാഭ്യാസം നേടുമ്പോൾ സമയം ഉപയോഗിക്കുന്ന കാര്യത്തിൽ നിങ്ങൾക്ക് എന്ത് ബുദ്ധിമുട്ട് തോന്നിയേക്കാം?
11 പ്രശ്നം. കൂടുതലായ വിദ്യാഭ്യാസം നിങ്ങളുടെ സമയം ഒരുപാട് കവർന്നെടുത്തേക്കാം, പ്രത്യേകിച്ചും പരീക്ഷയുള്ളപ്പോഴോ ഒരു പ്രോജക്ട് പെട്ടെന്നുതന്നെ ചെയ്ത് തീർക്കേണ്ടിവരുമ്പോഴോ ഒക്കെ. നിങ്ങൾ സമയം നന്നായിട്ട് ഉപയോഗിച്ചില്ലെങ്കിൽ ടെൻഷനടിച്ച് ആകെ മടുത്തുപോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് നിങ്ങളുടെ ശാരീരികവും മാനസികവും ആയ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം.
12. ഏതെല്ലാം കാര്യങ്ങൾക്കുവേണ്ടി നിങ്ങൾ സമയം മാറ്റിവെക്കണം? (എഫെസ്യർ 5:15, 16)
12 എഫെസ്യർ 5:15, 16 വായിക്കുക. ‘സമയം ഏറ്റവും നന്നായി ഉപയോഗിക്കാൻ’ നിങ്ങൾക്ക് അത്ര എളുപ്പമായിരിക്കില്ല. ഇക്കാര്യത്തിൽ സമനില വേണം. ഉദാഹരണത്തിന്, നിങ്ങൾ പഠനത്തിൽ ശ്രദ്ധിക്കേണ്ടതുണ്ടെങ്കിലും കുടുംബത്തോടും സഭയിലെ സഹോദരങ്ങളോടും ഒപ്പം സമയം ചെലവഴിക്കേണ്ടത് അതിലും പ്രധാനമാണ്. (സങ്കീ. 133:1; സുഭാ. 18:1) നിങ്ങളുടെ ആത്മീയ ആവശ്യങ്ങൾക്കായിരിക്കണം ഏറ്റവും മുൻഗണന നൽകേണ്ടത്. (മത്താ. 6:33) അതുപോലെ നിങ്ങൾക്കു കുടുംബത്തിൽ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കും, അല്ലെങ്കിൽ പഠനത്തോടൊപ്പം ജോലി ചെയ്യുന്നുണ്ടായിരിക്കും. ഇനി, നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടിവരും. ആവശ്യത്തിനു വിശ്രമിക്കുകയും വ്യായാമം ചെയ്യുകയും വേണം. (സഭാ. 4:6; 1 തിമൊ. 4:8) ഇതെല്ലാം ചെയ്യാൻ നിങ്ങൾക്കു നല്ലൊരു പട്ടിക ആവശ്യമാണ്.
13. സമയം ഏറ്റവും നന്നായി ഉപയോഗിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
13 കൂടുതലായ വിദ്യാഭ്യാസം തുടങ്ങുന്നതിനു മുമ്പുതന്നെ എന്തു ചെയ്യാം? നന്നായി പ്ലാൻ ചെയ്യുന്നതു വിജയിക്കാൻ സഹായിക്കുമെന്നു ബൈബിൾ പറയുന്നു. (സുഭാ. 21:5) അതുകൊണ്ട് കൂടുതലായ വിദ്യാഭ്യാസം തുടങ്ങുന്നതിനു മുമ്പുതന്നെ, എത്തിച്ചേരാനാകുന്ന ഒരു പട്ടിക ഉണ്ടാക്കുക. അതിനായി നിങ്ങൾക്കു പുറകോട്ട് ചിന്തിക്കാനാകും: മുമ്പ് സ്കൂളിലായിരുന്നപ്പോൾ പ്രധാനപ്പെട്ട കാര്യങ്ങൾക്കായി സമയം മാറ്റിവെക്കാൻ നിങ്ങൾക്കു പറ്റിയിരുന്നോ? അന്ന് കുറച്ചുകൂടി നന്നായി കാര്യങ്ങൾ ചെയ്യാമായിരുന്നെന്നു തോന്നുന്നെങ്കിൽ, ഇപ്പോൾ എന്ത് മാറ്റം വരുത്താനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? സമയം നിങ്ങളെയല്ല നിങ്ങൾ സമയത്തെ നിയന്ത്രിക്കുമെന്നു തീരുമാനിച്ചുറയ്ക്കുക.c
14. സ്വയം വിലയിരുത്താൻ ഏതെല്ലാം ചോദ്യങ്ങൾ സഹായിക്കും?
14 കൂടുതലായ വിദ്യാഭ്യാസം നേടുമ്പോൾ ഇടയ്ക്കിടെ സ്വയം വിലയിരുത്തുക. നിങ്ങൾക്ക് ഇങ്ങനെ ചിന്തിക്കാനാകും: ‘ആവശ്യത്തിനു വിശ്രമിക്കാനും വ്യായാമം ചെയ്യാനും ഉള്ള സമയം എനിക്ക് കിട്ടുന്നുണ്ടോ? സഹോദരങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ എനിക്ക് കഴിയുന്നുണ്ടോ? കൃത്യസമയത്തുതന്നെ ഹോംവർക്ക് ചെയ്തുതീർക്കാൻ എനിക്ക് പറ്റുന്നുണ്ടോ? പറ്റുന്നില്ലെങ്കിൽ അത് ഒരുപാട് ഉള്ളതുകൊണ്ടാണോ അതോ ഞാൻ കാര്യങ്ങൾ നീട്ടിവെച്ചിട്ടാണോ? ഈ ചോദ്യങ്ങൾക്കുള്ള എന്റെ ഉത്തരം കുടുംബാംഗങ്ങൾ ഉൾപ്പെടെ മറ്റുള്ളവർ അംഗീകരിക്കുമോ?’ പട്ടികയിൽ മാറ്റം വരുത്തണമെന്നോ ആത്മശിക്ഷണം വളർത്തിയെടുക്കണമെന്നോ നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിൽ പെട്ടെന്നു പ്രവർത്തിക്കുക. സമയം നന്നായി ഉപയോഗിക്കുന്ന മറ്റുള്ളവരോടു നിങ്ങൾക്കു സംസാരിക്കാനുമായേക്കും.—സുഭാ. 11:14.
‘ജ്ഞാനികളുടെകൂടെ നടക്കുക’
15. കൂടുതലായ വിദ്യാഭ്യാസം നേടുമ്പോൾ നിങ്ങൾക്ക് എന്തു പ്രശ്നം നേരിട്ടേക്കാം?
15 പ്രശ്നം. കൂടുതലായ വിദ്യാഭ്യാസം നേടുമ്പോൾ, കൂടെ പഠിക്കുന്ന കുട്ടികൾ ക്ലാസ് കഴിഞ്ഞും അവരുടെകൂടെ സമയം ചെലവഴിക്കാൻ നിങ്ങളെ വിളിച്ചേക്കാം. അവരോടൊപ്പം കൂടാൻ ചിലപ്പോൾ നിങ്ങൾക്കും തോന്നും. കാരണം ക്ലാസിന്റെ സമയത്ത് നിങ്ങൾ ഒരുമിച്ച് ഒരുപാട് സമയം ചെലവഴിക്കുന്നുണ്ട്. അതുപോലെ നിങ്ങൾക്ക് ഒരേ പ്രായമായതുകൊണ്ട് നിങ്ങളുടെ ഇഷ്ടങ്ങളും ഒരുപോലെയായിരിക്കും. സഹോദരങ്ങളെക്കാളും കൂടുതൽ നിങ്ങളുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും ഒക്കെ മനസ്സിലാകുന്നതു കൂട്ടുകാർക്കാണെന്നുപോലും തോന്നിയേക്കാം. അങ്ങനെയൊക്കെ തോന്നിയാലും കൂട്ടുകൂടുന്ന കാര്യത്തിൽ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങൾ ഒരേ ക്ലാസിലാണെങ്കിലും നിങ്ങളെപ്പോലെ യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നവരല്ല അവർ. എത്ര കൂടുതൽ അവരോടൊപ്പം സമയം ചെലവഴിക്കുന്നോ അത്രയധികം നിങ്ങൾ അവരെപ്പോലെ ചിന്തിച്ചുതുടങ്ങും. (1 കൊരി. 15:33) ഇലക്ട്രീഷ്യൻ ആകാനുള്ള നാലു വർഷത്തെ ഒരു കോഴ്സ് പഠിച്ച മൈക്കിൾ അതു സത്യമാണെന്ന് മനസ്സിലാക്കി. അദ്ദേഹം പറയുന്നു: “ട്രെയിനിങ്ങിന്റെ സമയത്ത് ആഴ്ചയിൽ 40-ലധികം മണിക്കൂർ കൂടെയുള്ളവരോടൊപ്പം എനിക്ക് ചെലവഴിക്കേണ്ടിവന്നു. എതിർലിംഗത്തിൽപ്പെട്ടവരോടുള്ള അവരുടെ വീക്ഷണവും അവർക്ക് ഇഷ്ടമുള്ള സംഗീതവും അവരുടെ മോശം ഭാഷയും ഒക്കെ എന്റെ ചിന്തകളെയും സ്വാധീനിക്കാൻ തുടങ്ങി.”
16. ‘ജ്ഞാനികളുടെകൂടെ നടക്കുക’ എന്നു പറഞ്ഞാൽ എന്താണ് അർഥം? (സുഭാഷിതങ്ങൾ 13:20)
16 സുഭാഷിതങ്ങൾ 13:20 വായിക്കുക. മോശമായ കൂട്ടുകെട്ടിന്റെ അപകടങ്ങളെക്കുറിച്ച് ബൈബിൾ നമുക്കു മുന്നറിയിപ്പ് തരുന്നു. എന്നാൽ അതേസമയം “ജ്ഞാനികളുടെകൂടെ നടക്കുന്നവൻ ജ്ഞാനിയാകും” എന്നും ബൈബിൾ പറയുന്നു. അപ്പോൾ പാഠം ഇതാണ്: നമ്മൾ ആരുടെ കൂടെയാണോ സമയം ചെലവഴിക്കുന്നത് അവർക്ക് നമ്മളെ നല്ല രീതിയിലോ മോശമായ രീതിയിലോ സ്വാധീനിക്കാനാകും. അതുകൊണ്ട് നമ്മുടെ നന്മ ആഗ്രഹിക്കുന്നവരെ, നമ്മളെപ്പോലെതന്നെ യഹോവയെ മുഴുഹൃദയത്തോടെ സേവിക്കുന്നവരെ അടുത്ത കൂട്ടുകാരാക്കുക.—സങ്കീ. 101:6, 7; 119:63.
17. മോശമായ കൂട്ടുകെട്ട് ഒഴിവാക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
17 കൂടുതലായ വിദ്യാഭ്യാസം തുടങ്ങുന്നതിനു മുമ്പുതന്നെ എന്തു ചെയ്യാം? കൂടെ പഠിക്കുന്നവരുമായുള്ള കൂട്ടുകെട്ടിന് എവിടെ പരിധികൾ വെക്കണമെന്നു തീരുമാനിക്കുക. ട്രെന്റൺ എന്ന സഹോദരൻ പറയുന്നത് ഇങ്ങനെയാണ്: “ഞാൻ എന്റെ കൂടെ പഠിക്കുന്നവരോടു നല്ല രീതിയിലാണ് ഇടപെടുന്നത്. പക്ഷേ ക്ലാസ് കഴിഞ്ഞ് ഞാൻ അവരോടൊപ്പം സമയം ചെലവഴിക്കാറില്ല. അവരെ ഞാൻ സഹപാഠികളായിട്ടാണ് കാണുന്നത്, അല്ലാതെ അടുത്ത കൂട്ടുകാരായിട്ടല്ല.” അങ്ങനെയെങ്കിൽ നിങ്ങൾ എന്ത് പരിധികൾ വെക്കും? ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനായി പുറകോട്ടൊന്നു ചിന്തിക്കാനാകും: സ്കൂളിൽ പഠിച്ച സമയത്ത് നിങ്ങൾ എന്ത് പരിധികളാണ് വെച്ചിരുന്നത്? അന്ന് കുറച്ചുകൂടെ നന്നായി കാര്യങ്ങൾ ചെയ്യാമായിരുന്നെന്നു തോന്നുന്നെങ്കിൽ ഇപ്പോൾ എന്തു മാറ്റം വരുത്താനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ‘ജ്ഞാനികളുടെകൂടെ നടക്കാനും’ യഹോവയെ ഇഷ്ടപ്പെടാത്ത ആളുകളോടൊപ്പമുള്ള സഹവാസം ഒഴിവാക്കാനും തീരുമാനിച്ചുറയ്ക്കുക.d
18. ഏതു ചോദ്യങ്ങൾ സ്വയം ചോദിക്കാനാകും? (ചിത്രവും കാണുക.)
18 ഇടയ്ക്കിടെ സ്വയം വിലയിരുത്തുക. നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കാനാകും: ‘എന്റെ കൂടെ പഠിക്കുന്നവരോട് ഞാൻ ഒരുപാട് അടുക്കുന്നുണ്ടോ? ഞാൻ അവരെപ്പോലെ സംസാരിക്കാനും ചിന്തിക്കാനും പെരുമാറാനും തുടങ്ങിയിട്ടുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള എന്റെ ഉത്തരങ്ങളോട് യഹോവ യോജിക്കുമോ?’ (സങ്കീ. 1:1) എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതായി നിങ്ങൾക്കു തോന്നുന്നെങ്കിൽ പെട്ടെന്നുതന്നെ പ്രവർത്തിക്കുക. നിങ്ങളെപ്പോലെതന്നെ യഹോവയെ സ്നേഹിക്കുന്നവരെ മാത്രം അടുത്ത കൂട്ടുകാരാക്കുക. അതുപോലെ ക്ലാസിലുള്ളവരോട് സാക്ഷീകരിക്കാനും മടിക്കരുത്. കാരണം അവരെ സത്യം അറിയിക്കാനുള്ള ഒരു പ്രത്യേക അവസരം നിങ്ങൾക്കുണ്ട്.
കൂടെ പഠിക്കുന്നവരോട് സാക്ഷീകരിക്കാൻ മടിക്കരുത് (18-ാം ഖണ്ഡിക കാണുക)e
തയ്യാറായിരിക്കുക
19. കൂടുതലായ വിദ്യാഭ്യാസം നേടുമ്പോൾ ആത്മീയ അപകടത്തിലേക്കു പോകാതിരിക്കാൻ നിങ്ങൾക്ക് എങ്ങനെ തയ്യാറെടുക്കാം? ഒരു ദൃഷ്ടാന്തം പറയുക.
19 മല കയറാൻ പോകുന്ന ഒരാളെക്കുറിച്ച് ചിന്തിക്കുക. അദ്ദേഹം ആ യാത്ര തുടങ്ങുന്നതിനു മുമ്പ് അതിനുവേണ്ടി നന്നായി തയ്യാറെടുക്കും. ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ പ്രശ്നങ്ങളും അദ്ദേഹത്തിനു മുൻകൂട്ടി കാണാൻ കഴിയില്ലെങ്കിലും തനിക്ക് നല്ല ആരോഗ്യം ഉണ്ടെന്നും ആ യാത്രയ്ക്കു വേണ്ട തരത്തിലുള്ള വസ്ത്രങ്ങൾ ഉണ്ടെന്നും അദ്ദേഹം ഉറപ്പു വരുത്തും. ഇനി, ലക്ഷ്യസ്ഥാനത്തെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ പ്ലാനും ഉണ്ടായിരിക്കും. കൂടുതലായ വിദ്യാഭ്യാസം നേടുമ്പോൾ നിങ്ങൾക്കും ഇതുതന്നെ ചെയ്യാനാകും. വിശ്വാസത്തിൽ ശക്തരായിരിക്കുക. ദൈവത്തിൽനിന്നുള്ള “സമ്പൂർണപടക്കോപ്പ്” ധരിക്കുക. ഇനി, വ്യക്തമായ ലക്ഷ്യവും ഉണ്ടായിരിക്കണം. ആ ലക്ഷ്യം, ലോകം “വിജയം” എന്നു പറയുന്ന കാര്യങ്ങൾക്കു പിന്നാലെ പോകുന്നതല്ല പകരം എല്ലാ കാര്യങ്ങളിലും യഹോവയ്ക്കു മഹത്ത്വം കൊടുക്കുക എന്നതായിരിക്കണം.—എഫെ. 6:11-13; 1 കൊരി. 9:26, 27; 10:31.
20. ‘നിങ്ങൾ വിശ്വാസത്തിൽത്തന്നെയാണോ എന്നു പരിശോധിച്ചുകൊണ്ടിരിക്കാൻ’ എന്തു ചെയ്യാനാകും?
20 ബൈബിൾ നമ്മളോട് ഇങ്ങനെ പറയുന്നു: “നിങ്ങൾ വിശ്വാസത്തിൽത്തന്നെയാണോ എന്നു പരിശോധിച്ചുകൊണ്ടിരിക്കണം. നിങ്ങൾ എങ്ങനെയുള്ളവരാണെന്ന് എപ്പോഴും പരീക്ഷിച്ച് ഉറപ്പുവരുത്തുക.” (2 കൊരി. 13:5) കൂടുതലായ വിദ്യാഭ്യാസം നേടുമ്പോൾ നിങ്ങൾക്ക് ഇതു ചെയ്യാനാകും. എങ്ങനെ? പിൻവരുന്ന കാര്യങ്ങളിൽ നിങ്ങൾ എങ്ങനെയുണ്ടെന്നു പതിവായി വിലയിരുത്തുക: നിങ്ങൾക്കു നല്ലൊരു ആത്മീയദിനചര്യ ഉണ്ടോ? ലോകം ജ്ഞാനമെന്ന് വിളിക്കുന്ന കാര്യങ്ങളിൽനിന്ന് നിങ്ങളുടെ ചിന്തകളെ സംരക്ഷിക്കാനാകുന്നുണ്ടോ? നിങ്ങൾ സമയം നന്നായി ഉപയോഗിക്കുന്നുണ്ടോ? നിങ്ങൾ മോശമായ സഹവാസം ഒഴിവാക്കുകയും സഹോദരങ്ങളെ അടുത്ത കൂട്ടുകാരാക്കുകയും ചെയ്യുന്നുണ്ടോ? സ്കൂളിലാണെങ്കിലും ജോലിസ്ഥലത്താണെങ്കിലും മറ്റെവിടെയാണെങ്കിലും ഒരു ക്രിസ്ത്യാനി സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണ് ഇതെല്ലാം. നിങ്ങളുടെ സാഹചര്യം എന്തു തന്നെയാണെങ്കിലും വിശ്വാസത്തിൽ ശക്തരായിരിക്കുമെന്ന് ഉറച്ച തീരുമാനമെടുക്കുക. അപ്പോൾ നിങ്ങളുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുമെന്ന് ഉറപ്പാണ്.—സുഭാ. 3:5, 6.
ഗീതം 87 വരൂ, ഉന്മേഷം നേടൂ!
a യഹോവയുടെ സേവനത്തിൽ തിരക്കുള്ളവരായിരിക്കാൻ സഹായിക്കുന്ന ചില നിർദേശങ്ങൾ കണ്ടെത്താൻ jw.org-ലെ “സ്നാനപ്പെട്ട് കഴിഞ്ഞു; ഇനി ഞാൻ എന്തു ചെയ്യണം?—ഭാഗം 1: ചില കാര്യങ്ങൾ തുടർന്നും ചെയ്യുക” എന്ന ലേഖനം കാണുക.
b നിങ്ങളുടെ ചിന്തകളെ സംരക്ഷിക്കാനുള്ള ചില നിർദേശങ്ങൾക്കായി 2019 മേയ് ലക്കം വീക്ഷാഗോപുരത്തിലെ “‘ഈ ലോകത്തിന്റെ ജ്ഞാനം’ നിങ്ങളെ വഴി തെറ്റിക്കരുത്” എന്ന ലേഖനം കാണുക.
c ഓരോ ദിവസത്തെയും കാര്യങ്ങൾ പ്ലാൻ ചെയ്യാൻ സഹായിക്കുന്ന നിർദേശങ്ങൾക്കായി jw.org-ലെ “യുവജനങ്ങൾ ചോദിക്കുന്നു—എനിക്ക് എങ്ങനെ സമയം കൈപ്പിടിയിൽ ഒതുക്കാം?” എന്ന ലേഖനം കാണുക.
d നല്ല കൂട്ടുകാരെ കണ്ടെത്താൻ സഹായിക്കുന്ന നിർദേശങ്ങൾക്കായി ജീവിതം ആസ്വദിക്കാം! പുസ്തകത്തിലെ “നല്ല സുഹൃത്തുക്കളെ എങ്ങനെ തിരഞ്ഞെടുക്കാം?” എന്ന 48-ാം പാഠം കാണുക.
e ചിത്രത്തിന്റെ വിവരണം: മുടി സ്റ്റൈൽ ചെയ്യുന്ന കോഴ്സ് പഠിക്കുന്ന ഒരു യുവസഹോദരി കൂടെ പഠിക്കുന്ന ആളോട് നയത്തോടെ സാക്ഷീകരിക്കുന്നു.