2026 ജൂലൈ 20-26
ഗീതം 133 യൗവനകാലത്ത് യഹോവയെ ആരാധിക്കുക
കൂടുതലായ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നല്ല തീരുമാനങ്ങളെടുക്കുക
“വിവേകമുള്ളവൻ ഓരോ കാലടിയും ശ്രദ്ധയോടെ വെക്കുന്നു.”—സുഭാ. 14:15.
ഉദ്ദേശ്യം
കൂടുതലായ വിദ്യാഭ്യാസം നേടണോ വേണ്ടയോ എന്നു തീരുമാനിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളും ബൈബിൾതത്ത്വങ്ങളും ചർച്ച ചെയ്യും.
1-2. (എ) ചെറുപ്പക്കാർക്ക് ഏതൊക്കെ തീരുമാനങ്ങളെടുക്കേണ്ടിവരും? (ബി) “കൂടുതലായ വിദ്യാഭ്യാസം” എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? (“പദപ്രയോഗത്തിന്റെ വിശദീകരണം” കാണുക.)
ചെറുപ്പക്കാരേ, ഈ ചോദ്യം നിങ്ങൾ പല തവണ കേട്ടിട്ടുണ്ടാകും: “വലുതാകുമ്പോൾ ഏതു ജോലി ചെയ്യാനാണ് നിങ്ങൾക്ക് ഇഷ്ടം?” യഹോവയെ മുഴുസമയം സേവിക്കാൻ ജീവിതം വിട്ടുകൊടുക്കുന്നതാണു നിങ്ങൾക്ക് എടുക്കാൻ പറ്റുന്ന ഏറ്റവും നല്ല തീരുമാനം. എങ്കിലും നിങ്ങളുടെ ആവശ്യങ്ങളെല്ലാം നടന്നുപോകാൻ ഒരു ജോലിയും പണവുമൊക്കെ ആവശ്യമാണ്. (2 തെസ്സ. 3:10) അതുകൊണ്ടുതന്നെ ഭാവിയിൽ ഏതു ജോലി ചെയ്യണമെന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും.
2 അങ്ങനെയൊരു നല്ല ജോലി കണ്ടെത്താൻ പല ചെറുപ്പക്കാരും മാതാപിതാക്കളുമായി ആലോചിച്ചശേഷം അടിസ്ഥാനവിദ്യാഭ്യാസം കഴിഞ്ഞ് കൂടുതലായ വിദ്യാഭ്യാസത്തിനു പോകാൻ തീരുമാനിച്ചിരിക്കുന്നു.a നിങ്ങൾക്കും അങ്ങനെയൊരു പ്ലാനുണ്ടോ? ഉണ്ടെങ്കിൽ ഏതു കോഴ്സായിരിക്കും നിങ്ങൾ തിരഞ്ഞെടുക്കുന്നത്? വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നല്ല തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ ഈ ലേഖനത്തിൽ നമ്മൾ കണ്ടെത്തും. ഈ ലേഖനം പ്രധാനമായും ചെറുപ്പക്കാർക്കുവേണ്ടി ഉള്ളതാണെങ്കിലും ഇതിലെ തത്ത്വങ്ങൾ കൂടുതലായ വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന ഏതൊരു ക്രിസ്ത്യാനിക്കും പ്രയോജനം ചെയ്യും. അതുപോലെ കുട്ടികളെ സഹായിക്കാൻ മാതാപിതാക്കൾക്കും ഈ തത്ത്വങ്ങൾ ഉപകാരപ്പെടും.
നിങ്ങൾ കൂടുതലായ വിദ്യാഭ്യാസം നേടണോ?
3. കൂടുതലായ വിദ്യാഭ്യാസം നേടാൻ ചില ക്രിസ്ത്യാനികൾ തീരുമാനിച്ചേക്കാവുന്നത് എന്തുകൊണ്ട്?
3 ചില സ്ഥലങ്ങളിൽ കൂടുതലായ വിദ്യാഭ്യാസം ഇല്ലാതെതന്നെ ഒരു ജോലി കണ്ടെത്താൻ പറ്റിയേക്കും. എന്നാൽ മറ്റു ചില സ്ഥലങ്ങളിൽ അത്യാവശ്യം ശമ്പളം കിട്ടുന്ന, അധികസമയം ചെലവഴിക്കേണ്ടാത്ത ഒരു ജോലി കണ്ടെത്താൻ കൂടുതലായ വിദ്യാഭ്യാസം വേണ്ടിവന്നേക്കാം. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് അങ്ങനെയൊരു ജോലി കിട്ടിയാൽ പ്രസംഗപ്രവർത്തത്തിലോ മറ്റ് ദിവ്യാധിപത്യപ്രവർത്തനങ്ങളിലോ കൂടുതൽ ചെയ്യാൻ അദ്ദേഹത്തിനുb കഴിഞ്ഞേക്കും. എങ്കിലും കൂടുതലായ വിദ്യാഭ്യാസത്തിന് അതിന്റേതായ പ്രശ്നങ്ങളും വെല്ലുവിളികളും ഉണ്ട്.
4. ഒരു ക്രിസ്ത്യാനി കൂടുതലായ വിദ്യാഭ്യാസം നേടണോ എന്ന കാര്യത്തിൽ ആരാണു തീരുമാനമെടുക്കേണ്ടത്? (അടിക്കുറിപ്പും കാണുക.)
4 ഓരോരുത്തരും ‘സ്വന്തം ചുമടു ചുമക്കണം’ എന്നാണു ബൈബിൾ പറയുന്നത്. (ഗലാ. 6:5) അതുകൊണ്ട് കൂടുതലായ വിദ്യാഭ്യാസം നേടണോ എന്ന് പ്രായപൂർത്തിയായ ഓരോ ക്രിസ്ത്യാനിയുമാണ് തീരുമാനിക്കേണ്ടത്.c കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മാതാപിതാക്കൾക്കും ഉത്തരവാദിത്വമുണ്ട്. (എഫെ. 6:1) മാതാപിതാക്കൾ ഇക്കാര്യത്തിൽ കുട്ടികളെ സഹായിക്കുന്നെങ്കിൽ, മക്കൾ വളർന്ന് കഴിയുമ്പോൾ അവർക്കു നല്ല തീരുമാനമെടുക്കാൻ കഴിയും.—സുഭാ. 22:6.
5. കൂടുതലായ വിദ്യാഭ്യാസത്തെക്കുറിച്ച് ഒരു വ്യക്തി ചിന്തിച്ച് തുടങ്ങേണ്ടത് എപ്പോൾ, എന്തുകൊണ്ട്? (ചിത്രവും കാണുക.)
5 ചെറുപ്പക്കാർ തങ്ങളുടെ അടിസ്ഥാനവിദ്യാഭ്യാസം തീരുന്നതിനു മുമ്പുതന്നെ, കൂടുതലായ വിദ്യാഭ്യാസം വേണോ എന്ന കാര്യത്തിൽ ചിലപ്പോൾ തീരുമാനമെടുത്തേക്കാം. അങ്ങനെയൊരു തീരുമാനമെടുക്കുന്നതിനു മുമ്പ് അവർ മാതാപിതാക്കളുമായി സംസാരിക്കുന്നതു നല്ലതാണ്. അപ്പോൾ വ്യത്യസ്ത കോഴ്സുകളെക്കുറിച്ച് ഒരുമിച്ചിരുന്ന് ചിന്തിക്കാൻ അവർക്കു കഴിയും. ഇനി ഭാവിയിൽ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന കോഴ്സിനോടോ ജോലിയോടോ ബന്ധപ്പെട്ട പഠനവിഷയങ്ങൾ സ്കൂളിൽവെച്ചുതന്നെ തിരഞ്ഞെടുക്കാനുമായേക്കും. എന്നാൽ എപ്പോഴും അടിസ്ഥാനവിദ്യാഭ്യാസം തീരുന്നതിനു മുമ്പുതന്നെ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കണം എന്നുണ്ടോ? അങ്ങനെ ഇല്ല. (സുഭാ. 21:5) ചില ചെറുപ്പക്കാർ അടിസ്ഥാനവിദ്യാഭ്യാസം കഴിഞ്ഞ് ഒരു ജോലി കണ്ടെത്തി, മുൻനിരസേവനം ഒക്കെ തുടങ്ങിയിട്ട് കൂടുതലായ വിദ്യാഭ്യാസം വേണോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ഇനി മറ്റു ചിലർ കുറെ കാലം കഴിഞ്ഞായിരിക്കും അതെക്കുറിച്ച് ചിന്തിക്കുന്നത്.
കൂടുതലായ വിദ്യാഭ്യാസത്തോടു ബന്ധപ്പെട്ട് നല്ല തീരുമാനങ്ങളെടുക്കാൻ ക്രിസ്തീയമാതാപിതാക്കൾ മക്കളെ സഹായിക്കും (5-ാം ഖണ്ഡിക കാണുക)
6. കൂടുതലായ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നല്ല തീരുമാനമെടുക്കാൻ നമ്മളെ എന്തു സഹായിക്കും?
6 കൂടുതലായ വിദ്യാഭ്യാസത്തോടു ബന്ധപ്പെട്ട് നല്ല തീരുമാനമെടുക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? അതെക്കുറിച്ച് പ്രാർഥിക്കുക. (യാക്കോ. 1:5) ഒപ്പം രണ്ടു കാര്യങ്ങളും കൂടി ചെയ്യാം. ഒന്ന്, നിങ്ങൾ വിദ്യാഭ്യാസം നേടുന്നതിന്റെ ഉദ്ദേശ്യം സത്യസന്ധമായി വിലയിരുത്തുക. (സങ്കീ. 26:2) രണ്ട്, നേടാൻപോകുന്ന വിദ്യാഭ്യാസത്തെക്കുറിച്ച് നന്നായി മനസ്സിലാക്കുക. (സുഭാ. 14:15) നമുക്ക് ഇത് ഓരോന്നായി നോക്കാം.
നിങ്ങളുടെ ഉദ്ദേശ്യം വിലയിരുത്തുക
7. കൂടുതലായ വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന ഒരു ക്രിസ്ത്യാനി ഏതു കാര്യത്തെക്കുറിച്ച് ചിന്തിക്കണം?
7 കൂടുതലായ വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ സ്വയം ഇങ്ങനെ ചോദിക്കേണ്ടതു പ്രധാനമാണ്: ‘ഞാൻ എന്തിനാണ് ഈ വിദ്യാഭ്യാസം നേടുന്നത്?’ പലരും കൂടുതലായ വിദ്യാഭ്യാസം നേടുന്നത് അവർക്ക് ഇഷ്ടമുള്ള ഒരു ജോലി ചെയ്യാനോ നല്ല ശമ്പളം കിട്ടാനോ വേണ്ടിയാണ്. ഈ ചിന്ത തെറ്റാണോ? അങ്ങനെയാകണമെന്നില്ല. (1 തിമൊ. 5:8) എന്നാൽ ഈ വ്യവസ്ഥിതിയിൽ പണത്തിനു പിന്നാലെ പോകുന്നതിന്റെയും അതു നമ്മളെ സംരക്ഷിക്കുമെന്നു ചിന്തിക്കുന്നതിന്റെയും അപകടങ്ങളെക്കുറിച്ച് ബൈബിൾ മുന്നറിയിപ്പ് തരുന്നുണ്ട്. (സുഭാ. 23:4, 5; 1 തിമൊ. 6:8-10; 1 യോഹ. 2:17) നിങ്ങളുടെ ഉദ്ദേശ്യം സമ്പത്തു നേടുന്നതോ സമൂഹത്തിൽ ഒരു പേരുണ്ടാക്കുന്നതോ ആണെങ്കിൽ ശരിക്കുള്ള സന്തോഷം ഉണ്ടാകില്ലെന്നു മാത്രമല്ല നിങ്ങൾ യഹോവയിൽനിന്ന് അകന്നുപോകാനും സാധ്യതയുണ്ട്.
8-9. (എ) ക്രിസ്ത്യാനികൾ വിദ്യാഭ്യാസത്തെ എങ്ങനെ കാണണം? (മത്തായി 6:33) (ബി) ജോസഫീന, മൊറീൻ, ഐറിസ് എന്നിവരുടെ അഭിപ്രായങ്ങളിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
8 യഹോവയെ സേവിക്കുന്നതിനെക്കാൾ പ്രധാനപ്പെട്ടതായി നമ്മുടെ ജീവിതത്തിൽ ഒന്നുമില്ല. (മത്താ. 22:37, 38; ഫിലി. 3:8) എങ്കിൽ നിങ്ങൾ വിദ്യാഭ്യാസത്തെ എങ്ങനെയാണു കാണേണ്ടത്? യഹോവയെ നമുക്കു മുഴുഹൃദയത്തോടെ സേവിക്കാൻ പറ്റണം; അതിനു നിങ്ങളെ പിന്തുണയ്ക്കാൻ സഹായിക്കുന്ന ഒരു മാർഗമായിട്ടാണ് വിദ്യാഭ്യാസത്തെ കാണേണ്ടത്.—മത്തായി 6:33 വായിക്കുക.
9 കൂടുതലായ വിദ്യാഭ്യാസത്തെക്കുറിച്ച് ശരിയായ ഒരു വീക്ഷണമുണ്ടായിരിക്കാൻ ചില ചെറുപ്പക്കാരെ എന്താണു സഹായിച്ചിരിക്കുന്നത്? ചിലിയിൽനിന്നുള്ള ജോസഫീന പറയുന്നു: “യഹോവയെ പരമാവധി സേവിക്കാനുള്ള ഒരു സഹായമായിട്ടാണു ഞാൻ വിദ്യാഭ്യാസത്തെ കണ്ടത്. പഠനത്തിനല്ല ഞാൻ ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുത്തത്, യഹോവയുമായുള്ള സൗഹൃദത്തിനാണ്.” ഇനി മൊറീൻ സഹോദരി, മുടിവെട്ടാനും അതു സ്റ്റൈൽ ചെയ്യാനും പഠിപ്പിക്കുന്ന ഒരു വർഷത്തെ കോഴ്സാണെടുത്തത്. സഹോദരി പറയുന്നു: “ആവശ്യം അധികമുള്ളിടത്ത് പ്രവർത്തിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അതിനു സഹായിക്കുന്ന ഒരു കോഴ്സാണു ഞാൻ തിരഞ്ഞെടുത്തത്. പഠനം കഴിഞ്ഞ് ഞാൻ കുറച്ച് നാൾ ജോലി ചെയ്തു. ആ കാശുകൊണ്ട് ആവശ്യം അധികമുള്ള സ്ഥലത്തേക്കു എനിക്കു പോകാനായി. ഈ കോഴ്സ് പഠിച്ചതുകൊണ്ട് അവിടെ ചെന്നശേഷവും എനിക്കൊരു ജോലി കിട്ടി.” ഇനി ഐറിസ് സഹോദരി ദന്തഡോക്ടറാകാനുള്ള നീണ്ട കാലത്തെ ഒരു കോഴ്സാണ് പഠിച്ചത്. സഹോദരി പറയുന്നു: “കൂടുതലായ വിദ്യാഭ്യാസത്തിനു ചില പ്രയോജനങ്ങൾ ഉണ്ടായിരിക്കാം. പക്ഷേ, അതൊരിക്കലും യഥാർഥവിജയവും സംതൃപ്തിയും നിങ്ങൾക്കു തരില്ല. നിങ്ങൾ ഇത്രയും ചെയ്താൽ മതി, യഹോവയെ ജീവിതത്തിൽ ഒന്നാമതു വെക്കുക. അപ്പോൾ സംതൃപ്തിയും വിജയവും താനേവരും.” അതെ, യഹോവയുമായുള്ള സൗഹൃദത്തിനാണ് ഏറ്റവും പ്രാധാന്യം കൊടുക്കുന്നതെങ്കിൽ നിലനിൽക്കുന്ന സന്തോഷം തരുന്ന തീരുമാനങ്ങൾ നമ്മൾ എടുക്കും.
നേടാൻ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം വിലയിരുത്തുക
10. കൂടുതലായ വിദ്യാഭ്യാസത്തോടു ബന്ധപ്പെട്ട ഒരു തീരുമാനം എടുക്കേണ്ടിവരുമ്പോൾ ആവർത്തനം 32:29-ലെ തത്ത്വം നിങ്ങളെ എങ്ങനെ സഹായിക്കും?
10 ഇപ്പോൾ നിങ്ങളുടെ മനസ്സിൽ എടുക്കാൻ ആഗ്രഹിക്കുന്ന ഒരു കോഴ്സ് ഉണ്ടായിരിക്കാം. എന്നാൽ അതെക്കുറിച്ച് മാത്രം ചിന്തിക്കാതെ മറ്റു സാധ്യതകളെക്കുറിച്ചും ചിന്തിക്കാനായേക്കും. അതു നിങ്ങൾ ഇപ്പോൾത്തന്നെ ആഗ്രഹിക്കുന്ന മേഖലയിലോ അല്ലെങ്കിൽ മറ്റൊരു മേഖലയിലോ ഉള്ളതായിരിക്കാം. (സുഭാഷിതങ്ങൾ 18:17 താരതമ്യം ചെയ്യുക.) ഓൺലൈൻ കോഴ്സുകൾപോലെ മുമ്പില്ലാതിരുന്ന പല പുതിയ അവസരങ്ങളും ഇപ്പോൾ നിങ്ങളുടെ മുന്നിലുണ്ട്. ഇനി കൂടുതലായ വിദ്യാഭ്യാസത്തിനു പോകാതെതന്നെ സ്വന്തം ചെലവുകൾക്കു വേണ്ടത് കണ്ടെത്താനാകുമോ എന്നു ചിന്തിക്കാനും മറന്നുപോകരുത്. ഉദാഹരണത്തിന്, ഫിൻലൻഡിൽനിന്നുള്ള ജൊഹാന കൂടുതലായ വിദ്യാഭ്യാസത്തിനു പോകേണ്ടാ എന്നു തീരുമാനിച്ചു. സഹോദരി പറയുന്നു: “സ്കൂൾപഠനത്തിനു ശേഷം പാർട്ട്-ടൈം ജോലിയും മുൻനിരസേവനവും ഞാൻ ഒരുമിച്ച് ചെയ്യാൻതുടങ്ങി. ഞാൻ പല തരത്തിലുള്ള ജോലികൾ ചെയ്തു. അപ്പോൾ, നമുക്കുവേണ്ടി കരുതുമെന്ന തന്റെ വാക്ക് യഹോവ പാലിക്കുന്നതു ഞാൻ ശരിക്കും കണ്ടറിഞ്ഞു.” കൂടുതലായ വിദ്യാഭ്യാസത്തിനു പോകണോ, ഇനി പോകുന്നുണ്ടെങ്കിൽത്തന്നെ ഏതു തിരഞ്ഞെടുക്കണം എന്നിങ്ങനെയുള്ള എല്ലാ തീരുമാനങ്ങൾക്കും ഗുണവും ദോഷവും ഉണ്ട്. അതുകൊണ്ട് തീരുമാനമെടുക്കുന്നതിനു മുമ്പ് സ്വയം ചോദിക്കുക: ‘അതിന്റെ ഗുണവും ദോഷവും ഒന്നു വിലയിരുത്തിയാൽ, ഏതാണു മുന്നിൽ നിൽക്കുന്നത്?’ (ആവർത്തനം 32:29 വായിക്കുക; 1 കൊരി. 10:23) അതിന് ഉത്തരം കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങൾ നോക്കാം.
11. പഠനത്തിനായി ആഴ്ചയിൽ ചെലവഴിക്കേണ്ടിവരുന്ന സമയത്തെക്കുറിച്ച് ചിന്തിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ചിത്രങ്ങളും കാണുക.)
11 ചെലവഴിക്കേണ്ടിവരുന്ന സമയം. ക്ലാസിൽ പോകാനും പഠിക്കാനും ഹോംവർക്ക് ചെയ്യാനും ഒക്കെയായി ഓരോ ദിവസവും എത്ര മണിക്കൂറുകൾ ചെലവഴിക്കേണ്ടിവരുമെന്നു ചിന്തിക്കുക. അതിനു ശേഷവും ആത്മീയകാര്യങ്ങൾക്കായും കുടുംബത്തിലെ നിങ്ങളുടെ ഉത്തരവാദിത്വങ്ങൾക്കായും സമയം ബാക്കിയുണ്ടാകുമോ? (ഫിലി. 1:10) മീറ്റിങ്ങിനു തയ്യാറാകാനോ വ്യക്തിപരമായി പഠിക്കാനോ പറ്റാത്ത അത്രയും നിങ്ങൾ മടുത്തുപോകുമോ? ഇന്ത്യയിൽനിന്നുള്ള ജെറോസിന് അതാണു സംഭവിച്ചത്. അവൻ പറയുന്നു: “ആത്മീയകാര്യങ്ങളിൽ ശ്രദ്ധിക്കാൻ എനിക്കു വളരെ ബുദ്ധിമുട്ട് തോന്നി. ചിലപ്പോഴൊക്കെ ഞാൻ മീറ്റിങ്ങുകൾ മുടക്കി. ആ കോഴ്സിനുവേണ്ടി ഞാൻ അത്രയും സമയവും ഊർജവും കളയേണ്ടിയിരുന്നില്ല എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു.” എന്നാൽ ചില കോഴ്സുകൾക്ക് ഇത്രയും സമയം ആവശ്യമായി വരില്ല. അത് ആഴ്ചയിൽ കുറച്ചു ദിവസങ്ങൾ മാത്രമുള്ളതോ അധികം ഹോംവർക്കില്ലാത്തതോ ആയിരിക്കാം. അങ്ങനെയൊരു കോഴ്സ് തിരഞ്ഞെടുത്ത മൊസാമ്പിക്കിൽനിന്നുള്ള റിബേക്ക പറയുന്നു: “ദിവസത്തിൽ രണ്ട് മണിക്കൂറേ എനിക്ക് ക്ലാസ് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് മുൻനിരസേവനം തുടരാൻ എനിക്കു കഴിഞ്ഞു.”
കൂടുതലായ വിദ്യാഭ്യാസം നേടാനാണു തീരുമാനിക്കുന്നതെങ്കിൽ നിങ്ങളുടെ പ്രധാനപ്പെട്ട എല്ലാ ഉത്തരവാദിത്വങ്ങളും ചെയ്യാൻ സമയം ഉണ്ടാകുമെന്ന് ഉറപ്പാക്കുക (11-ാം ഖണ്ഡിക കാണുക)
12. വിദ്യാഭ്യാസം തിരഞ്ഞെടുക്കുമ്പോൾ സമയം ഏറ്റവും നന്നായി ഉപയോഗിക്കുന്നുണ്ടെന്ന് ഒരു വ്യക്തിക്ക് എങ്ങനെ ഉറപ്പാക്കാം? (സഭാപ്രസംഗകൻ 12:1)
12 കോഴ്സിന്റെ ദൈർഘ്യം. നിങ്ങൾ ഉദ്ദേശിക്കുന്ന കോഴ്സ് പൂർത്തിയാകാൻ എത്ര മാസം അല്ലെങ്കിൽ എത്ര വർഷം വേണ്ടിവരും എന്നു ചിന്തിക്കുക. നിങ്ങൾ ഈ വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നതിലൂടെ സമയം ഏറ്റവും നന്നായി ഉപയോഗിക്കുകയായിരിക്കുമോ? (എഫെ. 5:15-17) ഈ തിരഞ്ഞെടുപ്പ് നടത്തിയാൽ ചെറുപ്പത്തിൽത്തന്നെ യഹോവയ്ക്ക് ഏറ്റവും നല്ലതു കൊടുക്കാൻ, ഒരുപക്ഷേ മുഴുസമയസേവനത്തിലേക്ക് വരാൻ നിങ്ങൾക്കു കഴിയുമോ? (സഭാപ്രസംഗകൻ 12:1 വായിക്കുക.) നിങ്ങൾക്ക് ഇഷ്ടമുള്ള മേഖലയിൽത്തന്നെ പഠിക്കാനാകുന്ന ഹ്രസ്വകാല കോഴ്സുകളുണ്ടോ? ഉദാഹരണത്തിന്, ചില തൊഴിലധിഷ്ഠിത കോഴ്സുകൾ ഏതെങ്കിലുമൊരു പ്രത്യേക വൈദഗ്ധ്യം പഠിപ്പിക്കുന്നതായിരിക്കും. അത് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നതിനെക്കാൾ കുറഞ്ഞ ചെലവിൽ, കുറച്ച് സമയംകൊണ്ട് പൂർത്തിയാക്കാനായേക്കും. ചിലിയിൽനിന്നുള്ള മരിയോ പറയുന്നു: “ഞാൻ രണ്ടു വർഷത്തെ ഒരു ടെക്നിക്കൽ കോഴ്സാണ് തിരഞ്ഞെടുത്തത്. യൂണിവേഴ്സിറ്റി കോഴ്സിനെക്കാൾ ചെലവ് കുറവായിരുന്നു അതിന്. ആഴ്ചയിൽ നാലു ദിവസമേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ പഠിക്കുന്നതിനോടൊപ്പം എനിക്കു മുൻനിരസേവനം ചെയ്യാനുമായി.”
13. വീട്ടിൽനിന്ന് ഒരുപാട് അകലെയാണ് പഠിക്കുന്നതെങ്കിൽ എന്തു സംഭവിച്ചേക്കാം?
13 പഠിക്കുന്ന സ്ഥലം. ചിലപ്പോൾ നിങ്ങൾക്കു വീടിന്റെ അടുത്തുതന്നെ ഒരു കോഴ്സ് കണ്ടെത്താൻ പറ്റിയേക്കും. എന്നാൽ നിങ്ങളുടെ മനസ്സിലുള്ള കോഴ്സ് ദൂരെയുള്ള ഒരു സ്ഥലത്താണെങ്കിലോ? അല്ലെങ്കിൽ നിങ്ങൾക്കു ഹോസ്റ്റലിൽനിന്ന് പഠിക്കേണ്ടിവരുന്നെങ്കിലോ? ഓർക്കുക, വീട്ടിൽനിന്ന് മാറിത്താമസിക്കുന്നത് ഗുരുതരമായ ആത്മീയ അപകടങ്ങൾ വരുത്തിവെച്ചേക്കാം; പ്രത്യേകിച്ച് വിശ്വാസത്തിൽ ഇല്ലാത്തവരോട് ഒപ്പമാണ് താമസിക്കുന്നതെങ്കിൽ. (സുഭാ. 22:3; 1 കൊരി. 15:33) മൊസാമ്പിക്കിൽനിന്നുള്ള മത്യാസ്, ഒരു വർഷത്തെ ചെലവ് കുറഞ്ഞ ഒരു കോഴ്സാണെടുത്തത്. എന്നിട്ടും അതെക്കുറിച്ച് ഓർക്കുമ്പോൾ അദ്ദേഹത്തിനു കുറ്റബോധം തോന്നുന്നു. അതിന്റെ കാരണം അദ്ദേഹം പറയുന്നു: “ആ ഒരു വർഷം മുഴുവൻ എനിക്ക് ഹോസ്റ്റലിൽത്തന്നെ ചെലവഴിക്കേണ്ടിവന്നു. തെറ്റായ കാര്യങ്ങൾ ചെയ്യാനുള്ള പ്രലോഭനങ്ങൾ എന്നും ഉണ്ടാകുമായിരുന്നു. അതുകൊണ്ട് വീട്ടിൽനിന്ന് പോയിവരാവുന്ന ഒരു കോഴ്സ് തിരഞ്ഞെടുക്കാനേ ഞാൻ പറയൂ.” റഷ്യയിൽനിന്നുള്ള ഒരു സഹോദരി ഇങ്ങനെ പറയുന്നു: “കോളേജ് ഹോസ്റ്റലിൽ താമസിക്കാതെ കുടുംബാംഗങ്ങളോടൊപ്പം വീട്ടിൽത്തന്നെ നിന്നതുകൊണ്ട് പല അപകടങ്ങളും പ്രലോഭനങ്ങളും ഒഴിവാക്കാൻ എനിക്കു പറ്റി.” ഇനി നിങ്ങൾക്ക് ഒരു ഓൺലൈൻ കോഴ്സ് കണ്ടെത്താനും പറ്റിയേക്കും.
14. കൂടുതലായ വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ലൂക്കോസ് 14:28-ലെ തത്ത്വം നിങ്ങളെ എങ്ങനെ സഹായിക്കും?
14 ചെലവ് കണക്കുകൂട്ടി നോക്കുക. ചില കോഴ്സുകൾക്കു വലിയ പണച്ചെലവുണ്ടാകില്ല. അല്ലെങ്കിൽ ആ ചെലവ് ഗവൺമെന്റ് വഹിച്ചേക്കാം. അത്തരം സാഹചര്യങ്ങളിൽ വലിയ പൈസ മുടക്കില്ലാതെ, ഒരു ജോലി കണ്ടെത്തുന്നതിന് ആവശ്യമായ അറിവും വൈദഗ്ധ്യവും നേടാൻ നമുക്കു കഴിഞ്ഞേക്കും. എന്നാൽ മറ്റു ചില കോഴ്സുകൾ നല്ല പണച്ചെലവുള്ളതായിരിക്കാം. ഫീസിനു പുറമേ വേറെ ചെലവുകൾ വരാനും സാധ്യതയുണ്ട്. ഉദാഹരണത്തിന് അഡ്മിഷൻ കിട്ടാനുള്ള യോഗ്യത നേടുന്നതിന്, പുറത്ത് പ്രൈവറ്റ് ക്ലാസുകൾക്കൊക്കെ നമുക്കു പോകേണ്ടിവന്നേക്കാം. വലിയ പണച്ചെലവുള്ള കോഴ്സ് പഠിച്ചിട്ട് വർഷങ്ങളോളം കടബാധ്യതയിലായ കുട്ടികളുണ്ട്. മൊസാമ്പിക്കിൽനിന്നുള്ള അഡിൽസന് താൻ തിരഞ്ഞെടുത്ത കോഴ്സിനെക്കുറിച്ച് ഓർത്ത് വിഷമം തോന്നുന്നു. അദ്ദേഹം പറയുന്നു: “എന്റെ കുടുംബം ഭക്ഷണവും മറ്റ് അവശ്യകാര്യങ്ങളും വേണ്ടെന്നു വെച്ചിട്ടാണ് നാലു വർഷത്തെ ആ കോഴ്സ് എന്നെ പഠിപ്പിച്ചത്.” അതുകൊണ്ട് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കുമ്പോൾ സ്വയം ചോദിക്കുക: ‘ഇതിന് എന്തു ചെലവ് വരും? എനിക്കും എന്റെ കുടുംബത്തിനും താങ്ങാൻ പറ്റുന്നതാണോ അത്? ഇതിനെക്കാൾ ചെലവ് കുറഞ്ഞ മറ്റ് ഓപ്ഷനുകളുണ്ടോ?’ ‘കടമെടുത്താൽ എത്ര നാൾകൊണ്ട് എനിക്ക് അത് അടച്ചുതീർക്കാനാകും? ഭാവിയിൽ കിട്ടാൻപോകുന്ന ജോലികൊണ്ട് എന്റെ ആവശ്യങ്ങൾ നടത്താനും ഒപ്പം ലോൺ അടച്ചുതീർക്കാനും എനിക്കു പറ്റുമോ?’—ലൂക്കോസ് 14:28 വായിക്കുക; സുഭാ. 22:7.
15. വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നതിനു മുമ്പ് അതിന്റെ ജോലി സാധ്യതകളെക്കുറിച്ച് ചിന്തിക്കേണ്ടത് എന്തുകൊണ്ട്?
15 ജോലി സാധ്യതകൾ. നിങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെയോ താമസിക്കാൻ ആഗ്രഹിക്കുന്ന സ്ഥലത്തെയോ ജോലി സാധ്യതകളെക്കുറിച്ച് ചിന്തിക്കുക. ഈ വിദ്യാഭ്യാസം ഒരു ജോലി കണ്ടെത്താൻ നിങ്ങളെ ശരിക്കും സഹായിക്കുമോ? ചില കോഴ്സുകൾ തിയറിക്കു മാത്രമാണു പ്രാധാന്യം കൊടുക്കുന്നത്. കുറെ വിവരങ്ങളും ആശയങ്ങളും പഠിപ്പിക്കുന്നതല്ലാതെ ഒരു ജോലിക്കുവേണ്ട കഴിവ് വളർത്താൻ അതു വിദ്യാർഥികളെ അധികം സഹായിക്കുന്നില്ല. (കൊലോ. 2:8) ഇന്ത്യയിൽനിന്നുള്ള ഒരു സഹോദരി പറയുന്നു: “ഞാൻ തിരഞ്ഞെടുത്ത കോഴ്സ് ഒരു ജോലിക്ക് ആവശ്യമായ വൈദഗ്ധ്യം വളർത്താൻ എന്നെ സഹായിച്ചില്ല. അതുകൊണ്ടുതന്നെ പഠിച്ചതിനോടു ബന്ധപ്പെട്ട ഒരു ജോലി കണ്ടെത്താനും എനിക്കു കഴിഞ്ഞില്ല.” ഇനി മറ്റു ചില വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ജോലി സാധ്യതകൾ കുറവായിരിക്കും. എ.സി നന്നാക്കാനുള്ള കോഴ്സാണ് മധ്യാഫ്രിക്കൻ റിപ്പബ്ലിക്കിൽനിന്നുള്ള സുബ്ലൈം പഠിച്ചത്. എന്നിട്ടും അവൻ പറയുന്നത് ഇങ്ങനെയാണ്: “ഞാൻ താമസിക്കുന്നിടത്ത് മിക്കവരും, ഒരു സാധനം കേടായാൽ സ്വന്തമായിട്ടാണ് നന്നാക്കുന്നത്. അതുകൊണ്ടുതന്നെ ജോലി കണ്ടെത്തുന്നത് അത്ര എളുപ്പമല്ല.”
16. നിങ്ങളുടെ കോഴ്സിന് ഏതു തരത്തിലുള്ള ജോലി കിട്ടാനാണ് സാധ്യതയുള്ളതെന്നു ചിന്തിക്കേണ്ടത് എന്തുകൊണ്ട്?
16 ഏതു തരം ജോലി കിട്ടാനാണു സാധ്യതയുള്ളതെന്നും ചിന്തിക്കുക. അതു നിങ്ങൾക്ക് ആസ്വദിക്കാൻ പറ്റുന്നതായിരിക്കുമോ? (സഭാ. 3:12, 13) ജോലിസ്ഥലത്തെ സാഹചര്യങ്ങൾ എങ്ങനെയായിരിക്കും? ആ ജോലി അപകടം പിടിച്ചതോ മത്സരമനോഭാവം നിറഞ്ഞതോ നിങ്ങൾക്കു വളരെയധികം സമ്മർദം തരുന്നതോ ആയിരിക്കുമോ? അത്തരം ജോലിക്ക് സാധാരണ കിട്ടുന്ന ശമ്പളം എത്രയാണ്? നിങ്ങളുടെ ആവശ്യങ്ങൾ നടത്താൻ അതു മതിയാകുമോ? ആ ജോലി നിലനിറുത്തുന്നതിനു നിങ്ങൾക്കു കൂടുതൽക്കൂടുതൽ പഠിക്കേണ്ടിവരുമോ? ഏറ്റവും പ്രധാനമായി ആ ജോലി ചെയ്യുമ്പോൾ ദൈവരാജ്യം ഒന്നാമതു വെക്കാൻ നിങ്ങൾക്കു കഴിയുമോ? (സഭാ. 12:13) ജോലി സാധ്യതകൾ കുറവാണെങ്കിൽ, നമുക്ക് ഇഷ്ടപ്പെടുന്ന ജോലിതന്നെ എപ്പോഴും കിട്ടണമെന്നില്ല. എങ്കിലും ഒരു പരിധിവരെ ഇപ്പോൾ നിങ്ങൾ തിരഞ്ഞെടുക്കുന്ന വിദ്യാഭ്യാസം ഭാവിയിൽ നിങ്ങൾ ഏതു ജോലി ചെയ്യും എന്നതിനെ സ്വാധീനിച്ചേക്കാം. ഇന്ത്യയിൽനിന്നുള്ള തബീഥ ആറു മാസത്തെ ഒരു തയ്യൽ കോഴ്സാണു പഠിച്ചത്. സഹോദരി പറയുന്നു: “ഒരു തയ്യൽക്കാരി ആയിക്കഴിഞ്ഞാൽ മുൻനിരസേവനം ചെയ്യാൻ എളുപ്പമായിരിക്കുമെന്ന് എനിക്ക് തോന്നി. നല്ല ഡിമാൻഡുള്ളതും നമുക്കു സമയം ക്രമീകരിക്കാവുന്നതും വലിയ മുതൽ മുടക്കില്ലാത്തതും ആയ ഒരു ജോലിയാണ് അത്.” മുൻനിരസേവനത്തിനുവേണ്ട പണം കണ്ടെത്താൻ ആ കോഴ്സ് പഠിച്ചതിലൂടെ തബീഥയ്ക്കു കഴിയുന്നു.
17. (എ) ഒരു കോഴ്സുമായി ബന്ധപ്പെട്ട് നല്ല തീരുമാനമെടുക്കാൻ സഹായിക്കുന്ന കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് എങ്ങനെ കണ്ടെത്താം? (ബി) ഈ കാര്യത്തിൽ നല്ലൊരു തീരുമാനമെടുക്കാൻ ഏതു ബൈബിൾതത്ത്വങ്ങൾ നിങ്ങളെ സഹായിക്കും? (“ചിന്തിക്കാനാകുന്ന ബൈബിൾതത്ത്വങ്ങൾ” എന്ന ചതുരം കാണുക.)
17 ചിന്തിക്കാനാകുന്ന കുറെ കാര്യങ്ങൾ ഈ ലേഖനത്തിൽ നമ്മൾ പഠിച്ചു. ഒരു കോഴ്സുമായി ബന്ധപ്പെട്ട് നല്ല തീരുമാനമെടുക്കാൻ സഹായിക്കുന്ന കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് എങ്ങനെ കണ്ടെത്താനാകും? ആ കോഴ്സ് പഠിപ്പിക്കുന്ന വിദ്യാഭ്യാസസ്ഥാപനം സന്ദർശിക്കാനോ അവരുടെ വെബ്സൈറ്റ് നോക്കാനോ നിങ്ങൾക്കാകും. ഇനി ആ മേഖലയിൽ എത്രമാത്രം തൊഴിലവസരങ്ങളുണ്ടെന്ന് പരസ്യങ്ങളിലൊക്കെ നോക്കാം. അതുപോലെയുള്ള കോഴ്സ് പഠിച്ചവരോടോ ആ മേഖലയിൽ ജോലി ചെയ്യുന്നവരോടോ നിങ്ങൾക്കു സംസാരിക്കാനുമാകും. (സുഭാ. 13:10) അവരോട് ഇങ്ങനെ ചോദിക്കുക: “ആ കോഴ്സിന്റെ അല്ലെങ്കിൽ ജോലിയുടെ ഗുണവും ദോഷവും എന്തൊക്കെയാണ്?” ഇനി യഹോവയെ സന്തോഷത്തോടെ സേവിക്കുന്ന മറ്റു സഹോദരങ്ങളോടും നിങ്ങൾക്കു സംസാരിക്കാം. (സുഭാ. 15:22) അവർക്ക് മറ്റേതെങ്കിലും കോഴ്സിനെക്കുറിച്ചോ ജോലിയെക്കുറിച്ചോ നിങ്ങളോടു പറയാനുണ്ടോ? ഒരുപക്ഷേ നിങ്ങൾ ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത ഒരു മേഖലയെക്കുറിച്ച് അവർ പറഞ്ഞേക്കാം.
18. ഏതു കാര്യം നമ്മൾ ഓർക്കണം?
18 നമ്മൾ കണ്ടതുപോലെ കൂടുതലായ വിദ്യാഭ്യാസത്തിന് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. അതുകൊണ്ട് മനസ്സിലുള്ള പ്ലാനുകളെക്കുറിച്ച് പ്രാർഥനാപൂർവം ചിന്തിക്കുക. കൂടുതലായ വിദ്യാഭ്യാസം ഒരു പരിധിവരെ സാമ്പത്തികഭദ്രത നേടിത്തന്നേക്കാം. പക്ഷേ, യഥാർഥസന്തോഷം കണ്ടെത്താനുള്ള ഒരേയൊരു വഴി യഹോവയുമായുള്ള അടുത്ത ബന്ധമാണെന്ന് ഓർക്കാം. (സങ്കീ. 16:9, 11) യഹോവ എല്ലായ്പോഴും തന്റെ ജനത്തിനുവേണ്ടി കരുതും എന്ന് ഉറപ്പാണ്. അവരുടെ വിദ്യാഭ്യാസയോഗ്യതയൊന്നും യഹോവ നോക്കുന്നില്ല. (എബ്രാ. 13:5) എങ്കിൽ കൂടുതലായ വിദ്യാഭ്യാസം നേടാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിലോ? പഠനത്തിന്റെ സമയത്തും യഹോവയുമായുള്ള അടുത്ത ബന്ധം നിലനിറുത്താൻ നിങ്ങളെ എന്തു സഹായിക്കും? അതെക്കുറിച്ച് അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യും.
ഗീതം 45 എന്റെ ഹൃദയത്തിൻ ധ്യാനം
a പദപ്രയോഗത്തിന്റെ വിശദീകരണം: ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലും പറഞ്ഞിരിക്കുന്ന “കൂടുതലായ വിദ്യാഭ്യാസം” എന്നതിൽ, ഗവൺമെന്റ് വെച്ചിരിക്കുന്ന അടിസ്ഥാന വിദ്യാഭ്യാസത്തിനു പുറമേയുള്ള ഏതൊരു വിദ്യാഭ്യാസവും പരിശീലനവും ഉൾപ്പെടും. യൂണിവേഴ്സിറ്റികളിലോ കോളേജുകളിലോ പഠിപ്പിക്കുന്ന കോഴ്സുകളും, ഏതെങ്കിലുമൊരു വൈദഗ്ധ്യം പഠിപ്പിക്കുന്ന തൊഴിലധിഷ്ഠിതകോഴ്സുകളും ഇതിൽപ്പെടും. അതു ഹ്രസ്വകാല കോഴ്സുകളോ ദൈർഘ്യമുള്ള കോഴ്സുകളോ ആകാം.
b ഈ വിവരങ്ങൾ സഹോദരിമാരുടെ കാര്യത്തിലും സത്യമാണ്.
c മുമ്പ് നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ, യൂണിവേഴ്സിറ്റി പഠനങ്ങളെ നിരുത്സാഹപ്പെടുത്തിയിരുന്നു. ഉദാഹരണത്തിന്, 2005 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിലെ “മാതാപിതാക്കളേ, മക്കൾക്ക് എങ്ങനെയുള്ള ഭാവി ഉണ്ടായിരിക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്ന ലേഖനത്തിൽ ഉന്നത വിദ്യാഭ്യാസത്തോടു ബന്ധപ്പെട്ട ചില അപകടങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ആ അപകടങ്ങൾ ഇപ്പോഴുമുണ്ടെങ്കിലും കൂടുതലായ വിദ്യാഭ്യാസം നേടണോ എന്നത് ഓരോ വ്യക്തിയുടെയും തീരുമാനമാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ കാര്യത്തിൽ കുടുംബനാഥന്മാരാണു തീരുമാനമെടുക്കേണ്ടത്. എന്നാൽ ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് അവർ ബൈബിൾതത്ത്വങ്ങളും തങ്ങളുടെ മനസ്സിലുള്ള വിദ്യാഭ്യാസത്തിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളും പ്രാർഥനാപൂർവം ചിന്തിക്കണം. ഇക്കാര്യത്തിൽ സഹോദരങ്ങൾ വ്യക്തിപരമായി എടുക്കുന്ന തീരുമാനങ്ങളെ മൂപ്പന്മാർ ഉൾപ്പെടെ ഒരു ക്രിസ്ത്യാനിയും വിധിക്കേണ്ടതില്ല.—യാക്കോ. 4:12.