2026 ജൂൺ 29–ജൂലൈ 5
ഗീതം 131 “ദൈവം കൂട്ടിച്ചേർത്തത്”
ദമ്പതികളേ, എപ്പോഴും നല്ല കൂട്ടുകാരായിരിക്കുക
“കൂടപ്പിറപ്പിനെക്കാൾ കൂറുള്ള കൂട്ടുകാരുമുണ്ട്.”—സുഭാ. 18:24.
ഉദ്ദേശ്യം
സന്തോഷമുള്ള കുടുംബജീവിതത്തിനു ഭാര്യയും ഭർത്താവും യഹോവയെ സ്നേഹിക്കണം. അതുപോലെ അവർ രണ്ടു പേരും നല്ല കൂട്ടുകാരായിരിക്കുകയും വേണം.
1. നല്ല സുഹൃത്തുക്കൾ യഹോവയിൽനിന്നുള്ള ഒരു സമ്മാനമായിരിക്കുന്നത് എന്തുകൊണ്ട്?
നല്ല സുഹൃത്തുക്കൾ യഹോവയിൽനിന്നുള്ള സമ്മാനമാണ്. (യാക്കോ. 1:17) അവർ ദൈവത്തെ സ്നേഹിക്കുന്നു; നമ്മളെയും സ്നേഹിക്കുന്നു. നമ്മുടെ സന്തോഷത്തിലും സങ്കടത്തിലും അവർ കൂടെയുണ്ടാകും. വേണ്ട സമയത്ത് സത്യസന്ധമായ ഉപദേശം തരാനും അവർ മടിക്കില്ല. ഇനി, നല്ല സുഹൃത്തുക്കൾ വിശ്വസ്തരായിരിക്കും. നമുക്ക് അവരെ ആശ്രയിക്കാം. അങ്ങനെയുള്ള സുഹൃത്തുക്കൾ “ഹൃദയത്തിനു സന്തോഷമേകുന്നു.”—സുഭാ. 27:9.
2. ദമ്പതികൾ തങ്ങൾക്കിടയിലെ സൗഹൃദം ശക്തമാക്കി നിറുത്തേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (മത്തായി 19:6)
2 ഭാര്യയും ഭർത്താവും നല്ല കൂട്ടുകാരായിരിക്കണം. എന്നാൽ ആ കൂട്ടുകെട്ട് ശക്തമായി നിൽക്കണമെങ്കിൽ നല്ല ശ്രമം ആവശ്യമാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ അവർക്ക് ഏകാന്തതയും നിരാശയും ദേഷ്യവും ഒക്കെ തോന്നിയേക്കാം. പക്ഷേ ആ സുഹൃദ്ബന്ധം ശക്തമാണെങ്കിൽ, രണ്ടു പേർക്കിടയിൽ ഉണ്ടായിരിക്കാവുന്നതിലും വെച്ച് ഏറ്റവും അടുത്ത ഒരു ബന്ധം അവർക്ക് ആസ്വദിക്കാനാകും. (മത്തായി 19:6 വായിക്കുക.) ഈ ലേഖനത്തിൽ, ദമ്പതികൾക്ക് എങ്ങനെ തങ്ങളുടെ സൗഹൃദം ശക്തമാക്കിക്കൊണ്ടിരിക്കാമെന്ന് ചിന്തിക്കും. എന്നാൽ അതിനു മുമ്പ്, ഏകാകിയായ ഒരു ക്രിസ്ത്യാനിക്ക് തന്റെ അടുത്ത സുഹൃത്താകാൻ പോകുന്ന ജീവിതപങ്കാളിയെ എങ്ങനെ തിരഞ്ഞെടുക്കാമെന്നു നോക്കാം.
എപ്പോഴും കൂടെയുണ്ടായിരിക്കേണ്ട സുഹൃത്തിനെ എങ്ങനെ കണ്ടെത്താം?
3-4. നല്ലൊരു വിവാഹ ഇണയെ കണ്ടെത്താൻ ഒരു വ്യക്തിയെ എന്തു സഹായിക്കും? (സുഭാഷിതങ്ങൾ 18:22)
3 നമ്മൾ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് നന്നായി ചിന്തിക്കണം. ആ തീരുമാനമെടുത്താൽ ഉണ്ടാകാവുന്ന പ്രയോജനങ്ങൾ, അപകടങ്ങൾ എല്ലാം വിലയിരുത്തണം. പ്രധാനപ്പെട്ട തീരുമാനങ്ങൾ ജീവിതകാലം മുഴുവൻ നമ്മളെ ബാധിച്ചേക്കാം. അതുകൊണ്ട് നന്നായി ചിന്തിക്കേണ്ടത് പ്രധാനമാണ്.
4 ജീവിതകാലം മുഴുവൻ കൂടെയുണ്ടായിരിക്കേണ്ട സുഹൃത്തിനെ, നിങ്ങളുടെ വിവാഹ ഇണയെ കണ്ടെത്തുന്നത് ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്നാണ്. വിവാഹം എന്ന ക്രമീകരണം തുടങ്ങിവെച്ചത് യഹോവയായതുകൊണ്ട് ഇണയെ തിരഞ്ഞെടുക്കുമ്പോൾ നിർദേശത്തിനായി യഹോവയിലേക്കു നോക്കണം. ഒരു പുരുഷനു നല്ലൊരു ഭാര്യയെ കിട്ടണമെന്നും ഒരു സ്ത്രീക്കു നല്ലൊരു ഭർത്താവിനെ കിട്ടണമെന്നും ആണ് യഹോവയുടെ ആഗ്രഹം. നമുക്ക് വേണ്ടത് എന്താണെന്ന് യഹോവയ്ക്കു നന്നായി അറിയാം. (സുഭാഷിതങ്ങൾ 18:22 വായിക്കുക; യശ. 48:17, 18.) യോജിച്ച ഒരു ഇണയെ കണ്ടെത്താൻ ദൈവവചനത്തിലെ തത്ത്വങ്ങൾക്ക് ഒരു ക്രിസ്ത്യാനിയെ സഹായിക്കാനാകും.
5. സ്നാനമേറ്റ ഒരു വ്യക്തിയെ വിവാഹ ഇണയായി തിരഞ്ഞെടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
5 നമ്മൾ സ്നാനമേൽക്കുമ്പോൾ ദൈവത്തിന്റെ സുഹൃത്തുക്കളായിത്തീരുകയാണ്. (സങ്കീ. 25:14) നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ദൈവത്തിന്റെ ആ സുഹൃത്തുക്കളിൽനിന്ന് വേണം ഒരാളെ കണ്ടെത്താൻ. (1 കൊരി. 7:39) അങ്ങനെ ചെയ്യുമ്പോൾ യഹോവ വെച്ചിരിക്കുന്ന നിലവാരങ്ങളോട് ആദരവുണ്ടെന്നു നിങ്ങൾ കാണിക്കുകയാണ്. അതുപോലെതന്നെ നിങ്ങൾക്കു കിട്ടുന്ന ഇണയെ യഹോവയിൽനിന്നുള്ള ഒരു സമ്മാനമായി കാണാനും കഴിയും. (സുഭാ. 19:14) മാത്രമല്ല ഒരു അവിശ്വാസിയോടൊപ്പം “ഒരേ നുകത്തിൻകീഴിൽ” വരുന്നതിന്റെ പ്രശ്നങ്ങൾ ഒഴിവാക്കാനും നിങ്ങൾക്കാകും. (2 കൊരി. 6:14) അതുകൊണ്ട് യഹോവയുടെ സാക്ഷികൾക്കിടയിൽ പറ്റിയ ഒരാൾ ഇല്ല എന്നു ചിന്തിച്ച് പുറത്തുള്ള ഒരാളുമായി പ്രണയത്തിലാകുന്നത് എത്ര വലിയൊരു മണ്ടത്തരമായിരിക്കും! അതുപോലെ ആ വ്യക്തി ഭാവിയിൽ എപ്പോഴെങ്കിലും സാക്ഷിയായിത്തീർന്നേക്കും എന്നു ന്യായീകരിക്കുന്നതും ബുദ്ധിമോശമാണ്.
6-7. ഡേറ്റിങ്ങിന്റെ സമയത്ത് ഏതെല്ലാം ചോദ്യങ്ങൾ ചിന്തിക്കണം?
6 എന്നാൽ സാക്ഷിയായിരിക്കുന്ന ഏതൊരാളും നിങ്ങൾക്ക് യോജിച്ച ഒരു വിവാഹ ഇണ ആയിരിക്കണമെന്നില്ല. അതുകൊണ്ട് നിങ്ങൾ ഒരാളെ കണ്ടെത്തുമ്പോൾ ഈ ചോദ്യങ്ങൾ സ്വയം ചോദിക്കണം:a ‘അദ്ദേഹം സ്വന്തം കുടുംബാംഗങ്ങളോട് എങ്ങനെയാണ് ഇടപെടുന്നത്? മറ്റുള്ളവരോടു പരിഗണനയും ആദരവും ഉള്ള ആളാണോ? ആരാണ് അദ്ദേഹത്തിന്റെ കൂട്ടുകാർ? അദ്ദേഹം എങ്ങനെയാണ് അഭിപ്രായവ്യത്യാസങ്ങൾ കൈകാര്യം ചെയ്യുന്നത്? എല്ലാം സ്വന്തം ഇഷ്ടത്തിനു നടക്കണമെന്നു വാശിപിടിക്കുന്ന ആളാണോ? അതോ തിരുവെഴുത്തുകളുടെ ലംഘനമൊന്നും ഉൾപ്പെടാത്ത സാഹചര്യങ്ങളിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങളും ശ്രദ്ധിക്കാറുണ്ടോ? പണത്തെ അദ്ദേഹം എങ്ങനെയാണ് കാണുന്നത്?’
7 ഈ ചോദ്യങ്ങളെക്കുറിച്ചും നിങ്ങൾക്കു ചിന്തിക്കാനാകും: ‘ഈ വ്യക്തിക്ക് യഹോവയോട് ആഴമായ സ്നേഹമുണ്ടോ? അദ്ദേഹം “പുതിയ വ്യക്തിത്വം” ധരിക്കുന്ന ഒരാളാണോ? യഹോവയെ നന്നായി സേവിക്കാൻ അദ്ദേഹം എന്നെ സഹായിക്കുമോ? ഞങ്ങൾക്കു രണ്ടു പേർക്കും ഒരേ ആത്മീയലക്ഷ്യങ്ങളാണോ ഉള്ളത്? വിവാഹം കഴിഞ്ഞ് വെറും കൂട്ടുകാരല്ല, നല്ല അടുത്ത കൂട്ടുകാരാകാൻ ഞങ്ങൾക്കു പറ്റുമെന്നു തോന്നുന്നുണ്ടോ?’ (കൊലോ. 3:9, 10) നിങ്ങൾ ഒരു സഹോദരിയാണെങ്കിൽ, നിങ്ങൾ ഡേറ്റിങ്ങ് ചെയ്യുന്ന വ്യക്തി നല്ല ഒരു കൂട്ടുകാരനും നല്ല ഒരു കുടുംബനാഥനും ആയിരിക്കുമോ എന്ന് ചിന്തിക്കുക. (1 കൊരി. 11:3) ഇനി നിങ്ങൾ ഒരു സഹോദരനാണെങ്കിൽ, നിങ്ങൾക്കു കുറവുകളൊക്കെ ഉണ്ടെങ്കിലും നിങ്ങൾ ഡേറ്റിങ്ങ് ചെയ്യുന്ന സഹോദരി നിങ്ങളുടെ ശിരഃസ്ഥാനത്തിന് കീഴ്പെടുന്ന ഒരാളായിരിക്കുമോ എന്ന് ചിന്തിക്കുക. ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്താൻ സമയമെടുക്കും. അതുകൊണ്ട് ആ വ്യക്തിയെ അടുത്തറിയാൻ ഡേറ്റിങ്ങിന്റെ സമയം നന്നായി ഉപയോഗിക്കുക.
8-9. ഡേറ്റിങ്ങിൽ ആയിരിക്കുന്ന വ്യക്തിക്ക് എങ്ങനെ നല്ലൊരു തീരുമാനമെടുക്കാൻ കഴിയും? (ചിത്രവും കാണുക.)
8 ഡേറ്റിങ്ങിന്റെ സമയത്ത് നല്ലൊരു തീരുമാനമെടുക്കാൻ ആ വ്യക്തി ശരിക്കും എങ്ങനെയുള്ള ഒരാളാണ് എന്നു നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. അതിനായി ആ വ്യക്തിയെ മറ്റുള്ളവർ എങ്ങനെയാണ് കാണുന്നതെന്ന് കണ്ടെത്താൻ ശ്രമിക്കുക. ആളുകൾക്കിടയിൽ ആ വ്യക്തിക്ക് എന്ത് പേരാണുള്ളതെന്നും അദ്ദേഹത്തിന് എന്തെല്ലാം ഗുണങ്ങളാണുള്ളതെന്നും ചോദിച്ചറിയുക. ഉദാഹരണത്തിന്, ആ വ്യക്തി അറിയപ്പെടുന്നതു താഴ്മയുള്ള, ദയയുള്ള, വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ള ഒരാളായിട്ടാണോ? ഫ്രഞ്ച് ഗയാനയിൽനിന്നുള്ള സാറ, ഡാനിയേലുമായുള്ള വിവാഹത്തിനു മുമ്പ് എന്താണ് ചെയ്തതെന്നു നോക്കുക. സഹോദരി പറയുന്നു: “ഡാനിയേലിനെക്കുറിച്ച് ഞാൻ പലരോടും ചോദിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ കൂടെ താമസിച്ച സഹോദരനോടും അദ്ദേഹത്തിന്റെ സഭയിലെ ഒരു മൂപ്പനോടും ഞങ്ങളെ രണ്ടു പേരെയും അറിയാവുന്ന സുഹൃത്തുക്കളോടും സഭയിലെ സഹോദരിമാരോടും ഒക്കെ ചോദിച്ചു.” ഇനി നിങ്ങൾ അറിയേണ്ട എന്തെങ്കിലും കാര്യങ്ങൾ ആ വ്യക്തിയുടെ ജീവിതത്തിൽ നടന്നിട്ടുണ്ടോ എന്നു ദയയോടെ അദ്ദേഹത്തോടു ചോദിച്ചറിയുക. കാരണം ഇത്തരം ചില കാര്യങ്ങളോ ശീലങ്ങളോ പിന്നീടു നിങ്ങളുടെ വിവാഹജീവിതത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.
9 നിങ്ങൾ ഡേറ്റിങ്ങ് ചെയ്യുന്ന വ്യക്തി നിങ്ങൾക്കു പറ്റിയ ഒരാളാണോ എന്നു കാര്യമായ സംശയം തോന്നിയാൽ അത് അവഗണിക്കരുത്. ഇനി പക്വതയുള്ള സഹോദരങ്ങൾ ആ വ്യക്തിയുടെ ചില കുറവുകൾ ചൂണ്ടിക്കാണിച്ചാൽ അതും കണ്ടില്ലെന്നു വെക്കരുത്. ഇതെക്കുറിച്ചെല്ലാം നന്നായി ചിന്തിച്ചാൽ നിങ്ങൾക്കു ഡേറ്റിങ്ങ് തുടരണോ വേണ്ടയോ എന്നു തീരുമാനിക്കാനാകും.b ഇനി, വിവാഹിതരായവർക്കു പഠിക്കാനുള്ള ചില പാഠങ്ങൾ നോക്കാം.
ഡേറ്റിങ്ങിന്റെ സമയത്ത് ആ വ്യക്തി ശരിക്കും എങ്ങനെയുള്ള ഒരാളാണെന്നു മനസ്സിലാക്കാൻ ശ്രമിക്കുക (8-9 ഖണ്ഡികകൾ കാണുക)
ഒരുമിച്ച് സമയം ചെലവഴിക്കുക
10. ദമ്പതികൾ ഒരുമിച്ച് സമയം ചെലവഴിക്കുന്നത് നല്ലതായിരിക്കുന്നത് എന്തുകൊണ്ട്?
10 എത്ര തിരക്കുണ്ടെങ്കിലും ദമ്പതികൾ ഒരുമിച്ചായിരിക്കാനുള്ള സമയം കണ്ടെത്തണം. അപ്പോൾ അവർക്കിടയിലെ ഇഴയടുപ്പം ശക്തമാകും. അങ്ങനെയാകുമ്പോൾ ഓരോ ദിവസത്തെ വിശേഷങ്ങൾ പറയാനും, അവരുടെ ഉള്ളിന്റെയുള്ളിലെ ചിന്തകളും വികാരങ്ങളും തുറന്ന് പ്രകടിപ്പിക്കാനും, സ്നേഹം കാണിക്കാനും, ഇഷ്ടമുള്ള രസകരമായ കാര്യങ്ങൾ ഒരുമിച്ച് ചെയ്യാനും അവർക്കു കഴിയും.
11. ദമ്പതികൾക്കിടയിലെ സൗഹൃദം തകർക്കാൻ എന്ത് ഇടയാക്കിയേക്കാം?
11 നല്ല സുഹൃത്തുക്കളായ ഒരു ഭാര്യയും ഭർത്താവും എപ്പോഴും ഒരുമിച്ചായിരിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ ചിലപ്പോഴൊക്കെ അവർക്കു മാറിനിൽക്കേണ്ടതായി വന്നേക്കാം. പക്ഷേ കുറച്ചധികം കാലം അങ്ങനെ കഴിയുന്നത് അപകടം ചെയ്യും. ഉദാഹരണത്തിന്, മറ്റൊരു രാജ്യത്തുപോയി ജോലി ചെയ്യാൻ ചിലർ തീരുമാനിക്കുന്നു. അപ്പോൾ അവർക്ക് കുറെ നാൾ കുടുംബത്തിൽനിന്ന് അകന്ന് നിൽക്കേണ്ടിവരും. ഒരുപാട് പണമുണ്ടാക്കാൻ അവർക്കു പറ്റിയേക്കും. പക്ഷേ കുറെ നാളത്തേക്ക് ഇണയിൽനിന്ന് അകന്ന് നിൽക്കുമ്പോൾ അവരുടെ വിവാഹജീവിതത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
12-13. (എ) ഇണയോടൊപ്പം സമയം ചെലവഴിക്കാൻ ചില ദമ്പതികൾ എന്താണ് ചെയ്തിരിക്കുന്നത്? (ചിത്രവും കാണുക.) (ബി) ഇണയുമായുള്ള ബന്ധം നിങ്ങളുടെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ടതായിരിക്കണം? (“നിങ്ങളുടെ ജീവിതത്തിൽ ഇണയ്ക്കുള്ള സ്ഥാനം” എന്ന ചതുരം കാണുക.)
12 ഒരുമിച്ച് സമയം ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി ചില ദമ്പതികൾ എന്താണ് ചെയ്തിരിക്കുന്നതെന്നു നമുക്കു നോക്കാം. ഗ്വാമിൽ നിന്നുള്ള ലിയ പറയുന്നു: “പല കാര്യങ്ങളും ഒരുമിച്ച് ചെയ്യുന്നത് ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്. ഞങ്ങൾ ഒറ്റയ്ക്കു പോകുന്ന പരിപാടികളോ കൂടിവരവുകളോ ഒക്കെ കുറവാണ്. മിക്കപ്പോഴും ഒരുമിച്ചായിരിക്കും പോകുന്നത്.” ഐക്യനാടുകളിൽനിന്നുള്ള റൊക്സാൻ പറയുന്നത് ഇങ്ങനെയാണ്: “തിരക്കുകൾ കൂടിക്കൂടി വന്നപ്പോൾ, പ്രധാനപ്പെട്ട മറ്റു പല കാര്യങ്ങളും പോലെതന്നെ ഒരുമിച്ചായിരിക്കാനും സമയം ക്രമീകരിക്കണം എന്നു ഞങ്ങൾക്കു തോന്നി.” (ആമോസ് 3:3 താരതമ്യം ചെയ്യുക.) ഇനി, ഫ്രാൻസിൽനിന്നുള്ള ഡാമിയൻ പറയുന്നതു നോക്കുക: “അവൾക്കു ചെയ്യാൻ ഇഷ്ടമുള്ള കാര്യങ്ങൾ ഞാനും ഇഷ്ടപ്പെടാൻ തുടങ്ങി; അതുപോലെ അവളും.” (മത്താ. 7:12) ഐക്യനാടുകളിൽനിന്നുള്ള ക്യാറ്റി പറയുന്നു: “ഞങ്ങൾ ഒരുമിച്ചായിരിക്കുന്ന സമയത്ത് ചിലപ്പോഴൊക്കെ ഫോൺ മാറ്റിവെക്കും.”
13 ഏറ്റവും പ്രധാനമായി ആത്മീയകാര്യങ്ങളിൽ ദമ്പതികൾ ഒരുമിച്ച് സമയം ചെലവഴിക്കണം. ഫ്രാൻസിൽനിന്നുള്ള മിരിയം പറയുന്നു: “ഞങ്ങൾ ദിവസം തുടങ്ങുന്നത് ബൈബിൾ വായിച്ചുകൊണ്ടാണ്. എന്നിട്ട് അതിൽ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടതും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയുന്നതും ആയ കാര്യങ്ങളെക്കുറിച്ച് ഒരുമിച്ചിരുന്ന് സംസാരിക്കും. ആ സമയം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇനി ഞങ്ങൾ ഒരുമിച്ചിരുന്ന് പ്രാർഥിക്കുമ്പോൾ യഹോവയോട് അദ്ദേഹത്തിന് എത്രമാത്രം സ്നേഹമുണ്ടെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽനിന്ന് എനിക്കു മനസ്സിലാകുന്നു.” മുമ്പു കണ്ട ക്യാറ്റി പറയുന്നത് ഇങ്ങനെയാണ്: “ശുശ്രൂഷയ്ക്ക് ഒരുമിച്ച് പോകുന്നതാണ് ഞങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള സമയം. നമ്മുടെ ഇണ യഹോവയെക്കുറിച്ച് സംസാരിക്കുന്നതു കേൾക്കുമ്പോൾ നമുക്ക് അവരോട് അടുപ്പം തോന്നും. അതുപോലെ ഞങ്ങൾക്കു പരസ്പരം പുതിയ പല കാര്യങ്ങളും പഠിക്കാനും പറ്റുന്നു.”—സുഭാ. 27:17.
ഒരുമിച്ച് സമയം ചെലവഴിച്ചുകൊണ്ട് ഇണയുമായുള്ള സൗഹൃദം ശക്തമാക്കുക (12-13 ഖണ്ഡികകൾ കാണുക)
പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഒന്നിച്ചുനിൽക്കുക
14-15. വിവാഹബന്ധത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ദമ്പതികൾ പരമാവധി ശ്രമിക്കേണ്ടത് എന്തുകൊണ്ട്? ഒരു ഉദാഹരണം പറയുക.
14 അപൂർണരായതുകൊണ്ട് ദമ്പതികൾക്ക് അവരുടെ ജീവിതത്തിൽ പല പ്രശ്നങ്ങളുണ്ടാകും. വിവാഹം കഴിക്കുന്നവർക്ക് “ജഡത്തിൽ കഷ്ടപ്പാടുകൾ ഉണ്ടാകും” എന്നു ബൈബിൾ പറയുന്നുണ്ട്. (1 കൊരി. 7:28) ആ പദപ്രയോഗം, ദമ്പതികൾക്കു പൊതുവേ ഉണ്ടാകുന്ന പ്രശ്നങ്ങളെ അർഥമാക്കുന്നു. അങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതിനെ മറികടക്കാനും ഒന്നിച്ചുനിൽക്കാനും അവർ പരമാവധി ശ്രമിക്കേണ്ടത് എന്തുകൊണ്ടാണ്?
15 നമുക്ക് ഒരു ഉദാഹരണം നോക്കാം. വളരെ പ്രശസ്തമായ ഒരു കെട്ടിടത്തിനോ കലാസൃഷ്ടിക്കോ എന്തെങ്കിലും കേടുപാട് പറ്റിയാൽ അതിന്റെ ഉടമസ്ഥൻ എന്തായിരിക്കും ചെയ്യുക? അതു നന്നാക്കാൻ ശ്രമിക്കും. അതിനുവേണ്ടി എത്ര പണം ചെലവഴിക്കേണ്ടിവന്നാലും അദ്ദേഹം അതു ചെയ്യും. വർഷങ്ങൾ എടുത്താൽപ്പോലും മടുത്തുപിന്മാറില്ല. എന്തുകൊണ്ട്? കാരണം അത് ആ വ്യക്തിക്ക് അത്രയ്ക്ക് വിലപ്പെട്ട ഒന്നാണ്. ഇതുപോലെ ഓരോ വിവാഹബന്ധവും വളരെ വിലപ്പെട്ടതാണ്. നല്ല അടുപ്പമുള്ള ദമ്പതികൾക്കിടയിൽപ്പോലും പ്രശ്നങ്ങളുണ്ടാകും. എന്നാൽ കേടുപാട് സംഭവിച്ച ഒരു കെട്ടിടത്തിന്റെയോ കലാസൃഷ്ടിയുടെയോ കാര്യത്തിലെന്നപോലെ പ്രശ്നങ്ങളുള്ള ഒരു വിവാഹബന്ധത്തെ തകർച്ചയുടെ വക്കിൽനിന്ന് രക്ഷിക്കാനാകും. അതിനു ചിലപ്പോൾ നല്ല സമയവും ശ്രമവും ആവശ്യമായിവന്നേക്കാം. പക്ഷേ വിവാഹബന്ധം ശക്തമാക്കാനും ഒരുമിച്ച് നിൽക്കാനും ദമ്പതികൾ കഠിനാധ്വാനം ചെയ്യുമ്പോൾ അതിൽ യഹോവ സന്തോഷിക്കും. (മലാ. 2:16) അങ്ങനെ ചെയ്യുമ്പോൾ ദമ്പതികൾ പരസ്പരം മാത്രമല്ല വിവാഹബന്ധം ഏർപ്പെടുത്തിയ യഹോവയോടും സ്നേഹവും ആദരവും കാണിക്കുകയായിരിക്കും.
16. വിവാഹബന്ധത്തിൽ വലിയ പ്രശ്നങ്ങൾ നേരിടുന്ന ദമ്പതികളെ 1 കൊരിന്ത്യർ 13:4-8എ സഹായിക്കുന്നത് എങ്ങനെ? (ചിത്രവും “നിങ്ങളുടെ സൗഹൃദം ശക്തമാക്കാൻ. . . ” എന്ന ചതുരവും കാണുക.)
16 വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ടായാൽ പിരിയുന്നതിനെക്കുറിച്ച് പെട്ടെന്ന് ചിന്തിക്കരുത്. (1 കൊരി. 7:10, 11) പകരം സ്വയം ചോദിക്കുക: ‘ഞങ്ങളുടെ സൗഹൃദം ശക്തമാക്കാൻ ഇനിയും എന്തെങ്കിലും എനിക്കു ചെയ്യാനുണ്ടോ?’ സ്നേഹം പ്രകടിപ്പിക്കുന്നതിനെക്കുറിച്ച് ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിങ്ങൾക്കു പഠിക്കാനാകും. അതുപോലെ 1 കൊരിന്ത്യർ 13:4-8എ (വായിക്കുക.) വരെ പറഞ്ഞിരിക്കുന്ന സ്നേഹത്തിന്റെ വ്യത്യസ്ത വശങ്ങളിൽ നിങ്ങൾ പുരോഗമിക്കേണ്ട എന്തെങ്കിലുമുണ്ടോ എന്നു ചിന്തിക്കുക. വിവാഹബന്ധത്തിൽനിന്ന് എങ്ങനെയും പുറത്തുകടക്കാൻ നോക്കുന്നതിനു പകരം ഇണയുടെ മനസ്സിൽ വീണ്ടും ഒരു ഇടം നേടാൻ ശ്രമിക്കുക. വിവാഹബന്ധം ശക്തമാക്കാൻ നിങ്ങൾക്കു ചെയ്യാനാകുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുക. സഹായത്തിനായി യഹോവയോടു പ്രാർഥിക്കുക. ഇനി, നമ്മുടെ പ്രസിദ്ധീകരണങ്ങളിൽനിന്നും വീഡിയോകളിൽനിന്നും മൂപ്പന്മാരിൽനിന്നും മറ്റു പക്വതയുള്ള ക്രിസ്ത്യാനികളിൽനിന്നും വേണ്ട സഹായം സ്വീകരിക്കുക. വിവാഹബന്ധം ഒരു “മുപ്പിരിച്ചരട്” പോലെയാണ്. അതിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ ഇഴ യഹോവയാണ്. അതുകൊണ്ട് യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ നിങ്ങളുടെ വിവാഹബന്ധം “എളുപ്പം പൊട്ടിക്കാനാകില്ല.”—സഭാ. 4:12.
വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും ഒന്നിച്ചുനിൽക്കുക (16-ാം ഖണ്ഡിക കാണുക)
17. വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നവർക്കും വിവാഹം കഴിഞ്ഞവർക്കും എങ്ങനെ സന്തോഷം കണ്ടെത്താം?
17 വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നവരും വിവാഹിതരും ഉൾപ്പെടെ തന്റെ എല്ലാ ദാസരും സന്തോഷത്തോടെയിരിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ ജീവിതകാലം മുഴുവൻ കൂടെയുണ്ടായിരിക്കേണ്ട ആ സുഹൃത്തിനെ ശ്രദ്ധിച്ച് തിരഞ്ഞെടുക്കുക. ഇനി, നിങ്ങൾ വിവാഹിതരാണെങ്കിൽ നിങ്ങൾക്കിടയിലെ സൗഹൃദം ശക്തമാക്കിക്കൊണ്ടേയിരിക്കുക. ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ യഹോവയിൽ ആശ്രയിച്ചുകൊണ്ട് അതു പരിഹരിക്കാൻ ശ്രമിക്കുക. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നിങ്ങളുടെ പങ്കാളിയോടൊപ്പമുള്ള ‘ജീവിതം ആസ്വദിക്കാൻ’ നിങ്ങൾക്കാകും!—സഭാ. 9:9.
ഗീതം 132 ഇപ്പോൾ നമ്മൾ ഒന്നാണ്
a ഈ ചോദ്യങ്ങളെല്ലാം സ്ത്രീക്കും പുരുഷനും ഒരുപോലെ ചിന്തിക്കാനാകുന്നതാണ്.
b പരസ്പരം അടുത്തറിയാൻ സഹായിക്കുന്ന കൂടുതൽ നിർദേശങ്ങൾ 2024 മേയ് ലക്കം വീക്ഷാഗോപുരത്തിലെ “ഡേറ്റിങ്ങ് നിങ്ങളെ ശരിയായ തീരുമാനത്തിലേക്ക് നയിക്കട്ടെ” എന്ന ലേഖനത്തിലുള്ള “പരസ്പരം അടുത്തറിയുക” എന്ന ഭാഗത്ത് കാണാം.