കൂടുതൽ പഠിക്കാനായി. . .
ബൈബിളിലെ വാങ്മയചിത്രങ്ങൾ മനസ്സിലാക്കാം
വാക്കുകൾകൊണ്ടുള്ള നൂറുകണക്കിന് ചിത്രങ്ങൾ ബൈബിളിലുണ്ട്. പക്ഷേ, പല ആളുകൾക്കും അതിന്റെ അർഥം മനസ്സിലാക്കാൻ ബുദ്ധിമുട്ട് തോന്നുന്നു. (മത്താ. 13:13) ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന വാങ്മയചിത്രങ്ങളുടെ അർഥം മനസ്സിലാക്കാൻ നമ്മളെ എന്ത് സഹായിക്കും? ഇക്കാര്യങ്ങൾ ചെയ്തുനോക്കൂ:
ഉപമേയവും ഉപമാനവും കണ്ടുപിടിക്കുക. വാങ്മയചിത്രങ്ങളിൽ ഒരു കാര്യത്തെ മറ്റൊന്നിനോടു താരതമ്യപ്പെടുത്തിയിട്ടുണ്ടാകും. ഉദാഹരണത്തിന്, വെളിപാട് 3:3-ൽ യേശുവിന്റെ വരവിനെ (ഉപമേയം) കള്ളൻ വരുന്നതിനോട് (ഉപമാനം) താരതമ്യപ്പെടുത്തിയിട്ടുണ്ട്.
ഉപമേയവും ഉപമാനവും തമ്മിലുള്ള സമാനത മനസ്സിലാക്കുക. ഉപമേയത്തെ ഉപമാനവുമായി ബന്ധിപ്പിക്കുന്ന സവിശേഷതകളോ ഗുണങ്ങളോ കണ്ടെത്തുക.
താരതമ്യം കൃത്യമായി മനസ്സിലാക്കുക. ചിലപ്പോൾ ചില താരതമ്യങ്ങൾ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, മുകളിൽ പറഞ്ഞ വാങ്മയചിത്രത്തിൽ യേശു കള്ളനെപ്പോലെ വരും എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം, യേശു എന്തെങ്കിലും മോഷ്ടിക്കാൻ വരും എന്നല്ല. പകരം സന്ദർഭം നോക്കിയാൽ അതിന്റെ അർഥം യേശു അപ്രതീക്ഷിതമായി, അറിയിക്കാതെ വരും എന്നാണെന്നു മനസ്സിലാക്കാം.