2026 ജൂൺ 22-28
ഗീതം 90 പരസ്പരം പ്രോത്സാഹിപ്പിക്കുക
‘ആശ്വാസം തരുന്ന ദൈവത്തിൽനിന്ന്’ പഠിക്കുക
“ദൈവത്തിൽനിന്ന് കിട്ടുന്ന ആശ്വാസംകൊണ്ട് ഏതുതരം കഷ്ടതകൾ അനുഭവിക്കുന്നവരെയും ആശ്വസിപ്പിക്കാൻ നമുക്കും കഴിയുന്നു.”—2 കൊരി. 1:4.
ഉദ്ദേശ്യം
യഹോവയുടെയും യഹോവയെ അനുകരിച്ച മറ്റുള്ളവരുടെയും മാതൃക പകർത്തികൊണ്ട് നമുക്ക് എങ്ങനെ ആശ്വാസം കൊടുക്കാമെന്നു നമ്മൾ പഠിക്കും.
1. നമ്മൾ മറ്റുള്ളവരെ ആശ്വസിപ്പിക്കേണ്ടത് എന്തുകൊണ്ട്?
നമ്മളെല്ലാവരും ‘പല തരം പരീക്ഷണങ്ങളിലൂടെ’ കടന്നുപോകുന്നവരാണ്. അതുകൊണ്ടുതന്നെ നമുക്കെല്ലാം ആശ്വാസവും പ്രോത്സാഹനവും ആവശ്യമാണ്. (1 പത്രോ. 1:6) നമുക്ക് ഒരു പ്രശ്നമുണ്ടാകുമ്പോൾ മറ്റുള്ളവർ ആശ്വസിപ്പിക്കുന്നതു നമ്മൾ ഒത്തിരി വിലമതിക്കാറുണ്ട്. അങ്ങനെയെങ്കിൽ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന മറ്റുള്ളവരെ നമ്മളും പെട്ടെന്നുതന്നെ ആശ്വസിപ്പിക്കേണ്ടതല്ലേ? (മത്താ. 7:12) ‘ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവമായ’ യഹോവ ‘ഏതുതരം കഷ്ടതകൾ അനുഭവിക്കുന്നവരെയും ആശ്വസിപ്പിക്കേണ്ടത്’ എങ്ങനെയെന്നു നമുക്കു കാണിച്ചുതരുന്നു. ‘പരസ്പരം ആശ്വസിപ്പിച്ചുകൊണ്ട്’ ആ മാതൃക അനുകരിക്കാൻ നമുക്കു കഴിയും. (2 കൊരി. 1:3, 4; 1 തെസ്സ. 4:18) നമ്മൾ അങ്ങനെ ചെയ്യുന്നത് ഒരു കടമയുടെ പുറത്തല്ല, പകരം സഹോദരങ്ങളെ ആത്മാർഥമായി സ്നേഹിക്കുന്നതുകൊണ്ടാണ്. ഈ ലേഖനത്തിൽ, (1) ബൈബിളിൽ പറഞ്ഞിരിക്കുന്ന ആശ്വാസത്തിന്റെ അർഥം എന്താണെന്നും (2) നമുക്ക് എങ്ങനെ മറ്റുള്ളവരെ ആശ്വസിപ്പിക്കാമെന്നും (3) നമുക്ക് ആശ്വാസം വേണ്ടപ്പോൾ എന്തു ചെയ്യാമെന്നും ചർച്ച ചെയ്യും.
ബൈബിളിൽ പറഞ്ഞിരിക്കുന്ന ആശ്വാസത്തിന്റെ അർഥം
2. ബൈബിളിൽ “ആശ്വാസം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുവാക്കിന് എന്തെല്ലാം അർഥങ്ങളാണുള്ളത്?
2 ബൈബിളിൽ പറഞ്ഞിരിക്കുന്ന “ആശ്വാസം” എന്നതിന്റെ ഗ്രീക്കുവാക്കിനു സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത അർഥങ്ങളെ കുറിക്കാനാകും. “പ്രോത്സാഹിപ്പിക്കുക,” “പ്രേരിപ്പിക്കുക,” “അഭ്യർഥിക്കുക” എന്നൊക്കെയുള്ള അർഥങ്ങൾ വരാം. (റോമ. 12:8) ആ ഗ്രീക്കുവാക്കിന്റെ അക്ഷരാർഥം “സഹായത്തിനായി ഒരാളെ അടുത്തേക്കു വിളിക്കുക” എന്നാണ്. ഇപ്പോൾ നമ്മുടെ മനസ്സിലേക്കു വരുന്നതു വിഷമിച്ചിരിക്കുന്ന ഒരാളുടെ അടുത്തേക്കു പെട്ടെന്ന് ഓടിച്ചെന്ന് അദ്ദേഹത്തിനു വേണ്ട സഹായമെല്ലാം ചെയ്തുകൊടുക്കുന്ന ഒരു സുഹൃത്തിന്റെ ചിത്രമായിരിക്കും. ആ സുഹൃത്ത് കൊടുക്കുന്ന ആശ്വാസം ഏതു രീതിയിലുള്ളതാണെങ്കിലും അതുകൊണ്ടുണ്ടാകുന്ന ഫലം ഒന്നുതന്നെയാണ്—വിഷമിച്ചിരിക്കുന്ന വ്യക്തിക്കു ശക്തി വീണ്ടെടുക്കാനാകും.
3. മറ്റുള്ളവരെ ആശ്വസിപ്പിക്കുന്ന കാര്യത്തിൽ ബർന്നബാസ് എന്തു മാതൃക വെച്ചു? (ചിത്രവും കാണുക.)
3 നമുക്കു ബൈബിളിലെ ഒരു ഉദാഹരണം ചിന്തിക്കാം. യോസേഫ് എന്നു പേരുള്ള ഒരു ക്രിസ്ത്യാനി മറ്റുള്ളവരെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ നല്ലൊരു മാതൃകയായിരുന്നു. അതുകൊണ്ട് അപ്പോസ്തലന്മാർ അദ്ദേഹത്തെ ബർന്നബാസ് എന്നു വിളിച്ചു. ആ പേരിന്റെ അർഥം “ആശ്വാസപുത്രൻ” എന്നാണ്. (പ്രവൃ. 4:36, 37) അദ്ദേഹത്തിനു ശരിക്കും ചേരുന്നതായിരുന്നു ആ പേര്. അതുകൊണ്ടുതന്നെ യോസേഫ് എന്ന പേര് പിന്നെ ബൈബിളിൽ എവിടെയും ഉപയോഗിച്ചിട്ടില്ല. സഹോദരങ്ങളെ സഹായിച്ചുകൊണ്ട് ബർന്നബാസ് തന്റെ പേരിനു ചേർച്ചയിൽ പ്രവർത്തിച്ച പല സാഹചര്യങ്ങളെക്കുറിച്ചും ബൈബിളിൽ പറയുന്നുണ്ട്. ഉദാഹരണത്തിന്, ക്രിസ്ത്യാനിയായിത്തീർന്ന ഉടനെ യരുശലേമിലേക്കു പോയ ശൗൽ അവിടെയുള്ള സഹോദരങ്ങളെ കാണാൻ ആഗ്രഹിച്ചു. പക്ഷേ ശൗൽ മുമ്പ് സഹോദരങ്ങളെ ഉപദ്രവിച്ചിരുന്ന ആളായിരുന്നതുകൊണ്ട് അവിടെയുള്ളവർക്ക് അദ്ദേഹത്തെ പേടിയായിരുന്നു. അപ്പോൾ ബർന്നബാസ് ശൗലിന്റെ സഹായത്തിനെത്തി. അദ്ദേഹം ശൗലിനെ അപ്പോസ്തലന്മാർക്കു പരിചയപ്പെടുത്തിക്കൊടുത്തു.—പ്രവൃ. 9:26-28.
ബർന്നബാസ് തന്റെ പേരിന്റെ അർഥത്തിനു ചേർച്ചയിൽ ജീവിച്ചു (3-ാം ഖണ്ഡിക കാണുക)
മറ്റുള്ളവരെ എങ്ങനെ ആശ്വസിപ്പിക്കാം
4. മറ്റുള്ളവർക്ക് ആശ്വാസം കൊടുക്കാനുള്ള ഒരു നല്ല വഴി ഏതാണ്? (റോമർ 1:11, 12)
4 സാധിക്കുമെങ്കിൽ നേരിട്ടുപോയി കാണുക. മറ്റുള്ളവരെ ആശ്വസിപ്പിക്കാനായി യഹോവ തന്റെ ദാസന്മാരെ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന്, ഏലിയ പ്രവാചകൻ വിഷമിച്ചിരുന്നപ്പോൾ യഹോവ തന്റെ ദൂതനെ അയച്ച് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. (1 രാജാ. 19:4-7) അപ്പോസ്തലനായ പൗലോസും തന്റെ സഹോദരങ്ങളെ നേരിൽ കണ്ട് പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നു. (റോമർ 1:11, 12 വായിക്കുക.) ആരെയെങ്കിലും നമ്മൾ നേരിട്ട് കാണാൻ ചെല്ലുമ്പോൾ പെട്ടെന്നു പോരാതെ, ആശ്വസിപ്പിക്കാൻവേണ്ട അത്രയും സമയം അവരോടൊപ്പം ചെലവഴിക്കുക. (1 കൊരി. 16:7) എന്നാൽ നേരിൽ കാണാൻ പറ്റാത്ത സാഹചര്യമാണെങ്കിലോ? ഒന്നു ഫോൺ വിളിച്ചുകൊണ്ടോ ഒരു കാർഡോ മെസ്സേജോ അയച്ചുകൊണ്ടോ നിങ്ങൾക്ക് അവരെ ബലപ്പെടുത്താനാകും. അങ്ങനെ മറ്റുള്ളവരെ സഹായിക്കാനായി നിങ്ങൾ മനസ്സ് കാണിക്കുമ്പോൾ യഹോവയ്ക്കു നിങ്ങളെ ഉപയോഗിക്കാനാകും.
5. നമ്മുടെ സഹോദരങ്ങളെ ആശ്വസിപ്പിക്കുന്നതു ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്?
5 അവസാനത്തോട് അടുക്കുംതോറും സഹോദരങ്ങളെ നേരിട്ട് കണ്ട് ആശ്വസിപ്പിക്കുന്നതു കൂടുതൽ ബുദ്ധിമുട്ടായിവരും. പൗലോസ് റോമിലെ ജയിലിലായിരുന്നപ്പോൾ എഫെസൊസിൽനിന്നുള്ള ഒനേസിഫൊരൊസ് പൗലോസിനെ കാണാൻ ചെന്നു. അങ്ങനെ ചെയ്താൽ ജയിലിലാകാനോ ജീവൻ നഷ്ടപ്പെടാനോപോലും സാധ്യതയുണ്ടായിരുന്നു. (2 തിമൊ. 1:16-18) റഷ്യയിലെ നമ്മുടെ സഹോദരങ്ങളും ഇതേ മാതൃകയാണു പിൻപറ്റുന്നത്. വിചാരണയ്ക്കുവേണ്ടി സഹോദരങ്ങളെ കോടതിയിലേക്കു കൊണ്ടുപോകുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കാനായി മറ്റു സഹോദരങ്ങൾ അവിടെ ചെല്ലാറുണ്ട്. തങ്ങളെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെങ്കിൽപ്പോലും അവർ ധൈര്യത്തോടെ അങ്ങനെ ചെയ്യുന്നു. ഇതുപോലെ നമ്മുടെ സഹോദരങ്ങളെ ആശ്വസിപ്പിക്കാൻ നമുക്ക് എങ്ങനെ തയ്യാറെടുക്കാം? പണ്ടുകാലത്തെയും ഇപ്പോഴത്തെയും ദൈവദാസർ എങ്ങനെയാണ് പരസ്പരം പ്രോത്സാഹിപ്പിച്ചതെന്നും ഉപദ്രവങ്ങളുണ്ടായപ്പോൾ സന്തോഷം നിലനിറുത്തിയതെന്നും പഠിക്കുക.
6. ആശ്വസിപ്പിക്കുന്ന കാര്യത്തിൽ നമുക്ക് എങ്ങനെ യഹോവയെ അനുകരിക്കാം? (ചിത്രവും കാണുക.)
6 ശ്രദ്ധിച്ചുകേൾക്കുക. ജീവനു ഭീഷണി നേരിട്ടപ്പോൾ ഏലിയ പ്രവാചകൻ തന്റെ മനസ്സിൽ തോന്നിയ കാര്യങ്ങളെല്ലാം യഹോവയോട് തുറന്നുപറഞ്ഞു. ചില കാര്യങ്ങൾ വീണ്ടുംവീണ്ടും അദ്ദേഹം ആവർത്തിച്ച് പറഞ്ഞു. ഏലിയയുടെ സാഹചര്യം മുഴുവനും യഹോവയ്ക്ക് അറിയാമായിരുന്നിട്ടും ഏലിയ പറഞ്ഞ കാര്യങ്ങളെല്ലാം സ്നേഹവാനായ ദൈവം ക്ഷമയോടെ കേട്ടിരുന്നു. (1 രാജാ. 19:9, 10, 14) ഹബക്കൂക്ക് പ്രവാചകനും തന്റെ മനസ്സിൽ തോന്നിയ ചിന്തകളും സംശയങ്ങളും എല്ലാം യഹോവയോടു തുറന്നുപറഞ്ഞു. ഹബക്കൂക്കിന്റെ വാക്കുകൾ ദൈവത്തിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നതുപോലെ തോന്നിയേക്കാമായിരുന്നിട്ടും യഹോവ അതെല്ലാം ശ്രദ്ധിച്ചുകേട്ടു. (ഹബ. 1:2, 3) ഇന്നും നമുക്കു വേണ്ടത് എന്താണെന്ന് യഹോവയ്ക്ക് അറിയാമെങ്കിലും നമ്മൾ അതെക്കുറിച്ച് പ്രാർഥിക്കുമ്പോൾ യഹോവ ശ്രദ്ധിച്ചുകേൾക്കുന്നു. നമുക്ക് എങ്ങനെ യഹോവയെ അനുകരിക്കാം? നമ്മുടെ സഹോദരങ്ങൾ മനസ്സുതുറക്കുമ്പോൾ അവരെ ആദരവോടെ ശ്രദ്ധിക്കുക. ‘കേൾക്കാൻ തിടുക്കമുള്ളവരായിരിക്കുക.’ ഒരുപക്ഷേ അവർ ഒരേ കാര്യങ്ങൾ തന്നെയുംപിന്നെയും പറഞ്ഞാലോ പരുക്കൻ രീതിയിൽ സംസാരിച്ചാലോപോലും അവരോടു ദേഷ്യപ്പെടരുത്. അവരെ തടസ്സപ്പെടുത്താതെ നമുക്കു ശ്രദ്ധിച്ചുകേട്ടിരിക്കാം.—യാക്കോ. 1:19; സഭാ. 7:9.
സഹോദരങ്ങൾ സംസാരിക്കുമ്പോൾ ശ്രദ്ധിച്ച് കേട്ടുകൊണ്ട് യഹോവയെ അനുകരിക്കുക (6-ാം ഖണ്ഡിക കാണുക)
7. വിഷമിച്ചിരിക്കുന്ന ഒരാൾക്ക് എന്താണു വേണ്ടതെന്ന് എങ്ങനെ കണ്ടെത്താം?
7 എന്തു സഹായമാണ് കൊടുക്കേണ്ടതെന്നു കണ്ടെത്തുക. യഹോവയെപ്പോലെ ആളുകളുടെ ഹൃദയം വായിക്കാൻ നമുക്കു കഴിയില്ല. അതുകൊണ്ട് നമ്മുടെ സഹോദരങ്ങൾ സംസാരിക്കുമ്പോൾ ശ്രദ്ധിച്ചുകേട്ടാലേ, അവർക്കുവേണ്ട ആശ്വാസം എന്താണെന്നു കണ്ടെത്താൻ പറ്റൂ. ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിൽ നമ്മൾ എന്താണോ പ്രതീക്ഷിക്കുന്നത് അതുതന്നെയായിരിക്കും അതേ സാഹചര്യത്തിൽ അവർക്കും വേണ്ടതെന്നു നമ്മൾ നിഗമനം ചെയ്യരുത്. നമ്മളെല്ലാം വ്യത്യസ്തരാണെന്ന് ഓർക്കുക. അതുകൊണ്ട് സമയമെടുത്ത് ശ്രദ്ധിച്ചുകേൾക്കാം. നയപൂർവം നല്ല ചോദ്യങ്ങൾ ചോദിച്ച് അവരുടെ ഉള്ളിലുള്ളത് എന്താണെന്നു കണ്ടെത്താൻ ശ്രമിക്കുക.—സുഭാ. 20:5.
8. മാർത്തയെയും മറിയയെയും യേശു എങ്ങനെയാണ് ആശ്വസിപ്പിച്ചത്? (ചിത്രങ്ങളും കാണുക.)
8 മാർത്തയുടെയും മറിയയുടെയും ആങ്ങളയായ ലാസർ മരിച്ചപ്പോൾ യേശു അവരെ ആശ്വസിപ്പിച്ചതിനെക്കുറിച്ച് ചിന്തിക്കുക. അവർക്കു രണ്ടു പേർക്കും ഉണ്ടായ നഷ്ടം ഒന്നുതന്നെയായിരുന്നു. പക്ഷേ യേശു അവരെ ആശ്വസിപ്പിച്ചതു വ്യത്യസ്തരീതിയിലാണ്. മാർത്ത സംസാരിച്ച് കഴിഞ്ഞപ്പോൾ യേശു പുനരുത്ഥാനത്തെക്കുറിച്ചുള്ള സത്യങ്ങൾ പങ്കുവെക്കുകയും അതിലുള്ള അവളുടെ വിശ്വാസം ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്തു. എന്നാൽ മറിയ യേശുവിന്റെ അടുത്ത് കരഞ്ഞുകൊണ്ട് വന്നപ്പോൾ യേശു പുനരുത്ഥാനത്തെപ്പറ്റി ഒന്നും പറഞ്ഞതായി ബൈബിളിൽ കാണുന്നില്ല. പകരം മറിയയോടൊപ്പം കരയുകയും ലാസറിനെ എവിടെയാണ് അടക്കിയതെന്നു ചോദിക്കുകയും ആണ് ചെയ്തത്. (യോഹ. 11:20-35) എന്താണു നമുക്കുള്ള പാഠം? വിഷമിച്ചിരിക്കുന്നവരെ നമ്മൾ ആശ്വസിപ്പിക്കുമ്പോൾ അവർക്ക് എന്തു സഹായമാണു വേണ്ടതെന്നു കണ്ടെത്തണം. അല്ലാതെ എല്ലാവർക്കും ഒരേ സഹായമാണ് എപ്പോഴും വേണ്ടതെന്നു ചിന്തിക്കരുത്.
മറ്റുള്ളവരെ ആശ്വസിപ്പിക്കുമ്പോൾ അവർക്ക് എന്താണു വേണ്ടതെന്നു കണ്ടെത്താൻ ശ്രമിക്കുക (8-ാം ഖണ്ഡിക കാണുക)a
9. മറ്റുള്ളവർക്ക് ആശ്വാസം നൽകാൻ ബൈബിൾ എങ്ങനെ ഉപയോഗിക്കാം? (റോമർ 15:4, 5)
9 ബൈബിൾ ഉപയോഗിക്കുക. ‘തിരുവെഴുത്തുകൾ നൽകുന്ന ആശ്വാസം’ ഒരാൾക്കു കൊടുക്കുമ്പോൾ പ്രത്യാശ ശക്തമാക്കാൻ ആ വ്യക്തിയെ നിങ്ങൾ സഹായിക്കുകയാണ്. (റോമർ 15:4, 5 വായിക്കുക.) ആ പ്രത്യാശ അദ്ദേഹത്തിനു വേണ്ട കൂടുതലായ ആശ്വാസവും പ്രോത്സാഹനവും നൽകും. (യശ. 40:31) എങ്കിൽ മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ പറ്റുന്ന ഒരു തിരുവെഴുത്ത് എങ്ങനെ കണ്ടെത്താനാകും? ചില സഹോദരങ്ങൾ ആശ്വാസം പകരുന്ന തിരുവെഴുത്തുകളുടെ ഒരു ലിസ്റ്റ് സൂക്ഷിക്കുന്നു. ക്രിസ്തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ എന്ന പുസ്തകത്തിലെ “ആശ്വാസം” എന്ന തലക്കെട്ടിന്റെ കീഴിലുള്ള തിരുവെഴുത്തുകൾ നിങ്ങൾക്ക് ഉപയോഗിക്കാനായേക്കും. ഇനി ബൈബിളിലൂടെ സഹോദരങ്ങളെ ഏറ്റവും നന്നായി പ്രോത്സാഹിപ്പിക്കാൻവേണ്ട സഹായത്തിനായി പ്രാർഥിക്കുക. ആശ്വസിപ്പിക്കുന്ന തിരുവെഴുത്തുകൾ ഓർത്തെടുക്കാൻ യഹോവയുടെ ആത്മാവിനു നിങ്ങളെ സഹായിക്കാനാകും.—യോഹ. 14:26.
10. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുമ്പോൾ ദയയോടെ സംസാരിക്കേണ്ടത് എന്തുകൊണ്ട്?
10 ദയയോടെ സംസാരിക്കുക. മറ്റുള്ളവരെ ആശ്വസിപ്പിക്കുമ്പോൾ ചിലപ്പോഴെങ്കിലും അവരുടെ ചിന്തയിൽ മാറ്റംവരുത്താൻ അവരെ സഹായിക്കേണ്ടതായി വന്നേക്കാം. അങ്ങനെ സംസാരിക്കേണ്ടിവന്നാൽ നമ്മൾ വളരെ ചിന്തിച്ചുവേണം വാക്കുകൾ തിരഞ്ഞെടുക്കാൻ. അല്ലെങ്കിൽ അതു ഗുണത്തെക്കാളേറെ ദോഷം ചെയ്യും. (സുഭാ. 12:18) ഇക്കാര്യത്തിൽ ഏറ്റവും നല്ല മാതൃക വെച്ചിരിക്കുന്നത് യഹോവയാണ്. ഉദാഹരണത്തിന്, ഒരിക്കൽ ഏലിയ യഹോവയെ സേവിക്കുന്നതു താൻ മാത്രമാണെന്നും ദൈവത്തിന്റെ ഒരു പ്രവാചകൻ എന്ന നിലയിൽ തന്റെ സേവനം ഒരു പരാജയമാണെന്നും തെറ്റായി ചിന്തിച്ചു. അപ്പോൾ ഏലിയ ചിന്തിക്കുന്ന രീതി ശരിയല്ലെന്നു നേരിട്ട് പറയുന്നതിനു പകരം യഹോവ ദയയോടെ ചിന്തകളിൽ മാറ്റം വരുത്താൻ ഏലിയയെ സഹായിച്ചു. (1 രാജാ. 19:15-18) ഇതുപോലെ ചിന്തിച്ച്, ദയയോടെ സംസാരിക്കുന്നെങ്കിൽ നിങ്ങൾക്കും യഹോവയുടെ മാതൃക അനുകരിക്കാനാകും. ക്രിസ്തീയ യോഗങ്ങളിൽ പരിപാടികൾ നടത്തുകയോ ഉത്തരം പറയുകയോ ചെയ്യുമ്പോൾ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്ന രീതിയിൽ സംസാരിക്കുക.
11. ബുദ്ധിമുട്ടിലായിരിക്കുന്നവർക്ക് മിക്കപ്പോഴും എന്ത് ആവശ്യമായിവന്നേക്കാം? (1 യോഹന്നാൻ 3:18)
11 പ്രായോഗികമായ സഹായം കൊടുക്കുക. ബുദ്ധിമുട്ടിലായിരിക്കുന്ന നമ്മുടെ സഹോദരങ്ങൾക്കു മിക്കപ്പോഴും ആശ്വാസവാക്കുകൾ മാത്രം മതിയാകില്ല; അവർക്കു പ്രായോഗികസഹായവും വേണ്ടിവന്നേക്കാം. (1 യോഹന്നാൻ 3:18 വായിക്കുക.) ഇക്കാര്യത്തിൽ ബർന്നബാസ് നല്ലൊരു മാതൃകയാണ്. ബുദ്ധിമുട്ടിലായിരുന്ന സഹോദരങ്ങളെ സഹായിക്കാനായി അദ്ദേഹം തന്റെ കുറച്ച് സ്ഥലം വിൽക്കുകയും പണം കൊടുക്കുകയും ചെയ്തു. (പ്രവൃ. 4:36, 37) ബർന്നബാസിന്റെ മാതൃക അനുകരിച്ചുകൊണ്ട് ഇന്നും പല ക്രിസ്ത്യാനികളും ബുദ്ധിമുട്ടിലായിരിക്കുന്ന സഹോദരങ്ങൾക്ക് ആവശ്യമായ പ്രായോഗികസഹായം ചെയ്യുന്നു. പോളണ്ടിൽനിന്നുള്ള ഗബ്രിയേല സഹോദരിയുടെ അനുഭവം അതാണു കാണിക്കുന്നത്. ഒരു വെള്ളപ്പൊക്കത്തിൽ സഹോദരിയുടെ വീടിനു കാര്യമായ കേടുപാടുകൾ പറ്റി. സഹോദരി പറയുന്നു: “ഞാനും എന്റെ മാതാപിതാക്കളും ശരിക്കും പേടിച്ചുപോയി. ഞങ്ങൾ ആകെ സങ്കടത്തിലായി. ഇനി, ഇതൊക്കെ എങ്ങനെ നന്നാക്കിയെടുക്കുമെന്നു ഞാൻ ചിന്തിച്ചു. എന്നാൽ അടുത്തുള്ള സഭകളിലെ സഹോദരങ്ങൾ വന്ന് എന്റെ വീടിന്റെ പണികളെല്ലാം ചെയ്തുതന്നു; അതും ഒറ്റ ദിവസംകൊണ്ട്! ആ അനുഭവം എന്റെ വിശ്വാസം ശക്തമാക്കി. തന്റെ ജനത്തെ ഉപയോഗിച്ചുകൊണ്ട് യഹോവയ്ക്കു നമ്മളെ സഹായിക്കാനാകുമെന്ന് എനിക്ക് ഉറപ്പായി.”
12. പ്രശ്നങ്ങൾ ഉള്ളപ്പോൾ നിങ്ങൾ വിശ്വസ്തരായിരിക്കുന്നതു മറ്റുള്ളവരെ എങ്ങനെ സഹായിക്കും?
12 നിങ്ങൾ യഹോവയോടു വിശ്വസ്തരായിരിക്കുക. ഉപദ്രവങ്ങളുണ്ടായപ്പോൾ തെസ്സലോനിക്യയിലെ ക്രിസ്ത്യാനികൾ വിശ്വസ്തരാണെന്നു കേട്ടതു പൗലോസിനു കരുത്തുപകർന്നു. അവരെ സഹായിക്കാനായി മുമ്പ് പൗലോസ് ഒരുപാടു കഷ്ടപ്പെട്ടിട്ടുള്ളതാണ്. ഇപ്പോഴും അവർ യഹോവയെ വിശ്വസ്തമായി സേവിക്കുന്നു എന്ന് അറിഞ്ഞത് അദ്ദേഹത്തെ ശരിക്കും സന്തോഷിപ്പിച്ചു. (1 തെസ്സ. 3:5-8) അതുപോലെ പ്രശ്നങ്ങളുണ്ടാകുമ്പോൾ താനും യഹോവയോടു വിശ്വസ്തനായി തുടർന്നാൽ എല്ലാ സഹോദരങ്ങൾക്കും, തന്നെ നേരിൽ കണ്ടിട്ടില്ലാത്തവർക്കുപോലും അതൊരു പ്രോത്സാഹനമായിരിക്കും എന്നു പൗലോസ് തിരിച്ചറിഞ്ഞു. (കൊലോ. 2:1, 2) അതുപോലെതന്നെ പ്രശ്നങ്ങളുണ്ടാകുമ്പോൾ നമ്മളും വിശ്വസ്തരായിരിക്കണം. സഹിച്ചുനിൽക്കാൻ യഹോവ നമ്മളെ സഹായിക്കുന്നതു നമ്മുടെ സഹോദരങ്ങൾ കാണുമ്പോൾ അത് അവർക്കു വലിയൊരു പ്രോത്സാഹനമായിരിക്കും.
13. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുമ്പോൾ നമ്മൾ എന്തുകൂടി ഓർക്കണം?
13 ക്ഷമ കാണിക്കുക. വിഷമിച്ചിരിക്കുന്ന സഹോദരങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ നമ്മുടെ സഹായത്തോട് അവർ പെട്ടെന്നു പ്രതികരിക്കണമെന്നില്ല. എന്നാൽ തിരുവെഴുത്തുകൾ പറയുന്നത് “പരസ്പരം ആശ്വസിപ്പിച്ചുകൊണ്ടിരിക്കുക” എന്നാണ്. “ആശ്വസിപ്പിച്ചുകൊണ്ടിരിക്കുക” എന്നു പറഞ്ഞാൽ അതു തുടർച്ചയായി ചെയ്യേണ്ടതാണ്. (1 തെസ്സ. 4:18) അതുകൊണ്ട് സഹോദരങ്ങളെ സഹായിക്കുമ്പോൾ ക്ഷമയുള്ളവരായിരിക്കുക. വീണ്ടുംവീണ്ടും അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുക. (1 തെസ്സ. 5:14) എന്നാൽ ചില സമയം നമുക്കായിരിക്കാം ആശ്വാസം വേണ്ടിവരുന്നത്. അപ്പോൾ നമ്മൾ എന്തു ചെയ്യണം?
നിങ്ങൾക്ക് ആശ്വാസം വേണ്ടിവരുമ്പോൾ
14-15. നമുക്കു സങ്കടം തോന്നുമ്പോൾ എന്തു ചെയ്യാനാകും?
14 യഹോവയോടു പ്രാർഥിക്കുക. നിരാശയോ ഉത്കണ്ഠയോ തോന്നുമ്പോൾ നമ്മളെ ആശ്വസിപ്പിക്കണേ എന്ന് യഹോവയോടു പ്രാർഥിക്കാനാകും. (സങ്കീ. 94:19) നമുക്ക് എന്താണോ തോന്നുന്നത് അത് അതുപോലെതന്നെ യഹോവയോടു തുറന്നുപറയുക. (സങ്കീ. 62:8) നമ്മൾ പ്രാർഥിക്കുന്നതിനു മുമ്പുതന്നെ നമ്മുടെ ഹൃദയത്തിലുള്ളതെല്ലാം യഹോവയ്ക്ക് അറിയാം എന്നതു ശരിയാണ്. പക്ഷേ, ഉള്ളിലുള്ളതെല്ലാം തുറന്നുപറയുമ്പോൾ യഹോവയിലുള്ള വിശ്വാസമാണു നമ്മൾ കാണിക്കുന്നത്. നമ്മൾ അങ്ങനെ വിശ്വാസത്തോടെ പ്രാർഥിക്കുമ്പോൾ യഹോവ ഏതെങ്കിലും വിധത്തിൽ ഉറപ്പായും നമ്മളെ സഹായിക്കും. (മർക്കോ. 11:24) ഫിലിപ്പിയർ 4:6, 7 ഇങ്ങനെയാണു പ്രോത്സാഹിപ്പിക്കുന്നത്: “നിങ്ങളുടെ അപേക്ഷകൾ . . . ദൈവത്തെ അറിയിക്കുക. അപ്പോൾ മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും ക്രിസ്തുയേശു മുഖാന്തരം കാക്കും.”
15 മറ്റുള്ളവരോടു സഹായം ചോദിക്കുക. നിങ്ങൾ മനസ്സ് തുറക്കാൻ ആഗ്രഹിക്കുന്ന ഒരു സുഹൃത്തിനോടോ മൂപ്പനോടോ നിങ്ങളുടെ സങ്കടങ്ങളെല്ലാം പറയാനാകും. സഹോദരങ്ങൾ തീർച്ചയായും നിങ്ങളെ സഹായിക്കും. പക്ഷേ ബുദ്ധിമുട്ടുകളും സങ്കടങ്ങളും അവരോടു തുറന്നുപറഞ്ഞാലേ അവർക്കു നിങ്ങളെ ആശ്വസിപ്പിക്കാൻ കഴിയൂ. (സുഭാ. 14:10) നിങ്ങളുടെ സങ്കടങ്ങളൊക്കെ ഒന്നു ശ്രദ്ധിച്ചുകേൾക്കാനും ആശ്വാസം പകരുന്ന ഒരു തിരുവെഴുത്തോ ലേഖനമോ പങ്കുവെക്കാനും നിങ്ങൾക്ക് അവരോടു പറയാം.
16. സഹോദരങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുമ്പോൾ എന്തു സംഭവിച്ചേക്കാം, എന്നാൽ നിങ്ങൾ എന്ത് ഓർക്കണം?
16 ക്ഷമിക്കുന്നവരായിരിക്കുക. സഹോദരങ്ങൾ നിങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ അവർക്ക് അറിയാതെ ചില തെറ്റുകൾ ഒക്കെ പറ്റിയേക്കാം. ഉദാഹരണത്തിന്, നിങ്ങളെ വിഷമിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തേക്കാം. അങ്ങനെ സംഭവിച്ചാൽ അവരോടു ക്ഷമിക്കുക. (1 കൊരി. 13:4, 7) യാക്കോബ് 3:2 ഇങ്ങനെ പറയുന്നു: ‘വാക്കു പിഴയ്ക്കാത്ത ആരെങ്കിലുമുണ്ടെങ്കിൽ അയാൾ പൂർണമനുഷ്യനാണ്.’ അതുകൊണ്ട് നിങ്ങളെ സഹായിക്കാൻ വന്ന സഹോദരങ്ങളുടെ നല്ല ഉദ്ദേശ്യത്തിൽ ശ്രദ്ധിക്കുക. “ആത്മാവ് തയ്യാറാണെങ്കിലും ശരീരം ബലഹീനമാണ്” എന്ന കാര്യം ഓർക്കാം.—മത്താ. 26:41.
17. എന്തു ചെയ്യാൻ നമ്മൾ തീരുമാനിച്ചുറയ്ക്കണം?
17 ഈ കാലത്ത് ജീവിക്കുന്ന നമുക്കെല്ലാം ആശ്വാസവും പ്രോത്സാഹനവും ആവശ്യമാണ്. അവസാനത്തോട് അടുക്കുംതോറും നമുക്ക് അതു കൂടുതൽ ആവശ്യമായിവരും. ദൈവജനത്തിന് എതിരെയുള്ള ആക്രമണം സാത്താൻ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് പരസ്പരം ആശ്വസിപ്പിക്കാൻ കഴിയുന്നതെല്ലാം ചെയ്യാൻ നമുക്കു തീരുമാനിച്ചുറയ്ക്കാം.
ഗീതം 130 ക്ഷമിക്കുന്നവരായിരിക്കുക
a ചിത്രത്തിന്റെ വിവരണം: അടുത്തിടെ ഭാര്യയെ മരണത്തിൽ നഷ്ടപ്പെട്ട ഒരു സഹോദരൻ സംസാരിക്കുമ്പോൾ ഒരു മൂപ്പൻ ദയയോടെ ശ്രദ്ധിച്ചുകേൾക്കുന്നു. പിന്നീട് അതേ മൂപ്പൻ, വർഷങ്ങൾക്കു മുമ്പു ഭാര്യയെ മരണത്തിൽ നഷ്ടപ്പെട്ട ഒരു സഹോദരന്റെ അടുത്തുപോകുന്നു. അവർ രണ്ടു പേരും സഹോദരിയെക്കുറിച്ചുള്ള നല്ല ഓർമകൾ പങ്കുവെക്കുന്നു.