2026 ജൂൺ 15–21
ഗീതം 122 അചഞ്ചലരായ് ഉറച്ചുനിൽക്കാം
ദുരിതങ്ങളെക്കുറിച്ച് ശരിയായ കാഴ്ചപ്പാടുണ്ടായിരിക്കുക
“ദുരിതവും കഷ്ടപ്പാടും എന്നെ പിടികൂടുമ്പോഴും അങ്ങയുടെ കല്പനകൾ എനിക്കു പ്രിയം.”—സങ്കീ. 119:143.
ഉദ്ദേശ്യം
ദുരിതങ്ങളെക്കുറിച്ച് ശരിയായ വീക്ഷണമുണ്ടായിരിക്കുന്നതു വിശ്വസ്തരായിരിക്കാനും സന്തോഷത്തോടെ തുടരാനും എങ്ങനെ സഹായിക്കുമെന്നു നോക്കും.
1-2. ജീവിതത്തിലുണ്ടാകുന്ന ദുരിതങ്ങളെ വിജയകരമായി നേരിടാൻ നമുക്ക് എങ്ങനെ കഴിയും? (ചിത്രവും കാണുക.)
നിങ്ങൾ ഇപ്പോൾ വിശ്വാസത്തിന്റെ പേരിൽ അനീതിയോ കുടുംബത്തിൽനിന്നുള്ള എതിർപ്പോ ഉപദ്രവമോ നേരിടുകയാണോ? ആരോഗ്യപ്രശ്നങ്ങളോ പ്രായത്തിന്റെ ബുദ്ധിമുട്ടുകളോ നിങ്ങളെ അലട്ടുന്നുണ്ടോ? പ്രിയപ്പെട്ട ഒരാളുടെ മരണംപോലുള്ള വലിയ എന്തെങ്കിലും നഷ്ടം നിങ്ങളുടെ ജീവിതത്തിലുണ്ടായോ? എങ്കിൽ, യഹോവയുടെ വിലപ്പെട്ട ആടുകളിൽ പലരുടെയുംപോലെ നിങ്ങളുടെ ജീവിതവും ‘കഷ്ടതകളും സങ്കടങ്ങളും നിറഞ്ഞതായിരിക്കാം.’—സങ്കീ. 90:10.
2 ദുരിതങ്ങളുണ്ടാകുമ്പോൾ പിടിച്ചുനിൽക്കാൻ കഴിയണമെങ്കിൽ നമുക്ക് അതെക്കുറിച്ച് ശരിയായ ഒരു കാഴ്ചപ്പാടുണ്ടായിരിക്കണം. എന്നു പറഞ്ഞാൽ എന്താണ് അർഥം? അതു മനസ്സിലാക്കാൻ ഒരു ദൃഷ്ടാന്തം നോക്കാം. നമ്മൾ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെ, കാർ ഓടിക്കുമ്പോൾ മുന്നിലുണ്ടാകുന്ന തടസ്സങ്ങളോട് ഉപമിക്കാം. എന്തു തടസ്സമാണ് എന്നതനുസരിച്ച് നമ്മൾ കാർ ഇടത്തോട്ടോ വലത്തോട്ടോ തിരിക്കുകയോ വേഗത കുറയ്ക്കുകയോ തത്കാലത്തേക്കു നിറുത്തുകയോ ഒക്കെ ചെയ്തേക്കാം. എന്നാൽ അങ്ങനെ എന്തെങ്കിലും ചെയ്യാൻ പറ്റണമെങ്കിൽ മുന്നിലുള്ള തടസ്സം എന്താണെന്നു നമുക്കു വ്യക്തമായി കാണാൻ കഴിയണം. കാറിന്റെ ചില്ലിൽ മൂടൽമഞ്ഞോ അഴുക്കോ ഉണ്ടെങ്കിൽ നമുക്കു തടസ്സം വ്യക്തമായി കാണാൻ കഴിയില്ല. ഇതുപോലെ ജീവിതത്തിലുണ്ടാകുന്ന ദുരിതങ്ങളെ വിജയകരമായി നേരിടാനാകണമെങ്കിൽ നമുക്ക് അതിനെ യഹോവ കാണുന്നതുപോലെ കാണാൻ കഴിയണം. അതുകൊണ്ട് ഈ ലേഖനത്തിൽ (1) ദുരിതങ്ങളെക്കുറിച്ചുള്ള ശരിയായ വീക്ഷണം എന്താണെന്നും (2) നമ്മുടെ സാഹചര്യത്തെക്കുറിച്ച് തെറ്റായ ഒരു വീക്ഷണമാണുള്ളതെങ്കിൽ അതു നമുക്ക് എങ്ങനെ ദോഷം ചെയ്യുമെന്നും (3) പ്രശ്നങ്ങളുണ്ടാകുമ്പോൾ ശരിയായ വീക്ഷണം നിലനിറുത്താൻ നമുക്ക് എന്തു ചെയ്യാനാകുമെന്നും ചർച്ച ചെയ്യും.
ദുരിതങ്ങളെ ശരിയായ രീതിയിൽ കാണാൻ കഴിഞ്ഞാൽ നമുക്ക് അതിനെ വിജയകരമായി നേരിടാനാകും (2-ാം ഖണ്ഡിക കാണുക)
ദുരിതങ്ങളെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട്
3. ഈ വ്യവസ്ഥിതിയിലെ ജീവിതത്തെക്കുറിച്ച് നമ്മൾ എന്ത് അംഗീകരിക്കണം?
3 ഈ ദുഷ്ടലോകത്തിൽ ദുരിതങ്ങൾ നമുക്ക് ഒഴിവാക്കാൻ പറ്റില്ല. നമ്മൾ അപൂർണരായതുകൊണ്ടും സാത്താൻ ഈ ലോകത്തെ ഭരിക്കുന്നതുകൊണ്ടും ദുരിതങ്ങൾ നമുക്കെല്ലാമുണ്ടാകും. ഇനി ഈ വ്യവസ്ഥിതി അതിന്റെ അവസാനത്തോട് അടുക്കുംതോറും നമ്മുടെ പ്രശ്നങ്ങൾ കൂടുകയേ ഉള്ളൂ. അതു ചിലപ്പോൾ പ്രകൃതിവിപത്തുകളോ മനുഷ്യർതന്നെ വരുത്തിവെക്കുന്ന ദുരന്തങ്ങളോ ദുഷ്ടരായ ആളുകൾ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങളോ ഒക്കെയായിരിക്കാം. (മത്താ. 24:8; 2 തിമൊ. 3:13) ഈ പ്രശ്നങ്ങളെല്ലാം യഹോവ ഇപ്പോൾ പരിഹരിക്കാൻപോയാൽ ഈ ലോകം ഭരിക്കാൻ സാത്താനെ സഹായിക്കുന്നതുപോലെ ആയിരിക്കും. അതുകൊണ്ട് സാത്താൻ ഭരിക്കുന്നിടത്തോളം കാലം നമുക്കു പ്രശ്നങ്ങൾ ഉണ്ടാകുകതന്നെ ചെയ്യും.—സഭാ. 9:12.
4. നമ്മൾ കഷ്ടപ്പാട് അനുഭവിക്കുന്നതിന്റെ മറ്റൊരു കാരണം എന്താണ്?
4 ക്രിസ്ത്യാനികൾക്കു കൂടുതൽ കഷ്ടപ്പാടുകളുണ്ടാകും. വിശ്വാസത്തിന്റെ പേരിൽ ശിഷ്യന്മാർ ഉപദ്രവിക്കപ്പെടുമെന്ന് യേശു അവരെ കൂടെക്കൂടെ ഓർമിപ്പിച്ചു. (മത്താ. 24:9; യോഹ. 16:2) ഇക്കാര്യം ഓർക്കുന്നതു പ്രശ്നങ്ങൾ നേരിടേണ്ടിവരുമ്പോൾ വിശ്വാസത്തിൽനിന്ന് വീണുപോകാതിരിക്കാൻ നമ്മളെ സഹായിക്കും. (1 തെസ്സ. 3:3, 4) പരിശോധനകളുണ്ടാകുമ്പോൾ ശക്തമായ വിശ്വാസത്തോടെ നമ്മൾ ഉറച്ചുനിൽക്കുന്നെങ്കിൽ നിത്യജീവനിലേക്കു നയിക്കുന്ന പാതയിൽത്തന്നെയാണ് നമ്മൾ എന്ന് ഉറപ്പിക്കാനാകും. ഇനി യഹോവയും സാത്താനും ഉൾപ്പെട്ട ഒരു വലിയ വിവാദവിഷയമുണ്ടെന്നു നമുക്ക് അറിയാം. നമ്മൾ യഹോവയെ സേവിക്കുന്നതു സ്വാർഥലക്ഷ്യങ്ങളുടെ പേരിലാണെന്നു സാത്താൻ വാദിച്ചിരിക്കുന്നു. ഈ വാദം തെളിയിക്കാനായി സാത്താൻ യഹോവയുടെ ജനത്തിന് എതിരെ ശക്തമായ ആക്രമണങ്ങൾ കൊണ്ടുവരും. (ഇയ്യോ. 1:9-11) എന്നാൽ യഹോവയോടുള്ള സ്നേഹം കാരണം നമ്മൾ ഇതെല്ലാം സഹിച്ചുനിന്നാൽ നമ്മൾ യഹോവയുടെ പക്ഷത്താണെന്നു തെളിയിക്കുകയായിരിക്കും. അങ്ങനെ നമുക്ക് യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാനാകും.—സുഭാ. 27:11.
5. സഭാപ്രസംഗകൻ 7:13, 14-ൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ചിത്രങ്ങളും കാണുക.)
5 യഹോവ ദുരിതങ്ങൾ അനുവദിക്കുന്നു. യഹോവ ദുഷ്ടത പ്രവർത്തിക്കുകയോ മോശം കാര്യങ്ങൾ വരുത്തിക്കൊണ്ട് നമ്മളെ പരീക്ഷിക്കുകയോ ചെയ്യുന്നില്ല. (യാക്കോ. 1:13) എന്നാൽ ‘ദുരന്തദിവസം,’ “സത്യദൈവത്തിന്റെ പ്രവൃത്തി” ആണെന്നു ശലോമോൻ എഴുതി. (സഭാപ്രസംഗകൻ 7:13, 14 വായിക്കുക.) അതിന്റെ അർഥം മോശം കാര്യങ്ങൾ യഹോവ വരുത്തുന്നു എന്നല്ല പകരം അതു സംഭവിക്കാൻ അനുവദിക്കുന്നു എന്നാണ്. അങ്ങനെയെങ്കിൽ സഭാപ്രസംഗകൻ 7:13, 14-ലെ ശലോമോന്റെ വാക്കുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും? ആദ്യത്തെ കാര്യം സാത്താന്റെ ഈ ലോകത്തിൽ ജീവിക്കുന്ന അപൂർണരായ നമുക്കു നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ടാകുമെന്ന് അംഗീകരിക്കണം. നമ്മുടേത് ഒരു നല്ല ദിവസം ആണെങ്കിൽ അത് യഹോവയിൽനിന്നുള്ള ഒരു സമ്മാനമായി കണ്ട് നമുക്കു ദൈവത്തോടു നന്ദി പറയാനാകും. രണ്ടാമത്തെ കാര്യം ജീവിതത്തിൽ നല്ലതാണോ മോശമാണോ ‘സംഭവിക്കാൻപോകുന്നതെന്നു മുന്നമേ കൃത്യമായി അറിയാനാകില്ല’ എന്നതാണ്. അപ്രതീക്ഷിതമായ പ്രശ്നങ്ങൾ നല്ലവരെയും മോശം ആളുകളെയും ഒരുപോലെ ബാധിക്കും.
സാത്താന്റെ ഈ ലോകത്തിൽ നമുക്കു നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ടാകുമെന്ന് അംഗീകരിക്കണം (5-ാം ഖണ്ഡിക കാണുക)
6. യഹോവ ദുരിതങ്ങൾ അനുവദിക്കുന്നത് എന്തുകൊണ്ടായിരിക്കാം? (എബ്രായർ 12:7, 11)
6 ഒരു പ്രശ്നത്തിലൂടെ കടന്നുപോകുമ്പോൾ നമ്മളിലല്ല യഹോവയിൽ ആശ്രയിക്കാൻ യഹോവയ്ക്കു നമ്മളെ പഠിപ്പിക്കാനാകും. നമുക്ക് ഒരു പ്രശ്നമുണ്ടായാൽ യഹോവ അതു കാണുന്നുണ്ടെന്നും അതിൽ സങ്കടപ്പെടുന്നുണ്ടെന്നും നമുക്ക് ഓർക്കാം. “കൂരിരുൾത്താഴ്വരയിലൂടെ” പോകാൻ അനുവദിച്ചാലും യഹോവ നമ്മളെ വഴി നയിക്കുകയും സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പു തരുകയും സഹിച്ചുനിൽക്കാൻ വേണ്ട ശക്തി തരുകയും ചെയ്യും. (സങ്കീ. 23:4) അതുപോലെ ദുരിതങ്ങൾ, നമ്മുടെ കുറവുകൾ എന്താണെന്നു കണ്ടെത്താൻ സഹായിക്കും. യഹോവയുടെ സഹായത്താൽ അങ്ങനെ നമ്മുടെ വ്യക്തിത്വം മെച്ചപ്പെടുത്താനുമാകും. (എബ്രായർ 12:7, 11 വായിക്കുക.) ഉദാഹരണത്തിന്, ഇയ്യോബിന് താഴ്മ വളർത്തേണ്ടതുണ്ടായിരുന്നു. ഇയ്യോബിന്റെ പ്രശ്നങ്ങൾ യഹോവ വരുത്തിയതല്ലെങ്കിലും അതു സംഭവിക്കാൻ യഹോവ അനുവദിച്ചു. ഇയ്യോബിനെ പല പാഠങ്ങളും പഠിപ്പിക്കാൻ ദൈവം ആ സാഹചര്യം ഉപയോഗിച്ചു. (ഇയ്യോ. 42:1-6) നമ്മുടെ ജീവിതത്തിൽ യഹോവ അനുവദിക്കുന്ന പ്രശ്നങ്ങൾ എന്തുതന്നെയായാലും അതൊന്നും നമുക്കു നിലനിൽക്കുന്ന ദോഷം വരുത്തില്ല. വിശ്വസ്തരായി സഹിച്ചുനിന്നാൽ നമ്മൾ “സമ്പൂർണവിജയം” നേടി പുറത്തുവരും.—റോമ. 8:35-39.
7. വിശ്വാസത്തിന്റെ പേരിൽ ഉപദ്രവങ്ങൾ നേരിടുമ്പോഴും നമുക്കു സന്തോഷിക്കാനാകുന്നത് എന്തുകൊണ്ട്?
7 ഉപദ്രവങ്ങളുണ്ടാകുമ്പോഴും നമുക്കു സന്തോഷിക്കാനാകും. വിശ്വാസത്തിന്റെ പേരിൽ നമുക്ക് ഉപദ്രവങ്ങളുണ്ടാകുമ്പോൾ യഹോവയുടെ അനുഗ്രഹം നഷ്ടമായെന്ന് ഒരിക്കലും ചിന്തിക്കരുത്. ശരിക്കും പറഞ്ഞാൽ അത്തരം ഉപദ്രവങ്ങൾ യഹോവയുടെ അംഗീകാരം നമുക്കുണ്ട് എന്നതിന്റെ തെളിവാണ്. (മത്താ. 5:10-12) ശരിയായ ഒരു വീക്ഷണമുണ്ടെങ്കിൽ, ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഉപദ്രവങ്ങൾ സഹിക്കുമ്പോഴും സന്തോഷവും ആത്മാഭിമാനവും നിലനിറുത്താൻ നമുക്കു കഴിയും. അപ്പോസ്തലന്മാർക്ക് അതിനു കഴിഞ്ഞു. (പ്രവൃ. 5:40-42) കൂടാതെ നമ്മൾ സഹിച്ചുനിൽക്കുമ്പോൾ മറ്റുള്ളവർ സത്യം പഠിക്കാനും ‘ദൈവത്തെ മഹത്ത്വപ്പെടുത്താനും’ ഇടയായേക്കാം. (1 പത്രോ. 2:12) യോസേഫിനെപ്പോലെ, പ്രശ്നങ്ങൾ അവസാനിക്കുമ്പോൾ മാത്രമല്ല പ്രശ്നങ്ങളുടെ സമയത്തും വിജയിക്കാൻ നമുക്കു കഴിയും.—ഉൽപ. 39:3, 23.
8. പ്രശ്നങ്ങളുണ്ടാകുമ്പോഴും സഹിച്ചുനിൽക്കാൻ നമുക്കു കരുത്ത് പകരുന്ന മറ്റ് എന്താണുള്ളത്?
8 നമ്മുടെ പ്രശ്നങ്ങൾക്ക് ഒരു അവസാനമുണ്ട്. ഇയ്യോബിന്റെ അനുഭവം കാണിക്കുന്നതുപോലെ നമ്മുടെ കഷ്ടപ്പാടുകൾക്ക് ഒരു അവസാനമുണ്ടാകും. “യഹോവ ഇയ്യോബിന്റെ തുടർന്നുള്ള ജീവിതത്തെ മുമ്പത്തേതിനെക്കാൾ അനുഗ്രഹിച്ചു.” (ഇയ്യോ. 42:12) പുതിയ ലോകത്തിൽ യഹോവ നിങ്ങളെയും വലിയ രീതിയിൽ അനുഗ്രഹിക്കും. അന്ന് സന്തോഷത്തോടെ നിത്യം ജീവിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ, പ്രശ്നങ്ങൾ നിറഞ്ഞ ഇന്നത്തെ ജീവിതം വളരെ ഹ്രസ്വമാണ്. അവസാനത്തോളം സഹിച്ചുനിൽക്കാൻ അതു നമുക്കു വലിയ കരുത്ത് പകരുന്നില്ലേ!—മത്താ. 24:13.
തെറ്റായ കാഴ്ചപ്പാടിന്റെ പ്രശ്നങ്ങൾ
9. ദുരിതങ്ങളെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാട് ദോഷം ചെയ്യുന്നത് എങ്ങനെ?
9 ദുരിതങ്ങളുണ്ടാകുമ്പോൾ നമുക്കു ശരിയായ കാഴ്ചപ്പാടില്ലെങ്കിൽ നമ്മൾ കൂടുതൽ പ്രശ്നങ്ങൾ വരുത്തിവെച്ചേക്കാം. ഉദാഹരണത്തിന്, നമ്മുടെ ദുരിതങ്ങൾക്കു കാരണക്കാരൻ യഹോവയാണെന്ന് ഒരുപക്ഷേ നമ്മൾ ചിന്തിച്ചേക്കാം. ഒരു അവസരത്തിൽ ഇയ്യോബിന് അങ്ങനെ തോന്നി. ആ തെറ്റായ ചിന്ത കാരണം “താൻ ദൈവത്തെക്കാൾ നീതിമാനാണെന്നു സ്ഥാപിക്കാൻ” ഇയ്യോബ് ശ്രമിച്ചു. (ഇയ്യോ. 32:2) ഇനി നൊവൊമിയും തന്റെ ദുരിതങ്ങൾക്കു തുടക്കത്തിൽ യഹോവയെ കുറ്റപ്പെടുത്തി. (രൂത്ത് 1:13, 20, 21) ഇയ്യോബും നൊവൊമിയും അവരുടെ തെറ്റായ കാഴ്ചപ്പാടിൽ തുടർന്നിരുന്നെങ്കിൽ യഹോവയുമായുള്ള അവരുടെ ബന്ധത്തെ അതു ബാധിക്കുമായിരുന്നു. (സുഭാ. 19:3) എന്നാൽ പ്രശ്നങ്ങളെക്കുറിച്ച് ശരിയായ കാഴ്ചപ്പാടുണ്ടായിരിക്കാൻ യഹോവ അവരെ സഹായിച്ചു. അവരുടെ വിശ്വസ്തതയ്ക്കു പ്രതിഫലം കിട്ടുകയും ചെയ്തു.
10. പ്രശ്നങ്ങളുണ്ടാകുമ്പോൾ നമ്മൾ എങ്ങനെ ചിന്തിച്ചുപോയേക്കാം?
10 പ്രശ്നങ്ങളുടെ കാരണക്കാരൻ യഹോവയല്ലെന്നു നമുക്ക് ഉറപ്പാണെങ്കിലും ബുദ്ധിമുട്ടുകളുണ്ടാകുമ്പോൾ ‘യഹോവ ഇതൊന്നും കാണുന്നില്ലേ, ശ്രദ്ധിക്കുന്നില്ലേ’ എന്നു നമ്മൾ ചിന്തിച്ചുപോയേക്കാം. അത്തരം തെറ്റായ ചിന്ത നമ്മുടെ ശക്തി ചോർത്തിക്കളയുകയേ ഉള്ളൂ. (സുഭാ. 24:10) ദുരിതങ്ങൾ നേരിട്ടപ്പോൾ ദാവീദ് രാജാവും പ്രവാചകനായ ഹബക്കൂക്കും തങ്ങളുടെ പ്രാർഥനകൾ ദൈവം കേൾക്കുന്നുണ്ടോ എന്നു സംശയിച്ചുപോയി. (സങ്കീ. 10:1; ഹബ. 1:2) എന്നിട്ടും അവർ പ്രാർഥിക്കുന്നതു നിറുത്തിയില്ല. വിശ്വസ്തരായ ആ ദാസന്മാരെ പിന്തുണയ്ക്കുമെന്ന് യഹോവ ഉറപ്പുകൊടുത്തു. നമ്മുടെ കാര്യത്തിലും യഹോവ അങ്ങനെതന്നെ ചെയ്യും.—സങ്കീ. 10:17.
11. പരിശോധനകളെക്കുറിച്ച് ശരിയായ കാഴ്ചപ്പാടില്ലെങ്കിൽ എന്തു സംഭവിച്ചേക്കാം?
11 പരിശോധനകളെക്കുറിച്ച് ശരിയായ കാഴ്ചപ്പാട് നമുക്കില്ലെങ്കിൽ അതുണ്ടാകുമ്പോൾ നമ്മൾ ഞെട്ടിപ്പോയേക്കാം. ഇതൊന്നും സംഭവിക്കാൻ യഹോവ അനുവദിക്കരുതായിരുന്നു എന്ന് നമ്മൾ ചിന്തിച്ചുപോകാനും സാധ്യതയുണ്ട്. (1 പത്രോ. 4:12) യേശുവിനു കടുത്ത ഉപദ്രവം നേരിടേണ്ടിവരുമെന്ന് ഉൾക്കൊള്ളാൻ ശിഷ്യന്മാർക്കു കഴിഞ്ഞില്ല. (ലൂക്കോ. 18:33, 34) ഉദാഹരണത്തിന്, യേശു അതെക്കുറിച്ച് വ്യക്തമായി പറഞ്ഞെങ്കിലും ദൈവം അതൊന്നും അനുവദിക്കില്ലെന്നാണു പത്രോസ് അപ്പോസ്തലൻ ചിന്തിച്ചത്. അത്തരം ചിന്ത യഹോവയുടെ ഇഷ്ടം ചെയ്യുന്നതിൽനിന്ന് തന്നെ തടയുമെന്ന് അറിയാമായിരുന്നതുകൊണ്ട് യേശു പത്രോസിനെ ശക്തമായി തിരുത്തി. (മർക്കോ. 8:31-33) യേശു മരിച്ച് കഴിഞ്ഞുപോലും അങ്ങനെ സംഭവിച്ചതിന്റെ കാരണം മനസ്സിലാക്കാൻ ശിഷ്യന്മാർക്കു പെട്ടെന്നു കഴിഞ്ഞില്ല. എന്നാൽ യേശു അവരെ തുടർന്നും സഹായിച്ചു. പുനരുത്ഥാനശേഷം അവരോടു സംസാരിച്ചപ്പോൾ, താൻ ഉപദ്രവം സഹിക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്നു ‘തിരുവെഴുത്തുകളിൽനിന്ന് വ്യക്തമായി വിശദീകരിച്ചുകൊടുത്തു.’ അങ്ങനെ ശരിയായ കാഴ്ചപ്പാട് നിലനിറുത്താൻ അവരെ സഹായിച്ചു. (ലൂക്കോ. 24:25-27, 32, 44-48) യേശു പഠിപ്പിച്ച ഈ കാര്യങ്ങളെക്കുറിച്ച് ശിഷ്യന്മാർ ചിന്തിക്കുന്നെങ്കിൽ ഉടൻ നേരിടാനിരുന്ന ഉപദ്രവങ്ങൾക്കായി ഒരുങ്ങിയിരിക്കാൻ അവർക്കു കഴിയുമായിരുന്നു. ഉപദ്രവങ്ങളെപ്പറ്റി ബൈബിൾ പറയുന്ന കാര്യങ്ങളെക്കുറിച്ച് നമ്മൾ മുന്നമേ ചിന്തിച്ചാൽ അതുണ്ടാകുന്ന സമയത്ത് നമ്മളും തയ്യാറായിരിക്കും.
12. നമ്മുടെ സാഹചര്യത്തെക്കുറിച്ച് തെറ്റായ ഒരു കാഴ്ചപ്പാടാണ് ഉള്ളതെങ്കിൽ നമുക്ക് എന്തു തോന്നിയേക്കാം?
12 ഇനി നമുക്കു ശരിയായ ഒരു കാഴ്ചപ്പാടില്ലെങ്കിൽ മറ്റൊരു കുഴപ്പവും കൂടിയുണ്ട്. നമ്മുടെ സാഹചര്യത്തെ ശരിക്കുള്ളതിനെക്കാൾ മോശമായി നമ്മൾ കാണാൻ തുടങ്ങിയേക്കാം. അങ്ങനെ സംഭവിക്കുന്നതിന്റെ ഒരു കാരണത്തെപ്പറ്റി മുന്തിരിത്തോട്ടത്തെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തകഥയിൽനിന്ന് നമുക്കു മനസ്സിലാക്കാം. ചില പണിക്കാർ തങ്ങൾക്കു കിട്ടിയ കൂലി കുറഞ്ഞുപോയെന്നു പരാതിപ്പെട്ടു. പക്ഷേ യജമാനൻ അവരിൽ ഒരാളോടു പറഞ്ഞു: “സ്നേഹിതാ, ഞാൻ നിന്നോട് അന്യായമൊന്നും ചെയ്യുന്നില്ലല്ലോ.” (മത്താ. 20:10-13) ശരിക്കും യജമാനൻ അവരോട് അനീതിയൊന്നും കാണിച്ചിരുന്നില്ല. പക്ഷേ അവർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനകാരണം അവരുടെ തെറ്റായ പ്രതീക്ഷകളായിരുന്നു. ഇന്നും ഇതുപോലെയുള്ള ചിന്തകൾ നമ്മുടെ പല സഹോദരങ്ങളെയും ബാധിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഒരു പ്രത്യേകനിയമനം തങ്ങൾക്കു കിട്ടാതെവരുമ്പോഴോ അല്ലെങ്കിൽ ഒരു നിയമനം നഷ്ടപ്പെടുമ്പോഴോ അതു അന്യായമായി ചിലർക്കു തോന്നുന്നു. അങ്ങനെയാണെങ്കിൽ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിൽ ശരിയായ കാഴ്ചപ്പാട് നിലനിറുത്താൻ നമുക്ക് എന്തൊക്കെ ചെയ്യാനാകും?
ദുരിതങ്ങളുണ്ടാകുമ്പോൾ എന്തു ചെയ്യാം
13. പ്രശ്നങ്ങളുണ്ടാകുമ്പോൾ നിങ്ങൾക്ക് എന്തു തോന്നിയേക്കാം?
13 ദുരിതങ്ങളെക്കുറിച്ചുള്ള ബൈബിൾസത്യങ്ങൾ നിങ്ങൾക്ക് അറിയാമായിരിക്കും. പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരെ സഹായിക്കാൻ നിങ്ങൾ അതു ഉപയോഗിച്ചിട്ടുമുണ്ടാകാം. എങ്കിലും നിങ്ങൾക്കു വ്യക്തിപരമായ ഒരു പ്രശ്നം നേരിടേണ്ടിവരുമ്പോൾ ശരിയായ കാഴ്ചപ്പാട് നിലനിറുത്തുന്നതു ബുദ്ധിമുട്ടായി തോന്നിയേക്കാം. ഉദാഹരണത്തിന്, യഹോവ നിങ്ങളെ ശിക്ഷിക്കുകയാണെന്നോ അല്ലെങ്കിൽ നിങ്ങളുടെ പ്രാർഥനകൾ കേൾക്കുന്നില്ലെന്നോ ഒക്കെ ചിന്തിക്കാനിടയുണ്ട്. അങ്ങനെയെങ്കിൽ ശരിയായ കാഴ്ചപ്പാട് നിലനിറുത്താൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാനാകും?
14. ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾക്ക് എന്തു പ്രാർഥിക്കാനാകും? (ഫിലിപ്പിയർ 4:13)
14 സഹായത്തിനായി യഹോവയോടു പ്രാർഥിക്കുക. നിങ്ങൾ കടന്നുപോകുന്ന സാഹചര്യവും നിങ്ങൾ അനുഭവിക്കുന്ന വേദനയും യഹോവയോടു പറയുക. പ്രാർഥിക്കുമ്പോൾ നിങ്ങൾക്ക് എന്തു സഹായമാണു വേണ്ടതെന്ന് എടുത്തുപറയുക. ഇനി പരിശുദ്ധാത്മാവിലൂടെ പിടിച്ചുനിൽക്കാനുള്ള ജ്ഞാനവും ശക്തിയും തരേണമേ എന്നും പ്രാർഥിക്കാനാകും. എന്നാൽ, നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ ആയിരിക്കില്ല യഹോവ എപ്പോഴും പ്രാർഥനകൾക്ക് ഉത്തരം തരുന്നത് എന്ന കാര്യം ഓർക്കണം. (എഫെ. 3:20) നിങ്ങളെ പിന്തുണയ്ക്കാനായി യഹോവ ദൂതന്മാരെയോ സഹോദരങ്ങളെയോ ഒക്കെ ഉപയോഗിച്ചേക്കാം. (സങ്കീ. 34:7) അതുകൊണ്ട് യഹോവ തരുന്ന സഹായം ഏതു വിധത്തിലായിരുന്നാലും അതു സ്വീകരിക്കുക. ഒരു കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം: നിങ്ങളുടെ സാഹചര്യത്തിൽ പരിശുദ്ധാത്മാവിനെ നിങ്ങൾക്ക് എത്രത്തോളം ആവശ്യമാണോ അത്രത്തോളം യഹോവ അതു തരും!—ഫിലിപ്പിയർ 4:13 വായിക്കുക.
15. ദുരിതങ്ങൾ സഹിച്ചുനിൽക്കാൻ നിങ്ങളെ എന്തു സഹായിക്കും? (ചിത്രവും കാണുക.)
15 ആത്മീയകാര്യങ്ങൾ പതിവായി ചെയ്യുക. ആത്മീയകാര്യങ്ങളിൽ മുമ്പത്തെ അത്രയും പങ്കെടുക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ നിങ്ങൾക്കു പറ്റുന്നുണ്ടാകില്ല. എങ്കിലും ആത്മീയദിനചര്യയോടു പരമാവധി പറ്റിനിൽക്കുക. ശരിക്കും പറഞ്ഞാൽ “ദുരിതവും കഷ്ടപ്പാടും” ഉള്ള സമയത്താണ് ദൈവത്തിന്റെ ചിന്തകൾകൊണ്ട് നമ്മുടെ മനസ്സ് കൂടുതൽ നിറയ്ക്കേണ്ടത്. (സങ്കീ. 119:143) അതുകൊണ്ട് എല്ലാ ദിവസവും ബൈബിൾ വായിക്കുക, പഠിക്കുക, അതെക്കുറിച്ച് ചിന്തിക്കുക. പറ്റുന്നത്രയും ശുശ്രൂഷയിൽ ഏർപ്പെടാൻ ശ്രമിക്കുക, മീറ്റിങ്ങുകൾ കൂടുകയും അതിൽ പങ്കെടുക്കുകയും ചെയ്യുക. അതുപോലെ സഹോദരങ്ങളുമായി സമയം ചെലവഴിക്കുക. നിങ്ങളെത്തന്നെ ഒറ്റപ്പെടുത്താനുള്ള പ്രവണതയെ ചെറുക്കുക.—സുഭാ. 18:1.
ആത്മീയദിനചര്യ നിലനിറുത്താൻ കഴിയുന്നതെല്ലാം ചെയ്യുക (15-ാം ഖണ്ഡിക കാണുക)
16. ദുരിതങ്ങളുണ്ടാകുമ്പോൾ എന്തൊക്കെ സംശയങ്ങൾ മനസ്സിലേക്കു വന്നേക്കാം, അത് എങ്ങനെ പരിഹരിക്കാം? (2 കൊരിന്ത്യർ 10:4, 5)
16 സംശയങ്ങൾ മറികടക്കുക. ദുരിതങ്ങളുണ്ടാകുമ്പോൾ നിങ്ങളെക്കുറിച്ചും യഹോവയെക്കുറിച്ചും ചില സംശയങ്ങൾ മനസ്സിലേക്കു വന്നേക്കാം. ‘കോട്ടകൾപ്പോലുള്ള’ അത്തരം തെറ്റായ ചിന്തകൾ തകർത്തുകളയാൻ നിങ്ങളെ എന്തു സഹായിക്കും? (2 കൊരിന്ത്യർ 10:4, 5 വായിക്കുക.) ബൈബിളിലും നമ്മുടെ പ്രസിദ്ധീകരണങ്ങളിലും ഉള്ള ‘ദൈവപരിജ്ഞാനം’ ഉപയോഗിച്ച് അത്തരം സംശയങ്ങൾ ഇല്ലാതാക്കാനാകും. ഉദാഹരണത്തിന്, നിങ്ങൾക്ക് ഇപ്പോൾ ദൈവത്തിന്റെ അംഗീകാരമുണ്ടോ എന്നു സംശയം തോന്നുന്നുണ്ടോ? എങ്കിൽ അപ്പോസ്തലനായ പൗലോസിന്റെ മാതൃകയെക്കുറിച്ച് പഠിക്കുക. ശുശ്രൂഷയുടെ സമയത്ത് അദ്ദേഹത്തിന് അങ്ങേയറ്റം കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്നു. എന്നാൽ ദൈവാംഗീകാരമുള്ള ക്രിസ്തുവിന്റെ ശുശ്രൂഷകനാണ് താൻ എന്ന ബോധ്യം അപ്പോൾ പൗലോസിനു ശക്തമാകുകയാണ് ചെയ്തത്. (2 കൊരി. 11:23-27) ഇനി, നിങ്ങൾ മുമ്പു ചെയ്തുപോയ തെറ്റുകൾ യഹോവ ശരിക്കും ക്ഷമിച്ചോ എന്നു നിങ്ങൾ സംശയിക്കാറുണ്ടോ? എങ്കിൽ, യഹോവ തെറ്റുകൾ ക്ഷമിക്കുമെന്നു കാണിക്കുന്ന തിരുവെഴുത്തുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക. (യശ. 43:25) എന്നിട്ട് അതു വായിക്കുകയും അതിനെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും ചെയ്യുക. (സങ്കീ. 119:97) അതുപോലെ, ജീവിതത്തിലുണ്ടായ ഒരു ദുരന്തം കാരണം തന്റെ വിശ്വസ്തദാസരെ യഹോവ ശരിക്കും സംരക്ഷിക്കുന്നുണ്ടോ എന്നു നിങ്ങൾക്കു തോന്നുന്നെങ്കിലോ? യഹോവ കഷ്ടപ്പാടുകൾ അനുവദിക്കുന്നത് എന്തുകൊണ്ടാണെന്നും തന്റെ ജനത്തെ ആത്മീയഹാനിയിൽനിന്ന് സംരക്ഷിക്കുന്നത് എങ്ങനെയാണെന്നും പ്രസിദ്ധീകരണങ്ങളിൽനിന്ന് പഠിക്കുക. (സങ്കീ. 91:9-12) ദുരിതങ്ങളുണ്ടായിട്ടും പിടിച്ചുനിന്ന സഹോദരങ്ങളുടെ അനുഭവങ്ങളും വായിക്കുക.a
17. ദുരിതങ്ങളുണ്ടാകുമ്പോൾ നമ്മൾ എന്തു ചെയ്യണം?
17 നിങ്ങളുടേത് ഇപ്പോൾ ഒരു നല്ല ദിവസമാണോ? കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാതെ ജീവിതം മുന്നോട്ടുപോകുകയാണോ? എങ്കിൽ, നിങ്ങൾ ആസ്വദിക്കുന്ന നല്ല കാര്യങ്ങളെപ്രതി യഹോവയ്ക്കു നന്ദി പറയുകയും യഹോവയെ സ്തുതിക്കുകയും ചെയ്യുക. (സഭാ. 7:14) എന്നാൽ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ അതെക്കുറിച്ച് ശരിയായ ഒരു കാഴ്ചപ്പാടുണ്ടായിരിക്കുക. യഹോവയിലുള്ള വിശ്വാസം ശക്തമാക്കിനിറുത്തുക. അങ്ങനെ ചെയ്യുന്നെങ്കിൽ “നിങ്ങൾക്കു പിടിച്ചുനിൽക്കാൻ കഴിയേണ്ടതിനു . . . ദൈവം പോംവഴിയും ഉണ്ടാക്കും.” (1 കൊരി. 10:13) എന്നാൽ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന നമ്മുടെ പ്രിയപ്പെട്ട സഹോദരങ്ങളുടെ കാര്യമോ? അവരെ സഹായിക്കാൻ നമുക്ക് എന്തു ചെയ്യാനാകും? അടുത്ത ലേഖനം അതെക്കുറിച്ച് ചർച്ച ചെയ്യും.
ഗീതം 150 രക്ഷയ്ക്കായ് ദൈവത്തെ അന്വേഷിക്കാം
a ഉദാഹരണത്തിന്, jw.org-ലെ “തകർന്നുപോയെങ്കിലും വീണ്ടും പിടിച്ചെഴുന്നേറ്റു!” എന്ന ജീവിതകഥയിൽ, മകനെ മരണത്തിൽ നഷ്ടപ്പെട്ടപ്പോൾ ഡേവിഡ് മാസയും കുടുംബവും എങ്ങനെയാണു പിടിച്ചുനിന്നതെന്നു കാണാനാകും.