2026 ജൂൺ 1-7
ഗീതം 111 സന്തോഷിക്കാനുള്ള കാരണങ്ങൾ
നമ്മളെ വെറുക്കുമ്പോഴും നമുക്കു സന്തോഷിക്കാം
‘ആളുകൾ നിങ്ങളെ വെറുക്കുമ്പോൾ നിങ്ങൾ സന്തുഷ്ടർ.’—ലൂക്കോ. 6:22.
ഉദ്ദേശ്യം
യഹോവയെ സേവിക്കുന്നതിന്റെ പേരിൽ വെറുപ്പു നേരിടേണ്ടിവരുമ്പോഴും സന്തോഷിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണെന്നു നമുക്കു നോക്കാം.
1. വെറുപ്പു നേരിടുന്നതിനെക്കുറിച്ച് അതിശയിപ്പിക്കുന്ന എന്തു കാര്യമാണ് യേശു പറഞ്ഞത്?
മലയിലെ പ്രസംഗത്തിൽ യേശു ഇങ്ങനെ പറഞ്ഞു: ‘ആളുകൾ നിങ്ങളെ വെറുക്കുമ്പോൾ നിങ്ങൾ സന്തുഷ്ടർ.’ (ലൂക്കോ. 6:22) അതു കേട്ടപ്പോൾ അവിടെ കൂടിയിരുന്നവർക്ക് അതിശയം തോന്നിക്കാണും. മറ്റുള്ളവർ തങ്ങളെ വെറുക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ലല്ലോ. യേശു എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്? ആ ചോദ്യത്തെക്കുറിച്ച് ചിന്തിക്കുന്നതു നല്ലതാണ്. കാരണം, ഇന്നുള്ള യേശുവിന്റെ അനുഗാമികൾ വെറുപ്പിന് ഇരയാകുന്നുണ്ട്. നമുക്ക് ഇപ്പോൾ, മറ്റുള്ളവർ നമ്മളെ വെറുക്കുന്നതിന്റെ ചില കാരണങ്ങൾ എന്താണെന്നും അപ്പോൾപ്പോലും നമുക്ക് സന്തോഷിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണെന്നും നോക്കാം.
നമ്മളെ വെറുക്കുന്നത് എന്തുകൊണ്ട്?
2-3. സത്യക്രിസ്ത്യാനികൾ ഉപദ്രവിക്കപ്പെടുന്നതിന്റെ ഒരു കാരണം എന്താണ്, അത് ഓർക്കുന്നതു നമ്മളെ എതിർക്കുന്നവരെക്കുറിച്ച് നല്ലൊരു മനോഭാവം നിലനിറുത്താൻ സഹായിക്കുന്നത് എങ്ങനെ? (യോഹന്നാൻ 16:2, 3)
2 യഹോവയെ ആരാധിക്കുന്നതുകൊണ്ട് ആളുകൾ നമ്മളെ വെറുക്കുന്നു. തന്റെ അനുഗാമികളെ ഉപദ്രവിക്കാനും അവരിൽ ചിലരെ കൊല്ലാനും പോകുന്നവരെക്കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു: ‘പിതാവിനെയോ എന്നെയോ അവർ അറിയുന്നില്ല.’ (യോഹന്നാൻ 16:2, 3 വായിക്കുക.) അങ്ങനെയെങ്കിൽ ദൈവജനം അനുഭവിക്കുന്ന എതിർപ്പിനു പിന്നിൽ ശരിക്കും ആരാണ്? ‘ഈ വ്യവസ്ഥിതിയുടെ ദൈവമായ’ സാത്താൻ. (2 കൊരി. 4:3, 4) അവൻ യഹോവയെക്കുറിച്ചുള്ള സത്യം ആളുകൾ അറിയാതിരിക്കാൻ അവരെ അന്ധരാക്കിയിരിക്കുന്നു. ഇനി ദൈവത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നവരെ എതിർക്കാനും ആളുകളെ പ്രേരിപ്പിക്കുന്നു. (യോഹ. 8:42-44) അതെ, ആളുകൾ നമ്മളെ എതിർക്കുന്നതു സാത്താൻ അവരെ വഞ്ചിച്ചിരിക്കുന്നതുകൊണ്ടാണ്. ഇത് ഓർക്കുന്നത് അവരെ തിരിച്ച് വെറുക്കാതിരിക്കാൻ നമ്മളെ സഹായിക്കും.
3 പാവെലിന്റെa അനുഭവം നോക്കാം. നമ്മുടെ പ്രവർത്തനത്തിനു നിരോധനമുള്ള ഒരു രാജ്യത്താണ് അദ്ദേഹം താമസിക്കുന്നത്. യഹോവയെ വിശ്വസ്തമായി ആരാധിച്ചതുകൊണ്ട് സഹോദരനെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ ക്രൂരമായി അടിക്കുകയും മാസങ്ങളോളം ഏകാന്തതടവിൽ ഇടുകയും ചെയ്തു. അദ്ദേഹം ഇപ്പോൾ പറയുന്നു: “ജയിലധികാരികളിൽ മിക്കവർക്കും നമ്മളോട് എന്തെങ്കിലും വിരോധമുള്ളതായി തോന്നുന്നില്ല. അവർ അവരുടെ ജോലി ചെയ്യുന്നെന്നേ ഉള്ളൂ. നമ്മൾ അനുഭവിക്കുന്ന ഉപദ്രവങ്ങൾക്കു കാരണം സാത്താനും ഭൂതങ്ങളും ശുദ്ധാരാധനയ്ക്ക് എതിരെ പ്രവർത്തിക്കുന്നതുകൊണ്ടാണെന്ന് എനിക്ക് ഇപ്പോൾ ശരിക്കും മനസ്സിലാകുന്നു.” അവിശ്വാസികളായ മാതാപിതാക്കളിൽനിന്ന് ക്രൂരമായ പെരുമാറ്റം സഹിക്കേണ്ടിവന്ന ക്രൊയേഷ്യയിലെ ഒരു സഹോദരൻ പറഞ്ഞു: “മാതാപിതാക്കളല്ല, സാത്താനാണ് എന്റെ യഥാർഥ ശത്രുവെന്നു ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു.”—എഫെ. 6:12.
4. യേശുവിന്റെയും ശിഷ്യനായ സ്തെഫാനൊസിന്റെയും മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ചിത്രവും കാണുക.)
4 അതെ, നമ്മളെ എതിർക്കുന്നവരെ നമ്മൾ വെറുക്കുന്നില്ല. അവർക്കുവേണ്ടി പ്രാർഥിക്കാനായിരിക്കും നമുക്കു തോന്നുന്നത്. (മത്താ. 5:44) ഈ കാര്യത്തിൽ യേശുവും ശിഷ്യനായ സ്തെഫാനൊസും നല്ലൊരു മാതൃകയാണ്. ദണ്ഡനസ്തംഭത്തിൽ കിടന്നപ്പോൾ യേശു ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, . . . ഇവരോടു ക്ഷമിക്കേണമേ.” (ലൂക്കോ. 23:34) തന്നെ സ്തംഭത്തിൽ തറച്ച് കൊല്ലാനായി നിയമിതരായ പടയാളികളോട് ക്ഷമിക്കണേ എന്ന് യേശു അപേക്ഷിക്കുകയായിരുന്നു. ആ സമയത്ത് യേശുവിന്റെ മനസ്സിൽ തന്റെ മരണത്തിനുവേണ്ടി മുറവിളി കൂട്ടിയ ജനക്കൂട്ടവും ഉണ്ടായിരുന്നിരിക്കാം. അവരെ യേശുവിന്റെ ശത്രുക്കളായ മതനേതാക്കന്മാർ സ്വാധീനിച്ചതാണ്. ആ ജനത്തിനും തങ്ങൾ എന്താണു ചെയ്യുന്നതെന്നു ശരിക്കും അറിയില്ലായിരുന്നു. ഇക്കാര്യം യേശു മനസ്സിലാക്കി. ശിഷ്യനായ സ്തെഫാനൊസും തന്നെ കൊല്ലുന്നവരോടു ക്ഷമിക്കണേ എന്ന് ദൈവത്തോട് അപേക്ഷിച്ചു. (പ്രവൃ. 7:58-60) യഹോവ യേശുവിന്റെയും സ്തെഫാനൊസിന്റെയും പ്രാർഥനകൾക്ക് ഉത്തരം കൊടുത്തോ? കൊടുത്തു. യേശുവിനെ കൊല്ലാൻ ആഗ്രഹിച്ച പലരും പിന്നീടു മാനസാന്തരപ്പെടുകയും യേശുവിൽ വിശ്വസിക്കുകയും സ്നാനപ്പെടുകയും ചെയ്തു. (പ്രവൃ. 2:36-41) സ്തെഫാനൊസിന്റെ കാര്യത്തിൽ, അദ്ദേഹത്തിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടിരുന്ന ഒരാളെങ്കിലും പിന്നീടു ക്രിസ്ത്യാനിയായി. തർസൊസുകാരനായ ശൗലായിരുന്നു അത്. അറിവില്ലായ്മകൊണ്ട് ചെയ്ത ക്രൂരമായ കാര്യങ്ങൾ ഓർത്ത് അദ്ദേഹത്തിനു പിന്നീടു വലിയ കുറ്റബോധം തോന്നി.—1 തിമൊ. 1:13.
തങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി യേശുവും ശിഷ്യനായ സ്തെഫാനൊസും പ്രാർഥിച്ചതുപോലെ നമ്മളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി നമുക്കും പ്രാർഥിക്കാം (4-ാം ഖണ്ഡിക കാണുക)
5. സെസ്സാറിന്റെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്തെല്ലാം പഠിച്ചു?
5 നമ്മളെ എതിർക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുമ്പോൾ യഹോവ ഇന്നും ഉത്തരം തരുന്നുണ്ട്. വെനസ്വേലയിൽ താമസിക്കുന്ന സെസ്സാറിന്റെ അനുഭവം നോക്കാം. അദ്ദേഹത്തിന്റെ പപ്പ സത്യത്തെ വളരെ ശക്തമായി എതിർത്തിരുന്നു. സെസ്സാർ പറയുന്നു: “എന്റെ അമ്മ പപ്പയ്ക്കു നല്ലൊരു ഭാര്യയും മക്കൾക്കു നല്ലൊരു അമ്മയും ആയിരുന്നു. ആത്മീയകാര്യങ്ങൾക്ക് അമ്മ എപ്പോഴും ഒന്നാം സ്ഥാനം കൊടുത്തെങ്കിലും പപ്പയുടെ കാര്യങ്ങൾ ഒരിക്കലും അവഗണിച്ചില്ല. പപ്പയെ ബഹുമാനിക്കാൻ മക്കളെയെല്ലാം പഠിപ്പിച്ചു. ദൈവം പറയുന്നതിന് എതിരല്ലാത്തിടത്തോളം പപ്പ എന്തു പറഞ്ഞാലും അനുസരിക്കണമെന്നും അമ്മ ഞങ്ങളോടു പറഞ്ഞു.” കുറച്ച് വർഷം കഴിഞ്ഞപ്പോൾ സെസ്സാറിന്റെ പപ്പയുടെ മനോഭാവത്തിന് മാറ്റം വരാൻതുടങ്ങി. സെസ്സാർ പറയുന്നു: “ഒരു ദിവസം ഹൃദയം തുറന്ന് പ്രാർഥിച്ചശേഷം ഞാൻ പപ്പയോട് ഒരുമിച്ച് ബൈബിൾ പഠിച്ചാലോ എന്നു ചോദിച്ചു. പപ്പ സമ്മതിച്ചപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല.” പിന്നീടു സെസ്സാറിന്റെ പപ്പ സ്നാനപ്പെട്ടു. നമ്മളെ എതിർക്കുന്നവരെല്ലാം ഇതുപോലെ ബൈബിൾ പഠിച്ച് ക്രിസ്ത്യാനികളാകണമെന്നില്ല. പക്ഷേ നമ്മുടെ ആദരവോടെയുള്ള സംസാരവും നല്ല പെരുമാറ്റവും കാണുമ്പോൾ അവരിൽ ചിലരുടെ മനോഭാവത്തിനു മാറ്റംവരും. അതു കാണുമ്പോൾ നമുക്ക് എത്ര സന്തോഷം തോന്നുമല്ലേ! ‘സർവഭൂമിയുടെയും ന്യായാധിപനായ,’ കരുണാമയനായ യഹോവ അത്തരം ആളുകളെ തന്നിലേക്ക് ആകർഷിച്ചേക്കാവുന്നത് എങ്ങനെയെന്ന് കാണാൻ നമ്മൾ നോക്കിയിരിക്കുകയാണ്.—ഉൽപ. 18:25.
6. മർക്കോസ് 13:13 അനുസരിച്ച് നമ്മളെ ആളുകൾ വെറുക്കുന്നതിന്റെ മറ്റൊരു കാരണം എന്താണ്?
6 യേശുവിനെ പിന്തുണയ്ക്കുന്നതുകൊണ്ട് ആളുകൾ നമ്മളെ വെറുക്കുന്നു. ‘തന്റെ പേര് നിമിത്തം’ എല്ലാവരും തന്റെ അനുഗാമികളെ വെറുക്കുമെന്ന് യേശു പറഞ്ഞു. (മർക്കോസ് 13:13 വായിക്കുക.) യേശുവിന്റെ “പേര്” പ്രതീകപ്പെടുത്തുന്നത്, ദൈവരാജ്യത്തിന്റെ രാജാവ് എന്ന നിലയിലുള്ള യേശുവിന്റെ അധികാരത്തെയും സ്ഥാനത്തെയും ആണ്. ഭരണം നടത്താനായി യഹോവ നിയമിച്ചിരിക്കുന്ന യേശുക്രിസ്തുവിലാണു നമ്മൾ വിശ്വാസം അർപ്പിക്കുന്നത്. എന്നാൽ മനുഷ്യനേതാക്കളിൽ ആശ്രയിക്കുന്ന ആളുകൾ നമ്മളെ വെറുക്കുന്നു. പക്ഷേ ഈ അവസ്ഥ എല്ലാ കാലവും ഇങ്ങനെ തുടരില്ല. 1914-ൽ ഭരണം തുടങ്ങിയ യേശുക്രിസ്തു പെട്ടെന്നുതന്നെ തന്റെ അധികാരത്തെ എതിർക്കുന്ന എല്ലാ ഗവൺമെന്റുകളെയും നീക്കം ചെയ്യും.
7-8. നമ്മളെ വെറുക്കുന്നതിന്റെ വേറൊരു കാരണം എന്താണ്? (യോഹന്നാൻ 15:18-20) (ചിത്രങ്ങളും കാണുക.)
7 സാത്താന്റെ ലോകത്തിൽനിന്ന് വ്യത്യസ്തരായി നിൽക്കുന്നതുകൊണ്ട് ആളുകൾ നമ്മളെ വെറുക്കുന്നു. ‘ലോകത്തിന്റെ ഭാഗമല്ലാത്തതുകൊണ്ട്’ തന്റെ അനുഗാമികളെ മറ്റുള്ളവർ വെറുക്കുമെന്ന് യേശു പറഞ്ഞു. (യോഹന്നാൻ 15:18-20 വായിക്കുക.) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെപ്പോലെ നമ്മളും ഈ ലോകത്തിന്റെ തെറ്റായ മനോഭാവങ്ങളും പെരുമാറ്റരീതികളും സംസാരവും ഒഴിവാക്കുന്നു. അതുകാരണം ജോലിസ്ഥലത്തും സ്കൂളിലും ഒക്കെ പല സഹോദരങ്ങളും പരിഹാസത്തിന് ഇരകളാകുന്നുണ്ട്. (1 പത്രോ. 4:3, 4) എന്നാൽ സന്തോഷമുള്ള ഒരു കാര്യം, നമ്മളെ എതിർക്കുന്ന ചിലർക്കു പിന്നീടു മാറ്റം വരുന്നുണ്ട് എന്നതാണ്. അവർ നമ്മുടെ നിലപാടിനെ ആദരിക്കാൻ തുടങ്ങിയിരിക്കുന്നു.
8 മധ്യ അമേരിക്കയിലെ ഇഗ്നാഷിയോയുടെ അനുഭവം നോക്കുക. ഉയർന്ന ധാർമികനിലവാരങ്ങൾ പിൻപറ്റിയതിന്റെ പേരിൽ സ്കൂളിലെ ഒരു അധ്യാപകൻ വർഷങ്ങളോളം ഇഗ്നാഷിയോയെ കളിയാക്കുമായിരുന്നു. പക്ഷേ സ്കൂൾപഠനം കഴിയാറായ സമയത്ത് ആ അധ്യാപകൻ വന്ന്, ഇത്രയധികം കളിയാക്കലുകൾ സഹിക്കേണ്ടിവന്നിട്ടും എങ്ങനെയാണു ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ കഴിഞ്ഞതെന്ന് ഇഗ്നാഷിയോയോട് ചോദിച്ചു. ദൈവത്തിന്റെ നിയമങ്ങളെ താനൊരു സംരക്ഷണമായിട്ടാണു കാണുന്നതെന്ന് ഇഗ്നാഷിയോ അപ്പോൾ പറഞ്ഞു. എന്നിട്ട് അദ്ദേഹത്തെ നമ്മുടെ ഒരു മീറ്റിങ്ങിനു ക്ഷണിച്ചു. അദ്ദേഹം വരുമെന്ന് ഇഗ്നാഷിയോ ഒട്ടും പ്രതീക്ഷിച്ചില്ല; പക്ഷേ വന്നു. നമ്മുടെ സഹോദരങ്ങളുടെ സ്നേഹം കണ്ടപ്പോൾ അധ്യാപകനു വളരെയധികം മതിപ്പു തോന്നി. തുടർന്നും മീറ്റിങ്ങിനു വരാൻ തീരുമാനിച്ചു. പിന്നീടു ബൈബിൾ പഠിക്കുന്നതിന്റെ പേരിൽ അദ്ദേഹത്തിനുതന്നെ ഒരുപാട് എതിർപ്പുകൾ നേരിടേണ്ടിവന്നു. പക്ഷേ അദ്ദേഹം അതൊന്നും കാര്യമാക്കിയില്ല, ആത്മീയപുരോഗതി വരുത്തുകയും സ്നാനപ്പെടുകയും ചെയ്തു.
നമ്മൾ ഏതു പ്രായത്തിലുള്ളവരാണെങ്കിലും വിശ്വാസത്തിനുവേണ്ടി നമുക്കു ധൈര്യത്തോടെ സംസാരിക്കാം (8-ാം ഖണ്ഡിക കാണുക)b
9-10. (എ) സാത്താന്റെ ലോകത്തിലെ ആളുകളിൽനിന്ന് ക്രിസ്ത്യാനികളെ വ്യത്യസ്തരാക്കുന്ന മറ്റൊരു കാര്യം എന്താണ്? (ബി) അപ്പോസ്തലനായ പൗലോസിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
9 രാഷ്ട്രീയത്തിൽനിന്നും യുദ്ധത്തിൽനിന്നും മാറിനിന്നുകൊണ്ടും നമ്മൾ സാത്താന്റെ ലോകത്തിൽ വ്യത്യസ്തരായി നിൽക്കും. (യോഹ. 18:36) റോമർ 13:1-നു ചേർച്ചയിൽ നമ്മൾ രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ പരമാവധി ശ്രമിക്കുന്നവരാണ്. എങ്കിലും ക്രിസ്ത്യാനികളായതുകൊണ്ട് രാഷ്ട്രീയകാര്യങ്ങളിൽ നമ്മൾ നിഷ്പക്ഷരായിരിക്കും. നമ്മൾ യഹോവയോടും ക്രിസ്തുവിന്റെ നേതൃത്വത്തിലുള്ള ദൈവരാജ്യത്തോടും ആണ് വിശ്വസ്തരായിരിക്കാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട് നമ്മൾ ഇലക്ഷനു നിൽക്കാനോ വോട്ടു ചെയ്യാനോ പോകില്ല. വിശ്വാസത്തിന്റെ പേരിൽ യഹോവയുടെ സാക്ഷികളിൽപ്പെട്ട പലർക്കും ജയിലിൽ കഴിയേണ്ടിവരുന്നുണ്ട്. എങ്കിലും തടവിലായിരിക്കുമ്പോഴും സഹോദരങ്ങൾ സന്തോഷവാർത്ത അറിയിക്കുന്നതു നിറുത്തുന്നില്ല. അങ്ങനെ ചെയ്യുമ്പോൾ അവർ, വീട്ടുതടങ്കലിലും ജയിലിലും വർഷങ്ങളോളം കഴിഞ്ഞ പൗലോസ് അപ്പോസ്തലനെ അനുകരിക്കുകയാണ്. (പ്രവൃ. 24:27; 28:16, 30) കേൾക്കാൻ മനസ്സുള്ള എല്ലാവരെയും പൗലോസ് തുടർന്നും സന്തോഷവാർത്ത അറിയിച്ചു. അതിൽ കാവൽക്കാരും കോടതിയിലെ ഉദ്യോഗസ്ഥരും ഗവർണർമാരും രാജാക്കന്മാരും ഒരുപക്ഷേ റോമൻ ചക്രവർത്തിയായ നീറോയുടെ ഉദ്യോഗസ്ഥർപോലും ഉണ്ടായിരുന്നു.—പ്രവൃ. 9:15.
10 അതുപോലെ ജയിലിൽ കഴിയുന്ന ഇക്കാലത്തെ സഹോദരങ്ങളും ജഡ്ജിമാർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ, കാവൽ നിൽക്കുന്ന പോലീസുകാർ അങ്ങനെ കേൾക്കാൻ മനസ്സുള്ള എല്ലാവരെയും സന്തോഷവാർത്ത അറിയിക്കുന്നു. നിഷ്പക്ഷതയുടെ പേരിൽ ആറിലധികം വർഷം ജയിലിൽ കഴിഞ്ഞ ഒരു സഹോദരൻ പറഞ്ഞത്, താൻ അതിനെ ഒരു ശിക്ഷയായിട്ടല്ല, പകരം ചെമ്മരിയാടുതുല്യരായ ആളുകളെ കണ്ടെത്തുന്നതിനുവേണ്ടി യഹോവ തന്ന ഒരു നിയമനമായിട്ടാണ് കണ്ടത് എന്നാണ്. അത്തരം ആളുകളെ സന്തോഷവാർത്ത അറിയിക്കാൻ യഹോവ നമ്മളെ ഉപയോഗിക്കുകയാണെങ്കിൽ അതിൽ തീർച്ചയായും സന്തോഷിക്കാം. (കൊലോ. 4:3) നമുക്ക് ഇനി, വിശ്വാസത്തിന്റെ പേരിൽ വെറുപ്പിന് ഇരയാകുമ്പോഴും സന്തോഷിക്കാൻ കഴിയുന്നതിന്റെ മറ്റു ചില കാരണങ്ങൾ നോക്കാം.
നമ്മളെ വെറുക്കുമ്പോഴും സന്തോഷിക്കാനാകുന്നത് എന്തുകൊണ്ട്?
11. ഉപദ്രവങ്ങൾ നമ്മുടെ വിശ്വാസം കൂടുതൽ ശക്തമാക്കുന്നത് എങ്ങനെ? ഒരു ഉദാഹരണം പറയുക.
11 ലോകം നമ്മളെ വെറുക്കുന്നതു ബൈബിൾപ്രവചനത്തിന്റെ നിവൃത്തിയാണെന്നു നമുക്ക് അറിയാം. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ പ്രവചനത്തിൽത്തന്നെ സാത്താനും അവന്റെ കൂട്ടാളികളും യഹോവയെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നവരെ വെറുക്കുമെന്ന് മുൻകൂട്ടിപ്പറഞ്ഞിരുന്നു. (ഉൽപ. 3:15) യഹോവയെ സേവിക്കുന്നവർ മറ്റുള്ളവരുടെ വെറുപ്പു സമ്പാദിക്കുമെന്ന് യേശുവും കൂടെക്കൂടെ പറഞ്ഞു. നാലു സുവിശേഷങ്ങളിലും അതു കാണാം. (മത്താ. 10:22; മർക്കോ. 13:9-12; ലൂക്കോ. 6:22, 23; യോഹ. 15:20) മറ്റു ബൈബിളെഴുത്തുകാരും അങ്ങനെതന്നെ പറഞ്ഞിട്ടുണ്ട്. (2 തിമൊ. 3:12; യാക്കോ. 1:2; 1 പത്രോ. 4:12-14; യൂദ 3, 17-19) അതുകൊണ്ട്, ഉപദ്രവം ഉണ്ടാകുമ്പോൾ നമ്മൾ അത്ഭുതപ്പെടുന്നില്ല, പകരം സന്തോഷിക്കുന്നു. കാരണം ബൈബിൾപ്രവചനം നിറവേറുകയാണ്. നമ്മൾ ശരിക്കും സത്യദൈവത്തെയാണ് ആരാധിക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണ് അത്. നമ്മുടെ പ്രവർത്തനത്തിനു നിയന്ത്രണമുള്ള ഒരു രാജ്യത്ത് താമസിക്കുന്ന ഒരു സഹോദരി പറയുന്നു: “ജീവിതം യഹോവയ്ക്കു സമർപ്പിച്ചപ്പോൾ എനിക്ക് അറിയാമായിരുന്നു, ഇന്നല്ലെങ്കിൽ നാളെ ഉപദ്രവം സഹിക്കേണ്ടിവരുമെന്ന്. അതുകൊണ്ട് പരിശോധനകൾ ഉണ്ടായപ്പോൾ എനിക്കു പേടിയോ അതിശയമോ തോന്നിയില്ല.” സഹോദരിയെ ഭർത്താവും എതിർത്തിരുന്നു. അദ്ദേഹം സഹോദരിയോടു മോശമായി പെരുമാറുകയും ബൈബിളും പ്രസിദ്ധീകരണങ്ങളും കത്തിച്ചുകളയുകയും ചെയ്തു. പക്ഷേ പേടിച്ച് പിന്മാറുന്നതിനു പകരം സഹോദരി വിശ്വാസത്തിൽ കൂടുതൽ ശക്തയാകുകയാണു ചെയ്തത്. (എബ്രാ. 10:39) സഹോദരി പറയുന്നു: “ഉപദ്രവങ്ങൾ ഉണ്ടാകുമെന്ന് ബൈബിളിൽ പ്രവചിച്ചിട്ടുണ്ട്. അതുകൊണ്ട് അതു സംഭവിക്കുന്നുമെന്ന് എനിക്ക് അറിയാം. നേരിട്ട് അതു അനുഭവിക്കേണ്ടിവന്നപ്പോൾ ഇതാണ് സത്യമതമെന്ന് എനിക്കു കൂടൂതൽ ബോധ്യമായി.”
12. ഉപദ്രവങ്ങൾ സഹിക്കാൻ ഒരു സഹോദരനെ എന്താണു സഹായിച്ചത്?
12 ശരിയാണ്, ഉപദ്രവങ്ങൾ ഉണ്ടാകും; അതു നമ്മൾ പ്രതീക്ഷിക്കുന്നു. എങ്കിലും സഹിച്ചുനിൽക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടു തോന്നിയേക്കാം. ജയിലിൽ കഴിഞ്ഞ ഒരു സഹോദരൻ ഇങ്ങനെ എഴുതി: “ചില സമയത്ത് എനിക്കു വല്ലാത്ത നിരാശയും വിഷമവും ഒക്കെ തോന്നുമായിരുന്നു. അപ്പോൾ ഞാൻ കരഞ്ഞുപോകും.” പിടിച്ചുനിൽക്കാൻ ഈ സഹോദരനെ എന്താണു സഹായിച്ചത്? സഹോദരൻ പറയുന്നു: “ഞാൻ എപ്പോഴും പ്രാർഥിക്കുമായിരുന്നു. ജയിലിൽ ഞാൻ ഒരു ദിവസം തുടങ്ങുന്നതു പ്രാർഥനയോടെയായിരുന്നു. അന്നേ ദിവസം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ വരുമ്പോഴെല്ലാം പ്രാർഥിക്കും. മറ്റുള്ളവരുടെ മോശമായ പെരുമാറ്റം എന്നെ ദേഷ്യം പിടിപ്പിക്കുമ്പോൾ ഞാൻ ബാത്ത്റൂമിൽ പോയി കതക് അടച്ചിരുന്ന് പ്രാർഥിക്കും.” ബൈബിൾക്കാലങ്ങളിലെയും ഇക്കാലത്തെയും വിശ്വസ്തരായ മനുഷ്യരുടെ മാതൃകകളെക്കുറിച്ച് സഹോദരൻ ആഴമായി ചിന്തിക്കുകയും ചെയ്തു. ഉപദ്രവങ്ങൾ സഹിക്കാനും യേശു തന്റെ അനുഗാമികൾക്കു കൊടുക്കുമെന്നു പറഞ്ഞ സമാധാനം അനുഭവിച്ചറിയാനും ഇതു സഹോദരനെ സഹായിച്ചു.—യോഹ. 14:27; 16:33.
13. മറ്റുള്ളവർ വെറുക്കുമ്പോഴും അതു സഹിച്ചുനിൽക്കാൻ നമ്മളെ എന്തു സഹായിക്കും?
13 മറ്റുള്ളവരുടെ വെറുപ്പിനെക്കാൾ വലുതാണ് സ്നേഹത്തിന്റെ ശക്തി. അവസാനശ്വാസംവരെ യേശു തന്റെ പിതാവിനെ മുഴുഹൃദയവും കൊടുത്തുകൊണ്ട് സ്നേഹിച്ചു. യേശു തന്റെ സുഹൃത്തുക്കളെയും സ്നേഹിച്ചു. (യോഹ. 13:1; 15:13) നമ്മളും അതുപോലെ യഹോവയോടും സഹോദരങ്ങളോടും സ്നേഹം വളർത്തിയെടുക്കുമ്പോൾ മറ്റുള്ളവരുടെ വെറുപ്പെല്ലാം സഹിച്ചുനിൽക്കാൻ നമുക്കാകും. എങ്ങനെ? അതിന്റെ ഉത്തരത്തിനായി പൗലോസ് അപ്പോസ്തലന്റെ ജീവിതം നമുക്ക് ഒന്നു നോക്കാം.
14. മരണത്തെ മുഖാമുഖം കണ്ടപ്പോഴും ഉറച്ചുനിൽക്കാൻ പൗലോസിനെ എന്താണു സഹായിച്ചത്?
14 വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് പൗലോസ് തന്റെ പ്രിയസ്നേഹിതനായ തിമൊഥെയൊസിന് ഇങ്ങനെ എഴുതി: “ഭീരുത്വത്തിന്റെ ആത്മാവിനെയല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയാണല്ലോ ദൈവം നമുക്കു തന്നത്.” (2 തിമൊ. 1:7) പൗലോസ് എന്താണ് അർഥമാക്കിയത്? യഹോവയോടുള്ള ശക്തമായ സ്നേഹം തീവ്രമായ പരീക്ഷണങ്ങൾ സഹിച്ചുനിൽക്കാൻ ഒരു ക്രിസ്ത്യാനിയെ സഹായിക്കും. (2 തിമൊ. 1:8) മരണത്തെ മുഖാമുഖം കണ്ടപ്പോഴും ധൈര്യം കൈവിടാതെ സത്യാരാധന മുറുകെപ്പിടിക്കാൻ യഹോവയോടുള്ള സ്നേഹം പൗലോസിനെ ഉറപ്പായും സഹായിച്ചു.—പ്രവൃ. 20:22-24.
15. സഹോദരങ്ങൾ എങ്ങനെയാണ് ഇക്കാലത്ത് പരസ്പരം നിസ്വാർഥസ്നേഹം കാണിച്ചിരിക്കുന്നത്? (ചിത്രവും കാണുക.)
15 ഉപദ്രവങ്ങളുടെ സമയത്ത് ഉറച്ചുനിൽക്കുന്ന സഹവിശ്വാസികളോടു നമുക്കു ശരിക്കും സ്നേഹമുണ്ട്. ഒന്നാം നൂറ്റാണ്ടിൽ അക്വിലയും പ്രിസ്കില്ലയും പൗലോസിനോട് അത്തരം സ്നേഹം കാണിച്ചു. അതുപോലെ ഇക്കാലത്തും പലരും തങ്ങളുടെ സഹോദരങ്ങൾക്കുവേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തിയിരിക്കുന്നു. (റോമ. 16:3, 4) ഉദാഹരണത്തിന്, റഷ്യയിൽ അറസ്റ്റ് ചെയ്യപ്പെടുന്ന സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനായി പലരും കോടതികളിൽ പോകാറുണ്ട്. ഒരു സംഭവം നോക്കാം. അറസ്റ്റിലായ ഒരു സഹോദരി, വലിയ ഒരു കൂട്ടം സഹോദരങ്ങളെ കോടതിമുറിയിൽ കണ്ടപ്പോൾ അതു സഹോദരിയുടെ ഹൃദയത്തെ ആഴമായി സ്പർശിച്ചു. കുറച്ച് സമയത്തേക്ക് എന്ത് പറയണമെന്നറിയാതെ സഹോദരി നിന്നുപോയി. സഹാരാധകർ കാണിച്ച നിസ്വാർഥസ്നേഹം സഹോദരിയെ ശരിക്കും ശക്തിപ്പെടുത്തി. സഹോദരിക്ക് അത് ഏറ്റവും ആവശ്യമുള്ള ഒരു സമയമായിരുന്നു അത്. അതെ, വെറുപ്പിനെക്കാൾ ശക്തമായ സ്നേഹമുള്ളതിൽ നമുക്കു സന്തോഷിക്കാം.
നമ്മുടെ പ്രവർത്തനത്തിനു നിയന്ത്രണമോ നിരോധനമോ ഉള്ള സ്ഥലങ്ങളിലും നമ്മുടെ സഹോദരങ്ങൾ സഹക്രിസ്ത്യാനികളോടു നിസ്വാർഥസ്നേഹം കാണിച്ചിരിക്കുന്നു (15-ാം ഖണ്ഡിക കാണുക)c
16. ദൈവത്തെ സേവിക്കുന്നതിന്റെ പേരിൽ മോശമായ പെരുമാറ്റം സഹിക്കേണ്ടിവരുന്നവർക്കു സന്തോഷിക്കാനാകുമെന്നു പത്രോസ് പറഞ്ഞത് എന്തുകൊണ്ട്? (1 പത്രോസ് 4:14)
16 മറ്റുള്ളവർ വെറുത്താലും ദൈവത്തിന്റെ അംഗീകാരമുണ്ടെന്നു നമുക്ക് അറിയാം. (1 പത്രോസ് 4:14 വായിക്കുക.) ദൈവത്തെ സേവിക്കുന്നതിന്റെ പേരിൽ മോശമായ പെരുമാറ്റം സഹിക്കേണ്ടിവരുന്നതു സന്തോഷത്തിനുള്ള ഒരു കാരണമാണെന്നാണു പത്രോസ് പറഞ്ഞത്. അത് എങ്ങനെയാണ്? കാരണം, അത്തരം ദുഷ്പെരുമാറ്റം ദൈവത്തിന്റെ ആത്മാവ് “(നമ്മുടെ) മേൽ വസിക്കുന്നുണ്ട്” എന്നതിന്റെ തെളിവാണ്. ഉപദ്രവങ്ങൾ സഹിക്കുന്നതും ദൈവത്തിന്റെ അംഗീകാരം ഉണ്ടായിരിക്കുന്നതും പത്രോസ് നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. എ.ഡി. 33-ലെ പെന്തിക്കോസ്തിനു ശേഷം പെട്ടെന്നുതന്നെ, സന്തോഷവാർത്ത അറിയിച്ചതിനു പത്രോസിനെയും മറ്റ് അപ്പോസ്തലന്മാരെയും ദേവാലയത്തിലെ ജൂതഭടന്മാർ അറസ്റ്റ് ചെയ്തു. പക്ഷേ, പത്രോസ് ധൈര്യത്തോടെ വിശ്വാസത്തിനുവേണ്ടി സംസാരിച്ചു. (പ്രവൃ. 5:24-29) അടി കിട്ടിയിട്ടും പത്രോസും മറ്റ് അപ്പോസ്തലന്മാരും പ്രസംഗിക്കുന്നതു നിറുത്തിയില്ല. പകരം “യേശുവിന്റെ പേരിനുവേണ്ടി അപമാനം സഹിക്കാൻ പദവി ലഭിച്ചതിൽ” അവർ സന്തോഷിക്കുകയാണു ചെയ്തത്. ഉപദ്രവങ്ങൾ നേരിടുമ്പോൾ നമുക്കും ഇതുപോലെ സന്തോഷിക്കാം.—പ്രവൃ. 5:40-42.
17. മരണത്തിന്റെ തലേരാത്രിയിൽ യേശു ശിഷ്യന്മാരോട് എന്താണു പറഞ്ഞത്?
17 മരണത്തിന്റെ തലേരാത്രിയിൽ യേശു ശിഷ്യന്മാരോട് പറഞ്ഞു: ‘എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവും സ്നേഹിക്കും. ഞാനും അവനെ സ്നേഹിക്കും.’ (യോഹ. 14:21) യഹോവയെ സേവിക്കുന്നവരെ ആരും വെറുക്കില്ലാത്ത, അതിന്റെ പേരിൽ സ്നേഹം മാത്രം ലഭിക്കുന്ന ആ സമയത്തിനായി നമ്മൾ നോക്കിയിരിക്കുകയാണ്. (2 തെസ്സ. 1:6-8) ആ കാലം വരുന്നതുവരെ മറ്റുള്ളവരുടെ വെറുപ്പിന് ഇരയാകുമ്പോഴും സന്തോഷിക്കാൻ നമുക്കു പല കാരണങ്ങളുണ്ട്. അതു നമ്മിൽ ആശ്വാസവും ശക്തിയും നിറയ്ക്കട്ടെ!
ഗീതം 149 ഒരു വിജയഗീതം
a ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b ചിത്രത്തിന്റെ വിവരണം: ഇഗ്നാഷിയോ തന്റെ അധ്യാപകനോടു സാക്ഷീകരിക്കുന്നതിന്റെ ഒരു പുനരവതരണം.
c ചിത്രത്തിന്റെ വിവരണം: വിശ്വാസത്തിന്റെ പേരിൽ ജയിലിലേക്കു കൊണ്ടുപോകുന്ന ഒരു സഹവിശ്വാസിയെ സഹോദരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഒരു പുനരവതരണം.