2026 മേയ് 18-24
ഗീതം 35 ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഉറപ്പുവരുത്തുക’
ഏറ്റവും പ്രധാനപ്പെട്ട കാര്യത്തിൽനിന്ന് നിങ്ങളുടെ ശ്രദ്ധ മാറിപ്പോകരുത്
“എപ്പോഴും യഹോവയുടെ ഇഷ്ടം എന്താണെന്നു മനസ്സിലാക്കാൻ ശ്രമിക്കുക.”—എഫെ. 5:17.
ഉദ്ദേശ്യം
ശ്രദ്ധ മാറ്റിക്കളയുന്ന സാഹചര്യങ്ങളുണ്ടായാലും ആത്മീയകാര്യങ്ങൾക്ക് എങ്ങനെ ഒന്നാം സ്ഥാനം കൊടുക്കാം എന്നു നോക്കും.
1-2. പ്രധാനപ്പെട്ട ഒരു കാര്യം നമ്മുടെ ശ്രദ്ധ പതറിച്ചേക്കാവുന്നത് എങ്ങനെ?
നിങ്ങൾ വണ്ടി ഓടിക്കുകയാണെന്നു ചിന്തിക്കുക. പെട്ടെന്ന് ഒരു ഫോൺകോൾ വരുന്നു. അതു പ്രധാനപ്പെട്ട ഒരു കോൾ ആയിരിക്കാം. എങ്കിലും ആ സമയത്ത് ശ്രദ്ധിച്ച് വണ്ടി ഓടിക്കുന്നതാണു കൂടുതൽ പ്രധാനം എന്നു നിങ്ങൾക്ക് അറിയാം. ഇതുപോലെ, ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ് എന്നു തീരുമാനിക്കേണ്ട സാഹചര്യങ്ങൾ ജീവിതത്തിൽ പലപ്പോഴും നമുക്കുണ്ടായേക്കാം.
2 ജീവിതത്തിൽ പ്രധാനപ്പെട്ട ഒരുപാടു കാര്യങ്ങൾ നമുക്കു ചെയ്യാനുണ്ട്. അതിൽ ആത്മീയപ്രവർത്തനങ്ങൾക്കാണ്a ഏറ്റവും പ്രാധാന്യം എന്നു നമുക്ക് അറിയാം. (മത്താ. 6:33) ശ്രദ്ധിച്ച് വണ്ടി ഓടിക്കുന്ന ഡ്രൈവർമാരെപ്പോലെ യഹോവയുടെ ജനവും മുന്നോട്ടുള്ള പാതയിൽനിന്ന് തങ്ങളുടെ ശ്രദ്ധ പതറിക്കുന്ന കാര്യങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുന്നു.—സുഭാ. 4:25; മത്താ. 6:22.
3. ഈ ലേഖനം നമ്മളെ എങ്ങനെ സഹായിക്കും?
3 ആത്മീയകാര്യങ്ങളിൽനിന്ന് ശ്രദ്ധ പതറിപ്പോകാൻ നമ്മൾ ആരും ആഗ്രഹിക്കുന്നില്ല. എങ്കിലും ശ്രദ്ധ മാറ്റിക്കളയുന്ന പല കാര്യങ്ങൾ നമ്മൾ എല്ലാവരും ജീവിതത്തിൽ നേരിടുന്നുണ്ട്. (ലൂക്കോ. 21:34-36) അതുകൊണ്ട് യഹോവയെ സേവിക്കുന്നതിന് ഒന്നാം സ്ഥാനം കൊടുക്കാൻ നമ്മളെ സഹായിക്കുന്ന പിൻവരുന്ന കാര്യങ്ങൾ നമുക്കു ചർച്ച ചെയ്യാം: (1) നമ്മുടെ ശ്രദ്ധ പതറിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? (2) ശ്രദ്ധ മാറ്റിക്കളയുന്ന കാര്യങ്ങളെ യേശു എങ്ങനെയാണു നേരിട്ടത്? (3) ഇന്നു നമ്മുടെ ശ്രദ്ധ പതറിക്കുന്ന കാര്യങ്ങളോടു നമുക്ക് എങ്ങനെ പോരാടാം?
നമ്മുടെ ശ്രദ്ധ മാറ്റിക്കളയുന്ന കാര്യങ്ങൾ
4-6. നമ്മുടെ ശ്രദ്ധ എളുപ്പം പതറിച്ചേക്കാവുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?
4 നമ്മുടെ ശ്രദ്ധ ആവശ്യമായ പല കാര്യങ്ങളും നമ്മുടെയെല്ലാം ജീവിതത്തിലുണ്ട്. ഉദാഹരണത്തിന്, നമുക്കു ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. അല്ലെങ്കിൽ കുടുംബത്തിലോ നമ്മുടെതന്നെ ജീവിതത്തിലോ ചെയ്യേണ്ട വ്യക്തിപരമായ പല കാര്യങ്ങളും ഉണ്ടായേക്കാം. ഇതെല്ലാം നമ്മുടെ ശ്രദ്ധ അർഹിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾതന്നെയാണ്. എന്നാൽ ഇതൊക്കെ നമ്മുടെ ശ്രദ്ധ പതറിക്കുന്ന കാര്യങ്ങളായിത്തീരാൻ സാധ്യതയുണ്ടോ? ഉണ്ട്. അതിനെക്കുറിച്ചുതന്നെ നമ്മൾ എപ്പോഴും ചിന്തിക്കുകയും നമ്മുടെ മുഴുവൻ സമയവും ഊർജവും അതിനുവേണ്ടി ചെലവഴിക്കുകയും ചെയ്യുന്നെങ്കിൽ അങ്ങനെ സംഭവിച്ചേക്കാം.
5 കൂടാതെ, രാഷ്ട്രീയകലാപങ്ങളോ അക്രമങ്ങളോ സാമ്പത്തികപ്രതിസന്ധിയോ അല്ലെങ്കിൽ പകർച്ചവ്യാധിയോ ഒക്കെയുള്ള സ്ഥലത്തായിരിക്കാം നമ്മളിൽ പലരും ജീവിക്കുന്നത്. (2 തിമൊ. 3:1) അത്തരം സാഹചര്യങ്ങൾ നേരിടേണ്ടിവരുമ്പോൾ, വലിയ ഉത്കണ്ഠ തോന്നാനും അതിനെക്കുറിച്ചുതന്നെ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കാനും സാധ്യതയുണ്ട്.
6 ഇത്തരം സംഭവങ്ങൾ കാരണം ജീവിതം കീഴ്മേൽമറിഞ്ഞ പലരെയും നമുക്ക് അറിയാമായിരിക്കും. അവർക്കുണ്ടായ മാനസികതകർച്ച നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. തുടർച്ചയായി ഇങ്ങനെ സമ്മർദം താങ്ങാൻ പറ്റുന്ന രീതിയിലല്ല യഹോവ മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ടാണ് പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ തങ്ങൾക്കു സ്വസ്ഥമായൊരു സാധാരണ ജീവിതം ഇല്ലല്ലോ എന്നു ചിലർ ചിന്തിച്ചുപോകുന്നത്. അവരിൽ ചിലർ, പ്രശ്നങ്ങൾ എല്ലാം ഒന്നു മറക്കാനായി ഉള്ള സമയമെല്ലാം വിനോദത്തിനായും മറ്റു രസകരമായ കാര്യങ്ങൾക്കായും ചെലവഴിക്കുന്നു. ഇതിൽ ഏതെങ്കിലും ഒരു സാഹചര്യത്തിലാണോ നിങ്ങൾ? എങ്കിൽ ആരാധനയിൽനിന്ന് ശ്രദ്ധ പതറിപ്പോകാതിരിക്കാൻ യേശുവിന്റെ മാതൃക എങ്ങനെ സഹായിക്കുമെന്നു നോക്കാം.
ശ്രദ്ധ മാറ്റിക്കളയുന്ന കാര്യങ്ങളോട് യേശു പോരാടിയത് എങ്ങനെ?
7. യേശുവിന്റെ ശ്രദ്ധ മാറ്റിക്കളയാമായിരുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്?
7 സാമൂഹികവും രാഷ്ട്രീയവും ആയ പ്രശ്നങ്ങൾ ഉൾപ്പെടെ യേശുവിന്റെ ശ്രദ്ധ പതറിച്ചേക്കാവുന്ന പല കാര്യങ്ങളും അന്നുണ്ടായിരുന്നു. അക്കാലത്ത് മിക്കവരും പാവപ്പെട്ടവരും രോഗികളും ആയിരുന്നു. (മത്താ. 14:14; മർക്കോ. 14:7) റോമാക്കാരിൽനിന്നും സഹജൂതന്മാരിൽനിന്നും അവർക്ക് അനീതി നേരിട്ടു. അത്ഭുതങ്ങൾ കാണിക്കാനുള്ള ശക്തിയും കഴിവും യേശുവിനുണ്ടെന്ന് കണ്ടപ്പോൾ ആളുകൾ യേശുവിനെ രാജാവാക്കാൻ നോക്കി. (യോഹ. 6:14, 15) ഇനി, ലോകഭരണാധികാരി ആകാനുള്ള കുറുക്കുവഴി പറഞ്ഞുകൊടുത്തുകൊണ്ട് സാത്താൻ യേശുവിനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു. (മത്താ. 4:8, 9) അതുപോലെ യേശുവിന്റെ ഒരു അടുത്ത സുഹൃത്തായ പത്രോസ് അപ്പോസ്തലൻ ഒരിക്കൽ, “കർത്താവേ, അങ്ങനെ പറയരുത്” എന്നു പറഞ്ഞുകൊണ്ട് യേശുവിന്റെ ശ്രദ്ധ മാറ്റാൻ നോക്കി. അതിലൂടെ അദ്ദേഹം, ബുദ്ധിമുട്ടുകളൊന്നും ഇല്ലാത്തൊരു ജീവിതം നയിക്കാൻ യേശുവിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.—മത്താ. 16:21, 22.
8. ശ്രദ്ധ പതറിക്കുമായിരുന്ന കാര്യങ്ങളോട് യേശു എങ്ങനെയാണു പോരാടിയത്?
8 തന്റെ ശ്രദ്ധ പതറിച്ചേക്കാവുന്ന കാര്യങ്ങളോട് യേശു എങ്ങനെയാണു പോരാടിയത്? മൂന്നു വിധങ്ങളിൽ. ഒന്നാമതായി, യഹോവയുടെ ചിന്ത യേശു പകർത്തി. (യോഹ. 8:28; 14:9) രണ്ടാമതായി, ആത്മീയകാര്യങ്ങളിൽ തിരക്കോടെ ഏർപ്പെട്ടു. (മത്താ. 9:35) മൂന്നാമതായി, ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ് എന്നതു സംബന്ധിച്ച് യേശുവിനു വ്യക്തമായ ധാരണയുണ്ടായിരുന്നു. (യോഹ. 4:34) സാത്താന്റെ പ്രലോഭനങ്ങളെയും, നല്ല ഉദ്ദേശ്യത്തോടെയാണെങ്കിലും പത്രോസ് പറഞ്ഞ ഉചിതമല്ലാത്ത ഉപദേശത്തെയും യേശു അപ്പാടെ തള്ളിക്കളഞ്ഞു. (മത്താ. 4:10; 16:23) ആളുകൾ ചിന്തിച്ചതും പറഞ്ഞതും ചെയ്തതും ആയ കാര്യങ്ങൾ ഒന്നും ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിൽനിന്ന് തന്റെ ശ്രദ്ധ പതറിക്കാൻ യേശു അനുവദിച്ചില്ല. യേശുവിന് അന്നു നേരിട്ട അതേ പ്രശ്നങ്ങൾ ആയിരിക്കില്ല ചിലപ്പോൾ നമുക്ക് ഇന്ന് നേരിടുന്നത്. എന്നാൽ യേശു ചെയ്ത മൂന്നു കാര്യങ്ങൾ ചെയ്യുന്നെങ്കിൽ നമ്മുടെ ശ്രദ്ധ പതറിക്കുന്ന കാര്യങ്ങളോടു നമുക്കും പോരാടാൻ കഴിയും.
ശ്രദ്ധ മാറ്റിക്കളയുന്ന കാര്യങ്ങളോടു നമുക്ക് എങ്ങനെ പോരാടാം?
9. ‘എപ്പോഴും യഹോവയുടെ ഇഷ്ടം എന്താണെന്നു മനസ്സിലാക്കുക’ എന്നതിന്റെ അർഥം എന്താണ്? (എഫെസ്യർ 5:17)
9 യഹോവ ചിന്തിക്കുന്നതുപോലെ ചിന്തിക്കാൻ പഠിക്കുക. അങ്ങനെ ചെയ്യുന്നെങ്കിൽ നിങ്ങൾ ‘എപ്പോഴും യഹോവയുടെ ഇഷ്ടം എന്താണെന്നു മനസ്സിലാക്കും.’ (എഫെസ്യർ 5:17 വായിക്കുക.) യഹോവയെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നു മനസ്സിലാക്കാൻ ദൈവവചനം വായിക്കുകയും അതെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും വേണം. നമ്മുടെ അതേ സാഹചര്യം വിവരിക്കുന്ന ഒരു ഭാഗം ബൈബിളിൽ ഇല്ലെങ്കിൽപ്പോലും ആ കാര്യത്തെക്കുറിച്ചുള്ള യഹോവയുടെ ഇഷ്ടം മനസ്സിലാക്കാൻ നമുക്കു പറ്റും. എങ്ങനെ? യഹോവ ചിന്തിക്കുന്ന രീതി മനസ്സിലാക്കുകയും അതിനു ചേർച്ചയിൽ തീരുമാനങ്ങളെടുക്കാൻ മനസ്സുകാണിക്കുകയും ചെയ്യുന്നെങ്കിൽ.
10. നമുക്ക് എങ്ങനെ യഹോവയുടെ ചിന്താരീതി മനസ്സിലാക്കാം?
10 ബൈബിൾ പഠിക്കുകയും യഹോവ മനുഷ്യരോട് ഇടപെട്ട വിധങ്ങളെക്കുറിച്ച് ചിന്തിക്കുകയും ചെയ്തുകൊണ്ട് നമുക്ക് യഹോവയുടെ ചിന്താരീതി മനസ്സിലാക്കാനാകും. (യിരെ. 45:5) അത്തരം വിവരണങ്ങൾ വായിക്കുമ്പോൾ, ഇങ്ങനെയുള്ള ചോദ്യങ്ങൾ സ്വയം ചോദിക്കുക: ‘ഇത് യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്? യഹോവയെപ്പോലെ ചിന്തിക്കാൻ ഞാൻ എന്റെ ചിന്തയിൽ എന്തു മാറ്റമാണു വരുത്തേണ്ടത്?’ ദൈവത്തിന്റെ ചിന്തകൾ നമ്മുടേതിൽനിന്നും വളരെ ഉയർന്നതാണെന്നു നമുക്ക് അറിയാം. (യശ. 55:9) അതുകൊണ്ട് യഹോവയുടെ ഇഷ്ടം ചെയ്യാൻ പഠിപ്പിക്കണേ എന്നു നമ്മൾ പ്രാർഥിക്കണം. (സങ്കീ. 143:10) ദൈവത്തിന്റെ ചിന്താരീതി മനസ്സിലാക്കാനും അതുപോലെ ചിന്തിക്കാനും ഉള്ള സഹായത്തിനായി പ്രാർഥിക്കുമ്പോൾ യഹോവ അതു കേൾക്കുമെന്ന് ഉറപ്പാണ്.—1 യോഹ. 5:14.
11. യഹോവ നമ്മുടെ കാര്യത്തിൽ എന്താണ് ആഗ്രഹിക്കുന്നത്?
11 യഹോവയെപ്പോലെ ചിന്തിക്കാൻ പഠിക്കുമ്പോൾ നമുക്കൊരു കാര്യം മനസ്സിലാകും. ശ്രദ്ധ പതറിക്കുന്ന കാര്യങ്ങൾ ഒഴിവാക്കിക്കൊണ്ട് നമ്മൾ അവസാനത്തിനായി ഒരുങ്ങിയിരിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. (മത്താ. 24:44) ജീവിതത്തിലെ ഉത്കണ്ഠകൾ കാരണം നമ്മൾ ഭാരപ്പെട്ടുപോകാൻ യഹോവ ആഗ്രഹിക്കുന്നില്ല. (മത്താ. 6:31, 32) അതുകൊണ്ടാണ് ആരോഗ്യം, ജോലി, വീട്, കുടുംബം, മറ്റു വ്യക്തിപരമായ കാര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉത്കണ്ഠകൾ നമ്മളെ വരിഞ്ഞുമുറുക്കുമ്പോൾ എന്തു ചെയ്യണമെന്ന് യഹോവ നമുക്കു പറഞ്ഞുതന്നിരിക്കുന്നത്. അത്തരം സാഹചര്യങ്ങളിൽ ജ്ഞാനത്തിനും ശക്തിക്കും ആയി നമ്മൾ യഹോവയോടു ചോദിക്കുന്നെങ്കിൽ യഹോവ നമ്മളെ സഹായിക്കും.—സങ്കീ. 55:22; സുഭാ. 3:5-7.
12. ലോകസംഭവങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ മറികടക്കാൻ നമുക്ക് എന്തു ചെയ്യാം? (മത്തായി 5:3)
12 ആത്മീയകാര്യങ്ങളിൽ തിരക്കുള്ളവരായിരിക്കുക. ലോകസംഭവങ്ങൾ കാണുമ്പോൾ നമുക്കെല്ലാം ഒരു പരിധിവരെ ടെൻഷൻ തോന്നിയേക്കാം. എന്നാൽ നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്ത ഈ കാര്യങ്ങൾ കാരണം ശ്രദ്ധ പതറിപ്പോകാതിരിക്കാൻ നമ്മൾ ആത്മീയകാര്യങ്ങളിൽ തിരക്കോടെ ഏർപ്പെടണം. യഹോവ നമ്മളെ സൃഷ്ടിച്ചിരിക്കുന്നത് ഒരു ആത്മീയദാഹത്തോടെയാണ്. അതുകൊണ്ടുതന്നെ അതു തൃപ്തിപ്പെടുത്തുമ്പോൾ നമുക്കു സന്തോഷം കിട്ടും. (മത്തായി 5:3 വായിക്കുക.) അതിനു നമ്മൾ എന്താണു ചെയ്യേണ്ടത്? ദൈവവചനമായ ബൈബിളിൽനിന്ന് യഹോവയെക്കുറിച്ച് മനസ്സിലാക്കുകയും ദൈവസേവനത്തിൽ നമ്മളെക്കൊണ്ടാകുന്നതെല്ലാം ചെയ്യുകയും വേണം. അങ്ങനെ സമയം ജ്ഞാനത്തോടെ ഉപയോഗിക്കുമ്പോൾ നമ്മൾ യഹോവയെ സന്തോഷിപ്പിക്കുകയുമായിരിക്കും.—സുഭാ. 23:15.
13. നമുക്ക് എങ്ങനെ ‘സമയം ഏറ്റവും നന്നായി ഉപയോഗിക്കാം?’
13 ക്രിസ്ത്യാനികളായ നമ്മൾ ‘സമയം ഏറ്റവും നന്നായി ഉപയോഗിക്കാനാണ്’ ആഗ്രഹിക്കുന്നത്. (എഫെ. 5:15, 16) ഓരോ ദിവസത്തെയും കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മൾ സമയം നന്നായി ഉപയോഗിക്കുന്നതിനെക്കുറിച്ച് മാത്രമല്ല ഈ വാക്യം പറയുന്നത്. അവസാനം വരുന്നതിനു മുമ്പുള്ള ഈ സമയം നമ്മൾ എത്ര നന്നായി ഉപയോഗിക്കുന്നു എന്നു ചിന്തിക്കാനും ആ വാക്യം പ്രേരിപ്പിക്കുന്നു. നമുക്ക് എങ്ങനെ സമയം ഏറ്റവും നന്നായി ഉപയോഗിക്കാം? ചുറ്റും നടക്കുന്ന മോശം കാര്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ അപ്പപ്പോൾ അറിയാനായി നമ്മൾ ഒരുപാട് സമയം കളയുന്നെങ്കിൽ അതു നമ്മുടെ ശ്രദ്ധ മാറ്റിക്കളയുകയും നമ്മളെ നിരുത്സാഹപ്പെടുത്തുകയും ദൈവസേവനത്തിലെ നമ്മുടെ തീക്ഷ്ണത കുറയ്ക്കുകയും ചെയ്തേക്കാം. അതുകൊണ്ട്, എന്തു മാത്രം വാർത്തകൾ കാണുകയും വായിക്കുകയും ചെയ്യുന്നെന്ന കാര്യത്തിനു നമ്മൾ പരിധി വെക്കുന്നതു നല്ലതാണ്. അങ്ങനെയാകുമ്പോൾ നമ്മളെ ബലപ്പെടുത്തുന്ന ആത്മീയകാര്യങ്ങൾ കൂടുതൽ ചെയ്യാനായി നമുക്കു സമയവും ഊർജവും ഉണ്ടായിരിക്കും. കൂടുതൽ മടക്കസന്ദർശനങ്ങൾ നടത്തുന്നതുപോലുള്ള ലക്ഷ്യങ്ങൾ വെച്ചുകൊണ്ട് ശുശ്രൂഷയിൽ കൂടുതൽ ചെയ്യാൻ നമ്മൾ ശ്രമിക്കണം. ‘രക്ഷ കിട്ടാനും സത്യത്തിന്റെ ശരിയായ അറിവ് നേടാനും’ ആളുകളെ സഹായിക്കുന്നതിനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തേണ്ടതു വളരെ പ്രധാനമാണെന്നു നമുക്ക് അറിയാം.—1 തിമൊ. 2:4.
14. ആത്മീയപ്രവർത്തനങ്ങളിൽ തിരക്കോടെ ഏർപ്പെടുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്? (ചിത്രവും കാണുക.)
14 ആത്മീയപ്രവർത്തനങ്ങളിൽ തിരക്കോടെ ഏർപ്പെടുന്നതുകൊണ്ട് മറ്റൊരു പ്രയോജനവുമുണ്ട്. ഇന്ന് ഇത്രയേറെ പ്രശ്നങ്ങൾ ഉള്ളതിന്റെ കാരണം നമ്മൾ മറന്നുപോകില്ല. രാഷ്ട്രീയകലാപങ്ങളും സാമ്പത്തികപ്രശ്നങ്ങളും പകർച്ചവ്യാധികളും ഒക്കെയുള്ളതു ബൈബിൾപ്രവചനത്തിന്റെ നിവൃത്തിയാണെന്നു നമ്മൾ ഓർക്കും. ഇത്തരം സംഭവങ്ങൾ കാണുമ്പോൾ അനാവശ്യമായി പേടിക്കുന്നതിനു പകരം ഭാവിയെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം നിറവേറാൻ പോകുകയാണല്ലോ എന്ന് ഓർത്ത് നമുക്കു ധൈര്യം തോന്നും. അതുവരെ പിടിച്ചുനിൽക്കാൻ യഹോവ നമ്മളെ സഹായിക്കുമെന്ന് ഉറപ്പുണ്ടായിരിക്കാം. അതു നമ്മുടെ മനസ്സിനു ശാന്തത തരും.—സങ്കീ. 16:8; 112:1, 6-8.
നമ്മളെ ടെൻഷനടിപ്പിക്കുന്ന ലോകസംഭവങ്ങൾ നടക്കുമ്പോഴും ആത്മീയപ്രവർത്തനങ്ങളിൽ തിരക്കുള്ളവരായിരിക്കുക (14-ാം ഖണ്ഡിക കാണുക)b
15. ‘സുബോധമുള്ളവരായിരിക്കുന്നതു’ നമ്മളെ എന്തിനു സഹായിക്കും? (1 പത്രോസ് 4:7)
15 ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്നു മറന്നുപോകരുത്. ലോകത്തിലെ മിക്ക ആളുകളും ഏറ്റവും പ്രാധാന്യം കൊടുക്കുന്നതു വിനോദത്തിനാണ്; തൊട്ട് അടുത്തെത്തിയിരിക്കുന്ന ഈ വ്യവസ്ഥിതിയുടെ അവസാനത്തിനല്ല. രസകരമായ കാര്യങ്ങൾ ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ ഇക്കാര്യത്തിൽ ലോകത്തിന്റെ മനോഭാവം നമ്മളെ സ്വാധീനിക്കാതിരിക്കണമെങ്കിൽ നമ്മൾ ‘സുബോധമുള്ളവരായിരിക്കണം.’ (1 പത്രോസ് 4:7 വായിക്കുക.) എന്താണ് അതിന്റെ അർഥം? ‘സുബോധം’ എന്നതു കാര്യങ്ങൾ ശരിയായി വിലയിരുത്താനുള്ള കഴിവാണ്. മറ്റു കാര്യങ്ങളിൽ എന്നപോലെ വിനോദത്തിന്റെ കാര്യത്തിലും സമനിലയുള്ള ഒരു വീക്ഷണം ഉണ്ടായിരിക്കാനും നല്ല തീരുമാനങ്ങളെടുക്കാനും ഒരാൾ സുബോധം വളർത്തിയെടുക്കണം. അങ്ങനെയെടുക്കുന്ന തീരുമാനങ്ങൾ യഹോവയുടെ ചിന്ത പ്രതിഫലിപ്പിക്കും. ശരിക്കും പ്രധാനപ്പെട്ടത് എന്താണെന്നു നമുക്ക് അറിയാമെന്നു തെളിയിക്കും.—2 തിമൊ. 1:7.
16. തന്റെ മരണം അടുത്തിരുന്ന സമയത്തും യേശുവിന്റെ ശ്രദ്ധ എന്തിലായിരുന്നു?
16 ശരിക്കും പ്രധാനപ്പെട്ടത് എന്താണെന്ന് യേശു എപ്പോഴും ഓർത്തു. തന്റെ മരണത്തിനു മുമ്പുള്ള സമയത്തുപോലും, യഹോവയോടു വിശ്വസ്തനായിരിക്കുന്നതിലും ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിലും ആയിരുന്നു യേശുവിന്റെ മുഴുവൻ ശ്രദ്ധയും. അതുകൊണ്ടാണ് യേശു തീവ്രമായി പ്രാർഥിച്ചത്. എന്നാൽ യേശുവിനെപ്പോലെ ജാഗ്രതയോടെയിരിക്കുന്നതിൽ പരാജയപ്പെട്ട ശിഷ്യന്മാർ ഉറങ്ങിപ്പോയി. അവർ ‘സങ്കടംകൊണ്ട് തളർന്നുപോയിരുന്നു.’—ലൂക്കോ. 22:39-46; യോഹ. 19:30.
17. എന്തുകൊണ്ടാണ് പലരും സോഷ്യൽമീഡിയ ഉപയോഗിക്കുന്നത്, അതു നമ്മുടെ ശ്രദ്ധ മാറ്റിക്കളഞ്ഞേക്കാവുന്നത് എങ്ങനെ? (ചിത്രവും കാണുക.)
17 യേശുവിന്റെ ശിഷ്യന്മാരെപ്പോലെ നമ്മളും ചിലപ്പോഴൊക്കെ തളർന്നുപോയേക്കാം. ഈ അവസാനകാലത്ത് നടക്കുന്ന സംഭവങ്ങൾ കാരണം നമുക്കു വല്ലാത്ത ടെൻഷൻ തോന്നാനിടയുണ്ട്. അതുകൊണ്ട് പലരും ടെൻഷൻ മറക്കാനായി സോഷ്യൽമീഡിയയിലേക്കാണു തിരിയുന്നത്. കുടുംബാംഗങ്ങളോടും കൂട്ടുകാരോടും സംസാരിക്കാനും, അവർക്കു ഫോട്ടോകളും മറ്റും അയയ്ക്കാനും ആളുകൾ അത് ഉപയോഗിക്കുന്നു. അവർ വീഡിയോകൾ കാണാനോ ഗെയിം കളിക്കാനോ ഒക്കെയായും സോഷ്യൽമീഡിയ ഉപയോഗിക്കാറുണ്ട്. എന്നാൽ എത്ര വായിച്ചാലും കണ്ടാലും തീരാത്തത്ര വിവരങ്ങളാണ് ഓരോ ദിവസവും അതിൽ വന്നുനിറയുന്നത്. അതെല്ലാം അപ്പപ്പോൾ അറിയാൻ ശ്രമിച്ചുകൊണ്ടിരുന്നാൽ നമ്മുടെ ഊർജവും സമയവും നമ്മൾ മുഴുവനായും ചെലവഴിക്കുന്നതു സോഷ്യൽമീഡിയയിൽ ആയിരിക്കും. നമ്മൾ ഇക്കാര്യത്തിൽ എങ്ങനെയാണെന്ന് അറിയാൻ സ്വയം ചിന്തിക്കുക, ‘സോഷ്യൽമീഡിയ ഉപയോഗിച്ച് കഴിയുമ്പോൾ എനിക്ക് ഉന്മേഷമാണോ തോന്നുന്നത്, അതോ ശരിക്കും പ്രധാനപ്പെട്ട കാര്യത്തിൽനിന്ന് അത് എന്റെ ശ്രദ്ധ മാറ്റിക്കളയുന്നുണ്ടോ?’
സോഷ്യൽമീഡിയയും വിനോദപരിപാടികളും ഉല്ലാസത്തിനായി ചെയ്യുന്ന കാര്യങ്ങളും നമ്മുടെ ശ്രദ്ധ മാറ്റിക്കളയാതിരിക്കാൻ, നന്നായി ചിന്തിച്ച് തീരുമാനങ്ങളെടുക്കുക (17-ാം ഖണ്ഡിക കാണുക)
18. വിനോദപരിപാടികൾ തിരഞ്ഞെടുക്കുമ്പോൾ കാര്യങ്ങൾ നന്നായി വിലയിരുത്തേണ്ടത് എന്തുകൊണ്ട്?
18 ഇടയ്ക്കൊക്കെ രസമുള്ള കാര്യങ്ങൾ ചെയ്യുന്നതു നല്ലതുതന്നെയാണ്. എന്നാൽ ടിവിയിലോ ഇന്റർനെറ്റിലോ നമ്മൾ കാണുന്ന സിനിമകളും സീരീസുകളും ചെറിയചെറിയ വീഡിയോകളും കളിക്കുന്ന ഗെയിമുകളും ഒക്കെ എങ്ങനെയുള്ളതാണ്, അതിനുവേണ്ടി എത്ര സമയമെടുക്കുന്നു എന്നതെല്ലാം വളരെ പ്രധാനമാണ്. നന്നായി വിലയിരുത്തി വേണം ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ. കാരണം നമ്മൾ ഒരു വീഡിയോ കണ്ടുകഴിഞ്ഞാൽ ഉടനെതന്നെ, അതുപോലെയുള്ള മറ്റു വീഡിയോകൾ അവർ ഒന്നിനുപുറകേ ഒന്നായി കാണിച്ചുകൊണ്ടിരിക്കും. അതു ചിലപ്പോൾ അക്രമമോ അധാർമികതയോ ഉള്ളതായിരിക്കാം. ഏഷ്യയിലുള്ള ഒരു സഹോദരൻ ആ കെണിയിൽ വീണുപോയി. ഓൺലൈനിൽ സിനിമകളുടെ പ്രധാനഭാഗങ്ങൾ കാണിക്കുന്ന വീഡിയോകൾ കണ്ടാണ് അദ്ദേഹം തുടങ്ങിയത്. ഒരു വീഡിയോ കണ്ടുകഴിയുമ്പോൾ അതിനു പുറകേ പൊങ്ങിവരുന്ന വീഡിയോകളും അദ്ദേഹം കാണുമായിരുന്നു. അങ്ങനെ സഹോദരൻ അധാർമികതയുള്ള സീനുകൾ കാണാൻതുടങ്ങി. അത് അവസാനം അശ്ലീലം കാണുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചു. എന്നാൽ, മൂപ്പന്മാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ സഹോദരൻ ശക്തമായ പടികളെടുത്തു. അത്തരം ചില ആപ്പുകൾ ഡിലീറ്റ് ചെയ്യുകയും മൊബൈൽ ഉപയോഗിക്കുന്നതിനു സമയപരിധി വെക്കുകയും ചെയ്തു. വിനോദപരിപാടികൾ തിരഞ്ഞെടുക്കുമ്പോൾ നമ്മൾ എത്ര നന്നായി കാര്യങ്ങൾ വിലയിരുത്തണം എന്നല്ലേ ഈ അനുഭവം കാണിക്കുന്നത്.
19. വിനോദത്തെയും ഉല്ലാസത്തെയും കുറിച്ച് മാത്രമാണ് നമ്മുടെ ചിന്തയെങ്കിൽ എന്തു സംഭവിച്ചേക്കാം?
19 ഉല്ലാസത്തിനുവേണ്ടി യാത്രകളോ മറ്റ് എന്തെങ്കിലുമോ പ്ലാൻ ചെയ്യുമ്പോഴും നമ്മൾ കാര്യങ്ങൾ നന്നായി വിലയിരുത്തണം. നമുക്കെല്ലാം തിരക്കുപിടിച്ച ഈ ജീവിതത്തിൽ വിശ്രമിക്കാനും സന്തോഷിക്കാനും സമയം ആവശ്യമാണ്. അതു നമ്മുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. എന്നാൽ എപ്പോഴും അത്തരം കാര്യങ്ങളെക്കുറിച്ചാണ് നമ്മുടെ ചിന്തയെങ്കിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാൻ നമുക്കു സമയം കിട്ടാതെ വന്നേക്കാം. (ഫിലി. 1:10) അതുകൊണ്ട് നമ്മൾ ഏതെല്ലാം കാര്യങ്ങളിൽ ഉൾപ്പെടണം, അതിന് എത്രത്തോളം സമയം ചെലവഴിക്കണം എന്നൊക്കെ നന്നായി ചിന്തിച്ച് തീരുമാനിക്കണം. അത്തരം തീരുമാനങ്ങളെടുക്കുമ്പോൾ സ്വയം ഇങ്ങനെ ചോദിക്കുക: “വിനോദത്തിനായും ഉല്ലാസത്തിനായും ഞാൻ ചെലവഴിക്കുന്ന സമയം, ഞാൻ കാര്യങ്ങൾ ശരിയായി വിലയിരുത്തിയാണ് തീരുമാനമെടുക്കുന്നതെന്നു കാണിക്കുന്നുണ്ടോ? ഏറ്റവും പ്രധാനപ്പെട്ട കാര്യത്തിനുതന്നെയാണോ ഞാൻ ഒന്നാം സ്ഥാനം കൊടുക്കുന്നത്? ‘എല്ലാത്തിന്റെയും അവസാനത്തെ’ നേരിടാൻ ഞാൻ ഒരുങ്ങിയിരിക്കുകയാണോ?”
20. ശ്രദ്ധ പതറിക്കുന്ന കാര്യങ്ങളോട് പോരാടുന്നതുകൊണ്ട് നമുക്ക് എന്തു പ്രയോജനമാണുള്ളത്?
20 ആത്മീയപ്രവർത്തനങ്ങളിൽനിന്ന് നമ്മുടെ ശ്രദ്ധ പതറിക്കുന്ന കാര്യങ്ങളോടു പോരാടുന്നെങ്കിൽ അതു നമുക്കുതന്നെ പ്രയോജനം ചെയ്യും. (യശ. 48:17) യഹോവയുടെ സഹായത്താൽ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ കൂടുതൽ നന്നായി നേരിടാൻ നമുക്കാകും. ലോകസംഭവങ്ങൾ കേട്ട് നമ്മൾ പേടിച്ചുപോകില്ല. കൂടാതെ വിനോദത്തിനും ഉല്ലാസത്തിനും വേണ്ടി നമ്മൾ ഒരുപാടു സമയം കളയുകയുമില്ല. അതുകൊണ്ട് യഹോവയെപ്പോലെ ചിന്തിക്കാനും ആത്മീയപ്രവർത്തനങ്ങളിൽ തിരക്കുള്ളവരായിരിക്കാനും ശരിക്കും പ്രധാനപ്പെട്ട കാര്യം എന്താണെന്നു മറന്നുകളയാതിരിക്കാനും നമുക്കു പ്രത്യേകം ശ്രദ്ധിക്കാം. അങ്ങനെ ചെയ്യുമ്പോൾ, ശ്രദ്ധ മാറ്റിക്കളയുന്ന കാര്യങ്ങളോടു പോരാടാൻ മാത്രമല്ല “യഥാർഥജീവനിൽ പിടിയുറപ്പിക്കാനും” നമുക്കു കഴിയും.—1 തിമൊ. 6:19.
ഗീതം 129 നമ്മൾ എന്നും സഹിച്ചുനിൽക്കും
a പദപ്രയോഗത്തിന്റെ വിശദീകരണം: ആത്മീയപ്രവർത്തനങ്ങൾ എന്നതിൽ യഹോവയെ ആരാധിക്കുന്നതുമായി ബന്ധപ്പെട്ട് നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഉൾപ്പെടും. ഉദാഹരണത്തിന് ബൈബിൾ പഠിക്കുന്നതും മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നതും കുടുംബാരാധനയിൽ ഉൾപ്പെടുന്നതും ശുശ്രൂഷയ്ക്കു പോകുന്നതും എല്ലാം. അതുപോലെ നമ്മുടെ ആരാധനാസ്ഥലങ്ങൾ പരിപാലിക്കുമ്പോഴും പണിയുമ്പോഴും ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുമ്പോഴും കൺവെൻഷനുകളിൽ സന്നദ്ധസേവനം ചെയ്യുമ്പോഴും ബഥേലിൽ സേവിക്കുമ്പോഴും ഒക്കെ നമ്മൾ യഹോവയെ ആരാധിക്കുകയാണ്.
b ചിത്രത്തിന്റെ വിവരണം: ലോകസംഭവങ്ങളെക്കുറിച്ച് ഒരുപാടു ടെൻഷനടിക്കുന്നതിനു പകരം ഒരു ദമ്പതികൾ പ്രസംഗപ്രവർത്തനത്തിൽ തിരക്കോടെ ഏർപ്പെടുന്നു.