2026 മേയ് 11-17
ഗീതം 7 യഹോവ നമ്മുടെ ബലം
പ്രപഞ്ചത്തിന്റെ പരമാധികാരിയിൽ വിശ്വസിക്കുക
“യഹോവ എന്നു പേരുള്ള അങ്ങ് മാത്രം മുഴുഭൂമിക്കും മീതെ അത്യുന്നതൻ.”—സങ്കീ. 83:18.
ഉദ്ദേശ്യം
യഹോവ പ്രപഞ്ചത്തിന്റെ പരമാധികാരിയാണെന്ന നമ്മുടെ വിശ്വാസം ശക്തമാക്കും. നമ്മൾ ഇപ്പോഴും ഭാവിയിലും നേരിട്ടേക്കാവുന്ന പ്രശ്നങ്ങളെ മറികടക്കാൻ യഹോവ സഹായിക്കുമെന്ന് ഉറപ്പുതരും.
1. ഇയ്യോബിന്റെ ജീവിതത്തിൽ എന്തെല്ലാം ദുരന്തങ്ങളാണ് ഉണ്ടായത്?
പുരാതനകാലത്ത് ജീവിച്ചിരുന്ന ഇയ്യോബിന് ജീവിതത്തിൽ ഉണ്ടായിരുന്നതെല്ലാംതന്നെ ഒരു സമയത്ത് നഷ്ടമായി; മക്കൾ, ആരോഗ്യം, സമ്പത്ത് അങ്ങനെയെല്ലാം. കൂടാതെ അദ്ദേഹത്തിനുണ്ടായിരുന്ന സത്പേരും ഇല്ലാതായി. “കൂട്ടുകാർ” എന്നു പറഞ്ഞ് വന്നവരാകട്ടെ നിരുത്സാഹപ്പെടുത്തുന്ന കാര്യങ്ങളാണ് കൂടുതലും അദ്ദേഹത്തോട് പറഞ്ഞത്. ഇനി, ഇയ്യോബ് വളരെയധികം സ്നേഹിച്ചിരുന്ന സ്വന്തം ഭാര്യപോലും കടുത്ത നിരാശയിൽ “ദൈവത്തെ ശപിച്ചിട്ട് മരിക്കൂ!” എന്ന് അദ്ദേഹത്തോടു പറഞ്ഞു. (ഇയ്യോ. 2:9; 15:4, 5; 19:1-3) ഇത്രയധികം ദുരന്തങ്ങൾ ജീവിതത്തിലുണ്ടായപ്പോൾ, തന്നെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നവരെ യഹോവ സംരക്ഷിക്കുന്നുണ്ടോ എന്ന് ഇയ്യോബിനു സംശയം തോന്നിയിട്ടുണ്ടാകും. സത്യദൈവത്തിലുള്ള ഇയ്യോബിന്റെ വിശ്വാസത്തിന് ഇളക്കം തട്ടിക്കാണും.
2-3. നമ്മൾ എന്ത് സംശയിച്ചുപോയേക്കാം, ഇയ്യോബിന്റെ പുസ്തകത്തിൽനിന്ന് നമ്മൾ എന്തു പഠിക്കും?
2 യഹോവയിലുള്ള നമ്മുടെ വിശ്വാസം പരിശോധിച്ചേക്കാവുന്ന വലിയ പ്രശ്നങ്ങൾ നമുക്കും ജീവിതത്തിലുണ്ടായേക്കാം. കാരണം നമ്മൾ ജീവിക്കുന്നത് ‘ബുദ്ധിമുട്ടു നിറഞ്ഞ സമയത്താണ്.’ (2 തിമൊ. 3:1) ഒന്നിനു പുറകേ ഒന്നായി പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ‘മടുത്തു, ഇനി സഹിക്കാൻ പറ്റില്ല’ എന്നു നമുക്കു തോന്നിയേക്കാം. അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ചിലർ യഹോവ ശരിക്കും തങ്ങളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ടോ എന്നു സംശയിച്ചുപോകുന്നു.
3 നിങ്ങൾക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ മടുത്തുപോകരുത്. തന്നോട് വിശ്വസ്തരായിരിക്കുന്നവരെ യഹോവ സംരക്ഷിക്കുമെന്ന് ഇയ്യോബ് മനസ്സിലാക്കി. തകർക്കാനാകാത്ത അത്തരം ഒരു വിശ്വാസം സ്വർഗീയപിതാവിൽ നമുക്കും വളർത്താനാകും. അതിനായി നമുക്ക് ഇയ്യോബിന്റെ പുസ്തകം അടുത്ത് പരിശോധിക്കാം. ആ പുസ്തകം ഈ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ ഉറപ്പുതരുന്നത് എങ്ങനെയാണെന്ന് നോക്കാം: ഒന്ന്, യഹോവ മാത്രമാണ് പ്രപഞ്ചത്തിന്റെ പരമാധികാരി. രണ്ട്, തന്റെ ഉദ്ദേശ്യം നിറവേറുന്നുണ്ടെന്ന് ഉറപ്പാക്കാനും, തന്റെ ജനത്തെ നിലനിൽക്കുന്ന ആത്മീയവും ശാരീരികവും ആയ ഹാനിയിൽനിന്ന് സംരക്ഷിക്കാനും ആയി അത്യുന്നതനായ ദൈവത്തിനു ലോകസംഭവങ്ങളെ നിയന്ത്രിക്കാനാകും.
അവരോടൊപ്പം സാത്താൻ അവിടെ പ്രവേശിച്ചു
4. ഇയ്യോബിന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന സ്വർഗത്തിലെ കൂടിവരവിൽ ആരും പങ്കെടുത്തു?
4 ഒരു ദിവസം സത്യദൈവത്തിന്റെ പുത്രന്മാർ സ്വർഗത്തിൽ യഹോവയുടെ മുമ്പാകെ കൂടിവന്നു. “അവരോടൊപ്പം സാത്താനും അവിടെ പ്രവേശിച്ചു” എന്നു ബൈബിൾ പറയുന്നു. (ഇയ്യോ. 1:6) യഹോവയുടെ മുഖ്യ എതിരാളിക്ക് ആ അർഥം വരുന്ന “സാത്താൻ” എന്ന പേര് ബൈബിളിൽ ആദ്യമായി കൊടുത്തിരിക്കുന്നത് ഇവിടെയാണ്. സ്വർഗത്തിലെ ആ കൂടിവരവിൽ പങ്കെടുക്കാൻ യഹോവ സാത്താനെ അനുവദിച്ചെങ്കിലും അവൻ ആ സമയത്ത് വിശ്വസ്തനായ ഒരു ദൈവപുത്രൻ ആയിരുന്നില്ല. അവൻ യഹോവയുടെയും, യഹോവയുടെ കുടുംബത്തിന്റെ സ്വർഗീയഭാഗത്തിന്റെയും ഭൗമികഭാഗത്തിന്റെയും ശത്രുവായിത്തീർന്നിരുന്നു. സാത്താൻ ഇനി യഹോവയുടെ സ്വർഗീയകുടുംബത്തിന്റെ ഭാഗമല്ലെന്ന് ഉൽപത്തി 3:15-ലെ പ്രവചനം പറഞ്ഞപ്പോൾത്തന്നെ യഹോവ സൂചിപ്പിച്ചതാണ്. അതുകൊണ്ട് സാത്താൻ ‘സന്തതിക്കു’ ജന്മം നൽകാനിരുന്ന ‘സ്ത്രീയുടെ,’ അതായത് യഹോവയുടെ ആത്മപുത്രന്മാരുടെ കുടുംബത്തിന്റെ ഭാഗമല്ല.
5. സ്വർഗത്തിലെ കൂടിവരവിൽ പറഞ്ഞ കാര്യങ്ങളിൽനിന്ന് നമുക്ക് എന്തെല്ലാം മനസ്സിലാക്കാം?
5 സ്വർഗത്തിലെ ആ കൂടിവരവിൽ പറഞ്ഞ കാര്യങ്ങളും യഹോവ ബൈബിളിൽ രേഖപ്പെടുത്തി. സാത്താൻ കണ്ണിൽച്ചോരയില്ലാത്ത ഒരു ദുഷ്ടനും നുണയനും ആണെന്ന് അവൻ അവിടെ പറഞ്ഞ വാക്കുകൾ തെളിയിക്കുന്നു. (ഇയ്യോ. 1:9; വെളിപാട് 12:10 താരതമ്യം ചെയ്യുക.) യഹോവ തന്റെ പരമാധികാരം ഏറ്റവും ന്യായത്തോടെ, ശരിയായ വിധത്തിലാണ് ഉപയോഗിക്കുന്നതെന്ന് ബൈബിളിലെ ഈ വിവരണം നമ്മളെ പഠിപ്പിക്കുന്നു. അതുപോലെ മറ്റുള്ളവർക്കു ചെയ്യാനാകുന്ന കാര്യങ്ങളിൽ അത്യുന്നതനായ ദൈവം കൃത്യമായ പരിധികൾ വെക്കുന്നുണ്ടെന്നും ആ വിവരണം നമുക്ക് ഉറപ്പുതരുന്നു.
യഹോവ പരിധികൾ വെക്കുന്നു
6. സ്വർഗത്തിൽ നടന്ന യോഗത്തിന്റെ പൂർണനിയന്ത്രണം തന്റെ കൈയിലാണെന്ന് യഹോവ കാണിച്ചത് എങ്ങനെ? (ഇയ്യോബ് 1:7, 8)
6 ഇയ്യോബ് 1:7, 8 വായിക്കുക. ആ യോഗത്തിന്മേലുള്ള പൂർണമായ നിയന്ത്രണം യഹോവയുടെ കൈയിലായിരുന്നു. സാത്താൻ തന്റെ ഇരയായി വിശ്വസ്തമനുഷ്യനായ ഇയ്യോബിനെ നോട്ടമിട്ടിട്ടുണ്ടെന്ന് യഹോവയ്ക്കു കൃത്യമായി അറിയാമായിരുന്നു. അതുകൊണ്ട് സാത്താനോട് ഇങ്ങനെ ചോദിച്ചുകൊണ്ട് ദൈവംതന്നെ സംഭാഷണത്തിനു തുടക്കമിടുന്നു: “എന്റെ ദാസനായ ഇയ്യോബിനെ നീ ശ്രദ്ധിച്ചോ?” യഹോവ തന്റെ ഏറ്റവും ഉന്നതമായ അധികാരം ഇയ്യോബിനുവേണ്ടി എങ്ങനെ ഉപയോഗിച്ചെന്ന് നമുക്ക് ഇനി നോക്കാം.
7. ഇയ്യോബ് 1:10, 11 അനുസരിച്ച് യഹോവയെ സേവിക്കുന്ന മനുഷ്യരെക്കുറിച്ച് സാത്താൻ എന്താണ് ആരോപിച്ചത്?
7 ഇയ്യോബ് 1:10, 11 വായിക്കുക. യഹോവ പ്രപഞ്ചത്തിന്റെ പരമാധികാരിയും അത്യുന്നതനും ആണ്. ഓരോ സാഹചര്യത്തിലും ഏറ്റവും നല്ലത് എന്താണെന്ന് യഹോവയ്ക്ക് അറിയാം. അതിനു ചേർച്ചയിലാണ് ദൈവം തന്റെ അധികാരവും ശക്തിയും ഉപയോഗിക്കുന്നത്. (യിരെ. 32:17; ദാനി. 4:35) എന്നിട്ടും ദൈവം അധികാരം ഉപയോഗിക്കുന്ന രീതി ശരിയല്ലെന്ന് സാത്താൻ അവകാശപ്പെട്ടു. തന്നെ സേവിക്കാനായി യഹോവ ഇയ്യോബിനെപ്പോലുള്ള മനുഷ്യർക്കു കൈക്കൂലി കൊടുക്കുന്നെന്ന് സാത്താൻ ഒരർഥത്തിൽ പറയുകയായിരുന്നു. അതുപോലെ ദൈവത്തിന്റെ അനുഗ്രഹങ്ങൾ കിട്ടാൻവേണ്ടി മാത്രമാണ് മനുഷ്യർ യഹോവയെ സേവിക്കുന്നതെന്നും സാത്താൻ അതിലൂടെ വാദിച്ചു. യഹോവ ഇതിനോട് എങ്ങനെയാണ് പ്രതികരിച്ചത്?
8-9. യഹോവ സാത്താനു കൃത്യമായ എന്തു പരിധി വെച്ചു, എന്തുകൊണ്ട്? (ഇയ്യോബ് 1:12) (ചിത്രവും കാണുക.)
8 ഇയ്യോബ് 1:12 വായിക്കുക. തന്റെ ആരോപണം തെളിയിക്കാനുള്ള അവസരം യഹോവ സാത്താനു കൊടുത്തെങ്കിലും യഹോവ അവനു കൃത്യമായ പരിധികൾ വെച്ചു. “അവന്റെ (ഇയ്യോബിന്റെ) ദേഹത്ത് തൊടരുത്!” എന്നു ദൈവം വ്യക്തമായി പറഞ്ഞു. എല്ലാ ദൂതന്മാരും കേൾക്കെ യഹോവ സാത്താന് ആ കല്പന കൊടുത്തു. അതിനപ്പുറം പോകാൻ സാത്താന് അധികാരമില്ലായിരുന്നു. യഹോവ വെച്ചിരിക്കുന്ന പരിധിക്കുള്ളിൽനിന്ന് കാര്യങ്ങൾ ചെയ്യാനേ അവനു കഴിയുമായിരുന്നുള്ളൂ. ഇന്നും അത് അങ്ങനെതന്നെയാണ്. അങ്ങനെ ഇയ്യോബിനെ സംരക്ഷിക്കാനും തന്റെ സത്പേരിനു കളങ്കം വരാതിരിക്കാനും യഹോവ അധികാരവും ശക്തിയും ഉപയോഗിച്ചു.
9 സാത്താന്റെ ആദ്യശ്രമം തീർത്തും പാളിപ്പോയി. ഇയ്യോബ് തന്റെ സ്വർഗീയപിതാവിനോട് വിശ്വസ്തനായിത്തന്നെ തുടർന്നു. (ഇയ്യോ. 1:22) എന്നാൽ എതിരാളിയായ സാത്താന് ഇയ്യോബിനെ പരീക്ഷിച്ച് മതിയായിട്ടില്ലായിരുന്നു.
സ്വർഗത്തിൽ എല്ലാവരും കേൾക്കെ തന്റെ വാദം അവതരിപ്പിക്കാൻ സാത്താനെ യഹോവ അനുവദിച്ചു (8-9 ഖണ്ഡികകൾ കാണുക)
10. ഇയ്യോബിനെ വീണ്ടും പരീക്ഷിക്കാൻ യഹോവ സാത്താനെ അനുവദിച്ചത് എന്തുകൊണ്ട്? (ഇയ്യോബ് 2:2-6)
10 ഇയ്യോബ് 2:2-6 വായിക്കുക. ഇത്തവണ ഇയ്യോബിന്റെ വിശ്വസ്തത തകർക്കാൻ സാത്താൻ കുറച്ചുകൂടി ക്രൂരമായ ശ്രമം നടത്തി. തന്റെ ജീവൻപോകുമെന്നു തോന്നുമ്പോൾ ഇയ്യോബ് ഉറപ്പായും ദൈവത്തെ ശപിക്കുമെന്ന് സാത്താൻ വാദിച്ചു. അതു തെളിയിക്കാൻ യഹോവ അവന് അവസരം കൊടുത്തു. അങ്ങനെ ഇയ്യോബിനു ഗുരുതരമായ ഒരു രോഗം വരുത്താൻ യഹോവ സാത്താനെ അനുവദിച്ചു. എന്നാൽ ഇപ്രാവശ്യവും പരിധിവെച്ചുകൊണ്ട് യഹോവ ഇങ്ങനെ പറഞ്ഞു: “അവന്റെ ജീവനെടുക്കരുത്!” യഹോവ വെച്ച നിയന്ത്രണത്തിനുള്ളിൽ നിൽക്കാനേ ഇത്തവണയും സാത്താനു പറ്റുമായിരുന്നുള്ളൂ. അതുകൊണ്ട് യഹോവയാണ് അത്യുന്നതനെന്ന് ഈ സംഭവം വീണ്ടും തെളിയിക്കുന്നു. കാരണം യഹോവ തീരുമാനിച്ച പരിധിക്കപ്പുറം പോകാൻ സാത്താനു കഴിഞ്ഞില്ല.
യഹോവ ഇയ്യോബിന്റെ ദുരിതങ്ങൾ അവസാനിപ്പിക്കുന്നു
11. ഇയ്യോബിന്റെ പരിശോധനകൾ അവസാനിപ്പിച്ചശേഷം യഹോവ എങ്ങനെയാണ് ഇയ്യോബിനെ അനുഗ്രഹിച്ചത്? (ഇയ്യോബ് 42:10-13)
11 ഇയ്യോബ് 42:10-13 വായിക്കുക. ഇയ്യോബ് തന്റെ വിശ്വസ്തത ഉപേക്ഷിക്കില്ലെന്ന് വ്യക്തമായപ്പോൾ അദ്ദേഹത്തെ ആക്രമിക്കാൻ യഹോവ സാത്താനെ പിന്നെ അനുവദിച്ചില്ല. തന്റെ വിശ്വസ്തദാസന്റെ കഷ്ടപ്പാടുകൾ യഹോവ അവസാനിപ്പിച്ചു. യഹോവയുടെ തീരുമാനത്തിന് തടസ്സം നിൽക്കാനുള്ള ശക്തി എതിരാളിക്കില്ലെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു. യഹോവയുടെ പ്രിയപ്പെട്ട ദാസനെ നേരിട്ട് ആക്രമിക്കാൻ ഇനി ഒരു നിമിഷംപോലും സാത്താന് അനുവാദമില്ലായിരുന്നു.
12. യഹോവയുടെ രക്ഷാശക്തിയിൽ ആശ്രയിച്ചവർക്കുവേണ്ടി യഹോവ എന്താണ് ചെയ്തത് എന്നതിന് ഒരു ഉദാഹരണം പറയുക.
12 ഈ അവസാനകാലത്തും പലരും യഹോവയുടെ സംരക്ഷണശക്തി അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് 1945-ൽ നാസി തടങ്കൽപ്പാളയത്തിൽ ഉണ്ടായിരുന്ന ഒരുപാടു പേരെ, വളരെ അപകടംപിടിച്ച വഴിയിലൂടെ ദീർഘദൂരം നടത്തിക്കൊണ്ടുപോയി. ആ മരണപ്രയാണത്തെ അക്കൂട്ടത്തിൽ ഉണ്ടായിരുന്ന 230 യഹോവയുടെ സാക്ഷികളും അതിജീവിച്ചു. തങ്ങൾക്കുണ്ടായ ഭയാനകമായ അനുഭവത്തെക്കുറിച്ച് അവർ ഇങ്ങനെ എഴുതി. “ദീർഘവും കഠിനവും ആയ ഒരു പരിശോധനാ കാലഘട്ടം അവസാനിച്ചിരിക്കുന്നു. അതിജീവിച്ചിരിക്കുന്നവർക്ക്, തീച്ചൂളയിൽനിന്ന് എന്നപോലെ വലിച്ചെടുക്കപ്പെട്ടിരിക്കുന്നവർക്ക്, തീയുടെ മണംപോലും തട്ടിയിട്ടില്ല. . . . നേരെ മറിച്ച്, യഹോവയിൽനിന്ന് നിറയെ ശക്തിയും ബലവും അവർക്കു ലഭിച്ചിരിക്കുന്നു.” അവർ ഇങ്ങനെയും എഴുതി: ‘ഞങ്ങൾക്ക് ഒരേയൊരു ആഗ്രഹമേ ഉള്ളൂ. ഈ സിംഹക്കുഴിയിൽനിന്ന് പുറത്തുവന്ന ഞങ്ങൾക്കു നിത്യതയിൽ എന്നും യഹോവയെ സേവിക്കാൻ കഴിയണം. കിട്ടാവുന്നതിൽവെച്ച് ഏറ്റവും വലിയ പ്രതിഫലം അതുതന്നെയാണ്.’—ദാനിയേൽ 3:27; 6:22 താരതമ്യം ചെയ്യുക.
13. പ്രശ്നങ്ങൾ നേരിടുമ്പോൾ നിങ്ങൾക്ക് ഏതു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാനാകും? (ചിത്രങ്ങളും കാണുക.)
13 ജീവിതത്തിൽ ചില പ്രശ്നങ്ങൾ നേരിടുമ്പോൾ നമ്മളും സിംഹക്കുഴിയിലേക്ക് എറിയപ്പെട്ടതുപോലെ നമുക്കു തോന്നിയേക്കാം. (1 പത്രോ. 5:8-10) ചിലപ്പോൾ നമ്മൾ തകർന്നുപോയേക്കാം. ഈ പ്രശ്നങ്ങളൊക്കെ എന്നെങ്കിലും അവസാനിക്കുമോ എന്നുപോലും ചിന്തിച്ചുപോകാം. അത്തരം സമയങ്ങളിൽ ഇയ്യോബിന്റെ അനുഭവത്തെക്കുറിച്ച് ഓർക്കുന്നത് നമ്മളെ സഹായിക്കും. നമ്മുടെ ദുരിതങ്ങളെല്ലാം അവസാനിപ്പിക്കാനുള്ള ശക്തി യഹോവയ്ക്കുണ്ടെന്ന് പൂർണമായി വിശ്വസിക്കുക. ദൈവം അത് ഇപ്പോൾത്തന്നെയോ അല്ലെങ്കിൽ പുതിയ ലോകത്തിലോ ആയിരിക്കും ചെയ്യുന്നത്. ഓർക്കുക: യഹോവ നിശ്ചയിച്ചിരിക്കുന്നതിന് അപ്പുറത്തേക്ക് ഒരു നിമിഷംപോലും ഈ വ്യവസ്ഥിതി മുന്നോട്ടുപോകാൻ യഹോവ അനുവദിക്കില്ല!
യഹോവ തന്റെ എല്ലാ വിശ്വസ്തദാസരുടെയും ദുരിതങ്ങൾ അവസാനിപ്പിക്കും (13-ാം ഖണ്ഡിക കാണുക)
യഹോവ തന്റെ വിശ്വസ്തദാസരെ സ്നേഹിക്കുന്നു
14-15. വിശ്വസ്തരായ തന്റെ ദാസർക്കു പ്രതിഫലം നൽകുന്നതിനെക്കുറിച്ച് യഹോവയ്ക്ക് എന്താണ് തോന്നുന്നത്? (ഇയ്യോബ് 14:15) (ചിത്രവും കാണുക.)
14 ഇയ്യോബ് 14:15 വായിക്കുക. തന്നോട് വിശ്വസ്തരായിരിക്കുന്നവരോട് സ്വർഗീയപിതാവിന് ഒരു പ്രത്യേക അടുപ്പമുണ്ട്. യഹോവ അവരെ ഒരുപാട് സ്നേഹിക്കുന്നു. അതുകൊണ്ടുതന്നെ അവർ മരിച്ചുപോയാലും യഹോവ അവരെ തിരികെ ജീവനിലേക്കു കൊണ്ടുവരും. മരണം വരുത്തിവെക്കുന്ന വേദന ദൈവം ഇല്ലാതാക്കും.—യശ. 65:17.
15 ഇയ്യോബ് തുടർന്നും സാത്താൻ ഭരിക്കുന്ന ഒരു ലോകത്തിലാണ് ജീവിച്ചതെങ്കിലും, ബൈബിളിൽനിന്ന് നമ്മൾ കാണുന്നത് യഹോവ ഇയ്യോബിന് അദ്ദേഹത്തിന്റെ ആരോഗ്യം തിരിച്ചുകൊടുത്തെന്നും മുമ്പ് ഉണ്ടായിരുന്നതിലും കൂടുതൽ അനുഗ്രഹങ്ങൾ നൽകിയെന്നും ആണ്. എന്നാൽ ആ അനുഗ്രഹങ്ങളെല്ലാം ഭാവിയിൽ യഹോവ ഇയ്യോബിന് കൊടുക്കാനിരുന്നതിന്റെ വെറുമൊരു സാമ്പിൾ മാത്രമായിരുന്നു. തന്നോട് വിശ്വസ്തരായിരിക്കുന്നവർ പൂർണമായി സന്തോഷിക്കാനും ജീവിതം ആസ്വദിക്കാനും താൻ ആഗ്രഹിക്കുന്നെന്ന് യഹോവ അതിലൂടെ കാണിച്ചു. വിശ്വസ്തർ എന്നു തെളിയിക്കുന്ന എല്ലാവർക്കും മനോഹരമായ പറുദീസാഭൂമിയിൽ എന്നും ജീവിക്കാൻ യഹോവ അവസരം കൊടുക്കും. (വെളി. 21:3, 4) പ്രപഞ്ചത്തിന്റെ പരമാധികാരിയായ യഹോവയ്ക്ക് അങ്ങനെ ചെയ്യാനുള്ള ആഗ്രഹമുണ്ട്. അത് ഓർക്കുന്നത് പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ എത്ര വലിയ ആശ്വാസമാണ് നമുക്കു തരുന്നത്!
പരിശോധനകൾക്കു ശേഷം ഇയ്യോബിനെയും ഭാര്യയെയും യഹോവ സമൃദ്ധമായി അനുഗ്രഹിച്ചു (14-15 ഖണ്ഡികകൾ കാണുക)
16. പരമാധികാരി എന്ന നിലയിൽ യഹോവയിൽ ആശ്രയിക്കാനുള്ള വേറെ എന്തു കാരണമാണ് നമുക്കുള്ളത്?
16 ഒരുപാട് വർഷം ജീവിച്ചശേഷം ഒടുവിൽ ഇയ്യോബ് മരിച്ചു. എന്നാൽ അത്യുന്നതനും പരമാധികാരിയും ആയ യഹോവയ്ക്കു മരണത്തിന്മേൽപോലും അധികാരമുണ്ട്. (ആവ. 32:39) അതുകൊണ്ട് താൻ സ്നേഹിക്കുന്നവരെ തിരികെ ജീവനിലേക്ക് കൊണ്ടുവരുന്നതിൽനിന്ന് ദൈവത്തെ തടയാൻ ആർക്കും കഴിയില്ല. യഹോവ നിശ്ചയിച്ചിരിക്കുന്ന സമയത്തായിരിക്കും അതു നടക്കുന്നത്.—റോമ. 8:38, 39.
യഹോവയിൽ പൂർണമായി വിശ്വസിക്കുക
17. യഹോവയുടെ ജനത്തെ തുടച്ചുനീക്കാനുള്ള സാത്താന്റെ ശ്രമങ്ങൾ പരാജയപ്പെട്ടിരിക്കുന്നു എന്ന് എന്തു തെളിയിക്കുന്നു?
17 യഹോവയിൽ പൂർണമായും വിശ്വസിക്കാനുള്ള ശക്തമായ കാരണങ്ങൾ ഇയ്യോബിന്റെ പുസ്തകം നമുക്കു തരുന്നു. ദൈവജനത്തെ തുടച്ചുനീക്കാനുള്ള സാത്താന്റെ ശ്രമങ്ങൾ പരാജയപ്പെടുത്തിയിരിക്കുന്നതിൽ നമുക്ക് യഹോവയോട് നന്ദിയില്ലേ? ഇന്ന് ഏതാണ്ട് 90 ലക്ഷം ആളുകൾ യഹോവയെ വിശ്വസ്തമായി സേവിക്കുന്നു. യഹോവതന്നെയാണ് പരമാധികാരി എന്നതിന്റെ എത്ര വലിയ തെളിവാണ് അത്! ദൈവജനത്തിന് എതിരെ കൊണ്ടുവരുന്ന ആയുധങ്ങൾ ഫലിക്കാതെപോകുന്നത് നമ്മൾ വീണ്ടുംവീണ്ടും കണ്ടിരിക്കുന്നു. (യശ. 54:17) ഇരുമ്പുപോലുള്ള രാഷ്ട്രങ്ങൾക്കും മതസംഘടനകൾക്കും നിസ്സഹായരായി കാണപ്പെടുന്ന യഹോവയുടെ ജനത്തെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. അതുപോലെ യഹോവയെക്കുറിച്ചുള്ള സത്യം ആളുകളെ അറിയിക്കുന്നതിൽനിന്നും, സാത്താൻ ഒരു നുണയനും കൊലപാതകിയും ആണെന്ന് തുറന്നുകാട്ടുന്നതിൽനിന്നും നമ്മളെ തടയാൻ ഒന്നിനുമാകില്ല. മരണത്തിനുപോലും അതിനു കഴിയില്ല. കാരണം വിശ്വസ്തരായി മരിക്കുന്നവരെ യഹോവ തിരികെ ജീവനിലേക്കു കൊണ്ടുവരും.—ഹോശേ. 13:14.
18. ഭാവിയിൽ എന്ത് സംഭവിച്ചാലും നമ്മൾ പേടിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
18 ഇയ്യോബിന്റെ ജീവിതത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുമ്പോൾ, ഭാവിയിൽ എന്തൊക്കെ നേരിട്ടാലും യഹോവ കൂടെയുണ്ടാകുമെന്ന നമ്മുടെ വിശ്വാസം ശക്തമാകും. മഹാകഷ്ടതയുടെ സമയത്ത് നിസ്സഹായരായി കാണപ്പെടുന്ന ദൈവജനത്തെ എളുപ്പം കീഴ്പെടുത്താനാകുമെന്ന് സാത്താനും അവന്റെ സൈന്യത്തിനും തോന്നിയേക്കാം. എന്നാൽ ഇയ്യോബിന്റെ നാളിലെപ്പോലെ കാര്യങ്ങളുടെ മുഴുവൻ നിയന്ത്രണവും യഹോവയുടെ കൈകളിലായിരിക്കും. തന്റെ ജനത്തിന് നിലനിൽക്കുന്ന ഒരു ദോഷവും വരുത്താൻ യഹോവ സാത്താനെ ഒരിക്കലും അനുവദിക്കില്ല. മനുഷ്യകുടുംബത്തിന്മേൽ സാത്താൻ വരുത്തിവെച്ചിരിക്കുന്ന എല്ലാ ദുരിതങ്ങളും ഇല്ലാതാക്കാനുള്ള യഹോവയുടെ സമയം തൊട്ടടുത്ത് എത്തിയിരിക്കുന്നു. സാത്താനെയും ഭൂതങ്ങളെയും 1,000 വർഷത്തേക്ക് അഗാധത്തിൽ അടയ്ക്കും. (ലൂക്കോ. 8:31; വെളി. 20:1-3) തുടർന്ന് സാത്താനും അവന്റെ കൂടെ ചേരുന്നവരും നശിപ്പിക്കപ്പെടും. (വെളി. 20:10) യഹോവ പ്രഖ്യാപിച്ചതുപോലെ സാത്താന്റെ തല തകർക്കും; എന്നെന്നേക്കുമായി അവൻ അന്ന് ഇല്ലാതാകും.—ഉൽപ. 3:15; റോമ. 16:20.
19. യഹോവയിൽ പൂർണമായി വിശ്വസിക്കുന്നവരെ ഏത് അനുഗ്രഹങ്ങളാണ് കാത്തിരിക്കുന്നത്? (ചിത്രവും കാണുക.)
19 പൂർണരായിത്തീർന്ന് സന്തോഷത്തോടെ ജീവിക്കുന്ന പുതിയ ലോകത്തിനായി സത്യാരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അന്നത്തെ ജീവിതം ഇന്ന് നമുക്കു ഭാവനയിൽ കാണാനാകുന്നതിനും അപ്പുറമായിരിക്കും. യഹോവ ഈ ഉറപ്പു തന്നിരിക്കുന്നു: “ഇതാ, ഞാൻ എല്ലാം പുതിയതാക്കുന്നു.” (വെളി. 21:5) എന്താണ് അതിന്റെ അർഥം? ആയിരക്കണക്കിന് വർഷങ്ങളായി സാത്താന്റെയും ഭൂതങ്ങളുടെയും ദുഷ്ടവലയത്തിലായിരുന്ന മനുഷ്യർക്ക് ഒടുവിൽ സ്വാതന്ത്ര്യം കിട്ടും. മനുഷ്യർക്കു ദോഷം വരുത്താനോ ക്രൂരമായ കാര്യങ്ങൾ ചെയ്യുന്നതിനായി അവരെ സ്വാധീനിക്കാനോ സാത്താനും ഭൂതങ്ങൾക്കും പിന്നെ കഴിയില്ല. അന്ന് നമുക്കു കിട്ടുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരിക്കും. ഉറക്കമില്ലാത്ത രാത്രികൾക്കു കാരണമായ ഈ ലോകത്തിലെ ഉത്കണ്ഠകൾ പിന്നീടൊരിക്കലും നമുക്കുണ്ടായിരിക്കില്ല. അർമഗെദോനെ അതിജീവിക്കുന്നവർ ഒരുപാട് അത്ഭുതങ്ങൾ നേരിൽക്കാണും. ലോകമെങ്ങും രോഗികൾ സുഖപ്പെടും; നമ്മുടെ മരിച്ചുപോയ പ്രിയപ്പെട്ടവർ വീണ്ടും ജീവനിലേക്കു വരും. സ്വർഗീയപിതാവ് നമുക്കുവേണ്ടി മനസ്സിൽ കണ്ട ജീവിതം അന്ന് നമ്മൾ ആസ്വദിച്ചുതുടങ്ങും!
മുമ്പ് പരിശോധനകൾ സഹിച്ചുനിന്ന വിശ്വസ്തരുടെ മേൽ യഹോവ അനുഗ്രഹങ്ങൾ ചൊരിയും (19-ാം ഖണ്ഡിക കാണുക)
20. എന്തു ചെയ്യാനാണ് നിങ്ങളുടെ ഉറച്ച തീരുമാനം?
20 ഈ അവസാനകാലത്ത് നമുക്ക് ഇനിയും ധൈര്യത്തോടെ പല പ്രശ്നങ്ങളെയും നേരിടേണ്ടിവന്നേക്കാം. അപ്പോൾ യഹോവയിൽ പൂർണമായി വിശ്വസിക്കാനും ദൈവത്തിന്റെ പരമാധികാരത്തെ പിന്തുണയ്ക്കാനും നമുക്ക് ഉറച്ച തീരുമാനമെടുക്കാം. നമുക്കു സ്വർഗീയപിതാവായ യഹോവയോടുള്ള സ്നേഹം തെളിയിക്കുകയും സാത്താൻ ഒരു നുണയനാണെന്ന് തുറന്നുകാട്ടുകയും ചെയ്യാം. തന്റെ വിശ്വസ്തർക്ക് അനേകം അനുഗ്രഹങ്ങൾ കരുതിവെച്ചിരിക്കുന്ന പരമാധികാരിയായ യഹോവയുടെ ഭരണത്തിനായി നമുക്കു കാത്തിരിക്കാം!
ഗീതം 153 എനിക്കു ധൈര്യം തരേണമേ