2026 മേയ് 4-10
ഗീതം 53 പ്രസംഗിക്കാൻ ഒരുങ്ങിയിരിക്കുന്നു
ശുശ്രൂഷയിൽ ‘വിദഗ്ധമായി പഠിപ്പിക്കുന്നവർ’ ആയിത്തീരുക
‘ദൈവവചനം പ്രസംഗിക്കുക, വിദഗ്ധമായ പഠിപ്പിക്കൽരീതി ഉപയോഗിച്ച് അങ്ങേയറ്റം ക്ഷമയോടെ ചെയ്യുക.’—2 തിമൊ. 4:2.
ഉദ്ദേശ്യം
ശുശ്രൂഷയിൽ പഠിപ്പിക്കാനുള്ള പ്രാപ്തി മെച്ചപ്പെടുത്താൻ സഹായിക്കുന്ന മൂന്നു വഴികൾ.
1. നമ്മൾ ഏതു കഴിവ് വളർത്തിയെടുക്കണം, എന്തുകൊണ്ട്? (2 തിമൊഥെയൊസ് 4:2) (ചിത്രവും കാണുക.)
യേശു തന്റെ അനുഗാമികളോട് പറഞ്ഞു: ‘നിങ്ങൾ ആളുകളെ ശിഷ്യരാക്കുകയും ഞാൻ നിങ്ങളോടു കല്പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുകയും വേണം.’ (മത്താ. 28:19, 20) എല്ലാ ക്രിസ്ത്യാനികളും പഠിപ്പിക്കുന്നവർ ആയിരിക്കേണ്ടതുണ്ട് എന്നാണ് ഈ നിർദേശം കാണിക്കുന്നത്. ‘ശരിയായ മനോഭാവമുള്ളവരെ’ യഹോവ തന്നിലേക്ക് ആകർഷിക്കും എന്നതും അവരെ കണ്ടെത്താൻ ദൂതന്മാർ നമ്മളെ സഹായിക്കും എന്നതും ശരിയാണ്. (പ്രവൃ. 13:48; യോഹ. 6:44; വെളി. 14:6) എങ്കിലും നമ്മളും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അപ്പോസ്തലന്മാരായ പൗലോസിന്റെയും ബർന്നബാസിന്റെയും മാതൃക നോക്കാം. അവർ ഇക്കോന്യയിലെ സിനഗോഗിൽ പഠിപ്പിച്ചപ്പോൾ “വലിയൊരു കൂട്ടം ജൂതന്മാരും ഗ്രീക്കുകാരും വിശ്വാസികളായിത്തീർന്നു. അത്ര ഫലപ്രദമായാണ് അവർ സംസാരിച്ചത്.” (പ്രവൃ. 14:1) അതെ, പൗലോസും ബർന്നബാസും ‘വിദഗ്ധമായി പഠിപ്പിക്കാനുള്ള’ കഴിവ് വളർത്തിയെടുത്തിരുന്നു. (2 തിമൊഥെയൊസ് 4:2 വായിക്കുക.) ക്രിസ്ത്യാനികളായ നമ്മൾ എല്ലാവരും ആ കഴിവ് വളർത്തിയെടുക്കേണ്ടതുണ്ട്.
യേശുവിന്റെയും, പൗലോസിനെയും ബർന്നബാസിനെയും പോലുള്ള യേശുവിന്റെ ശിഷ്യന്മാരുടെയും മാതൃകയിൽനിന്ന് ‘വിദഗ്ധമായ പഠിപ്പിക്കൽരീതിയെക്കുറിച്ച്’ നമുക്ക് ഒരുപാട് പഠിക്കാനുണ്ട് (1-ാം ഖണ്ഡിക കാണുക)
2. പഠിപ്പിക്കാനുള്ള പ്രാപ്തി മെച്ചപ്പെടുത്താൻ കഴിയില്ലെന്നു ചില ക്രിസ്ത്യാനികൾക്കു തോന്നുന്നത് എന്തുകൊണ്ട്?
2 വലിയ വിദ്യാഭ്യാസമോ കഴിവോ ഒന്നും ഇല്ലാത്തതുകൊണ്ട് തങ്ങൾക്കു പഠിപ്പിക്കാനുള്ള പ്രാപ്തി മെച്ചപ്പെടുത്താൻ പറ്റില്ലെന്നു ചിലർ ചിന്തിക്കുന്നു. ബൈബിൾക്കാലങ്ങളിലെ ചില പുരുഷന്മാർക്കും ഇതുപോലെ പ്രാപ്തിക്കുറവ് തോന്നിയിട്ടുണ്ട്. (പുറ. 4:10; യിരെ. 1:6) പിന്നെ, ശുശ്രൂഷയിൽ മറ്റുള്ളവരെപ്പോലെ നല്ല ഫലങ്ങൾ കിട്ടാതെ വരുമ്പോൾ അത് തങ്ങളുടെ പഠിപ്പിക്കൽ പ്രാപ്തിയുടെ കുഴപ്പംകൊണ്ടാണെന്നു ചിലർ ചിന്തിക്കുന്നു. നമ്മൾ കാണുകയും സംസാരിക്കുകയും ചെയ്യുന്ന എല്ലാവരും സന്തോഷവാർത്തയോട് നല്ല രീതിയിൽ പ്രതികരിക്കില്ല എന്നതു ശരിയാണ്. ഇനി ആളുകളുടെ പ്രതികരണം പൂർണമായും നമ്മുടെ ശ്രമങ്ങളെ ആശ്രയിച്ചുമല്ല ഇരിക്കുന്നത്. നമ്മൾ കണ്ടതുപോലെ യഹോവയും ദൂതന്മാരും ആണ് ആത്മാർഥഹൃദയരെ കണ്ടെത്താൻ സഹായിക്കുന്നത്. എങ്കിലും രാജ്യസന്ദേശം മറ്റുള്ളവരുടെ മുന്നിൽ ഏറ്റവും നല്ല രീതിയിൽ അവതരിപ്പിക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നത്. ഈ ലേഖനം അതിനു സഹായിക്കും. ശുശ്രൂഷയിൽ വിദഗ്ധമായി പഠിപ്പിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താൻ സഹായിക്കുന്ന മൂന്നു കാര്യങ്ങൾ നോക്കാം.
ആളുകളിൽ താത്പര്യം കാണിക്കുക
3. യേശുവിന് ആളുകളുടെ ഹൃദയത്തെ സ്പർശിക്കാനായത് എന്തുകൊണ്ട്?
3 യേശുവിനു ‘മനുഷ്യരുടെ ഹൃദയത്തിൽ എന്താണെന്ന് അറിയാമായിരുന്നു’ എന്നു ബൈബിൾ പറയുന്നു. (യോഹ. 2:25) ആളുകൾ എന്തൊക്കെയാണ് ചിന്തിക്കുന്നതെന്നും എന്തുകൊണ്ടാണ് അവർ അങ്ങനെ ചിന്തിക്കുന്നതെന്നും യേശുവിന് അറിയാമായിരുന്നു എന്നാണ് ഇതു കാണിക്കുന്നത്. ആളുകളുടെ ആവശ്യങ്ങൾ മനസ്സിലാക്കിയതുകൊണ്ടാണ് യേശുവിന് അവരുടെ ഹൃദയത്തെ തൊടാനായത്. ആളുകൾ ആത്മീയമായി പട്ടിണിയിലാണെന്നും അനേകം പാരമ്പര്യങ്ങളും മനുഷ്യരുണ്ടാക്കിയ നിയമങ്ങളും കാരണം അവർ അടിച്ചമർത്തപ്പെട്ടവർ ആണെന്നും യേശു മനസ്സിലാക്കി. (മത്താ. 9:36; 23:4) അതുകൊണ്ടുതന്നെ മലയിലെ പ്രസംഗത്തിൽ, യേശു അവരുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന കാര്യങ്ങൾ പറഞ്ഞുകൊടുത്തു. തങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് യേശു പറയുന്നതു കേട്ടപ്പോൾ പല ആളുകളെയും അതു ശരിക്കും സ്പർശിച്ചു.
4. ആളുകളിൽ താത്പര്യമുണ്ടെന്നു നമുക്ക് എങ്ങനെ കാണിക്കാം? (ചിത്രങ്ങളും കാണുക.)
4 ശുശ്രൂഷയിൽ കണ്ടുമുട്ടുന്നവരുടെ ഉത്കണ്ഠകൾ മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട് നമുക്ക് അവരിൽ താത്പര്യമുണ്ടെന്നു കാണിക്കാനാകും. നമ്മൾ കാണുന്ന ഓരോ വ്യക്തിയും സാത്താന്റെ ഈ ദുഷ്ടലോകത്തിലെ ഏതെങ്കിലുമൊക്കെ പ്രശ്നങ്ങൾ നേരിടുന്നവരായിരിക്കും. അത് ഓർക്കുന്നത് നമ്മുടെ പ്രദേശത്തെ ആളുകളോടു സഹാനുഭൂതിയോടെ ഇടപെടാൻ നമ്മളെ സഹായിക്കും. ഉദാഹരണത്തിന്, അടുത്തിടെ നടന്ന ഒരു സംഭവം നമ്മുടെ പ്രദേശത്തുള്ളവരെ ടെൻഷനടിപ്പിക്കുന്നുണ്ടോ? സ്കൂളിൽ പോകുന്ന മക്കളുടെ സുരക്ഷയെക്കുറിച്ച് മാതാപിതാക്കൾക്ക് ഉത്കണ്ഠയുണ്ടോ? നമ്മുടെ പ്രദേശത്ത് തൊഴിലില്ലായ്മ കൂടുതലാണോ? “ബുദ്ധിമുട്ടു നിറഞ്ഞ” ഈ സമയത്ത്, ബൈബിൾ നൽകുന്ന പ്രത്യാശ ഇല്ലാതെ ജീവിക്കേണ്ടിവരുന്ന ആളുകളുടെ അവസ്ഥ മനസ്സിൽക്കാണാൻ ശ്രമിക്കുക.—2 തിമൊ. 3:1; യശ. 65:13, 14.
നിങ്ങളുടെ പ്രദേശത്തുള്ളവരുടെ സാഹചര്യം മനസ്സിലാക്കിയിട്ട് അവരുടെ കാര്യത്തിൽ താത്പര്യമുണ്ടെന്ന് എങ്ങനെ കാണിക്കാമെന്നു ചിന്തിക്കുക (4-ാം ഖണ്ഡിക കാണുക)
5. ഒരു അധ്യാപകൻ എന്ന നിലയിൽ യേശു പരീശന്മാരിൽനിന്ന് വ്യത്യസ്തനായിരുന്നത് എങ്ങനെ? (മത്തായി 11:28-30)
5 യേശു തന്റെ കേൾവിക്കാരെ സ്നേഹിച്ചു. യേശുവിന്റെ ഇടപെടലിൽനിന്ന് അവർക്ക് അതു മനസ്സിലാക്കാനുമായി. സാധാരണക്കാരെ തീരെ താഴ്ന്നവരായും വെറുക്കപ്പെട്ടവരായും കണ്ടിരുന്ന പരീശന്മാരിൽനിന്ന് എത്രയോ വ്യത്യസ്തനായിരുന്നു യേശു. (മത്താ. 23:13; യോഹ. 7:49) ആളുകളോടു ദയയോടെയും ആദരവോടെയും ആണ് യേശു ഇടപെട്ടത്. “സൗമ്യനും താഴ്മയുള്ളവനും” ആയിരുന്നതുകൊണ്ട് യേശു നല്ലൊരു അധ്യാപകനായിരുന്നു. (മത്തായി 11:28-30 വായിക്കുക.) നമുക്കും ശുശ്രൂഷയിൽ കണ്ടുമുട്ടുന്നവരോടു ദയയോടെയും ആദരവോടെയും ഇടപെടാം.
6. ആളുകൾ നമ്മുടെ സന്ദേശത്തോടു താത്പര്യം കാണിക്കാതിരിക്കുകയോ എതിർക്കുകയോ ചെയ്യുമ്പോൾ അവരോടു ദയയോടെയും ആദരവോടെയും ഇടപെടാൻ നമുക്ക് എങ്ങനെ കഴിയും?
6 ചിലർ നമ്മുടെ സന്ദേശത്തോടു താത്പര്യം കാണിക്കാതിരിക്കുകയോ എതിർക്കുകയോ പോലും ചെയ്തേക്കാം. അപ്പോൾ എങ്ങനെ പ്രതികരിക്കണം? എതിർപ്പുകൾ വെറുതേ സഹിച്ചുനിന്നാൽ മാത്രം മതിയോ? ‘നിങ്ങളെ വെറുക്കുന്നവർക്കു നന്മ ചെയ്യാനും നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കാനും നിങ്ങളെ അപമാനിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കാനും’ പോലും യേശു നിർദേശിച്ചു. (ലൂക്കോ. 6:27, 28) ആരെങ്കിലും നമ്മളോടു മോശമായി പെരുമാറുമ്പോൾ, അതിന് എന്തെങ്കിലും കാരണം ഉണ്ടായിരിക്കുമെന്നു ചിന്തിക്കുന്നെങ്കിൽ അവരോടു ദയയോടെ ഇടപെടാൻ എളുപ്പമായിരിക്കും. ശരിയാണ്, ചിലരുടെ ലക്ഷ്യം നമ്മുടെ പ്രസംഗപ്രവർത്തനം നിറുത്തിക്കുക എന്നതുതന്നെയാണ്. എന്നാൽ മറ്റു ചിലരുടെ കാര്യത്തിൽ, നമ്മൾ അവരുടെ വീട്ടിൽ ചെന്ന ദിവസം കുടുംബപ്രശ്നമോ മറ്റെന്തെങ്കിലും ടെൻഷനോ കാരണം അവർ വിഷമത്തിലായിരുന്നിരിക്കും. അതുകൊണ്ടാകാം അവർ മോശമായി ഇടപെട്ടത്; അല്ലാതെ നമ്മളോടുള്ള ദേഷ്യംകൊണ്ടായിരിക്കില്ല. എന്തുതന്നെയായാലും നമ്മൾ ഈ ഉപദേശം അനുസരിക്കണം: “എപ്പോഴും നിങ്ങളുടെ വാക്കുകൾ, ഉപ്പു ചേർത്ത് രുചിവരുത്തിയതുപോലെ ഹൃദ്യമായിരിക്കട്ടെ. അങ്ങനെയാകുമ്പോൾ, ഓരോരുത്തർക്കും എങ്ങനെ മറുപടി കൊടുക്കണമെന്നു നിങ്ങൾ അറിഞ്ഞിരിക്കും.” (കൊലോ. 4:6) ആളുകളോടു സഹാനുഭൂതി ഉണ്ടെങ്കിൽ, ആളുകളുടെ ആവശ്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നെങ്കിൽ അവർ എങ്ങനെ ഇടപെട്ടാലും നമ്മൾ അവരെ സഹായിക്കാൻ ശ്രമിക്കും. അങ്ങനെ നല്ല അധ്യാപകരാകാനും നമുക്കു കഴിഞ്ഞേക്കും.
ദൈവവചനം ഉപയോഗിക്കുക
7. ആളുകളെ പഠിപ്പിച്ചപ്പോൾ താൻ ദൈവവചനത്തിലാണ് ആശ്രയിക്കുന്നതെന്ന് യേശു എങ്ങനെയാണ് കാണിച്ചത്? (യോഹന്നാൻ 7:14-16)
7 യേശു സ്വന്തം ജ്ഞാനത്തിൽ ആശ്രയിക്കുന്നതിനു പകരം ദൈവവചനത്തിൽനിന്നാണ് പഠിപ്പിച്ചത്. ആ വിവരങ്ങൾ ആളുകളുടെ ജീവിതത്തിൽ എങ്ങനെയാണ് പ്രയോജനം ചെയ്യുന്നതെന്നു ലളിതമായി, ഓർത്തിരിക്കാൻ പറ്റുന്ന രീതിയിൽ വിശദീകരിച്ച് കൊടുത്തു. “ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടാണു യേശു പഠിപ്പിച്ചത്”എന്ന് ബൈബിൾ പറയുന്നു. ആളുകൾ അതുകണ്ട് “അതിശയിച്ചുപോയി.” (മർക്കോ. 1:22; “ശാസ്ത്രിമാരെപ്പോലെയല്ല” എന്ന പഠനക്കുറിപ്പ് കാണുക.) അക്കാലത്തെ ശാസ്ത്രിമാർ ആദരണീയരായ റബ്ബിമാരുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് പഠിപ്പിച്ചിരുന്നത്. എന്നാൽ യേശു ദൈവവചനത്തിൽനിന്നാണ് ഉദ്ധരിച്ചത്. മുമ്പ് സ്വർഗത്തിൽ ജീവിച്ചിരുന്ന ദൈവപുത്രൻ എന്ന നിലയിൽ യേശുവിന് അപാരമായ ജ്ഞാനം ഉണ്ടായിരുന്നു. അതെല്ലാം ഉപയോഗിച്ചുകൊണ്ട് ആളുകളെ അമ്പരപ്പിക്കാനോ തങ്ങൾ തീരെ അറിവില്ലാത്തവരാണെന്ന തോന്നൽ അവരിൽ ഉണ്ടാക്കാനോ യേശുവിനു കഴിയുമായിരുന്നു. എന്നാൽ അതിനു പകരം യേശു ദൈവത്തിന്റെ ഇഷ്ടത്തെയും ദൈവവചനത്തെയും കേന്ദ്രീകരിച്ചാണ് പഠിപ്പിച്ചത്. (യോഹന്നാൻ 7:14-16 വായിക്കുക.) തന്റെ അനുഗാമികൾ മറ്റുള്ളവരെ എങ്ങനെ പഠിപ്പിക്കണം എന്ന കാര്യത്തിൽ യേശു ഏറ്റവും നല്ല മാതൃക വെച്ചു.
8. പത്രോസ് എങ്ങനെയാണ് യേശുവിന്റെ മാതൃക അനുകരിച്ചത്?
8 യേശുവിന്റെ ശിഷ്യന്മാരും ആളുകളെ പഠിപ്പിച്ചപ്പോൾ ദൈവവചനത്തിൽ ആശ്രയിച്ചു. ഉദാഹരണത്തിന്, എ.ഡി. 33-ലെ പെന്തിക്കോസ്ത് ദിവസം പത്രോസ് അപ്പോസ്തലൻ നടത്തിയ പ്രസംഗത്തെക്കുറിച്ച് ചിന്തിക്കുക. പത്രോസ് അത്ര വലിയ വിദ്യാഭ്യാസമുള്ള ആളൊന്നുമായിരുന്നില്ല. എന്നിട്ടും യേശുവിൽ നിറവേറിയ പ്രവചനങ്ങൾ അദ്ദേഹം തിരുവെഴുത്തുകൾ ഉപയോഗിച്ച് വിശദീകരിച്ചപ്പോൾ അത് ആളുകളുടെ ഹൃദയത്തെ സ്പർശിച്ചു. (പ്രവൃ. 2:14-37) എന്തായിരുന്നു ഫലം? “പത്രോസിന്റെ ഉപദേശം സന്തോഷത്തോടെ സ്വീകരിച്ചവർ സ്നാനമേറ്റു. അന്ന് ഏകദേശം 3,000 പേർ അവരോടൊപ്പം ചേർന്നു.”—പ്രവൃ. 2:41.
9. മറ്റുള്ളവരെ പഠിപ്പിക്കുമ്പോൾ ദൈവവചനം ഉപയോഗിക്കേണ്ടത് എന്തുകൊണ്ട്?
9 നമ്മുടെ കേൾവിക്കാരുടെ ഹൃദയത്തെ സ്വാധീനിക്കാൻ ദൈവവചനത്തോളം ശക്തിയുള്ള മറ്റൊന്നുമില്ല. (എബ്രാ. 4:12) അതുകൊണ്ട് ആളുകളെ പഠിപ്പിക്കുമ്പോൾ നമ്മൾ ബൈബിൾ ഉപയോഗിക്കണം. നമ്മൾ സ്വന്തം ആശയങ്ങളല്ല ‘ദൈവവചനമാണ് പ്രസംഗിക്കേണ്ടത്.’ (2 തിമൊ. 4:2) സുഭാഷിതങ്ങൾ 2:6 പറയുന്നു: “യഹോവയാണു ജ്ഞാനം നൽകുന്നത്; ദൈവത്തിന്റെ വായിൽനിന്നാണ് അറിവും വകതിരിവും വരുന്നത്.” അതുകൊണ്ട് നമ്മൾ ദൈവവചനത്തിൽനിന്ന് പഠിപ്പിക്കുമ്പോൾ ഒരർഥത്തിൽ യഹോവയെ സംസാരിക്കാൻ അനുവദിക്കുകയാണ്. (മലാ. 2:7) മനുഷ്യർ നൽകുന്ന ഏതൊരു ഉപദേശത്തെക്കാളും വളരെ മികച്ചതാണ് ദൈവവചനത്തിലെ ഉപദേശങ്ങളെന്ന് ആളുകൾ അറിയേണ്ടതുണ്ട്. കാരണം അതിലെ വാക്കുകൾ ദൈവപ്രചോദിതമാണ്. സ്രഷ്ടാവിനെ സന്തോഷിപ്പിക്കാനും നമുക്കുതന്നെ സന്തോഷവും സംതൃപ്തിയും ഉള്ള ജീവിതം ഉണ്ടായിരിക്കാനും സഹായിക്കുന്ന അറിവുകൾ അതിലുണ്ട്.—2 തിമൊ. 3:16, 17.
10. ബൈബിൾവിദ്യാർഥിയുടെ ശ്രദ്ധ ദൈവവചനത്തിലേക്കു കൊണ്ടുവരാൻ നമുക്ക് എങ്ങനെ കഴിയും?
10 ഒരു ബൈബിൾപഠനത്തിനു തയ്യാറാകുമ്പോൾ വിദ്യാർഥിയുടെ ശ്രദ്ധ ബൈബിളിലേക്കു കൊണ്ടുപോകാൻ എന്തു ചെയ്യാനാകുമെന്നു ചിന്തിക്കുക. നമ്മൾ ചിത്രങ്ങളും വീഡിയോകളും ഒക്കെ ഉപയോഗിക്കുമെങ്കിലും ബൈബിളാണ് പ്രധാന പാഠപുസ്തകം എന്നു വിദ്യാർഥിക്കു മനസ്സിലാകണം. അതുകൊണ്ട് പ്രധാനപ്പെട്ട ബൈബിൾവാക്യങ്ങൾ വായിക്കുകയും അതെക്കുറിച്ച് ചിന്തിക്കാൻ വിദ്യാർഥിയെ സഹായിക്കുകയും ചെയ്യുക. ചിത്രങ്ങളോ വീഡിയോകളോ ഉപയോഗിക്കുമ്പോൾത്തന്നെ അതിലെ അടിസ്ഥാന ബൈബിൾതത്ത്വങ്ങൾ വിദ്യാർഥിക്കു മനസ്സിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അതിനർഥം നിങ്ങൾ ഒരുപാട് സംസാരിക്കുകയോ പാഠത്തിലെ എല്ലാ വാക്യങ്ങളും വായിക്കുകയോ ചെയ്യണമെന്നല്ല. പകരം വായിക്കുന്ന വാക്യത്തിലെ ആശയം നന്നായി മനസ്സിലാക്കാൻ വിദ്യാർഥിക്കു സമയം കൊടുക്കുക. ചിലപ്പോൾ അത് ഒന്നുകൂടെ വായിക്കേണ്ടിവന്നേക്കാം. ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ നിങ്ങൾ നടത്തുന്നത് ഒരു പുസ്തകത്തിന്റെ പഠനമോ ചിത്രത്തിന്റെ പഠനമോ വീഡിയോയുടെ പഠനമോ ആയിരിക്കില്ല, പകരം ഒരു ബൈബിൾപഠനം ആയിരിക്കും.—1 കൊരി. 2:13.
11-12. (എ) ബൈബിൾവിദ്യാർഥികളുടെ കാര്യത്തിൽ നമുക്ക് എങ്ങനെ ക്ഷമ കാണിക്കാം? (പ്രവൃത്തികൾ 17:1-4) (ചിത്രവും കാണുക.) (ബി) ചിലർക്കു ബൈബിളിനെക്കുറിച്ച് എന്ത് അറിയില്ല, നമുക്ക് എങ്ങനെ അവരെ സഹായിക്കാനായേക്കും?
11 വിദ്യാർഥിക്കു ചില പോയിന്റുകൾ മനസ്സിലാക്കാൻ ബുദ്ധിമുട്ട് തോന്നുന്ന സമയത്ത്, നമ്മൾ ‘ദൈവവചനം പ്രസംഗിക്കുന്നത് അങ്ങേയറ്റം ക്ഷമയോടെ’ ആയിരിക്കണം എന്ന കാര്യം ഓർക്കാം. എല്ലാവരും ഒരേ വേഗതയിൽ പുരോഗമിക്കണമെന്നില്ല. മനസ്സിലാക്കാൻ വളരെ എളുപ്പമാണെന്നു നമുക്കു തോന്നുന്ന ചില സത്യങ്ങൾ ഉൾക്കൊള്ളാൻ ചിലർക്കു കുറച്ചുകൂടി സമയമെടുത്തേക്കാം. പൗലോസ് തെസ്സലോനിക്യയിലെ ജൂതന്മാരോടു പല തവണ തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്തശേഷമാണ് ചിലർക്കു കാര്യം പിടികിട്ടിയത്.—പ്രവൃത്തികൾ 17:1-4 വായിക്കുക.
12 ക്ഷമ കാണിക്കാനാകുന്ന മറ്റൊരു വിധം, ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ഉള്ളിലുള്ളതു പറയാൻ വിദ്യാർഥിയെ അനുവദിക്കുന്നതാണ്. നമ്മൾ അധികം സംസാരിക്കാതെ, അവർ പറയുന്നതു ശ്രദ്ധിച്ചുകേൾക്കുകയും അവരുടെ ചിന്തകൾ മനസ്സിലാക്കാൻ ശ്രമിക്കുകയും വേണം. എന്നിട്ട് അതെക്കുറിച്ച് ദൈവത്തിന്റെ ചിന്ത തിരിച്ചറിയാൻ സഹായിക്കുന്ന തിരുവെഴുത്തുകൾ വായിച്ച് ചർച്ച ചെയ്യുക. ഇനി ചിലർക്ക് ബൈബിൾ തീരെ പരിചയമുണ്ടാകില്ല. അതിൽ എന്താണ് ഉള്ളതെന്നും അവർക്ക് അറിയില്ലായിരിക്കും. അങ്ങനെയുള്ളവരെ അച്ചടിച്ച ബൈബിളിന്റെ ഒരു കോപ്പി കാണിക്കുന്നതു നല്ലതായിരിക്കുമോ? അതുപോലെ, പുതിയ ലോക ഭാഷാന്തരത്തിന്റെ തുടക്കത്തിലുള്ള “ദൈവവചനത്തിന് ഒരു ആമുഖം” എന്ന ഭാഗം ഉപയോഗിച്ചുകൊണ്ട് ബൈബിളിൽ എന്തുമാത്രം വിവരങ്ങളാണുള്ളതെന്നും കാണിച്ചുകൊടുക്കാനാകും. ബൈബിൾ എങ്ങനെയാണ് അവരുടെ ജീവിതത്തിൽ പ്രയോജനം ചെയ്യുന്നതെന്നും അവർക്ക് സന്തോഷം കൊടുക്കുന്നതെന്നും വ്യക്തമാക്കിക്കൊടുക്കാൻ നിങ്ങൾക്കു ചിലപ്പോൾ അതിലെ 15-ാം ചോദ്യത്തിനു കീഴിലുള്ള ഒന്നോ രണ്ടോ വാക്യങ്ങൾ ഉപയോഗിക്കാനായേക്കും. ചുരുക്കത്തിൽ, ബൈബിൾവിദ്യാർഥികൾക്കു ദൈവവചനത്തിന്റെ ശക്തി കാണിച്ചുകൊടുക്കുന്നെങ്കിൽ നിങ്ങളുടെ പഠിപ്പിക്കൽരീതി കൂടുതൽ ഫലപ്രദമാകും.
നല്ല അധ്യാപകർ നല്ല കേൾവിക്കാർ ആയിരിക്കും, അവർ ഒരുപാടു സംസാരിക്കില്ല (11-12 ഖണ്ഡികകൾ കാണുക)
യഹോവയിലേക്ക് ശ്രദ്ധ ക്ഷണിക്കുക
13. പഠിപ്പിക്കുമ്പോൾ നമ്മൾ ആരിലേക്കാണ് ശ്രദ്ധ ക്ഷണിക്കേണ്ടത്, ഒരു ഉദാഹരണം പറയുക.
13 യഹോവയെ അറിയാനും യഹോവയോടു കൂടുതൽ അടുക്കാനും കേൾവിക്കാരെ സഹായിക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. (യാക്കോ. 4:8) അതു മനസ്സിലാക്കാൻ ഒരു ഉദാഹരണം നോക്കാം. ഒരാളെ ഇരുട്ടത്ത് ഒരു വസ്തു കാണിച്ചുകൊടുക്കാൻ ടോർച്ച് ഉപയോഗിക്കുമ്പോൾ നമ്മൾ വെട്ടം അടിക്കുന്നത് ആ വസ്തുവിലേക്കായിരിക്കും, അല്ലാതെ നമ്മളിലേക്ക് ആയിരിക്കില്ല. ഇതുപോലെ, നമ്മൾ മറ്റുള്ളവരെ പഠിപ്പിക്കുമ്പോൾ നമ്മളിലേക്കല്ല യഹോവയിലേക്കാണ് അവരുടെ ശ്രദ്ധ തിരിക്കേണ്ടത്.
14. യഹോവയെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ വിദ്യാർഥിയെ നമുക്ക് എങ്ങനെ സഹായിക്കാം?
14 ബൈബിൾപഠനത്തിന്റെ സമയത്ത് യഹോവയെ സന്തോഷിപ്പിക്കാനുള്ള ആഗ്രഹം വിദ്യാർഥിയുടെ ഉള്ളിൽ വളർത്താൻ ശ്രമിക്കുക. (സുഭാ. 27:11) ഒരു യഹോവയുടെ സാക്ഷിയാകാൻ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്നു വിദ്യാർഥിക്കു വെറുതേ പറഞ്ഞുകൊടുക്കാനല്ല നമ്മൾ ശ്രമിക്കുന്നത്. പകരം അവർ യഹോവയെ സന്തോഷിപ്പിക്കുന്നതിനുവേണ്ടി മാറ്റങ്ങൾ വരുത്താനാണ് നമ്മൾ ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന്, ഒരു മോശം ശീലം മറികടക്കാൻ ബൈബിൾവിദ്യാർഥി ബുദ്ധിമുട്ടുന്നെന്നു വിചാരിക്കുക. അദ്ദേഹത്തോട് ഇങ്ങനെയൊക്കെ ചോദിക്കാനാകും: “യഹോവ എന്തുകൊണ്ടാണ് ഈ ശീലം വെറുക്കുന്നത്? നിങ്ങൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു കാര്യം വേണ്ടെന്നുവെക്കാൻ യഹോവ പറയുന്നത് എന്തുകൊണ്ടായിരിക്കും? ദൈവം ആവശ്യപ്പെടുന്ന ഈ കാര്യം ദൈവം നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്നു കാണിക്കുന്നത് എങ്ങനെയാണ്?” ഇങ്ങനെ യഹോവയെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ വിദ്യാർഥിയെ സഹായിക്കുമ്പോൾ യഹോവ എത്ര സ്നേഹവാനായ ഒരു പിതാവാണെന്ന് അദ്ദേഹത്തിന് കൂടുതൽ മനസ്സിലാകും. അത് യഹോവയെ സന്തോഷിപ്പിക്കാനുള്ള ആഗ്രഹം വിദ്യാർഥിയിൽ വളർത്തും.
വിദഗ്ധമായി പഠിപ്പിക്കുന്നതിൽ തുടർന്നും മെച്ചപ്പെടുക
15. വിദഗ്ധമായി പഠിപ്പിക്കുന്നതിൽ തുടർന്നും മെച്ചപ്പെടാൻ നിങ്ങൾക്ക് എന്ത് ചെയ്യാനാകും?
15 പഠിപ്പിക്കുന്ന കാര്യത്തിൽ എവിടെയാണ് പുരോഗമിക്കേണ്ടതെന്നു മനസ്സിലാക്കാൻ സഹായിക്കണേയെന്ന് നിങ്ങൾക്ക് പ്രാർഥിക്കാനാകും. (1 യോഹ. 5:14) മീറ്റിങ്ങുകളിലൂടെ യഹോവ നൽകുന്ന പരിശീലനം നന്നായി പ്രയോജനപ്പെടുത്തിക്കൊണ്ട് ആ പ്രാർഥനയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യാം. അതുപോലെ ബൈബിൾപഠനത്തിന് നല്ല അധ്യാപകരായ ചില സഹോദരങ്ങളെ കൂടെ കൂട്ടാനാകും. എന്നിട്ട് നിങ്ങൾ എവിടെയാണ് മെച്ചപ്പെടേണ്ടതെന്ന് അവരോടു ചോദിക്കാം. ഇനി, പാഠഭാഗം നിങ്ങൾക്കു നല്ല പരിചയമുണ്ടെങ്കിലും വിദ്യാർഥിക്ക് അത് അങ്ങനെയല്ല എന്ന കാര്യവും ഓർക്കണം. പഠിക്കുന്ന ഭാഗം വിദ്യാർഥിയുടെ കണ്ണിലൂടെ കാണാൻ ശ്രമിക്കുക. എന്നിട്ട് നമ്മുടെ സന്ദേശം ശരിക്കും ഒരു സന്തോഷവാർത്തയാണെന്ന് തിരിച്ചറിയാൻ അവരെ സഹായിക്കുക. അത് യഹോവയുടെ ഒരു അടുത്ത സുഹൃത്താകാനും യഥാർഥസന്തോഷം കണ്ടെത്താനും വിദ്യാർഥിയെ പ്രേരിപ്പിക്കും.—സങ്കീ. 1:1-3.
16. വിദഗ്ധമായി പഠിപ്പിക്കാനുള്ള പ്രാപ്തി മെച്ചപ്പെടുത്തുന്നത് നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
16 യഹോവയെക്കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കുമ്പോൾ കിട്ടുന്ന സന്തോഷം വാക്കുകൾകൊണ്ട് വർണിക്കാനാകില്ല. പഠിപ്പിക്കാനുള്ള ഈ പ്രാപ്തി പുതിയ ലോകത്തിൽ കൂടുതൽ ആവശ്യം വരും. അതുകൊണ്ട് സന്തോഷവാർത്ത പ്രസംഗിക്കുമ്പോൾ നമുക്കു തുടർന്നും ആളുകളുടെ കാര്യത്തിൽ താത്പര്യം കാണിക്കുകയും ദൈവവചനം ഉപയോഗിക്കുകയും ആളുകളുടെ ശ്രദ്ധ യഹോവയിലേക്കു കൊണ്ടുപോകുകയും ചെയ്യാം. അങ്ങനെ ശുശ്രൂഷയിൽ വിദഗ്ധമായി പഠിപ്പിക്കാനുള്ള പ്രാപ്തി മെച്ചപ്പെടുത്താം.
ഗീതം 65 മുന്നേറുവിൻ!