2026 ഏപ്രിൽ 20–26
ഗീതം 49 യഹോവയുടെ ഹൃദയം സന്തോഷിപ്പിക്കാം
സ്നാനത്തിലേക്കു പുരോഗമിക്കുക
“ഇപ്പോഴാണ് ഏറെ സ്വീകാര്യമായ സമയം!”—2 കൊരി. 6:2.
ഉദ്ദേശ്യം
യഹോവയുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കാനും സ്നാനമേൽക്കാനും ഉള്ള സമയം ഇപ്പോഴാണ്.
1. (എ) സ്നാനപ്പെടുന്നതിലൂടെ നമുക്കു കിട്ടുന്ന ചില പ്രയോജനങ്ങൾ എന്തൊക്കെയാണ്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്ത് ചർച്ച ചെയ്യും?
നിങ്ങൾ നിങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിക്കുകയും സ്നാനമേൽക്കുകയും ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ ഒരു ശുദ്ധമനസ്സാക്ഷിക്കായി നിങ്ങൾ യഹോവയോട് അപേക്ഷിച്ചിരിക്കുകയാണ്. (1 പത്രോ. 3:21) അങ്ങനെ ചെയ്തതിലൂടെ സഭയിലെ ചെറുപ്പക്കാർക്കും പുതിയവർക്കും നിങ്ങൾ ഒരു നല്ല മാതൃക വെച്ചിരിക്കുന്നു. അതെ, ഏറ്റവും മികച്ച ഒരു തീരുമാനമാണ് നിങ്ങളെടുത്തത്. എന്നാൽ നിങ്ങൾ ഇതുവരെ സ്നാനപ്പെടാത്ത ഒരാളാണെങ്കിലോ? നിങ്ങൾ യഹോവയെ സ്നേഹിക്കുന്നുണ്ടെന്നും യഹോവയുടെ ഇഷ്ടം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഉറപ്പാണ്. പാപങ്ങൾ ക്ഷമിച്ചുകിട്ടാനും യഹോവയുടെ അംഗീകാരം നേടാനും സ്നാനം ഒരു പ്രധാനപടിയാണ് എന്നും നിങ്ങൾക്ക് അറിയാം. (പ്രവൃ. 2:38-40) എന്നിട്ടും ചില കാര്യങ്ങൾ നിങ്ങളെ പിന്നോട്ട് വലിക്കുന്നുണ്ടാകും. അതാണ് നിങ്ങളുടെ സാഹചര്യമെങ്കിൽ നിങ്ങളെ എന്ത് സഹായിക്കും? ഈ ലേഖനത്തിൽ, (1) സ്നാനപ്പെടാൻ ചിലർ മടിച്ചുനിൽക്കുന്നത് എന്തുകൊണ്ടാണെന്നും (2) അവസാനം അടുത്തെത്തിയെന്ന് മനസ്സിൽപ്പിടിക്കേണ്ടത് എന്തുകൊണ്ടാണെന്നും (3) ഒട്ടും താമസിപ്പിക്കാതെ സ്നാനത്തിലേക്കു പുരോഗമിക്കുന്നത് നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നും നോക്കും.
ചിലർ മടിച്ചുനിൽക്കുന്നത് എന്തുകൊണ്ട്?
2. സ്നാനമേൽക്കാൻ ചിലർ മടിച്ചുനിൽക്കുന്നത് എന്തുകൊണ്ടാണ്?
2 ചിലർ പേടി കാരണം സ്നാനപ്പെടാൻ മടിച്ചുനിൽക്കുന്നു. ഉദാഹരണത്തിന്, അവർക്ക് യഹോവയെ സേവിക്കണമെന്നുണ്ടെങ്കിലും തങ്ങൾക്ക് ഒരിക്കലും ദൈവത്തെ സന്തോഷിപ്പിക്കാൻ കഴിയില്ല എന്ന പേടിയാണ്. നിങ്ങൾക്ക് അങ്ങനെ തോന്നുന്നെങ്കിൽ, യഹോവ പൂർണത പ്രതീക്ഷിക്കുന്നില്ലെന്നും നിങ്ങൾ ഏറ്റവും നല്ലതു കൊടുക്കുമ്പോൾ നിങ്ങളുടെ ആരാധനയിൽ യഹോവ സന്തോഷിക്കുന്നുണ്ടെന്നും ഉറപ്പ് തരുന്ന തിരുവെഴുത്തുകൾ വായിക്കുക. (സങ്കീ. 103:13, 14; കൊലോ. 3:23) ഇനി, നിങ്ങൾ എതിർപ്പിനെയാണ് പേടിക്കുന്നതെങ്കിൽ സങ്കീർത്തനക്കാരനുണ്ടായിരുന്ന ഈ ഉറപ്പ് നിങ്ങൾക്കും തരാൻ യഹോവയോട് പ്രാർഥിക്കുക: “യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ പേടിക്കില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും?”—സങ്കീ. 118:6.
3. സ്നാനമേൽക്കാൻ ചിലർ മടിക്കുന്നതിന്റെ മറ്റൊരു കാരണം എന്താണ്? (ചിത്രവും കാണുക.)
3 യഹോവയെ സ്നേഹിക്കുന്ന ചിലർ സ്നാനമെന്ന പടിയിലേക്ക് കാലെടുത്തുവെക്കാൻ മടിക്കുന്നതിന്റെ വേറൊരു കാരണം തങ്ങൾക്ക് ആവശ്യത്തിന് അറിവില്ല എന്ന തോന്നലാണ്. എന്നാൽ സ്നാനത്തിനു മുമ്പ് നമ്മൾ എത്രമാത്രം അറിവ് നേടേണ്ടതുണ്ട്? ഒരു തിരുവെഴുത്ത് ഉദാഹരണം നോക്കാം. യഹോവ പൗലോസിനെയും ശീലാസിനെയും ഭൂകമ്പത്തിലൂടെ ജയിലിൽനിന്ന് മോചിപ്പിച്ച രാത്രിയിൽ, അവർ ജയിലധികാരിയോടും വീട്ടുകാരോടും സാക്ഷീകരിച്ചു. അവിടെ നടന്നത് ദൈവത്തിന്റെ ഒരു അത്ഭുതമാണെന്ന് അദ്ദേഹത്തിനും വീട്ടുകാർക്കും അപ്പോൾ മനസ്സിലായിക്കാണും. കൂടാതെ യഹോവയെക്കുറിച്ചും യേശുവിനെക്കുറിച്ചും പ്രധാനപ്പെട്ട ചില കാര്യങ്ങളും അവർ ആ രാത്രി പഠിച്ചു. അതിന്റെ ഫലം എന്തായിരുന്നു? ഒട്ടും ‘വൈകാതെ സ്നാനമേൽക്കാൻ’ അവർ പ്രേരിതരായി. (പ്രവൃ. 16:25-33) നിങ്ങൾക്ക് യഹോവയെ അറിയാമെങ്കിൽ, യഹോവയെ നിങ്ങൾ മുഴുഹൃദയത്തോടെ സ്നേഹിക്കുന്നുണ്ടെങ്കിൽ, ബൈബിളിന്റെ അടിസ്ഥാനപഠിപ്പിക്കലുകൾ നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ, പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ചിട്ടുണ്ടെങ്കിൽ, ദൈവത്തിന്റെ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കാൻ ഉറച്ച തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ സ്നാനത്തിന് റെഡിയാണ്.—മർക്കോ. 12:30.
പൗലോസും ശീലാസും ജയിലധികാരിയോടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും സാക്ഷീകരിച്ചപ്പോൾ അവർ ‘വൈകാതെ സ്നാനമേറ്റു’ (3-ാം ഖണ്ഡിക കാണുക)
4. ഏത് കാര്യത്തെക്കുറിച്ച് അമിതമായി ചിന്തിക്കുന്നത് സ്നാനമേൽക്കുന്നതിൽനിന്ന് ചിലരെ പിന്നോട്ട് വലിക്കുന്നു? (ചിത്രവും കാണുക.)
4 ദൈവത്തെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്ന ചിലർ അതിനു കൊടുക്കേണ്ടിവരുന്ന വിലയെക്കുറിച്ച് ഒരുപാട് ചിന്തിക്കുന്നു. ശരിയാണ്, ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് അതിന്റെ ചെലവ് കണക്കുകൂട്ടിനോക്കണം. (ലൂക്കോ. 14:27-30) എന്നാൽ ചില ആളുകൾ ദൈവത്തെ സേവിക്കുന്നതിനുവേണ്ടി തങ്ങൾ ചെയ്യേണ്ടിവരുന്ന ത്യാഗങ്ങളെക്കുറിച്ച് വേണ്ടതിലധികം ചിന്തിക്കുന്നു. സത്യത്തിൽ വളർന്നുവന്ന ക്യാൻഡസ് സഹോദരിയുടെ അനുഭവം നോക്കുക. ചെറുപ്പത്തിൽ സഹോദരി യഹോവയെക്കുറിച്ച് പഠിച്ചെങ്കിലും ജീവിതത്തിൽ മാറ്റമൊന്നും വരുത്തിയില്ല. പിന്നീട് വലുതായപ്പോൾ സഹോദരി വീണ്ടും ബൈബിൾ പഠിക്കാൻതുടങ്ങി. ക്യാൻഡസ് പറയുന്നു: “യഹോവയ്ക്കുവേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ ലോകത്തിൽ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നതുകൊണ്ട് അതൊക്കെ വിട്ടുകളയാൻ എനിക്കു ബുദ്ധിമുട്ട് തോന്നി.” ഇനി മറ്റു ചിലർ, സ്നാനമേറ്റ് കഴിയുമ്പോൾ ദൈവത്തിന്റെ ഉയർന്ന നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കാൻ പറ്റുമോ എന്നും ഗുരുതരമായ ഒരു തെറ്റ് ചെയ്തുപോയാൽ തങ്ങളെ സഭയിൽനിന്ന് നീക്കം ചെയ്യില്ലേ എന്നും ടെൻഷനടിക്കുന്നു. ഇതിൽ ഏതെങ്കിലും ചിന്തകൾ നിങ്ങളെ പിന്നോട്ട് വലിക്കുന്നുണ്ടെങ്കിൽ എന്ത് സഹായിക്കും?
ദൈവത്തെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്ന ചിലർ ദൈവത്തെ സേവിക്കാനായി തങ്ങൾ വരുത്തേണ്ടിവരുന്ന ത്യാഗങ്ങളെക്കുറിച്ച് ഒരുപാടു ചിന്തിക്കുന്നു (4-ാം ഖണ്ഡിക കാണുക)
5. സ്നാനമേൽക്കാൻ മടി തോന്നുന്നെങ്കിൽ നമ്മൾ എന്തിനെക്കുറിച്ച് കൂടുതൽ ചിന്തിക്കണം? (മത്തായി 13:44-46)
5 നമ്മൾ ഒരു സാധനം മേടിക്കുമ്പോൾ അതിന്റെ വില മാത്രമല്ല മൂല്യവുംകൂടി നോക്കും. അതിന്റെ വിലയേക്കാൾ വളരെ കൂടുതലാണ് അതിന്റെ മൂല്യമെങ്കിൽ നമ്മൾ അത് അപ്പോൾത്തന്നെ മേടിക്കാനാണ് സാധ്യത. അതുപോലെ സ്നാനത്തിന്റെ കാര്യമെടുക്കുമ്പോൾ നമ്മൾ കൂടുതൽ ചിന്തിക്കേണ്ടത്, വരുത്തുന്ന മാറ്റങ്ങളുടെ വിലയേക്കാൾ യഹോവയുമായുള്ള ബന്ധത്തിന്റെ മൂല്യത്തെക്കുറിച്ചാണ്. ഈ ആശയം പഠിപ്പിക്കാൻ യേശു രണ്ട് ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചു. (മത്തായി 13:44-46 വായിക്കുക.) ആ ഓരോ ദൃഷ്ടാന്തത്തിലും, ഒരു വ്യക്തി താൻ കണ്ടെത്തിയ വിലയേറിയ ഒരു വസ്തു വാങ്ങാൻ സന്തോഷത്തോടെ ഉള്ളതെല്ലാം വിൽക്കുന്നതു കാണാം. നിങ്ങളും വളരെ മൂല്യവത്തായ ഒന്നാണ് കണ്ടെത്തിയിരിക്കുന്നത്—ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യം! അതുകൊണ്ട് ആ സത്യത്തിനു ചേർച്ചയിൽ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ നിങ്ങൾ മടിച്ചുനിൽക്കുകയാണെങ്കിൽ യേശുവിന്റെ ഈ ദൃഷ്ടാന്തങ്ങളെക്കുറിച്ച് നന്നായി ചിന്തിക്കുക. നിങ്ങൾക്കു സ്വയം ഇങ്ങനെ ചോദിക്കാം: ‘ഞാൻ കണ്ടെത്തിയിരിക്കുന്നത് വളരെ മൂല്യമുള്ള ഒന്നാണെന്ന് എനിക്കു ശരിക്കും ഉറപ്പുണ്ടോ? യഹോവയുമായുള്ള ബന്ധത്തെയും ദൈവം തന്നിരിക്കുന്ന പ്രത്യാശയെയും സഹോദരകുടുംബത്തെയും ഞാൻ വിലപ്പെട്ടതായി കാണുന്നുണ്ടോ?’ ഈ ചോദ്യങ്ങൾക്കുള്ള നിങ്ങളുടെ ഉത്തരം നോക്കിയാൽ സ്നാനമെന്ന തീരുമാനമെടുക്കാൻ നിങ്ങൾ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കാനാകും.
6. നല്ലൊരു ഹൃദയനില നമുക്ക് എങ്ങനെ വളർത്തിയെടുക്കാം?
6 വിതക്കാരനെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിൽ ഒരാൾക്ക് ആത്മീയപുരോഗതി വരുത്തുന്നതിനു തടസ്സമാകുന്ന പല തരം ഹൃദയനിലയെക്കുറിച്ച് യേശു പറഞ്ഞു. എന്നാൽ ചിലർ, “ആത്മാർഥതയുള്ള നല്ലൊരു ഹൃദയത്തോടെ” രാജ്യസന്ദേശം കേൾക്കുമെന്നും അതിനോട് പ്രതികരിക്കുമെന്നും യേശു ചൂണ്ടിക്കാണിച്ചു. (ലൂക്കോ. 8:5-15) പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്ന ഒരു ഹൃദയമല്ല നിങ്ങൾക്കുള്ളതെന്നു തോന്നുന്നെങ്കിൽ മടുത്തുപിന്മാറരുത്. ദൈവത്തിന്റെ സഹായത്താൽ, ദൈവത്തെ അനുസരിക്കുന്ന ‘ഒരു പുതിയ ഹൃദയം നേടാൻ’ നിങ്ങൾക്കു കഴിയും. പഠിക്കുന്ന കാര്യങ്ങളെ സ്നേഹിക്കാനും അതനുസരിച്ച് ജീവിക്കാനും സഹായിക്കുന്ന ഒരു ഹൃദയം നൽകണേയെന്ന് യഹോവയോട് പ്രാർഥിക്കുക.—യഹ. 18:31; 36:26.
7-8. ചില ചെറുപ്പക്കാർ സ്നാനമെന്ന പടിയിലേക്കു പുരോഗമിക്കാത്തത് എന്തുകൊണ്ട്? (ചിത്രവും കാണുക.)
7 യഹോവയെ സ്നേഹിക്കുന്ന ചില ചെറുപ്പക്കാർ മറ്റുള്ളവരുടെ സ്വാധീനം കാരണം സ്നാനത്തിലേക്കു പുരോഗമിക്കുന്നില്ല. ഉദാഹരണത്തിന്, സ്കൂളിലുള്ള ചില ടീച്ചർമാർ ചില കാര്യങ്ങളെക്കുറിച്ച് “ഒരു തുറന്ന മനസ്സുണ്ടായിരിക്കാൻ” കുട്ടികളോട് പറഞ്ഞേക്കാം. ദൈവത്തിന്റെ ധാർമികനിലവാരങ്ങൾക്ക് എതിരായ കാര്യങ്ങൾപോലും ആയിരിക്കാം ചിലപ്പോൾ അത്. അത്തരം ഉപദേശങ്ങൾ നിങ്ങളെ വലിയ കുഴപ്പങ്ങളിൽ കൊണ്ടെത്തിച്ചേക്കാം. (സങ്കീ. 1:1, 2; സുഭാ. 7:1-5) ഈ അപകടം ഒഴിവാക്കാൻ സങ്കീർത്തനക്കാരന്റെ മാതൃക നിങ്ങൾക്ക് അനുകരിക്കാനാകും. അദ്ദേഹം യഹോവയോട് ഇങ്ങനെ പറഞ്ഞു: “എന്റെ എല്ലാ ഗുരുക്കന്മാരെക്കാളും ഞാൻ ഉൾക്കാഴ്ചയുള്ളവൻ; കാരണം, ഞാൻ അങ്ങയുടെ ഓർമിപ്പിക്കലുകളെക്കുറിച്ച് ധ്യാനിക്കുന്നു.”—സങ്കീ. 119:99.
8 ഇനി സാക്ഷികളായ ചില മാതാപിതാക്കൾ, തങ്ങളുടെ മക്കളെ സ്നാനത്തിൽനിന്ന് തടയുന്നതായി കാണപ്പെടുന്നു. അവർ മക്കളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും അമിതപ്രാധാന്യം കൊടുക്കുന്നുണ്ടായിരിക്കാം. അല്ലെങ്കിൽ മക്കളുടെ ഉള്ളിൽ ആത്മീയലക്ഷ്യങ്ങൾ വളർത്താൻ അവർ പരാജയപ്പെട്ടിട്ടുണ്ടാകാം. നിങ്ങളുടെ ആത്മീയപുരോഗതിയുടെ കാര്യത്തിൽ മാതാപിതാക്കൾ കുറച്ചുകൂടി പിന്തുണച്ചിരുന്നെങ്കിൽ എന്നു തോന്നുന്നുണ്ടോ? എങ്കിൽ ആ കാര്യം മാതാപിതാക്കളുമായി നിങ്ങൾക്കു ചർച്ച ചെയ്തുകൂടേ? നിങ്ങൾ ഏത് പ്രായത്തിലുള്ള ഒരാളാണെങ്കിലും യഹോവയുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കാൻ നിങ്ങൾക്കാകും.—സുഭാ. 20:11.
സ്നാനത്തെക്കുറിച്ച് മാതാപിതാക്കളോടു തുറന്ന് സംസാരിച്ചുകൂടേ? (8-ാം ഖണ്ഡിക കാണുക)
9. ചിലർ സ്നാനമേൽക്കാൻ വൈകുന്നത് എന്തുകൊണ്ടായിരിക്കാം?
9 സ്നാനപ്പെടാനുള്ള യോഗ്യതയിലെത്തിയിട്ടും ചിലർ മറ്റാരുടെയെങ്കിലും കൂടെ സ്നാനപ്പെടാനുള്ള സമ്മർദം കാരണം സ്വന്തം സ്നാനം നീട്ടിവെച്ചേക്കാം. ഉദാഹരണത്തിന്, ഒരു അടുത്ത സുഹൃത്തിന്റെയോ കുടുംബാംഗത്തിന്റെയോ കൂടെ ഒരേ ദിവസം സ്നാനപ്പെടാൻ അവർ ആഗ്രഹിച്ചേക്കാം. അങ്ങനെ ആഗ്രഹിക്കുന്നത് ഒരു തെറ്റല്ല. എന്നാൽ അതു കാരണം നിങ്ങളുടെ സ്നാനം നിങ്ങൾ വൈകിപ്പിക്കുന്നുണ്ടോ? ഓർക്കുക: സമർപ്പണം എന്നത് നിങ്ങൾ വ്യക്തിപരമായി ദൈവത്തിന് കൊടുക്കുന്ന വാക്കാണ്. നിങ്ങളുടെ സ്നാനം മറ്റാരെയും ആശ്രയിച്ചായിരിക്കരുത്.—റോമ. 14:12.
അവസാനം അടുത്ത് എത്തിയെന്ന് ഓർക്കുക
10. ആത്മീയപുരോഗതി വരുത്താൻ ചിലർ വൈകുന്നത് എന്തുകൊണ്ടായിരിക്കാം?
10 ഇനി, അവസാനം വരാൻ കുറെ സമയമുണ്ട് എന്നു ചിന്തിച്ചുകൊണ്ടും ചിലർ ആത്മീയപുരോഗതി വരുത്തുന്നത് വെച്ചുതാമസിപ്പിച്ചേക്കാം. എന്നാൽ അങ്ങനെ ചിന്തിക്കുന്നത് ശരിയാണോ? യേശു തന്റെ ശിഷ്യന്മാർക്ക് ഈ മുന്നറിയിപ്പ് കൊടുത്തു: “മനുഷ്യപുത്രൻ വരുന്നതും നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും. അതുകൊണ്ട് നിങ്ങൾ ഒരുങ്ങിയിരിക്കണം.”—ലൂക്കോ. 12:40.
11. യഹോവയെക്കുറിച്ച് കൂടുതൽ പഠിക്കുമ്പോൾ എന്തു ചെയ്യാൻ നമുക്ക് ആഗ്രഹം തോന്നും? (സങ്കീർത്തനം 119:60)
11 യഹോവയ്ക്ക് സമർപ്പിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് സ്നേഹമായിരിക്കണം. സ്നേഹവാനായ ദൈവത്തെക്കുറിച്ച് നമ്മൾ എത്രയധികം അറിയുന്നോ അത്രയധികം ദൈവത്തിന്റെ കല്പനകളെ സ്നേഹിക്കാനും പെട്ടെന്നുതന്നെ അവ അനുസരിക്കാനും നമുക്ക് ആഗ്രഹം തോന്നും. (സങ്കീർത്തനം 119:60 വായിക്കുക.) യഹോവയുടെ കല്പനകൾ ഉടനടി അനുസരിക്കേണ്ടതിന്റെ പ്രധാനപ്പെട്ട മറ്റൊരു കാരണം ശിഷ്യനായ യാക്കോബ് പറയുന്നുണ്ട്: നാളെ എന്തു സംഭവിക്കുമെന്നു നമുക്കാർക്കും അറിയില്ല. ‘ശരി ചെയ്യാൻ’ നമുക്ക് ഇനി ഒരു ദിവസവുംകൂടെ കിട്ടുമോ എന്ന് നമുക്ക് ഉറപ്പില്ല. അതുകൊണ്ട് നമ്മൾ മനസ്സിലാക്കിയ കാര്യങ്ങൾക്കു ചേർച്ചയിൽ ഇപ്പോൾത്തന്നെ പ്രവർത്തിക്കണം.—യാക്കോ. 4:13-17.
12. മുന്തിരിത്തോട്ടത്തെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തകഥയിൽനിന്ന് നമ്മൾ എന്താണ് പഠിക്കുന്നത്?
12 മുന്തിരിത്തോട്ടത്തെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തകഥയുടെ കാര്യമോ? ഒരു ദിവസം മുഴുവൻ ജോലി ചെയ്തവർക്കും ഒരു മണിക്കൂർ മാത്രം ജോലി ചെയ്തവർക്കും ഒരേ കൂലി കിട്ടുമെന്ന് യേശു അവിടെ പറഞ്ഞിട്ടില്ലേ? അത് ശരിയാണ്. എന്നാൽ ഒരു മണിക്കൂർ മാത്രം ജോലി ചെയ്തവർ നേരത്തേ വരാതിരുന്നതിന്റെ കാരണത്തെക്കുറിച്ചും നമ്മൾ ചിന്തിക്കണം. ആ പണിക്കാർ ഇങ്ങനെയാണ് പറഞ്ഞത്: “ആരും ഞങ്ങളെ പണിക്കു വിളിച്ചില്ല.” മടി കാരണമല്ല അവർ ഒരു ദിവസം മുഴുവൻ പണിയെടുക്കാതിരുന്നത്. പകരം ആരും അവരെ ജോലിക്ക് വിളിക്കാതിരുന്നതുകൊണ്ടാണ്. ജോലിക്ക് വിളിച്ച ഉടനെ അവർ വരുകയും ചെയ്തു. (മത്താ. 20:1-16) ഇന്ന് യേശു നമ്മളെയും തന്റെ ശിഷ്യരാകാനും പ്രസംഗപ്രവർത്തനത്തിൽ ഉൾപ്പെടാനും ക്ഷണിച്ചിരിക്കുന്നു. ആ ക്ഷണം കേൾക്കുന്ന ഉടൻതന്നെ നമ്മൾ അതനുസരിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.
13. ലോത്തിന്റെ ഭാര്യയിൽനിന്ന് നമ്മൾ എന്താണ് പഠിക്കുന്നത്?
13 ആത്മീയപുരോഗതി വരുത്താൻ ചിലർ വൈകിപ്പിക്കുന്നത്, അന്ത്യം വരുന്നതിന് തൊട്ടുമുമ്പ് മാറ്റം വരുത്താമല്ലോ എന്ന് ചിന്തിച്ചിട്ടായിരിക്കാം. എന്നാൽ അവസാനനിമിഷം മാറ്റം വരുത്തുന്നത് ഒട്ടും എളുപ്പമായിരിക്കില്ല. ഇത് മനസ്സിലാക്കിക്കൊണ്ട് യേശു തന്റെ ശിഷ്യന്മാർക്ക് ഈ മുന്നറിയിപ്പ് കൊടുത്തു: “ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുക.” (ലൂക്കോ. 17:31-35) യഹോവ സൊദോമിനെയും ഗൊമോറയെയും പെട്ടെന്നുതന്നെ നശിപ്പിക്കുമെന്ന് അവൾക്ക് അറിയാമായിരുന്നു. എന്നിട്ടും അവിടെയുള്ള തന്റെ വസ്തുവകകൾ വിട്ടുകളയാൻ അവൾക്ക് മനസ്സില്ലായിരുന്നു. (ഉൽപ. 19:23-26) ഇനി, രക്ഷയുടെ വാതിൽ എല്ലാ കാലത്തേക്കും തുറന്നുകിടക്കില്ല എന്ന കാര്യവും ആ വിവരണം നമ്മളെ പഠിപ്പിക്കുന്നു. ദൈവം തന്റെ സമയത്ത് ആ വാതിൽ അടയ്ക്കും; പിന്നെ അത് ആർക്കുവേണ്ടിയും തുറക്കില്ല.—ലൂക്കോ. 13:24, 25.
14. അവസാനത്തെക്കുറിച്ചുള്ള ബൈബിൾപ്രവചനങ്ങൾ നിങ്ങളെ എങ്ങനെ സ്വാധീനിക്കണം?
14 ഓരോ ദിവസത്തെയും ലോകസംഭവങ്ങൾ നോക്കിയാൽ അവസാനകാലത്തെക്കുറിച്ചുള്ള ബൈബിൾ പ്രവചനങ്ങൾ നിറവേറുന്നത് നമുക്കു കാണാനാകും. അത്തരം ചില സംഭവങ്ങൾ നിങ്ങൾ താമസിക്കുന്ന പ്രദേശത്തായിരിക്കില്ല നടക്കുന്നത്. എങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിൽ അത് നടക്കുന്നത് കാണുമ്പോൾ എത്രയും പെട്ടെന്ന് മാറ്റങ്ങൾ വരുത്തി സ്നാനപ്പെടാൻ നിങ്ങൾക്കു തോന്നേണ്ടതാണ്. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെക്കുറിച്ച് ചിന്തിക്കുക. ‘അവസാനം അടുത്തിരിക്കുന്നതുകൊണ്ട്’ ‘ഉണർന്നിരിക്കാൻ’ അഥവാ ‘ശ്രദ്ധയോടെയിരിക്കാൻ’ പത്രോസ് അപ്പോസ്തലൻ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. (1 പത്രോ. 4:7, അടിക്കുറിപ്പ്) തെളിവനുസരിച്ച് ഇവിടെ പറഞ്ഞിരിക്കുന്ന “അവസാനം,” അന്നത്തെ ജൂതവ്യവസ്ഥിതിയുടെ അവസാനമായിരുന്നു. എന്നാൽ പത്രോസ് ഈ കത്ത് എഴുതിയത് യരുശലേമിൽനിന്ന് ഒരുപാടു ദൂരെ താമസിക്കുന്ന ക്രിസ്ത്യാനികൾക്കാണ്. യരുശലേമിന്റെ നാശം ആ ക്രിസ്ത്യാനികളെ നേരിട്ട് ബാധിക്കില്ലായിരുന്നു. (1 പത്രോ. 1:1) എങ്കിലും ആ പ്രവചനം നിറവേറുന്നത് കാണുമ്പോൾ യഹോവയുടെ മറ്റ് വാഗ്ദാനങ്ങൾ നിറവേറുമെന്ന ഉറപ്പ് അവർക്കു കിട്ടുമായിരുന്നു. സമാനമായി, ഇന്ന് നിറവേറിക്കൊണ്ടിരിക്കുന്ന പ്രവചനങ്ങൾക്ക് നിങ്ങളും അടുത്ത ശ്രദ്ധ കൊടുക്കണം. അവസാനം എത്രത്തോളം അടുത്തെത്തിയെന്നു തിരിച്ചറിയുമ്പോൾ സ്നാനപ്പെടാൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ അത് നിങ്ങളെയും പ്രേരിപ്പിക്കും.
15. യഹോവയുടെ ദിവസത്തിനായി നമുക്ക് എങ്ങനെ ഒരുങ്ങിയിരിക്കാം? (2 പത്രോസ് 3:10-13)
15 പത്രോസ് തന്റെ രണ്ടാമത്തെ കത്തിൽ, യഹോവയുടെ ന്യായവിധി ദിവസത്തിനായി എങ്ങനെ ഒരുങ്ങിയിരിക്കാനാകുമെന്നു വിശദീകരിക്കുന്നുണ്ട്. പത്രോസ് ഈ കത്ത് എഴുതി പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് യരുശലേമിന്റെ മേൽ നാശം വരുന്നത്. പക്ഷേ പത്രോസ് അവരോട് പറഞ്ഞത് യഹോവയുടെ ദിവസം “എപ്പോഴും മനസ്സിൽക്കണ്ട്” ജീവിക്കാൻ അഥവാ ‘അതിനുവേണ്ടി അതിയായി ആഗ്രഹിക്കാൻ’ ആണ്. (2 പത്രോസ് 3:10-13 വായിക്കുക; അടിക്കുറിപ്പ്.) നമുക്കും യഹോവയുടെ ദിവസത്തിനായി ഒരുങ്ങിയിരുന്നുകൊണ്ടും അതിനായി അതിയായി ആഗ്രഹിച്ചുകൊണ്ടും ആ ദിവസം മനസ്സിൽക്കണ്ട് ജീവിക്കാനാകും. ‘വിശുദ്ധമായ പെരുമാറ്റരീതികളിലൂടെയും ഭക്തിപൂർണമായ പ്രവൃത്തികൾ ചെയ്യുന്നതിലൂടെയും’ നമ്മൾ ആ ദിവസത്തിനായി തയ്യാറാണെന്ന് കാണിക്കുകയാണ്. നമ്മൾ ഇത്തരത്തിൽ “ഭക്തിപൂർണമായ പ്രവൃത്തികൾ” ചെയ്യുമ്പോൾ അത് യഹോവയെ എത്രയധികം സന്തോഷിപ്പിക്കുമെന്നു ചിന്തിച്ചുനോക്കൂ. നിങ്ങൾ നിങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിക്കുകയും സ്നാനമേൽക്കുകയും ചെയ്യുന്നതു കാണുമ്പോൾ യഹോവ ഒരുപാടു സന്തോഷിക്കും.
ഇപ്പോൾത്തന്നെ പ്രവർത്തിക്കുന്നതിന്റെ പ്രയോജനങ്ങൾ
16. സ്നാനത്തിലേക്ക് പുരോഗമിക്കാനുള്ള ഏറ്റവും നല്ല സമയം ഏതാണ്? (2 കൊരിന്ത്യർ 6:1, 2) (ചിത്രങ്ങളും കാണുക.)
16 നിങ്ങൾക്കു സ്നാനത്തിലേക്കു പുരോഗമിക്കാനുള്ള ഏറ്റവും നല്ല സമയം ഇപ്പോഴാണ്. (2 കൊരിന്ത്യർ 6:1, 2 വായിക്കുക.) ഫിലിപ്പോസ് കണ്ട എത്യോപ്യക്കാരൻ ഷണ്ഡൻ താൻ പെട്ടെന്നു പ്രവർത്തിക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞു. സന്തോഷവാർത്ത മനസ്സിലാക്കുകയും സ്നാനമേൽക്കാൻ ഒരു സ്ഥലം കാണുകയും ചെയ്തപ്പോൾ അദ്ദേഹം ഇങ്ങനെ ചിന്തിച്ചില്ല: ‘സന്തോഷവാർത്തയെക്കുറിച്ച് ഞാൻ ആദ്യം കുറച്ചുകൂടി പഠിക്കട്ടെ. ഇനിയും മുന്നോട്ട് പോകുമ്പോൾ വേറെ വെള്ളം കാണുമല്ലോ.’ പകരം അദ്ദേഹം ഫിലിപ്പോസിനോട് പറഞ്ഞത് “സ്നാനമേൽക്കാൻ ഇനി എനിക്ക് എന്താണു തടസ്സം” എന്നാണ്. (പ്രവൃ. 8:26, 27, 35-39) എത്ര നല്ലൊരു മാതൃക! സ്നാനമേറ്റതിനു ശേഷം ആ “ഷണ്ഡൻ സന്തോഷത്തോടെ യാത്ര തുടർന്നു.”
എത്യോപ്യക്കാരൻ ഷണ്ഡനിൽനിന്ന് വിലപ്പെട്ട ഒരു പാഠം പഠിക്കാം: സ്നാനത്തിലേക്കു പുരോഗമിക്കാനുള്ള ഏറ്റവും നല്ല സമയം ഇപ്പോഴാണ് (16-ാം ഖണ്ഡിക കാണുക)a
17. യഹോവ നിങ്ങളെ എങ്ങനെ സഹായിക്കും?
17 സ്നാനമേൽക്കുന്നതിന് നിങ്ങൾക്ക് എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ നിങ്ങളെ യഹോവ സഹായിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുക. കാരണം നിങ്ങളുമായി ഒരു സൗഹൃദത്തിലേക്കു വരാൻ യഹോവ ആഗ്രഹിക്കുന്നു. (റോമ. 2:4) നിങ്ങളുടെ പുരോഗതിക്കു തടസ്സമായി നിൽക്കുന്നതു പേടിയോ ടെൻഷനോ മറ്റുള്ളവരുടെ സ്വാധീനമോ എന്തുതന്നെയായാലും അതിനെയെല്ലാം മറികടക്കാൻ യഹോവ സഹായിക്കും. സ്നാനമേറ്റുകൊണ്ട് നിങ്ങൾ ദൈവമുമ്പാകെ നല്ലൊരു മനസ്സാക്ഷി നേടിക്കഴിയുമ്പോൾ ‘പിന്നിൽ വിട്ടുകളഞ്ഞതൊന്നും’ വലിയ കാര്യങ്ങളല്ലെന്നു നിങ്ങൾ മനസ്സിലാക്കും. (ഫിലി. 3:8, 13) പിന്നെ നിങ്ങൾ നോക്കുന്നത് ‘മുന്നിലേക്ക്’ ആയിരിക്കും. ദൈവത്തിനു സമർപ്പിക്കുകയും സ്നാനമേൽക്കുകയും ചെയ്യുന്നവർക്ക് യഹോവ കൊടുക്കുന്ന അനുഗ്രഹങ്ങൾക്കായി നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കും.—പ്രവൃ. 3:19.
ഗീതം 38 ദൈവം നിന്നെ ബലപ്പെടുത്തും
a ചിത്രത്തിന്റെ വിവരണം: എത്യോപ്യക്കാരൻ ഷണ്ഡൻ തനിക്ക് സ്നാനപ്പെടണമെന്നു ഫിലിപ്പോസിനോടു പറഞ്ഞതുപോലെ ഒരു ബൈബിൾവിദ്യാർഥി സ്നാനപ്പെടാനുള്ള തന്റെ ആഗ്രഹം മൂപ്പന്മാരുടെ അടുത്തുചെന്ന് പറയുന്നു.