2026 ഏപ്രിൽ 27–മേയ് 3
ഗീതം 99 ആയിരമായിരം സഹോദരങ്ങൾ
സ്നാനത്തിനു ശേഷം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ എങ്ങനെ നേരിടാം?
“എന്റെ ചുവടുകൾ അങ്ങയുടെ പാത വിട്ടുമാറാതിരിക്കട്ടെ.”—സങ്കീ. 17:5.
ഉദ്ദേശ്യം
സ്നാനത്തിനു ശേഷം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ നേരിടാൻ, പുതുതായി സ്നാനമേറ്റ ക്രിസ്ത്യാനികൾക്ക് എങ്ങനെ മുന്നമേ ഒരുങ്ങാമെന്നു നോക്കും.
1-2. സത്യത്തിലായിരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ നേരിടാൻ നമുക്ക് എന്തെല്ലാം ചെയ്യാം? ഒരു ദൃഷ്ടാന്തം പറയുക.
സാത്താന്റെ ഈ ലോകത്തിൽ നമ്മൾ പ്രശ്നങ്ങൾ പ്രതീക്ഷിക്കുന്നു. യേശു ശിഷ്യന്മാരോടു പറഞ്ഞു: “മാർഗതടസ്സങ്ങൾ ഉണ്ടാകുകതന്നെ ചെയ്യും.” (മത്താ. 18:7) അതുകൊണ്ട്, വിശ്വാസത്തെ തളർത്തിക്കളഞ്ഞേക്കാവുന്ന പ്രശ്നങ്ങളെ നേരിടാൻ നമ്മൾ മുന്നമേ തയ്യാറെടുക്കേണ്ടതുണ്ട്. അതിൽ സഹോദരങ്ങളുമായുള്ള പ്രശ്നങ്ങൾപ്പോലും ഉൾപ്പെട്ടേക്കാം.
2 ഇങ്ങനെയൊന്നു ചിന്തിക്കുക. പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിനായി ഒരുങ്ങിയിരിക്കാൻ യഹോവയുടെ ജനത്തിന് ഇടയ്ക്കിടെ ഓർമിപ്പിക്കൽ കിട്ടാറുണ്ട്. അപ്പോൾ നമ്മൾ എന്താണു ചെയ്യാറുള്ളത്? ആദ്യം, നമ്മുടെ പ്രദേശത്ത് എന്തെല്ലാം ദുരന്തങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നു മനസ്സിലാക്കും. നമ്മൾ ആ പ്രദേശത്ത് പുതുതായി വന്നവരാണെങ്കിൽ അങ്ങനെ ചെയ്യേണ്ടതു കൂടുതൽ പ്രധാനമാണ്. അതു മനസ്സിലായിക്കഴിഞ്ഞാൽ അവ ഓരോന്നും നേരിടാൻ വേണ്ട മുൻകരുതലുകൾ നമ്മളെടുക്കും. (സുഭാ. 21:5) അതുപോലെ, സത്യത്തിലായിരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന വെല്ലുവിളികളെക്കുറിച്ച് നമ്മൾ അറിഞ്ഞിരിക്കുകയും അവയെ നേരിടാൻ മുന്നമേ ഒരുങ്ങിയിരിക്കുകയും വേണം. അങ്ങനെ ചെയ്യുന്നെങ്കിൽ, പ്രശ്നങ്ങൾ വരുമ്പോൾ അതു നമ്മളെയോ യഹോവയുമായുള്ള നമ്മുടെ ബന്ധത്തെയോ മോശമായി ബാധിക്കില്ല. (സങ്കീ. 17:5) അതുകൊണ്ട്, ഉണ്ടാകാൻ സാധ്യതയുള്ള മൂന്നു പ്രശ്നങ്ങളെക്കുറിച്ചും അവ ഓരോന്നും നേരിടാൻ എങ്ങനെ തയ്യാറെടുക്കാമെന്നും നോക്കാം.a
ഒരു സഹവിശ്വാസി നിങ്ങളെ വേദനിപ്പിക്കുന്നു
3. സഭയിൽ നമ്മൾ എന്തു പ്രശ്നം നേരിട്ടേക്കാം?
3 യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങിൽ ആദ്യമായി പങ്കെടുത്തപ്പോൾ നിങ്ങൾക്ക് എന്താണു തോന്നിയത്? അന്ന് സഹോദരങ്ങൾക്കിടയിലെ സ്നേഹം കണ്ടപ്പോഴാണോ, ഇതാണ് സത്യം എന്നു നിങ്ങൾ ഉറപ്പിച്ചത്? (യോഹ. 13:35; കൊലോ. 3:12) ബ്ലെങ്കയ്ക്കുംb അങ്ങനെതന്നെയാണു തോന്നിയത്. എങ്കിലും അവൾ സ്നാനപ്പെട്ട് അധികം കഴിയുംമുമ്പ് അപ്രതീക്ഷിതമായ ഒരു സംഭവമുണ്ടായി. ബ്ലെങ്ക പറയുന്നു: “ഒരു സഹോദരി എന്നോടു വളരെ മോശമായി പെരുമാറി. ആ സഹോദരി മറ്റുള്ളവരെക്കുറിച്ചും മോശമായ കാര്യങ്ങൾ പറയുന്നതു ഞാൻ കേട്ടു. ഇതു ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. യഹോവയുടെ സാക്ഷികൾ സമാധാനപ്രിയരും സ്നേഹമുള്ളവരും ആണെന്നാണു ഞാൻ പഠിച്ചിട്ടുള്ളത്.” ശരിയാണ്, നമ്മുടെ സഹോദരങ്ങൾ ജീവിതത്തിൽ ക്രിസ്തീയഗുണങ്ങൾ വളർത്താൻ കഠിനശ്രമം ചെയ്യുന്നവരാണ്. എങ്കിലും അവരാരും പൂർണരല്ല. (എഫെ. 4:23, 24; 1 യോഹ. 1:8) അതുകൊണ്ടുതന്നെ ചിലപ്പോൾ അവർ നിങ്ങളെ വേദനിപ്പിക്കുന്ന എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്തേക്കാം. (യാക്കോ. 3:8) എന്നാൽ സഹോദരങ്ങളിൽനിന്ന് വേദനിപ്പിക്കുന്ന പെരുമാറ്റമുണ്ടായതിന്റെ പേരിൽ ചിലർ യഹോവയെ സേവിക്കുന്നതു നിറുത്തിയിരിക്കുന്നു എന്നതാണു സങ്കടകരമായ കാര്യം.
4. ഒരു സഹോദരനോ സഹോദരിയോ നമ്മളെ വേദനിപ്പിക്കുമ്പോൾ വീണുപോകാതിരിക്കാൻ ഇപ്പോൾത്തന്നെ നമുക്ക് എന്തു ചെയ്യാനാകും? (എഫെസ്യർ 4:32)
4 ഭാവിയിൽ ഒരു സഹോദരനോ സഹോദരിയോ നിങ്ങളെ വേദനിപ്പിച്ചാൽ തളർന്നുപോകാതിരിക്കാൻ ഇപ്പോൾത്തന്നെ നിങ്ങൾക്ക് എന്തു ചെയ്യാനാകും? എഫെസ്യർ 4:32-ലെ (വായിക്കുക.) ഉപദേശം അനുസരിക്കുന്നത് ഒരു ശീലമാക്കുക. ദയയും മനസ്സലിവും ഉള്ളവരായിരിക്കാൻ പരമാവധി ശ്രമിക്കുന്നെങ്കിൽ പല പ്രശ്നങ്ങളും നിങ്ങൾക്ക് ഒഴിവാക്കാനാകും. കൂടാതെ മറ്റുള്ളവർ എന്തെങ്കിലും തെറ്റു ചെയ്യുമ്പോൾ അതു പെട്ടെന്നു ക്ഷമിക്കുമെന്നു നിങ്ങൾക്കു ഇപ്പോൾത്തന്നെ തീരുമാനിക്കാനാകും. അങ്ങനെ ചെയ്യാൻ നിങ്ങളെ എന്തു സഹായിക്കും? തെറ്റുകൾ ക്ഷമിച്ചുകിട്ടാൻ നിങ്ങൾ എത്ര തവണ പ്രാർഥിക്കുന്നുണ്ടെന്നും യഹോവ എത്ര ഉദാരമായാണ് നിങ്ങളോടു ക്ഷമിക്കുന്നതെന്നും ചിന്തിക്കുക. (മത്താ. 6:12) അതു മറ്റുള്ളവരോടു ക്ഷമിക്കുന്നതു കൂടുതൽ എളുപ്പമാക്കിത്തീർക്കും.
5. ആരെങ്കിലും നമ്മളെ വിഷമിപ്പിക്കുമ്പോൾ ഏതു ബൈബിൾതത്ത്വം നമ്മളെ സഹായിക്കും? (സുഭാഷിതങ്ങൾ 19:11) (ചിത്രങ്ങളും കാണുക.)
5 സുഭാഷിതങ്ങൾ 19:11 വായിക്കുക. ആരെങ്കിലും നമ്മളെ വിഷമിപ്പിക്കുമ്പോൾ ഉൾക്കാഴ്ചc ഉണ്ടായിരിക്കുന്നതു നമ്മുടെ കോപം തണുപ്പിക്കുമെന്നു ബൈബിൾ പറയുന്നു. ഈ തത്ത്വം റീമയെ സഹായിച്ചു. സഹോദരി സ്നാനപ്പെട്ടിട്ട് അധികം വർഷങ്ങളായിട്ടില്ല. റീമ പറയുന്നു: “സഹോദരങ്ങൾ എന്നെ വേദനിപ്പിക്കുന്ന എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ ഞാൻ സുഭാഷിതങ്ങൾ 19:11 ഓർക്കും. അവർ വളർന്നുവന്ന പശ്ചാത്തലവും അവരുടെ ഇപ്പോഴത്തെ സാഹചര്യവും അവർ എന്തുകൊണ്ടായിരിക്കും അങ്ങനെ പെരുമാറിയതെന്നും ഞാൻ ചിന്തിക്കും. അവരുടെ കൂടെ വയൽസേവനത്തിനു പോകാനും ഞാൻ ശ്രമിക്കും. അതിലൂടെ അവരെ കൂടുതൽ നന്നായി മനസ്സിലാക്കാൻ എനിക്കു പറ്റുന്നു.” ഇതു നല്ലൊരു ഉപദേശമാണ്. സഹോദരങ്ങളെ അടുത്തറിയാൻ ഇപ്പോൾത്തന്നെ ശ്രമിക്കുക. സഹോദരങ്ങളെ നന്നായി അറിയാമെങ്കിൽ, അവർ ഏതെങ്കിലും വിധത്തിൽ വേദനിപ്പിച്ചാലും നിങ്ങൾക്ക് അവരോടു ക്ഷമിക്കാൻ എളുപ്പമായിരിക്കും.
ഒരു സഹവിശ്വാസി നിങ്ങളെ വിഷമിപ്പിക്കുന്നെങ്കിൽ ആ വ്യക്തിയോടൊപ്പം ശുശ്രൂഷയ്ക്കു പോകാൻ ശ്രമിക്കുക (5-ാം ഖണ്ഡിക കാണുക)
6. സഭയിൽ നല്ല കൂട്ടുകാരെ കിട്ടാൻ നമുക്ക് എന്തു ചെയ്യാം?
6 അങ്ങനെയെങ്കിൽ സഹോദരങ്ങളുമായി നല്ലൊരു ബന്ധമുണ്ടായിരിക്കാൻ നിങ്ങളെ എന്തു സഹായിക്കും? അവരെ അടുത്ത് അറിയുമ്പോൾ അവരുടെ നല്ല ഗുണങ്ങൾ ശ്രദ്ധിക്കുക. (സുഭാഷിതങ്ങൾ 10:12 താരതമ്യം ചെയ്യുക; റോമ. 12:10; ഫിലി. 2:2, 3) അങ്ങനെ ചെയ്തതു പുതുതായി സ്നാനമേറ്റ മാർക്ക് സഹോദരനെ എങ്ങനെയാണു സഹായിച്ചതെന്നു നോക്കാം. സഭയിലെ സഹോദരങ്ങളോടൊപ്പം കൂടുതൽ സമയം ചെലവഴിച്ചപ്പോൾ അദ്ദേഹം അവരുടെ കുറവുകൾ കണ്ടുതുടങ്ങി. അപ്പോഴും, യഹോവയുമായും സഹോദരങ്ങളുമായും നല്ല ബന്ധം നിലനിറുത്താൻ അദ്ദേഹത്തെ എന്താണു സഹായിച്ചത്? സഹോദരൻ പറയുന്നു: “ലോകത്തിൽ പലരും ചെയ്യുന്ന വലിയവലിയ തെറ്റുകൾവെച്ച് നോക്കുമ്പോൾ സഹോദരങ്ങൾ വരുത്തുന്ന തെറ്റുകൾ എത്ര ചെറുതാണെന്നു ഞാൻ ചിന്തിച്ചു. അവരുടെ കുറവുകളെക്കുറിച്ച് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കരുതെന്നു ഞാൻ മനസ്സിലാക്കി. അതുകൊണ്ട് സഹോദരങ്ങളുടെ നല്ല ഗുണങ്ങൾ ശ്രദ്ധിക്കാൻ ഞാൻ കൂടുതൽ ശ്രമിച്ചു.” അങ്ങനെ ചെയ്യുന്നെങ്കിൽ നിങ്ങൾക്കും സഭയിൽ നല്ല സൗഹൃദങ്ങൾ ആസ്വദിക്കാനാകും.
പിന്നിൽ ഉപേക്ഷിച്ച കാര്യങ്ങളോടു വീണ്ടും ആഗ്രഹം തോന്നുന്നു
7. നമ്മൾ പിന്നിൽ ഉപേക്ഷിച്ച കാര്യങ്ങളോടു വീണ്ടും ആഗ്രഹം തോന്നാൻ എന്ത് ഇടയാക്കിയേക്കാം?
7 സത്യം പഠിച്ചപ്പോൾ സാത്താന്റെ ഈ ലോകത്തിൽനിന്ന് വിട്ടുപോരാൻ നിങ്ങൾക്ക് ഉറപ്പായും സന്തോഷമായിരുന്നിരിക്കും. ‘അതിലേക്കൊക്കെ തിരിച്ചുപോകാൻ ആരെങ്കിലും ആഗ്രഹിക്കുമോ?’ എന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകാം. എന്നാൽ പ്രശ്നങ്ങൾ നേരിടുമ്പോൾ ഒരുപക്ഷേ നിങ്ങൾ പഴയകാലത്തെക്കുറിച്ച് ഓർത്തേക്കും. യഹോവയെ സേവിക്കാനായി ഉപേക്ഷിച്ച ചില കാര്യങ്ങൾ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്നുപോലും നിങ്ങൾ ആഗ്രഹിച്ചേക്കാം. (സംഖ്യ 11:4-6 താരതമ്യം ചെയ്യുക.) വലിയ പേര് നേടിക്കൊടുക്കുന്ന ജോലിയുണ്ടായിരുന്ന ചില സഹോദരങ്ങൾ അതു തങ്ങളുടെ ഒരുപാട് സമയം കവർന്നെടുക്കുന്നതുകൊണ്ട് ആ ജോലി വേണ്ടെന്നുവെച്ചു. ഇനി ചിലർ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ സുഹൃത്തുക്കൾ അവരെ വിട്ടുപോയി. വേറെ ചില സഹോദരങ്ങൾ തങ്ങൾക്കു സന്തോഷം തന്നിരുന്ന ചില മോശം ശീലങ്ങൾ ആഴത്തിൽ വേരുറച്ചതായിട്ടും ഉപേക്ഷിക്കാൻ തയ്യാറായി. ഇതുപോലെ പിന്നിൽ ഉപേക്ഷിച്ച കാര്യങ്ങളോടുള്ള ആഗ്രഹം കാരണം ഒരു ക്രിസ്ത്യാനി യഹോവയിൽനിന്ന് അകന്നുപോയാൽ അത് എത്ര വേദനിപ്പിക്കുന്ന കാര്യമായിരിക്കും! നമുക്ക് അങ്ങനെ സംഭവിക്കാതിരിക്കാൻ ഇപ്പോഴേ എങ്ങനെ ഒരുങ്ങാം?
8. അബ്രാഹാമിന്റെയും സാറയുടെയും മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
8 പിന്നിൽ ഉപേക്ഷിച്ച കാര്യങ്ങളോട് ആഗ്രഹം തോന്നാമായിരുന്ന വിശ്വസ്തരായ പല ദൈവദാസരെക്കുറിച്ചും ബൈബിളിൽ പറയുന്നുണ്ട്. ഉദാഹരണത്തിന്, അബ്രാഹാമും സാറയും യഹോവ കൊടുത്ത നിർദേശം അനുസരിച്ചതിനെക്കുറിച്ച് ചിന്തിക്കുക. ശക്തമായ മതിലുകൾകൊണ്ട് സുരക്ഷിതമാക്കിയ ഊർ നഗരം വിട്ട് കൂടാരങ്ങളിൽ താമസിക്കാൻ അവർ തയ്യാറായി. (എബ്രാ. 11:8, 9) ഊർ ദേശത്തെ സുഖസൗകര്യങ്ങൾ ഇടയ്ക്കൊക്കെ അവരുടെ ഓർമയിലേക്കു വന്നിട്ടുണ്ടാകാം. എന്നാൽ ആ സൗകര്യങ്ങളെക്കുറിച്ചായിരുന്നു എപ്പോഴും “അവരുടെ ചിന്തയെങ്കിൽ” ഊർ ദേശത്തേക്കു തിരിച്ചുപോകാൻ അവർ തീരുമാനിച്ചേനേ. എന്നാൽ അബ്രാഹാമും സാറയും അങ്ങനെ ചെയ്തില്ല. പകരം യഹോവ വാഗ്ദാനം ചെയ്ത അനുഗ്രഹങ്ങളെക്കുറിച്ചായിരുന്നു അവരുടെ ചിന്ത.—എബ്രാ. 11:15, 16.
9. താൻ വിട്ടുകളഞ്ഞ കാര്യങ്ങളെക്കുറിച്ച് പൗലോസ് അപ്പോസ്തലന് എന്താണു തോന്നിയത്? (ഫിലിപ്പിയർ 3:7, 8, 13)
9 യഹോവയെ ശരിയായ രീതിയിൽ സേവിക്കാൻ ജീവിതത്തിൽ പല മാറ്റങ്ങളും വരുത്തിയ ഒരു വ്യക്തിയാണ് പൗലോസ് അപ്പോസ്തലൻ. ഒരു ക്രിസ്ത്യാനിയാകുന്നതിനു മുമ്പ് അദ്ദേഹം, എല്ലാവരും വളരെ ആദരിച്ചിരുന്ന ഗമാലിയേൽ എന്ന നിയമ അധ്യാപകന്റെ കീഴിലാണ് പഠിച്ചത്. (പ്രവൃ. 22:3) ജൂതമതത്തിൽ ഒരു പ്രമുഖസ്ഥാനം നേടാനുള്ള അവസരം പൗലോസിനുണ്ടായിരുന്നു. (ഗലാ. 1:13, 14) എന്നാൽ സന്തോഷവാർത്ത സ്വീകരിച്ചപ്പോൾ അതെല്ലാം അദ്ദേഹം വിട്ടുകളഞ്ഞു. ഇങ്ങനെയൊരു മാറ്റം വരുത്തിയശേഷം പൗലോസിനു ജീവിതം എപ്പോഴും എളുപ്പമായിരുന്നോ? ഒരിക്കലും അല്ല. അദ്ദേഹത്തിനു ധാരാളം അടികൊണ്ടു, ജയിലിലാക്കപ്പെട്ടു, സ്വന്തം കൂട്ടരായ ജൂതന്മാരുടെ വെറുപ്പ് നേരിടേണ്ടിയും വന്നു. (2 കൊരി. 11:23-26) എന്നാൽ, ഈ പ്രശ്നങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുകയും തന്റെ ഇപ്പോഴത്തെ ജീവിതത്തെ മുൻകാലവുമായി തട്ടിച്ചുനോക്കുകയും ചെയ്തിരുന്നെങ്കിൽ പഴയ ജീവിതമായിരുന്നു നല്ലതെന്നു പൗലോസിനു തോന്നിയേനേ. എന്നാൽ അദ്ദേഹം അങ്ങനെ ചെയ്തില്ല. പകരം ക്രിസ്തുവിനെ സേവിക്കാൻ തനിക്കു കിട്ടിയ വലിയ അവസരത്തെക്കുറിച്ചും ഭാവിയിൽ കിട്ടാൻപോകുന്ന അനുഗ്രഹത്തെക്കുറിച്ചും പൗലോസ് എപ്പോഴും ചിന്തിച്ചു. ഈ അനുഗ്രഹങ്ങൾ താൻ ചെയ്ത ഏതൊരു ത്യാഗത്തെക്കാളും വളരെ വിലയേറിയതാണെന്ന് അദ്ദേഹത്തിന് ഉറച്ച ബോധ്യമുണ്ടായിരുന്നു.—ഫിലിപ്പിയർ 3:7, 8, 13 വായിക്കുക.
10. ഏതു കാര്യങ്ങളെക്കുറിച്ച് നമ്മൾ പതിവായി ചിന്തിക്കണം? (മർക്കോസ് 10:29, 30) (ചിത്രങ്ങളും കാണുക.)
10 എന്താണ് നമുക്കുള്ള പാഠം? ഒരു ക്രിസ്ത്യാനിയാകുന്ന സമയത്ത് വിട്ടുകളഞ്ഞ കാര്യങ്ങളെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിക്കുന്നെങ്കിൽ, എന്തുകൊണ്ടാണ് അതെല്ലാം വേണ്ടെന്നുവെച്ചതെന്നുംകൂടെ ചിന്തിക്കുക. (സഭാ. 7:10) അതുപോലെ നിങ്ങൾ ഉപേക്ഷിച്ച കാര്യങ്ങളെക്കാളും മൂല്യമുള്ള എത്രയെത്ര അനുഗ്രഹങ്ങൾ നിങ്ങൾക്ക് ഇപ്പോഴുണ്ടെന്നും ഓർക്കാം. പ്രപഞ്ചത്തിന്റെ പരമാധികാരിയായ യഹോവയുമായി നിങ്ങൾക്ക് അടുത്ത ബന്ധമുണ്ട്. (സുഭാ. 3:32) സ്നേഹമുള്ള ഒരു ആത്മീയകുടുംബത്തെ നിങ്ങൾക്കു ലഭിച്ചിരിക്കുന്നു. (മർക്കോസ് 10:29, 30 വായിക്കുക.) അതുപോലെ മനോഹരമായ ഒരു ഭാവിയും നിങ്ങൾക്കു മുന്നിലുണ്ട്. (യശ. 65:21-23) യഹോവയെ സേവിക്കുന്നതുകൊണ്ട് കിട്ടുന്ന ഈ അനുഗ്രഹങ്ങളെക്കുറിച്ച് പതിവായി ചിന്തിക്കുന്നെങ്കിൽ, പിന്നിൽ ഉപേക്ഷിച്ച കാര്യങ്ങളോടു നിങ്ങൾക്കു വീണ്ടും ആഗ്രഹം തോന്നാനുള്ള സാധ്യത വളരെ കുറവാണ്.
പിന്നിൽ ഉപേക്ഷിച്ച കാര്യങ്ങളിലേക്ക് വീണ്ടും ആഗ്രഹത്തോടെ നോക്കുന്നതിനു പകരം സന്തോഷത്തോടെ ദൈവം ഏൽപ്പിച്ച ശുശ്രൂഷ ചെയ്യുക (10-ാം ഖണ്ഡിക കാണുക)e
11. റോസ്മേരിയുടെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
11 ഉപേക്ഷിച്ച കാര്യങ്ങളോട് വീണ്ടും ആഗ്രഹം തോന്നാതിരിക്കാൻ റോസ്മേരി സഹോദരി എന്താണു ചെയ്തതെന്നു നോക്കാം. ഏകദേശം 50 വയസ്സുള്ളപ്പോഴാണ് സഹോദരി സ്നാനമേറ്റത്. സഹോദരി പറയുന്നു: “ആദ്യമൊക്കെ ക്രിസ്തുമസ്സ് ആഘോഷം ഞാൻ മിസ്സ് ചെയ്യുമായിരുന്നു. കുടുംബത്തോടൊപ്പം ഒരുപാടു സന്തോഷിച്ചിരുന്ന സമയങ്ങളായിരുന്നു അതെല്ലാം. പ്രിയപ്പെട്ടവർക്കു സമ്മാനം നൽകുന്നത് എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. ക്രിസ്തുമസ്സ് ട്രീയ്ക്ക് ചുറ്റും വന്നുള്ള കുട്ടികളുടെ കളികളും സമ്മാനപ്പൊതികൾ തുറക്കുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന സന്തോഷവും ഒക്കെ കാണുന്നതു ഞാൻ വളരെയധികം ആസ്വദിച്ചിരുന്നു.” നഷ്ടബോധം തോന്നാതിരിക്കാൻ സഹോദരി എന്താണു ചെയ്തത്? റോസ്മേരി പറയുന്നു: “എല്ലാ വർഷവും ക്രിസ്തുമസ്സിനു പകരം വേറെയൊരു ദിവസം ഞാൻ കുടുംബാംഗങ്ങളെയെല്ലാം കൂട്ടിവരുത്തുകയും അവർക്കു സമ്മാനങ്ങൾ കൊടുക്കുകയും ചെയ്യും. അവരെയൊക്കെ എനിക്ക് എത്ര ഇഷ്ടമാണെന്നു ഞാൻ മറക്കാതെ അവരോടു പറയും.” തന്റെ മറ്റൊരു വിഷമത്തെക്കുറിച്ച് സഹോദരി പറയുന്നു: “സത്യം പഠിച്ചപ്പോൾ പഴയ സുഹൃത്തുക്കൾ എന്നെ ഉപേക്ഷിച്ചുപോയി. ഇടയ്ക്കൊക്കെ ഞാൻ അവരെയും മിസ്സ് ചെയ്യും. അപ്പോൾ ഒരു ഒറ്റപ്പെടൽ തോന്നും.”d ആ വിഷമം മറികടക്കാൻ സഹോദരി എന്താണു ചെയ്തത്? സഭയിലെ വ്യത്യസ്ത സഹോദരിമാരോടൊപ്പം ശുശ്രൂഷയ്ക്കു പോകാൻ പ്ലാൻ ചെയ്തു. സഹോദരി പറയുന്നു: “അങ്ങനെ ചെയ്തതിലൂടെ പുതിയ നല്ല കൂട്ടുകാരെ എനിക്കു കിട്ടി. അവരെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.” സഹോദരിയുടെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? സത്യം പഠിക്കുന്നതിനു മുമ്പ് സന്തോഷം തന്നിരുന്ന പല കാര്യങ്ങളെക്കുറിച്ചും ഓർത്ത് നിങ്ങൾക്ക് ഇപ്പോൾ ചെറിയ നഷ്ടബോധം തോന്നാനിടയുണ്ട്. എന്നാൽ അവയ്ക്കു പകരം അതിനെക്കാളെല്ലാം മെച്ചപ്പെട്ട, യഥാർഥസന്തോഷം തരുന്ന മറ്റു കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്കു പറ്റും. (ഫിലി. 4:8, 9) എന്തുതന്നെയായാലും, നഷ്ടപ്പെടുത്തിയതിലും പല മടങ്ങ് നിങ്ങൾക്കു യഹോവ തിരിച്ചുതരുമെന്ന് ഉറപ്പുണ്ടായിരിക്കുക.
മറ്റുള്ളവർ യഹോവയെ ഉപേക്ഷിക്കുന്നു
12. ഉൾക്കൊള്ളാൻ കൂടുതൽ ബുദ്ധിമുട്ട് തോന്നിയേക്കാവുന്ന ഏതു പ്രശ്നം സഭയിൽ ഉണ്ടായേക്കാം?
12 ഒരു സാക്ഷിയായപ്പോൾ ഈ ദുഷ്ടലോകത്തിൽനിന്ന് വിട്ടുപോരാനും, സത്യം പഠിപ്പിക്കുകയും അതിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുന്ന ഒരു കൂട്ടത്തോടൊപ്പം ചേരാനും നിങ്ങൾക്കു കഴിഞ്ഞു; അന്ന് നിങ്ങൾക്കു വലിയ ആശ്വാസം തോന്നിക്കാണും. (യശ. 65:14) എന്നാൽ ചിലപ്പോൾ സഭയിൽ ആരെങ്കിലുമൊക്കെ ഗുരുതരമായ തെറ്റു ചെയ്തെന്നു നിങ്ങൾ കേട്ടേക്കാം. അവരിൽ പശ്ചാത്തപിക്കാത്തവരെ സഭയിൽനിന്ന് നീക്കുകപോലും ചെയ്തേക്കാം. (1 കൊരി. 5:13) അത്തരമൊരു സംഭവം സമർ സഹോദരിയെ എങ്ങനെ ബാധിച്ചെന്നു നോക്കാം. സഹോദരി പറയുന്നു: “ഞാൻ സ്നാനമേറ്റ് കുറച്ച് കഴിഞ്ഞപ്പോൾത്തന്നെ, ഒരു മൂപ്പൻ ഗുരുതരമായൊരു തെറ്റു ചെയ്തെന്നും അദ്ദേഹത്തെ സഭയിൽനിന്ന് നീക്കം ചെയ്തെന്നും ഞാൻ കേട്ടു. അത് എന്റെ വിശ്വാസത്തെ ശരിക്കും പിടിച്ചുലച്ചു. കാരണം ഒരു മൂപ്പന് എങ്ങനെയാണ് യഹോവയ്ക്കും സഭയ്ക്കും എതിരെ ഇങ്ങനെയൊരു പാപം ചെയ്യാൻ കഴിയുക എന്നു ഞാൻ ചിന്തിച്ചു.” നമ്മുടെ സഹോദരങ്ങൾ യഹോവയെ സ്നേഹിക്കുകയും യഹോവയോടു വിശ്വസ്തരായിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരാണെന്ന് ഉറപ്പാണ്. (1 കൊരി. 13:4, 7) എങ്കിലും നമ്മൾ യാഥാർഥ്യബോധം ഉള്ളവരായിരിക്കണം. ഓരോ വർഷവും സഭയിൽനിന്ന് ചിലർ ഇങ്ങനെ നീക്കം ചെയ്യപ്പെടുന്നുണ്ട്. നല്ല അടുപ്പമുള്ള ഒരാളോ അല്ലെങ്കിൽ നമ്മൾ ഒരുപാടു ബഹുമാനിക്കുന്ന ഒരാളോ ആണ് യഹോവയെ ഉപേക്ഷിക്കുന്നതെങ്കിൽ, അതു ഉൾക്കൊള്ളാൻ നമുക്കു കൂടുതൽ ബുദ്ധിമുട്ടായിരിക്കും.
13. നമുക്ക് അടുപ്പമുള്ള ഒരാൾ യഹോവയെ ഉപേക്ഷിച്ചാലും നമ്മുടെ വിശ്വാസം തണുത്തുപോകാതിരിക്കാൻ ഇപ്പോൾത്തന്നെ എന്തു ചെയ്യാനാകും?
13 വളരെ അടുപ്പമുള്ള ഒരാൾ യഹോവയെ ഉപേക്ഷിച്ചാലും നിങ്ങളുടെ വിശ്വാസം തണുത്തുപോകാതിരിക്കാൻ ഇപ്പോൾത്തന്നെ എന്തു ചെയ്യാനാകും? യഹോവയുമായുള്ള നിങ്ങളുടെ വ്യക്തിപരമായ ബന്ധം ശക്തമാക്കുന്നതിൽ തുടരുക. (യാക്കോ. 4:8) ദൈവവുമായുള്ള നിങ്ങളുടെ ബന്ധം മറ്റൊരാളുടെ വിശ്വസ്തതയെ ആശ്രയിച്ചായിരിക്കരുത്. ഉദാഹരണത്തിന്, കുടുംബത്തോടൊപ്പവും സഭയോടൊപ്പവും ഒരുമിച്ച് നമ്മൾ ദൈവത്തെ ആരാധിക്കാറുണ്ടെങ്കിലും നമുക്ക് ഓരോരുത്തർക്കും വ്യക്തിപരമായി പ്രാർഥിക്കുകയും ബൈബിൾ വായിക്കുകയും ചെയ്യുന്ന ശീലമുണ്ടായിരിക്കണം.—സങ്കീ. 1:2; 62:8.
14. അപ്പോസ്തലനായ പത്രോസിന്റെ മാതൃകയിൽനിന്ന് നമ്മൾ എന്താണു പഠിക്കുന്നത്? (യോഹന്നാൻ 6:66-68)
14 അപ്പോസ്തലനായ പത്രോസിന്റെ മാതൃക നോക്കാം. ഒരിക്കൽ യേശു പറഞ്ഞ കാര്യങ്ങൾ മനസ്സിലാകാതെവന്നപ്പോൾ പല ശിഷ്യന്മാരും യേശുവിനെ വിട്ടുപോയി. പത്രോസിനും യേശു പറഞ്ഞതു പൂർണമായും മനസ്സിലായില്ല. എങ്കിലും അദ്ദേഹം വിശ്വസ്തനായി നിന്നു. (യോഹന്നാൻ 6:66-68 വായിക്കുക.) മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങളിലല്ല, യേശു പഠിപ്പിച്ച സത്യത്തിന്റെ വചനങ്ങളിലാണ് പത്രോസ് ശ്രദ്ധിച്ചത്. അതുകൊണ്ടുതന്നെ പത്രോസിന്റെ വിശ്വാസം ഇളകിപ്പോയില്ല. ഇന്നും മറ്റുള്ളവരുടെ പ്രവൃത്തികൾ, യഹോവയുടെ സംഘടനയുടെ സഹായത്താൽ നിങ്ങൾ പഠിച്ച സത്യത്തിന്റെ മൂല്യം കുറച്ചുകളയുന്നില്ല. അതുകൊണ്ട് ആ സത്യത്തിൽ പിടിയുറപ്പിക്കുക. മുമ്പ് കണ്ട സമർ പറയുന്നു: “ഒരാൾ തെറ്റ് ചെയ്തെന്നുവെച്ച് സഭയിലുള്ള എല്ലാവരും അങ്ങനെയാണെന്നോ സംഘടന പഠിപ്പിക്കുന്നതു തെറ്റാണെന്നോ അർഥമില്ല. അതുപോലെ യഹോവ ഒരിക്കലും ആളുകൾ ചെയ്യുന്ന തെറ്റുകൾ അംഗീകരിക്കുന്നുമില്ല.”
15. എമിലിയുടെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്താണു പഠിക്കുന്നത്?
15 എമിലി സഹോദരിയുടെ അനുഭവം നോക്കാം. സഹോദരി സ്നാനപ്പെട്ട് വെറും ഒരാഴ്ച കഴിഞ്ഞപ്പോൾ സഹോദരിയുടെ അമ്മ കുടുംബത്തെ ഉപേക്ഷിച്ചുപോകുകയും അങ്ങനെ സഭയിൽനിന്ന് നീക്കം ചെയ്യപ്പെടുകയും ചെയ്തു. എമിലി പറയുന്നു: “അമ്മ ഇങ്ങനെ ചെയ്യുമെന്നു ഞാൻ സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല. എനിക്കു ജീവിതത്തിലുണ്ടായ ഏറ്റവും വലിയ പ്രശ്നമായിരുന്നു അത്. അമ്മയെ ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.” തന്നെ സഹായിച്ചത് എന്താണെന്നു എമിലി പറയുന്നു: “ഞാൻ ഒറ്റയ്ക്കല്ല. പപ്പയുടെ മാത്രമല്ല, സഭയിലെ സഹോദരങ്ങളുടെയും സ്നേഹവും പിന്തുണയും എനിക്കുണ്ട്. അവർ എനിക്കൊരു കുടുംബംപോലെയാണ്. നമ്മൾ എല്ലാവരും എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ സഹോദരങ്ങളുമായി നല്ല അടുപ്പം ഉണ്ടായിരിക്കുകയും പരസ്പരം പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതു വളരെ പ്രധാനമാണ്.” (1 പത്രോ. 5:9) സഹോദരങ്ങളുമായി അടുക്കാൻ, നമ്മുടെ ജീവിതത്തിൽ ഒരു പ്രശ്നമുണ്ടാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല. അതിനുള്ള ശ്രമം ഇപ്പോൾത്തന്നെ തുടങ്ങുക. അങ്ങനെയാകുമ്പോൾ പ്രശ്നങ്ങളുടെ സമയത്ത് ഒറ്റയ്ക്കായതായി തോന്നാനുള്ള സാധ്യത കുറവാണ്.
16. നമ്മൾ എന്ത് ഓർക്കണം? (ചിത്രവും കാണുക.)
16 യഹോവ താൻ സ്നേഹിക്കുന്നവർക്കാണ് ശിക്ഷണം കൊടുക്കുന്നത് എന്ന കാര്യവും നമ്മൾ ഓർക്കണം. (എബ്രാ. 12:6) സഭയിൽനിന്ന് നീക്കം ചെയ്യപ്പെടുന്ന എല്ലാവരും തന്നിലേക്കു മടങ്ങിവരണം എന്നാണ് യഹോവയുടെ ആഗ്രഹം. (2 പത്രോ. 3:9) അതുകൊണ്ട്, നിങ്ങളുടെ പ്രിയപ്പെട്ട ആരെങ്കിലും സഭയിൽനിന്ന് നീക്കം ചെയ്യപ്പെട്ടാൽ യഹോവയിലേക്കു തിരിച്ചുവരാൻ അവരെ സഹായിക്കുന്നതിനു മൂപ്പന്മാർ പരമാവധി ശ്രമിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുക.—2 തിമൊ. 2:24, 25.
നിങ്ങൾക്കു വളരെ അടുപ്പമുള്ള ആരെങ്കിലും സഭയിൽനിന്ന് നീക്കം ചെയ്യപ്പെടുന്നെങ്കിൽ യഹോവയിലേക്ക് തിരിച്ചുവരുന്നതിന് അവരെ സഹായിക്കാൻ മൂപ്പന്മാർ ആഗ്രഹിക്കുന്നുണ്ടെന്ന് ഓർക്കുക (16-ാം ഖണ്ഡിക കാണുക)f
17. നമുക്ക് ഏതു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാം?
17 സ്നാനത്തിനു ശേഷം നേരിട്ടേക്കാവുന്ന ചില പ്രശ്നങ്ങളെക്കുറിച്ച് മാത്രമാണ് നമ്മൾ ഇതുവരെ ചർച്ച ചെയ്തത്. ചിലതു വലിയ പ്രശ്നങ്ങളായി തോന്നിയേക്കാം; എങ്കിലും പേടിക്കേണ്ടതില്ല. അവയെ നേരിടുന്നതിനു മുന്നമേ ഒരുങ്ങിയിരിക്കാൻ നമുക്കു ചെയ്യാനാകുന്ന പല കാര്യങ്ങളുണ്ട്. മാത്രമല്ല, ദൈവമായ യഹോവ നമ്മുടെ സഹായത്തിനായി എപ്പോഴും കൂടെയുണ്ടാകുമെന്നും മറക്കരുത്. യഹോവ ഇതുവരെ നിങ്ങളെ സഹായിച്ചു. ഇനി മുന്നോട്ടും, എന്നും നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു! (1 പത്രോ. 5:10) ഏതൊരു പ്രശ്നത്തെയും നേരിടാനും സഹിച്ചുനിൽക്കാനും ആവശ്യമായ ശക്തി ദൈവം നിങ്ങൾക്കു തരും. യഹോവയുടെ സഹായം തുടർന്നും സ്വീകരിക്കുന്നെങ്കിൽ നിങ്ങളെ യഹോവയിൽനിന്ന് അകറ്റാൻ യാതൊന്നിനും, ഒരിക്കലും കഴിയില്ല.—സങ്കീ. 119:165; റോമ. 8:38, 39.
ഗീതം 154 നിലയ്ക്കാത്ത സ്നേഹം
a ഈ ലേഖനം പ്രധാനമായും പുതുതായി സ്നാനമേറ്റവർക്കുള്ളതാണെങ്കിലും നമുക്കെല്ലാവർക്കും ഇതിൽനിന്ന് പാഠങ്ങൾ പഠിക്കാനാകും.
b പേരുകൾക്ക് മാറ്റംവരുത്തിയിരിക്കുന്നു.
c ഉൾക്കാഴ്ച എന്നതിൽ പെട്ടെന്നു കണ്ണിൽപ്പെടാത്ത കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാനുള്ള പ്രാപ്തി ഉൾപ്പെടുന്നു. ഒരു വ്യക്തി ഒരു പ്രത്യേകവിധത്തിൽ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തത് എന്തുകൊണ്ടാണെന്നു വിവേചിച്ചറിയാൻ ഉൾക്കാഴ്ച നമ്മളെ സഹായിക്കും.
d ബൈബിൾവിദ്യാർഥികൾക്കും പുതുതായി സ്നാനമേറ്റവർക്കും ഒറ്റപ്പെടൽ തോന്നാതിരിക്കാൻ, അവരെ ബൈബിൾ പഠിപ്പിക്കുന്നവർക്കു മാത്രമല്ല സഭയിലെ എല്ലാവർക്കും സഹായിക്കാനാകും. 2021 മാർച്ച് ലക്കം വീക്ഷാഗോപുരത്തിലെ “സ്നാനത്തിലേക്കു പുരോഗമിക്കാൻ ബൈബിൾവിദ്യാർഥിയെ എല്ലാവർക്കും സഹായിക്കാം” എന്ന ലേഖനത്തിന്റെ 15, 16 ഖണ്ഡികകൾ കാണുക.
e ചിത്രത്തിന്റെ വിവരണം: ഒരു സഹോദരി ശുശ്രൂഷയ്ക്കിടെ ഒരു സ്പോർട്സ് ടീം കളിക്കുന്നതു കാണുന്നു. അപ്പോൾ മുമ്പ് താനും ഒരു ടീമിൽ കളിച്ചിരുന്ന സമയത്തെക്കുറിച്ച് സഹോദരി ഓർക്കുന്നു. കുറച്ച് കഴിഞ്ഞ് സഹോദരി ഒരു കളിക്കാരിയോട് സാക്ഷീകരിക്കുന്നു. ഒരുപക്ഷേ അവർ മുമ്പ് ഒരേ ടീമിൽ ഉണ്ടായിരുന്നവരായിരിക്കാം.
f ചിത്രത്തിന്റെ വിവരണം: സഭയിൽനിന്ന് നീക്കം ചെയ്യപ്പെട്ട ഒരു വ്യക്തിയെ രണ്ടു മൂപ്പന്മാർ ചെന്നുകാണുകയും യഹോവയിലേക്ക് മടങ്ങിവരാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.