പഠനലേഖനം 51
ഗീതം 132 ഇപ്പോൾ നമ്മൾ ഒന്നാണ്
നിങ്ങളുടെ വിവാഹദിനം യഹോവയെ മഹത്ത്വപ്പെടുത്തട്ടെ!
“എല്ലാം മാന്യമായും ചിട്ടയോടെയും നടക്കട്ടെ.”—1 കൊരി. 14:40.
ഉദ്ദേശ്യം
വധൂവരന്മാർക്ക് അവരുടെ വിവാഹദിവസത്തിൽ യഹോവയെ എങ്ങനെ മഹത്ത്വപ്പെടുത്താം എന്നു നോക്കാം.
1-2. നിങ്ങളുടെ വിവാഹദിവസത്തെക്കുറിച്ച് യഹോവയുടെ ആഗ്രഹം എന്താണ്?
നിങ്ങളുടെ കല്യാണം ഉറപ്പിച്ചോ? എങ്കിൽ അഭിനന്ദനങ്ങൾ! വിവാഹം പ്ലാൻ ചെയ്യുന്ന തിരക്കിലായിരിക്കുമല്ലേ നിങ്ങൾ? യഹോവയ്ക്കും നിങ്ങളുടെ വിവാഹത്തിൽa താത്പര്യമുണ്ട്. അത് സന്തോഷത്തിന്റെ ഒരു ദിനമായിരിക്കാനും നിങ്ങൾ നല്ലൊരു കുടുംബജീവിതം തുടർന്ന് ആസ്വദിക്കാനും ആണ് ദൈവം ആഗ്രഹിക്കുന്നത്.—സുഭാ. 5:18; ഉത്ത. 3:11.
2 നിങ്ങളുടെ വിവാഹദിവസത്തിൽ യഹോവയ്ക്കു മഹത്ത്വം കിട്ടേണ്ടതുണ്ട്. ദൈവം അതിന് അർഹനാണ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? അത് എങ്ങനെ ചെയ്യാനാകും? ഈ ലേഖനം പ്രധാനമായും വിവാഹത്തിനായി തയ്യാറെടുക്കുന്ന വധൂവരന്മാരെ ഉദ്ദേശിച്ചുള്ളതാണെങ്കിലും ഇതിലെ തത്ത്വങ്ങൾ നമുക്കെല്ലാം പ്രയോജനം ചെയ്യും. നമ്മൾ ഒരു വിവാഹത്തിൽ പങ്കെടുക്കുമ്പോഴോ വിവാഹത്തോട് ബന്ധപ്പെട്ട പ്ലാനുകളെക്കുറിച്ച് നമ്മളോട് ഒരു അഭിപ്രായം ചോദിക്കുമ്പോഴോ യഹോവയെ മഹത്ത്വപ്പെടുത്തുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യാൻ ഈ തത്ത്വങ്ങൾ നമ്മളെയെല്ലാം സഹായിക്കും.
യഹോവയെ മഹത്ത്വപ്പെടുത്തേണ്ടത് എന്തുകൊണ്ട്?
3. വിവാഹദിവസത്തെക്കുറിച്ച് പ്ലാനുകൾ ഇടുമ്പോൾ വധൂവരന്മാർ ഏതു കാര്യം കണക്കിലെടുക്കണം, എന്തുകൊണ്ട്?
3 കല്യാണത്തിനായി ഒരുങ്ങുന്ന ഒരു വധുവും വരനും ദൈവവചനത്തിൽ യഹോവ പറഞ്ഞിരിക്കുന്ന തത്ത്വങ്ങൾക്കു ചേർച്ചയിൽ വേണം കാര്യങ്ങൾ പ്ലാൻ ചെയ്യാൻ. എന്തുകൊണ്ട്? കാരണം യഹോവയാണ് വിവാഹക്രമീകരണം തുടങ്ങിവെച്ചത്. ആദാമിനെയും ഹവ്വയെയും ഭാര്യാഭർത്താക്കന്മാരായി ഒന്നിച്ച് ചേർത്തുകൊണ്ട് യഹോവ ആദ്യവിവാഹം നടത്തി. (ഉൽപ. 1:28; 2:24) അതുകൊണ്ട് വിവാഹദിവസത്തെക്കുറിച്ച് പ്ലാനുകൾ ഇടുമ്പോൾ ദൈവത്തിന്റെ ചിന്തകളായിരിക്കണം നിങ്ങളുടെ മനസ്സിൽ മുന്നിൽ നിൽക്കേണ്ടത്.
4. വിവാഹദിവസത്തിൽ യഹോവയ്ക്കു മഹത്ത്വം കൊടുക്കേണ്ടതിന്റെ മറ്റൊരു കാരണം എന്താണ്?
4 വിവാഹദിവസത്തെക്കുറിച്ച് പ്ലാൻ ചെയ്യുമ്പോൾ യഹോവയുടെ ചിന്തകൾ കണക്കിലെടുക്കേണ്ടതിനു പ്രധാനപ്പെട്ട മറ്റൊരു കാരണമുണ്ട്. യഹോവ നിങ്ങളുടെ സ്വർഗീയപിതാവും ഏറ്റവും അടുത്ത സുഹൃത്തും ആണ്. (എബ്രാ. 12:9) അത് എന്നും അങ്ങനെ ആയിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. അതുകൊണ്ട് കല്യാണദിവസം മാത്രമല്ല ജീവിതത്തിലെ ഒരു ദിവസവും ആ സുഹൃത്തിനെ വിഷമിപ്പിക്കുന്ന ഒന്നും ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കില്ല. (സങ്കീ. 25:14) യഹോവ നിങ്ങൾക്കുവേണ്ടി ഇതുവരെ ചെയ്തതും ഇനി ചെയ്യാനിരിക്കുന്നതും ആയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങളുടെ വിവാഹദിവസത്തിൽ യഹോവയ്ക്കു മഹത്ത്വം കിട്ടണമെന്ന് നിങ്ങൾക്കു തോന്നുന്നില്ലേ?—സങ്കീ. 116:12.
യഹോവയെ മഹത്ത്വപ്പെടുത്താൻ എങ്ങനെ കഴിയും?
5. വിവാഹം പ്ലാൻ ചെയ്യാൻ വധൂവരന്മാരെ ബൈബിൾ സഹായിക്കുന്നത് എങ്ങനെയാണ്?
5 വിവാഹച്ചടങ്ങുകളോ അതു കഴിഞ്ഞുള്ള വിവാഹവിരുന്നോ ഒക്കെ എങ്ങനെ നടത്തണമെന്നതിനു ബൈബിൾ നിയമങ്ങൾ ഒന്നും വെക്കുന്നില്ല. ഓരോരുത്തരുടെ സാഹചര്യവും സംസ്കാരവും ഇഷ്ടങ്ങളും അനുസരിച്ച് വധൂവരന്മാർക്കുതന്നെ അതു തീരുമാനിക്കാവുന്നതാണ്. സത്യക്രിസ്ത്യാനികൾ വിവാഹത്തോട് ബന്ധപ്പെട്ട ഗവൺമെന്റ് നിയമങ്ങളും അനുസരിക്കും. (മത്താ. 22:21) എങ്കിലും ബൈബിൾതത്ത്വങ്ങൾ കണക്കിലെടുത്തായിരിക്കും അവർ വിവാഹദിനത്തോട് ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത്. അപ്പോഴാണ് അത് യഹോവയെ മഹത്ത്വപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നത്. അങ്ങനെയെങ്കിൽ അവർക്കു മനസ്സിൽപ്പിടിക്കാനാകുന്ന ചില തത്ത്വങ്ങൾ എന്തൊക്കെയാണ്?
6. വിവാഹത്തോടു ബന്ധപ്പെട്ട ഗവൺമെന്റ് നിയമങ്ങൾ അനുസരിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (റോമർ 13:1, 2)
6 ഗവൺമെന്റ് നിയമങ്ങൾ അനുസരിക്കുക. (റോമ. 13:1, 2) മിക്ക രാജ്യങ്ങളിലും വിവാഹത്തോടു ബന്ധപ്പെട്ട് ഗവൺമെന്റ് വെച്ചിരിക്കുന്ന ചില നിയമങ്ങളുണ്ടാകും. വിവാഹം കഴിക്കാൻപോകുന്നവർ തങ്ങൾ താമസിക്കുന്നിടത്തെ നിയമങ്ങൾ എന്തൊക്കെയാണെന്നു മനസ്സിലാക്കുകയും അത് അനുസരിക്കുകയും വേണം. അതെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ മൂപ്പന്മാരോടു സഹായം ചോദിക്കുക.b
7. ഒരു വിവാഹദിവസം എങ്ങനെയുള്ളതായിരിക്കണം?
7 നല്ലൊരു അന്തരീക്ഷം ഒരുക്കുക. (1 കൊരി. 10:31, 32) നിങ്ങളുടെ വിവാഹപരിപാടികൾ ലോകത്തിന്റെ ആത്മാവിനെ അല്ല ദൈവാത്മാവിന്റെ ഗുണങ്ങൾ പ്രതിഫലിപ്പിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. (ഗലാ. 5:19-26) കുടുംബത്തിന്റെ തലയാകാൻപോകുന്നതു വരൻ ആയതുകൊണ്ട് വിവാഹപരിപാടികൾ സന്തോഷകരവും മാന്യവും ആണെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം അദ്ദേഹത്തിനാണ്. അതിന് എന്തു സഹായിക്കും? ബൈബിളിനെ അടിസ്ഥാനമാക്കി, സ്നേഹത്തോടെയും ആദരവോടെയും നടത്തുന്ന വിവാഹപ്രസംഗം, ദൈവം വെച്ചിരിക്കുന്ന വിവാഹക്രമീകരണത്തെ വിലമതിക്കാനും അതിന്റെ ഗൗരവം മനസ്സിലാക്കാനും കൂടിവന്നിരിക്കുന്നവരെ സഹായിക്കും. അതുകൊണ്ടുതന്നെ മിക്ക ക്രിസ്തീയദമ്പതികളും സാധിക്കുമെങ്കിൽ ആ പരിപാടി രാജ്യഹാളിൽവെച്ച് നടത്താറുണ്ട്. നിങ്ങൾക്കു രാജ്യഹാൾ ഉപയോഗിക്കാൻ ആഗ്രഹമുണ്ടെങ്കിൽ മൂപ്പന്മാരുടെ സംഘത്തിനു നേരത്തേതന്നെ ഒരു അപേക്ഷ കൊടുക്കണം.
8. വിവാഹവിരുന്ന് നടക്കുമ്പോൾ അവിടത്തെ അന്തരീക്ഷം മാന്യമാണെന്ന് ഉറപ്പുവരുത്താൻ എന്തു ചെയ്യാം? (റോമർ 13:13)
8 റോമർ 13:13 വായിക്കുക. നിങ്ങൾ ഒരു വിവാഹവിരുന്ന് ഒരുക്കുന്നുണ്ടെങ്കിൽ അവിടെ ലോകത്തിന്റെ ആത്മാവ് പ്രതിഫലിക്കുന്നില്ല എന്ന് എങ്ങനെ ഉറപ്പുവരുത്താം? ‘വന്യമായ ആഘോഷങ്ങൾ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം, അമിതകുടിയും ഒരുപാട് രാത്രിവരെ നീളുന്ന സംഗീതവും ഒക്കെയുള്ള കൂടിവരവുകളെയാണ് അർഥമാക്കുന്നത്. നിങ്ങൾ മദ്യം വിളമ്പുന്നുണ്ടെങ്കിൽ, ആരും അമിതമായി കുടിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കുക.c ഇനി സംഗീതം വെക്കുന്നെങ്കിൽ വന്നിരിക്കുന്നവർക്കു പരസ്പരം ബുദ്ധിമുട്ടില്ലാതെ സംസാരിക്കാൻ പറ്റുന്ന ഒരു ശബ്ദത്തിലായിരിക്കണം അതു പ്ലേ ചെയ്യേണ്ടത്. അതുപോലെ ആരെയും ഇടറിക്കാതിരിക്കാൻ, വെക്കുന്ന പാട്ടുകൾ എങ്ങനെയുള്ളതാണെന്നും അതിന്റെ വരികൾ എന്തൊക്കെയാണെന്നും മുന്നമേ പരിശോധിച്ച് ഉറപ്പുവരുത്തുക.
9. വിരുന്നിന്റെ സമയത്തെ പരിപാടികളുടെ കാര്യത്തിൽ വധൂവരന്മാർ എന്തു മനസ്സിൽപ്പിടിക്കണം?
9 ചില വിവാഹപരിപാടികളിൽ മറ്റുള്ളവർ ചെറുക്കനെയും പെണ്ണിനെയും കുറിച്ച് ഏതാനും വാക്കുകൾ പറഞ്ഞേക്കാം. അല്ലെങ്കിൽ എന്തെങ്കിലും വീഡിയോകളോ ചിത്രങ്ങളോ കാണിക്കുകയോ മറ്റ് രസകരമായ പരിപാടികൾ അവതരിപ്പിക്കുകയോ ചെയ്തേക്കാം. അതൊക്കെ ആ ദിവസത്തിനു നിറം പകരുന്ന കാര്യങ്ങളാണ്. എന്നാൽ അതെല്ലാം മറ്റുള്ളവരെ ബലപ്പെടുത്തുന്നത് ആയിരിക്കും എന്ന് ഉറപ്പുവരുത്തുക. (ഫിലി. 4:8) സ്വയം ചോദിക്കുക: ‘ഇതു മറ്റുള്ളവരോട് ആദരവ് കാണിക്കുന്ന ഒന്നായിരിക്കുമോ? വിവാഹക്രമീകരണത്തിന്റെ മാന്യത അതു കുറച്ചുകളയുമോ?’ എന്നാൽ അതിലും പ്രധാനപ്പെട്ട ഒരു ചോദ്യം ഇതാണ്: ‘യഹോവയെ അതു മഹത്ത്വപ്പെടുത്തുമോ?’ കുറച്ച് തമാശകളൊക്കെ ഉള്ളത് നല്ലതാണെങ്കിലും പറയുന്ന കാര്യങ്ങൾ ലൈംഗികച്ചുവ ഉള്ളതായി പോകരുത്. (എഫെ. 5:3) കുടുംബാംഗങ്ങളോ കൂട്ടുകാരോ ഏതാനും വാക്കുകൾ പറയുമെന്നുണ്ടെങ്കിൽ, എങ്ങനെയുള്ള കാര്യങ്ങൾ ഒഴിവാക്കണമെന്ന് അവർക്കു നേരത്തേതന്നെ വ്യക്തമാക്കിക്കൊടുക്കുക.
10. വധൂവരന്മാർ തങ്ങളുടെ വിവാഹം ലളിതമായി നടത്താൻ ശ്രമിക്കേണ്ടത് എന്തുകൊണ്ട്? (1 യോഹന്നാൻ 2:15-17)
10 ആർഭാടം ഒഴിവാക്കി, മാന്യതയോടെ. (1 യോഹന്നാൻ 2:15-17 വായിക്കുക.) ദൈവദാസർ തങ്ങളിലേക്ക് അനാവശ്യശ്രദ്ധ വരുത്തുന്നതിനു പകരം യഹോവയെ മഹത്ത്വപ്പെടുത്താൻ ശ്രമിക്കുമ്പോൾ അതിൽ യഹോവ സന്തോഷിക്കും. അതുകൊണ്ട് വിവാഹത്തിനുവേണ്ടി അമിതമായി പണം ചെലവാക്കി ‘പൊങ്ങച്ചം’ കാണിക്കുന്നതു ക്രിസ്ത്യാനികൾ ഒഴിവാക്കും. വിവാഹം ലളിതമായി നടത്തുന്നതുകൊണ്ട് എന്തൊക്കെ പ്രയോജനങ്ങളുണ്ട്? നോർവേയിൽനിന്നുള്ള മൈക്ക് സഹോദരൻ പറയുന്നു: “ഞങ്ങൾക്കു കടം വരുത്തുന്നത് ഒഴിവാക്കാനും മുൻനിരസേവനം തുടരാനും ആയി. ഞങ്ങളുടെ വിവാഹം വളരെ ലളിതമായിരുന്നെങ്കിലും അതു മനോഹരവും നല്ല ഓർമകൾ നിറഞ്ഞതും ആയിരുന്നു.” ഇന്ത്യയിൽനിന്നുള്ള തബീഥയുടെ അഭിപ്രായം ഇതാണ്: “ഞങ്ങൾക്ക് ഒരുപാട് ടെൻഷൻ ഒഴിവാക്കാനായി. വിവാഹം ചെറിയ രീതിയിൽ നടത്തിയതുകൊണ്ട് കുറച്ച് കാര്യങ്ങളേ ഞങ്ങൾക്കു പ്ലാൻ ചെയ്യാനുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നതു കുറയ്ക്കാനുമായി.”
നിങ്ങൾ എവിടെയാണ് ജീവിക്കുന്നതെങ്കിലും, ലളിതവും മനോഹരവും മധുരസ്മരണകൾ നിറഞ്ഞതും ആയ ഒരു വിവാഹം പ്ലാൻ ചെയ്യാൻ നിങ്ങൾക്കാകും (10-11 ഖണ്ഡികകൾ കാണുക)
11. തങ്ങളുടെ വസ്ത്രവും ഒരുക്കവും മാന്യമാണെന്നു വധൂവരന്മാർക്ക് എങ്ങനെ ഉറപ്പുവരുത്താം? (ചിത്രങ്ങളും കാണുക.)
11 നിങ്ങൾ ഇടുന്ന വസ്ത്രം ഏതാണെന്ന് തീരുമാനിച്ചോ? വിവാഹദിവസം ഭംഗിയായി ഒരുങ്ങിവരാൻ നിങ്ങൾ ഉറപ്പായും ആഗ്രഹിക്കും. ബൈബിൾക്കാലങ്ങളിലും കല്യാണച്ചെറുക്കനും പെണ്ണും അക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. (യശ. 61:10) വിവാഹദിവസത്തിൽ ധരിക്കുന്ന വസ്ത്രം മറ്റ് അവസരങ്ങളിൽ ഇടുന്ന വസ്ത്രത്തിൽനിന്ന് കുറച്ചൊക്കെ വ്യത്യസ്തമായിരിക്കാം. എന്നാൽ അതു മാന്യമാണെന്നു നിങ്ങൾ ഉറപ്പുവരുത്തണം. (1 തിമൊ. 2:9) നിങ്ങളുടെ വിവാഹദിവസത്തിന്റെ ഏറ്റവും വലിയ സവിശേഷത നിങ്ങളുടെ വസ്ത്രവും ഒരുക്കവും ആയിപ്പോകരുത്.—1 പത്രോ. 3:3, 4.
12. നിങ്ങളുടെ പ്രദേശത്തെ ഒരു ആചാരം തിരുവെഴുത്തുവിരുദ്ധം ആണെങ്കിൽ അതു വിവാഹത്തിൽനിന്ന് ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
12 തിരുവെഴുത്തുവിരുദ്ധമായ ആചാരങ്ങൾ ഒഴിവാക്കുക. (വെളി. 18:4) സാത്താന്റെ ഈ ലോകത്ത്, വിവാഹദിവസത്തെ പല ആചാരങ്ങൾക്കും വ്യാജമതവുമായും ഭൂതവിദ്യയുമായും അന്ധവിശ്വാസങ്ങളുമായും ബന്ധമുണ്ട്. ഇത്തരം അശുദ്ധമായ കാര്യങ്ങളിൽനിന്ന് അകന്നുമാറി നിൽക്കാൻ യഹോവ വ്യക്തമായ മുന്നറിയിപ്പ് തന്നിരിക്കുന്നു. (2 കൊരി. 6:14-17) നിങ്ങളുടെ പ്രദേശത്ത് നാട്ടുനടപ്പായി ചെയ്യുന്ന എന്തെങ്കിലും ഒരു കാര്യം വിവാഹത്തിൽ ഉൾപ്പെടുത്തുന്നത് ശരിയാണോ എന്നു സംശയം തോന്നുന്നുണ്ടെങ്കിൽ അതിന്റെ ഉറവിടത്തെക്കുറിച്ച് നന്നായി മനസ്സിലാക്കുകയും ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ ഒരു തീരുമാനമെടുക്കുകയും ചെയ്യുക.
13. സമ്മാനം സ്വീകരിക്കുന്ന കാര്യത്തിൽ വിവാഹം കഴിക്കാൻപോകുന്നവർക്ക് യഹോവയെ എങ്ങനെ അനുകരിക്കാം?
13 കല്യാണത്തിന് വരുന്നവർ ദമ്പതികൾക്ക് സമ്മാനം കൊടുക്കുന്ന ഒരു രീതി നിങ്ങളുടെ നാട്ടിലുണ്ടോ? വരുന്ന ഓരോരുത്തരുടെയും സാമ്പത്തികാവസ്ഥ അനുസരിച്ചായിരിക്കും എന്തു സമ്മാനം കൊടുക്കണമെന്ന് അവർ തീരുമാനിക്കുന്നത്. മറ്റുള്ളവർക്കു കൊടുക്കാൻതന്നെയാണ് ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നത്; അതു സന്തോഷം തരുന്ന ഒരു കാര്യവുമാണ്. (സുഭാ. 11:25; പ്രവൃ. 20:35) എന്നാൽ സമ്മാനം തന്നേ മതിയാകൂ എന്നൊരു തോന്നൽ നമ്മൾ ഒരിക്കലും ക്ഷണിക്കുന്നവർക്കു കൊടുക്കില്ല. അതുപോലെ ചെറിയ സമ്മാനമാണ് തരുന്നതെങ്കിൽ അതു വിലമതിക്കപ്പെടില്ല എന്ന് അവർക്കു തോന്നാനും നമ്മൾ ആഗ്രഹിക്കുന്നില്ല. ഇക്കാര്യത്തിൽ നമ്മൾ യഹോവയെ അനുകരിക്കുന്നു; ആളുകൾ അവർക്കുള്ളത് മുഴുഹൃദയത്തോടെ തരുമ്പോൾ അതിൽ നമ്മൾ സന്തോഷിക്കും.—2 കൊരി. 9:7.
പ്രശ്നങ്ങൾ ഒഴിവാക്കാം, മറികടക്കാം
14. വധൂവരന്മാർ എന്തെല്ലാം സമ്മർദങ്ങൾ നേരിട്ടേക്കാം?
14 യഹോവയെ മഹത്ത്വപ്പെടുത്തുന്ന വിവാഹം പ്ലാൻ ചെയ്യുമ്പോൾ നിങ്ങൾക്കു പല തടസ്സങ്ങളും നേരിട്ടേക്കാം. ഉദാഹരണത്തിന്, ലളിതമായൊരു വിവാഹം നടത്താൻ നിങ്ങൾക്കു ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കും. സോളമൻ ദ്വീപുകളിൽനിന്നുള്ള ചാർലി പറയുന്നു: “വിവാഹവിരുന്നിന് ആരെയൊക്കെ ക്ഷണിക്കണമെന്നു തീരുമാനിക്കാൻ ഒട്ടും എളുപ്പമായിരുന്നില്ല. ഞങ്ങൾക്കു കുറെ കൂട്ടുകാർ ഉണ്ടായിരുന്നു. ഇനി, ഞങ്ങളുടെ സംസ്കാരത്തിലാണെങ്കിൽ എല്ലാവരെയും വിളിക്കാൻ അവർ പ്രതീക്ഷിക്കുകയും ചെയ്യും.” നേരത്തേ കണ്ട തബീഥ പറയുന്നു: “ഞങ്ങളുടെ നാട്ടിൽ വിവാഹം എന്നത് പൊതുവേ വലിയ രീതിയിലുള്ള ഒരു ആഘോഷമാണ്. അതുകൊണ്ട് ഏതാണ്ട് നൂറു പേരെ മാത്രം ക്ഷണിക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത് എന്നു പറഞ്ഞപ്പോൾ അത് ഉൾക്കൊള്ളാൻ ഞങ്ങളുടെ മാതാപിതാക്കൾക്കു സമയമെടുത്തു.” ഇന്ത്യയിൽ താമസിക്കുന്ന സേറ പറയുന്നു: “ചില ആളുകൾ സമൂഹത്തിലെ തങ്ങളുടെ നിലയ്ക്കും വിലയ്ക്കും ഒരുപാട് പ്രാധാന്യം കൊടുക്കുന്നുണ്ട്. എന്റെ കസിൻസിന്റെ ഒക്കെ കല്യാണം വലിയ ആർഭാടമായിട്ടാണ് നടത്തിയത്. അതുകൊണ്ട് എന്റെ കല്യാണം അതിലും വലിയ രീതിയിൽ നടത്താനുള്ള സമ്മർദം എനിക്കുണ്ടായി.” ഇതുപോലുള്ള തടസ്സങ്ങൾ മറികടക്കാൻ നിങ്ങളെ എന്തു സഹായിക്കും?
15. വിവാഹം പ്ലാൻ ചെയ്യുമ്പോൾ പ്രാർഥിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
15 നിങ്ങളുടെ പ്ലാനുകൾ പ്രാർഥനയിൽ ഉൾപ്പെടുത്തുക. വിവാഹത്തെക്കുറിച്ച് പ്ലാൻ ചെയ്യുമ്പോൾ നിങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും നിങ്ങളുടെ വികാരങ്ങളെക്കുറിച്ചും യഹോവയോടു പ്രാർഥനയിൽ പറയുക. (ഫിലി. 4:6, 7) നല്ല തീരുമാനങ്ങളെടുക്കാനും ടെൻഷൻ ഉണ്ടാകുമ്പോൾ ശാന്തമായിരിക്കാനും ആവശ്യമുള്ളപ്പോൾ ധൈര്യം കാണിക്കാനും സഹായിക്കണേ എന്നു പ്രാർഥിക്കുക. (1 പത്രോ. 5:7) യഹോവ നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നതു കാണുമ്പോൾ യഹോവയിലുള്ള നിങ്ങളുടെ വിശ്വാസം കൂടും. മുമ്പ് കണ്ട തബീഥ പറയുന്നു: “ഞങ്ങൾക്കിടയിലോ കുടുംബാംഗങ്ങളുമായോ അഭിപ്രായവ്യത്യാസം ഉണ്ടാകുമോ എന്ന പേടി എനിക്കും എന്നെ വിവാഹം കഴിക്കാൻപോകുന്ന ആൾക്കും ഉണ്ടായിരുന്നു. അതുകൊണ്ട് പ്ലാനുകളെക്കുറിച്ച് ഓരോ തവണ ചർച്ച ചെയ്യുമ്പോഴും ഞങ്ങൾ പ്രാർഥിച്ചാണ് തുടങ്ങിയിരുന്നത്. യഹോവയുടെ സഹായം ഉണ്ടായിരുന്നതുകൊണ്ട് എല്ലാം വളരെ സമാധാനപരമായി നടന്നു.”
16-17. വിവാഹത്തെക്കുറിച്ച് പ്ലാനുകൾ ഇടുമ്പോൾ നല്ല ആശയവിനിമയം ഉണ്ടായിരിക്കുന്നത് എങ്ങനെ സഹായിക്കും?
16 കാര്യങ്ങൾ വ്യക്തമായും നയത്തോടെയും പറയുക. (സുഭാ. 15:22) വിവാഹത്തോട് ബന്ധപ്പെട്ട് നിങ്ങൾക്ക് ഒരുമിച്ച് പല തീരുമാനങ്ങളും എടുക്കേണ്ടിവരും. ഒരു തീയതി നിശ്ചയിക്കുക, ചെലവ് കണക്കുകൂട്ടുക, ക്ഷണിക്കേണ്ടവരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക അങ്ങനെ പലതും. എന്നാൽ ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് നിങ്ങളുടെ അഭിപ്രായങ്ങൾ ഒരുമിച്ചിരുന്ന് ചർച്ച ചെയ്യുകയും, സഹായിക്കുന്ന ബൈബിൾതത്ത്വങ്ങളെക്കുറിച്ച് ചിന്തിക്കുകയും, പക്വതയും അനുഭവപരിചയവും ഉള്ള ക്രിസ്ത്യാനികളിൽനിന്ന് ലഭിച്ച നിർദേശങ്ങൾ പരിഗണിക്കുകയും വേണം. നിങ്ങളുടെ വ്യക്തിപരമായ ഇഷ്ടങ്ങളെക്കുറിച്ച് പറയുമ്പോൾ ദയയും ന്യായബോധവും വഴക്കവും കാണിക്കുക. മാതാപിതാക്കൾ ഉൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങൾ ന്യായമായ ഒരു കാര്യം ആവശ്യപ്പെടുമ്പോൾ അത് മാനിക്കുക. കാരണം അവരും പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന ഒരു ദിവസമാണ് അത്. എന്നാൽ അവർ പറയുന്ന കാര്യം നിങ്ങൾക്കു ചെയ്യാൻ പറ്റാത്തതാണെങ്കിൽ അതിന്റെ കാരണം നയത്തോടെ വിശദീകരിക്കുക. (കൊലോ. 4:6) നിങ്ങളുടെ വിവാഹം യഹോവയെ മഹത്ത്വപ്പെടുത്തുന്ന, സന്തോഷകരമായ ഒരു സന്ദർഭമായിരിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്നു കുടുംബാംഗങ്ങളോടു വ്യക്തമാക്കുക.
17 നിങ്ങളുടെ തീരുമാനങ്ങൾ മാതാപിതാക്കളോടു പറയുന്നത് എളുപ്പമായിരിക്കില്ല; പ്രത്യേകിച്ച് അവർ സത്യത്തിൽ ഇല്ലാത്തവരാണെങ്കിൽ. എങ്കിലും നിങ്ങൾക്ക് അതിൽ വിജയിക്കാനാകും. ഇന്ത്യയിൽനിന്നുള്ള സന്തോഷ് സഹോദരൻ പറയുന്നു: “ഹിന്ദുമതത്തിലെ പല ആചാരങ്ങളും ഞങ്ങളുടെ വിവാഹത്തിൽ ഉൾപ്പെടുത്താൻ കുടുംബാംഗങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ഞാനും അവളും കുറെ കഷ്ടപ്പെട്ടു. എന്നാൽ അതോടൊപ്പം യഹോവയുടെ ഇഷ്ടത്തിന് വിരുദ്ധമല്ലാത്ത രീതിയിൽ ചില മാറ്റങ്ങൾ വരുത്താൻ ഞങ്ങളും തയ്യാറായി. ഉദാഹരണത്തിന്, വിവാഹവിരുന്നിൽ എന്തൊക്കെ ഭക്ഷണം വിളമ്പണം എന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ ഞങ്ങളുടെ ഇഷ്ടം മാറ്റിവെച്ച് അവരുടെ ഇഷ്ടത്തിനു ഞങ്ങൾ പ്രാധാന്യം കൊടുത്തു. ഇനി പരിപാടിയുടെ സമയത്ത് പാട്ടും ഡാൻസും ഒന്നും വേണ്ടെന്നുവെച്ചു. കാരണം അത് അവർക്ക് ഒട്ടും പരിചയമുള്ള ഒരു രീതിയായിരുന്നില്ല.”
18. വിവാഹദിവസത്തെ പരിപാടികൾ നന്നായി നടക്കുമെന്ന് ഉറപ്പുവരുത്താൻ നിങ്ങൾക്ക് എന്തു ചെയ്യാം? (1 കൊരിന്ത്യർ 14:40) (ചിത്രവും കാണുക.)
18 ശ്രദ്ധയോടെ പ്ലാൻ ചെയ്യുക. കാര്യങ്ങളെല്ലാം നന്നായി പ്ലാൻ ചെയ്യുന്നെങ്കിൽ കല്യാണദിവസം നിങ്ങൾക്കു ടെൻഷൻ കുറവായിരിക്കും. (1 കൊരിന്ത്യർ 14:40 വായിക്കുക.) തായ്വാനിൽനിന്നുള്ള വെയ്ൻ പറയുന്നു: “കല്യാണത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് പരിപാടികളിൽ സഹായിക്കാനായി മുന്നോട്ടു വന്നവരോടൊപ്പം ഞങ്ങൾ ഒരു മീറ്റിങ്ങ് നടത്തി. വിവാഹദിവസത്തെ ക്രമീകരണങ്ങളെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യുകയും കാര്യങ്ങളെല്ലാം നന്നായി നടക്കാൻ ചില ഭാഗങ്ങളുടെ റിഹേഴ്സൽ നോക്കുകയും ചെയ്തു.” പരിപാടികളെല്ലാം കൃത്യസമയത്തുതന്നെ നടത്താൻ ശ്രമിക്കുന്നത് അതിഥികളോടുള്ള ആദരവായിരിക്കും.
വിവാഹത്തിന് മുമ്പുള്ള നല്ല പ്ലാനിങ്, കാര്യങ്ങളെല്ലാം നന്നായി നടക്കുമെന്ന് ഉറപ്പുവരുത്താൻ സഹായിക്കും (18-ാം ഖണ്ഡിക കാണുക)
19. വിവാഹവിരുന്നിന്റെ സമയത്ത് നടക്കുന്ന കാര്യങ്ങളുടെമേൽ നിങ്ങൾക്കു നിയന്ത്രണമുണ്ടെന്ന് ഉറപ്പുവരുത്താൻ എന്തു ചെയ്യാനാകും?
19 ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് മുൻകൂട്ടി ചിന്തിക്കുന്നത് അവ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും. (സുഭാ. 22:3) ഉദാഹരണത്തിന്, നിങ്ങൾ താമസിക്കുന്നിടത്ത് വിവാഹവിരുന്നിന് ക്ഷണിക്കാത്ത അതിഥികൾ വരുന്ന ഒരു രീതിയുണ്ടെങ്കിൽ അത് സംഭവിക്കാതിരിക്കാൻ എന്തു ചെയ്യാനാകുമെന്നു ചിന്തിക്കുക. കൂടാതെ, സത്യത്തിലില്ലാത്ത ബന്ധുക്കളോട് നമ്മുടെ വിവാഹം എങ്ങനെയായിരിക്കുമെന്നും ചില വിവാഹ ആചാരങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണെന്നും മുൻകൂട്ടിപ്പറയുക. jw.org-ലുള്ള “യഹോവയുടെ സാക്ഷികളുടെ വിവാഹം എങ്ങനെയാണ്?” എന്ന ലേഖനം അവർക്കു കാണിച്ച് കൊടുക്കുക. ഇനി വിവാഹവിരുന്നിന്റെ സമയത്ത് നടക്കുന്ന പരിപാടികൾ നമ്മുടെ നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്താൻ, പക്വതയുള്ള ഒരു സഹോദരനെ ‘വിരുന്നുനടത്തിപ്പുകാരനായി’ നിയമിക്കാനാകും. (യോഹ. 2:8) വിവാഹത്തെക്കുറിച്ചുള്ള നിങ്ങളുടെ പ്ലാനുകൾ അദ്ദേഹത്തിനു വ്യക്തമായി പറഞ്ഞുകൊടുക്കുന്നെങ്കിൽ പരിപാടികൾ മാന്യമായും പ്ലാൻ ചെയ്തതുപോലെയും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അദ്ദേഹത്തിനു നിങ്ങളെ സഹായിക്കാനാകും.
20. വിവാഹദിവസത്തെക്കുറിച്ച് വധൂവരന്മാർ എന്ത് ഓർക്കണം?
20 വിവാഹത്തോട് ബന്ധപ്പെട്ട് ഒരുപാട് പ്ലാൻ ചെയ്യാനുള്ളതുകൊണ്ട് നിങ്ങൾക്കു തല പുകയുന്നുണ്ടാകും. എന്നാൽ ഇത് ഒരൊറ്റ ദിവസത്തെ കാര്യമാണെന്ന് ഓർക്കുക. ഒരുമിച്ച് യഹോവയെ സേവിച്ചുകൊണ്ടുള്ള മനോഹരമായ ഒരു ജീവിതത്തിന്റെ തുടക്കം മാത്രമാണ് അത്. മാന്യവും ലളിതവും ആയ ഒരു വിവാഹം നടത്താൻ പരമാവധി ശ്രമിക്കുക. യഹോവയിൽ ആശ്രയിക്കുക. പിന്തിരിഞ്ഞ് നോക്കുമ്പോൾ ഖേദം തോന്നാത്ത, സന്തോഷവും നല്ല ഓർമകളും മാത്രം നിറഞ്ഞ ഒരു വിവാഹദിനം പ്ലാൻ ചെയ്യാൻ യഹോവയുടെ സഹായത്താൽ നിങ്ങൾക്കു കഴിയും.—സങ്കീ. 37:3, 4.
ഗീതം 107 സ്നേഹത്തിന്റെ ദിവ്യമാതൃക
a പദപ്രയോഗത്തിന്റെ വിശദീകരണം: പല സംസ്കാരങ്ങളിലും വിവാഹം എന്നത് വധൂവരന്മാർ ദൈവമുമ്പാകെ ഒരു പ്രതിജ്ഞ പറയുന്ന ചടങ്ങ് ഉൾപ്പെടുന്നതാണ്. തുടർന്ന് ഒരു വിവാഹവിരുന്നും ചിലർ ക്രമീകരിച്ചേക്കാം. എന്നാൽ ഇത്തരം ഔദ്യോഗികമായ പരിപാടികളോ വിവാഹവിരുന്നോ ഒന്നുമില്ലാത്ത സംസ്കാരങ്ങളിലെ വധൂവരന്മാരും, അവരുടെ വിവാഹദിവസത്തിൽ പ്രയോജനം ചെയ്യുന്ന ബൈബിൾതത്ത്വങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ്.
b വിവാഹത്തോട് ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളോടുള്ള ക്രിസ്ത്യാനികളുടെ വീക്ഷണത്തെക്കുറിച്ച് കൂടുതൽ അറിയാൻ 2006 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരത്തിലെ “ദൈവത്തിന്റെയും മനുഷ്യന്റെയും ദൃഷ്ടിയിൽ ആദരണീയമായ വിവാഹങ്ങൾ” എന്ന ലേഖനം കാണുക.
c ഞാൻ മദ്യം വിളമ്പണോ? എന്ന വീഡിയോ jw.org-ൽ കാണുക.