പ്രായമുള്ളവരേ, നിങ്ങൾ സഭയ്ക്ക് ഒരു സ്വത്താണ്
“എന്റെ നല്ല പ്രായത്തിൽ എനിക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്യാനായി എന്ന് ഓർക്കുമ്പോൾ എനിക്കുതന്നെ അതിശയം തോന്നാറുണ്ട്. എന്നാൽ ഇപ്പോൾ പ്രായമായതുകൊണ്ട് പണ്ടത്തെപ്പോലെയൊന്നും പറ്റുന്നില്ല.”—കോനി, 83 വയസ്സ്.
ഒരുപക്ഷേ നിങ്ങൾക്കും മുമ്പ് ചെയ്തിരുന്ന അത്രയൊന്നും ഇപ്പോൾ ചെയ്യാൻ പറ്റുന്നില്ലായിരിക്കും. നിങ്ങൾ വർഷങ്ങളായി യഹോവയെ വിശ്വസ്തമായി സേവിക്കുന്നവരാണെന്നു നിങ്ങൾക്ക് അറിയാമെങ്കിലും ഇപ്പോൾ പണ്ടത്തെ അത്ര ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നു ചിന്തിച്ച് തുടങ്ങിയാൽ നിരുത്സാഹം തോന്നിയേക്കാം. നിങ്ങളുടെ സാഹചര്യം ഇതാണെങ്കിൽ സന്തോഷം നിലനിറുത്താൻ എങ്ങനെ കഴിയും?
യഹോവ നിങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നത്
നിങ്ങളോടുതന്നെ ചോദിക്കുക, ‘യഹോവ എന്നിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നത്?’ ആവർത്തനം 6:5-ലെ വാക്കുകൾ നിങ്ങളെ ആശ്വസിപ്പിക്കുന്നതാണ്. അവിടെ ഇങ്ങനെ പറയുന്നു: “നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുശക്തിയോടും കൂടെ സ്നേഹിക്കണം.”
ഈ വാക്യത്തിൽ കാണുന്നതുപോലെ നിങ്ങൾ നിങ്ങളുടെ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുശക്തിയോടും കൂടെ, തന്നെ സേവിക്കാനാണ് യഹോവ പ്രതീക്ഷിക്കുന്നത്. ഈ കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നത്, നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കാനും നിങ്ങൾ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളെ മുമ്പു ചെയ്തിരുന്ന കാര്യങ്ങളുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കാനും സഹായിക്കും.
ഇങ്ങനെയൊന്നു ചിന്തിക്കുക: ചെറുപ്പമായിരുന്നപ്പോൾ നിങ്ങൾ നിങ്ങളുടെ പരമാവധി യഹോവയ്ക്കു കൊടുത്തിട്ടുണ്ടാകും. അന്നത്തെ സാഹചര്യത്തിൽ നിങ്ങളുടെ പരമാവധി നിങ്ങൾ ചെയ്തു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിലും നിങ്ങൾ യഹോവയ്ക്കു കൊടുക്കുന്നതു നിങ്ങളുടെ ഏറ്റവും നല്ലതുതന്നെയായിരിക്കും. അങ്ങനെ ചിന്തിക്കുമ്പോൾ ഒരു കാര്യം മനസ്സിലാകും: നിങ്ങൾ മുമ്പ് യഹോവയ്ക്കു കൊടുത്തതുതന്നെയാണ് ഇപ്പോഴും കൊടുക്കുന്നത്. അന്നു നിങ്ങളുടെ പരമാവധി നിങ്ങൾ കൊടുത്തു; ഇന്നും നിങ്ങളുടെ പരമാവധി നിങ്ങൾ കൊടുക്കുന്നു.
ചെറുപ്പമായിരുന്നപ്പോൾ നിങ്ങൾ യഹോവയ്ക്കു പരമാവധി കൊടുത്തു, ഇപ്പോൾ പ്രായമായപ്പോഴും നിങ്ങൾ യഹോവയ്ക്കു പരമാവധി കൊടുക്കുന്നു
നിങ്ങൾക്കു മറ്റുള്ളവരെ സഹായിക്കാനാകും
നമുക്കു ചിന്തിക്കാനാകുന്ന വേറൊരു കാര്യം നോക്കാം. നിങ്ങളുടെ പ്രായത്തെ ഒരു പരിമിതിയായി കാണുന്നതിനു പകരം അതിനെ ഒരു അവസരമായി കാണുക. ചെറുപ്പത്തിൽ നിങ്ങൾക്കു ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളും ഒരു പ്രായമായ വ്യക്തി എന്ന നിലയിൽ ഇപ്പോൾ നിങ്ങൾക്കു ചെയ്യാൻ പറ്റും. അതിന് ഒരു ഉദാഹരണം നോക്കാം:
നിങ്ങളുടെ ജീവിതാനുഭവങ്ങൾ മറ്റുള്ളവരോടു പറയുക. പിൻവരുന്ന വാക്യങ്ങളിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാം:
ദാവീദ് രാജാവ്: “ഞാൻ ഒരിക്കൽ ചെറുപ്പമായിരുന്നു, ഇപ്പോഴോ പ്രായം ചെന്നിരിക്കുന്നു; എന്നാൽ, ഒരു നീതിമാൻപോലും ഉപേക്ഷിക്കപ്പെട്ടതായോ അവന്റെ മക്കൾ ആഹാരം ഇരക്കുന്നതായോ ഇതുവരെ കണ്ടിട്ടില്ല.”—സങ്കീ. 37:25.
യോശുവ: “ഇപ്പോൾ ഇതാ, ഞാൻ മരിക്കാറായി. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്ന എല്ലാ നല്ല വാഗ്ദാനങ്ങളിലെയും ഒറ്റ വാക്കുപോലും നിറവേറാതിരുന്നിട്ടില്ല എന്ന കാര്യം നിങ്ങൾക്കു നന്നായി അറിയാമല്ലോ. അവയെല്ലാം നിങ്ങളുടെ കാര്യത്തിൽ അങ്ങനെതന്നെ സംഭവിച്ചു, ഒന്നും നിറവേറാതിരുന്നിട്ടില്ല.”—യോശു. 23:14.
നിങ്ങളും ചിലപ്പോൾ ഇതുപോലുള്ള വാക്കുകൾ ചെറുപ്പത്തിൽ പറഞ്ഞിട്ടുണ്ടാകും. എന്നാൽ ദാവീദും യോശുവയും പറഞ്ഞ വാക്കുകൾക്കു കൂടുതൽ വിലയുണ്ട്. കാരണം അനേകം വർഷങ്ങളിലെ സ്വന്തം ജീവിതാനുഭവങ്ങളിൽനിന്നാണ് അവർ അതു പറഞ്ഞത്.
നിങ്ങൾ യഹോവയെ ഒരുപാടു കാലമായി സേവിക്കുന്നവരാണെങ്കിൽ അതിൽനിന്ന് കിട്ടിയ അനുഗ്രഹങ്ങളെക്കുറിച്ച് നിങ്ങൾക്കും പറയാനാകും. യഹോവ തന്റെ ദാസരെ ഏതെങ്കിലും പ്രത്യേകവിധത്തിൽ സഹായിച്ചതിനെക്കുറിച്ചുള്ള എന്തെങ്കിലും ഓർമകൾ നിങ്ങളുടെ മനസ്സിലുണ്ടോ? അതു മറ്റുള്ളവരോടു പറയുക. അത് അവർക്കു വലിയൊരു പ്രോത്സാഹനമായിരിക്കും, നിങ്ങൾക്കും അതു സന്തോഷം തരും.—റോമ. 1:11, 12.
മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനാകുന്ന വേറൊരു വിധം, സാധിക്കുന്നിടത്തോളം നേരിട്ടു മീറ്റിങ്ങിനു പോകുന്നതാണ്. അതു നിങ്ങൾക്കും സഹോദരങ്ങൾക്കും പ്രയോജനം ചെയ്യും. മുമ്പ് കണ്ട കോനി പറയുന്നു: “നിരാശപ്പെട്ടുപോകാതിരിക്കാൻ മീറ്റിങ്ങുകൾക്കു പോകുന്നത് എന്നെ സഹായിക്കുന്നു. രാജ്യഹാളിൽ ചെല്ലുമ്പോൾ സഹോദരങ്ങൾ എന്നെ സ്നേഹംകൊണ്ട് പൊതിയും. പിന്നെ ഞാൻ എങ്ങനെ സങ്കടപ്പെട്ടിരിക്കാനാണ്? ചെറിയ സമ്മാനങ്ങൾ കൊടുത്തുകൊണ്ട് ഞാൻ അവരോടുള്ള വിലമതിപ്പു കാണിക്കാറുണ്ട്. അതുപോലെ എന്റെ സഹോദരങ്ങളോടൊപ്പം ആത്മീയപ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നുണ്ടെന്നും ഞാൻ ഉറപ്പുവരുത്തുന്നു.”
നിങ്ങളുടെ വിശ്വസ്തസേവനം യഹോവ വിലമതിക്കുന്നു
നിങ്ങൾക്കു പ്രോത്സാഹനം പകരുന്ന അനേകരുടെ അനുഭവങ്ങൾ ബൈബിളിലുണ്ട്. സാഹചര്യങ്ങൾ കാരണം പണ്ടത്തെ അത്രയും ചെയ്യാൻ പറ്റുന്നില്ലായിരുന്നെങ്കിലും യഹോവ അവരെ സ്നേഹിച്ചു. അതിൽ ഒരാളായിരുന്നു ശിമെയോൻ. യേശു ജനിച്ച സമയത്ത് ജീവിച്ചിരുന്ന പ്രായമുള്ള ഒരു ഇസ്രായേല്യനാണ് അദ്ദേഹം. ശിമെയോൻ ആലയത്തിൽ പോകുമ്പോൾ ചെറുപ്പക്കാരായ ആളുകൾ അവിടത്തെ പ്രധാനപ്പെട്ട പല ജോലികളും ചെയ്യുന്നത് അദ്ദേഹം കണ്ടിട്ടുണ്ടാകും. എന്നാൽ അവരുടെ അത്രയൊന്നും ചെയ്യാൻ പറ്റാത്തതുകൊണ്ട് യഹോവയ്ക്ക് ഇനി തന്നെക്കൊണ്ട് വലിയ ഉപയോഗമില്ലെന്നു ശിമെയോൻ ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ യഹോവ അദ്ദേഹത്തെ കണ്ടത് അങ്ങനെയല്ല. ശിമെയോനെ “നീതിമാനും ദൈവഭക്തനും” ആയി യഹോവ കണ്ടു. കുഞ്ഞായിരുന്ന യേശുവിനെ കാണാനുള്ള പദവി കൊടുക്കുകയും ഭാവിമിശിഹയെക്കുറിച്ചുള്ള ഒരു പ്രവചനം നടത്താൻ അദ്ദേഹത്തെ ഉപയോഗിക്കുകയും ചെയ്തുകൊണ്ട് യഹോവ ശിമെയോനെ അനുഗ്രഹിച്ചു. (ലൂക്കോ. 2:25-35) അതെ, ശിമെയോന്റെ ചുളിവുകൾ വന്ന ശരീരമല്ല യഹോവ കണ്ടത്; പകരം അദ്ദേഹത്തിന്റെ ശക്തമായ വിശ്വാസമാണ്. “പരിശുദ്ധാത്മാവ് ശിമെയോന്റെ മേലുണ്ടായിരുന്നു.”
കുഞ്ഞായിരുന്ന യേശുവിനെ കാണാനും ഭാവിമിശിഹയെക്കുറിച്ച് ഒരു പ്രവചനം നടത്താനും ഉള്ള പദവി കൊടുത്തുകൊണ്ട് യഹോവ ശിമെയോനെ അനുഗ്രഹിച്ചു
അതുകൊണ്ട് പരിമിതികളുണ്ടെങ്കിലും നിങ്ങൾ യഹോവയെ വിശ്വസ്തമായി സേവിക്കുന്നതു കാണുമ്പോൾ യഹോവ അതു മൂല്യമുള്ളതായി കാണുമെന്ന് ഉറപ്പുണ്ടായിരിക്കാം. ‘ഒരാൾ തന്റെ കഴിവിന് അപ്പുറമല്ല, കഴിവനുസരിച്ച് കൊടുക്കുന്നതാണ്’ യഹോവയ്ക്കു കൂടുതൽ സ്വീകാര്യം.—2 കൊരി. 8:12.
ഇതു മനസ്സിൽപ്പിടിച്ചുകൊണ്ട് നിങ്ങൾക്കു ചെയ്യാനാകുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ഉദാഹരണത്തിന്, കുറച്ച് സമയത്തേക്കാണെങ്കിലും ശുശ്രൂഷയുടെ ഏതെല്ലാം മേഖലകളിൽ നിങ്ങൾക്ക് ഇപ്പോഴും പ്രവർത്തിക്കാനാകും? ഒന്നു ഫോൺ വിളിച്ചുകൊണ്ടോ ഒരു കാർഡ് അയച്ചുകൊണ്ടോ നിങ്ങൾക്കു മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനാകുമോ? സ്നേഹത്തോടെ ചെയ്യുന്ന ഇത്തരം ചെറിയ കാര്യങ്ങൾപോലും സഹോദരങ്ങളെ വളരെയധികം സ്വാധീനിക്കും, പ്രത്യേകിച്ച് വർഷങ്ങളായി യഹോവയെ സേവിക്കുന്ന നിങ്ങളെപ്പോലെ ഒരാൾ അങ്ങനെ ചെയ്യുമ്പോൾ.
ശാരീരിക പരിമിതികൾ ഉണ്ടെങ്കിലും യഹോവയ്ക്കുവേണ്ടി നിങ്ങൾക്ക് ഒരുപാടു കാര്യങ്ങൾ ചെയ്യാനാകും. “അത് അവളുടെ ജീവൻ രക്ഷിച്ചു” എന്ന ചതുരത്തിലെ, കിഴക്കൻ ആഫ്രിക്കയിൽനിന്നുള്ള ഒരു അനുഭവം കാണുക.
വർഷങ്ങളായുള്ള നിങ്ങളുടെ വിശ്വസ്ത ജീവിതവും ഇപ്പോൾ നിങ്ങൾ കാണിക്കുന്ന വിശ്വസ്തതയും മറ്റുള്ളവരെ വളരെയേറെ പ്രോത്സാഹിപ്പിക്കും. ഇക്കാലമത്രയും നിങ്ങൾ സഹിച്ചുനിന്നത് എല്ലാവർക്കും ഒരു മാതൃകയാണ്. അതുപോലെ “വിശുദ്ധരെ ശുശ്രൂഷിച്ചതിലൂടെയും ഇപ്പോഴും അവരെ ശുശ്രൂഷിക്കുന്നതിലൂടെയും നിങ്ങൾ ദൈവനാമത്തോടു കാണിക്കുന്ന സ്നേഹവും നിങ്ങൾ ചെയ്യുന്ന സേവനവും മറന്നുകളയാൻ ദൈവം അനീതിയുള്ളവനല്ല” എന്ന കാര്യത്തിൽ നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാം.—എബ്രാ. 6:10.
എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുക
മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുന്ന, പ്രായമുള്ള പലർക്കും കുറെക്കൂടെ ആരോഗ്യമുള്ളതായും നന്നായി ചിന്തിക്കാൻ പറ്റുന്നതായും കൂടുതൽ ആയുസ്സുള്ളതായും പഠനങ്ങൾ കാണിക്കുന്നു.
മറ്റുള്ളവർക്കു നന്മ ചെയ്യുന്നതു പ്രായാധിക്യത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും ഇല്ലാതാക്കില്ല എന്നു നമുക്ക് അറിയാം. കാരണം അതു സാധ്യമാകണമെങ്കിൽ പ്രായമാകുന്നതിന്റെയും മരിക്കുന്നതിന്റെയും യഥാർഥകാരണത്തെ, അഥവാ പാപാവസ്ഥയെ നമ്മളിൽനിന്ന് നീക്കിക്കളയേണ്ടതുണ്ട്. (റോമ. 5:12) ദൈവരാജ്യത്തിനു മാത്രമേ അതിനു കഴിയൂ.
എങ്കിലും ദൈവത്തെക്കുറിച്ച് അറിയാൻ മറ്റുള്ളവരെ സഹായിക്കുന്നത് ഉൾപ്പെടെ യഹോവയ്ക്കുവേണ്ടി നിങ്ങൾ ചെയ്യുന്നതെല്ലാം നിങ്ങൾക്കുതന്നെ പ്രയോജനം ചെയ്യും. അതു നിങ്ങളുടെ പ്രത്യാശ ശക്തമാക്കിനിറുത്തും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകപോലും ചെയ്തേക്കാം. അതുകൊണ്ട് പ്രായമായവരേ, നിങ്ങൾ ദൈവസേവനത്തിൽ ചെയ്യുന്ന കാര്യങ്ങളെല്ലാം യഹോവ വിലയേറിയതായി കാണുന്നെന്നും നിങ്ങളുടെ വിശ്വാസത്തിന്റെ മാതൃക സഭയ്ക്ക് ഒരു നിധിയാണെന്നും എപ്പോഴും ഓർക്കുക.