പഠനലേഖനം 49
ഗീതം 44 എളിയവന്റെ പ്രാർഥന
ഇയ്യോബിന്റെ പുസ്തകം ഉപദേശം കൊടുക്കുമ്പോൾ നിങ്ങളെ സഹായിക്കും
“അതുകൊണ്ട് ഇയ്യോബേ, എന്റെ വാക്കുകൾ ശ്രദ്ധിക്കുക.”—ഇയ്യോ. 33:1.
ഉദ്ദേശ്യം
നല്ല രീതിയിൽ ഉപദേശം കൊടുക്കാൻ ഇയ്യോബിന്റെ പുസ്തകം നമ്മളെ എങ്ങനെയാണ് സഹായിക്കുന്നതെന്ന് നോക്കാം.
1-2. ഇയ്യോബിന്റെ മൂന്നു കൂട്ടുകാരും എലീഹുവും ഏത് പ്രശ്നത്തെ നേരിട്ടു?
ഞെട്ടിക്കുന്ന ആ വാർത്ത ആ ദേശത്തെങ്ങും കാട്ടുതീപോലെ പടർന്നു: സമ്പദ്സമൃദ്ധിയിൽ കഴിഞ്ഞിരുന്ന ഇയ്യോബിന് ഇപ്പോൾ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു! ഈ വാർത്ത കേട്ട് ഇയ്യോബിന്റെ മൂന്നു കൂട്ടുകാരായ എലീഫസും ബിൽദാദും സോഫരും അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി ഊസ് ദേശത്തേക്കു വരുകയാണ്. എന്നാൽ അവർ അവിടെ എത്തിയപ്പോൾ കണ്ട കാഴ്ചകൾ പ്രതീക്ഷിച്ചതിലും കഷ്ടമായിരുന്നു!
2 ഇയ്യോബിന് തനിക്കുള്ളതെല്ലാംതന്നെ നഷ്ടപ്പെട്ടു. ഉണ്ടായിരുന്ന വലിയ കൂട്ടം ആടുമാടുകളും ഒട്ടകങ്ങളും കഴുതകളും ഒക്കെ പോയി. ഇയ്യോബിന്റെ മക്കളും ദാസന്മാരിൽ മിക്കവരും കൊല്ലപ്പെട്ടു. മക്കളുടെ ജീവൻ അപഹരിച്ച വീട് തകർന്നുകിടക്കുന്നു. ഇതെല്ലാം പോരാഞ്ഞിട്ട് ഇയ്യോബിന് ഇപ്പോൾ ഗുരുതരമായ ഒരു രോഗവും വന്നു. അദ്ദേഹത്തിന്റെ ശരീരം മുഴുവൻ വേദനിപ്പിക്കുന്ന പരുക്കളാണ്. കടുത്ത നിരാശയിൽ, ചാരത്തിൽ ഇരിക്കുന്ന ഇയ്യോബിനെ ആ മൂന്നു കൂട്ടുകാർ ദൂരെനിന്ന് കണ്ടു. അവർ എങ്ങനെയാണ് പ്രതികരിച്ചത്? വേദനയാൽ പുളയുന്ന ഇയ്യോബിനോട്, നീണ്ട ഏഴു ദിവസത്തേക്ക് അവർ ഒന്നും സംസാരിച്ചില്ല. (ഇയ്യോ. 2:12, 13) അതിനിടയിൽ എപ്പോഴോ ചെറുപ്പക്കാരനായ എലീഹുവും അവരുടെ അടുത്തായി വന്നിരിക്കുന്നു. അവസാനം, നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഇയ്യോബ് സംസാരിച്ചുതുടങ്ങി. അദ്ദേഹം താൻ ജനിച്ച ദിവസത്തെ ശപിക്കുകയും മരിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. (ഇയ്യോ. 3:1-3, 11) ഇയ്യോബിന് ശരിക്കും പ്രോത്സാഹനം ആവശ്യമായിരുന്നു. വന്നിരിക്കുന്ന ആ പുരുഷന്മാർ ഇയ്യോബിനോട് എന്തു പറയും, എങ്ങനെ പറയും എന്നത് അവർ ഇയ്യോബിന്റെ നല്ല സുഹൃത്തുക്കളാണോ എന്നും അവർക്ക് അദ്ദേഹത്തിന്റെ കാര്യത്തിൽ ആത്മാർഥതാത്പര്യമുണ്ടോ എന്നും തെളിയിക്കുമായിരുന്നു.
3. ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
3 ഇയ്യോബിന്റെ മൂന്നു കൂട്ടുകാരും എലീഹുവും പറഞ്ഞതും ചെയ്തതും ആയ കാര്യങ്ങൾ യഹോവ മോശയിലൂടെ എഴുതിവെച്ചു. നമുക്കറിയാവുന്നതുപോലെ എലീഹു പറഞ്ഞ കാര്യങ്ങൾ യഹോവയിൽനിന്നുള്ളതായിരുന്നു. എന്നാൽ എലീഫസ് പറഞ്ഞ ചില കാര്യങ്ങൾ, സാധ്യതയനുസരിച്ച് ഒരു ദുഷ്ട ആത്മവ്യക്തി പറഞ്ഞുകൊടുത്തതായിരിക്കണം. (ഇയ്യോ. 4:12-16; 33:24, 25) അതുകൊണ്ടാണ് ഇയ്യോബിന്റെ പുസ്തകത്തിൽ, ഏറ്റവും നല്ല ചില ഉപദേശങ്ങളും ഏറ്റവും മോശമായ ചില ഉപദേശങ്ങളും കാണാനാകുന്നത്. ഒരാൾക്ക് ഉപദേശം കൊടുക്കേണ്ടിവരുമ്പോൾ അത് ഏറ്റവും നന്നായി എങ്ങനെ ചെയ്യാമെന്ന് ഈ പുസ്തകത്തിൽനിന്ന് നമുക്കു പഠിക്കാനാകും. ആദ്യം, ഇയ്യോബിന്റെ മൂന്നു കൂട്ടുകാരുടെ മോശം മാതൃകകളെക്കുറിച്ച് നോക്കാം. എന്നിട്ട് എലീഹുവിന്റെ നല്ല മാതൃകയെക്കുറിച്ച് ചർച്ച ചെയ്യാം. ഓരോന്നിൽനിന്നുമുള്ള പാഠങ്ങൾ ഇസ്രായേല്യർക്ക് എങ്ങനെ പ്രയോജനം ചെയ്തുകാണുമെന്നും അത് ഇന്ന് നമുക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നും നമ്മൾ നോക്കും.
മൂന്നു കൂട്ടുകാരുടെ ഉപദേശം
4. ഇയ്യോബിന്റെ മൂന്നു കൂട്ടുകാർക്ക് അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ കഴിയാതെപോയത് എന്തുകൊണ്ട്? (ചിത്രവും കാണുക.)
4 ഇയ്യോബിനുണ്ടായ ദുരന്തങ്ങളെക്കുറിച്ച് കേട്ടപ്പോൾ ഇയ്യോബിനെ കണ്ട് “ദുഃഖം അറിയിക്കാനും ആശ്വസിപ്പിക്കാനും” ആണ് ആ മൂന്നു കൂട്ടുകാർ ചെന്നതെന്നു ബൈബിൾ പറയുന്നു. (ഇയ്യോ. 2:11) എന്നാൽ അവർക്ക് അതിനു കഴിഞ്ഞില്ല. എന്തുകൊണ്ട്? കുറഞ്ഞത് മൂന്നു കാരണങ്ങളുണ്ട്. ഒന്നാമതായി, അവർ എടുത്തുചാടി തെറ്റായ നിഗമനങ്ങളിൽ എത്തി. ഉദാഹരണത്തിന്, ഇയ്യോബ് ചെയ്ത തെറ്റുകളുടെ ശിക്ഷയായിട്ടാണ് അദ്ദേഹം ദുരിതങ്ങൾ അനുഭവിക്കുന്നതെന്ന് അവർ തെറ്റിദ്ധരിച്ചു.a (ഇയ്യോ. 4:7; 11:14) രണ്ടാമതായി, അവർ കൊടുത്ത ചില ഉപദേശങ്ങൾ ജ്ഞാനമുള്ളതായി തോന്നാമെങ്കിലും അതിൽ മിക്കതും ഇയ്യോബിനെ സഹായിക്കുന്നവ ആയിരുന്നില്ല. (ഇയ്യോ. 13:12) ഇയ്യോബിനെ വേദനിപ്പിക്കുന്ന, ദയയില്ലാത്ത വാക്കുകളും അവർ പറഞ്ഞു. ഉദാഹരണത്തിന്, ഇയ്യോബ് ആവശ്യത്തിലേറെ സംസാരിച്ചതായി ബിൽദാദ് രണ്ടു തവണ പറയുന്നുണ്ട്. (ഇയ്യോ. 8:2; 18:2) ചില സമയത്ത് അവരുടെ സംസാരം വളരെ ക്രൂരവുമായിരുന്നു. ഉദാഹരണത്തിന്, ഇയ്യോബ് ഒരു ‘വിഡ്ഢിയാണെന്ന്’ സോഫർ സൂചിപ്പിച്ചു. (ഇയ്യോ. 11:12) മൂന്നാമതായി, അവർ ഇയ്യോബിനു നേരെ ശബ്ദം ഉയർത്തിയില്ലെങ്കിലും അവർ സംസാരിച്ച രീതി മിക്കപ്പോഴും താഴ്ത്തിക്കെട്ടുന്നതും പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നതും ആയിരുന്നു. (ഇയ്യോ. 15:7-11) ശരിക്കും പറഞ്ഞാൽ ഇയ്യോബിനെ ആശ്വസിപ്പിക്കാനോ അദ്ദേഹത്തിന്റെ വിശ്വാസം ശക്തിപ്പെടുത്താനോ ശ്രമിക്കുന്നതിനെക്കാൾ ഇയ്യോബ് ഒരു തെറ്റുകാരനാണെന്ന് തെളിയിക്കാനാണ് അവർ ശ്രമിച്ചുകൊണ്ടിരുന്നത്.
ഒരു ഉപദേശം കൊടുക്കുമ്പോൾ തരംതാഴ്ത്തുന്ന രീതിയിലുള്ള സംസാരം ഒഴിവാക്കുക; സഹായിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം (4-ാം ഖണ്ഡിക കാണുക)
5. ഇയ്യോബിന്റെ മൂന്നു കൂട്ടുകാർ നൽകിയ ഉപദേശം എന്തു ഫലമാണുണ്ടാക്കിയത്?
5 എലീഫസും ബിൽദാദും സോഫരും സംസാരിച്ച് കഴിഞ്ഞപ്പോൾ ഇയ്യോബ് മുമ്പത്തേതിലും തകർന്നുപോയി. (ഇയ്യോ. 19:2) സ്വന്തം ഭാഗം ന്യായീകരിക്കാൻ ഇയ്യോബ് ശ്രമിച്ചുപോയതിൽ അത്ഭുതമില്ല. ശരിയായ രീതിയിൽ ചിന്തിക്കാനും സംസാരിക്കാനും അദ്ദേഹത്തിന് പറ്റാതെപോയത് അതുകൊണ്ടാണ്. (ഇയ്യോ. 6:3, 26) ഇയ്യോബിന്റെ മൂന്നു സുഹൃത്തുക്കൾ പറഞ്ഞ കാര്യങ്ങളൊന്നും യഹോവയുടെ ചിന്തകൾക്ക് ചേർച്ചയിലുള്ളതായിരുന്നില്ല. അവർ ഇയ്യോബിനോട് അനുകമ്പ കാണിക്കുകയും ചെയ്തില്ല. അങ്ങനെ അവർപോലും അറിയാതെ അവർ സാത്താന്റെ കൈകളിലെ ഉപകരണങ്ങളായിത്തീർന്നു. (ഇയ്യോ. 2:4, 6) ഈ വിവരണം മുൻകാലങ്ങളിലുള്ളവർക്ക് എങ്ങനെ പ്രയോജനം ചെയ്യുമായിരുന്നു? ഇന്ന് നമുക്ക് അത് എങ്ങനെ പ്രയോജനം ചെയ്യും?
6. ഇയ്യോബിന്റെ മൂന്നു കൂട്ടുകാരുടെ മോശം മാതൃകയിൽനിന്ന് ഇസ്രായേലിലെ മൂപ്പന്മാർക്ക് എന്തു പഠിക്കാനാകുമായിരുന്നു?
6 ഇസ്രായേല്യർക്ക് എങ്ങനെ പ്രയോജനം ചെയ്തുകാണും? ഇസ്രായേല്യർക്കു നിയമങ്ങൾ കൊടുത്തശേഷം അതിനു ചേർച്ചയിൽ ജനത്തെ ന്യായംവിധിക്കാൻ യഹോവ യോഗ്യരായ പുരുഷന്മാരെ അഥവാ മൂപ്പന്മാരെ നിയമിച്ചു. (ആവ. 1:15-18; 27:1) ഈ പുരുഷന്മാർ ഒരു ഉപദേശമോ ന്യായവിധിയോ പറയുന്നതിനു മുമ്പ് ആളുകൾക്കു പറയാനുള്ളതു ശ്രദ്ധിച്ച് കേൾക്കണമായിരുന്നു. (2 ദിന. 19:6) അതുപോലെ തങ്ങൾക്ക് എല്ലാ വസ്തുതകളും അറിയാമെന്ന് ചിന്തിക്കുന്നതിനു പകരം അവർ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കണമായിരുന്നു. (ആവ. 19:18) തങ്ങളുടെ അടുത്ത് സഹായത്തിനായി വരുന്നവരോട് അവർ ദയയില്ലാതെ സംസാരിക്കാനും പാടില്ലായിരുന്നു. കാരണം അങ്ങനെ പരുഷമായി ഇടപെട്ടാൽ ഹൃദയംതുറന്ന് സംസാരിക്കാൻ ആളുകൾക്ക് പറ്റാതെ വരും. (പുറ. 22:22-24) ഇയ്യോബിന്റെ ജീവിതത്തിൽനിന്ന് ഇസ്രായേലിലെ മൂപ്പന്മാർക്കു പഠിക്കാനാകുമായിരുന്ന ചില പാഠങ്ങളാണ് ഇവയെല്ലാം.
7. ഇസ്രായേല്യർക്ക് ഇയ്യോബിന്റെ വിവരണത്തിൽനിന്ന് എന്തു പഠിക്കാനാകുമായിരുന്നു? (സുഭാഷിതങ്ങൾ 27:9)
7 ഇസ്രായേലിലുള്ള മൂപ്പന്മാർക്കു മാത്രമല്ല ഉപദേശം കൊടുക്കാൻ കഴിയുമായിരുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും, അവർ ചെറുപ്പക്കാരായാലും പ്രായമുള്ളവരായാലും അവർക്കെല്ലാം തങ്ങളുടെ കൂട്ടുകാർക്ക് ഉപദേശം കൊടുക്കാനാകുമായിരുന്നു. യഹോവയുമായുള്ള സൗഹൃദം ശക്തമാക്കാനുള്ള സഹായവും വേണ്ട തിരുത്തലും കൊടുക്കാൻ അവർക്കെല്ലാം കഴിയുമായിരുന്നു. (സങ്കീ. 141:5) ആത്മാർഥമായ ഇത്തരം ഉപദേശങ്ങൾ ഒരു യഥാർഥസൗഹൃദത്തിന്റെ തെളിവാണ്. (സുഭാഷിതങ്ങൾ 27:9 വായിക്കുക.) ഇയ്യോബിന്റെ മൂന്നു കൂട്ടുകാരുടെ മോശം മാതൃകകളെക്കുറിച്ച് ചിന്തിക്കുന്നത് ഒരു ഉപദേശം കൊടുക്കുമ്പോൾ എന്തു പറയരുത്, എന്തു ചെയ്യരുത് എന്ന് മനസ്സിലാക്കാൻ ഇസ്രായേല്യരെ സഹായിക്കുമായിരുന്നു.
8. ഉപദേശം കൊടുക്കുമ്പോൾ നമ്മൾ എന്തൊക്കെ ഒഴിവാക്കണം? (ചിത്രങ്ങളും കാണുക.)
8 നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും? പ്രശ്നങ്ങൾ നേരിടുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അതിന് ശ്രമിക്കുമ്പോൾ ഇയ്യോബിന്റെ മൂന്നു കൂട്ടുകാർ ചെയ്തതുപോലെ ആയിപ്പോകരുത്. എന്തൊക്കെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്? ഒന്നാമതായി, പെട്ടെന്ന് ഒരു നിഗമനത്തിൽ എത്തരുത്; എന്തെങ്കിലും പറയുന്നതിനു മുമ്പ് എല്ലാ വസ്തുതകളും മനസ്സിലാക്കണം. രണ്ടാമതായി, എലീഫസ് പലപ്പോഴും ചെയ്തതുപോലെ സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കരുത് നമ്മൾ ഉപദേശം കൊടുക്കുന്നത്, പകരം ദൈവവചനത്തിന്റെ ശക്തമായ അടിസ്ഥാനത്തിലായിരിക്കണം. (ഇയ്യോ. 4:8; 5:3, 27) മൂന്നാമതായി, ദയയില്ലാത്ത, കുറ്റപ്പെടുത്തുന്ന വാക്കുകൾ നമ്മൾ ഒഴിവാക്കണം. ഓർക്കുക: ആ മൂന്നു കൂട്ടുകാർ പറഞ്ഞ ചില കാര്യങ്ങൾ സത്യമായിരുന്നു. എലീഫസ് പറഞ്ഞ ഒരു കാര്യം പിന്നീട് അപ്പോസ്തലനായ പൗലോസ് എടുത്ത് എഴുതുകപോലും ചെയ്തിട്ടുണ്ട്. (ഇയ്യോബ് 5:13-നെ 1 കൊരിന്ത്യർ 3:19-മായി താരതമ്യം ചെയ്യുക.) എന്നാൽ അവർ പറഞ്ഞ മിക്ക കാര്യങ്ങളും ദൈവത്തെ തെറ്റായി ചിത്രീകരിക്കുകയും ഇയ്യോബിനെ വേദനിപ്പിക്കുകയും ചെയ്തു. അതുകൊണ്ടാണ് അവർ പറഞ്ഞതു സത്യമല്ലെന്ന് യഹോവ വിധിച്ചത്. (ഇയ്യോ. 42:7, 8) ഒരു നല്ല ഉപദേശം ഒരിക്കലും ദൈവത്തെ കടുംപിടുത്തക്കാരനായി ചിത്രീകരിക്കുകയോ ദൈവദാസർ ദൈവത്തിന്റെ സ്നേഹത്തിന് അർഹരല്ലെന്നു ചിന്തിക്കാൻ ഇടയാക്കുകയോ ഇല്ല. ഇനി എലീഹുവിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാമെന്നു നോക്കാം.
ഒരു ഉപദേശം കൊടുക്കുമ്പോൾ (1) വസ്തുതകൾ മനസ്സിലാക്കുക, (2) ദൈവവചനം ഉപയോഗിക്കുക, (3) സ്നേഹത്തോടെ സംസാരിക്കുക (8-ാം ഖണ്ഡിക കാണുക)
എലീഹുവിന്റെ ഉപദേശം
9. മൂന്നു കൂട്ടുകാർ സംസാരിച്ച് കഴിഞ്ഞും ഇയ്യോബിനു സഹായം ആവശ്യമായിവന്നത് എന്തുകൊണ്ട്, യഹോവ എങ്ങനെയാണ് അതു കൊടുത്തത്?
9 ഇപ്പോൾ ഇയ്യോബും മൂന്നു കൂട്ടുകാരും തമ്മിലുള്ള വാദപ്രതിവാദം കഴിഞ്ഞു. അവിടത്തെ അന്തരീക്ഷം നിങ്ങൾക്ക് ഊഹിക്കാനാകുന്നുണ്ടോ? അത് ഒട്ടും സുഖകരമല്ലായിരുന്നിരിക്കാം. ബൈബിളിലെ 28 അധ്യായങ്ങൾ നിറയാൻമാത്രം കാര്യങ്ങൾ അവർ പറഞ്ഞു. എന്നാൽ അതിൽ മിക്കതും ദേഷ്യത്തിന്റെയോ അസ്വസ്ഥതയുടെയോ പുറത്ത് പറഞ്ഞ വാക്കുകളാണ്. ഇയ്യോബ് നിരാശയിൽത്തന്നെ ആയിരിക്കുന്നതിൽ അത്ഭുതമില്ല. അദ്ദേഹത്തിന് ഇപ്പോഴും ആശ്വാസവും തിരുത്തലും ആവശ്യമാണ്. യഹോവ എങ്ങനെയാണ് ഇയ്യോബിനെ സഹായിച്ചത്? ഇയ്യോബിന് ഉപദേശം കൊടുക്കാൻ യഹോവ എലീഹുവിനെ ഉപയോഗിക്കുന്നു. എന്തുകൊണ്ടാണ് എലീഹു ഇതുവരെ സംസാരിക്കാതിരുന്നത്? അദ്ദേഹം പറയുന്നു: “ഞാൻ ചെറുപ്പമാണ്; നിങ്ങളെല്ലാം പ്രായമുള്ളവർ. അതുകൊണ്ട് ഞാൻ ആദരവോടെ മിണ്ടാതെ നിന്നു.” (ഇയ്യോ. 32:6, 7) തന്നെക്കാൾ കൂടുതൽ കാലം ജീവിക്കുകയും ഒരുപാട് അനുഭവപരിചയം നേടുകയും ചെയ്തതുകൊണ്ട് പ്രായമുള്ളവർ മിക്കപ്പോഴും ജ്ഞാനികളാണെന്ന് എലീഹുവിന് അറിയാമായിരുന്നു. എന്നാൽ ഇയ്യോബും കൂട്ടുകാരും സംസാരിക്കുന്നത് ക്ഷമയോടെ കേട്ടതിനു ശേഷം എലീഹുവിനു മിണ്ടാതെയിരിക്കാൻ പറ്റിയില്ല. അദ്ദേഹം പറഞ്ഞു: “പ്രായമുള്ളതുകൊണ്ട് മാത്രം ഒരാൾ ജ്ഞാനിയാകണമെന്നില്ല; ശരി എന്തെന്നു മനസ്സിലാക്കാനാകുന്നതു വൃദ്ധർക്കു മാത്രമല്ല.” (ഇയ്യോ. 32:9) എലീഹു അടുത്തതായി എന്താണ് പറയുന്നത്, എങ്ങനെയാണ് അതു പറയുന്നത്?
10. ഇയ്യോബിന് ഉപദേശം കൊടുക്കുന്നതിനു മുമ്പ് എലീഹു എന്തു ചെയ്തു? (ഇയ്യോബ് 33:6, 7)
10 ഇയ്യോബിന് ഉപദേശം കൊടുക്കുന്നതിനു മുമ്പ് എലീഹു ആദ്യം നല്ലൊരു അന്തരീക്ഷം സൃഷ്ടിച്ചു. എങ്ങനെ? ആദ്യം അദ്ദേഹം സ്വന്തം വികാരങ്ങൾ നിയന്ത്രിച്ചു. കാരണം എലീഹുവിനു തുടക്കത്തിൽ വല്ലാതെ ദേഷ്യം വന്നതായി ബൈബിൾ പറയുന്നുണ്ട്. (ഇയ്യോ. 32:2-5) എന്നാൽ ഒറ്റത്തവണപോലും ആ ദേഷ്യത്തിന്റെ പുറത്ത് ഇയ്യോബിനോട് അദ്ദേഹം എടുത്തടിച്ച് സംസാരിച്ചില്ല, പകരം ബലപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചത്. ഉദാഹരണത്തിന് എലീഹു ഇയ്യോബിനോട് ഇങ്ങനെ പറഞ്ഞു: “ഇതാ! ദൈവമുമ്പാകെ ഞാനും ഇയ്യോബിനെപ്പോലെതന്നെയാണ്.” (ഇയ്യോബ് 33:6, 7 വായിക്കുക.) അതിനു ശേഷം ഇയ്യോബ് പറഞ്ഞതെല്ലാം താൻ ശ്രദ്ധിച്ച് കേട്ടെന്ന് എലീഹു വ്യക്തമാക്കി. ഇയ്യോബ് പലപ്പോഴായി പറഞ്ഞ കാര്യങ്ങളിലെ പ്രധാനാശയങ്ങൾ എലീഹു ചുരുക്കിപ്പറഞ്ഞതിൽനിന്ന് നമുക്ക് അതു മനസ്സിലാക്കാം. (ഇയ്യോ. 32:11; 33:8-11) ഇയ്യോബിന് ഉപദേശം കൊടുത്തപ്പോൾ പല തവണ എലീഹു അങ്ങനെ ചെയ്യുന്നുണ്ട്.—ഇയ്യോ. 34:5, 6, 9; 35:1-4.
11. എലിഹൂ ഇയ്യോബിന് എങ്ങനെയാണ് ഉപദേശം കൊടുത്തത്? (ഇയ്യോബ് 33:1)
11 ഉപദേശം നൽകിയ സമയത്ത് എലീഹൂ, വിശ്വസ്തമനുഷ്യനായ ഇയ്യോബിന് അർഹമായ ബഹുമാനം കൊടുത്തു. ഉദാഹരണത്തിന്, എലീഹു ഇയ്യോബിന്റെ പേരു വിളിച്ചാണ് സംസാരിച്ചത്; മറ്റു മൂന്നു പേർ അങ്ങനെ ചെയ്തതായി തോന്നുന്നില്ല. (ഇയ്യോബ് 33:1 വായിക്കുക.) ഇയ്യോബും മൂന്നു കൂട്ടുകാരും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ എലീഹുവിനും സംസാരിക്കാൻ ആഗ്രഹം തോന്നിയിരുന്നു. അത് ഓർത്തിട്ടായിരിക്കാം അദ്ദേഹം ഉപദേശം നൽകിയ സമയത്ത് ഇയ്യോബിനും പ്രതികരിക്കാൻ അവസരം കൊടുത്തത്. (ഇയ്യോ. 32:4; 33:32) ഇനി, ഇയ്യോബ് നടത്തിയ തെറ്റായ ചില വാദങ്ങളുടെ അപകടങ്ങളെക്കുറിച്ച് എലീഹു അദ്ദേഹത്തിന് മുന്നറിയിപ്പ് കൊടുത്തു. കൂടാതെ യഹോവയുടെ ജ്ഞാനം, ശക്തി, നീതി, അചഞ്ചലസ്നേഹം എന്നീ ഗുണങ്ങളെക്കുറിച്ച് ദയയോടെ ഓർമിപ്പിക്കുകയും ചെയ്തു. (ഇയ്യോ. 36:18, 21-26; 37:23, 24) അങ്ങനെ എലീഹുവിന്റെ ഈ നല്ല ഉപദേശം, തുടർന്ന് സ്രഷ്ടാവിൽനിന്ന് നേരിട്ട് ലഭിക്കാനിരുന്ന തിരുത്തൽ സ്വീകരിക്കാൻ ഇയ്യോബിനെ ഒരുക്കി. (ഇയ്യോ. 38:1-3) എലീഹുവിന്റെ മാതൃക മുൻകാലങ്ങളിലുള്ളവർക്ക് എങ്ങനെ പ്രയോജനം ചെയ്യുമായിരുന്നു? ഇന്ന് നമുക്ക് അത് എങ്ങനെ പ്രയോജനം ചെയ്യും?
12. തന്റെ ജനത്തെ സഹായിക്കാൻ യഹോവ പ്രവാചകന്മാരെ എങ്ങനെയാണ് ഉപയോഗിച്ചത്, എലീഹൂവിന്റെ നല്ല മാതൃക ഇസ്രായേല്യരെ എങ്ങനെ സഹായിച്ചിട്ടുണ്ടാകും?
12 ഇസ്രായേല്യർക്ക് എങ്ങനെ പ്രയോജനം ചെയ്തുകാണും? ഇസ്രായേലിന്റെ ചരിത്രത്തിലുടനീളം തന്റെ ഉദ്ദേശ്യം അവരെ അറിയിക്കാനായി യഹോവ പ്രവാചകന്മാരെ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ന്യായാധിപന്മാരുടെ കാലത്ത് ദബോര ഒരു അമ്മയെപ്പോലെ ജനത്തെ ആത്മീയമായി വഴിനയിച്ചു. അതുപോലെ, ശമുവേൽ ചെറുപ്പംമുതൽ യഹോവയുടെ സന്ദേശങ്ങൾ തീക്ഷ്ണതയോടെ അവരെ അറിയിച്ചു. (ന്യായാ. 4:4-7; 5:7; 1 ശമു. 3:19, 20) ഇനി രാജാക്കന്മാരുടെ കാലത്ത്, ഏതാണ്ട് എല്ലാ സമയത്തുംതന്നെ യഹോവ പ്രവാചകന്മാരെ അയച്ചിട്ടുണ്ട്. ജനത്തെ ആത്മീയമായി ശക്തരാക്കാനും ശുദ്ധാരാധനയിൽനിന്ന് അകന്നുപോയവർക്ക് വേണ്ട ഉപദേശം കൊടുക്കാനും യഹോവ അവരെ ഉപയോഗിച്ചു. (2 ശമു. 12:1-4; പ്രവൃ. 3:24) ഇയ്യോബിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന എലീഹുവിന്റെ മാതൃക, ഒരു ഉപദേശം കൊടുക്കുമ്പോൾ എന്തു പറയണം, എങ്ങനെ പറയണം എന്നു മനസ്സിലാക്കാൻ പ്രവാചകന്മാർ ഉൾപ്പെടെയുള്ള അന്നത്തെ വിശ്വസ്തരായ സ്ത്രീപുരുഷന്മാരെ സഹായിച്ചിട്ടുണ്ടാകും.
13. ക്രിസ്ത്യാനികൾക്ക് ഇന്ന് എങ്ങനെ സഹാരാധകരെ പ്രോത്സാഹിപ്പിക്കാൻ കഴിയും?
13 നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും? ക്രിസ്ത്യാനികൾ എന്ന നിലയിൽ നമ്മളും ബൈബിളിലുള്ള ദൈവത്തിന്റെ ഇഷ്ടം മറ്റുള്ളവരെ അറിയിക്കുന്നു. അതോടൊപ്പം ശരിയായ വാക്കുകൾ ഉപയോഗിച്ചുകൊണ്ട് നമ്മൾ സഹോദരങ്ങളെ ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു. (1 കൊരി. 14:3) മൂപ്പന്മാർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവർ സഹോദരങ്ങളോട് ‘ആശ്വാസം തോന്നുന്ന രീതിയിൽ സംസാരിക്കും,’ പ്രത്യേകിച്ച് വിഷമിച്ചിരിക്കുന്നവരോടോ “ചിന്തിക്കാതെ” സംസാരിക്കുന്നവരോടോ പോലും.—1 തെസ്സ. 5:14; ഇയ്യോ. 6:3.
14-15. ഒരു മൂപ്പന് എങ്ങനെ എലീഹുവിനെ അനുകരിക്കാമെന്ന് ഒരു ഉദാഹരണത്തിലൂടെ വിവരിക്കുക.
14 ഇങ്ങനെയൊരു സാഹചര്യം ഭാവനയിൽ കാണുക. തന്റെ സഭയിലെ ഒരു സഹോദരി നിരാശയിലാണെന്ന് മനസ്സിലാക്കിയ ഒരു മൂപ്പൻ മറ്റൊരു സഹോദരനെയും കൂട്ടി ആ സഹോദരിയെ പ്രോത്സാഹിപ്പിക്കാനായി ചെല്ലുന്നു. അപ്പോൾ സഹോദരി തന്റെ ചിന്തകൾ എല്ലാം തുറന്നുപറയുന്നു. മീറ്റിങ്ങുകൾക്കും ശുശ്രൂഷയ്ക്കും ഒക്കെ പോകുന്നുണ്ടെങ്കിലും തനിക്കു സന്തോഷം കിട്ടുന്നില്ലെന്നാണ് സഹോദരി പറയുന്നത്. ഇപ്പോൾ ആ മൂപ്പൻ എങ്ങനെ പ്രതികരിക്കും?
15 ആദ്യംതന്നെ, സഹോദരിയുടെ വിഷമത്തിന്റെ കാരണം മനസ്സിലാക്കാൻ മൂപ്പൻ ശ്രമിക്കും. അതിന്, സഹോദരി പറയുന്നത് അദ്ദേഹം ക്ഷമയോടെ കേൾക്കേണ്ടതുണ്ട്. ദൈവത്തിന്റെ സ്നേഹത്തിന് താൻ അർഹയല്ലെന്ന് സഹോദരി ചിന്തിക്കുന്നുണ്ടോ? അല്ലെങ്കിൽ ‘ജീവിതത്തിലെ ഉത്കണ്ഠകളാണോ’ സഹോദരിയെ തളർത്തുന്നത്? (ലൂക്കോ. 21:34) രണ്ടാമതായി, സഹോദരിയെ അഭിനന്ദിക്കാൻ കഴിയുന്ന കാര്യങ്ങൾ കണ്ടെത്താൻ അദ്ദേഹം ശ്രമിക്കും. ഉദാഹരണത്തിന്, വിഷമങ്ങളൊക്കെയുണ്ടായിട്ടും സഹോദരി മീറ്റിങ്ങുകൾക്കും ശുശ്രൂഷയ്ക്കും വരുന്നുണ്ടല്ലോ എന്ന് അദ്ദേഹത്തിന് ഓർക്കാനാകും. മൂന്നാമതായി, സാഹചര്യം നന്നായി മനസ്സിലാക്കുകയും സഹോദരിയുടെ വിഷമത്തിന്റെ കാരണം തിരിച്ചറിയുകയും ചെയ്തുകഴിഞ്ഞാൽപ്പിന്നെ, യഹോവ സഹോദരിയെ വ്യക്തിപരമായി സ്നേഹിക്കുന്നുണ്ടെന്ന് അദ്ദേഹം ബൈബിൾ ഉപയോഗിച്ച് ഉറപ്പുകൊടുക്കും.—ഗലാ. 2:20.
ഇയ്യോബിന്റെ പുസ്തകത്തിൽനിന്ന് തുടർന്നും പ്രയോജനം നേടുക
16. ഇയ്യോബിന്റെ പുസ്തകത്തിൽനിന്ന് നമുക്ക് എങ്ങനെ തുടർന്നും പ്രയോജനം നേടാം?
16 എത്രയെത്ര നല്ല പാഠങ്ങളാണ് ഇയ്യോബിന്റെ പുസ്തകത്തിലുള്ളത്. അതിൽ ചിലത് നമ്മൾ കഴിഞ്ഞ ലേഖനത്തിൽ പഠിച്ചു. ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ടാണെന്നു മാത്രമല്ല അത് എങ്ങനെ സഹിച്ചുനിൽക്കാമെന്നും ഇയ്യോബിന്റെ പുസ്തകം പഠിപ്പിക്കുന്നുണ്ടെന്ന് നമ്മൾ കണ്ടു. ഇനി ഈ ലേഖനത്തിൽ, നമുക്കെല്ലാം എങ്ങനെ നല്ല ഉപദേശം കൊടുക്കാമെന്നും മനസ്സിലാക്കി. ഇയ്യോബിന്റെ മൂന്നു കൂട്ടുകാരുടെ മോശം മാതൃകയല്ല എലീഹുവിന്റെ നല്ല മാതൃകയാണ് നമ്മൾ അനുകരിക്കേണ്ടത്. ഭാവിയിൽ ആർക്കെങ്കിലും ഉപദേശം കൊടുക്കേണ്ടിവരുമ്പോൾ ഇയ്യോബിന്റെ പുസ്തകത്തിൽനിന്നുള്ള പാഠങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഒന്നുകൂടി ചിന്തിച്ചുകൂടെ? മനോഹരമായ ഈ പുസ്തകം നിങ്ങൾ വായിച്ചിട്ട് കുറച്ച് നാളായെങ്കിൽ അതു വീണ്ടും വായിക്കാൻ ഒരു ലക്ഷ്യം വെക്കാനാകും. അത് എഴുതിയത് ഒരുപാട് കാലം മുമ്പാണെങ്കിലും അന്നത്തെപ്പോലെ അത് ഇന്നും പ്രയോജനം ചെയ്യുന്നതാണെന്ന് നിങ്ങൾ അപ്പോൾ തിരിച്ചറിയും.
ഗീതം 125 “കരുണ കാണിക്കുന്നവർ സന്തുഷ്ടർ”
a യഹോവ ഒരു മനുഷ്യനെയും നീതിമാനായി കാണുന്നില്ലെന്നും അതുകൊണ്ടുതന്നെ മനുഷ്യർക്ക് ഒരിക്കലും ദൈവത്തെ സന്തോഷിപ്പിക്കാനാകില്ലെന്നും ഉള്ള ആശയം എലീഫസിന് ഒരു ദുഷ്ട ആത്മവ്യക്തിയിൽനിന്ന് കിട്ടിയതാണെന്നു തോന്നുന്നു. എലീഫസിന്റെ ചിന്തകളെ നയിച്ചത് ഈ തെറ്റായ ആശയമായിരുന്നു. അതുകൊണ്ടാണ് സംസാരിച്ച മൂന്ന് അവസരങ്ങളിലും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചത്.—ഇയ്യോ. 4:17, 18; 15:15, 16; 22:2.