പഠനലേഖനം 48
ഗീതം 129 നമ്മൾ എന്നും സഹിച്ചുനിൽക്കും
ഇയ്യോബിന്റെ പുസ്തകം കഷ്ടതകളുടെ സമയത്ത് നിങ്ങളെ സഹായിക്കും
“ദൈവം ദുഷ്ടത പ്രവർത്തിക്കില്ലെന്ന് ഉറപ്പാണ്.”—ഇയ്യോ. 34:12.
ഉദ്ദേശ്യം
ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ടാണെന്നും പ്രശ്നങ്ങളുണ്ടാകുമ്പോൾ സഹിച്ചുനിൽക്കാൻ നമുക്ക് എങ്ങനെ കഴിയുമെന്നും ഇയ്യോബിന്റെ പുസ്തകത്തിൽനിന്ന് മനസ്സിലാക്കാം.
1-2. ഇയ്യോബിന്റെ പുസ്തകം നമ്മൾ വായിച്ചിരിക്കേണ്ടതിന്റെ ചില കാരണങ്ങൾ എന്തൊക്കെയാണ്?
നിങ്ങൾ അടുത്തിടെ ഇയ്യോബിന്റെ പുസ്തകം വായിച്ചിരുന്നോ? ഏതാണ്ട് 3,500 വർഷം മുമ്പ് എഴുതിയതാണെങ്കിലും ഈ പുസ്തകത്തെ ലോകസാഹിത്യത്തിലെ എക്കാലത്തെയും മികച്ച കലാസൃഷ്ടികളിൽ ഒന്നായിട്ടാണ് ആളുകൾ കാണുന്നത്. അതിന്റെ ലളിതമായ ഘടനയും മനോഹരമായ ശൈലിയും ഹൃദയത്തെ തൊടുന്ന ഭാഷയും കണക്കിലെടുത്തുകൊണ്ട് അതിന്റെ എഴുത്തുകാരനെ ഒരു പുസ്തകം വിശേഷിപ്പിക്കുന്നത്, “ശ്രേഷ്ഠനായ ഒരു സാഹിത്യ രചയിതാവ്” എന്നാണ്. ഈ പുസ്തകം എഴുതിയത് മോശയാണെങ്കിലും ശരിക്കുള്ള എഴുത്തുകാരൻ ദൈവമായ യഹോവയാണ്.—2 തിമൊ. 3:16.
2 ബൈബിളിൽ ഇയ്യോബിന്റെ പുസ്തകത്തിനു വളരെ പ്രാധാന്യമുണ്ട്. കാരണം, ബുദ്ധിശക്തിയുള്ള എല്ലാ സൃഷ്ടികളുടെയും മുന്നിലുള്ള പ്രധാനവിഷയം യഹോവയുടെ പേരിന്റെ വിശുദ്ധീകരണമാണെന്ന് അതു വ്യക്തമാക്കുന്നു. അതുപോലെ സ്നേഹം, ജ്ഞാനം, നീതി, ശക്തി എന്നിങ്ങനെയുള്ള യഹോവയുടെ മനോഹരഗുണങ്ങളെക്കുറിച്ചും ഇയ്യോബിന്റെ പുസ്തകം പഠിപ്പിക്കുന്നു. ഉദാഹരണത്തിന്, യഹോവയെ “സർവശക്തൻ” എന്ന് ഏറ്റവുമധികം പ്രാവശ്യം ബൈബിളിൽ വിളിച്ചിരിക്കുന്നത് (31 തവണ) ഈ പുസ്തകത്തിലാണ്. ഇനി, ജീവിതത്തെക്കുറിച്ച് പലരും ചോദിക്കുന്ന പല ചോദ്യങ്ങൾക്കുള്ള ഉത്തരവും അതിലുണ്ട്. അതിലൊന്നാണ്, ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം.
3. ഇയ്യോബിന്റെ പുസ്തകം പഠിക്കുന്നതിലൂടെ കിട്ടുന്ന ചില പ്രയോജനങ്ങൾ എന്തൊക്കെയാണ്?
3 ഒരു മലമുകളിൽനിന്ന് നോക്കുമ്പോൾ ചുറ്റുമുള്ളതു നമുക്കു വ്യക്തമായി കാണാനാകും. ഇതുപോലെ ഇയ്യോബിന്റെ പുസ്തകം വായിക്കുമ്പോൾ ജീവിതത്തിലെ പ്രശ്നങ്ങളെ ഉന്നതമായ ഒരു സ്ഥലത്തുനിന്ന്, യഹോവയുടെ കണ്ണിലൂടെ കാണാൻ നമുക്കു സാധിക്കും. അങ്ങനെയെങ്കിൽ നമ്മൾ കഷ്ടപ്പാട് സഹിക്കേണ്ടിവരുമ്പോൾ ഇയ്യോബിന്റെ പുസ്തകം എങ്ങനെയാണ് സഹായിക്കുന്നതെന്നു നോക്കാം. ഇയ്യോബിന്റെ ജീവിതം ഇസ്രായേല്യർക്ക് എങ്ങനെ പ്രയോജനം ചെയ്യുമായിരുന്നെന്നും അത് ഇന്നു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നും നമ്മൾ പഠിക്കും. അതുപോലെ മറ്റുള്ളവരെ സഹായിക്കാനായി ഈ ബൈബിൾവിവരണം എങ്ങനെ ഉപയോഗിക്കാമെന്നും നോക്കും.
ഇയ്യോബ് കഷ്ടപ്പാടുകൾ സഹിക്കാൻ യഹോവ അനുവദിച്ചു
4. ഈജിപ്തിലായിരുന്ന ചില ഇസ്രായേല്യരും ഇയ്യോബും തമ്മിൽ എന്ത് വലിയ വ്യത്യാസമുണ്ടായിരുന്നു?
4 ഇസ്രായേല്യർ ഈജിപ്തിൽ അടിമകളായി കഷ്ടപ്പെടുന്ന സമയത്ത് ഊസ് ദേശത്ത് ഇയ്യോബ് എന്നൊരാൾ ജീവിച്ചിരുന്നു. വാഗ്ദത്തദേശത്തിന് കിഴക്കായി, അറേബ്യയുടെ വടക്കുവശത്ത് എവിടെയോ ആയിരുന്നിരിക്കണം ആ ദേശം. ഈജിപ്തിലെ വ്യാജദൈവങ്ങളെ ആരാധിക്കാൻ തുടങ്ങിയ ഇസ്രായേല്യരിൽനിന്നും തികച്ചും വ്യത്യസ്തനായിരുന്നു ഇയ്യോബ്. അദ്ദേഹം യഹോവയെ വിശ്വസ്തമായി സേവിച്ചു. (യോശു. 24:14; യഹ. 20:8) അതുകൊണ്ടാണ് യഹോവ ഇങ്ങനെ പറഞ്ഞത്: “അവനെപ്പോലെ മറ്റാരും ഭൂമിയിലില്ല.”a (ഇയ്യോ. 1:8) ഇയ്യോബ് ആ ദേശത്തെ ആരെക്കാളും സമ്പന്നനും വലിയ പേരും പ്രശസ്തിയും ഉള്ളവനും ആയിരുന്നു. (ഇയ്യോ. 1:3) സമൂഹത്തിൽ നല്ല സ്വാധീനമുള്ള, പ്രമുഖനായ ഒരാൾ നിഷ്കളങ്കതയോടെ ദൈവത്തെ സേവിക്കുന്നതു കണ്ടപ്പോൾ സാത്താന് എത്ര ദേഷ്യം തോന്നിക്കാണും!
5. ഇയ്യോബ് കഷ്ടപ്പാടുകൾ സഹിക്കാൻ യഹോവ അനുവദിച്ചത് എന്തുകൊണ്ടാണ്? (ഇയ്യോബ് 1:20-22; 2:9, 10)
5 കഷ്ടപ്പാടുകൾ നേരിട്ടാൽ ഇയ്യോബ് യഹോവയെ സേവിക്കുന്നതു നിറുത്തുമെന്ന് സാത്താൻ വാദിച്ചു. (ഇയ്യോ. 1:7-11; 2:2-5) ഈ നാണംകെട്ട ആരോപണം പ്രധാനപ്പെട്ട പല ചോദ്യങ്ങളും ഉയർത്തിയതു കാരണം, തന്റെ ഭാഗം തെളിയിക്കുന്നതിനായി ശ്രമിച്ചുനോക്കാൻ സാത്താനെ യഹോവ സമ്മതിച്ചു. യഹോവയ്ക്ക് ഇയ്യോബിനെ വളരെ ഇഷ്ടമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിൽ കഷ്ടപ്പാടുകൾ വരുത്താൻ യഹോവ സാത്താനെ അനുവദിച്ചത് അതുകൊണ്ടാണ്. (ഇയ്യോ. 1:12-19; 2:6-8) അവൻ ഇയ്യോബിന്റെ മൃഗസമ്പത്ത് നശിപ്പിച്ചു; അദ്ദേഹത്തിന്റെ പത്തു മക്കളെ കൊന്നു. ഉള്ളങ്കാൽമുതൽ നെറുകവരെ വേദനിപ്പിക്കുന്ന പരുക്കൾ വരാനും ഇടയാക്കി. എന്നാൽ ഈ ക്രൂരമായ ആക്രമണങ്ങൾകൊണ്ടൊന്നും ഇയ്യോബിന്റെ നിഷ്കളങ്കത തകർക്കാൻ സാത്താനായില്ല. (ഇയ്യോബ് 1:20-22; 2:9, 10 വായിക്കുക.) പിന്നീട് യഹോവ ഇയ്യോബിന് ആരോഗ്യവും സമ്പത്തും സത്പേരും തിരികെ കൊടുത്തു; വീണ്ടും പത്തു മക്കളെക്കൂടെ നൽകി. അതുപോലെ ഇയ്യോബിന് 140 വർഷം കൂടി ജീവിച്ചിരിക്കാനും അങ്ങനെ തന്റെ നാലു തലമുറയെ കാണാനും യഹോവ അവസരം കൊടുത്തു. (ഇയ്യോ. 42:10-13, 16) ഇയ്യോബിന്റെ ഈ വിവരണം മുൻകാലങ്ങളിലെ ദൈവദാസർക്ക് എങ്ങനെ പ്രയോജനപ്പെട്ടുകാണും? അത് ഇന്നു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
6. ഇയ്യോബിന്റെ ജീവിതം ഇസ്രായേല്യരെ എങ്ങനെ സഹായിച്ചിട്ടുണ്ടാകും? (ചിത്രവും കാണുക.)
6 ഇസ്രായേല്യർക്ക് എങ്ങനെ പ്രയോജനം ചെയ്തുകാണും? ഈജിപ്തിലെ അടിമകളായുള്ള ജീവിതം ഇസ്രായേല്യർക്ക് ഒട്ടും എളുപ്പമായിരുന്നില്ല. ഉദാഹരണത്തിന്, യോശുവയെയും കാലേബിനെയും കുറിച്ച് ചിന്തിക്കുക. യുവപ്രായത്തിൽ അവർ അടിമകളായിരുന്നു. പിന്നീട് മറ്റുള്ളവരുടെ തെറ്റു കാരണം 40 വർഷം അവർക്കു വിജനഭൂമിയിൽ അലഞ്ഞുതിരിയേണ്ടി വന്നു. ഇസ്രായേല്യർ ഇയ്യോബിനു നേരിട്ട പരിശോധനകളെയും വിശ്വസ്തനായി നിന്നപ്പോൾ കിട്ടിയ അനുഗ്രഹങ്ങളെയും കുറിച്ച് അറിഞ്ഞെങ്കിൽ അത് അവരെ ഉറപ്പായും സഹായിച്ചുകാണില്ലേ? കഷ്ടപ്പാടുകളുടെ ശരിക്കുള്ള കാരണക്കാരൻ ആരാണെന്നു മനസ്സിലാക്കാൻ അവരെയും അവരുടെ പിൻതലമുറക്കാരെയും അതു സഹായിച്ചിട്ടുണ്ടാകും. അതുപോലെ യഹോവ കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ടാണെന്നും മനുഷ്യരുടെ നിഷ്കളങ്കതയും വിശ്വസ്തതയും യഹോവ എത്ര വിലമതിക്കുന്നുണ്ടെന്നും അതിൽനിന്ന് അവർക്ക് കൂടുതൽ വ്യക്തമാകുമായിരുന്നു.
വർഷങ്ങളോളം അടിമകളായിരുന്ന ഇസ്രായേല്യർ, ഇയ്യോബിനു സംഭവിച്ചതിനെക്കുറിച്ച് പിന്നീട് അറിഞ്ഞിട്ടുണ്ടെങ്കിൽ അത് അവർക്ക് പ്രയോജനം ചെയ്തുകാണില്ലേ? (6-ാം ഖണ്ഡിക കാണുക)
7-8. കഷ്ടപ്പാട് അനുഭവിക്കുന്നവരെ ഇയ്യോബിന്റെ പുസ്തകം സഹായിക്കുന്നത് എങ്ങനെ? ഒരു അനുഭവം പറയുക.
7 നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും? നല്ല ആളുകൾ കഷ്ടപ്പെടുന്നതിന്റെ കാരണം മനസ്സിലാകാത്തതുകൊണ്ട് ഇന്നു പലർക്കും ദൈവത്തിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു. റുവാണ്ടയിൽനിന്നുള്ള ഹെയ്സലിന്റെb അനുഭവം നോക്കാം. അവൾ ചെറുതായിരുന്നപ്പോൾ ദൈവത്തിൽ വിശ്വസിച്ചിരുന്നു. പക്ഷേ പിന്നീട് അവളുടെ ജീവിതത്തിൽ ഒരുപാട് ദുരന്തങ്ങളുണ്ടായി. അപ്പനും അമ്മയും വിവാഹമോചനം ചെയ്തു. അവളെ വളർത്തിയ രണ്ടാനച്ഛൻ അവളോട് വളരെ മോശമായിട്ടാണ് ഇടപെട്ടിരുന്നത്. കൗമാരപ്രായത്തിൽ അവളെ ഒരാൾ ബലാത്സംഗം ചെയ്തു. ആരാധനയ്ക്കു പോയിരുന്ന സ്ഥലത്തുനിന്ന് ആശ്വാസം കണ്ടെത്താൻ ശ്രമിച്ചെങ്കിലും അവൾക്ക് അതു കിട്ടിയില്ല. പിന്നീട് ഹെയ്സൽ ദൈവത്തിന് ഒരു കത്ത് എഴുതി. അതിൽ ഇങ്ങനെയാണ് പറഞ്ഞിരുന്നത്: “ദൈവമേ, ഞാൻ അങ്ങയോടു പ്രാർഥിച്ചു, നല്ലതു ചെയ്യാൻ ശ്രമിച്ചു. പക്ഷേ അങ്ങ് എനിക്കു കഷ്ടപ്പാടുകൾ മാത്രമാണ് തിരികെ തന്നത്. അതുകൊണ്ട് ഞാൻ അങ്ങയെ ഉപേക്ഷിക്കുകയാണ്. ഇനി എനിക്കു സന്തോഷം തരുന്ന എന്തും ഞാൻ ചെയ്യും.” നമ്മുടെ കഷ്ടപ്പാടുകൾക്കു കാരണം ദൈവമാണെന്ന നുണ ഹെയ്സലിനെപ്പോലെ ഇന്ന് പലരെയും വിശ്വസിപ്പിച്ചിരിക്കുന്നു. അത്തരം ആളുകളെ കാണുമ്പോൾ വളരെ സങ്കടം തോന്നാറില്ലേ?
8 എന്നാൽ നമ്മൾ ഇയ്യോബിന്റെ പുസ്തകത്തിൽനിന്ന് പല കാര്യങ്ങളും മനസ്സിലാക്കിയിരിക്കുന്നു. കഷ്ടപ്പാടുകൾക്ക് കാരണം ദൈവമല്ല, സാത്താനാണ്. അതുപോലെ ഒരാൾക്ക് പ്രശ്നങ്ങൾ നേരിടുന്നത് അയാൾ ചെയ്ത എന്തെങ്കിലും തെറ്റുകൊണ്ടാണെന്ന് ചിന്തിക്കരുതെന്നും നമ്മൾ പഠിച്ചിട്ടുണ്ട്. “സമയവും അപ്രതീക്ഷിതസംഭവങ്ങളും” എപ്പോൾ, ആരെ വേണമെങ്കിലും പിടികൂടാം എന്നു ബൈബിൾ പറയുന്നു. (സഭാ. 9:11; ഇയ്യോ. 4:1, 8) അതുപോലെ പരിശോധനകൾ ഉണ്ടാകുമ്പോൾ നമ്മൾ വിശ്വസ്തമായി സഹിച്ചുനിൽക്കുന്നെങ്കിൽ സാത്താനു മറുപടി കൊടുക്കാൻ യഹോവയ്ക്കു കഴിയുമെന്നും നമുക്ക് അറിയാം. ദൈവത്തിന്റെ പേരിനുവേണ്ടി നിലകൊള്ളാൻ നമ്മളെ സഹായിക്കുന്നത് അതാണ്. (ഇയ്യോ. 2:3; സുഭാ. 27:11) ഈ വിലപ്പെട്ട സത്യങ്ങൾ മനസ്സിലാക്കിയതുകൊണ്ട്, നമുക്കും പ്രിയപ്പെട്ടവർക്കും ദുരിതങ്ങൾ അനുഭവിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്നു നമുക്ക് അറിയാം. ഹെയ്സൽ പിന്നീട് യഹോവയുടെ സാക്ഷികളുമൊത്ത് ബൈബിൾ പഠിച്ചു. തനിക്കു ദുരിതങ്ങൾ തന്നത് ദൈവമല്ലെന്ന് അവൾ മനസ്സിലാക്കി. ഹെയ്സൽ പറയുന്നു: “ഹൃദയത്തിൽനിന്ന് ഞാൻ വീണ്ടും പ്രാർഥിച്ചു. ഞാൻ അങ്ങയെ ഉപേക്ഷിക്കുകയാണെന്നു പറഞ്ഞപ്പോൾ ശരിക്കും അത് ആഗ്രഹിച്ചിരുന്നില്ല എന്നു ഞാൻ ദൈവത്തോടു പറഞ്ഞു. സത്യത്തിൽ, ദൈവം ആരാണെന്നുപോലും എനിക്കറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് യഹോവയെ അറിയാം, യഹോവ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് അറിയാം. അതുകൊണ്ട് എനിക്ക് വളരെയധികം സന്തോഷമുണ്ട്.” ദൈവം കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നതിന്റെ കാരണം അറിയാനായതിൽ നമുക്ക് ഒരുപാട് നന്ദിയുണ്ട്. ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഇയ്യോബിന്റെ വിവരണം നമ്മളെ എങ്ങനെ സഹായിക്കുമെന്ന് ഇനി നോക്കാം.
ഇയ്യോബിന്റെ പുസ്തകം സഹിച്ചുനിൽക്കാൻ സഹായിക്കുന്നത് എങ്ങനെ?
9. ചാരത്തിൽ ഇരിക്കുന്ന ഇയ്യോബിനെ നിങ്ങൾ എങ്ങനെ വർണിക്കും? (യാക്കോബ് 5:11)
9 ശരീരം മുഴുവൻ വ്രണം ബാധിച്ച്, ഒറ്റയ്ക്ക് ചാരത്തിൽ ഇരിക്കുന്ന ഇയ്യോബിനെ നിങ്ങൾക്കു ഭാവനയിൽ കാണാനാകുന്നുണ്ടോ? അദ്ദേഹം വേദനകൊണ്ട് പുളയുകയാണ്. രോഗം കാരണം മെലിഞ്ഞ്, ഇരുണ്ടുപോയ ശരീരത്തിൽനിന്ന് തൊലി പൊളിഞ്ഞുപോകുന്നുണ്ട്. തീരെ അവശനായിരിക്കുന്ന ഇയ്യോബിന് ഇപ്പോൾ ആകെ ചെയ്യാനാകുന്നത് ഒരു മൺപാത്രത്തിന്റെ കഷണംകൊണ്ട് ശരീരം ചൊറിയുക മാത്രമാണ്. സങ്കടങ്ങൾ ഓരോന്നും ഇയ്യോബ് എണ്ണിപ്പറയുന്നു. എന്നാൽ അദ്ദേഹം തന്റെ ജീവിതം വെറുതെ തള്ളി നീക്കുകയായിരുന്നില്ല, പകരം വിശ്വസ്തമായി സഹിച്ചുനിൽക്കുകയായിരുന്നു. (യാക്കോബ് 5:11 വായിക്കുക.) അതിന് ഇയ്യോബിനെ സഹായിച്ചത് എന്താണ്?
10. യഹോവയുമായി ഇയ്യോബിന് എങ്ങനെയൊരു ബന്ധമാണ് ഉണ്ടായിരുന്നത്? വിശദീകരിക്കുക.
10 ഇയ്യോബ് മനസ്സിലുള്ളതെല്ലാം യഹോവയോടു തുറന്നുപറഞ്ഞു. (ഇയ്യോ. 10:1, 2; 16:20) ഉദാഹരണത്തിന്, 3-ാം അധ്യായത്തിൽ തന്റെ ജീവിതത്തിലെ ദുരന്തങ്ങൾക്കൊക്കെ കാരണം യഹോവയാണെന്നു തെറ്റായി ചിന്തിച്ചുകൊണ്ട് ഇയ്യോബ് യഹോവയോടു പരാതിപ്പെടുന്നതു കാണാം. പിന്നെ മൂന്നു കൂട്ടുകാർ വീണ്ടുംവീണ്ടും കുറ്റപ്പെടുത്താൻ ശ്രമിച്ചപ്പോൾ താൻ വിശ്വസ്തനാണെന്നു കാണിക്കാൻവേണ്ടി ഇയ്യോബ് വാദിക്കുന്നുണ്ട്; മിക്കപ്പോഴും ആ മറുപടികൾ യഹോവയോടായിരുന്നു. താൻ ദൈവത്തെക്കാൾ നീതിമാനാണെന്ന് ഇയ്യോബ് കുറച്ച് സമയത്തേക്ക് ചിന്തിച്ചതായി അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. (ഇയ്യോ. 10:1-3; 32:1, 2; 35:1, 2) ശരിക്കുംപറഞ്ഞാൽ, തന്റെ നിഷ്കളങ്കത തെളിയിക്കാനുള്ള ശ്രമത്തിനിടയിൽ പലതും ‘ചിന്തിക്കാതെ പറഞ്ഞുപോയെന്ന്’ ഇയ്യോബുതന്നെ സമ്മതിക്കുന്നുണ്ട്. (ഇയ്യോ. 6:3, 26) ഇനി 31-ാം അധ്യായത്തിൽ, തന്നിൽ കുറ്റമൊന്നുമില്ലെന്നു ദൈവംതന്നെ പറയണമെന്ന് ഇയ്യോബ് ആവശ്യപ്പെട്ടതായി നമ്മൾ കാണുന്നു. (ഇയ്യോ. 31:35) എന്തുതന്നെയായാലും, തന്റെ കഷ്ടപ്പാടുകൾക്കു പിന്നിലെ കാരണം എന്താണെന്നു ദൈവം നേരിട്ട് പറയണമെന്ന ആ നിലപാട് തെറ്റായിരുന്നു.
11. തന്റെ നിഷ്കളങ്കത തെളിയിക്കാനുള്ള ഇയ്യോബിന്റെ ശ്രമങ്ങളോട് യഹോവ എങ്ങനെ പ്രതികരിച്ചു?
11 കടുത്ത നിരാശയിൽ ഇയ്യോബ് പറഞ്ഞുപോയ വാക്കുകളെക്കുറിച്ച് ഒന്നുകൂടി ചിന്തിച്ചാൽ ഒരു കാര്യം മനസ്സിലാകും: യഹോവയോടുള്ള ശക്തമായ സൗഹൃദത്തിൽനിന്നും തന്റെ നിഷ്കളങ്കത ദൈവം തിരിച്ചറിയുമെന്ന ഉറച്ച ബോധ്യത്തിൽനിന്നും വന്ന വാക്കുകളായിരുന്നു അവ. അവസാനം കൊടുങ്കാറ്റിൽനിന്ന് ഇയ്യോബിന് ഉത്തരം കൊടുത്തപ്പോൾ, ഇയ്യോബ് കഷ്ടത സഹിക്കുന്നതിന്റെ കാരണത്തെക്കുറിച്ചോ അതിന്റെ വിശദാംശങ്ങളെക്കുറിച്ചോ യഹോവ പറഞ്ഞില്ല. അതുപോലെ തന്റെ നിഷ്കളങ്കത തെളിയിക്കാനുള്ള ഇയ്യോബിന്റെ ശ്രമങ്ങളെയോ പറഞ്ഞുകൂട്ടിയ പരാതികളെയോ ഒന്നും ദൈവം കുറ്റപ്പെടുത്തിയുമില്ല. പകരം ഒരു അപ്പൻ മകനെ പഠിപ്പിക്കുന്നതുപോലെ യഹോവ ഇയ്യോബിനെ പഠിപ്പിച്ചു. അതുതന്നെയായിരുന്നു ശരിയായ രീതിയും. എന്തു ഫലമുണ്ടായി? തനിക്കു വളരെ കുറച്ച് കാര്യങ്ങളേ അറിയൂ എന്ന് ഇയ്യോബ് താഴ്മയോടെ സമ്മതിച്ചു. ചിന്തിക്കാതെ പലതും പറഞ്ഞുപോയത് ഓർത്ത് അദ്ദേഹത്തിനു പശ്ചാത്താപം തോന്നി. (ഇയ്യോ. 31:6; 40:4, 5; 42:1-6) ഈ വിവരണം മുൻകാലങ്ങളിലെ ദൈവദാസരെ എങ്ങനെ സഹായിച്ചിട്ടുണ്ടാകും? അത് ഇന്നു നമ്മളെ എങ്ങനെ സഹായിക്കും?
12. ഇയ്യോബിന്റെ വിവരണത്തിൽനിന്ന് ഇസ്രായേല്യർ എങ്ങനെ പ്രയോജനം നേടിക്കാണും?
12 ഇസ്രായേല്യർക്ക് എങ്ങനെ പ്രയോജനം ചെയ്തുകാണും? ഇയ്യോബിനു സംഭവിച്ച കാര്യങ്ങളിൽനിന്ന് ഇസ്രായേല്യർ പലതും പഠിച്ചിട്ടുണ്ടാകും. ഉദാഹരണത്തിന് മോശയെക്കുറിച്ച് ചിന്തിക്കുക. ഇസ്രായേൽ ജനതയുടെ നേതാവായതുമുതൽ ഒരുപാട് ബുദ്ധിമുട്ടുകളും നിരുത്സാഹവും നിരാശയും അദ്ദേഹത്തിനു സഹിക്കേണ്ടിവന്നു. മത്സരികളായ ഇസ്രായേല്യർ മിക്കപ്പോഴും യഹോവയ്ക്ക് എതിരെ പരാതി പറഞ്ഞപ്പോൾ മോശ ഇയ്യോബിനെപ്പോലെ തന്റെ പരാതികളുമായി യഹോവയുടെ അടുത്തേക്കാണ് പോയത്. (പുറ. 16:6-8; സംഖ്യ 11:10-14; 14:1-4, 11; 16:41, 49; 17:5) ഇനി, ദൈവം മോശയെ തിരുത്തിയപ്പോഴും ഇയ്യോബിന്റെ വിവരണം അദ്ദേഹത്തിനു പ്രയോജനപ്പെട്ടുകാണും. ഉദാഹരണത്തിന് ഇസ്രായേല്യർ വാഗ്ദത്തദേശത്തേക്ക് കടക്കുന്നതിനു തൊട്ടുമുമ്പ്, അവർ കാദേശിൽ പാളയമടിച്ചിരുന്ന സമയത്ത് മോശ “ചിന്താശൂന്യമായി സംസാരിച്ചു;” യഹോവയുടെ പേര് മഹത്ത്വപ്പെടുത്താൻ പരാജയപ്പെട്ടു. (സങ്കീ. 106:32, 33) അതുകൊണ്ട് മോശയെ വാഗ്ദത്തദേശത്തേക്ക് കടക്കാൻ യഹോവ അനുവദിച്ചില്ല. (ആവ. 32:50-52) ആ ശിക്ഷ കേട്ടപ്പോൾ അദ്ദേഹത്തിന് എത്ര നിരാശ തോന്നിക്കാണും! എങ്കിലും മോശ അതു താഴ്മയോടെ സ്വീകരിച്ചു. ഇനി ഇയ്യോബിന്റെ വിവരണം, പ്രശ്നങ്ങൾ സഹിച്ചുനിൽക്കാൻ ഇസ്രായേല്യരുടെ പിൻതലമുറക്കാരെയും സഹായിച്ചുകാണും. ആ വിവരണത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ, വികാരങ്ങൾ യഹോവയോട് എങ്ങനെ തുറന്നുപറയാമെന്നും ദൈവമുമ്പാകെ തങ്ങളെത്തന്നെ ന്യായീകരിക്കുന്നത് എങ്ങനെ ഒഴിവാക്കാമെന്നും വിശ്വസ്തരായവർക്കു മനസ്സിലാകുമായിരുന്നു. അതുപോലെ യഹോവ തിരുത്തുമ്പോൾ അതു താഴ്മയോടെ എങ്ങനെ സ്വീകരിക്കണമെന്നും അവർ അതിൽനിന്ന് പഠിച്ചുകാണും.
13. ഇയ്യോബിന്റെ വിവരണം സഹിച്ചുനിൽക്കാൻ നമ്മളെ എങ്ങനെ സഹായിക്കും? (എബ്രായർ 10:36)
13 നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും? ക്രിസ്ത്യാനികളായ നമുക്കും സഹനശക്തി വേണം. (എബ്രായർ 10:36 വായിക്കുക.) ഉദാഹരണത്തിന്, നമ്മളിൽ ചിലർ ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും രോഗമോ കുടുംബത്തിലെ പ്രശ്നങ്ങളോ പ്രിയപ്പെട്ട ഒരാൾ മരിച്ചതിന്റെ വേദനയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഗുരുതരമായ പ്രശ്നങ്ങളോ സഹിക്കുന്നുണ്ടാകാം. അത്തരം സാഹചര്യങ്ങളിൽ മറ്റുള്ളവർ നമ്മളെ വേദനിപ്പിക്കുന്ന എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ കൂടെ ചെയ്താൽ സഹിച്ചുനിൽക്കുന്നത് നമുക്കു കൂടുതൽ ബുദ്ധിമുട്ടായേക്കാം. (സുഭാ. 12:18) എന്നാൽ, യഹോവ ഉറപ്പായും കേൾക്കുമെന്ന ബോധ്യത്തോടെ നമ്മുടെ ഉള്ളിലുള്ളതെല്ലാം ദൈവത്തോടു തുറന്നുപറയാനാകുമെന്ന് ഇയ്യോബിന്റെ പുസ്തകം പഠിപ്പിക്കുന്നു. (1 യോഹ. 5:14) ഇയ്യോബിനു സംഭവിച്ചതുപോലെ, ഹൃദയത്തിൽനിന്നുള്ള നമ്മുടെ പ്രാർഥനകൾ ചിലപ്പോൾ ‘ചിന്തിക്കാതെയുള്ള വാക്കുകളായി’ പോയേക്കാം. പക്ഷേ യഹോവ നമ്മളെ കുറ്റപ്പെടുത്തില്ല; പകരം സഹിച്ചുനിൽക്കാൻ വേണ്ട ശക്തിയും ജ്ഞാനവും ദൈവം തരും. (2 ദിന. 16:9; യാക്കോ. 1:5) ഇനി ഇയ്യോബിന്റെ കാര്യത്തിലെന്നപോലെ ദൈവം ചിലപ്പോൾ നമുക്ക് ആവശ്യമായ തിരുത്തലും തന്നേക്കാം. ദൈവവചനത്തിൽനിന്നോ സംഘടനയിൽനിന്നോ പക്വതയുള്ള കൂട്ടുകാരിൽനിന്നോ നമുക്കു ശിക്ഷണമോ തിരുത്തലോ കിട്ടുമ്പോൾ എങ്ങനെ മടുത്തുപോകാതിരിക്കാമെന്നും ഇയ്യോബിന്റെ പുസ്തകം പഠിപ്പിക്കുന്നുണ്ട്. (എബ്രാ. 12:5-7) തിരുത്തൽ താഴ്മയോടെ സ്വീകരിച്ചപ്പോൾ ഇയ്യോബിന് പ്രയോജനം കിട്ടിയതുപോലെ, മാറ്റങ്ങൾ വരുത്താൻ തയ്യാറാകുമ്പോൾ നമുക്കും പ്രയോജനം കിട്ടും. (2 കൊരി. 13:11) ഇയ്യോബിൽനിന്ന് എത്രയെത്ര പാഠങ്ങളാണ് പഠിക്കാനുള്ളത്! ഈ വിവരണം ഉപയോഗിച്ചുകൊണ്ട് നമുക്ക് മറ്റുള്ളവരെ എങ്ങനെ സഹായിക്കാമെന്ന് ഇനി നോക്കാം.
മറ്റുള്ളവരെ സഹായിക്കാൻ ഇയ്യോബിന്റെ പുസ്തകം ഉപയോഗിക്കുക
14. എന്തുകൊണ്ടാണ് ഇത്രയധികം കഷ്ടപ്പാടുള്ളതെന്ന് വിശദീകരിക്കാനാകുന്ന ഒരു രീതി ഏതാണ്?
14 എന്തുകൊണ്ടാണ് ഇത്രയധികം കഷ്ടപ്പാടുകൾ ഉള്ളതെന്നു ശുശ്രൂഷയിലായിരിക്കുമ്പോൾ ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? അതിന് നിങ്ങൾ എങ്ങനെയാണ് മറുപടി കൊടുത്തത്? ഏദെൻ തോട്ടത്തിലെ സംഭവം പറഞ്ഞായിരിക്കും നിങ്ങൾ തുടങ്ങിയത്. ദുഷ്ടദൂതനായ സാത്താൻ ആദ്യ മനുഷ്യദമ്പതികളോട് നുണ പറഞ്ഞെന്നും അങ്ങനെ ദൈവത്തിനെതിരെ മത്സരിക്കാൻ അവരെ പ്രേരിപ്പിച്ചെന്നും നിങ്ങൾ പറഞ്ഞിട്ടുണ്ടാകും. (ഉൽപ. 3:1-6) ആദാമും ഹവ്വയും ദൈവത്തോട് മത്സരിച്ചതുകൊണ്ടാണ് ഭൂമിയിൽ കഷ്ടപ്പാടും മരണവും വന്നതെന്നു നിങ്ങൾ തുടർന്ന് വിശദീകരിച്ചിട്ടുണ്ടാകും. (റോമ. 5:12) അവസാനം, സാത്താൻ പറഞ്ഞതൊക്കെ നുണയാണെന്നു തെളിയിക്കാനും മനുഷ്യർ വീണ്ടും പൂർണരായിത്തീരുമെന്ന സന്തോഷവാർത്ത എല്ലാവരും അറിയാനും ദൈവം സമയം അനുവദിച്ചിരിക്കുകയാണെന്നു നിങ്ങൾ പറഞ്ഞിരിക്കാം. (വെളി. 21:3, 4) ഇതൊരു നല്ല ന്യായവാദരീതിയാണ്, അതിനു നല്ല ഫലം തരാനുമാകും.
15. എന്തുകൊണ്ടാണ് ഇത്രയധികം കഷ്ടപ്പാടുള്ളതെന്നു വിശദീകരിക്കാൻ ഇയ്യോബിന്റെ പുസ്തകം എങ്ങനെ ഉപയോഗിക്കാം? (ചിത്രങ്ങളും കാണുക.)
15 ഇനി, കഷ്ടപ്പാടുകളുടെ കാരണത്തെക്കുറിച്ച് ഇയ്യോബിന്റെ പുസ്തകത്തിൽനിന്ന് വിശദീകരിക്കാനാകുന്ന ഒരു രീതി നോക്കാം. ആദ്യംതന്നെ, ആ നല്ല ചോദ്യം ചോദിച്ചതിനു വീട്ടുകാരനെ അഭിനന്ദിക്കാം. തുടർന്ന്, ഒരുപാട് കഷ്ടപ്പാട് അനുഭവിക്കേണ്ടിവന്ന ഇയ്യോബ് എന്നൊരാൾ ഇതേ ചോദ്യം ചോദിച്ചിട്ടുണ്ടെന്നു പറയാം. ദൈവമാണ് തനിക്ക് ഇത്രയും വേദനകൾ തന്നതെന്നുപോലും ഇയ്യോബ് ചിന്തിച്ചു. (ഇയ്യോ. 7:17-21) ഇതു തന്റെ മാത്രമല്ല പണ്ടുമുതലേ ആളുകളുടെ മനസ്സിലുള്ള ഒരു ചോദ്യമാണെന്നു തിരിച്ചറിയാൻ അതു വീട്ടുകാരനെ സഹായിച്ചേക്കാം. തുടർന്ന്, ഇയ്യോബിന്റെ പ്രശ്നങ്ങൾക്കു കാരണം ദൈവമായിരുന്നില്ല, സാത്താനായിരുന്നു എന്നു നയത്തോടെ നിങ്ങൾക്കു വിശദീകരിക്കാനാകും. മനുഷ്യർ ദൈവത്തെ സേവിക്കുന്നതു സ്വന്തം നേട്ടങ്ങൾക്കു വേണ്ടിയാണെന്ന് തെളിയിക്കാനാണ് സാത്താൻ അങ്ങനെ ചെയ്തത്. ഇയ്യോബിനു കഷ്ടപ്പാടുകൾ കൊണ്ടുവന്നത് ദൈവമല്ലെങ്കിലും അത് അനുവദിച്ചതിൽനിന്ന് ഒരു കാര്യം മനസ്സിലാക്കാമെന്നു വീട്ടുകാരനോടു പറയാം—വിശ്വസ്തരായ മനുഷ്യർ സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കുമെന്ന കാര്യത്തിൽ ദൈവത്തിന് ഉറപ്പുണ്ട്. അവസാനം, വിശ്വസ്തനായിനിന്ന ഇയ്യോബിനെ ദൈവം അനുഗ്രഹിച്ചതിനെക്കുറിച്ചും നിങ്ങൾക്ക് ആ വ്യക്തിയോട് പറയാനാകും. അങ്ങനെ, കഷ്ടപ്പാടുകൾ ഒരിക്കലും യഹോവയല്ല തരുന്നതെന്ന് പറഞ്ഞുകൊണ്ട് നമുക്ക് ആളുകളെ ആശ്വസിപ്പിക്കാം.
“ദൈവം ദുഷ്ടത പ്രവർത്തിക്കില്ലെന്നു” മറ്റുള്ളവർക്ക് ഉറപ്പുകൊടുക്കാൻ ഇയ്യോബിന്റെ പുസ്തകം നിങ്ങൾക്ക് എങ്ങനെ ഉപയോഗിക്കാം? (15-ാം ഖണ്ഡിക കാണുക)
16. കഷ്ടപ്പാട് അനുഭവിക്കുന്നവരെ ഇയ്യോബിന്റെ പുസ്തകം എങ്ങനെ സഹായിക്കുമെന്ന് കാണിക്കുന്ന ഒരു അനുഭവം പറയുക.
16 ഇയ്യോബിന്റെ പുസ്തകത്തിൽനിന്ന് പ്രയോജനം കിട്ടിയ ഒരാളുടെ അനുഭവം നോക്കാം. 2021-ൽ ഒരു സഹോദരി ടെലിഫോൺ സാക്ഷീകരണം ചെയ്തപ്പോൾ ആദ്യം കിട്ടിയത് മാരിയോ എന്നൊരാളെയാണ്. സഹോദരി അദ്ദേഹത്തെ ഒരു ബൈബിൾവാക്യം വായിച്ചുകേൾപ്പിച്ചു. എന്നിട്ട്, ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കുക മാത്രമല്ല നല്ലൊരു ഭാവിയും പ്രത്യാശയും തരുന്നുമുണ്ടെന്ന് വിശദീകരിച്ചു. ഇതെക്കുറിച്ച് എന്തു തോന്നുന്നു എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, സഹോദരി വിളിക്കുന്ന സമയത്ത് അദ്ദേഹം ഒരു ആത്മഹത്യാക്കുറിപ്പ് എഴുതുകയായിരുന്നു എന്നാണ്. മാരിയോ ഇങ്ങനെ പറഞ്ഞു: “എനിക്ക് ദൈവത്തിൽ വിശ്വാസമുണ്ട്. പക്ഷേ ദൈവം എന്നെ ഉപേക്ഷിച്ചുകളഞ്ഞല്ലോ എന്നു ഞാൻ ഇന്ന് രാവിലെ ചിന്തിച്ചതേയുള്ളൂ.” സഹോദരി രണ്ടാമത് വിളിച്ചപ്പോൾ, ഇയ്യോബ് അനുഭവിച്ച പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹവുമായി ചർച്ച ചെയ്തു. ഇയ്യോബിന്റെ പുസ്തകം മുഴുവൻ വായിക്കാൻ മാരിയോ തീരുമാനിച്ചു. അങ്ങനെ സഹോദരി വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിന്റെ ലിങ്ക് അയച്ചുകൊടുത്തു. ഇതിന്റെയെല്ലാം ഫലം എന്തായിരുന്നു? മാരിയോ ഒരു ബൈബിൾപഠനം സ്വീകരിച്ചു. തന്നോടു സ്നേഹം കാണിച്ച ദൈവത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ അദ്ദേഹത്തിന് ആവേശം തോന്നി.
17. തന്റെ വചനത്തിൽ ഇയ്യോബിന്റെ പുസ്തകം ഉൾപ്പെടുത്തിയതിൽ നമുക്ക് യഹോവയോട് നന്ദിയുള്ളത് എന്തുകൊണ്ട്? (ഇയ്യോബ് 34:12)
17 ദൈവവചനത്തിന് ആളുകളെ സഹായിക്കാനുള്ള, പ്രത്യേകിച്ച്, കഷ്ടപ്പെടുന്നവരെ ആശ്വസിപ്പിക്കാനുള്ള വലിയ ശക്തിയുണ്ട്. (എബ്രാ. 4:12) ഇയ്യോബിന്റെ പുസ്തകം ബൈബിളിൽ ഉൾപ്പെടുത്തിയതിൽ നമുക്ക് യഹോവയോട് എത്ര നന്ദിയുണ്ട്! (ഇയ്യോ. 19:23, 24) “ദൈവം ദുഷ്ടത പ്രവർത്തിക്കില്ലെന്ന്” ഇയ്യോബിന്റെ പുസ്തകം ഉറപ്പു തരുന്നു. (ഇയ്യോബ് 34:12 വായിക്കുക.) ദൈവം കഷ്ടപ്പാടുകൾ അനുവദിക്കുന്നത് എന്തുകൊണ്ടാണെന്നും അത് എങ്ങനെ സഹിച്ചുനിൽക്കാമെന്നും ആ പുസ്തകം നമ്മളെ പഠിപ്പിക്കുന്നുണ്ട്. അതോടൊപ്പം കഷ്ടപ്പെടുന്നവരെ ആശ്വസിപ്പിക്കാനും അതു നമ്മളെ സഹായിക്കുന്നു. അടുത്ത ലേഖനത്തിൽ, മറ്റുള്ളവർക്ക് ഉപദേശം കൊടുക്കേണ്ടിവരുമ്പോൾ ഇയ്യോബിന്റെ പുസ്തകം എങ്ങനെ സഹായിക്കുമെന്നു നോക്കാം.
ഗീതം 156 വിശ്വാസക്കണ്ണുകളാൽ
a യഹോവയും സാത്താനും തമ്മിലുള്ള സംഭാഷണം നടന്നതും ഇയ്യോബ് പ്രശ്നങ്ങൾ നേരിട്ടതും, വിശ്വസ്തനായ യോസേഫിന്റെ മരണത്തിനും (ബി.സി. 1657) മോശയെ ഇസ്രായേലിന്റെ നേതാവായി നിയമിച്ചതിനും (ഏ. ബി.സി. 1514) ഇടയിലുള്ള സമയത്തായിരിക്കാം.
b ചില പേരുകൾക്ക് മാറ്റം വരുത്തിയിരിക്കുന്നു.