ആരാണു യഥാർഥ സമാധാന സന്ദേശവാഹകർ?
പ്രത്യക്ഷത്തിൽ സമാധാന സന്ദേശമെന്നു തോന്നിയ ഒന്നാണ് 1996 മേയ് 31-ന് വാർത്താകേന്ദ്രങ്ങൾ പ്രഘോഷിച്ചത്. അതിന്റെ തലേന്ന്, ഇസ്രായേലിന്റെ പ്രധാനമന്ത്രി ആയിത്തീരാൻ പോകുകയായിരുന്ന ബന്യാമിൻ നെതന്യാഹൂ, “ഇസ്രായേലും പാലസ്തീൻ ഉൾപ്പെടെയുള്ള അതിന്റെ അയൽരാജ്യങ്ങളും തമ്മിലുള്ള സമാധാനപ്രക്രിയ, സുരക്ഷിതത്വത്തോടെയുള്ള സമാധാനം, തുടരുന്നതിന് വളരെയധികം കടപ്പെട്ടിരിക്കുന്നു” എന്നു സ്ഥിരീകരിച്ചുകൊണ്ട് ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുകയുണ്ടായി.
വളരെയധികം കൊട്ടിഘോഷിക്കപ്പെട്ട നെതന്യാഹൂവിന്റെ തെരഞ്ഞെടുപ്പു വിജയം, മധ്യപൂർവദേശത്തു സമാധാനം യാഥാർഥ്യമായിത്തീരുമോ എന്നു ചിന്തിക്കാൻ പലർക്കും കാരണമേകി. അതു സാധ്യമെങ്കിൽ, ഭിന്നതകൾ മറന്നുകൊണ്ട് മറ്റു രാഷ്ട്രങ്ങൾ അത് അനുകരിക്കുമോ?
തീർച്ചയായും, സമാധാനം നേടിയെടുക്കുന്നതിനെക്കാൾ എളുപ്പമാണ് അതു വാഗ്ദാനം ചെയ്യുന്നത്. ഇതു തിരിച്ചറിഞ്ഞ പലരും സംശയാലുക്കളായിരുന്നു. ഹെമി ഷാലേവ് എന്ന പത്രപ്രവർത്തകൻ പറഞ്ഞതുപോലെ, “വിടുതൽ അടുത്തിരിക്കുന്നു എന്ന തോന്നലാണ് ഇസ്രായേലിലെ പകുതിപ്പേർക്കുമുള്ളത്, മറ്റേ പകുതിപ്പേർ വിശ്വസിക്കുന്നതോ ഇസ്രായേൽ ഭൂമിയിലെ ഒരു നരകത്തിൽ കുരുങ്ങിപ്പോയിരിക്കുന്നുവെന്നും.” ചുരുക്കത്തിൽ, അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: “ചിലർ സന്തോഷിക്കുന്നു; മറ്റു ചിലർ സന്താപിക്കുന്നു.”
സമാധാനം കൈവരുത്താൻ മനുഷ്യൻ ശ്രമിക്കുമ്പോഴുള്ള അവസ്ഥയാണിത്. ഒരു നേതാവും അയാളുടെ പിന്തുണക്കാരും നേടുന്ന വിജയം എതിർകക്ഷിക്കു പരാജയമായി മാറുന്നു. അതൃപ്തി മിഥ്യാബോധത്തിലേക്കും മിഥ്യാബോധം മിക്കപ്പോഴും മത്സരത്തിലേക്കും നയിക്കുന്നു. മധ്യപൂർവദേശത്തോ ലാറ്റിനമേരിക്കയിലോ പൂർവ യൂറോപ്പിലോ മറ്റെവിടെയെങ്കിലുമോ ആയിരുന്നാലും സമാധാനം കൈവരിക്കാനുള്ള മനുഷ്യവർഗത്തിന്റെ ശ്രമങ്ങൾ തീർത്തും പൊള്ളയാണ്.
യഥാർഥ സമാധാനം സമീപിച്ചിരിക്കുന്നു!
മധ്യപൂർവദേശത്തെ സമാധാനം പ്രത്യേകിച്ചും ഒരു ചൂടുള്ള വാർത്തയായിരുന്ന സമയത്ത്, മറ്റൊരു സമാധാന സന്ദേശം കേൾക്കാമായിരുന്നു. വളരെ കൊട്ടിഘോഷിച്ച ഒരു രാഷ്ട്രീയ പ്രസംഗമോ രാഷ്ട്രങ്ങൾ തമ്മിലുള്ള സമാധാന ഉടമ്പടിയോ ഒന്നുമായിരുന്നില്ല അത്. മറിച്ച്, ദൈവരാജ്യത്തിലൂടെ മാത്രം വരാനിരിക്കുന്ന സമാധാനത്തെക്കുറിച്ചാണ് ആ സന്ദേശം പ്രഘോഷിച്ചത്. ഈ സന്ദേശം എവിടെയാണു കേട്ടത്? 1996/97-ൽ യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി നടത്തിയ 1,900-ത്തിലധികം “ദൈവസമാധാന സന്ദേശവാഹകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിലാണ് അതു കേട്ടത്.
യാതൊരു മാനുഷ ഗവൺമെൻറിനും യഥാർഥ സമാധാനവും സുരക്ഷിതത്വവും കൈവരുത്താൻ കഴിയുകയില്ലെന്ന് ഈ കൺവെൻഷനുകളിൽ വ്യക്തമാക്കുകയുണ്ടായി. എന്തുകൊണ്ട്? പ്രതിദിനം നമ്മുടെ സമാധാനത്തെ കവർന്നുകളയുന്ന കാര്യങ്ങൾക്ക് അറുതി വരുത്തേണ്ടത് അത് ആവശ്യമാക്കിത്തീർക്കും എന്നതുതന്നെ കാരണം. യഥാർഥ സമാധാനമെന്നാൽ, യുദ്ധത്തിന്റെയോ അക്രമത്തിന്റെയോ ഭീഷണി കൂടാതെ ഓരോ പ്രഭാതത്തിലും ഉണർന്നെഴുന്നേൽക്കാൻ കഴിയുക എന്നാണർഥം. അപ്പോൾ കുറ്റകൃത്യമുണ്ടായിരിക്കുകയില്ല, വാതിലുകൾ പൂട്ടേണ്ടിവരുകയില്ല, തെരുവിൽ നടക്കാൻ ഭയപ്പെടേണ്ടതില്ല, കുടുംബങ്ങൾ ഛിദ്രിതമായിത്തീരുകയില്ല. ഭൂമിയിലെ ഏതു ഗവൺമെൻറിനാണ് ഇതെല്ലാം നിവർത്തിക്കാൻ സാധിക്കുക? അതു വാഗ്ദാനം ചെയ്യാനെങ്കിലും ഭൂമിയിലെ ഏതു ഗവൺമെൻറാണു ധൈര്യപ്പെടുക?
എന്നാൽ, ദൈവരാജ്യത്തിന് ഇത്തരം കാര്യങ്ങൾ കൈവരുത്താൻ കഴിയുമെന്നു മാത്രമല്ല, അവ കൈവരുത്തുകയും ചെയ്യും. ബൈബിൾ ഇങ്ങനെ വാഗ്ദത്തം ചെയ്യുന്നു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളിപ്പാടു 21:3-5) യാതന അനുഭവിക്കുന്ന മനുഷ്യവർഗത്തിന് എന്തൊരു ആശ്വാസമായിരിക്കുമത്!
യഹോവയാം ദൈവത്തിന്റെ വാഗ്ദത്തം പൊള്ളയായ ഒന്നല്ല. ബൈബിൾ നമുക്ക് ഈ ഉറപ്പു തരുന്നു: “വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ?” (സംഖ്യാപുസ്തകം 23:19) അതേ, ദൈവം അരുളിച്ചെയ്തതു നിവൃത്തിയാകുകതന്നെ ചെയ്യും, അവന്റെ പക്ഷത്തു നിലയുറപ്പിക്കുന്ന ഏവർക്കും അത് അനുഗ്രഹങ്ങളും കൈവരുത്തും.
ദൈവത്തിന്റെ സമാധാന സന്ദേശവാഹകർ
തീക്ഷ്ണതയോടെ ദൈവരാജ്യം പ്രസംഗിക്കുന്നതിനു പേരുകേട്ടവരാണു യഹോവയുടെ സാക്ഷികൾ. ബൈബിളിന്റെ ഹൃദയോഷ്മള സന്ദേശം മറ്റുള്ളവരുമായി പങ്കുവെച്ചുകൊണ്ട് അവർ മൊത്തത്തിൽ 100 കോടിയിലധികം മണിക്കൂർ ഓരോ വർഷവും ചെലവഴിക്കുന്നു. അത് യേശുവിന്റെ വാക്കുകളുടെ നിവൃത്തിയായാണ്: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) സാക്ഷികൾ അറിയിക്കുന്ന സന്ദേശം തീർച്ചയായും “സുവിശേഷ”മാണ്. കാരണം, മനുഷ്യവർഗത്തിന്റെ ഏക പ്രത്യാശ ദൈവത്തിന്റെ സ്വർഗീയ രാജ്യമാണെന്ന് അതു പ്രസിദ്ധപ്പെടുത്തുന്നു. ഭാവി സംബന്ധിച്ച് എന്തൊരു ഉറപ്പുള്ള പ്രതീക്ഷയാണത്!
ദൈവരാജ്യം ഇപ്പോൾപോലും അതിന്റെ പ്രജകളിൽ സമാധാനത്തിന്റെയും സഹോദര സ്നേഹത്തിന്റെയും ഒരു യഥാർഥ ബന്ധം വളർത്തിയെടുത്തുകൊണ്ടിരിക്കുന്നു. യേശു പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും” (യോഹന്നാൻ 13:35) സത്യക്രിസ്ത്യാനിത്വത്തിന്റെ ഈ അടിസ്ഥാന വ്യവസ്ഥയ്ക്കു ചേർച്ചയിൽ ജീവിക്കാൻ യഹോവയുടെ സാക്ഷികൾ പരിശ്രമിക്കുന്നു. തത്ഫലമായി, യഹൂദരെയും അറബികളെയും, ക്രൊയേഷ്യക്കാരെയും സെർബിയക്കാരെയും, ഹൂട്ടുവിനെയും ടൂട്സിയെയും കോർത്തിണക്കുന്ന അത്ഭുതാവഹമായ ഒരു സാഹോദര്യമാണ് അവരുടേത്. മനുഷ്യവർഗത്തിന്റെ ഭൂരിഭാഗത്തിനും ഇപ്പോൾ സ്വപ്നം മാത്രമായിരിക്കുന്ന ഈ സമാധാനം ലോകവ്യാപകമായി ലക്ഷക്കണക്കിനു യഹോവയുടെ സാക്ഷികൾ ആസ്വദിക്കുന്നു.
ബൈബിൾ തത്ത്വങ്ങൾക്കനുസരിച്ചു തുടർന്നു ജീവിക്കാനും ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിച്ചുകൊണ്ടിരിക്കാനുമുള്ള പ്രോത്സാഹനമായിരുന്നു “ദൈവസമാധാന സന്ദേശവാഹകർ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ പരിപാടിയുടെ സവിശേഷത. ലക്ഷക്കണക്കിനാളുകൾ ആസ്വദിച്ച, പ്രോത്സാഹജനകമായ ത്രിദിന കൺവെൻഷനെക്കുറിച്ചുള്ള പിൻവരുന്ന റിപ്പോർട്ടു വായിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.