യഥാർഥ സമാധാനം—ഏത് ഉറവിൽനിന്ന്?
“[യഹോവ] ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു.”—സങ്കീർത്തനം 46:9.
1. യെശയ്യാവിന്റെ പ്രവചനത്തിൽ നാം സമാധാനത്തെക്കുറിച്ചുള്ള അത്ഭുതകരമായ ഏതു പ്രവചനം കാണുന്നു?
“നീതിയുടെ ഫലം സമാധാനമായിരിക്കും; നീതിയുടെ പരിണതഫലം പ്രശാന്തതയും എന്നേക്കുമുള്ള പ്രത്യാശയും ആയിരിക്കും. എന്റെ ജനം സമാധാനപൂർണ്ണമായ വസതിയിൽ പാർക്കും; സുരക്ഷിതമായ ഭവനങ്ങളിലും പ്രശാന്തമായ വിശ്രമസങ്കേതങ്ങളിലും തന്നെ.” (യെശയ്യാവു 32:17, 18, പി.ഒ.സി. ബൈബിൾ) എത്ര മനോഹരമായ വാഗ്ദാനം! ദൈവം വരുത്തുന്ന യഥാർഥ സമാധാനത്തെക്കുറിച്ചുള്ള വാഗ്ദാനമാണത്.
2, 3. യഥാർഥ സമാധാനത്തെ വർണിക്കുക.
2 എന്നാൽ യഥാർഥ സമാധാനം എന്താണ്? കേവലം യുദ്ധമില്ലാത്ത അവസ്ഥയാണോ? അതോ അടുത്ത യുദ്ധത്തിനായി രാഷ്ട്രങ്ങൾ ഒരുങ്ങുന്ന കാലഘട്ടമോ? യഥാർഥ സമാധാനം ഒരു സ്വപ്നം മാത്രമാണോ? നമുക്ക് ആശ്രയയോഗ്യമായ ഉത്തരങ്ങൾ ആവശ്യമായിരിക്കുന്ന ചോദ്യങ്ങളാണ് ഇവ. ഒന്ന്, യഥാർഥ സമാധാനം കേവലമൊരു സ്വപ്നമല്ല. ഈ ലോകത്തിനു വിഭാവന ചെയ്യാൻ കഴിയുന്ന എന്തിനെക്കാളും മഹത്തരമാണ് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന സമാധാനം. (യെശയ്യാവു 64:4) ഏതാനും വർഷമോ പതിറ്റാണ്ടുകളോ മാത്രം നിലനിൽക്കുന്ന സമാധാനമല്ല അത്. അത് എന്നേക്കും നിലനിൽക്കുന്നതാണ്! അനുഗൃഹീതരായ ചിലയാളുകൾക്കു മാത്രമായുള്ളതല്ല ആ സമാധാനം—അതു സ്വർഗത്തെയും ഭൂമിയെയും ദൂതന്മാരെയും മനുഷ്യരെയും ബാധിക്കുന്നതാണ്. അത് എല്ലാ രാഷ്ട്രങ്ങളിലും വംശീയ കൂട്ടങ്ങളിലും ഭാഷകളിലും നിറങ്ങളിലുമുള്ള ആളുകളിലേക്ക് എത്തിച്ചേരുന്നു. അതിന് അതിർവരമ്പുകളോ പ്രതിബന്ധങ്ങളോ പരാജയങ്ങളോ ഇല്ല.—സങ്കീർത്തനം 72:7, 8; യെശയ്യാവു 48:18.
3 യഥാർഥ സമാധാനത്തിന്റെ അർഥം എല്ലാ ദിവസവും സമാധാനമുണ്ടായിരിക്കുമെന്നാണ്. യുദ്ധത്തെക്കുറിച്ചുള്ള ചിന്തയില്ലാതെ, നിങ്ങളുടെയോ കുട്ടികളുടെയോ എന്തിനു നിങ്ങളുടെ പേരക്കുട്ടികളുടെപോലും ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടാതെ നിങ്ങൾക്കു ദിവസേന രാവിലെ ഉണരാൻ കഴിയുമെന്നാണ് അതിന്റെ അർഥം. തികഞ്ഞ മനസ്സമാധാനം എന്നർഥം. (കൊലൊസ്സ്യർ 3:15) അതിനർഥം മേലാൽ കുറ്റകൃത്യങ്ങളോ അക്രമങ്ങളോ ഛിദ്രിച്ച കുടുംബങ്ങളോ ഭവനരഹിതരോ ഉണ്ടായിരിക്കുകയില്ല എന്നാണ്. പട്ടിണിയിലോ കൊടുംതണുപ്പിലോ കിടന്നു മരിക്കുന്നവരില്ല, കൂടാതെ നിരാശയോ ആശാഭംഗമോ ഉണ്ടായിരിക്കുകയില്ല. ഇതിലുമധികമായി ദൈവസമാധാനം രോഗവും വേദനയും ദുഃഖവും മരണവും ഇല്ലാത്ത ഒരു ലോകത്തെ അർഥമാക്കുന്നു. (വെളിപ്പാടു 21:4) യഥാർഥ സമാധാനം എന്നേക്കും ആസ്വദിക്കുകയെന്ന എത്ര ഗംഭീര പ്രത്യാശയാണു നമുക്കുള്ളത്! നാം അഭിലഷിക്കുന്നതരം സമാധാനവും സന്തുഷ്ടിയുമല്ലേ അത്? അത്തരം സമാധാനത്തിനുവേണ്ടിയല്ലേ നാം പ്രാർഥിക്കേണ്ടതും പ്രയത്നിക്കേണ്ടതും?
മനുഷ്യവർഗത്തിന്റെ വിഫല ശ്രമങ്ങൾ
4. സമാധാനത്തിനുവേണ്ടി രാഷ്ട്രങ്ങൾ എന്തു ശ്രമങ്ങൾ നടത്തിയിരിക്കുന്നു, ഫലങ്ങളെന്ത്?
4 നൂറ്റാണ്ടുകളായി മനുഷ്യരും രാഷ്ട്രങ്ങളും സമാധാനത്തെക്കുറിച്ചു സംസാരിക്കുകയും സമാധാനത്തെക്കുറിച്ചു സംവാദങ്ങൾ നടത്തുകയും നൂറുകണക്കിനു സമാധാന ഉടമ്പടികളിൽ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. ഫലമോ? കഴിഞ്ഞ 80 വർഷത്തിൽ, ഏതെങ്കിലുമൊരു രാഷ്ട്രമോ വിഭാഗമോ യുദ്ധത്തിലേർപ്പെടാത്ത ഒരു നിമിഷംപോലും ഉണ്ടായിരുന്നിട്ടില്ല. വ്യക്തമായും, സമാധാനം മനുഷ്യവർഗത്തിന് ഒരു മരീചികയായിരിക്കുകയാണ്. അതുകൊണ്ട് ചോദ്യമിതാണ്, സാർവദേശീയ സമാധാനം കൈവരിക്കാനുള്ള മമനുഷ്യന്റെ ശ്രമങ്ങൾ പരാജയപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്, നിലനിൽക്കുന്ന സമാധാനമായ യഥാർഥ സമാധാനം കൈവരുത്തുന്നതിനു മനുഷ്യൻ അപ്രാപ്തനായിരിക്കുന്നതെന്തുകൊണ്ട്?
5. സമാധാനത്തിനുവേണ്ടിയുള്ള മനുഷ്യശ്രമങ്ങൾ എന്നും പരാജയപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്?
5 മനുഷ്യവർഗം യഥാർഥ സമാധാനത്തിനുള്ള ശരിയായ ഉറവിലേക്കു തിരിഞ്ഞിട്ടില്ലെന്നതാണു ലളിതമായ ഉത്തരം. പിശാചായ സാത്താന്റെ സ്വാധീനത്തിൻ കീഴിൽ മനുഷ്യവർഗം സംഘടനകൾ സ്ഥാപിച്ചു. പക്ഷേ അവ അത്യാഗ്രഹം, ദുരാഗ്രഹം, അധികാരത്തിനും പ്രാമുഖ്യതയ്ക്കുംവേണ്ടിയുള്ള ഭ്രാന്ത് എന്നിങ്ങനെയുള്ള സ്വന്തം ദൗർബല്യങ്ങൾക്കും ദുർഗുണങ്ങൾക്കും ഇരയാകുകയാണുണ്ടായത്. അവർ ഉന്നതപഠനത്തിനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു പോകുകയും ഭാവിസുരക്ഷിതത്വത്തിനായുള്ള സ്ഥാപനങ്ങളും വിദഗ്ധ സമിതികളും രൂപീകരിക്കുകയും ചെയ്തു. എന്നാൽ ഇവ ഞെരുക്കവും നാശവും വരുത്തുന്നതിനുള്ള കൂടുതലായ ഉപാധികൾ ഉണ്ടാക്കുന്നതിനെക്കുറിച്ചു മാത്രമേ ചിന്തിച്ചുള്ളൂ. ഏത് ഉറവിലേക്കാണ് മനുഷ്യൻ നയിക്കപ്പെട്ടിരിക്കുന്നത്? അവർ എങ്ങോട്ട് നോക്കിയിരിക്കുന്നു?
6, 7. (എ) സർവരാജ്യസഖ്യം എന്തു രേഖയാണ് ഉണ്ടാക്കിയിരിക്കുന്നത്? (ബി) ഐക്യരാഷ്ട്രങ്ങളുടെ രേഖയെന്ത്?
6 നിലനിൽക്കുന്ന സമാധാനം കൈവരുത്തുന്നതിനായി രാഷ്ട്രങ്ങൾ മുമ്പ്, 1919-ൽ, സർവരാജ്യസഖ്യത്തിലേക്കു തിരിഞ്ഞു. പക്ഷേ 1935-ൽ മുസോളിനി എത്യോപ്യ ആക്രമിക്കുകയും 1936-ൽ സ്പെയിനിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തപ്പോൾ ആ പ്രതീക്ഷ അസ്ഥാനത്തായി. 1939-ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ആ സഖ്യം മൺമറഞ്ഞു. ആ വ്യാജമായ സമാധാനം 20 വർഷംപോലും നിലനിന്നില്ല.
7 ഐക്യരാഷ്ട്രങ്ങളുടെ കാര്യമോ? ഭൂവ്യാപകമായി നിലനിൽക്കുന്ന സമാധാനം സംബന്ധിച്ച് എന്തെങ്കിലും പ്രതീക്ഷയുണർത്താൻ അതിനു കഴിഞ്ഞിട്ടുണ്ടോ? അശേഷമില്ല. അതു സ്ഥാപിതമായ 1945-നുശേഷം 150-ലധികം യുദ്ധങ്ങളും സായുധ പോരാട്ടങ്ങളുമാണ് നടന്നിരിക്കുന്നത്! യുദ്ധത്തെയും അതിന്റെ ഉത്ഭവത്തെയും കുറിച്ചു പഠനം നടത്തുന്ന ഒരു കനേഡിയൻ ഗവേഷകനായ ഗ്വിൻ ഡയർ, ഐക്യരാഷ്ട്രങ്ങളെ വർണിച്ചത് അത് “വിശുദ്ധന്മാരുടെ ഒരു സമൂഹമല്ല” എന്നും മറിച്ച് “മൃഗസംരക്ഷകരായി മാറിയ മൃഗവേട്ടക്കാരുടെ ഒരു സംഘടന”യാണെന്നും “ശക്തി നഷ്ടപ്പെട്ട ഒരു സംസാരവേദി”യാണെന്നുമാണ്.—യിരെമ്യാവു 6:14-ഉം 8:15-ഉം താരതമ്യം ചെയ്യുക.
8. സമാധാനത്തെക്കുറിച്ചു സംസാരിക്കാറുണ്ടെങ്കിലും, രാഷ്ട്രങ്ങൾ എന്തു ചെയ്തുകൊണ്ടിരിക്കുന്നു? (യെശയ്യാവു 59:8)
8 സമാധാനത്തെക്കുറിച്ചു സംസാരിക്കുമ്പോൾത്തന്നെ രാഷ്ട്രങ്ങൾ ആയുധങ്ങൾ കണ്ടുപിടിക്കുകയും നിർമിക്കുകയും ചെയ്യുന്നതിൽ തുടരുന്നു. സമാധാനത്തിനായി ചർച്ചകൾ നടത്തുന്ന അതേ രാജ്യങ്ങൾതന്നെയാണ് ആയുധനിർമാണത്തിൽ മുൻപന്തിയിൽ നിൽക്കുന്നതും. ഈ രാജ്യങ്ങളിലെ ശക്തമായ വാണിജ്യതാത്പര്യങ്ങൾനിമിത്തം സംഹാരായുധങ്ങളുടെ നിർമാണം തഴയ്ക്കുകയാണ്. ഓരോ വർഷവും ഏതാണ്ട് 26,000 പൗരജനങ്ങളെയും കുട്ടികളെയും കൊന്നൊടുക്കുകയോ മുറിവേൽപ്പിക്കുകയോ ചെയ്യുന്ന ഭീതിദമായ മൈനുകളും അതിൽ ഉൾപ്പെടും. ഇതിന്റെ പ്രേരകശക്തി അത്യാഗ്രഹവും അഴിമതിയുമാണ്. കൈക്കൂലിയും കമ്മീഷനും അന്താരാഷ്ട്ര ആയുധ വ്യാപാരത്തിൽ സർവസാധാരണമായിരിക്കുന്നു. ഈ വിധത്തിലാണ് ചില രാഷ്ട്രീയക്കാർ സമ്പന്നരാകുന്നത്.
9, 10. യുദ്ധങ്ങളെയും മനുഷ്യശ്രമങ്ങളെയും കുറിച്ച് ലൗകിക വിദഗ്ധർ എന്തു നിരീക്ഷിച്ചിരിക്കുന്നു?
9 1995 ഡിസംബറിൽ, പോളീഷ് ഭൗതികശാസ്ത്രജ്ഞനും സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവുമായ ജോസഫ് റോട്ട്ബ്ലാറ്റ് ആയുധമത്സരം അവസാനിപ്പിക്കാൻ രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു. അദ്ദേഹം പറഞ്ഞു: “[ഒരു പുതിയ ആയുധമത്സരം] തടയുന്നതിനുള്ള ഒരേയൊരു മാർഗം യുദ്ധത്തെ അപ്പാടെ നിരോധിക്കലാണ്.” ഇതു സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? ഭിന്നതകൾ പരിഹരിക്കുന്നതിനുള്ള ഒരു മാർഗമല്ല യുദ്ധം എന്നു പറഞ്ഞ് 1928 മുതൽ 62 രാഷ്ട്രങ്ങൾ കെല്ലോഗ്-ബ്രിയൻഡ് ഉടമ്പടിയിൽ ഒപ്പുവെച്ചു. എന്നാൽ ആ ഉടമ്പടിക്ക് അത് എഴുതിയ കടലാസിന്റെ വിലപോലുമില്ലായിരുന്നുവെന്നതിനു തെളിവാണ് രണ്ടാം ലോകമഹായുദ്ധം.
10 ചരിത്രത്തിൽ മനുഷ്യവർഗത്തിന്റെ പാതയിൽ എന്നും യുദ്ധങ്ങൾ ഇടർച്ചക്കല്ലായിരുന്നുവെന്നതിനു തർക്കമില്ല. ഗ്വിൻ ഡയർ എഴുതിയതുപോലെ, “യുദ്ധം മനുഷ്യ സംസ്കാരത്തിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു, അതിനു മാനവ സംസ്കാരത്തോളംതന്നെ പഴക്കമുണ്ട്.” മിക്കവാറും എല്ലാ സംസ്കാരങ്ങളിലും സാമ്രാജ്യങ്ങളിലും സർവാദരണീയരായ പടനായകന്മാരും സ്ഥിരം സേനകളും വിഖ്യാതമായ യുദ്ധങ്ങളും സംപൂജ്യമായ സൈനിക അക്കാദമികളും ആയുധശേഖരങ്ങളും ഉണ്ടായിരുന്നു. എന്നാൽ മറ്റേതു നൂറ്റാണ്ടിനെക്കാളുമധികം യുദ്ധത്താലുള്ള നശീകരണവും ജീവനഷ്ടവും ഉണ്ടായിരിക്കുന്നത് നമ്മുടെ നൂറ്റാണ്ടിലാണ്.
11. സമാധാനം തേടുന്നതിൽ ലോകനേതാക്കന്മാർ ഏത് അടിസ്ഥാന സംഗതി അവഗണിച്ചിരിക്കുന്നു?
11 ലോകനേതാക്കന്മാർ യിരെമ്യാവു 10:23-ലെ അടിസ്ഥാന ജ്ഞാനത്തെ അവഗണിച്ചിരിക്കുന്നുവെന്നത് വ്യക്തമാണ്: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.” ദൈവത്തെ അവഗണിച്ചുകൊണ്ട് യഥാർഥ സമാധാനം നേടുക സാധ്യമല്ല. സംസ്കാരമുള്ള സമൂഹത്തിൽ യുദ്ധം ഒഴിച്ചുകൂടാനാവില്ലെന്നാണോ ഇതിന്റെയെല്ലാം അർഥം? സമാധാനം—യഥാർഥ സമാധാനം—അസാധ്യമായ ഒരു സ്വപ്നമാണെന്ന് അർഥമുണ്ടോ?
മൂലകാരണം കണ്ടെത്തൽ
12, 13. (എ) യുദ്ധത്തിന്റെ അടിസ്ഥാനപരമായ, അദൃശ കാരണം എന്താണെന്നാണ് ബൈബിൾ വെളിപ്പെടുത്തുന്നത്? (ബി) ലോകത്തിന്റെ പ്രശ്നങ്ങൾക്കുള്ള യഥാർഥ പരിഹാരത്തിൽനിന്നു സാത്താൻ മനുഷ്യവർഗത്തിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നതെങ്ങനെ?
12 ആ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിന്, യുദ്ധത്തിന്റെ കാരണങ്ങൾ നാം മനസ്സിലാക്കേണ്ടതുണ്ട്. മത്സരബുദ്ധി കാട്ടിയ ഒരു ദൂതനായ സാത്താൻ ആദ്യ “കുലപാതക”നും “ഭോഷ്കു പറയുന്നവനും” ആണെന്നും “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്നും ബൈബിൾ വ്യക്തമായി പ്രസ്താവിക്കുന്നു. (യോഹന്നാൻ 8:44; 1 യോഹന്നാൻ 5:19) തന്റെ തന്ത്രങ്ങളുടെ വിജയത്തിന് അവൻ എന്തു ചെയ്തിരിക്കുന്നു? 2 കൊരിന്ത്യർ 4:3, 4-ൽ നാമിങ്ങനെ വായിക്കുന്നു: “ഞങ്ങളുടെ സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കിൽ നശിച്ചുപോകുന്നവർക്കത്രേ മറഞ്ഞിരിക്കുന്നു. ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.” ലോകത്തിന്റെ പ്രശ്നങ്ങളുടെ പരിഹാരമെന്ന നിലയിൽ ദൈവരാജ്യത്തിൽനിന്നു മനുഷ്യവർഗത്തിന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കാൻ സാത്താൻ ആകുന്നത്ര ശ്രമിക്കുന്നു. ഭിന്നിപ്പിക്കുന്ന സാമൂഹികവും രാഷ്ട്രീയവും മതപരവുമായ പ്രശ്നങ്ങൾ ഉപയോഗിച്ച് അവൻ ആളുകളെ അന്ധരാക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നു. തന്നിമിത്തം അവയെല്ലാം ദൈവത്തിന്റെ ഭരണത്തെക്കാൾ പ്രധാനമാണെന്നു തോന്നിപ്പിക്കുന്നു. അതിന്റെ ഒരുദാഹരണമാണ് അടുത്തകാലത്തായി ലോകവ്യാപകമായിത്തന്നെ ശക്തിപ്രാപിക്കുന്ന ദേശീയവാദം.
13 ദേശീയതയെയും വർഗീയതയെയും, അതായത് ഒരു രാഷ്ട്രത്തിനോ വർഗത്തിനോ ഗോത്രത്തിനോ മറ്റുള്ളവയെക്കാൾ ശ്രേഷ്ഠതയുണ്ടെന്നുള്ള വിശ്വാസത്തെ, സാത്താൻ പ്രോത്സാഹിപ്പിക്കുന്നു. നൂറ്റാണ്ടുകളായി അണകെട്ടിനിർത്തിയിരിക്കുന്ന രൂഢമൂല വിദ്വേഷങ്ങൾ തുറന്നുവിട്ട് അവൻ കൂടുതൽ യുദ്ധങ്ങളും പോരാട്ടങ്ങളും ആളിക്കത്തിക്കുകയാണ്. യുനെസ്കോയുടെ ഡയറക്ടർ ജനറലായ ഫെഡറിക്കോ മേയർ ഈ പ്രവണതയ്ക്കെതിരെ മുന്നറിയിപ്പു നൽകി: “സഹിഷ്ണുത പ്രബലമായിരുന്നിടത്തുപോലും, വിദേശീയരോടുള്ള ഭയം കൂടുതൽ സ്പഷ്ടമായിക്കൊണ്ടിരിക്കുകയാണ്. കാലഹരണപ്പെട്ടെന്നു തോന്നിയ അമിത ദേശഭക്തിപരമോ വർഗീയമോ ആയ പ്രഖ്യാപനങ്ങൾ അത്യന്തം കൂടെക്കൂടെ കേൾക്കുന്നു.” ഫലമോ? മുൻ യൂഗോസ്ലാവിയയിൽ ഭയാനകമായ കൂട്ടക്കുരുതി നടന്നു. റുവാണ്ടയിൽ വർഗീയ രക്തപ്പുഴ ഒഴുകി. എന്നാൽ ഇവ ലോക ശ്രദ്ധയാകർഷിച്ചവയിൽ രണ്ടെണ്ണം മാത്രമേ ആകുന്നുള്ളൂ.
14. വെളിപ്പാടു 6:4 നമ്മുടെ നാളിലെ യുദ്ധത്തെയും അതിന്റെ ഫലത്തെയും ചിത്രീകരിക്കുന്നതെങ്ങനെ?
14 ഈ വ്യവസ്ഥിതിയുടെ സമാപനകാലത്ത്, യുദ്ധത്തെ പ്രതീകപ്പെടുത്തുന്ന തീനിറമുള്ള കുതിര ഭൂമിയിലുടനീളം കുതിച്ചോട്ടം നടത്തുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു. വെളിപ്പാടു 6:4-ൽ നാം വായിക്കുന്നു: “ചുവന്നതായ മറെറാരു കുതിര പുറപ്പെട്ടു; അതിന്റെ പുറത്തു ഇരിക്കുന്നവന്നു മനുഷ്യർ അന്യോന്യം കൊല്ലുവാൻ തക്കവണ്ണം ഭൂമിയിൽനിന്നു സമാധാനം എടുത്തുകളയേണ്ടതിന്നു അധികാരം ലഭിച്ചു; ഒരു വലിയ വാളും അവന്നു കിട്ടി.” 1914 മുതൽ ഈ പ്രതീകാത്മക കുതിരക്കാരൻ “സമാധാനം എടുത്തുകള”യുന്നതു നാം കണ്ടിരിക്കുന്നു, രാഷ്ട്രങ്ങൾ തമ്മിലുള്ള പോരാട്ടവും യുദ്ധവും തുടർന്നിരിക്കുന്നു.
15, 16. (എ) യുദ്ധങ്ങളിലും കുരുതികളിലും മതത്തിന്റെ പങ്ക് എന്തായിരുന്നു? (ബി) മതങ്ങൾ ചെയ്തിരിക്കുന്നതിനെ യഹോവ എങ്ങനെ വീക്ഷിക്കുന്നു?
15 ഈ യുദ്ധങ്ങളിലും കുരുതികളിലും മതം വഹിച്ച പങ്ക് വിസ്മരിച്ചുകൂടാ. മനുഷ്യ ചരിത്രം രക്തത്തിൽ കുതിർന്നിരിക്കുന്നതിനു കാരണം ഏറിയകൂറും വ്യാജമതത്തിന്റെ വഴിതെറ്റിക്കുന്ന സ്വാധീനമാണ്. കത്തോലിക്കാ ദൈവശാസ്ത്രജ്ഞനായ ഹാൻസ് ക്യൂങ് എഴുതി: “നിഷേധാത്മകവും വിനാശകവുമായ വിധങ്ങളിൽ [മതങ്ങൾ] വൻ സ്വാധീനം പ്രയോഗിച്ചിട്ടുണ്ട്, ഇപ്പോഴും പ്രയോഗിക്കുന്നുണ്ടെന്നത് അനിഷേധ്യമാണ്. അവ അനേകം പോരാട്ടങ്ങൾക്കും രക്തപങ്കിലമായ യുദ്ധങ്ങൾക്കും ‘മതയുദ്ധങ്ങൾ’ക്കും ഉത്തരവാദിത്വം പേറുന്നു; . . . രണ്ടു ലോകയുദ്ധങ്ങളുടെ കാര്യത്തിലും ഇതു ശരിയാണ്.”
16 കുരുതികളിലും യുദ്ധങ്ങളിലും വ്യാജമതങ്ങൾ പങ്കെടുക്കുന്നതു സംബന്ധിച്ചു യഹോവയാം ദൈവം എന്തു വിചാരിക്കുന്നു? വെളിപ്പാടു 18:5-ൽ രേഖപ്പെടുത്തിയിരിക്കുന്ന വ്യാജമതത്തിനെതിരെയുള്ള ദൈവത്തിന്റെ കുറ്റവിധി ഇപ്രകാരം പ്രസ്താവിക്കുന്നു: “അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓർത്തിട്ടുമുണ്ടു [“ന്യായവിധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു,” NW].” ലോകത്തിലെ രാഷ്ട്രീയ ഭരണാധികാരികളുമായുള്ള വ്യാജമതത്തിന്റെ കൂട്ടുകെട്ട് ദൈവത്തിന് അവഗണിക്കാനാവാത്ത അളവോളം കുമിഞ്ഞുകൂടിയ രക്തപാതകത്തിൽ, വലിയ അളവിലുള്ള പാപത്തിൽ, കലാശിച്ചിരിക്കുന്നു. യഥാർഥ സമാധാനം കൊണ്ടുവരുന്നതിനുള്ള ഈ പ്രതിബന്ധത്തെ അവൻ ഉടനെതന്നെ പരിപൂർണമായും നശിപ്പിക്കും.—വെളിപ്പാടു 18:21.
സമാധാനത്തിലേക്കുള്ള വഴി
17, 18. (എ) ശാശ്വത സമാധാനം സാധ്യമാണെന്നു വിശ്വസിക്കുന്നത് യാഥാർഥ്യബോധമില്ലാത്ത സ്വപ്നമല്ലാത്തതെന്തുകൊണ്ട്? (ബി) യഥാർഥ സമാധാനം വരുമെന്ന് ഉറപ്പാക്കാൻ യഹോവ ഇതിനോടകം എന്തു ചെയ്തിരിക്കുന്നു?
17 ഐക്യരാഷ്ട്രങ്ങൾപോലുള്ള ഏജൻസികളിലൂടെ നിലനിൽക്കുന്ന യഥാർഥ സമാധാനം കൈവരുത്താൻ മനുഷ്യർക്കു കഴിയുന്നില്ലെങ്കിൽ, യഥാർഥ സമാധാനം ഏത് ഉറവിൽനിന്നു വരും? എങ്ങനെ വരും? ശാശ്വത സമാധാനം സാധ്യമാണെന്നു വിശ്വസിക്കുന്നത് കേവലം യാഥാർഥ്യബോധമില്ലാത്ത ഒരു സ്വപ്നമാണോ? അല്ല, നാം സമാധാനത്തിന്റെ ശരിയായ ഉറവിലേക്കു തിരിയുകയാണെങ്കിൽ. അത് ആരാണ്? യഹോവ “ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു” എന്നു നമ്മോടു പറഞ്ഞുകൊണ്ട് സങ്കീർത്തനം 46:9 ഉത്തരം നൽകുന്നു. യുദ്ധങ്ങൾ അവസാനിപ്പിച്ച് യഥാർഥ സമാധാനം സ്ഥാപിക്കുന്നതിനുള്ള പ്രക്രിയ അവൻ ഇതിനോടകംതന്നെ ആരംഭിച്ചുകഴിഞ്ഞു. എങ്ങനെ? 1914-ൽ ക്രിസ്തുയേശുവിനെ അവന്റെ അർഹമായ രാജ്യസിംഹാസനത്തിൽ വാഴിച്ചുകൊണ്ടും മനുഷ്യവർഗത്തിന്റെ ചരിത്രത്തിൽ സമാധാനത്തിനായി ഏറ്റവും വലിയ വിദ്യാഭ്യാസ പരിപാടിക്കു പ്രോത്സാഹനം നൽകിക്കൊണ്ടും. യെശയ്യാവു 54:13-ലെ പ്രാവചനിക വാക്കുകൾ നമുക്ക് ഈ ഉറപ്പു നൽകുന്നു: “നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.”
18 ഈ പ്രവചനം കാര്യ-കാരണ തത്ത്വത്തെ—അതായത് എല്ലാ കാര്യത്തിനും ഒരു കാരണമുണ്ട് എന്ന തത്ത്വത്തെ—ദൃഷ്ടാന്തീകരിക്കുന്നു. ഈ സംഗതിയിൽ, യഹോവയുടെ പ്രബോധനം—കാരണം—യുദ്ധപ്രിയരായ ആളുകളെ സമാധാനപ്രിയരാക്കി മാറ്റി ദൈവവുമായി സമാധാനത്തിലാക്കുന്നു. ഫലമോ ഹൃദയത്തിൽ സംഭവിച്ച മാറ്റം ആളുകളെ സമാധാനപ്രിയരാക്കി. “സമാധാനപ്രഭു”വായ യേശുക്രിസ്തുവിന്റെ മാതൃക പിൻപറ്റുന്നതിനാൽ, ആളുകളുടെ ഹൃദയങ്ങൾക്കും മനസ്സിനും മാറ്റം വരുത്തുന്ന ഈ ബോധനം ലോകവ്യാപകമായി പ്രചരിക്കുകയാണ്.—യെശയ്യാവു 9:6.
19. യഥാർഥ സമാധാനത്തെക്കുറിച്ച് യേശു എന്തു പഠിപ്പിച്ചു?
19 യഥാർഥ സമാധാനം സംബന്ധിച്ച് യേശു എന്താണു പഠിപ്പിച്ചത്? രാഷ്ട്രങ്ങൾ തമ്മിലുള്ള സമാധാനത്തെക്കുറിച്ചു മാത്രമല്ല, തങ്ങളുടെ ബന്ധങ്ങളിൽ ആളുകൾ പുലർത്തുന്ന സമാധാനത്തെയും ഒരു നല്ല മനസ്സാക്ഷിയിൽനിന്ന് ഉത്ഭൂതമാകുന്ന ആന്തരിക സമാധാനത്തെയുംകുറിച്ചു യേശു സംസാരിച്ചു. യോഹന്നാൻ 14:27-ൽ, തന്റെ അനുഗാമികളോടുള്ള യേശുവിന്റെ വാക്കുകൾ നാം വായിക്കുന്നു: “സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.” യേശുവിന്റെ സമാധാനത്തിനു ലോകത്തിന്റേതിൽനിന്നും വ്യത്യാസമുണ്ടായിരുന്നതെങ്ങനെ?
20. ഏതു വിധത്തിൽ യേശു യഥാർഥ സമാധാനം കൈവരുത്തും?
20 ഒന്ന്, യേശുവിന്റെ സമാധാനം അവന്റെ രാജ്യസന്ദേശവുമായി അടുത്തു ബന്ധപ്പെട്ടിരുന്നു. യേശുവും 1,44,000 സഹഭരണാധികാരികളും ഉൾപ്പെട്ട നീതിയുള്ള സ്വർഗീയ ഗവൺമെൻറ് യുദ്ധത്തിനും യുദ്ധക്കൊതിയന്മാർക്കും അന്തം വരുത്തുമെന്ന് അവന് അറിയാമായിരുന്നു. (വെളിപ്പാടു 14:1, 3) തന്നോടൊപ്പം മരിച്ച ദുഷ്പ്രവൃത്തിക്കാരനു താൻ വാഗ്ദാനം ചെയ്ത പ്രശാന്തമായ പറുദീസാതുല്യമായ അവസ്ഥകൾ അതു കൈവരുത്തുമെന്ന് അവന് അറിയാമായിരുന്നു. സ്വർഗരാജ്യത്തിലെ ഒരു സ്ഥാനമല്ല യേശു അവനു വാഗ്ദാനം ചെയ്തത്. അവൻ പറഞ്ഞത് ഇതാണ്: “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും.”—ലൂക്കൊസ് 23:43, NW.
21, 22. (എ) വിസ്മയകരമാംവിധം താങ്ങായി വർത്തിക്കുന്ന എന്തു പ്രത്യാശയാണ് യഥാർഥ സമാധാനത്തിൽ ഉൾപ്പെടുന്നത്? (ബി) ആ അനുഗ്രഹം കാണുന്നതിനു നാമെന്തു ചെയ്യണം?
21 തന്നിൽ വിശ്വാസം പ്രകടമാക്കുന്ന, വിലപിക്കുന്ന ഏവർക്കും തന്റെ രാജ്യം ആശ്വാസം കൈവരുത്തുമെന്ന് യേശുവിനറിയാമായിരുന്നു. അത്ഭുതകരമായ ആശ്വാസം കൈവരുത്തുന്ന പുനരുത്ഥാന പ്രത്യാശയും അവന്റെ സമാധാനത്തിൽ ഉൾപ്പെടുന്നു. യോഹന്നാൻ 5:28, 29-ൽ കാണുന്ന അവന്റെ പ്രോത്സാഹജനകമായ വാക്കുകൾ ഓർമിക്കുക: “ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നൻമ ചെയ്തവർ ജീവന്നായും തിൻമ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.”
22 ആ സമയത്തിനായി നിങ്ങൾ നോക്കിപ്പാർത്തിരിക്കുന്നുവോ? നിങ്ങളുടെ പ്രിയപ്പെട്ടവർ മരിച്ചുപോയിട്ടുണ്ടോ? അവരെ വീണ്ടും കാണാൻ നിങ്ങൾ അതിയായി ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ യേശു വാഗ്ദാനം ചെയ്യുന്ന സമാധാനം സ്വീകരിക്കുവിൻ. “ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും” എന്നു പറഞ്ഞ ലാസറിന്റെ സഹോദരി മാർത്തയുടേതുപോലുള്ള വിശ്വാസം ഉണ്ടായിരിക്കുക. മാർത്തയോടുള്ള യേശുവിന്റെ ആഹ്ലാദദായകമായ മറുപടി ശ്രദ്ധിക്കുക: “ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ഒരുനാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ?”—യോഹന്നാൻ 11:24-26.
23. യഥാർഥ സമാധാനം നേടുന്നതിനു ദൈവവചനം സംബന്ധിച്ച സൂക്ഷ്മപരിജ്ഞാനം അത്യന്താപേക്ഷിതമായിരിക്കുന്നത് എന്തുകൊണ്ട്?
23 നിങ്ങൾക്കും ആ വാഗ്ദാനത്തിൽ വിശ്വസിച്ച് പ്രയോജനം നേടാനാകും. എങ്ങനെ? ദൈവവചനത്തിന്റെ സൂക്ഷ്മപരിജ്ഞാനം നേടിക്കൊണ്ട്. പൗലൊസ് അപ്പോസ്തലൻ സൂക്ഷ്മപരിജ്ഞാനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞതെങ്ങനെയെന്നു ശ്രദ്ധിക്കുക: ‘നിങ്ങൾ പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണ്ടതിനും സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണ്ടതിനും ഞങ്ങൾ നിങ്ങൾക്കു വേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്നു.’ (കൊലൊസ്സ്യർ 1:9, 10) യഥാർഥ സമാധാനത്തിന്റെ ഉറവ് യഹോവയാം ദൈവമാണെന്ന് ഈ സൂക്ഷ്മപരിജ്ഞാനം നിങ്ങളെ ബോധ്യപ്പെടുത്തും. നിങ്ങളിപ്പോൾ എന്തു ചെയ്യണമെന്നും അതു നിങ്ങളോടു പറയും. അപ്പോൾ സങ്കീർത്തനക്കാരനോടു ചേർന്നു നിങ്ങൾക്കും ഇങ്ങനെ പറയാനാകും: “ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.”—സങ്കീർത്തനം 4:8.
നിങ്ങൾക്കു വിശദീകരിക്കാമോ?
□ സമാധാനത്തിനായുള്ള മാനുഷിക ശ്രമങ്ങൾ എന്നും പരാജയപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്?
□ യുദ്ധത്തിന്റെ മൂല കാരണമെന്ത്?
□ ശാശ്വത സമാധാനം യാഥാർഥ്യബോധമില്ലാത്ത ഒരു സ്വപ്നമല്ലാത്തതെന്തുകൊണ്ട്?
□ യഥാർഥ സമാധാനത്തിന്റെ ഉറവേത്?
[8-ാം പേജിലെ ചിത്രം]
യഥാർഥ സമാധാനം ഒരു സ്വപ്നമല്ല. അതു ദൈവത്തിന്റെ വാഗ്ദാനമാണ്
[10-ാം പേജിലെ ചിത്രം]
1914 മുതൽ, തീനിറമുള്ള കുതിരയുടെ പ്രതീകാത്മക സഞ്ചാരി ഭൂമിയിൽനിന്നു സമാധാനം എടുത്തുകളഞ്ഞിരിക്കുന്നു
[11-ാം പേജിലെ ചിത്രം]
മതത്തിനും യുഎൻ-നും സമാധാനം കൈവരുത്താനാകുമോ?
[കടപ്പാട]
UN photo