വില്യം വിസ്ററൺ—പാഷണ്ഡിയോ സത്യസന്ധനായ പണ്ഡിതനോ?
നിങ്ങളുടെ വിശ്വാസങ്ങൾക്കുവേണ്ടി നിങ്ങൾ സ്വന്തം ജീവിതവൃത്തി ബലി ചെയ്യുമോ? വില്യം വിസ്ററൺ അങ്ങനെ ചെയ്തു.
18-ാം നൂററാണ്ടിന്റെ ആരംഭത്തിൽ ബൈബിളിന്റെ പഠിപ്പിക്കലുകളെച്ചൊല്ലി ഇംഗ്ലണ്ടിലെ സഭയുമായി വിയോജിച്ച അദ്ദേഹം ഒരു മതവിവാദപുരുഷനായി മാറി. തത്ഫലമായി അദ്ദേഹം പാഷണ്ഡി എന്നു മുദ്ര കുത്തപ്പെട്ടു. തന്റെ ഗതി അദ്ദേഹത്തിനു പരിഹാസം കൈവരുത്തി, ഒപ്പം ആദരവും.
വില്യം വിസ്ററൺ ആരായിരുന്നു? അദ്ദേഹം എന്തു നേടി?
ഒരു ബൈബിൾ പണ്ഡിതൻ
വില്യം വിസ്ററൺ കേംബ്രിഡ്ജ് സർവകലാശാലയിൽ സർ ഐസക് ന്യൂട്ടന്റെ സമർഥനായ സതീർഥ്യനായിരുന്നു. ഒന്നാം നൂററാണ്ടിലെ യഹൂദാ പണ്ഡിതനായ ഫേവ്ളിയസ് ജോസീഫസിന്റെ എഴുത്തുകളുടെ ഇംഗ്ലീഷ് പതിപ്പു പരിശോധിക്കുകയാണെങ്കിൽ, 1736-ൽ വിസ്ററൺ നടത്തിയ പരിഭാഷയായിരിക്കും നിങ്ങൾ വായിക്കാനിടയുള്ളത്. മററു പരിഭാഷകൾ ഉണ്ടെങ്കിലും തന്റെ കുറിപ്പുകളും ഉപന്യാസങ്ങളും സഹിതമുള്ള അദ്ദേഹത്തിന്റെ പണ്ഡിതോചിതമായ വിവർത്തനം ഇന്നും കിടയററതായി ശേഷിക്കുന്നു. അതിന്റെ മുദ്രണം നിലച്ചിട്ടുമില്ല. ഈ കൃതി വിസ്ററണിന്റെ നേട്ടങ്ങളുടെ ഉത്തുംഗശൃംഗമാണ് എന്നു പലരും കരുതുന്നു.
എന്നിരുന്നാലും, ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ വിസ്ററൺ പരിഭാഷയായ പ്രിമിററീവ് ന്യൂ ടെസ്ററമെൻറ് അവഗണിക്കാവുന്നതല്ല. അതു പ്രസിദ്ധപ്പെടുത്തിയത് 1745-ൽ അദ്ദേഹത്തിന്റെ 78-ാം വയസ്സിലാണ്. ബീസൈ കോഡക്സിൽനിന്ന് നാലു സുവിശേഷങ്ങളും അപ്പോസ്തല പ്രവൃത്തികളും, ക്ലെർമോൺ കോഡക്സിൽനിന്നു പൗലോസിന്റെ ലേഖനങ്ങളും, അലക്സാണ്ട്രിയൻ കൈയ്യെഴുത്തുപ്രതിയിൽനിന്നു വെളിപാട് ഉൾപ്പെടെയുള്ള ശേഷിക്കുന്ന ഭാഗവും വിസ്ററൺ വിവർത്തനം ചെയ്തു. വിവാദപരമായ 1 യോഹന്നാൻ 5:7 അദ്ദേഹം ശ്രദ്ധാപൂർവം ഒഴിവാക്കി. അക്കാലത്തു ലഭ്യമായിരുന്ന ഏററവും നല്ല മൂന്നു പുരാതന ഗ്രീക്കു ഗ്രന്ഥങ്ങളാണു വിസ്ററൺ തിരഞ്ഞെടുത്തത്.
വിസ്ററൺ ചെയ്ത പ്രവൃത്തിയുടെ പിന്നിലെ പ്രത്യക്ഷമായ പ്രേരണാഘടകം ബൈബിളിനോടുള്ള സ്നേഹമായിരുന്നു. അദ്ദേഹത്തിന്റെ നാളിൽ കേവലസ്തിത്വം, അതായത് ദൈവത്തിലുള്ള വിശ്വാസത്തിന് ന്യായബോധം മാത്രം മതിയായ അടിസ്ഥാനമാണെന്ന പഠിപ്പിക്കൽ, പ്രബലമായിരുന്നു. വില്യം വിസ്ററൺ—സത്യസന്ധനായ ന്യൂട്ടൺവാദി എന്ന [ഇംഗ്ലീഷ്] ഗ്രന്ഥം പറയുന്നതനുസരിച്ച് “പുരാതന ചരിത്രത്തിന്റെ തെററുപററാത്ത ഒരു ഉറവിടമാണ് ബൈബിളെന്ന പരമ്പരാഗതമായ വീക്ഷണ”ത്തെ അദ്ദേഹം ശക്തമായി ഉയർത്തിപ്പിടിച്ചു. ഇവിടത്തെ “ന്യൂട്ടൺവാദി” എന്ന പദപ്രയോഗം ഐസക് ന്യൂട്ടനെക്കുറിച്ചുള്ള ഒരു പരാമർശമാണ്, അദ്ദേഹം പ്രിൻസിപ്പിയ [സ്വാഭാവിക തത്ത്വചിന്തയുടെ ഗണിതശാസ്ത്ര തത്ത്വങ്ങൾ] എന്ന കൃതിക്കു കേൾവി കേട്ടവനാണ്, അതിൽ അദ്ദേഹം സാർവത്രിക ഗുരുത്വാകർഷണനിയമം വ്യക്തമാക്കി. ന്യൂട്ടന്റെ ചിന്ത വില്യം വിസ്ററണിന്റെമേൽ ശക്തമായ ഒരു പ്രഭാവം ചെലുത്തി. എങ്ങനെ?
വൈരുദ്ധ്യമാർന്ന വ്യക്തിത്വങ്ങൾ
ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഒരു പുരോഹിതന്റെ മകനായി 1667-ലാണു വില്യം വിസ്ററൺ ജനിച്ചത്. 1693-ൽ പട്ടം കിട്ടിയശേഷം ഗണിതശാസ്ത്രം പഠിക്കാനായി കേംബ്രിഡ്ജ് സർവകലാശാലയിലേക്കു മടങ്ങിപ്പോയ അദ്ദേഹം ന്യൂട്ടന്റെ അസിസ്ററൻറായിത്തീർന്നു. അവർ തമ്മിൽ വളരെ അടുത്ത ഒരു ബന്ധം വളർന്നുവന്നു. മൂന്നു വർഷത്തിനുശേഷം ഗണിതശാസ്ത്രത്തിലെ പ്രൊഫസ്സർ പദവി ന്യൂട്ടൺ വിട്ടൊഴിഞ്ഞപ്പോൾ തന്റെ സ്ഥാനത്തു വിസ്ററൺ നിയമിതനായെന്ന് അദ്ദേഹം ഉറപ്പുവരുത്തി. തന്റെ ജോലി തുടർന്നുകൊണ്ട് വിസ്ററൺ ബഹിരാകാശശാസ്ത്രത്തെക്കുറിച്ചും ഗണിതശാസ്ത്രത്തെക്കുറിച്ചും പ്രഭാഷണങ്ങൾ നടത്തി. എന്നാൽ ബൈബിൾ കാലഗണനയിലും പഠിപ്പിക്കലിലും ആഴമായ ഒരു താത്പര്യമെടുക്കാൻ ന്യൂട്ടന്റെ സ്വാധീനം അദ്ദേഹത്തെ പ്രേരിപ്പിച്ചു.
ന്യൂട്ടൺ മതഭക്തിയുള്ള ഒരു മനുഷ്യനായിരുന്നു. ബൈബിൾ സഹസ്രാബ്ദത്തിലെ ഒരു അർപ്പിതവിശ്വാസിയെന്ന നിലയിൽ ദാനിയേലിലെയും വെളിപാടിലെയും പ്രവചനങ്ങളെക്കുറിച്ച് അദ്ദേഹം വളരെയധികം എഴുതി. എന്നിരുന്നാലും, ഈ എഴുത്തുകളിലൊന്നും അദ്ദേഹത്തിന്റെ ആയുഷ്കാലത്തു പ്രസിദ്ധീകരിച്ചില്ല. ത്രിത്വോപദേശത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. എന്നാൽ ത്രിത്വത്തിനെതിരെയുള്ള തന്റെ തെളിവുകൾ പ്രസിദ്ധീകരിക്കേണ്ടതായി വന്നപ്പോൾ “തന്റെ ത്രിത്വവിരുദ്ധ വീക്ഷണങ്ങൾ അറിയപ്പെടുമെന്നുള്ള ഭയത്തിൽ ന്യൂട്ടൺ പിൻവാങ്ങിക്കളഞ്ഞു” എന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക അഭിപ്രായപ്പെടുന്നു. ഐസക് ന്യൂട്ടൺ, ചരിത്രകാരൻ എന്ന [ഇംഗ്ലീഷ്] ഗ്രന്ഥത്തിൽ എഫ്. ഇ. മാനുവൽ ഇതിനെ ഇപ്രകാരം പറയുന്നു: “ന്യൂട്ടന്റെ സംഘം ഒന്നുകിൽ തങ്ങളുടെ അഭിപ്രായങ്ങളെ രഹസ്യമായി സൂക്ഷിക്കുകയോ അല്ലെങ്കിൽ തങ്ങളുടെ ഉത്സാഹത്തെ അടക്കിനിർത്തുകയോ ചെയ്തു. . . . ന്യൂട്ടൺ മറച്ചുപിടിക്കുന്ന സ്വഭാവക്കാരനായിരുന്നപ്പോൾ വിസ്ററൺ ചന്തസ്ഥലങ്ങളിൽ തുറന്നു സംസാരിച്ചു.” ഈ രണ്ടുപേർക്കും ഉണ്ടായിരുന്നത് ഒന്നോടൊന്നു വിരുദ്ധമായ വ്യക്തിത്വങ്ങളായിരുന്നു.
ഭ്രഷ്ട്
അത്തനാസ്യൻ വിശ്വാസപ്രമാണത്തിൽ പ്രതിഫലിച്ചിരുന്നതുപോലുള്ള വ്യാജമായ ത്രിത്വോപദേശത്തിന്റെ കാഴ്ചപ്പാടിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഉപദേശപ്രമാണങ്ങൾ പരിഷ്കരിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് കാൻറർബറിയിലെയും യോർക്കിലെയും ആർച്ചുബിഷപ്പുമാർക്ക് 1708 ജൂലൈയിൽ വിസ്ററൺ എഴുതുകയുണ്ടായി. സൂക്ഷിച്ചുകൊള്ളാൻ അദ്ദേഹം ബുദ്ധ്യുപദേശിക്കപ്പെട്ടുവെന്നു മനസ്സിലാക്കാവുന്നതാണ്. എന്നിട്ടും വിസ്ററൺ തന്റെ നിലപാടിനു മാററം വരുത്തിയില്ല. “ഞാൻ ഈ ആശയങ്ങൾ അടിമുടി പഠിച്ചുകഴിഞ്ഞിരിക്കുന്നു, ഈ ആശയങ്ങൾ സംബന്ധിച്ചു ക്രിസ്തീയ സഭ ദീർഘകാലമായി അങ്ങേയററം വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന് എനിക്കു പൂർണമായും ബോധ്യം വന്നിരിക്കുന്നു; അത് എന്റെ വരുതിയിലൊതുങ്ങുന്നതാണെങ്കിൽ ദൈവത്തിന്റെ അനുഗ്രഹത്താൽ ക്രിസ്തീയ സഭ ഇനി മേലിലൊരിക്കലും വഞ്ചിക്കപ്പെടുകയില്ല.”
ന്യൂട്ടൺ സാമൂഹികവും വിദ്യാഭ്യാസപരവുമായ തന്റെ പദവി സംബന്ധിച്ച് ഉത്കണ്ഠയുള്ളവനായിരുന്നു. എന്നാൽ വിസ്ററൺ അങ്ങനെയായിരുന്നില്ല. തന്റെ ത്രിത്വവിരുദ്ധ വിശ്വാസങ്ങൾക്കു രൂപം കൊടുത്തശേഷം തന്റെ വീക്ഷണങ്ങൾ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം ഒരു ലഘുലേഖ എഴുതി. എന്നാൽ ഈ ലഘുലേഖ പാരമ്പര്യവിരുദ്ധമാണെന്നു തോന്നിയതിനാൽ അത് അച്ചടിക്കുന്നതിനുള്ള അനുമതി വിസ്ററണിനു നൽകാൻ 1708 ആഗസ്ററിൽ കേംബ്രിഡ്ജ് സർവകലാശാല വിസമ്മതിച്ചു.
ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ വിശ്വാസത്തിനു വിരുദ്ധമായ പഠിപ്പിക്കൽ നടത്തിയതായി 1710-ൽ വിസ്ററൺ കുററം ചുമത്തപ്പെട്ടു. കുററമുള്ളവനാണെന്നു കണ്ട അദ്ദേഹത്തിന്റെ പ്രൊഫസ്സർസ്ഥാനം എടുത്തുകളയുകയും കേംബ്രിഡ്ജിൽനിന്ന് നാടുകടത്തുകയും ചെയ്തു. എന്നാൽ ഏതാണ്ട് അഞ്ചു വർഷത്തോളം തുടർന്ന നിയമ നടപടികൾ അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നിട്ടും പാഷണ്ഡതയ്ക്കു വിസ്ററൺ കുററം ചുമത്തപ്പെട്ടില്ല.
ന്യൂട്ടന്റെ ത്രിത്വവിരുദ്ധ വീക്ഷണങ്ങൾ വിസ്ററണിന്റെ വീക്ഷണങ്ങളോടു ഐകരൂപ്യമുള്ളതായിരുന്നെങ്കിലും തന്റെ സ്നേഹിതന് അനുകൂലമായി തുറന്നു സംസാരിക്കാതിരുന്ന അദ്ദേഹം ഒടുവിൽ വിസ്ററണിൽനിന്ന് അകന്നൊഴിഞ്ഞു നിന്നു. ന്യൂട്ടന്റെ മരണശേഷം 27 വർഷങ്ങൾ കഴിഞ്ഞ് 1754-ൽ ത്രിത്വത്തെ തുറന്നുകാട്ടുന്ന അദ്ദേഹത്തിന്റെ ബൈബിൾ ഗവേഷണ പഠനങ്ങൾ ഒടുവിൽ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ അതു വിസ്ററണിന് ഒരു സഹായമായി ഉതകാൻ വളരെ വൈകിപ്പോയിരുന്നു, കാരണം അതിനു രണ്ടു വർഷം മുമ്പ് അദ്ദേഹം മൃതിയടഞ്ഞിരുന്നു.
പ്രസിദ്ധമായ റോയൽ സൊസൈററിയിൽനിന്നു വിസ്ററണിനെ പുറത്താക്കിയതിന്റെ ഉത്തരവാദിയും ന്യൂട്ടനാണെന്നു കരുതപ്പെടുന്നു. എന്നാൽ വിസ്ററൺ നിരുത്സാഹിതനായില്ല. അദ്ദേഹവും കുടുംബവും ലണ്ടനിലേക്കു മാറിപ്പാർത്തു. അവിടെ ആദിമ ക്രിസ്ത്യാനിത്വത്തെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം ഒരു സൊസൈററി സ്ഥാപിക്കുകയുണ്ടായി. തന്റെ ഊർജം മുഴുവൻ അദ്ദേഹം ഗ്രന്ഥരചനയ്ക്കുവേണ്ടി ചെലവഴിച്ചു. നാലു വാല്യങ്ങളുള്ള ആദിമ ക്രിസ്ത്യാനിത്വം വീണ്ടും പിറക്കുന്നു എന്ന [ഇംഗ്ലീഷ്] കൃതിയായിരുന്നു ആ സമയംവരെയുള്ള അദ്ദേഹത്തിന്റെ ഏററവും ഉത്കൃഷ്ടമായ രചന.
അവസാനത്തോളം വിവാദപരം
ഒരു ശാസ്ത്രജ്ഞനെന്ന നിലയിൽ നാവികർക്കു സമുദ്രത്തിൽ രേഖാംശം നിശ്ചയിക്കാനുള്ള വ്യത്യസ്ത വിധങ്ങൾ വിസ്ററൺ പരീക്ഷിച്ചുനോക്കി. അദ്ദേഹത്തിന്റെ ആശയങ്ങൾ സ്വീകരിക്കപ്പെട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സ്ഥിരോത്സാഹം ഒടുവിൽ സമുദ്ര ക്രോണോമീററർ വികസിപ്പിച്ചെടുക്കുന്നതിലേക്കു നയിച്ചു. ബൈബിൾ പ്രവചനം സംബന്ധിച്ച വിസ്ററണിന്റെ വീക്ഷണങ്ങളിലനേകവും അദ്ദേഹത്തിന്റെ സമകാലികരുടെ വീക്ഷണങ്ങൾപ്പോലെതന്നെ കൃത്യമല്ലെന്നു തെളിഞ്ഞെങ്കിലും സത്യത്തിനുവേണ്ടിയുള്ള തന്റെ അന്വേഷണത്തിൽ അദ്ദേഹം സാധ്യമായ എല്ലാ മാർഗവും പരീക്ഷിച്ചുനോക്കി. ധൂമകേതുക്കളുടെ ഭ്രമണപഥത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ലഘുലേഖകളും നോഹയുടെ നാളിലെ ജലപ്രളയത്തിന്റെ ഫലങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിഗമനങ്ങളും ശാസ്ത്രീയവും ബൈബിൾ സംബന്ധവുമായ സത്യത്തെ പ്രതിവാദിക്കാൻ അദ്ദേഹം എഴുതിയ അനേകം കാര്യങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ മററ് എഴുത്തുകളെ കവച്ചുവയ്ക്കുന്നവയാണ് ത്രിത്വോപദേശത്തെ തിരുവെഴുത്തുവിരുദ്ധമായി തുറന്നുകാട്ടുന്ന അദ്ദേഹത്തിന്റെ എഴുത്തുകൾ.
തന്റെ സ്വഭാവത്തിനു ചേർച്ചയിൽ, വിസ്ററൺ 1747-ൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിൽനിന്നു വിട്ടുപോന്നു. അക്ഷരീയമായും ആലങ്കാരികമായും അദ്ദേഹം അങ്ങനെ ചെയ്തത് ഒരു പുരോഹിതൻ അത്തനാസ്യൻ വിശ്വാസപ്രമാണം വായിക്കാൻ തുടങ്ങിയപ്പോൾ പള്ളിയിൽനിന്നു പുറത്തേക്കു നടന്നുകൊണ്ടാണ്. വിസ്ററണിനെക്കുറിച്ച് ഒരു മതവിശ്വവിജ്ഞാനകോശം [ഇംഗ്ലീഷ്] ഇങ്ങനെ പറയുന്നു: “അദ്ദേഹത്തിന്റെ സ്വഭാവത്തിലെ തുറന്നു പറയാനുള്ള പുരുഷോചിതമായ കഴിവും സത്യസന്ധതയും അദ്ദേഹത്തിന്റെ ജീവിതപ്പൊരുത്തവും നടത്തയിലെ നേർഗതിയും ഒരുവൻ വിലമതിക്കേണ്ടതുണ്ട്.”
വില്യം വിസ്ററണിനെ സംബന്ധിച്ചിടത്തോളം സത്യത്തെ അനുരഞ്ജനപ്പെടുത്താൻ കഴിയുമായിരുന്നില്ല. മനുഷ്യരുടെ പുകഴ്ചയെക്കാളും സ്തുതിവചനങ്ങളെക്കാളും വ്യക്തിപരമായ ബോധ്യങ്ങൾ അദ്ദേഹത്തിനു വളരെ വിലപ്പെട്ടതായിരുന്നു. വിവാദപരമായിരുന്നെങ്കിലും ബൈബിളിനെ ദൈവത്തിന്റെ വചനമായി നിർഭയം ഉയർത്തിപ്പിടിച്ച സത്യസന്ധനായ ഒരു പണ്ഡിതനായിരുന്നു വിസ്ററൺ.—2 തിമൊഥെയൊസ് 3:16, 17.
[ചിത്രത്തിന് കടപ്പാട്]
Copyright British Museum