അദ്ദേഹം തന്റെ ഹൃദയാഭിലാഷം തിരിച്ചറിഞ്ഞു
മിശിഹൈകരാജ്യം മുഴുഭൂമിയുടെയുംമേൽ സമ്പൂർണാധിപത്യം നടത്തുന്നതു കാണുകയെന്നതു നിങ്ങളുടെ ഹൃദയാഭിലാഷമാണോ? അങ്ങനെയെങ്കിൽ ആ സ്വർഗീയ രാജ്യത്തിൻ കീഴിൽ വാഗ്ദത്തം ചെയ്തിട്ടുള്ള ഭൗമിക അനുഗ്രഹങ്ങൾക്കുവേണ്ടി നിങ്ങൾ അതിയായി കാംക്ഷിക്കുകയും അവയ്ക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നുണ്ടാവും. അങ്ങനെയാണെങ്കിൽ ക്ഷമ കാട്ടുക, കാരണം ‘ഇച്ഛാനിവൃത്തി ജീവവൃക്ഷം’ ആകുന്നു.—സദൃശവാക്യങ്ങൾ 13:12; യാക്കോബ് 5:7, 8.
ഏതാണ്ട് 2,000 വർഷങ്ങൾക്കു മുമ്പ് യരുശലേമിൽ ശിമെയോൻ എന്നു പേരുള്ള “നീതിമാനും ഭയഭക്തിയുള്ളവനുമായ” ഒരു മനുഷ്യൻ ജീവിച്ചിരുന്നു. മിശിഹൈക പ്രവചനങ്ങളിൽ അദ്ദേഹത്തിനു വിശ്വാസമുണ്ടായിരുന്നു, “ഇസ്രായേലിന്റെ ആശ്വാസത്തിനുവേണ്ടി അദ്ദേഹം കാത്തിരിക്കുകയായിരുന്നു.”—ലൂക്കോസ് 2:25, NW.
മിശിഹൈക പ്രവചനങ്ങൾ പ്രത്യാശയേകുന്നു
പാപപൂർണരും മർത്ത്യരുമായ മനുഷ്യവർഗത്തിനു പ്രത്യാശയേകിയ ആദ്യത്തെ മിശിഹൈക പ്രവചനത്തിനു യഹോവ ഉത്തരവാദിയായിരുന്നു. തന്റെ “സ്ത്രീ”യുടെ അഥവാ തന്റെ സാർവത്രിക സ്ഥാപനത്തിന്റെ വരാനിരിക്കുന്ന സന്തതിയെക്കുറിച്ചു ദൈവം മുൻകൂട്ടിപ്പറഞ്ഞു.—ഉല്പത്തി 3:15.
അബ്രഹാമിന്റെ സന്തതിയായി തിരിച്ചറിയിക്കപ്പെട്ട ആ ഒരുവന്റെ വരവിനെക്കുറിച്ചു യാക്കോബ് മുൻകൂട്ടിപ്പറഞ്ഞു. (ഉല്പത്തി 22:17, 18; 49:10) മിശിഹൈക രാജ്യത്തിന്റെ മാഹാത്മ്യങ്ങളെ സങ്കീർത്തനങ്ങളിൽ സ്തുതിച്ചിരിക്കുന്നു. (സങ്കീർത്തനങ്ങൾ 72:1-20) സന്തതി ഒരു കന്യകയിൽനിന്നു ജനിക്കുമെന്നു യശയ്യാ മുൻകൂട്ടിപ്പറഞ്ഞു. സന്തതി ജനിക്കുന്നതു ബേത്ലഹേമിലായിരിക്കുമെന്നു മീഖാ പ്രവചിച്ചു. (യെശയ്യാവു 7:14; മീഖാ 5:2) ഇവ അനേകം മിശിഹൈക പ്രവചനങ്ങളിൽ ചിലതു മാത്രമാണ്.
അപ്പോഴും മിശിഹാ വന്നില്ല!
ഭൂതകാലത്തെക്കുറിച്ചു ചിന്തിക്കുക, പൊ.യു. ഒന്നാം നൂററാണ്ട് അടുത്തുവരുന്നതായി സങ്കൽപ്പിക്കുക. ദൈവത്തിന്റെ ആദ്യത്തെ മിശിഹൈക പ്രവചനത്തിന് ഇപ്പോൾ 4,000 വർഷം പഴക്കമായി. യഹൂദൻമാർ യഹോവയുടെ ആലയത്തിന്റെ തകർക്കലും തങ്ങളുടെ പിതൃദേശത്തിന്റെ ശൂന്യമാക്കലും ബാബിലോനിലെ 70-വർഷ പ്രവാസവും 500-ലധികം വർഷം വിജാതീയ ഭരണാധികാരികൾക്കധീനമായ ജീവിതവും അനുഭവിച്ചുകഴിഞ്ഞിരിക്കുന്നു. എന്നിട്ടും മിശിഹാ എത്തിയിട്ടില്ല!
ദൈവഭയമുണ്ടായിരുന്ന യഹൂദൻമാർ മിശിഹായുടെ വരവിനുവേണ്ടി എത്രമാത്രം ആഗ്രഹിച്ചു! ആ മിശിഹായിൽനിന്ന് അവരിലേക്കും സകല ജനതകളിലേക്കും അനുഗ്രഹങ്ങൾ പ്രവഹിക്കുമായിരുന്നു.
ഭയഭക്തിയുള്ള ഒരു മനുഷ്യൻ
മിശിഹായുടെ വരവിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന ഭയഭക്തിയുള്ള യഹൂദൻമാരിൽ ഒരാളാണു ശിമെയോൻ. യഹൂദ്യയുടെ തലസ്ഥാനനഗരിയിൽ താമസിക്കുന്ന വിശ്വസ്തനും വൃദ്ധനുമായ ഒരു യഹോവയുടെ ദാസനാണ് അദ്ദേഹം. പ്രത്യേകമായ എന്തോ ഒന്നു ശിമെയോനു സംഭവിച്ചിരിക്കുന്നു.
ദൈവം തന്റെ പരിശുദ്ധാത്മാവിനെ ശിമെയോന്റെമേൽ ആക്കിവെച്ച് ഒരു വെളിപാടു നൽകി അദ്ദേഹത്തിനു പ്രതിഫലം കൊടുത്തിരിക്കുന്നു. മിശിഹാ ആകാൻ പോകുന്നവനെ കാണുന്നതുവരെ ശിമെയോൻ മരണം കാണുകയില്ല. എന്നാൽ ദിവസങ്ങളും മാസങ്ങളും കടന്നുപോകുന്നു. ശിമെയോനു പ്രായമേറിവരികയാണ്, അധികകാലം ജീവിച്ചിരിക്കുമെന്നു വലിയ പ്രതീക്ഷയില്ല. അദ്ദേഹത്തോടുള്ള ദൈവത്തിന്റെ വാഗ്ദത്തം നിവൃത്തിയാകുമോ?
ഒരു ദിവസം (പൊ.യു.മു. 2-ൽ) ഒരു യുവദമ്പതികൾ ബേത്ലഹേമിൽനിന്ന് ഒരു ശിശുവിനെയുംകൊണ്ട് ആലയത്തിൽ എത്തുന്നു. ദീർഘകാലമായി കാത്തിരുന്ന ദിവസം ഇതാണെന്നു പരിശുദ്ധാത്മാവു ശിമെയോനു വെളിപ്പെടുത്തിക്കൊടുക്കുന്നു. അദ്ദേഹം ആലയത്തിലേക്കു പോകുന്നു, പ്രവാചകൻമാർ എഴുതിയിരുന്നവനെ അവിടെവച്ച് അദ്ദേഹം കാണും. തന്റെ വൃദ്ധശരീരത്തിന് ആകുന്നിടത്തോളം വേഗത്തിൽ നടന്നുചെന്ന അദ്ദേഹം യോസേഫിനെയും മറിയയെയും കുട്ടിയെയും കാണുന്നു.
എത്ര സന്തോഷത്തോടെയാണു ശിമെയോൻ പൈതലായ യേശുവിനെ തന്റെ കരങ്ങളിലെടുക്കുന്നത്! ഇവൻ വാഗ്ദത്തം ചെയ്യപ്പെട്ട മിശിഹാ—“യഹോവയുടെ ക്രിസ്തു”—ആയിത്തീരും. യേശു തന്റെ ഭൗമിക ദൗത്യം നിർവഹിക്കുന്നതു കാണാൻ വളരെയധികം പ്രായംചെന്ന ശിമെയോനു പ്രതീക്ഷിക്കാനാവില്ല. എന്നാൽ അവിടുത്തെ ഒരു ശിശുവായി കാണുന്നത് അത്ഭുതകരമാണ്. മിശിഹൈക പ്രവചനങ്ങൾ നിവൃത്തിയേറിത്തുടങ്ങിയിരിക്കുന്നു. ശിമെയോൻ എത്ര സന്തുഷ്ടനാണ്! ഇനി അദ്ദേഹം പുനരുത്ഥാനംവരെ മരണത്തിൽ നിദ്രകൊള്ളുന്നതു സംതൃപ്തിയോടെയായിരിക്കും.—ലൂക്കോസ് 2:25-28, NW.
ശിമെയോന്റെ പ്രാവചനിക വാക്കുകൾ
യഹോവക്കു സ്തുതിയേററിക്കൊണ്ടു ശിമെയോൻ തന്റെ ശബ്ദം ഉയർത്തവേ അദ്ദേഹം ഇങ്ങനെ പറയുന്നതായി നാം കേൾക്കുന്നു: “ഇപ്പോൾ നാഥാ തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു. ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ.” യേശുവിന്റെ വളർത്തുപിതാവായ യോസേഫും അദ്ദേഹത്തിന്റെ ഭാര്യ മറിയയും ഈ വാക്കുകളെക്കുറിച്ച് അതിശയം പ്രകടമാക്കുന്നു.—ലൂക്കൊസ് 2:29-33.
താൻ യോസേഫിനെയും മറിയയെയും അനുഗ്രഹിക്കുമ്പോൾ ശിമെയോന്റെ മുഖം ശോഭനമാണ്, സാധ്യതയനുസരിച്ച് ആ ശിശുവിനെ പ്രതിയുള്ള അവരുടെ ഉത്തരവാദിത്വങ്ങൾ നിറവേററുന്നതിൽ യഹോവയുടെ അനുഗ്രഹം അദ്ദേഹം ആശംസിക്കുകയാണ്. അനന്തരം ആ വൃദ്ധമമനുഷ്യന്റെ മുഖം ഗൗരവപൂർണമാകുന്നു. തന്റെ അഭിപ്രായങ്ങൾ മറിയയുടെ നേർക്കു മാത്രം തിരിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “അനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന്നു ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചെക്കും എഴുന്നേല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു. നിന്റെ സ്വന്തപ്രാണനിൽകൂടിയും ഒരു വാൾ കടക്കും.”—ലൂക്കൊസ് 2:34, 35.
മറിയയോടുള്ള ശിമെയോന്റെ പ്രസ്താവന
മറിയക്ക് എങ്ങനെ അനുഭവപ്പെട്ടുവെന്നു സങ്കൽപ്പിക്കുക. ശിമെയോൻ എന്താണ് അർഥമാക്കിയത്? ചിലർ ക്രിസ്തുവിനെ സ്വീകരിക്കുകയും അങ്ങനെ തങ്ങളുടെ വീഴ്ചഭവിച്ച അവസ്ഥയിൽനിന്ന് അപ്പോൾത്തന്നെ ഉയർത്തപ്പെടുകയും ചെയ്യും. എന്നിരുന്നാലും, മററു ചിലർ അവിടുത്തെ തള്ളിക്കളയുകയും അവിടുത്തെച്ചൊല്ലി ഇടറിവീഴുകയും ചെയ്യും. മുൻകൂട്ടിപ്പറയപ്പെട്ടതുപോലെ അനേകം യഹൂദൻമാർക്ക് യേശു ഒരു ഇടർച്ചക്കല്ലായി ഭവിച്ചു. (യെശയ്യാവു 8:14; 28:16) വ്യക്തികളായ ഇസ്രായേല്യർ ആദ്യം അവിശ്വാസത്താൽ വീണുപോകുകയും പിന്നീട് യേശുവിനെ സ്വീകരിക്കുകവഴി എഴുന്നേൽക്കുകയും ചെയ്യുമെന്നല്ല ശിമെയോന്റെ വാക്കുകളുടെ അർഥം. പിന്നെയോ, വ്യക്തികൾ ഓരോരുത്തരും ഭിന്നവിധങ്ങളിലായിരിക്കും അവിടുത്തോട് പ്രതികരിക്കുക. ഈ പ്രതികരണങ്ങൾ പലരുടെയും ഹൃദയങ്ങളിലെ ന്യായവാദങ്ങളെ അനാവരണം ചെയ്യുകയും തങ്ങൾക്കു നൻമയോ തിൻമയോ ആയി ഭവിക്കുന്ന ദൈവന്യായവിധിയിലേക്ക് ആളുകളെ നയിക്കുകയും ചെയ്യുന്നു. അവിശ്വാസികളെ സംബന്ധിച്ചിടത്തോളം അവിടുന്ന് ഒരു അടയാളം അഥവാ ഒരു വിദ്വേഷലക്ഷ്യം ആയിരിക്കും. യേശുവിൽ വിശ്വാസം വയ്ക്കുന്നതുവഴി, അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ച അവസ്ഥയിൽനിന്നു മററുള്ളവർ ഉയർത്തപ്പെടുകയും ദൈവമുമ്പാകെ നീതിപൂർവകമായ ഒരു നില ആസ്വദിക്കാനിടയായിത്തീരുകയും ചെയ്യും. മിശിഹായോടുള്ള അവരുടെ നടപടികൾ അവരുടെ ഹൃദയങ്ങളിൽ എന്താണ് ഉള്ളതെന്നു പ്രകടമാക്കും.
“നിന്റെ സ്വന്തപ്രാണനിൽകൂടിയും ഒരു വാൾ കടക്കും” എന്ന ശിമെയോന്റെ വാക്കുകൾ സംബന്ധിച്ചെന്ത്? മറിയയുടെ ശരീരത്തുകൂടി ഒരു അക്ഷരീയ വാൾ കടന്നുപോയതായി യാതൊരു തിരുവെഴുത്തുസൂചനയുമില്ല. എന്നാൽ, ഭൂരിപക്ഷമാളുകൾ യേശുവിനെ തള്ളിക്കളഞ്ഞത് അവളെ വ്യാകുലപ്പെടുത്തുമായിരുന്നു. യേശുവിനെ സ്തംഭത്തിൽ തറയ്ക്കുന്നതു കണ്ടുനിൽക്കുന്നതു മറിയക്ക് എത്ര വേദനാകരമായിരുന്നു! ഇത് അവളിലൂടെ ഒരു വാൾ കടന്നുപോകുന്നതുപോലെ ആയിരുന്നു.
ശിമെയോൻ മിശിഹൈക പ്രവചനങ്ങൾ ബാധകമാക്കുന്നു
മിശിഹൈക പ്രവചനങ്ങൾ യേശുവിനു ബാധകമാക്കാൻ ദൈവാത്മാവു ശിമെയോനെ പ്രേരിപ്പിച്ചിരുന്നു. സമാധാനത്തോടെ അഥവാ പ്രശാന്തതയോടെ ശിമെയോനു മരിക്കാൻ കഴിയുമായിരുന്നു. കാരണം ‘സകല ജനതകൾക്കുംവേണ്ടി ദൈവം ഒരുക്കിയിരിക്കുന്ന രക്ഷ അദ്ദേഹത്തിന്റെ കണ്ണുകൾ കണ്ടു. അതു വിജാതീയർക്കു വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്.’ (ലൂക്കാ 2:30-32, പി.ഒ.സി. ബൈബിൾ) യശയ്യായുടെ പ്രാവചനിക വാക്കുകൾക്ക് ഇത് എത്ര നന്നായി ബാധകമായി!
ആ പ്രവാചകൻ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും.” “ഭൂമിയുടെ വിദൂരഭാഗത്തോളം എന്റെ രക്ഷ വരേണ്ടതിനു ജനതകളുടെ ഒരു വെളിച്ചമായി ഞാൻ [യഹോവ] നിന്നെ [മിശിഹായെ] നൽകിയിരിക്കുന്നു.” (യശയ്യാ 40:5; 42:6, NW; 49:6; 52:10) അപ്പോൾ മുതൽ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളും യഥാർഥ വസ്തുതകളും മിശിഹാ, ജനതകളുടെ യഥാർഥ വെളിച്ചം, ആത്മീയ അന്ധകാരത്തിന്റെ മറ നീക്കി ആളുകളെ രക്ഷയിലേക്കു കൊണ്ടുവരുന്ന ഒരുവനായ യേശുക്രിസ്തുവാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
വൃദ്ധനായ ശിമെയോനെ സംബന്ധിച്ചു തിരുവെഴുത്തുകൾ കൂടുതലായൊന്നും പറയുന്നില്ല. ലഭ്യമായ തെളിവനുസരിച്ചു ക്രിസ്തു സ്വർഗീയ ജീവനിലേക്കുള്ള വഴി തുറക്കുന്നതിനു മുമ്പ് അദ്ദേഹം മരിച്ചു. അതുകൊണ്ട്, ഏറെ താമസിയാതെ ശിമെയോൻ ഭൂമിയിലെ ജീവനിലേക്കു പുനരുത്ഥാനം ചെയ്യപ്പെടും. ദൈവത്തിന്റെ മിശിഹൈക രാജ്യത്തിൻ കീഴിൽ അദ്ദേഹത്തിന്—നിങ്ങൾക്കും—എന്തൊരു സന്തോഷം അനുഭവിക്കാൻ കഴിയും!