ഞാൻ കൊയ്ത്തുകാലത്ത് ചെവികൊടുത്തു
വിനി ഫ്രെഡ് റെമി പറഞ്ഞപ്രകാരം
“കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം.” നമ്മുടെ കർത്താവായ യേശുവിന്റെ ഈ വാക്കുകൾ ഇടയനില്ലാത്ത ആടുകളെപ്പോലെ ചിന്നിയവരും ചിതറിയവരുമായ ആളുകളോടുള്ള ഒരു അഗാധവികാരത്താൽ പ്രേരിതമായിരുന്നു. എനിക്ക് ഇതേ വികാരം അനുഭവപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 40 വർഷങ്ങളിൽ കൊയ്ത്തുവേല ചെയ്യുന്നതിനുള്ള യജമാനന്റെ വിളിക്ക് അനുകൂലമായി ചെവികൊടുക്കാൻ ഞാൻ എല്ലായ്പ്പോഴും ശ്രമിച്ചിട്ടുണ്ട്.—മത്തായി 9:36, 37.
പശ്ചിമാഫ്രിക്കയിൽ ഏഴു മക്കളുള്ള ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്, എല്ലാവരും പെൺകുട്ടികൾ. ഞങ്ങളുടെ മാതാപിതാക്കൻമാർ സ്നേഹമുള്ളവരായിരുന്നുവെങ്കിലും കർശനം പാലിച്ചിരുന്നു; അവർ വളരെ മതഭക്തരുമായിരുന്നു. ഓരോ വാരത്തിലും പള്ളിയിലും സണ്ടേസ്കൂളിലും പോകുന്നതിൽ വിട്ടുവീഴ്ച പാടില്ലായിരുന്നു. എനിക്ക് ആത്മീയ കാര്യങ്ങൾ ഇഷ്ടമായിരുന്നതുകൊണ്ട് എന്നേസംബന്ധിച്ച് ഇത് ഒരു പ്രശ്നമല്ലായിരുന്നു. യഥാർത്ഥത്തിൽ, 12-ാമത്തെ വയസ്സിൽ സണ്ടേസ്കൂൾക്ലാസുകൾ നടത്താൻ ഞാൻ നിയമിക്കപ്പെട്ടു.
വിവാഹവും സാഹസവും
ആയിരത്തിത്തൊള്ളായിരത്തിനാല്പത്തൊന്നിൽ 23-ാമത്തെ വയസ്സിൽ ഗവൺമെൻറ് ഓഫീസിലെ ഒരു ബുക്ക്കീപ്പറായിരുന്ന ലിച്ച്ഫീൽഡ് റെമിയെ ഞാൻ വിവാഹംകഴിച്ചു. സാമ്പത്തികമായി ഞങ്ങൾ നല്ല നിലയിലായിരുന്നു, എന്നാൽ സാഹസപ്രിയവും ഭൗതികസ്വത്ത് കൂനകൂട്ടുന്നതിനുള്ള ആഗ്രഹവും ഞങ്ങളെ 1944-ൽ ലൈബീരിയയിലെത്തിച്ചു. എന്റെ ഭർത്താവിന്റെയും ഒടുവിൽ എന്റെയും ജീവിതത്തിലെ വഴിത്തിരിവ് 1950-ൽ വന്നു, അന്നായിരുന്നു അദ്ദേഹം യഹോവയുടെ സാക്ഷികളിലെ ഒരു മിഷനറിയായിരുന്ന ഹോയൽ എർവിനെ കണ്ടുമുട്ടിയത്. വെറും മൂന്നാഴ്ചത്തെ അദ്ധ്യയനത്തിനുശേഷം എന്റെ ഭർത്താവ് പ്രസംഗവേലയിൽ പങ്കെടുക്കാൻ തുടങ്ങി.
എന്റെ ഭർത്താവ് പള്ളിയിലെ ഹാജരാകൽ നിർത്തിയപ്പോൾ ഞാൻ അന്ധാളിച്ചുപോയി. അദ്ദേഹം നോയമ്പുകാലത്ത് ഉപവസിക്കുകപോലും ചെയ്തിരുന്ന ഒരു കടുത്ത പ്രോട്ടസ്ററൻറുകാരനായിരുന്നു. ബാഗുമെടുത്ത് അദ്ദേഹം പ്രസംഗിക്കാൻ പോകുന്നതു കണ്ട ആദ്യപ്രാവശ്യം ഞാൻ കോപിഷ്ഠയായി. “നിങ്ങൾക്കെന്തു കുഴപ്പംപററി?” ഞാൻ ചോദിച്ചു. “നിങ്ങളേപ്പോലെ ഒരു പ്രധാനപ്പെട്ടയാൾ ഈ വിഡ്ഢികളായ ആളുകളോടുകൂടെ പ്രസംഗിക്കാൻ പോകുന്നു!” ഈ പുലഭ്യസമയത്ത് അദ്ദേഹം ശാന്തനും അക്ഷോഭ്യനുമായിരുന്നു.
അടുത്ത ദിവസം, എർവിൻ സഹോദരൻ ലിച്ച്ഫീൽഡുമൊത്തു ബൈബിൾ പഠിക്കാൻ ഞങ്ങളുടെ വീടു സന്ദർശിച്ചു. പതിവുപോലെ, അദ്ധ്യയനസമയത്ത് ഞാൻ മാറിനിന്നു. ഒരുപക്ഷേ ഇതുകൊണ്ടായിരിക്കാം ഞാൻ നിരക്ഷരയാണോയെന്ന് എർവിൻസഹോദരൻ എന്നോടു ചോദിച്ചത്. എന്ത്? ഞാൻ നിരക്ഷരയെന്നോ? എന്തൊരു നിന്ദ! ഞാൻ എത്ര വിദ്യാസമ്പന്നയാണെന്ന് അയാളെ കാണിച്ചുകൊടുക്കും! ഞാൻ ഈ വ്യാജമതത്തെ തുറന്നുകാട്ടും!
സത്യം സ്വീകരിക്കുന്നു
ഇതിനുശേഷം അധികം താമസിയാതെ, അദ്ദേഹത്തിന്റെ താമസമുറിയിലെ മേശയിൽ ദൈവം സത്യവാൻ എന്ന പുസ്തകമിരിക്കുന്നതു ഞാൻ കണ്ടു. ‘എന്തൊരു അപഹാസ്യമായ ശീർഷകം’ ഞാൻ വിചാരിച്ചു. ‘ദൈവം എപ്പോഴും സത്യവാനായിരുന്നിട്ടുണ്ട്, ഇല്ലേ?’ ഞാൻ പുസ്തകം ഓടിച്ചുവായിച്ചപ്പോൾ പെട്ടെന്നുതന്നെ ഞാൻ പരാതിക്ക് മറെറാരു കാരണം കണ്ടു. മനുഷ്യന് ഒരു ദേഹി ഇല്ല, അവൻ ഒരു ദേഹി ആണ് എന്ന് പുസ്തകം പറഞ്ഞു! പട്ടികളും പൂച്ചകളും പോലും ദേഹികളാണ്! ഇത് യഥാർത്ഥത്തിൽ എന്നെ അന്ധാളിപ്പിച്ചു. ‘എന്തൊരു വിമൂഢമായ ഉപദേശം!’ ഞാൻ വിചാരിച്ചു.
എന്റെ ഭർത്താവ് വീട്ടിൽ വന്നപ്പോൾ, ഞാൻ അരിശത്തോടെയാണ് അദ്ദേഹത്തെ നേരിട്ടത്. “ഈ വഞ്ചകൻമാർ മനുഷ്യന് ഒരു ദേഹി ഇല്ലെന്നു പറയുന്നു. അവർ കള്ളപ്രവാചകൻമാരാണ്!” എന്റെ ഭർത്താവ് വഴക്കടിച്ചില്ല; മറിച്ച്, അദ്ദേഹം ശാന്തമായി ഇങ്ങനെ മറുപടി പറഞ്ഞു: “വിനീ, സകലവും ബൈബിളിലുണ്ട്.” പിന്നീട്, നമ്മൾ ദേഹികളാകുന്നു എന്നും നമ്മുടെ ദേഹി മർത്യമാണെന്നും എർവിൻ ക്ഷമാപൂർവം എന്റെ സ്വന്തം ബൈബിളിൽനിന്ന് എനിക്കു കാണിച്ചുതന്നപ്പോൾ ഞാൻ അതിശയിച്ചുപോയി. (യെഹെസ്ക്കേൽ 18:4) എന്നിൽ വിശേഷാൽ മതിപ്പുളവാക്കിയത് ഉല്പത്തി 2:7ലെ തിരുവെഴുത്തായിരുന്നു, അതിങ്ങനെ പ്രസ്താവിക്കുന്നു: “മനുഷ്യൻ [ആദാം] ജീവനുള്ള ദേഹി ആയിത്തീർന്നു.”
ഞാൻ എത്ര തെററിപ്പോയിരുന്നു! ഞാൻ വൈദികരാൽ വഞ്ചിക്കപ്പെട്ടതുപോലെ തോന്നി, പിന്നീടൊരിക്കലും പള്ളിയിൽ പോയിട്ടുമില്ല. മറിച്ച്, ഞാൻ യഹോവുടെ സാക്ഷികളുടെ ക്രിസ്തീയ യോഗങ്ങൾക്ക് ഹാജരായിത്തുടങ്ങി. അവരുടെ ഇടയിലെ സ്നേഹം കാണുന്നത് എത്ര മതിപ്പുളവാക്കുന്നതായിരുന്നു! ഇതു സത്യമതമായിരിക്കേണ്ടിയിരുന്നു!
കേപ് പാൽമസിൽ കൊയ്ത്ത്
ഏതാണ്ട് മൂന്നു മാസം കഴിഞ്ഞ്, എന്റെ ഭർത്താവിന്റെ കമ്പനിയിൽനിന്ന് വലിയ ഒരു തുക മോഷ്ടിക്കുന്നതിനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചു—എന്നാൽ അദ്ദേഹം മോഷ്ടിച്ചില്ല. അദ്ദേഹത്തിന്റെ സഹപ്രവർത്തകർ അദ്ദേഹത്തെ പരിഹസിച്ചു, “റമീ, നീ ദരിദ്രനായി മരിക്കും.”
എന്നിരുന്നാലും, അദ്ദേഹത്തിന്റെ സത്യസന്ധത നിമിത്തം അദ്ദേഹത്തിന് ഉദ്യോഗക്കയററം കൊടുക്കുകയും കേപ് പാൽമസിൽ ഒരു പുതിയ ഓഫീസ് തുറക്കുന്നതിന് അങ്ങോട്ട് അയക്കുകയും ചെയ്തു. ഞങ്ങൾ സതീക്ഷ്ണം പ്രസംഗിച്ചു. വെറും രണ്ടുമാസം കഴിഞ്ഞപ്പോൾ ബൈബിളിന്റെ സന്ദേശത്തിൽ അതീവതാത്പര്യംകാണിച്ച ഒരു ചെറിയ കൂട്ടം ഞങ്ങൾക്കുണ്ടായി. പിന്നീട്, പുതിയ ഓഫീസിനുവേണ്ടി കുറെ സാധനങ്ങൾ വാങ്ങാൻ ലിച്ച്ഫീൽഡ് തലസ്ഥാനമായ മണ്ട്രോവിയായിലേക്കു യാത്രചെയ്തപ്പോൾ അദ്ദേഹം സ്നാപനമേററു. കേപ് പാൽമസിൽ സത്യത്തിൽ താത്പര്യം കാണിച്ചുകൊണ്ടിരുന്നവരുടെ കാര്യം നോക്കാൻ അദ്ദേഹം സൊസൈററിയിൽനിന്ന് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.
ഫൗസ്ററ് സഹോദരനെയും സഹോദരിയെയും കേപ് പാൽമസിലേക്ക് അയച്ചുകൊണ്ട് സൊസൈററി പ്രതികരിച്ചു. ഫൗസ്ററ് സഹോദരി എനിക്ക് വിലതീരാത്ത സഹായമായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി അൻപത്തിയൊന്ന് ഡിസംബറിൽ ഞാൻ സ്നാപനമേററുകൊണ്ട് യഹോവക്കുള്ള എന്റെ സമർപ്പണത്തെ ലക്ഷ്യപ്പെടുത്തി. ഇപ്പോൾ ഞാൻ പൂർവാധികം ‘നിത്യജീവനുവേണ്ടി ഫലശേഖരം നടത്താൻ’ നിശ്ചയംചെയ്തിരുന്നു. (യോഹന്നാൻ 4:35, 36) ആയിരത്തിത്തൊള്ളായിരത്തി അൻപത്തിരണ്ട് ഏപ്രിലിൽ, ഞാൻ ഒരു പയനിയറെന്ന നിലയിൽ മുഴുസമയ ശുശ്രൂഷ ഏറെറടുത്തു.
എന്റെ ശ്രമങ്ങൾ പെട്ടെന്നുതന്നെ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടു; ഒരു വർഷത്തിനുള്ളിൽ ഞാൻ അഞ്ചുപേരെ സമർപ്പണത്തിനും സ്നാപനത്തിനും സഹായിച്ചു. അവരിലൊരാളായ ലൂസാ മക്കിൻറാഷ് ലൈബീരിയയിലെ അന്നത്തെ പ്രസിഡണ്ടായിരുന്ന ഡബ്ലിയു. വി. എസ്. ററബ്മാന്റെ ഒരു കസിനായിരുന്നു. അവർ സ്നാപനമേൽക്കുകയും മുഴുസമയശുശ്രൂഷയിൽ പ്രവേശിക്കുകയും 1984-ലെ അവരുടെ മരണംവരെ ദൈവത്തോടു വിശ്വസ്തയായി തുടരുകയുംചെയ്തു. അവർ പല സന്ദർഭങ്ങളിൽ പ്രസിഡണ്ടിനോടു സാക്ഷീകരിച്ചു.
ലോവർ ബുക്കാനനിലേക്ക്
ആയിരത്തിത്തൊള്ളായിരത്തി അമ്പത്തേഴിൽ ഡിസ്ട്രിക്ററ് മേൽവിചാരകന്റെ സന്ദർശനസമയത്ത് എന്റെ ഭർത്താവും ഞാനും പ്രത്യേക പയനിയർമാരായിത്തീരാൻ ക്ഷണിക്കപ്പെട്ടു. പ്രാർത്ഥനാപൂർവകമായ പരിചിന്തനത്തിനുശേഷം ഞങ്ങൾ നിയമനം സ്വീകരിച്ചു. കേപ് പാൽമസിലെ തന്റെ ലൗകികജോലി അവസാനിപ്പിക്കുന്നതിന് ലിച്ച്ഫീൽഡിന് ചുരുക്കംചില മാസങ്ങൾ വേണമായിരുന്നു, തന്നിമിത്തം ഞാൻ വേല തുടങ്ങുന്നതിന് പ്രവർത്തിച്ചിട്ടില്ലാത്ത ഒരു പ്രദേശമായിരുന്ന ലോവർ ബുക്കാനനിലേക്കു പോയി.
അവിടെ ചെന്നപ്പോൾ മക്ലേയ്ൻ കുടുംബം എനിക്ക് താമസസൗകര്യം തന്നു. പതിവുപോലെ ഞാൻ പെലെ ഗോത്രത്തിന്റെ ഉപമുഖ്യന്റെ അടുക്കലേക്കു കൊണ്ടുപോകപ്പെട്ടു. മുഖ്യനും കുടുംബവും എന്നെ ഊഷ്മളമായി സ്വാഗതംചെയ്തു. അദ്ദേഹത്തിന്റെ ഭവനത്തിലെ ഒരു ചെറിയ കൂട്ടത്തോടു ഞാൻ സാക്ഷീകരിച്ചു. ഉപമുഖ്യനും ഭാര്യയും ഉൾപ്പെടെ അന്നു ഞാൻ സംസാരിച്ചവരിൽ ആറുപേരിൽ കുറയാതെ ഒടുവിൽ സാക്ഷികളായിത്തീർന്നു.
പെട്ടെന്നുതന്നെ ഞാൻ ഒരു വീക്ഷാഗോപുര അദ്ധ്യയനം നടത്തിത്തുടങ്ങി, 20-ൽപരം പേർ ഹാജരുണ്ടായിരുന്നു. ഞാൻ യഹോവയെ അതിയായി ആശ്രയിക്കേണ്ടിവന്നു, അവന്റെ ആടുകളെ പരിപാലിക്കുന്നതിനുള്ള ശക്തിയും പ്രാപ്തിയും അവൻ എനിക്കു തന്നു. എനിക്ക് ക്ഷീണമോ അപര്യാപ്തതയോ തോന്നുമ്പോൾ ഞാൻ പുരാതനകാലത്തെ വിശ്വസ്തരെ ഓർക്കുമായിരുന്നു, വിശേഷിച്ച് ദബോരാ, ഹുൽദാ എന്നിവരെപ്പോലെയുള്ള സ്ത്രീകളെ. അവർ യഹോവയുടെ ദൗത്യങ്ങൾ നിറവേററുന്നതിൽ നിർഭയരായിരുന്നു.—ന്യായാധിപൻമാർ 4:4-7, 14-16; 2 രാജാക്കൻമാർ 22:14-20.
ലോവർ ബുക്കാനനിൽ വെറും മൂന്നു മാസം ചെലവഴിച്ച ശേഷം 1958 മാർച്ചിൽ സർക്കിട്ട് മേൽവിചാരകനായിരുന്ന ജോൺ ഷാരുക്കിന്റെ സന്ദർശനം അറിയിച്ചുകൊണ്ടുള്ള ഒരു എഴുത്ത് എനിക്കു കിട്ടി. ഞാൻ ഒരു വലിയ ജനക്കൂട്ടത്തിന് ഇരിക്കാവുന്ന ഒരു വീടിന്റെ നിലവറ വാടകക്കെടുത്തു. പിന്നീട് ഞാൻ ഷാരൂക്ക് സഹോദരനെ കാണാൻ അപ്പർ ബുക്കാനനിലേക്കു യാത്രയായി, എന്നാൽ അദ്ദേഹം വന്നില്ല. ഞാൻ സന്ധ്യവരെ കാത്തിരുന്ന ശേഷം ക്ഷീണിതയായി ലോവർ ബുക്കാനനിലേക്കു മടങ്ങിപ്പോയി.
ഏതാണ്ട് അർദ്ധരാത്രിയായപ്പോൾ ഞാൻ വാതിലിൽ ഒരു മുട്ടുകേട്ടു. അതു തുറന്നപ്പോൾ ഞാൻ സർക്കിട്ട് മേൽവിചാരകനെ മാത്രമല്ല, എന്റെ ഭർത്താവിനെയും കണ്ടു, അദ്ദേഹത്തിന്റെ നിനച്ചിരിക്കാഞ്ഞ വരവ് ഷാരുക്ക് സഹോദരന്റെ വരവിനോടു സുന്ദരമായി ഒത്തുവന്നു. അവർ എങ്ങനെ എന്നെ കണ്ടുപിടിച്ചു? അവർ ഒരു നായാട്ടുകാരനെ കാണുകയും അയാൾ ആളുകളോടു യഹോവയെക്കുറിച്ചു പ്രസംഗിക്കുന്ന ഒരു സ്ത്രീയെ അറിയുമോ എന്നു ചോദിക്കുകയുംചെയ്തു. “ഉവ്വ്” അയാൾ മറുപടി പറഞ്ഞു. അനന്തരം അയാൾ അവരെ എന്റെ സ്ഥലത്തേക്കു നയിച്ചു. ലോവർ ബുക്കാനനിലെ വെറും മൂന്നുമാസംകൊണ്ട് എന്റെ വെളിച്ചം ഇത്ര ശോഭയോടെ പ്രകാശിച്ചതിൽ എനിക്ക് എത്ര സന്തോഷമാണനുഭവപ്പെട്ടത്!—മത്തായി 5:14-16.
ഷാരുക്ക് സഹോദരന്റെ സന്ദർശനവേളയിൽ ഞങ്ങൾ 40പേരുടെ അത്യുച്ചഹാജർ ആസ്വദിച്ചു. കാലക്രമത്തിൽ തഴച്ചുവളരുന്ന ഒരു സഭ സ്ഥാപിക്കപ്പെട്ടു, ഒരു മനോഹരമായ രാജ്യഹാൾ പണിയാനും ഞങ്ങൾക്കു സാധിച്ചു. എന്നിരുന്നാലും, ജീവിതം എല്ലായ്പ്പോഴും കുഴപ്പത്തിൽനിന്നു വിമുക്തമല്ലായിരുന്നു. ദൃഷ്ടാന്തത്തിന്, 1963-ൽ കോലാഹുണിൽ മതപീഡനം പൊട്ടിപ്പുറപ്പെട്ടു, എന്റെ ഭർത്താവ് അറസ്ററു ചെയ്യപ്പെടുകയും തടവിലാക്കപ്പെടുകയുംചെയ്തു. അദ്ദേഹം വളരെ കഠിനമായി പ്രഹരിക്കപ്പെട്ടതുകൊണ്ട് അദ്ദേഹത്തെ ആശുപത്രിയിലാക്കേണ്ടിവന്നു.
അദ്ദേഹം ആശുപത്രിയിൽനിന്ന് പോന്ന ശേഷം അധികം താമസിയാതെ, അതേവർഷംതന്നെ ഞങ്ങൾക്ക് ബാംഗയിൽ ഒരു കൺവെൻഷൻ ഉണ്ടായിരുന്നു. അവസാനദിവസം പടയാളികൾ ഹാജരായിരുന്ന എല്ലാവരെയും വളഞ്ഞിട്ട് പതാകയെ വന്ദിക്കാൻ ഞങ്ങളോട് ആജ്ഞാപിച്ചു. ഞങ്ങൾ വിസമ്മതിച്ചപ്പോൾ ഞങ്ങളുടെ കൈകൾ വായുവിൽ ഉയർത്തിപ്പിടിക്കാനും സൂര്യന്റെ നേരെ നോക്കാനും ഞങ്ങളോട് ആജ്ഞാപിച്ചു. അവർ ഞങ്ങളിൽ ചിലരെ തോക്കിന്റെ പാത്തികൊണ്ട് അടിക്കുകയുംചെയ്തു. ദൈവത്തോടു നിർമ്മലത പാലിക്കാനുള്ള ഒരു സഹായമെന്ന നിലയിൽ ഞാൻ “അവരെ ഭയപ്പെടരുത്!” എന്ന രാജ്യഗീതം മൗനമായി പാടി. അതിനുശേഷം പടയാളികൾ ഞങ്ങളെ അഴുക്കുനിറഞ്ഞ ഒരു തുറുങ്കിൽ ഇട്ടു. മൂന്നു ദിവസം കഴിഞ്ഞ് വിദേശികൾ വിട്ടയക്കപ്പെട്ടു, ലിച്ച്ഫീൽഡും ഞാനും സിയെറാ ലിയോണിലേക്ക് നാടുകടത്തപ്പെട്ടു. സ്ഥലത്തെ സാക്ഷികൾ അടുത്ത ദിവസം വിട്ടയക്കപ്പെട്ടു.
കൂടുതലായ പദവികളും പ്രതിഫലങ്ങളും
സിയെറാ ലിയോണിനു തെക്കുള്ള ബോ സഭയിൽ പ്രവർത്തിക്കാൻ ഞങ്ങൾ നിയമിതരായി. ന്യെലെയിലേക്ക് മാററപ്പെടുന്നതിനുമുമ്പ് അവിടെ ഞങ്ങൾ എട്ടുവർഷം സേവിച്ചു. ന്യെലെയിലായിരുന്ന കാലത്ത് എന്റെ ഭർത്താവ് ഒരു പകര സർക്കിട്ട് മേൽവിചാരകനായി സേവിക്കാൻ നിയമിക്കപ്പെട്ടു, അദ്ദേഹം ഈ സേവനത്തിൽ ഏർപ്പെടുമ്പോൾ അദ്ദേഹത്തോടൊപ്പം പോകുന്നതിനുള്ള പദവി എനിക്കു ലഭിച്ചു. പിന്നീട് 1970-കളുടെ മദ്ധ്യത്തിൽ ഞങ്ങൾ ഈസ്ററ് ഫ്രീടൗൺ സഭയിൽ വീണ്ടും നിയമിക്കപ്പെട്ടു.
ഞാൻ ബൈബിളദ്ധ്യയനം നടത്തിയവരിൽ അനേകർ സത്യാരാധന സ്വീകരിക്കുന്നതു കാണുക എന്ന പ്രതിഫലം എനിക്ക് ലഭിച്ചു. എനിക്ക് “ശുപാർശക്കത്തുകൾ” എന്ന നിലയിൽ 60-ൽപരം ആത്മീയ മക്കളും മക്കളുടെ മക്കളും ഉണ്ട്. (2 കൊരിന്ത്യർ 3:1) വിക്ടോറിയാ ഡൈക്കിനെപ്പോലെ ചിലർ സമൂലമായ മാററങ്ങൾ വരുത്തേണ്ടതുണ്ടായിരുന്നു, അവർ അലാദുരാ മതവിഭാഗത്തിന്റെ ഒരു പ്രവാചകി ആയിരുന്നു. ഒന്നു യോഹന്നാൻ 5:21-ന്റെ ഒരു പരിചിന്തനത്തിനുശേഷം അവർ ഒടുവിൽ തന്റെ അനേകം ഏലസ്സുകളും ആരാധനാവസ്തുക്കളും നീക്കംചെയ്തു. അവർ തന്റെ സമർപ്പണത്തെ സ്നാപനത്താൽ പ്രതീകപ്പെടുത്തുകയും ഒടുവിൽ ഒരു പ്രത്യേകപയനിയറായിത്തീരുകയും സത്യം സ്വീകരിക്കാൻ തന്റെ അനേകം ബന്ധുക്കളെ സഹായിക്കുകയും ചെയ്തു.
ആയിരത്തിത്തൊള്ളായിരത്തിഎൺപത്തഞ്ച് ഏപ്രിലിൽ ഞങ്ങളുടെ 44-ാം വിവാഹവാർഷികത്തിന് ചുരുക്കംചില മാസങ്ങൾക്കുമുമ്പ് എനിക്ക് എന്റെ ഭർത്താവു മരണത്തിൽ നഷ്ടപ്പെട്ടു. എന്നാൽ ഞാൻ ഏകാകിയായി വിടപ്പെട്ടിട്ടില്ല. ഞാൻ ഒരു മുഴുസമയശുശ്രൂഷകയെന്ന നിലയിൽ എന്റെ സഹായിയായ യഹോവയെ സേവിക്കുന്നതിൽ തുടർന്നിരിക്കുന്നു. അവനെ അറിയാനിടയാകുന്നതിന് ഞാൻ സഹായിച്ചിട്ടുള്ളവരോട് എനിക്ക് ഒരു പ്രത്യേകബന്ധം തോന്നുന്നു. അവർ ഒരു പ്രത്യേക അർത്ഥത്തിൽ കുടുംബമാണ്. ഞാൻ അവരെ സ്നേഹിക്കുന്നു, അവർ എന്നെയും സ്നേഹിക്കുന്നു. എനിക്ക് രോഗം ബാധിക്കുമ്പോൾ, അവർ എന്നെ ശുശ്രൂഷിക്കുന്നതിന് ഓടിയെത്തുന്നു. തീർച്ചയായും ഞാനും അവരെ സഹായിക്കുന്നു.
ഞാൻ ഇതെല്ലാം വീണ്ടുംചെയ്യേണ്ടിവരുകയാണെങ്കിൽ ഞാൻ സന്തോഷപൂർവം എന്റെ അരിവാൾ എടുത്തുകൊണ്ട് യഹോവയുടെ സഹപ്രവർത്തകയെന്ന നിലയിൽ കൊയ്ത്തിൽ പങ്കുചേരുമെന്നുള്ളത് നിസ്തർക്കമാണ്.
[23-ാം പേജിലെ ചിത്രം]
വിനിഫ്രെഡ് റെമി ഇന്ന്