രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
കിഴക്കൻ യൂറോപ്പിൽനിന്ന് സുവാർത്ത
കിഴക്കൻ യൂറോപ്പിലെ ദിവ്യാധിപത്യവയലിൽ ആവേശജനകമായ അനേകം കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂററിയൊന്ന് ഓഗസ്ററ് 16-18-ൽ സാഗ്രബിൽ നടന്ന സാർവദേശീയ കൺവെൻഷൻ മുന്തിയതായിരുന്നു, അന്ന് 7,300 സാക്ഷികൾ 15 രാഷ്ട്രങ്ങളിൽനിന്നു വന്ന തങ്ങളുടെ സഹോദരങ്ങൾക്ക് ഹൃദ്യമായ സ്വാഗതമരുളി. മൊത്തം 14,684 പേർ ഹാജരായി. അസ്വസ്ഥതയാൽ ഉലയ്ക്കപ്പെട്ട ഒരു രാജ്യത്ത് അത് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഒരു അത്ഭുത പ്രദർശനമായിരുന്നു!
കിഴക്കൻ യൂറോപ്പിലെ സാക്ഷികൾ യഹോവയുടെ രാജ്യത്തിന്റെ സുവാർത്ത മററുള്ളവരോടു പറയുന്നതിൽ തിരക്കുള്ളവരാണ്, യഥാർത്ഥ സമാധാനത്തിന്റെ ഏക പ്രത്യാശ അതാണെന്ന് അവർ തിരിച്ചറിയുന്നുണ്ട്. ചില ഭാഗങ്ങളിൽ, തങ്ങളുടെ നിഷ്പക്ഷ നിലപാട് നിലനിർത്തുന്നത് അവർക്ക് ഒരു വെല്ലുവിളിയാണ്. എന്നിരുന്നാലും, ആളുകൾ മിക്കപ്പോഴും ശ്രദ്ധിക്കുന്നുണ്ട്, സാക്ഷികൾ നല്ല അനേകം അനുഭവങ്ങൾ റിപ്പോർട്ടുചെയ്യുന്നു.
ഒരു പട്ടണത്തിൽ 16 വയസ്സുള്ള ഒരു പെൺകുട്ടി ആ പട്ടണത്തിലെ യഹോവയുടെ ഏക സാക്ഷിയിൽനിന്ന് സുവാർത്ത കേട്ടു. ഒരു ക്രമമായ ബൈബിളദ്ധ്യയനം തുടങ്ങി, സത്യത്തോടുള്ള അവളുടെ വിലമതിപ്പു വളർന്നു. താൻ പഠിച്ചിരുന്ന അത്ഭുതകരമായ കാര്യങ്ങൾ മററുള്ളവരോടു പറയാനുള്ള വലിയ ആഗ്രഹമുണ്ടായിരുന്നതിനാൽ തന്റെ സഹപാഠികളുമായി സംസാരിക്കാൻ അവൾ ശ്രമിച്ചു, എന്നാൽ എതിർപ്പും പരിഹാസവും നേരിട്ടു. ഒരു സഹപാഠി വിശേഷാൽ അവളെ എതിർത്തു, എന്നാൽ അവളുടെ ക്ഷമയിൽ അതിശയിച്ചുപോകുകയും മതിപ്പുതോന്നുകയും ചെയ്തു. കാരണം യുവ ബൈബിൾവിദ്യാർത്ഥിനി നിന്ദനങ്ങളെല്ലാമുണ്ടായിരുന്നിട്ടും കുപിതയായില്ല. പിന്നീട് ഈ പെൺകുട്ടിക്ക് കൂടുതൽ പൂർണ്ണമായ ഒരു സാക്ഷ്യം കൊടുക്കപ്പെട്ടു, തന്റെ മനോഭാവം തെററാണെന്ന് അവൾക്ക് ബോദ്ധ്യമായി. അവളുമായി ഒരു ബൈബിളദ്ധ്യയനം തുടങ്ങി. പിന്നീട് ആദ്യത്തെ ബൈബിളദ്ധ്യേതാവും അവളുടെ പുതിയ കൂട്ടുകാരിയും അവരുടെ മാതാപിതാക്കളുടെയും അവരുടെ അദ്ധ്യാപികയുടെയും അവരുടെ സഹപാഠികളുടെയും എതിർപ്പുണ്ടായിരുന്നിട്ടും തങ്ങളുടെ സന്തോഷം മററുള്ളവർക്കു പങ്കുവെക്കാൻ ശ്രമിച്ചു.
അവരുടെ സാക്ഷീകരണത്തിന്റെ ഫലമായി മറെറാരു സഹപാഠി സത്യം സ്വീകരിച്ചു. ഇപ്പോൾ അവരുടെ ക്ലാസ് മുറിയിൽ അവരിൽ മൂന്നുപേരുണ്ടായിരുന്നു. മൂന്നുപേരും മററുള്ളവരെ സഹായിക്കുന്നതിനുള്ള സന്നദ്ധതയുടെയും അവരുടെ ഇടയിൽതന്നെ സ്നേഹം പ്രകടമാക്കുന്നതിന്റെയും നല്ല മാതൃകകളായിരുന്നു. പിന്നീട് മറെറാരു പെൺകുട്ടി അവരോടു ചേർന്നു.
ഇപ്പോൾ അവർ ഒരുമിച്ചിരുന്നു ബൈബിൾ ചർച്ചചെയ്തിരുന്ന സ്കൂളങ്കണത്തിലെ ബഞ്ചിൽ നാലുപേരുണ്ടായിരുന്നു. അനേകരെ അതിശയിപ്പിക്കുമാറ് അവരുടെ എണ്ണം കൂടിവന്നു. അവരുടെ നല്ല നടത്തയിൽ ഉത്സാഹം തോന്നിയിട്ട് മറെറാരു പെൺകുട്ടി ബൈബിളദ്ധ്യയനത്തിൽ ചേരാൻ തീരുമാനിച്ചു. അവർ അഞ്ചുപേരും അതുതന്നെ ചെയ്യാൻ മററുള്ളവരെ, വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും, ക്ഷണിക്കുന്നതിൽ തുടർന്നു. എന്നിരുന്നാലും ഈ പെൺകുട്ടികൾക്ക് അവരുടെ മാതാപിതാക്കളിൽനിന്ന് തുടർന്നും വലിയ സമ്മർദ്ദം അനുഭവപ്പെട്ടു. അവരുടെ സാഹിത്യങ്ങൾ നശിപ്പിച്ചുകൊണ്ടും അവരോട് ദുഷിച്ച രീതിയിൽ പെരുമാറിക്കൊണ്ടും ബൈബിളദ്ധ്യയനം നിർത്താൻ പെൺകുട്ടികളെ നിർബന്ധിക്കുന്നതിന് അവർ കഠിനശ്രമം ചെയ്തു.
ഒരു യുവ താത്പര്യക്കാരിയിൽ തുടങ്ങിയ ഈ സാക്ഷീകരണത്തിന്റെ ഫലമെന്തായിരുന്നു? ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറിലെ ഡിസ്ട്രിക്ററ് കൺവെൻഷനിൽ പെൺകുട്ടികളിൽ ഒരാൾ സ്നാപനമേററു. മറേറ നാലുപേർ 1991-ലെ വസന്തത്തിൽ നടന്ന സർക്കിട്ട് സമ്മേളനത്തിൽ സ്നാപനമേററു. ഇതു വലിയ സന്തോഷകാരണമായിരുന്നു! ഇന്ന്, ഈ അഞ്ചു പെൺകുട്ടികളും നിരന്തര പയനിയർമാരായി സേവിക്കുകയാണ്! ഇതു സംഭവിച്ച പട്ടണത്തിൽ, ഇപ്പോൾ 11 പ്രസംഗകരുണ്ട്, അവരിൽ 8 പേർ പയനിയർസേവനത്തിൽ ഏർപ്പെടുന്നു.
യഹോവ കിഴക്കൻയൂറോപ്പിലുള്ള തന്റെ സാക്ഷികളെ പുലർത്തുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ ഈ ഭാഗത്ത് പരമാർത്ഥഹൃദയികളുടെ ഇടയിൽ വർദ്ധനവിന് വ്യക്തമായി വലിയ സാദ്ധ്യതയുണ്ട്.