നരകത്തിന്റെ ഉത്ഭവം
“നരകം ശിക്ഷക്കു വിധിക്കപ്പെട്ടവരുടെ സ്ഥലത്തെ അർത്ഥമാക്കാൻ ഉപയോഗിക്കപ്പെടുന്ന പദമാണ്” എന്ന് ന്യൂ കാത്തലിക്ക് എൻസൈക്ലോപ്പീഡിയ വിശദീകരിക്കുന്നു.a നരകം “ദുഷ്ടൻമാരുടെ ഭാവിശിക്ഷക്കുള്ള സ്ഥലമാകുന്നു”വെന്ന് ഒരു പ്രോട്ടസ്ററൻറ് എൻസൈക്ലോപ്പീഡിയാ നിർവചിക്കുന്നു. എന്നാൽ മരണാനന്തരമുള്ള അങ്ങനെയുള്ള ഒരു ശിക്ഷാസ്ഥലത്തിലുള്ള വിശ്വാസം ക്രൈസ്തവലോകത്തിലെ മുഖ്യധാരാസഭകളിൽ പരിമിതപ്പെട്ടിരിക്കുന്നില്ല. ക്രൈസ്തവലോകം അസ്തിത്വത്തിൽവരുന്നതിനു അനേകം നൂററാണ്ടുകൾക്കു മുമ്പുതന്നെ അത് ഉത്ഭവിച്ചു.
മെസോപ്പത്തേമ്യൻ നരകം
യേശുവിന്റെ ജനനത്തിന് ഏതാണ്ട് 2,000 വർഷം മുമ്പ് സുമേറിയക്കാരും ബാബിലോന്യരും മടങ്ങിവരവില്ലാത്തദേശം എന്ന് അവർ വിളിച്ച ഒരു അധോലോകത്തിൽ വിശ്വസിച്ചു. “ഗിൽഗാമേശ് മഹാകാവ്യം” എന്നും “അധോലോകത്തിലേക്കുള്ള ഇഷ്ടാറിന്റെ ഇറക്കം” എന്നും അറിയപ്പെടുന്ന സുമേറിയൻ കവിതയിലും അക്കാഡിയൻ കവിതയിലും ഈ പുരാതന വിശ്വാസം പ്രതിഫലിക്കുന്നു. മരിച്ചവരുടെ ഈ പാർപ്പിടത്തെ അവർ “പ്രവേശിച്ചിട്ടുള്ള ആരും ഇറങ്ങിപ്പോകാത്ത ഭവനമായ” അന്ധകാരഭവനമെന്നു വർണ്ണിക്കുന്നു.
അവിടെ നിലവിലുള്ള അവസ്ഥകളെ സംബന്ധിച്ച് “അധോലോകത്തിൽ ഭീകരത നിറഞ്ഞിരിക്കുന്നു”വെന്ന് ഒരു പുരാതന അസ്സീറിയൻ പാഠം പറയുന്നു. സങ്കല്പമനുസരിച്ച് മരിച്ചവരുടെ ഈ ഭൂഗർഭവസതിയുടെ ഒരു വീക്ഷണം അനുവദിക്കപ്പെട്ട അസ്സീറിയൻ രാജകുമാരൻ താൻ കണ്ട കാഴ്ചയിൽ തന്റെ കാലുകൾ വിറച്ചുപോയെന്ന് സാക്ഷ്യപ്പെടുത്തി. അധോലോക രാജാവായ നെർഗാലിനെ വർണ്ണിച്ചുകൊണ്ട് “ഒരു ഉഗ്രമായ കൊടുങ്കാററുപോലെ, ക്രോധപൂർവം അയാൾ ഒരു ഭയങ്കരമായ ആക്രോശത്തോടെ എന്റെ നേരെ അലറി”യെന്ന് അയാൾ രേഖപ്പെടുത്തി.
ഈജിപ്ററിലെയും പൗരസ്ത്യദേശങ്ങളിലെയും മതങ്ങൾ
പുരാതന ഈജിപ്ററുകാർ ദേഹിയുടെ അമർത്ത്യതയിൽ വിശ്വസിച്ചു. അവർക്ക് അധോലോകത്തെക്കുറിച്ചുള്ള സ്വന്തമായ ധാരണയുണ്ടായിരുന്നു. ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ ഇങ്ങനെ പറയുന്നു: “അടുത്ത ലോകത്തിലേക്കുള്ള വഴി ഭയങ്കര അപകടങ്ങൾ നിറഞ്ഞതായി ഈജിപ്ററിലെ ശവസംസ്ക്കാരസംബന്ധമായ പാഠങ്ങൾ വരച്ചുകാട്ടുന്നു. ഭയംജനിപ്പിക്കുന്ന ഭീകരരൂപികൾ, തീത്തടാകങ്ങൾ, മാന്ത്രികവിധികളുടെ ഉപയോഗംകൂടാതെയല്ലാതെ കടക്കാൻകഴിയാത്ത പടിവാതിലുകൾ, മന്ത്രവിദ്യയാൽ ധ്വംസിക്കേണ്ട ദുഷ്ട ഉദ്ദേശ്യത്തോടുകൂടിയ ഒരു ദ്രോഹിയായ കടത്തുകാരൻ.”
ഇൻഡോ-ഇറാനിയൻ മതങ്ങൾ മരണാനന്തരശിക്ഷയെക്കുറിച്ചുള്ള അനേകം വിശ്വാസങ്ങൾ വികസിപ്പിച്ചെടുത്തു. ഹിന്ദുമതത്തെക്കുറിച്ച് ഫ്രഞ്ച് എൻസൈക്ലോപ്പീഡിയാ യൂണിവേഴ്സാലിസ് (യൂണിവേഴ്സൽ എൻസൈക്ലോപ്പീഡിയാ) ഇങ്ങനെ പ്രസ്താവിക്കുന്നു: “ഹിന്ദുക്കൾ സങ്കല്പ്പിച്ചിരിക്കുന്ന 21 നരകങ്ങളെക്കുറിച്ചുള്ള അസംഖ്യം വർണ്ണനകളുണ്ട്. പാപികൾ കാട്ടുമൃഗങ്ങളാലും പാമ്പുകളാലും വിഴുങ്ങപ്പെടുകയും വേദനാജനകമായി വറക്കപ്പെടുകയും അറുത്തുമുറിക്കപ്പെടുകയും ദാഹത്താലും വിശപ്പിനാലും ദണ്ഡിപ്പിക്കപ്പെടുകയും എണ്ണയിൽ പൊള്ളിക്കപ്പെടുകയും ഇരുമ്പുപാത്രങ്ങളിലോ കല്പാത്രങ്ങളിലോ അരച്ചുപൊടിക്കപ്പെടുകയും ചെയ്യുന്നു.”
ജൈനമതത്തിനും ബുദ്ധമതത്തിനും നരകത്തെക്കുറിച്ചുള്ള അവയുടെ ഭാഷ്യങ്ങളുണ്ട്, അവിടെ അനുതാപമില്ലാത്ത പാപികൾ ദണ്ഡിപ്പിക്കപ്പെടുന്നു. ഇറാനിൽ അല്ലെങ്കിൽ പേർഷ്യയിൽ സ്ഥാപിക്കപ്പെട്ട സൊരോഷ്ട്ര്യൻമതത്തിനും ഒരു നരകമുണ്ട്—അത് പാപികളുടെ ദേഹികൾ ദണ്ഡിപ്പിക്കപ്പെടുന്ന ദുർഗന്ധം വമിക്കുന്ന ഒരു തണുത്ത സ്ഥലമാണ്.
ഈജിപ്ഷ്യൻ, ഹൈന്ദവ, ജൈന, ബൗദ്ധ, സൊരോഷ്ട്ര്യൻ മതങ്ങളുടെ നരകഭാഷ്യങ്ങളിലെ ദണ്ഡനങ്ങൾ നിത്യമല്ലെന്നു തോന്നുന്നത് കൗതുകകരമാണ്. ഈ മതങ്ങളനുസരിച്ച്, യാതനയുടെ ഒരു കാലഘട്ടത്തിനുശേഷം പാപികളുടെ ദേഹികൾ മാനുഷഭാവിയെക്കുറിച്ചുള്ള ആ പ്രത്യേക മതത്തിന്റെ ധാരണയെ ആശ്രയിച്ച് വേറെ ഏതോ സ്ഥലത്തേക്ക് അല്ലെങ്കിൽ അവസ്ഥയിലേക്കു നീങ്ങുന്നു. നരകത്തെക്കുറിച്ചുള്ള അവരുടെ ആശയങ്ങൾക്ക് കത്തോലിക്കാ മതത്തിന്റെ ശുദ്ധീകരണസ്ഥലത്തോടു സാദൃശമുണ്ട്.
ഗ്രീക്ക്, എട്രൂസ്കൻ, റോമൻ നരകങ്ങൾ
പുരാതന ഗ്രീക്കുകാർ ഒരു ദേഹിയുടെ (സൈക്കി, ചിത്രശലഭത്തിനും അവർ ഈ പദമാണുപയോഗിച്ചത്) അതിജീവനത്തിൽ വിശ്വസിച്ചു. അവർ ഹേഡീസിനെ മരിച്ചവരുടെ മണ്ഡലമെന്ന് വിളിക്കുകയും അതിൻമേൽ അതേ പേരുള്ള ഒരു ദൈവം ഭരിച്ചിരുന്നതായി വിശ്വസിക്കുകയും ചെയ്തു. ഓർഫ്യൂസ്—മതങ്ങളുടെ ഒരു പൊതു ചരിത്രം എന്ന തന്റെ പുസ്തകത്തിൽ ഫ്രഞ്ച് പണ്ഡിതനായ സോളമൻ റെയ്നാക്ക് ഗ്രീക്കുകാരെക്കുറിച്ച് ഇങ്ങനെ എഴുതി: “വൃദ്ധ കടത്തുകാരനായ ചാരോന്റെ വള്ളത്തിൽ സ്ററിക്സ് നദി കടന്നശേഷം [ദേഹി] ഇൻഫേർണോയുടെ പ്രദേശങ്ങളിലെത്തുന്നുവെന്നതായിരുന്നു പരക്കെ വ്യാപിച്ചിരുന്ന ഒരു വിശ്വാസം. അയാൾ കടത്തുകൂലിയായി ഒരു ഓബോലസ് (നാണയം) ഈടാക്കിയിരുന്നു, അതു വെച്ചിരുന്നത് മരിച്ചയാളിന്റെ വായിലായിരുന്നു. ഇൻഫേണോ പ്രദേശങ്ങളിൽ അത് ആ സ്ഥലത്തെ മൂന്ന് ന്യായാധിപൻമാരുടെ മുമ്പാകെ ഹാജരായി . . . ; അതിന്റെ കുററകൃത്യങ്ങൾക്ക് ശിക്ഷവിധിക്കപ്പെട്ടിരുന്നെങ്കിൽ, അത് ററാർട്ടറസിൽ യാതനയനുഭവിക്കണമായിരുന്നു. . . . ശൈശവത്തിൽ മരിച്ച കുട്ടികളുടെ പാർപ്പിടമായ ഒരു ലിംബോ പോലും ഗ്രീക്കുകാർ കണ്ടുപിടിച്ചിരുന്നു, ഏതോ ലഘുവായ ശിക്ഷ ദേഹികളെ ശുദ്ധീകരിച്ചടമായ ശുദ്ധീകരണസ്ഥലവും.” ദി വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയാ പറയുന്നതനുസരിച്ച് ററാർട്ടറസിൽ എത്തുന്ന ദേഹികൾ “നിത്യദണ്ഡനമനുഭവിച്ചു.”
ഇററലിയിൽ റോമാക്കാർക്കു മുമ്പത്തെ സംസ്കാരമുണ്ടായിരുന്ന എട്രൂസ്കൻസും മരണാനന്തര ശിക്ഷയിൽ വിശ്വസിച്ചു. ഡിക്ഷ്നെയെർ ഡെസ് റിലിജിയൻസ് (മതങ്ങളുടെ നിഘണ്ടു) ഇങ്ങനെ പ്രസ്താവിക്കുന്നു: “എട്രൂസ്കൻസ് അവരുടെ മതങ്ങളിൽ കാണിച്ച അങ്ങേയററത്തെ ശ്രദ്ധയുടെ കാരണം അധോലോക മണ്ഡലങ്ങളെക്കുറിച്ചുള്ള അവരുടെ സങ്കല്പനമായിരുന്നു. ബാബിലോന്യരെപ്പോലെ, ഇവ മരിച്ചവരുടെ ആത്മാക്കൾക്ക് ദണ്ഡനങ്ങളുടെയും നിരാശയുടെയും സ്ഥലങ്ങളാണെന്ന് അവർ പരിഗണിച്ചു. അവരുടെ സന്തതികൾ അർപ്പിക്കുന്ന പ്രായശ്ചിത്ത യാഗങ്ങളിൽനിന്നുമാത്രമേ അവർക്ക് ഏക ആശ്വാസം ലഭിക്കുമായിരുന്നുള്ളു.” മറെറാരു സംശോധകഗ്രന്ഥം ഇങ്ങനെ പ്രഖ്യാപിക്കുന്നു: “എട്രൂസ്കൻ ശവകുടീരങ്ങൾ ക്രിസ്തീയ ചിത്രരചനകൾക്കു പ്രചോദനമേകിയ ഭീകരരംഗങ്ങൾ കാണിക്കുന്നു.”
റോമാക്കാർ എട്രൂസ്കൻ നരകത്തെ സ്വീകരിക്കുകയും അതിനെ ഓർക്കസ് അഥവാ ഇൻഫേർണസ് എന്നു വിളിക്കുകയും ചെയ്തു. അവർ അധോലോക രാജാവായ ഹേഡീസിനെക്കുറിച്ചുള്ള ഗ്രീക്ക് കെട്ടുകഥകളും കടമെടുക്കുകയും അവനെ ഓർക്കസ് അഥവാ പ്ലൂട്ടോ എന്നു വിളിക്കുകയും ചെയ്തു.
യഹൂദൻമാരും എബ്രായതിരുവെഴുത്തുകളും
യേശുവിന്റെ നാളിനു മുമ്പത്തെ യഹൂദൻമാരെ സംബന്ധിച്ചെന്ത്? അവരെ സംബന്ധിച്ച് നാം എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കായിൽ (1970) ഇങ്ങനെ വായിക്കുന്നു: “ക്രി. മു. 5-ാം നൂററാണ്ടു മുതൽ യഹൂദൻമാർ പേർഷ്യക്കാരും ഗ്രീക്കുകാരുമായി അടുത്ത സമ്പർക്കത്തിലായിരുന്നു, ഇരു കൂട്ടർക്കും സുവികസിതമായ മരണാനന്തര ആശയങ്ങൾ ഉണ്ടായിരുന്നു. . . . ക്രിസ്തുവിന്റെ കാലമായപ്പോഴേക്ക് ദുഷ്ടദേഹികൾ മരണാനന്തരം ഗിഹെന്നായിൽ ശിക്ഷിക്കപ്പെടുമെന്നുള്ള ഒരു വിശ്വാസം യഹൂദൻമാർ സമ്പാദിച്ചിരുന്നു.” എന്നിരുന്നാലും, എൻസൈക്ലോപ്പീഡിയാ ജൂഡായിക്കാ ഇങ്ങനെ പ്രസ്താവിക്കുന്നു: “ഗിഹെന്നായെക്കുറിച്ചുള്ള ഈ പിൽക്കാല ധാരണയെ സംബന്ധിച്ച സൂചന തിരുവെഴുത്തിൽ കാണാനില്ല.”
ഈ ഒടുവിൽ പറഞ്ഞ പ്രസ്താവന ശരിയാണ്. ദേഹിക്ക് ഒരു അഗ്നിനരകത്തിൽ ഒരു മരണാനന്തരശിക്ഷയുണ്ടെന്ന് എബ്രായ തിരുവെഴുത്തുകളിൽ സൂചനയില്ല. ഈ പേടിപ്പെടുത്തുന്ന ഉപദേശം ഉണ്ടായത് ബാബിലോണിയായിലെ പ്രളയാനന്തര മതങ്ങളിലാണ്, ബൈബിളിലല്ല. ക്രൈസ്തവലോകത്തിന്റെ നരകശിക്ഷയുടെ ഉപദേശം ആദിമ ബാബിലോന്യരിൽനിന്നാണ് ഉത്ഭവിച്ചത്. ശുദ്ധീകരണസ്ഥലത്തെ പാപപരിഹാരപരമായ യാതനയുടെ കത്തോലിക്കാ ആശയം ആദിമ ഈജിപ്ററുകാരിലേക്കും പൗരസ്ത്യമതങ്ങളിലേക്കും പിന്നോക്കം പോകുന്നു. ലിംബോ ഗ്രീക്ക് പുരാണത്തിൽനിന്ന് പകർത്തിയതാണ്. മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനകളും വഴിപാടുകളും എട്രൂസ്കൻസിനാൽ ആചരിക്കപ്പെട്ടിരുന്നു.
എന്നാൽ മരണാനന്തരമുള്ള ബോധപൂർവകമായ ശിക്ഷയുടെ ഈ ഉപദേശങ്ങൾ ഏത് അടിസ്ഥാന സങ്കല്പത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്? (w89 10⁄1)
[അടിക്കുറിപ്പ്]
a മക്ലിന്റോക്കിന്റെയും സ്ത്രോംഗിന്റെയും സൈക്ലോപ്പീഡിയാ ഓഫ് ബിബ്ലിക്കൽ, തിയൊളോജിക്കൽ ആൻഡ് എക്ലിസ്യാസ്ററിക്കൽ ലിറററേച്ചർ, വാള്യം 4, പേജ് 165.
[5-ാം പേജിലെ ചിത്രം]
ഡാൻറിയുടെ ഇൻഫേർണോയിൽ വർണ്ണിച്ചിരിക്കുന്ന സ്ററിക്സ് കടക്കുന്നു
[കടപ്പാട്]
Dover Publications, Inc.