നരകത്തെസംബന്ധിച്ച സത്യം
പ്രസ്പഷ്ടമായി മരണാനന്തര ശിക്ഷയെക്കുറിച്ചുള്ള വിശ്വാസത്തിൽ അന്തർഭവിച്ചിരിക്കുന്ന ഉപദേശം ജഡികശരീരം മരിക്കുമ്പോൾ യഥാർത്ഥ മനുഷ്യൻ മരിക്കുന്നില്ലെന്നും എന്നാൽ മിക്കപ്പോഴും ദേഹി എന്നു വിളിക്കപ്പെടുന്ന എന്തോ ഒന്ന് ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്നുവെന്നുമുള്ള വിശ്വാസമാണ്. നാം മുൻ ലേഖനത്തിൽ കണ്ടതുപോലെ, ഈ വിശ്വാസം ആദിമ സുമേറിയക്കാരും മെസോപ്പൊട്ടേമിയായിലെ ബാബിലോന്യരും വരെ പിന്നോട്ടുപോകുന്നു. പിന്നീട് അത് ഗ്രീക്കുകാരാൽ സ്വീകരിക്കപ്പെട്ടു. പ്ലേറേറായെപ്പോലെയുള്ള അവരുടെ തത്വചിന്തകർ ഈ സിദ്ധാന്തത്തെ മിനുക്കിയെടുത്തു. “ശരീരത്തിലും ദേഹിയിലു”മുള്ള അവരുടെ നവീകരിക്കപ്പെട്ട ദ്വൈതവിശ്വാസം വിശ്വാസത്യാഗം ഭവിച്ച യഹൂദവിശ്വാസത്തിന്റെ ഭാഗമായിത്തീർന്നു.
ക്രിസ്ത്യാനികളെന്നവകാശപ്പെട്ടവർ അങ്ങനെയുള്ള മരണാനന്തരജീവിതത്തിലുള്ള വിശ്വാസം സ്വീകരിച്ചതെപ്പോഴായിരുന്നു? തീർച്ചയായും യേശുവിന്റെയും അവന്റെ അപ്പോസ്തലൻമാരുടെയും കാലത്തല്ലായിരുന്നു. ഫ്രഞ്ച് എൻസൈക്ലോപ്പീഡിയാ യൂണിവേഴ്സലിസ് ഇങ്ങനെ പ്രസ്താവിക്കുന്നു: (ക്രി.വ. 2-ാം നൂററാണ്ടിലെ പത്രോസിന്റെ വെളിപ്പാട് എന്ന [അപ്പോക്രിപ്പാ] പുസ്തകമായിരുന്നു പാപികളുടെ നരകത്തിലെ ശിക്ഷയെയും ദണ്ഡനത്തെയും കുറിച്ച് വർണ്ണിച്ച ആദ്യ ക്രിസ്തീയ കൃതി.”
യഥാർത്ഥത്തിൽ, ആദിമ സഭാപിതാക്കൻമാരുടെ ഇടയിൽ നരകത്തെപ്പററി വളരെയധികമായ വിയോജിപ്പുണ്ടായിരുന്നുവെന്നു തോന്നുന്നു. ജസ്ററിൻ മാർട്ടറും അലക്സാണ്ട്രിയായിലെ ക്ലെമൻറും തെർത്തുല്യനും സിപ്രിയനും അഗ്നിനരകത്തെ അനുകൂലിച്ചു. നരകത്തിലെ പാപികൾ ഒടുവിൽ രക്ഷിക്കപ്പെടുമെന്ന് അവകാശപ്പെട്ടുകൊണ്ട് നരകത്തിന് ഒരു പാപപരിഹാരപരമായ അർത്ഥമാററം കൊടുക്കാൻ ഓറിജൻ ശ്രമിച്ചു. നാസിയാൻസിലെ ഗ്രിഗറിയും നിസ്സായിലെ ഗ്രിഗറിയും ഏറിയ അളവിലോ കുറഞ്ഞ അളവിലോ അദ്ദേഹത്തെ അനുഗമിച്ചു. എന്നാൽ അഗസ്ററിൻ നരകത്തെസംബന്ധിച്ച അങ്ങനെയുള്ള മയമുള്ള വീക്ഷണങ്ങൾക്ക് അറുതിവരുത്തി. ആദിമ ക്രിസ്തീയ ഉപദേശങ്ങൾ എന്ന തന്റെ പുസ്തകത്തിൽ ഓക്സ്ഫോർഡ് പ്രൊഫസ്സറായ ജെ. എൻ. ഡി കെല്ലി ഇങ്ങനെ എഴുതുന്നു: “അഞ്ചാം നൂററാണ്ടായപ്പോഴേക്ക് പാപികൾക്ക് ഈ ജീവിതത്തിനുശേഷം രണ്ടാമതൊരു അവസരം കിട്ടുകയില്ലെന്നും അവരെ വിഴുങ്ങിക്കളയുന്ന തീ ഒരിക്കലും കെടുത്തപ്പെടുകയില്ലെന്നുമുള്ള ഉറച്ച ഉപദേശം എല്ലായിടത്തും സർവപ്രധാനമായിരുന്നു.”
ശുദ്ധീകരണത്തെ സംബന്ധിച്ച്, ഓർഫ്യൂസ്—മതങ്ങളുടെ ഒരു പൊതുചരിത്രം എന്ന പുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “ഭാവി അനുഗ്രഹത്തിനും ശിക്ഷാവിധിക്കുമിടയിൽ ഒരു പരീക്ഷണകാലമുണ്ടെന്ന് സെൻറ് അഗസ്ററിൻ വാദിച്ചിരുന്നു, അതാണ് അഗ്നിയാലുള്ള ദേഹികളുടെ ശുദ്ധീകരണം. ഇതാണ് ശുദ്ധീകരണത്തെസംബന്ധിച്ച് പുറജാതി ഗ്രീക്ക് ഉപദേശവും പുറജാതി റോമൻ ഉപദേശവും; തിരുവെഴുത്തുകളിൽ അതുസംബന്ധിച്ച് യാതൊന്നും പറയുന്നില്ല. . . . ശുദ്ധീകരണസ്ഥലത്തിന്റെ ഉപദേശം . . . രൂപപ്പെടുത്തിയത് ആറാം നൂററാണ്ടിലായിരുന്നു, അത് സഭയുടെ ഒരു സിദ്ധാന്തമായി ഫ്ളോറൻസിലെ കൗൺസിലിനാൽ പ്രഖ്യാപിക്കപ്പെടുകയും ചെയ്തു (1439).” ദി ന്യൂ കാത്തലിക്ക് എൻസൈക്ലോപ്പീഡിയ ഇങ്ങനെ സമ്മതിക്കുന്നു: “ശുദ്ധീകരണസ്ഥലത്തെ സംബന്ധിച്ച കത്തോലിക്കാ ഉപദേശം വിശുദ്ധ തിരുവെഴുത്തുകളിലല്ല പാരമ്പര്യത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. ലിംബോയെസംബന്ധിച്ച്, അത് “ദൈവശാസ്ത്രപരമായ ഒരു പരികല്പന മാത്രമാണ്” എന്ന് റോമിലെ കാർഡിനൽ റാററ്സിംഗർ സമ്മതിക്കുന്നു.
മരണശേഷം ശിക്ഷയില്ല
എന്നാൽ ബൈബിളിനെ സംബന്ധിച്ച് എന്ത്? മരണത്തിങ്കൽ ദേഹി ശരീരത്തെ അതിജീവിക്കുന്നുവെന്നും അതുകൊണ്ട് ഒരു അഗ്നിനരകത്തിലോ ശുദ്ധീകരണസ്ഥലത്തോ ശിക്ഷിക്കപ്പെടാൻകഴിയുമെന്നും അതു പറയുന്നുണ്ടോ? ദി ന്യൂ കാത്തലിക്ക് എൻസൈക്ലോപ്പീഡിയാ ഇങ്ങനെ പ്രസ്താവിക്കുന്നു: “ദേഹി മരണാനന്തരം അതിജീവിക്കുന്നുവെന്ന ആശയം ബൈബിളിൽ അനായാസം ദൃശ്യമല്ല. . . . പഴയ നിയമത്തിലെ ദേഹി ഒരു മമനുഷ്യന്റെ ഭാഗത്തെ അർത്ഥമാക്കുന്നില്ല, പിന്നെയോ മുഴു മനുഷ്യനെയുമാണ് അർത്ഥമാക്കുന്നത്—ഒരു ജീവിയെന്ന നിലയിലുള്ള മനുഷ്യനെ. സമാനമായി, പുതിയ നിയമത്തിൽ അത് മനുഷ്യജീവനെ: ഒരു വ്യക്തിയുടെ ജീവനെ അർത്ഥമാക്കുന്നു.”
അങ്ങനെ മരണാനന്തര ശിക്ഷയിൽ അന്തർഭവിച്ചിരിക്കുന്ന പ്രമേയം പൊളിയുന്നു. “പാപംചെയ്യുന്ന ദേഹി മരിക്കുന്നു”വെന്ന് ബൈബിൾ പ്രസ്താവിക്കുന്നു. (യെഹെസ്ക്കേൽ 18:4, റിവൈസ്ഡ് സ്ററാൻഡേർഡ് വേർഷൻ, കത്തോലിക്കാ പതിപ്പ്) “പാപത്തിന്റെ ശമ്പളം മരണമാകുന്നു”വെന്നും അതു പറയുന്നു. (റോമർ 6:23, RSV) അതുകൊണ്ട്, അനുതാപമില്ലാത്ത ദുഷ്ടൻമാർ “ഗിഹെന്നാ”യിൽ, “നിത്യാഗ്നി”യിൽ, അഥവാ “തീത്തടാക”ത്തിൽ, വീഴുന്നതിനെക്കുറിച്ച് ബൈബിൾ പറയുമ്പോൾ അത് അവർ സ്ഥിരമായ മരണമായ “രണ്ടാം മരണ”ത്തിന് വിധേയമാകുന്നതിനെക്കുറിച്ച് പറയാൻ പ്രതീകാത്മകഭാഷ ഉപയോഗിക്കുന്നുവെന്നേയുള്ളു.—മത്തായി 23:33; 25:41, 46; വെളിപ്പാട് 20:14; 21:8;a 2 തെസ്സലോനീക്യർ 1:7-9 താരതമ്യംചെയ്യുക.
നരകം പുനരുത്ഥാനത്താൽ ഒഴിപ്പിക്കപ്പെടുന്നു
അപ്പോൾ നരകത്തിൽ ചൂടാണോ? ബൈബിളനുസരിച്ച് അല്ല. തീർച്ചയായും, ചില ബൈബിളുകളിൽ “നരകം” എന്ന് വിവർത്തനംചെയ്യപ്പെട്ടിരിക്കുന്ന എബ്രായ, ഗ്രീക്ക്, പദങ്ങൾ മനുഷ്യവർഗ്ഗത്തിന്റെ പൊതു ശവക്കുഴിയെ നിർദ്ദേശിക്കുന്നു. അത് ഒരു ദണ്ഡനസ്ഥലമല്ല. പകരം, അത് ഒരു വിശ്രമസ്ഥലമാണ്, മരിച്ചവർ അതിൽനിന്ന് പുനരുത്ഥാനത്തിൽ വരും. (സഭാപ്രസംഗി 9:10; പ്രവൃത്തികൾ 24:15) സ്വിററ്സർലണ്ടിലെ ബാസൽ യൂണിവേഴ്സിററിയിലെയും പാരീസിലെ സോർബോണിലെയും ദൈവശാസ്ത്രപ്രൊഫസ്സറായ ഓസ്കാർ കൾമാൻ “മരിച്ചവരുടെ പുനരുത്ഥാനത്തെ സംബന്ധിച്ച ക്രിസ്തീയ പ്രതീക്ഷയും ദേഹിയുടെ അമർത്ത്യതയിലുള്ള ഗ്രീക്ക് വിശ്വാസവും തമ്മിലുള്ള സമൂല വ്യത്യാസത്തെ”ക്കുറിച്ച് പറയുന്നു. “പിൽക്കാല ക്രിസ്ത്യാനിത്വം രണ്ടു വിശ്വാസങ്ങളും തമ്മിൽ ഒരു ബന്ധം സ്ഥാപിച്ചുവെന്ന വസ്തുത യഥാർത്ഥത്തിൽ ഒരു ബന്ധമേയല്ല, പിന്നെയോ ഒന്നിനെ [മനുഷ്യദേഹിയുടെ അമർത്ത്യതയിലുള്ള പുറജാതിവിശ്വാസത്തെ] അനുകൂലിച്ചുകൊണ്ടുള്ള മറേറതിന്റെ [പുനരുത്ഥാനത്തിന്റെ ബൈബിളുപദേശത്തിന്റെ] നിരസിക്കലായിരുന്നു”വെന്ന് ശരിയായിത്തന്നെ അദ്ദേഹം പറയുന്നു.—ഇററാലിക്സ് ഞങ്ങളുടേത്.
യഹോവയുടെ സാക്ഷികൾ ദേഹിയുടെ അമർത്ത്യത എന്ന ആശയത്തെ അനുകൂലിച്ചുകൊണ്ട് പുനരുത്ഥാനത്തിലുള്ള തങ്ങളുടെ വിശ്വാസത്തെ നിരസിച്ചിട്ടില്ല. തങ്ങളുടെ സന്തുഷ്ട പ്രത്യാശ നിങ്ങൾക്കു പങ്കുവെക്കുന്നതിനും നരകത്തിന് ചൂടില്ല എന്ന സത്യം നിങ്ങൾക്ക് തെളിയിച്ചുതരുന്നതിനും അവർക്ക് സന്തോഷമുണ്ടായിരിക്കും. (w89 10⁄1)
[അടിക്കുറിപ്പ്]
a അഗ്നിനരകോപദേശത്തെ താങ്ങിനിർത്തുന്നതിനുള്ള ശ്രമത്തിൽ ചിലർ ഉപയോഗിച്ചിട്ടുള്ള ഈ വാക്യങ്ങളും മററു ബൈബിൾ വാക്യങ്ങളും സംബന്ധിച്ചുള്ള കൂടുതലായ വിവരങ്ങൾക്കുവേണ്ടി വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ചിട്ടുള്ള ഈ ജീവിതം മാത്രമാണോ ഉള്ളത്? എന്ന പുസ്തകം കാണുക.