നരകത്തിൽ ചൂടാണോ?
“ആയിരത്തിത്തൊള്ളായിരത്തിയറുപതുകളിൽ ഏതോ സമയത്ത് നരകം അപ്രത്യക്ഷമായി,” ദേഹികളും ശരീരങ്ങളും എന്ന തന്റെ പുസ്തകത്തിൽ ബ്രിട്ടീഷ് ഗ്രന്ഥകാരനായ ഡേവിഡ് ലോഡ്ജ് പ്രസ്താവിച്ചു. രണ്ടാം ലോകയുദ്ധത്തെ തുടർന്നുള്ള ദശാബ്ദങ്ങളിലെ അനേകം കത്തോലിക്കരുടെയും പ്രോട്ടസ്ററൻറുകാരുടെയും ചിന്തയെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ പ്രതിഫലിപ്പിക്കുന്നത്. മുഖ്യധാരാസഭകളിൽ അനേകവും ആധുനിക ചിന്താമാതൃകകളോടു പൊരുത്തപ്പെടാനുള്ള തങ്ങളുടെ ശ്രമത്തിൽ കുറെ കാലത്തേക്ക് ഒരു അഗ്നിനരകത്തെ സംബന്ധിച്ച അവയുടെ ഔദ്യോഗിക ഉപദേശത്തെ മയപ്പെടുത്തി.
പാപംതന്നെ തങ്ങളുടെ മനസ്സുകളിൽ അവ്യക്തമായിത്തീർന്നിരിക്കുന്നുവെന്ന ധാരണ നിമിത്തം, മരണാനന്തരശിക്ഷയെന്ന ആശയം ആളുകൾക്ക് വിശേഷാൽ അസ്വീകാര്യമായിത്തീർന്നു. 1984-ൽ അഭിമുഖംനടത്തിയപ്പോൾ റോമിലെ കർദ്ദിനാൾ റാററ്സിംഗർ ഇങ്ങനെ പറയുകയുണ്ടായി: “നമ്മുടെ നാഗരികത . . . നരകത്തിലും ശുദ്ധീകരണസ്ഥലത്തിലുമുള്ള വിശ്വാസം ബന്ധപ്പെട്ടിരിക്കുന്ന ആ യാഥാർത്ഥ്യംതന്നെയായ . . . കുററത്തെ, പാപത്തെ, സംബന്ധിച്ച ആളുകളുടെ ബോധം നീക്കിക്കളയുന്നതിനുള്ള ശ്രമത്തിൽ ഗൗരവം കുറയ്ക്കുന്ന സാഹചര്യങ്ങളിലും മറുന്യായങ്ങളിലും കേന്ദ്രീകരിക്കുകയാണ്.”
മരണാനന്തരമുള്ള ശുദ്ധീകരണസ്ഥലത്തിലെയും നരകത്തിലെയുമുള്ള ശിക്ഷയുടെ ഉപദേശം സ്വീകരിക്കാതെ പാപത്തിന്റെ യാഥാർത്ഥ്യത്തിൽ വിശ്വസിക്കുക ഇന്ന് സാദ്ധ്യമാണോ? ഫ്രഞ്ച് കർദ്ദിനാളായ ഡെക്കാർത്രേ ആമുഖം എഴുതിയ അബ്രഗെ ഡി ലാ ഫോയ് കാതോലിക്ക് (കത്തോലിക്കാ വിശ്വാസത്തിന്റെ ഒരു സംഗ്രഹം) എന്ന പുസ്തകം വ്യക്തമായി ഈ ചോദ്യം ഉന്നയിച്ചു: “നരകത്തിൽ വിശ്വസിക്കേണ്ടതാവശ്യമാണോ?” ഉത്തരം ഇതായിരുന്നു: “നരകത്തിന്റെ ഭീതിദമായ പ്രശ്നത്തെ ഒഴിഞ്ഞുപോകുക സാദ്ധ്യമല്ല.” വത്തിക്കാൻ കൗൺസിൽ-II മോർ പോസ്ററ്കോൺസിലിയർ ഡോക്കുമെൻറ്സ് (1982) എന്ന കൃതി “ദൈവത്തിന്റെ സ്നേഹത്തോടും സഹാനുഭൂതിയോടും പ്രതിവർത്തിച്ചവർ നിത്യജീവനിലേക്കു പോകും. അവസാനത്തോളം അവയെ നിരസിച്ചവർ ഒരിക്കലും കെടുത്തപ്പെടാത്ത തീയിൽ തള്ളപ്പെടും . . . എന്നു നമ്മൾ വിശ്വസിക്കുന്നു”വെന്ന് “ദൈവജനത്തിന്റെ വിശ്വാസപ്രമാണം” പ്രസ്താവിക്കുന്നതായി ഉദ്ധരിക്കുന്നു.
അതുകൊണ്ട്, മറിച്ചു തെളിയിക്കുന്നതിനുള്ള ദൈവശാസ്ത്രപരമായ ശ്രമങ്ങളെല്ലാമുണ്ടായിട്ടും അഗ്നിനരകം ഇപ്പോഴും വളരെയധികമായി ഔദ്യോഗിക കത്തോലിക്കാസിദ്ധാന്തത്തിന്റെ ഒരു ഭാഗമാണ്. എന്നിരുന്നാലും, ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ ഒരു പുതിയ നിഘണ്ടു (1983) നിത്യശിക്ഷാവിധിയുടെ ഉപദേശം ക്രൈസ്തവലോകത്തിലെ അനേകം സഭാംഗങ്ങൾക്ക് ഉളവാക്കുന്ന “ബുദ്ധിമുട്ടി”നെയും “അസുഖ”ത്തെയും കുറിച്ച് പറയുന്നു. അവർക്ക് ഈ സിദ്ധാന്തത്തെ ദൈവസ്നേഹത്തിന്റെ ആശയവുമായി പൊരുത്തപ്പെടുത്തുന്നതിന് പ്രയാസമുണ്ട്. ‘ഒരു ചൂടുള്ള നരകം യഥാർത്ഥത്തിൽ ക്രിസ്തീയവും ബൈബിൾപരവുമായ ഒരു ഉപദേശമാണോ?’യെന്നറിയാൻ അവർ ആഗ്രഹിക്കുന്നു. അല്ലെങ്കിൽ, അത് ഉത്ഭവിച്ചത് എവിടെയാണ്? (w89 10⁄1)
[3-ാം പേജിലെ ചിത്രം]
ഫ്രാൻസിലെ ബോർജസ് കത്തീഡ്രൽ