കോഡക്സ് സൈനാററിക്കസിനെ രക്ഷിക്കുന്നു
കോഡക്സ് സൈനാററിക്കസ്, “നിലവിലുള്ള ഏററവും പ്രധാനപ്പെട്ടതും ആവേശജനകവും മൂല്യവത്തുമായ പുസ്തകം” എന്ന് വർണ്ണിക്കപ്പെട്ടിരിക്കുന്നു. ഇത്, കുറഞ്ഞപക്ഷം 1,600 വർഷങ്ങൾ പഴക്കമുള്ളതാകയാൽ മാത്രമല്ല, പിന്നെയോ നമ്മുടെ ബൈബിളിന്റെ കൈയ്യെഴുത്തുപ്രതികളുടെ കാററ്ലോഗിൽ ഒരു സുപ്രധാന കണ്ണിയായിരിക്കുന്നതുകൊണ്ടുമാണ്. കേവലം നൂറിൽപരം വർഷങ്ങൾക്കു മുമ്പ് തിഷെൻഡോർഫ് അതു വീണ്ടും കണ്ടെടുത്തത് ഹൃദയഹാരിയായ ഒരു കഥയാണ്.
കോൺസ്ററാൻറിൻ വോൺ തിഷെൻഡോർഫ് വടക്കൻയൂറോപ്പിലെ സാക്സണിൽ 1815-ൽ ജനിച്ചു, ഗ്രീസിലെ ലെയ്പ്സിഗ് യൂണിവേഴ്സിററിയിൽ വിദ്യാഭ്യാസം നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ പഠനകാലത്ത് ക്രിസ്തീയഗ്രീക്ക് തിരുവെഴുത്തുകൾ ആധികാരകമായവയല്ല എന്ന് തെളിയിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന പ്രസിദ്ധരായ ജർമ്മൻ ദൈവശാസ്ത്രജ്ഞൻമാർ ബൈബിളിനെ സംബന്ധിച്ചു നടത്തിയ വലിയ വിമർശനങ്ങളിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. എന്നിരുന്നാലും, ആദിമ കൈയ്യെഴുത്തുപ്രതികൾ സംബന്ധിച്ച ഒരു പഠനം ബൈബിൾ പാഠത്തിന്റെ സത്യതയെ തെളിയിക്കുമെന്ന് തിഷെൻഡോർഫിനു ബോധ്യപ്പെട്ടു. അതിന്റെ ഫലമായി അറിയപ്പെടുന്ന എല്ലാ കൈയ്യെഴുത്തുപ്രതികളും ഗവേഷണം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു, അദ്ദേഹത്തിന്റെ യാത്രകൾക്കിടയിൽ മററുള്ളവ കണ്ടുപിടിക്കാനാവുമെന്നുള്ള പ്രത്യാശയിൽ തന്നെ.
തിഷെൻഡോർഫ്, യൂറോപ്പിലെ ഏററവും മെച്ചപ്പെട്ട ലൈബ്രറികളിൽ അന്വേഷിച്ചുകൊണ്ട് നാലുവർഷം ചെലവഴിച്ച ശേഷം 1844 മെയ്യിൽ സീനായിൽ ചെങ്കടലിന് 4,500 അടി മുകളിൽ സ്ഥിതിചെയ്തിരുന്ന സെൻറ് കാതറിൻ എന്ന സന്യാസാശ്രമത്തിൽ എത്തിച്ചേർന്നു. സന്യാസിമാരുടെ കോട്ടതുല്യമായ ഏകാന്തസ്ഥലത്തേക്കുള്ള പ്രവേശനം ഭിത്തിയിലെ ഒരു ചെറിയ കവാടത്തിലൂടെ ഒരു കയറിൽ കെട്ടിത്തൂക്കിയിട്ടിരുന്ന കൊട്ടയിലൂടെയായിരുന്നു.
പ്രയോജനപ്രദമായ കണ്ടുപിടുത്തങ്ങൾ
ഏതാനും ദിവസങ്ങളിലേക്ക് അദ്ദേഹത്തെ അവരുടെ മൂന്നു ലൈബ്രറികളിൽ പരിശോധനനടത്തുന്നതിന് അനുവദിച്ചു. എന്നാൽ വിജയമുണ്ടായില്ല. പിന്നീട് അദ്ദേഹം സ്ഥലംവിടുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്നവയിൽ—പുരാതന ചർമ്മപത്രലിഖിതങ്ങളിൽ—അദ്ദേഹത്തിന്റെ കണ്ണുകൾ പതിഞ്ഞു! അവ പ്രധാന ലൈബ്രറിഹോളിൽ വെച്ചിരുന്ന കൊട്ട നിറയെ ഉണ്ടായിരുന്നു. ലൈബ്രേറിയൻ അദ്ദേഹത്തോട്, നേരത്തെ നിറഞ്ഞ രണ്ടു കൊട്ടകൾ കത്തിച്ചുകളഞ്ഞതുപോലെ അവയും കത്തിച്ചുകളയാൻപോകയാണെന്ന് പറഞ്ഞു. ഈ ചർമ്മപത്രലിഖിതങ്ങളിൽ, തിഷെൻഡോർഫ് കണ്ടിട്ടുള്ളതിലേക്കും ഏററം പഴക്കമുള്ള കയ്യെഴുത്തുപ്രതി, എബ്രായ തിരുവെഴുത്തുകളുടെ ഭാഗത്തിന്റെ ഒരു ഗ്രീക്ക്വിവർത്തനത്തിന്റെ 129 താളുകൾ കണ്ടെത്തിയതിൽ അദ്ദേഹം അത്ഭുതസ്തബ്ധനായിത്തീർന്നു. അദ്ദേഹത്തിന് 43 താളുകൾ നൽകി, എന്നാൽ ശേഷിച്ചവ കൊടുത്തില്ല.
തിഷെൻഡോർഫ് 1853-ൽ വീണ്ടും ഈ സന്യാസാശ്രമം സന്ദർശിച്ചപ്പോൾ നാലാംനൂററാണ്ടിലെ അതേ കയ്യെഴുത്തുപ്രതിയിൽനിന്ന് ഉൽപ്പത്തിയിലെ ഒരു ഭാഗംമാത്രമേ കണ്ടുകിട്ടിയുള്ളു. “ആ കയ്യെഴുത്തുപ്രതിയിൽ ആദ്യം പഴയനിയമം മുഴുവൻ ഉണ്ടായിരുന്നുവെന്നും എന്നാൽ പിന്നീട് അധികഭാഗവും നശിപ്പിക്കപ്പെട്ടിട്ട് ഏറെ നാളായെന്നും” അദ്ദേഹത്തിനു ബോധ്യമായി. സാധ്യതയനുസരിച്ച് മുഴു കയ്യെഴുത്തുപ്രതിയും 730 താളുകൾ ഉൾപ്പെട്ടതായിരുന്നു. അത് ചർമ്മപത്രത്തിൽ (ചെമ്മരിയാടിന്റെയും കോലാടിന്റെയും നല്ല തോലിൽ) ഗ്രീക്ക്വലിയക്ഷരത്തിൽ രേഖപ്പെടുത്തപ്പെട്ടതായിരുന്നു.
ആറുവർഷങ്ങൾക്കുശേഷം തിഷെൻഡോർഫ് സീനായിലെ സന്യാസികളെ മൂന്നാമതു സന്ദർശിച്ചു. അദ്ദേഹം പിരിയാൻതുടങ്ങിയപ്പോൾ യാദൃച്ഛികമായി 15 വർഷം മുമ്പ് ദഹിപ്പിച്ചു കളയാതെ അദ്ദേഹം രക്ഷിച്ചിരുന്ന താളുകൾ മാത്രമല്ല പിന്നെയോ മററ് അനേകവും കാണിക്കപ്പെട്ടു. അവയിൽ മുഴു ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളും എബ്രായ തിരുവെഴുത്തുകളുടെ ഗ്രീക്കുവിവർത്തനത്തിന്റെ ഏതാനും ഭാഗവും ഉൾപ്പെട്ടിരുന്നു.
ആ കയ്യെഴുത്തുപ്രതി ഈജിപ്ററിലെ കെയ്റൊയിലേക്ക് കൊണ്ടുപോയി പകർപ്പെടുക്കുന്നതിനും ഒടുവിൽ അത് സന്യാസിമാരുടെ ഒരു സമ്മാനമെന്ന നിലയിൽ റഷ്യയിലെ സാർചക്രവർത്തിക്കു കൊണ്ടുപോയികൊടുക്കുന്നതിനും തിഷെൻഡോർഫ് അനുവദിക്കപ്പെട്ടു. ഇന്ന് അത് ബ്രിട്ടീഷ്കാഴ്ചബംഗ്ലാവിൽ സ്ഥാപിച്ചിരിക്കുന്നു, കോഡക്സ് അലക്സാൻഡ്രിയായുടെ സമീപം പ്രദർശിപ്പിച്ചുമിരിക്കുന്നു. നേരത്തത്തെ 43 താളുകൾ ജർമ്മൻ ജനാധിപത്യറിപ്പബ്ലിക്കിലെ ലെയ്പ്സിഗിലെ യൂണിവേഴ്സിററി ലൈബ്രറിയിൽ ഉണ്ട്.
നാം തിഷെൻഡോർഫിനോട്, തന്റെ ജീവിതവും കഴിവുകളും പുരാതന ബൈബിൾ കയ്യെഴുത്തുപ്രതികൾ അന്വേഷിക്കുന്നതിനുവേണ്ടി, വിശേഷിച്ച് വലിയ കോഡക്സ് സൈനാററിക്കസിനെ നാശത്തിൽനിന്ന് രക്ഷിക്കുന്നതിനുവേണ്ടി അർപ്പിച്ചതിൽ നന്ദിയുള്ളവരായിരിക്കണം. എന്നാൽ ഇന്ന് നമ്മുടെ പ്രയോജനത്തിനുവേണ്ടി തന്റെ വചനം വളരെ കൃത്യമായി സൂക്ഷിക്കത്തക്കവണ്ണം ശ്രദ്ധിച്ച യഹോവയാം ദൈവത്തിന് നമ്മുടെ ഏററവും വലിയ നന്ദി പോകുന്നു. (w88 10/15)
[30-ാം പേജിലെ ചതുരം]
കോഡക്സ് ഉപയോഗിക്കുന്നു
കോഡക്സ് സൈനാററിക്കസ് എന്നതിന്റെ ചിഹ്നം א എന്ന എബ്രായ അക്ഷരമാണ്. ആ പുരാതന കയ്യെഴുത്തുപ്രതി ബൈബിളിന്റെ കുറേക്കൂടി ആധുനികമായ പേപ്പിറസ് കയ്യെഴുത്തുപ്രതികളുടെ കൃത്യതയെ സ്ഥിരീകരിക്കുന്നു. അത് പിൽക്കാല പ്രതികളിൽ നുഴഞ്ഞുകയറിയ പ്രച്ഛന്നമായ തെററുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ആധുനിക ബൈബിൾപാണ്ഡിത്യത്തിന് സഹായകമാകയും ചെയ്യുന്നു.
ദൃഷ്ടാന്തത്തിന് യോഹന്നാൻ 1:18 ഇപ്രകാരം വായിക്കപ്പെടുന്നു: “ദൈവത്തെ ഒരു മനുഷ്യനും ഒരിക്കലും കണ്ടിട്ടില്ല; പിതാവിനോടുകൂടെ അവന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ ദൈവം അവനെസംബന്ധിച്ച് വിശദീകരിച്ചിരിക്കുന്നു.” “പുതിയലോകഭാഷാന്തരം റഫറൻസ് ബൈബിളിന്റെ” ഫുട്ട്നോട്ട്, “ഏകജാതനായ പുത്രൻ” എന്ന പകരം ഭാഷാന്തരത്തെക്കാൾ “ഏകജാതനായ ദൈവം” എന്നതിനെയാണ് കോഡക്സ് സൈനാററിക്കസും മററു പുരാതന കയ്യെഴുത്തുപ്രതികളും പിൻതാങ്ങുന്നത് എന്ന് വെളിപ്പെടുത്തുന്നു. א-ന്റെ ഫുട്ട്നോട്ട് പരാമർശനം “ഏകജാതനായ ദൈവം” എന്നതിലെ നിശ്ചയോപപദത്തിന്റെ പുനസ്ഥിതീകരണത്തെ തെളിയിക്കുന്നതിന് കോഡക്സിന്റെ ഒരു തിരുത്തലുകാരനെയും സൂചിപ്പിക്കുന്നു. ഈ തിരുവെഴുത്ത് സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് യേശുക്രിസ്തുവിന്റെ സ്ഥാനം അനുപമമാണ്.
[31-ാം പേജിലെ ചിത്രം]
പരമ്പരാഗത സീനായ്മലയുടെ അടിവാരത്തിലെ സെൻറ് കാതറിൻ സന്യാസാശ്രമം. [ഇൻസെററ്] അതിന്റെ ഇപ്പോഴത്തെ ലൈബ്രറി
[കടപ്പാട]
Pictorial Archive (Near Eastern History) Est.
[കടപ്പാട]
Pictorial Archive (Near Eastern History) Est.
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Courtesy of the British Museum, London