“സംസാരിക്കാൻ ഒരു സമയം”—എപ്പോൾ?
മേരി ഒരു ആശുപത്രിയിൽ മെഡിക്കൽ അസിസ്ററൻറായി ജോലി ചെയ്യുന്നു. അവൾ തന്റെ ജോലിയിൽ അനുസരിക്കേണ്ട ഒരു വ്യവസ്ഥ രഹസ്യം സൂക്ഷിക്കുക എന്നതാണ്. അവളുടെ ജോലിയോടു ബന്ധപ്പെട്ട രേഖകളും വിവരങ്ങളും അനധികൃതരായ ആളുകളിലേക്ക് പോകാതെ സൂക്ഷിക്കണം. അവളുടെ സംസ്ഥാനത്തെ നിയമസംഹിതയും രോഗികളുടെ രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തുന്നതിനെ നിയന്ത്രിക്കുന്നു.
ഒരു ദിവസം മേരി ഒരു വിഷമസ്ഥിതിയെ അഭിമുഖീകരിച്ചു. മെഡിക്കൽ രേഖകൾ കൈകാര്യംചെയ്തപ്പോൾ, ഒരു സഹക്രിസ്ത്യാനിയായ ഒരു രോഗി ഗർഭഛിദ്രത്തിനു വിധേയയായിയെന്നു സൂചിപ്പിക്കുന്ന വിവരം അവൾ കണ്ടെത്തി. തന്റെ ജോലിയുടെ നഷ്ടത്തിലേക്കോ വ്യവഹാരത്തിലേക്കോ അല്ലെങ്കിൽ അവളുടെ തൊഴിലുടമയെ നിയമ പ്രശ്നങ്ങളിലേക്കോ നയിച്ചേക്കാമെങ്കിൽ പോലും അവൾക്കു ഈ വിവരം സഭയിലെ മൂപ്പൻമാരെ അറിയിക്കാനുള്ള ഒരു തിരുവെഴുത്തുപരമായ ഉത്തരവാദിത്തമുണ്ടായിരുന്നോ? അല്ലെങ്കിൽ സദൃശവാക്യങ്ങൾ 11:13 ഈ കാര്യം മറച്ചുവെക്കുന്നതിനെ നീതീകരിക്കുമായിരുന്നോ? അതു ഇങ്ങനെ വായിക്കുന്നു: “അപവാദം പറഞ്ഞു നടക്കുന്നവൻ രഹസ്യസംസാരം വെളിപ്പെടുത്തുന്നു, എന്നാൽ ആത്മാവിൽ വിശ്വസ്തനായവൻ കാര്യം മറച്ചുവെക്കുന്നു.”—സദൃശവാക്യങ്ങൾ 25:9,10 താരതമ്യപ്പെടുത്തുക.
യഹോവയുടെ സാക്ഷികൾ പലപ്പോഴും ഇതുപോലെയുള്ള സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നു. മേരിയെപ്പോലെ അവർ ശലോമോൻ രാജാവ് നിരീക്ഷിച്ചതിനെക്കുറിച്ച് തീവ്രമായി ബോധമുള്ളവരായിത്തീരുന്നു: “എല്ലാററിനും ഒരു നിയമിക്കപ്പെട്ട സമയമുണ്ട്, ആകാശത്തിൻകീഴിലുള്ള ഓരോ കാര്യത്തിനുംതന്നേ ഒരു സമയം ഉണ്ട്: . . . നിശബ്ദമായിരിക്കാൻ ഒരു സമയവും സംസാരിക്കാൻ ഒരു സമയവും.” (സഭാപ്രസംഗി 3:1,7) മേരിക്ക് ഇതു നിശബ്ദമായിരിക്കുന്നതിനുള്ള ഒരു സമയമായിരുന്നോ, അഥവാ അവൾ മനസ്സിലാക്കിയതിനെക്കുറിച്ചു സംസാരിക്കുന്നതിനുള്ള സമയമായിരുന്നോ?a
സാഹചര്യങ്ങൾ വളരെ വ്യത്യസ്തമായിരിക്കാൻ കഴിയും. അതുകൊണ്ട് മേരി കൈകാര്യം ചെയ്തതുപോലെ ഓരോരുത്തരും കാര്യങ്ങൾ ചെയ്യണമെന്നതുപോലെ ഓരോ സംഗതിയിലും പിൻതുടരേണ്ട ഒരു പ്രാമാണിക നടപടിക്രമം വെക്കുന്നതു അസാദ്ധ്യമായിരിക്കും. തീർച്ചയായും ഓരോ ക്രിസ്ത്യാനിയും എപ്പോഴെങ്കിലും ഈ സ്വഭാവത്തിലുള്ള ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നുവെങ്കിൽ, ഉൾപ്പെട്ടിരിക്കുന്ന എല്ലാ വസ്തുതകളും തൂക്കി നോക്കാൻ തയ്യാറാകയും ബൈബിൾ തത്വങ്ങളും എല്ലാ നിയമവശങ്ങളും പരിഗണിച്ചുകൊണ്ടുള്ള ഒരു തീരുമാനത്തിലെത്തുകയും വേണം. അതു അവനെ അല്ലെങ്കിൽ അവളെ യഹോവയുടെ മുമ്പാകെ ഒരു ശുദ്ധമായ മനസ്സാക്ഷിയോടെ നിർത്തുകയും ചെയ്യും. (1 തിമൊഥെയൊസ് 1:5,19) പാപങ്ങൾ ലഘുവും മാനുഷിക അപൂർണ്ണതകൊണ്ടുള്ളവയും ആയിരിക്കുമ്പോൾ, “സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു” എന്ന തത്വം ബാധകമാകുന്നു. (1 പത്രോസ് 4:8) എന്നാൽ ഗുരുതരമായ തെററ് ഉണ്ടെന്നു തോന്നുമ്പോൾ ഒരു വിശ്വസ്ത ക്രിസ്ത്യാനി ദൈവത്തോടും തന്റെ സഹ ക്രിസ്ത്യാനിയോടുമുള്ള സ്നേഹത്തിൽ നിന്ന്, പാപിയെന്നു വിചാരിക്കപ്പെടുന്ന ആൾക്കു സഹായം ലഭിക്കാൻ കഴിയേണ്ടതിനും സഭയുടെ ശുദ്ധി കാത്തുസൂക്ഷിക്കുന്നതിനും അയാൾക്കു അറിവുള്ളതു വെളിപ്പെടുത്തുമോ?
ബൈബിൾതത്വങ്ങൾ ബാധകമാക്കുക
ബാധകമാകുന്ന ചില അടിസ്ഥാന ബൈബിൾ തത്വങ്ങൾ ഏവയാണ്? ഒന്നാമത്, ഗുരുതരമായ തെററു ചെയ്യുന്ന ആരും അതു മറച്ചുവെക്കാൻ ശ്രമിക്കരുത്. “തന്റെ ലംഘനങ്ങളെ മറച്ചുവെക്കുന്നവൻ വിജയിക്കുകയില്ല, എന്നാൽ അവയെ ഏററുപറഞ്ഞ് ഉപേക്ഷിക്കുന്നവനോട് കരുണ കാണിക്കും.” (സദൃശവാക്യങ്ങൾ 28:13) യഹോവയുടെ ശ്രദ്ധയിൽ നിന്ന് യാതൊന്നും ഒഴിഞ്ഞിരിക്കുന്നില്ല. മറയ്ക്കപ്പെട്ട ലംഘനങ്ങൾക്കു കാലക്രമത്തിൽ കണക്കുബോധിപ്പിക്കേണ്ടി വരും. (സദൃശവാക്യങ്ങൾ 15:3; 1തിമൊഥെയോസ് 5:24,25) ചിലപ്പോൾ യഹോവ മറച്ചുവെച്ചിരിക്കുന്ന കുററകൃത്യത്തെ അതിനു ഉചിതമായ ശ്രദ്ധ നൽകേണ്ടതിന് സഭയിലെ ഒരു അംഗത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരും.—യോശുവ 7:1-26.
മറെറാരു ബൈബിൾ മാർഗ്ഗനിർദ്ദേശം ലേവ്യർ 5:1-ൽ കാണപ്പെടുന്നു: “ഇപ്പോൾ ഒരു ദേഹി ഒരു പരസ്യ ശാപം കേട്ടിട്ട് അയാൾ ഒരു സാക്ഷിയായിരിക്കയൊ അതു കണ്ടിരിക്കയൊ അതിനെക്കുറിച്ചറിഞ്ഞിരിക്കയൊ ചെയ്തിട്ട് അയാൾ അതു അറിയിക്കാത്തതിൽ പാപം ചെയ്യുന്നുവെങ്കിൽ അപ്പോൾ അയാൾ തന്റെ അകൃത്യത്തിനു ഉത്തരം പറയേണ്ടതാണ്.” ഈ “പരസ്യ ശാപം” ദുഷിയൊ ദൈവ ദൂഷണമൊ ആയിരുന്നില്ല. പകരം ദുഷ്പെരുമാററത്തിനു ഇരയാക്കപ്പെട്ട ആരെങ്കിലും, തനിക്കു നീതി ലഭിക്കുന്നതിനു വേണ്ടി സാധ്യതയുള്ള ഏതെങ്കിലും സാക്ഷിയോട് സഹായിക്കുന്നതിനാവശ്യപ്പെടുമ്പോൾ, ഒരുപക്ഷെ ഇതുവരെ തിരിച്ചറിയപ്പെടാത്ത, തന്നോട് അകൃത്യം ചെയ്തവനെ സാധ്യതയനുസരിച്ച് യഹോവയിൽ നിന്നുള്ള ശാപ വാക്കുകൾ വിളിക്കവെ അതു മിക്കപ്പോഴും സംഭവിച്ചിരുന്നു. അതു മററുള്ളവരെ സത്യപ്രതിജ്ഞയിൻ കീഴിൽ വെക്കുന്ന ഒരു വിധമായിരുന്നു. തെററിന്റെ ഏതു സാക്ഷിയ്ക്കും ഒരു അനീതിക്കു വിധേയനായതു ആരാണെന്നു അറിയാമായിരിക്കും, അയാൾക്കു കുററം തെളിയിക്കാൻ മുന്നോട്ടു വരുന്നതിനുള്ള ചുമതലയുമുണ്ട്. അല്ലെങ്കിൽ അവർ ‘തങ്ങളുടെ അകൃത്യത്തിനു യഹോവയുടെ മുമ്പാകെ ഉത്തരം പറയേണ്ടതായി വരും.’b
അഖിലാണ്ഡത്തിലെ ഏററവും ഉന്നതതല അധികാരിയിൽനിന്നുള്ള ഈ കല്പന ഓരോ യിസ്രായേല്യനെയും താൻ നിരീക്ഷിച്ച ഏതൊരു ഗുരുതരമായ കുററകൃത്യവും കൈകാര്യം ചെയ്യപ്പെടേണ്ടതിന് ന്യായാധിപൻമാരെ അറിയിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിർത്തി. ക്രിസ്ത്യാനികൾ കർശനമായും മോശൈക ന്യായപ്രമാണത്തിൻകീഴിലല്ലെങ്കിലും അതിന്റെ തത്വങ്ങൾ ഇപ്പോഴും ക്രിസ്തീയ സഭയിൽ ബാധകമാണ്. അതുകൊണ്ട്, ഒരു ക്രിസ്ത്യാനി ഒരു കാര്യം മൂപ്പൻമാരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ കടപ്പാടുള്ള സമയങ്ങൾ ഉണ്ടായിരുന്നേക്കാം. അനേകം രാജ്യങ്ങളിലും അനധികൃതരായവരോടു സ്വകാര്യരേഖയിൽ കണ്ടുപിടിക്കപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തുന്നതു നിയമവിരുദ്ധമാണ് എന്നതു സത്യം തന്നെ. എന്നാൽ ഒരു ക്രിസ്ത്യാനി, പ്രാർത്ഥനാപൂർവകമായ പരിഗണനക്കു ശേഷം, താഴ്ന്ന അധികാരികളുടെ തടസ്സമുണ്ടെങ്കിലും അയാൾ അറിഞ്ഞ കാര്യം അറിയിക്കാൻ ദൈവത്തിന്റെ നിയമം ആവശ്യപ്പെടുന്ന ഒരു സാഹചര്യത്തെ അയാൾ അഭിമുഖീകരിക്കുന്നുവെന്നു വിചാരിക്കുന്നുവെങ്കിൽ അപ്പോൾ അതു അയാൾ യഹോവയുടെ മുമ്പാകെ ഏറെറടുക്കുന്ന ഒരു ഉത്തരവാദിത്തമാണ്. ഒരു ക്രിസ്ത്യാനി “മനുഷ്യരെക്കാൾ അധികം ദൈവത്തെ ഭരണാധിപനായി അനുസരിക്കേണ്ട” അവസരങ്ങൾ ഉണ്ട്.—പ്രവൃത്തികൾ 5:29.
പ്രതിജ്ഞകളൊ ഗൗരവമുള്ള വാഗ്ദാനങ്ങളൊ ഒരിക്കലും നിസ്സാരമായി എടുക്കരുത് എന്നിരിക്കെ, നാം നമ്മുടെ ദൈവത്തിനു അനന്യമായ ഭക്തി നൽകുന്നതിനുള്ള നിബന്ധന മനുഷ്യർ ആവശ്യപ്പെടുന്ന വാഗ്ദാനങ്ങളുമായി വൈരുദ്ധ്യത്തിൽ വരുന്ന സന്ദർഭങ്ങൾ ഉണ്ടായേക്കാം. ആരെങ്കിലും ഒരു ഗൗരവമുള്ള പാപം ചെയ്യുമ്പോൾ അയാൾ ഫലത്തിൽ, ആർക്കെതിരെ അകൃത്യം ചെയ്തുവോ ആ യഹോവയാം ദൈവത്തിൽ നിന്നുള്ള ഒരു ‘പരസ്യ ശാപത്തിൻ’ കീഴിൽ വരുന്നു. (ആവർത്തനം 27:26; സദൃശവാക്യങ്ങൾ 3:33) ക്രിസ്തീയസഭയുടെ ഭാഗമായിത്തീരുന്ന എല്ലാവരും, അവർ വ്യക്തിപരമായി ചെയ്യുന്നതിനാലും മററുള്ളവർ ശുദ്ധിയുള്ളവരായി സ്ഥിതിചെയ്യാൻ അവർ സഹായിക്കുന്ന വിധത്താലും തങ്ങളെത്തന്നെ, സഭയെ ശുദ്ധിയുള്ളതായി സൂക്ഷിക്കുന്നതിനുള്ള “പ്രതിജ്ഞ”യിൻകീഴിൽ ആക്കിത്തീർക്കുന്നു.
വ്യക്തിപരമായ ഉത്തരവാദിത്തം
മേരി തന്റെ വ്യക്തിപരമായ തീരുമാനമെടുക്കുന്നതിനു പ്രായേണ പരിഗണിച്ച ബൈബിൾ തത്വങ്ങളിൽ ചിലവ ഇവയാണ്. കാര്യങ്ങൾ വളരെ ശ്രദ്ധാപൂർവം തൂക്കിനോക്കാതെ വേഗത്തിൽ പ്രവർത്തിക്കരുതെന്ന് ജ്ഞാനം അവളെ ഗ്രഹിപ്പിച്ചു. ബൈബിൾ ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു: “കാരണങ്ങൾ ഇല്ലാതെ നിന്റെ സഹമനുഷ്യനെതിരെ ഒരു സാക്ഷിയായിരിക്കരുത്. അങ്ങനെ ചെയ്താൽ നീ നിന്റെ അധരങ്ങൾ കൊണ്ട് ഭോഷനായിത്തീരേണ്ടി വരും.” (സദൃശവാക്യങ്ങൾ 24:28) ഒരു കാര്യം അന്തിമമായി സ്ഥാപിക്കുന്നതിനു കുറഞ്ഞപക്ഷം രണ്ടു ദൃക്സാക്ഷികളുടെ സാക്ഷ്യം ആവശ്യമാണ്. (ആവർത്തനം 19:15) മേരി ഗർഭഛിദ്രം സംബന്ധിച്ച് ഒരു ഹ്രസ്വ പരാമർശനം മാത്രമേ കണ്ടിരുന്നുള്ളുവെങ്കിൽ അവൾ മനസ്സാക്ഷിപൂർവം, കുററം സംബന്ധിച്ച തെളിവ് തീരെ അപര്യാപ്തമാകയാൽ കൂടുതൽ മുന്നോട്ടുപോകണ്ട എന്ന് തീരുമാനിക്കുമായിരുന്നു. ബില്ലെഴുതിയതിൽ ഒരു പിശകു സംഭവിച്ചിരിക്കയൊ മറേറതെങ്കിലും വിധത്തിൽ രേഖകൾ സാഹചര്യത്തെ ഉചിതമായി പ്രതിഫലിപ്പിക്കാതിരിക്കയൊ ചെയ്തിരിക്കാം.
എന്നിരുന്നാലും, ഈ സംഗതിയിൽ മേരിക്ക് മററു ചില നിർണ്ണായക വിവരങ്ങൾ ഉണ്ടായിരുന്നു. ദൃഷ്ടാന്തത്തിന്, ആ സഹോദരി ബില്ലിന്റെ പണം അടച്ചിരുന്നു എന്ന് അവൾക്കറിയാമായിരുന്നു, അതു പ്രത്യക്ഷത്തിൽ അതിൽ നിർദ്ദേശിക്കപ്പെട്ടിരുന്ന സേവനം അവൾക്കു ലഭിച്ചിരുന്നു എന്നു സ്ഥാപിക്കുന്നു. ആ സഹോദരി അവിവാഹിതയായിരുന്നുവെന്നും, അപ്രകാരം വ്യഭിചാരത്തിന്റെ സാദ്ധ്യത ഉളവാക്കുന്നു എന്നും അവൾ വ്യക്തിപരമായി അറിഞ്ഞിരുന്നു. മേരിക്ക്, “ഒരു യഥാർത്ഥ സാക്ഷി ദേഹികളെ വിടുവിക്കുന്നു, എന്നാൽ ഒരു വഞ്ചകൻ വെറും ഭോഷ്ക്കുകൾ തൊടുത്തുവിടുന്നു” എന്ന് സദൃശവാക്യങ്ങൾ 14:25-ൽ പറഞ്ഞിരിക്കുന്നത് ഓർമ്മിച്ചുകൊണ്ട് തെററുചെയ്തിരുന്നേക്കാമായിരുന്ന ആളെ സ്നേഹപൂർവം സഹായിക്കുന്നതിനും യഹോവയുടെ സ്ഥാപനത്തിന്റെ ശുദ്ധി സംരക്ഷിക്കുന്നതിനുമുള്ള ഒരു ആഗ്രഹം തോന്നി.
മേരി നിയമപരമായ വശങ്ങൾ സംബന്ധിച്ച് ഏതാണ്ട് ഭയമുള്ളവൾ ആയിരുന്നു, എന്നാൽ ഈ സാഹചര്യത്തിൽ ബൈബിൾ തത്വങ്ങൾ അവൾ മെഡിക്കൽ രേഖകളിലെ രഹസ്യം സൂക്ഷിക്കണമെന്ന നിബന്ധനയെക്കാൾ അധികം മുൻതൂക്കം വഹിക്കുന്നുവെന്ന് വിചാരിച്ചു. നിശ്ചയമായും ആ സഹോദരിയെ ശല്യം ചെയ്തുകൊണ്ട് അവൾ നീരസമുള്ളവളായിത്തീരുകയും പ്രതികാരം ചെയ്യാൻ ശ്രമിക്കയും ചെയ്യാൻ ആഗ്രഹിക്കയല്ലെന്ന് അവൾ ന്യായവാദം ചെയ്തു. അതുകൊണ്ട് മേരി അവൾക്കു ലഭ്യമായ എല്ലാ വസ്തുതകളും അപഗ്രഥിച്ചശേഷം അവൾ മനസ്സാക്ഷിപൂർവം ഇതു “സംസാരിക്കുന്നതിനുള്ള” ഒരു സമയമായിരുന്നു, “നിശബ്ദമായിരിക്കുന്നതിനുള്ള” സമയമായിരുന്നില്ല എന്നു തീരുമാനിച്ചു.
ഇപ്പോൾ മേരി മറെറാരു ചോദ്യത്തെ അഭിമുഖീകരിച്ചു: അവൾ ആരോടു സംസാരിക്കണം, വിവേചനയോടെ അവൾക്കു അതു എപ്രകാരം ചെയ്യാൻ കഴിയും? അവൾക്കു നേരിട്ടു മൂപ്പൻമാരുടെ അടുക്കലേക്കു പോകാൻ കഴിയുമായിരുന്നു, എന്നാൽ അവൾ ആദ്യം സ്വകാര്യമായി ആ സഹോദരിയെ സമീപിക്കാൻ തീരുമാനിച്ചു. ഇതൊരു സ്നേഹപൂർവകമായ സമീപനമായിരുന്നു. സംശയത്തിൻ കീഴിലുള്ള ഈ വ്യക്തി കാര്യങ്ങൾ വ്യക്തമാക്കുന്നതിനുള്ള അവസരത്തെ സ്വാഗതം ചെയ്യും, അഥവാ കുററക്കാരിയെങ്കിൽ സംശയത്തെ ഉറപ്പിക്കും എന്നു മേരി ന്യായവാദം ചെയ്തു. ഈ കാര്യം സംബന്ധിച്ച് ആ സഹോദരി മൂപ്പൻമാരോടു സംസാരിച്ചു കഴിഞ്ഞെങ്കിൽ സാദ്ധ്യതയനുസരിച്ച് അവൾ ആ വിവരം പറയും, മേരിക്കു അതു സംബന്ധിച്ച് മുന്നോട്ടു പോകേണ്ട കാര്യവുമില്ല. ആ സഹോദരി ഒരു ഗർഭഛിദ്രത്തിനു വിധേയയായിട്ടുണ്ടായിരുന്നിരിക്കയും ദൈവനിയമത്തിന്റെ ഈ ഗുരുതരമായ ലംഘനം ഏററു പറഞ്ഞിട്ടില്ലാതിരിക്കയും ആണെങ്കിൽ അവൾ അപ്രകാരം ചെയ്യാൻ അവളെ പ്രോൽസാഹിപ്പിക്കണമെന്ന് ന്യായവാദം ചെയ്തു. അപ്പോൾ മൂപ്പൻമാർക്ക് യാക്കോബ് 5:13-20-നു ചേർച്ചയായി അവളെ സഹായിക്കാൻ കഴിയും. സന്തോഷകരമായി കാര്യങ്ങൾ അങ്ങനെയാണു നീങ്ങിയത്. ആ സഹോദരി വലിയ സമ്മർദ്ദത്തിൻ കീഴിലും ആത്മീയ ബലഹീനത നിമിത്തവുമായിരുന്നു ഒരു ഗർഭഛിദ്രത്തിനു വിധേയയായത് എന്ന് മേരി കണ്ടെത്തി. ലജ്ജയും ഭയവും തന്റെ പാപത്തെ മൂടിവെക്കാൻ അവളെ പ്രേരിപ്പിച്ചിരുന്നു, എന്നാൽ ആത്മീയ പുന:സ്ഥിതീകരണത്തിനുവേണ്ടി മൂപ്പൻമാരുടെ സഹായം ലഭിക്കുന്നതിൽ അവൾ സന്തുഷ്ടയായിരുന്നു.
മേരി ആദ്യം മൂപ്പൻമാരുടെ സംഘത്തെ അറിയിച്ചിരുന്നെങ്കിൽ അവരും സമാനമായ ഒരു തീരുമാനത്തെ അഭിമുഖീകരിക്കുമായിരുന്നു. തങ്ങളുടെ അടുക്കൽ വന്ന രഹസ്യ വിവരത്തെ അവർ എങ്ങനെ കൈകാര്യം ചെയ്യും? ആട്ടിൻകൂട്ടത്തിന്റെ ഇടയൻമാർ എന്ന നിലയിൽ യഹോവയും അവന്റെ വചനവും തങ്ങളോടാവശ്യപ്പെടുന്നതെന്ത് എന്നു അവർ വിചാരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഒരു തീരുമാനം ചെയ്യേണ്ടി വരുമായിരുന്നു. സഭയോടൊത്തു സജീവമായി സഹവസിച്ചുകൊണ്ടിരുന്ന സ്നാനമേററ ഒരു ക്രിസ്ത്യാനിയാണ് ആ റിപ്പോർട്ടിൽ ഉൾപ്പെട്ടിരുന്നത് എങ്കിൽ തങ്ങൾ കൂടുതലായി മുന്നോട്ടു നീങ്ങണമൊ എന്നു തീരുമാനിക്കുന്നതിനു മേരിയെപ്പോലെ തെളിവുകൾ തൂക്കിനോക്കേണ്ടിവരുമായിരുന്നു. സഭയിൽ “പുളിപ്പിന്റെ” അവസ്ഥയുടെ ഒരു ശക്തമായ സാദ്ധ്യത സ്ഥിതിചെയ്തിരുന്നു എന്ന് അവർ നിഗമനം ചെയ്തിരുന്നുവെങ്കിൽ കാര്യം കൈകാര്യം ചെയ്യുന്നതിന് ഒരു നീതിന്യായ കമ്മററിയെ നിയമിക്കുന്നത് തിരഞ്ഞെടുക്കുമായിരുന്നു. (ഗലാത്യർ 5:9,10) സംശയിക്കപ്പെടുന്ന വ്യക്തി കുറെക്കാലമായി മീററിംഗിൽ സംബന്ധിക്കാതെയും തന്നെ ഒരു യഹോവയുടെ സാക്ഷിയായി തിരിച്ചറിയിക്കാതെയും ഇരുന്നുകൊണ്ട് ഫലത്തിൽ ഒരു അംഗമെന്ന നിലയിൽനിന്നു രാജിവെച്ചിരുന്നുവെങ്കിൽ, അവൾ തന്നെതന്നെ ഒരു സാക്ഷിയായി വീണ്ടും തിരിച്ചറിയിക്കാൻ തുടങ്ങുന്ന സമയം വരെ കാര്യം മാററിവെക്കാൻ അവർ തീരുമാനിച്ചേക്കാം.
മുന്നോട്ടു ചിന്തിക്കുക
തൊഴിലുടമകൾക്ക് ക്രിസ്ത്യാനികളായ തങ്ങളുടെ തൊഴിലാളികൾ രഹസ്യം സൂക്ഷിക്കുന്നതിനുള്ള നിയമങ്ങൾ ഉൾപ്പെടെ ‘നല്ല വിശ്വാസ്യത പൂർണ്ണമായി’ പ്രകടമാക്കണം എന്ന് പ്രതീക്ഷിക്കുന്നതിനുള്ള അവകാശം ഉണ്ട്. (തീത്തോസ് 2:9,10) ഒരു പ്രതിജ്ഞ ചെയ്തിട്ടുണ്ടെങ്കിൽ അതു നിസ്സാരമായി എടുക്കരുത്. ഒരു പ്രതിജ്ഞ ഒരു വാഗ്ദാനത്തെ കൂടുതൽ ദൃഢവും ബന്ധിതവും ആക്കുന്നു. (സങ്കീർത്തനം 24:4) നിയമം രഹസ്യം സംബന്ധിച്ച വ്യവസ്ഥയെ ദൃഢതരമാക്കുന്നടത്ത് സംഗതി പിന്നെയും ഗുരുതരമായിത്തീരുന്നു. അതുകൊണ്ട് ഒരു ക്രിസ്ത്യാനി ഒരു പ്രതിജ്ഞയെടുക്കുകയൊ തന്നെത്തന്നെ രഹസ്യം സൂക്ഷിക്കുന്നതിനുള്ള ഒരു നിയന്ത്രണത്തിൽ വെക്കുകയൊ ചെയ്യുന്നതിനുമുമ്പ്, ജോലിയോടൊ മറെറന്തിനോടെങ്കിലുമോ ഉള്ള ബന്ധത്തിലായാലും, ബൈബിൾ നിബന്ധനകളോടുള്ള ഏതെങ്കിലും വൈരുദ്ധ്യം ഹേതുവായി ഇതു ഏതു പ്രശ്നങ്ങൾ ഉളവാക്കിയേക്കാമെന്നു സാദ്ധ്യമാകുന്നടത്തോളം തിട്ടപ്പെടുത്തുന്നത് ബുദ്ധിയായിരിക്കും. ഒരു സഹോദരനൊ സഹോദരിയൊ ഒരു കക്ഷിയായിത്തീരുമ്പോൾ ഒരുവൻ കാര്യം എങ്ങനെ കൈകാര്യം ചെയ്യും? സാധാരണയായി ഡോക്ടർമാരോടുകൂടിയും ആശുപത്രികളിലും കോടതികളിലും വക്കീലൻമാരോടുകൂടിയുമുള്ള ജോലികൾ പോലുള്ളവയിലാണ് ഒരു പ്രശ്നം പൊന്തി വന്നേക്കാവുന്നത്. നമുക്കു കൈസറുടെ നിയമമൊ ഒരു പ്രതിജ്ഞയുടെ ഗൗരവമൊ അവഗണിക്കാൻ സാദ്ധ്യമല്ല, എന്നാൽ യഹോവയുടെ നിയമമാണ് പരമോന്നതം.
പ്രശ്നത്തെ മുൻകൂട്ടിക്കാണുന്നതിനു വക്കീലൻമാരും ഡോക്ടറൻമാരും കണക്കെഴുത്തുകാരും മററുമായ ചില സഹോദരൻമാർ മാർഗ്ഗനിർദ്ദേശങ്ങൾ എഴുതിതയ്യാറാക്കിയിട്ടുണ്ട്. അവരെ സമീപിച്ചേക്കാവുന്ന സഹോദരൻമാരോടു എന്തെങ്കിലും രഹസ്യം വെളിപ്പെടുത്തുന്നതിനുമുമ്പ് അവ വായിക്കുന്നതിനു ആവശ്യപ്പെട്ടിട്ടുമുണ്ട്. അപ്രകാരം, ഗൗരവമുള്ള കുററകൃത്യം വെളിച്ചത്തുവന്നെങ്കിൽ ആ കാര്യം സംബന്ധിച്ച് അയാളുടെ സഭയിലെ മൂപ്പൻമാരെ സമീപിക്കാൻ കുററക്കാരനെ പ്രോൽസാഹിപ്പിക്കുമെന്നുള്ളതുസംബന്ധിച്ചു മുൻകൂട്ടിയുള്ള ധാരണ ആവശ്യമാണ്. അയാൾ അപ്രകാരം ചെയ്യുന്നില്ലെങ്കിൽ ഉപദേഷ്ടാവിനു തന്നെ മൂപ്പൻമാരെ സമീപിക്കുന്നതിനുള്ള ഒരു കടപ്പാടു തോന്നണമെന്നു മനസ്സിലാക്കേണ്ടതാണ്.
ഒരു വിശ്വസ്ത ദൈവദാസൻ ദൈവവചനം സംബന്ധിച്ച തന്റെ അറിവിന്റെ അടിസ്ഥാനത്തിൽ ദിവ്യനിയമത്തിന്റെ ശ്രേഷ്ഠമായ ആവശ്യങ്ങൾ നിമിത്തം തന്റെ വ്യക്തിപരമായ ബോദ്ധ്യങ്ങളാൽ രഹസ്യം സംബന്ധിച്ച വ്യവസ്ഥകളെ വലിച്ചു നീട്ടുന്നതിനൊ ലംഘിക്കുന്നതിനുപോലുമൊ പ്രേരിതനാകുന്ന സന്ദർഭങ്ങൾ ഉണ്ടായിരിക്കാം. ധൈര്യവും വിവേചനയും ആവശ്യമായിരിക്കും. മറെറാരാളുടെ സ്വാതന്ത്ര്യത്തിൻമേൽ ചാരവൃത്തി നടത്തുക എന്നതായിരിക്കരുത് ലക്ഷ്യം, പകരം തെററിലകപ്പെട്ടയാളെ സഹായിക്കുകയും ക്രിസ്തീയ സഭയെ ശുദ്ധമായി സൂക്ഷിക്കുകയും ചെയ്യുക എന്നതായിരിക്കണം. പാപംമൂലമുള്ള നിസ്സാര ലംഘനങ്ങളെ അവഗണിക്കണം. ഇവിടെ, “സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു,” നാം “എഴുപത്തേഴു വട്ടം വരെ” ക്ഷമിക്കയും വേണം. (മത്തായി 18:21,22) ഇതു “നിശബ്ദമായിരിക്കുന്നതിനുള്ള” സമയമാണ്. എന്നാൽ വലിയ പാപങ്ങൾ മറയ്ക്കുന്നതിനുള്ള ഒരു ശ്രമമുള്ളപ്പോൾ, അതു “സംസാരിക്കുന്നതിനുള്ള” സമയമായിരുന്നേക്കാം. (w87 9/1)
[അടിക്കുറിപ്പുകൾ]
a ചില ക്രിസ്ത്യാനികൾ അഭിമുഖീകരിച്ചിട്ടുള്ള ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്ന ഒരു സങ്കല്പ വ്യക്തിയാണ് മേരി. അവൾ ആ സാഹചര്യത്തെ കൈകാര്യം ചെയ്യുന്ന വിധം സമാനമായ സാഹചര്യങ്ങളിൽ ചിലർ ബൈബിൾതത്വങ്ങൾ ബാധകമാക്കിയിട്ടുള്ള വിധത്തെ പ്രതിനിധീകരിക്കുന്നു.
b ഒരു വ്യക്തി “മറെറാരാളുടെ കുററകൃത്യം കാണുകയൊ മറേറതെങ്കിലും വിധത്തിൽ എന്തെങ്കിലും അറിവിൽ വരികയൊ ചെയ്തതിനാൽ കുററക്കാരനെ സംബന്ധിച്ചു ഒരു സാക്ഷി എന്നനിലയിൽ കുററപ്പുള്ളിയെ കുററം വിധിക്കുന്നതിനു കോടതിയിൽ ഹാജരാകാൻ യോഗ്യനായിരുന്നുവെങ്കിൽ, കുററകൃത്യം സംബന്ധിച്ച ജഡ്ജിയുടെ പരസ്യമായ അന്വേഷണ സമയത്തു ആ സംഗതി സംബന്ധിച്ച് എന്തെങ്കിലും അറിവുള്ള സന്നിഹിതരായിരിക്കുന്ന എല്ലാവരെയും സാക്ഷികളായി മുന്നോട്ടുവരുന്നതിനു പ്രേരിപ്പിച്ചുകൊണ്ട് യഥാവിധിയുള്ള ചോദ്യം അയാൾ കേൾക്കുമ്പോൾ, അപ്രകാരം ചെയ്യാതിരിക്കുകയും അയാൾ കണ്ടതൊ അറിഞ്ഞതൊ ആയ കാര്യം പ്രസ്താവിക്കാതിരിക്കയും ചെയ്യുന്നുവെങ്കിൽ” അയാൾ തെററു സംബന്ധിച്ചൊ പാപം സംബന്ധിച്ചൊ കുററക്കാരനായിത്തീരുമെന്ന് കെയ്ലിയുടെയും ഡെലിററ്ഷിന്റെയും, പഴയനിയമത്തിന്റെ വ്യാഖ്യാനത്തിൽ അവർ പ്രസ്താവിക്കുന്നു.
[31-ാം പേജിലെ ചിത്രം]
ഒരു കുററം ചെയ്ത സാക്ഷിയെ, മൂപ്പൻമാർ ആ പ്രശ്നം ദയയോടും ഗ്രാഹ്യത്തോടും കൂടെ കൈകാര്യം ചെയ്യുമെന്നുള്ള ബോധ്യത്തോടെ അവരോടു സംസാരിക്കുന്നതിനു പ്രോൽസാഹിപ്പിക്കുന്നത് ശരിയും സ്നേഹപൂർവകവുമായ ഗതിയാണ്.