ഒരു ക്രിയാത്മക മനോഭാവം വച്ചുപുലർത്തുക
അതു വേനൽക്കാലാരംഭത്തിലെ ഒരു പ്രഭാതമായിരുന്നു. എന്നാൽ മദ്ധ്യ പൗരസ്ത്യ സൂര്യൻ ശോഭായമാനമായി പ്രകാശിച്ചു കഴിഞ്ഞിരുന്നു, അപ്പോൾ ഒരു പിതാവിനു ശോകാകുലമായ ആ വാർത്ത ലഭിച്ചു. ആ രാത്രിയിൽ അയാളുടെ 22 വയസ്സുണ്ടായിരുന്ന മൂത്ത മകൻ കാറപകടത്തിൽ മരണ മടഞ്ഞു.
അത്തരം ഒരു വാർത്തയെ നിങ്ങൾ എങ്ങനെ പ്രതികരിക്കുമായിരുന്നു. മദ്ധ്യ പൗരസ്ത്യദേശത്തിലായിരുന്നതിനാൽ കുടുംബാംഗങ്ങൾ വളരെ അടുപ്പമുള്ളവരായിരുന്നു. അതുകൊണ്ട് മാതാപിതാക്കൾ നിശ്ചയമായും സംഭ്രാന്തരായിരുന്നിരിക്കും. പെട്ടെന്നുള്ള ഈ ദു:ഖ പര്യവസാനത്തിൽ അവർ വളരെ വേദനയുള്ളവരായിത്തീരുക എന്നത് സ്വാഭാവികമായി തോന്നിയിരുന്നു. എന്നിരുന്നാലും, ആ സമുദായത്തെ അതിശയിപ്പിക്കുമാറ് ആദ്യദിവസം തന്നെ അവർ ഒരു ക്രിയാത്മക മനോഭാവം കാണിച്ചു. വളരെ ദു:ഖമുണ്ടായിരുന്നെങ്കിലും യഹോവയുടെ നിയമിത സമയത്ത് തങ്ങളുടെ മകനെ പുനരുത്ഥാനപ്പെടുത്തുന്നതിനുള്ള അവന്റെ കഴിവിൽ അവർക്കു പൂർണ്ണമായ വിശ്വാസമുണ്ടായിരുന്നു. “മേലാൽ മരണമില്ലാത്ത” ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ വ്യവസ്ഥിതിക്കുവേണ്ടി അവർ നോക്കിപ്പാർത്തു. (വെളിപ്പാട് 21:4) വർഷങ്ങൾക്കുശേഷം, ഇന്നുപോലും, ആ കുടുംബത്തെ അറിയാവുന്ന ആളുകൾ ആ മാതാപിതാക്കളുടെ മനോഭാവത്തെക്കുറിച്ചും അവരുടെ മാതൃകാപരമായ വിശ്വാസത്തെക്കുറിച്ചും സംസാരിക്കുന്നു.
ഒരു ക്രിയാത്മക മനോഭാവമുണ്ടായിരിക്ക എന്നതിന്റെ അർത്ഥമെന്ത്? ഒരു ക്രിയാത്മക മനോഭാവമുള്ള ആൾ മാറിവരുന്ന സാഹചര്യങ്ങളിലും തന്നെത്തന്നെ സമനിലയുള്ളവനായി നിലനിർത്തും. പരിശോധനാഘട്ടത്തിൻ കീഴിലും അയാൾ നിഷേധാത്മക ചിന്തകൾ അയാളെ ഭരിക്കാൻ അനുവദിച്ചുകൊണ്ട് പരുഷനായിത്തീരുകയില്ല. ഇത് എങ്ങനെ സാധിക്കും? കുറെ പ്രതിവിധികൾ കണ്ടുപിടിക്കുന്നതിനു നമുക്കു ചില ബൈബിൾ ദൃഷ്ടാന്തങ്ങൾ പരിഗണിക്കാം.
മാനുഷ ഭയത്തെ അഭിമുഖീകരിക്കുമ്പോൾ
ക്രി. മു. 1512-ൽ യിസ്രായേൽ ജനം പാരാൻ മരുഭൂമിയിലായിരുന്നപ്പോൾ വാഗ്ദത്തദേശം പരിശോധിക്കുന്നതിന് 12 ഒററുകാരെ അയച്ചു. (സംഖ്യാപുസ്തകം 13:17-20) ഈ ഒററുകാരെല്ലാം അതതു ഗോത്രത്തിലെ പ്രഭുക്കൻമാർ—നല്ല മാതൃകകളായിരിക്കണമെന്നു സങ്കൽപ്പിക്കപ്പെട്ടിരുന്ന സ്വാധീനമുള്ള പുരുഷൻമാർ ആയിരുന്നു. (സംഖ്യാപുസ്തകം 13:1, 2) എന്നാൽ എത്ര ലജ്ജാകരം! 40 ദിവസങ്ങൾക്കുശേഷം, യിസ്രായേല്യർ യഹോവയുടെ മാർഗ്ഗനിർദ്ദേശത്തിനു എതിരെ മത്സരിക്കയും ഈജിപ്ററിലേക്കു മടങ്ങിപ്പോകാൻ ആഗ്രഹിക്കയും ചെയ്യത്തക്കവണ്ണം അവരിൽ പത്തുപേർ പ്രതികൂലമായ ഒരു റിപ്പോർട്ടു നൽകി! ഒററുകാർ ഇപ്രകാരം പറഞ്ഞു: “ആ ദേശത്തു വസിക്കുന്നവർ ബലവാൻമാരാണ്. നമുക്ക് ആ ജനത്തിന് എതിരെ ചെല്ലാൻ സാദ്ധ്യമല്ല.”—സംഖ്യാപുസ്തകം 13:28, 31)
എത്ര നിഷേധാത്മകമായ മനോഭാവം! ശേഷിച്ച രണ്ടു ഒററുകാരായ യോശുവയുടെയും കാലേബിന്റെയും ക്രിയാത്മകമായ മനോഭാവത്തിൽ എത്ര വൈപരീത്യവും കാണുന്നു: “ഞങ്ങൾ സഞ്ചരിച്ചു ഒററുനോക്കിയ ദേശം വളരെ വളരെ നല്ല ഒരു ദേശമാണ്. യഹോവ നമ്മിൽ പ്രസാദം കണ്ടെത്തുന്നു എങ്കിൽ അവൻ നമ്മെ നിശ്ചയമായും പാലും തേനും ഒഴുകുന്ന ആ ദേശത്തെക്കു കൊണ്ടുപോകയും അതു നമുക്കു നൽകുകയും ചെയ്യും.” (സംഖ്യാപുസ്തകം 14:7, 8; 13:30) ദേശം ഒററുനോക്കിയപ്പോൾ രണ്ടു കൂട്ടരും ഒരേ കാര്യങ്ങൾ തന്നെയാണ് കണ്ടിരുന്നത്. എന്നാൽ മനോഭാവത്തിൽ എത്ര വ്യത്യാസം! പത്തു ഒററുകാരുടെ നിഷേധാത്മക മനോഭാവം മുഴു ജനതയെയും ബാധിക്കയും അവർ പിറുപിറുക്കാൻ തുടങ്ങുകയും ചെയ്തു. അതു അവരിൽ 20 വയസ്സിൽ കവിഞ്ഞ എല്ലാവരും മരുഭൂമിയിൽ മരിക്കുന്നതിൽ കലാശിച്ചു. യോശുവയുടെയും കാലേബിന്റെയും യഹോവയിങ്കലുള്ള ക്രിയാത്മകമായ ആശ്രയത്വം മൂലം അവർ മാത്രം വാഗ്ദത്തദേശത്തു പ്രവേശിക്കുന്നതിനു പദവിയുള്ളവരായിത്തീർന്നു. (സംഖ്യാപുസ്തകം 14:22-30) അവരുടെ ദൃഷ്ടാന്തം, പീഡനമോ എതിർപ്പോ ഉണ്ടാകയോ വർദ്ധിക്കയോ ചെയ്യുമ്പോൾ വിശ്വാസത്തിൽ നിലനിൽക്കുന്നതിനും ക്രിയാത്മക മനോഭാവം പുലർത്തുന്നതിനും ഈ കാലത്ത് നമ്മെ പ്രോത്സാഹിപ്പിക്കണം.
അനേക വർഷങ്ങളായി നിരോധനത്തിൻ കീഴിലായിരുന്ന ഒരു രാജ്യത്ത് ഒരു പ്രത്യേക പയനിയറെ തടവിൽ ആക്കയും വളരെ മോശമായി പെരുമാറുകയും ചെയ്തു. അയാൾ ഇപ്രകാരം ഓർമ്മിക്കുന്നു: “ഉദ്യോഗസ്ഥൻമാർ എത്ര കഠിനരായിത്തീർന്നോ അത്രക്കു കൂടുതൽ ഞാൻ യഹോവയോട് അടുത്തതായി അനുഭവപ്പെട്ടു. ഞാൻ രാജ്യ ഗീതങ്ങൾ പാടി. എനിക്കറിയാമായിരുന്ന എല്ലാ തിരുവെഴുത്തുകളും ഞാൻ ഓർമ്മിച്ചു. ഇതു സംഭവിക്കാൻ യഹോവ അനുവദിച്ചിരുന്നെങ്കിലും ഏതു നിമിഷത്തിലും എന്നെ വിടുവിക്കാൻ അവനു കഴിയുമെന്നു ഞാൻ തിരിച്ചറിഞ്ഞിരുന്നു. ഇവയെല്ലാം ഒരു ക്രിയാത്മക മനോഭാവമുണ്ടായിരിക്കാൻ എന്നെ സഹായിച്ചു. അപ്പോസ്തലൻമാരെപ്പോലെ, യഹോവയുടെ സർവ്വശക്തിയുള്ള നാമത്തിനുവേണ്ടി അടി ഏൽക്കേണ്ടിവന്നതിൽ ഞാൻ സന്തോഷിച്ചു. എന്നെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി ഞാൻ നിരന്തരം യഹോവയോട് പ്രാർത്ഥിച്ചു. അവൻ എന്റെ സഹായത്തിനു വന്നതിനാൽ ആദ്യത്തെ അടി മാത്രമേ വ്രണപ്പെടുത്തിയുള്ളു. ഞാൻ മററു തടവുകാരോട് പ്രസംഗിക്കുന്നതിനു എല്ലാ അവസരവും ഉപയോഗിച്ചു.”
തടവിൽ നിന്നു മോചിതനായശേഷം ഈ ക്രിസ്ത്യാനി ഇങ്ങനെ പറഞ്ഞു: “നാം നമ്മുടെ ജീവൻ യഹോവയ്ക്കു സമർപ്പിച്ചിരിക്കുന്നതിനാലും അവനോടു വിശ്വസ്തരായി നിൽക്കാമെന്നു വാഗ്ദാനം ചെയ്തിരിക്കുന്നതിനാലും ഏതു പ്രയാസങ്ങളിലും നാം അവനെ സേവിക്കുന്നതിൽ തുടരണം. അവൻ നമ്മുടെ ആരാധനയും പൂർണ്ണമായ ഭക്തിയും അർഹിക്കുന്നു.”
നാമും ഭാവിയിൽ സമാനമായ എതിർപ്പു അഭിമുഖീകരിച്ചേക്കാം. നമുക്കും അതുപോലെ മനുഷ്യരെ ഭയപ്പെടുകയില്ലെന്നുള്ള ദൃഢ തീരുമാനം ചെയ്യാം. ഒരു ക്രിയാത്മത മനോഭാവം. വെച്ചുപുലർത്തുക, യോശുവയുടെയും കാലേബിന്റെയും കാര്യത്തിലെന്നപോലെ അനേക അനുഗ്രഹങ്ങളും പ്രതിഫലങ്ങളും നമുക്കും നൽകും.
സേവന പദവികൾ നഷ്ടപ്പെടുമ്പോൾ
യിസ്രായേൽ ജനതയുടെ നേതാവെന്നനിലയിൽ മോശെയായിരുന്നു 12 ഒററുകാരെ അയച്ചത്. അവൻ ആ ജനങ്ങളെ ഈജിപ്ററിൽ നിന്നു നയിച്ചു, നിസ്സംശയമായി വാഗ്ദത്ത ദേശത്തേക്കു അവരെ നയിക്കുന്നത് അവനായിരിക്കുമെന്ന് പ്രതീക്ഷിക്കയും ചെയ്തിരുന്നു. എന്നിരുന്നാലും, പ്രകോപനത്തിന്റെ ഒരു നിമിഷത്തിൽ മോശെ യഹോവയുടെ നാമം മഹത്വപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിനാൽ അവന് ആ പദവി നഷ്ടപ്പെട്ടു. (സംഖ്യാപുസ്തകം 20:2-13) അപ്പോൾ മോശെ എങ്ങനെ പ്രതികരിച്ചു? അവൻ പിന്നീട് രചിച്ച ഒരു ഗീതത്തിൽ ഇപ്രകാരം വർണ്ണിച്ചു: “ഞാൻ യഹോവയുടെ നാമം ഘോഷിക്കും . . . പാറ, അവന്റെ പ്രവൃത്തികൾ പൂർണ്ണതയുള്ളവയാകുന്നു. എന്തുകൊണ്ടെന്നാൽ അവന്റെ എല്ലാ വഴികളും നീതിയുള്ളവയാകുന്നു. വിശ്വസ്തതയുള്ള ഒരു ദൈവം, അനീതി അവനിൽ ഇല്ല; അവൻ നീതിയും ന്യായവും ഉള്ളവനാകുന്നു.” (ആവർത്തനം 32:3, 4) മോശെക്ക് സേവനത്തിന്റെ ഒരു പ്രധാന പദവി നഷ്ടപ്പെട്ടെങ്കിലും അവന് എത്ര നല്ല മനോഭാവമാണ് ഉണ്ടായിരുന്നത്!
നമുക്ക് എന്നെങ്കിലും സമാനമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നാൽ, മോശെയുടെ ഈ അനുഭവം ഓർമ്മിക്കുന്നതു നമ്മെ സഹായിക്കും. ഒരു സഭയിലെ മൂപ്പൻമാരുടെ സംഘം, ഒരു മൂപ്പനോ ശുശ്രൂഷാദാസനോ, ഒരുപക്ഷേ അയാളുടെ ഈ സേവനപദവിക്കാവശ്യമായ ഒന്നോ രണ്ടോ തിരുവെഴുത്തു യോഗ്യതകളിൽ കുറവുള്ളവനായിത്തീർന്നതിനാൽ അയാളെ നീക്കുന്നതിനു ശുപാർശ ചെയ്തേക്കാം. ആ സഹോദരൻ നീക്കം ചെയ്യൽ അർഹിക്കുന്നില്ലെന്നു വിചാരിക്കയും തകരാറിലായിത്തീരുകയും അനാവശ്യമായി ആകുലതക്കിടയാക്കയും ചെയ്തേക്കാം. ഒരു നിഷേധാത്മക ചിന്തയിൽ അയാൾ മററുള്ളവരിൽ തെററു കണ്ടുപിടിച്ചുകൊണ്ട് പിറുപിറുക്കാനും അപവാദം പറയാൽപോലുമോ തുടങ്ങിയേക്കാം. ക്രമേണ അയാൾ മീററിംഗിനു ഹാജരാകലും പ്രസംഗപ്രവർത്തനവും നിർത്തിയേക്കാം. എത്ര മോശമായ അവസ്ഥയിൽ വന്നു ചേരുന്നു. ഒരു ക്രിയാത്മക മനോഭാവം വെച്ചുപുലർത്തുകയും യഹോവയുടെ ഒരു മെച്ചപ്പെട്ട ദാസനായിത്തീരുന്നതിനുള്ള ഒരു പരിശീലനമായോ ശിക്ഷണമായോ നീക്കലിനെ പരിഗണിക്കയും ചെയ്യുന്നതു എത്രയിധികം മെച്ചമായിരിക്കും. അയാൾക്ക് ദൈവത്തെ പൂർണ്ണമായി സേവിക്കുന്നതിനാവശ്യമായ യോഗ്യതകൾ വീണ്ടെടുക്കുന്നതിനു ദൈവത്തിന്റെ വചനം പഠിക്കുന്നതിനും ധ്യാനിക്കുന്നതിനും ആ അവസരത്തെ പിടിച്ചെടുക്കാൻ കഴിയും. അപ്രകാരം ചെയ്ത പലരും പിന്നീട് സേവനത്തിന്റെ അതിലും വലിയ പദവികളാൽ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്.—എബ്രായർ 12:11.
അവിചാരിത മാററങ്ങൾ സംഭവിക്കുമ്പോൾ
ചിലർ നിരാശിതരായിത്തീരുന്നതിനും ഒരു നിഷേധാത്മക മനോഭാവം അനുവർത്തിക്കുന്നതിനും ഇടയാക്കിയേക്കാവുന്ന അവിചാരിത മാററങ്ങൾ കൊണ്ട് നിറഞ്ഞതാണ് ജീവിതം. നിങ്ങൾ ആശിച്ചതുപോലെതന്നെ ചിലത് നടക്കാതിരുന്ന ഒടുവിലത്തെ സന്ദർഭത്തെ നിങ്ങൾ എങ്ങനെ പ്രതികരിച്ചു? നാം അനുവദിക്കുന്നെങ്കിൽ നിസാര സംഭവങ്ങൾക്കുപോലും നമ്മെ നിരുത്സാഹിതരാക്കാൻ കഴിയും. എന്നാൽ ഇതു ഒരിക്കലും മറക്കരുത്: ഒരു ക്രിയാത്മത മനോഭാവം വെച്ചുപുലർത്തുന്നത് മാററം വന്ന സാഹചര്യത്തെ അഭിമുഖീകരിക്കാൻ നിങ്ങളെ സഹായിക്കും.
ഓർമ്മിക്കുന്നതിനുള്ള ഒരു നല്ല ദൃഷ്ടാന്തം രൂത്തിന്റെതാണ്. ചെറുപ്പത്തിലെ വിധവയായിത്തീർന്ന അവൾ തന്റെ അമ്മാവിയമ്മയായിരുന്ന നവോമിയോടൊത്ത്, യെരൂശലേമിലെ ക്ഷാമം അവസാനിച്ചപ്പോൾ അങ്ങോട്ടു മടങ്ങിപ്പോയി. പ്രാഥമിക ആവശ്യങ്ങൾ പോലും പ്രദാനം ചെയ്യാൻ ഒരു ഭർത്താവില്ലാതിരുന്നിട്ടുകൂടിയും രൂത്ത് ഒരു ക്രിയാത്മക മനോഭാവം വെച്ചുപുലർത്തി. സന്തോഷത്തോടെ, അവൾക്കും അവളുടെ അമ്മാവിഅമ്മക്കും ആഹാരസാധനം ലഭ്യമാക്കുന്നതിനു കൊയ്ത്തുകാരുടെ പിന്നാലെ വയലിൽ കാലാ പെറുക്കാൻ പോയി. ആ കഠിനവേല അവളെ നിരാശിതയാക്കിയില്ല. അവൾ തന്റെ ഭർത്താവു നഷ്ടപ്പെട്ടു എന്നും ഇപ്പോൾ തന്റെ കുടുംബത്തിൽനിന്നും കൂട്ടുകാരിൽ നിന്നും വളരെ അകലെയാണെന്നും ഉള്ള വസ്തുത സംബന്ധിച്ചു വിലപിച്ചുകൊണ്ട് ഒരു നിഷേധാത്മക മനോഭാവം അനുവർത്തിച്ചില്ല. രേഖ കാണിക്കുന്നതനുസരിച്ചു യഹോവ അവളുടെ നല്ല ഗതിക്ക് സമൃദ്ധമായി പ്രതിഫലം നൽകി.—രൂത്ത് 4:13-17.
ഒരു ക്രിയാത്മക മനോഭാവം വെച്ചുപുലർത്തുന്നവിധം
ഒരു ക്രിയാത്മക മനോഭാവം വെച്ചുപുലർത്തുന്നതു ചിലർക്കു പ്രയാസകരമാണ്. ജീവിതോൽക്കണ്ഠകൾക്ക്, പ്രത്യേകിച്ചു നാം ജീവിക്കുന്ന ഈ കുഴപ്പം നിറഞ്ഞ കാലത്ത്, ഒരുവന്റെ സന്തോഷത്തെ കെടുത്തിക്കളയാൻ കഴിയും—പ്രത്യേകിച്ചും വേദനപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ നിലവിലുള്ളപ്പോൾ. എന്നിരുന്നാലും പ്രതികൂല സാഹചര്യങ്ങളിൽപോലും ഒരുവനു ക്രിയാത്മകമായ മനോഭാവം വെച്ചുപുലർത്താൻ കഴിയും. ഏററം വിഷമിപ്പിക്കുന്ന ഘട്ടങ്ങളിൽപോലും അനേകർ അപ്രകാരം ചെയ്തിരിക്കുന്നു. നമുക്കും എപ്രകാരം അങ്ങനെ ചെയ്യാൻ കഴിയും?
നിഷേധാത്മക കാര്യങ്ങളിൽ തങ്ങിനിൽക്കാൻ പരിശ്രമിക്കാതിരിക്കുക. വലിയ വിഷമഘട്ടങ്ങളിൽ പോലും ക്രിയാത്മക വശങ്ങൾ കണ്ടെത്താൻ കഴിയും. അപ്പോസ്തലൻമാർ മിക്കപ്പോഴും പീഡിപ്പിക്കപ്പെടുകയോ ജയിലിലടക്കപ്പെടുകയോ ചെയ്തെങ്കിലും അവർ അപ്പോഴും യഹോവയെ സ്തുതിക്കാൻ സാധിച്ചതിൽ സന്തുഷ്ടരായിരുന്നു. (പ്രവൃത്തികൾ 13:5-52; 14:19-22; 16:22-25) നമുക്ക് അവരും യഹോവയുടെ മററു വിശ്വസ്ത ദാസൻമാരും പരിശോധനാഘട്ടങ്ങളിൽ ചെയ്തതുസംബന്ധിച്ചു ധ്യാനിക്കുന്നതിനും നമ്മുടെ സ്വന്തം ജീവിതത്തിനുവേണ്ടി പാഠങ്ങൾ തേടുന്നതിനും കഴിയും. അവർ സന്തുഷ്ടരും ക്രിയാത്മക ചിന്തയുള്ളവരും ആയിരുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർക്ക് യഹോവയിൽ പൂർണ്ണമായ ഉറപ്പും വിശ്വാസവും ഉണ്ടായിരുന്നു. പുനരുത്ഥാനം നൽകുന്നതിനും പ്രതിഫലം നൽകുന്നതിനും ഉള്ള അവന്റെ കഴിവിൽ അവർ ആശ്രയിച്ചിരുന്നു. (വെളിപ്പാട് 2:10) അതുപോലെ, യഹോവയുടെ നീതിയുള്ള നൂതനക്രമത്തിലുള്ള നിങ്ങളുടെ പ്രത്യാശയെ വ്യക്തമായി മനസ്സിൽ സൂക്ഷിക്കുക.—എബ്രായർ 12:2 താരതമ്യപ്പെടുത്തുക.
നാം നമ്മെത്തന്നെ സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടിരിക്കയും വേണം, അല്ലാത്തപക്ഷം നിഷേധാത്മക ചിന്തകൾ കടന്നാക്രമണം നടത്തുകയും നമ്മുടെ ഹൃദയങ്ങളിൽ വേരൂന്നുകയും ചെയ്യും. നാം നിരാശിതരായിത്തീരുന്നെങ്കിൽ യഹോവയോട് അടുത്തു നിൽക്കുന്നതും അവന്റെ സഹായത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതും എത്ര പ്രയോജനപ്രദമായിരിക്കും! (സങ്കീർത്തനം 62:8) മൂപ്പൻമാരിൽ നിന്നും കെട്ടുപണി ചെയ്യുന്ന സഹായം തേടാൻ കഴിയും. വിനയത്തിന്റെയും അനുസരണത്തിന്റെയും ആത്മാവ് നട്ടുവളർത്തുക. (സങ്കീർത്തനം 119:69, 70) ജീവിതത്തിൽ ആരോഗ്യാവഹമായ, എത്തിച്ചേരാൻ കഴിയുന്ന ലക്ഷ്യങ്ങൾ വെക്കുക. ഈ നിർദ്ദേശങ്ങൾ എല്ലാം ഒരു ക്രിയാത്മക മനോഭാവം വെച്ചുപുലർത്തുന്നതിനും ‘നമ്മുടെ ഹൃദയങ്ങളെയും നമ്മുടെ മാനസ്സിക പ്രാപ്തികളെയും കാക്കുന്ന’ “ദൈവ സമാധാനം” ഉണ്ടായിരിക്കുന്നതിനും നമ്മെ സഹായിക്കും.—ഫിലിപ്യർ 4:6, 7.
ഒരു ക്രിയാത്മക മനോഭാവമുണ്ടായിരിക്ക എന്നത് എപ്പോഴും എളുപ്പമല്ല എന്നതു സത്യംതന്നെ. എന്നിരുന്നാലും, തീക്ഷ്ണമായ ശ്രമത്താലും ശക്തമായ വിശ്വാസത്താൽ പ്രേരിതമായും അത്തരം മനോഭാവം നട്ടുവളർത്താൻ കഴിയും. അതുകൊണ്ട്, നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെയായിരുന്നാലും നമുക്കെല്ലാം ഒരു ക്രിയാത്മക വീക്ഷണം വെച്ചുപുലർത്തുന്നതിനു തീരുമാനം ചെയ്യാം. അതു നമുക്കു നഷ്ടം കൈവരുത്തുകയില്ല, എന്നാൽ, പകരം, ഇപ്പോഴും ഭാവിയിലും അനേകം സന്തുഷ്ടപ്രതിഫലങ്ങളിലേക്കു നയിക്കും. (w86 6/1)
[29-ാം പേജിലെ ചിത്രം]
ഒരു ക്രിയാത്മക മനോഭാവം വെച്ചുപുലർത്തുക, അനേകം അനുഗ്രഹങ്ങളും പ്രതിഫലങ്ങളും നിങ്ങൾക്കു വന്നുചേരുകയും ചെയ്യും