വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ
◼ യുദ്ധം തീരുന്നതിനുമുമ്പ് ഭക്ഷക്കുന്ന ഏതൊരു പടയാളിയെയും ശൗൽ രാജാവു ശപിച്ചശേഷം കുറച്ചു തേൻ കഴിച്ച യോനാഥാന് ദൈവപ്രീതി നഷ്ടപ്പെട്ടോ?
ശൗലിന്റെ ദ്രുതഗതിയിലുള്ള ശപഥം യിസ്രായേലിനെ ഒരു ശാപത്തിന്റെ പാതയിൽ എത്തിച്ചു, എന്നാൽ യോനാഥാൻ ആ ശാപത്തിനെതിരെ പോയതിനാൽ യഹോവയുടെ അപ്രീതിക്ക് ഇരയായി എന്നു പ്രകടമാക്കുന്നില്ല.
1 ശമുവേൽ 14:24-45 ഈ സംഭവം വർണ്ണിക്കുന്നു. യോനാഥാന്റെ പരാക്രമണങ്ങളാൽ ധൈര്യപ്പെടുത്തപ്പെട്ട യിസ്രയേല്യർ ശത്രുക്കളായ ഫെലിസ്ത്യരോടു പോരാടുകയായിരുന്നു. ശൗൽ രാജാവ് ഇങ്ങനെ പറഞ്ഞു: “സന്ധ്യക്കു മുമ്പായും ഞാൻ എന്റെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളവും ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ!” (24-ാം വാക്യം) തന്റെ പിതാവിന്റെ ശപഥം അറിയാതെ യോനാഥാൻ കുറച്ചു തേൻ ഭക്ഷിച്ച് തന്നെത്തന്നെ ശക്തീകരിച്ചു. ക്ഷീണിതരായിരുന്ന മററു യിസ്രായേല്യ ഭടൻമാരും കന്നുകാലികളെ കൊന്ന് രക്തം ഊററിക്കളയാതെ ആർത്തിയോടെ മാംസം ഭക്ഷിച്ച് പാപം ചെയ്തിരുന്നു. ആ പാപം സംബന്ധിച്ച് ശൗൽ ഒരു യാഗപീഠം പണിതു, എന്നാൽ തന്റെ പുത്രൻ ചെയ്തത് അവൻ അറിഞ്ഞില്ല.
യുദ്ധം ഊററമായി മുമ്പോട്ടു കൊണ്ടുപോകുന്നതു സംബന്ധിച്ച് ശൗൽ ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശം അന്വേഷിച്ചപ്പോൾ യഹോവ മറുപടി നൽകിയില്ല. തുമ്മീമിന്റെ (ഒരു പക്ഷേ വിശുദ്ധമായ ചീട്ടിടൽ ഉൾപ്പെടുന്ന) ഉപയോഗത്തോടെ ശൗൽ തന്റെ വിവേകശൂന്യമായ ശപഥം തന്റെ മകൻ ലംഘിച്ചു എന്നു മനസ്സിലാക്കി. എന്നാൽ, യഥാർത്ഥത്തിൽ യോനാഥാൻ എത്രമാത്രം കുററക്കാരനായിരുന്നു?
ആദ്യം ശപഥം ചെയ്തപ്പോൾ രാജാവിന്റെ മനോഭാവമെന്തായിരുന്നു എന്നു പരിചിന്തിക്കുക. ഫെലിസ്ത്യരുടെമേൽ ഒരു വിജയം വരിക്കുന്നതിൽ യഹോവയെ ബഹുമാനിക്കുന്നതിനു ആഗ്രഹമുണ്ടായിരുന്നതായി തെളിവു നൽകിയില്ല. പകരം, ശൗൽ, “ഞാൻ എന്റെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം!” ആരെങ്കിലും ഭക്ഷിച്ചാൽ അയാൾക്കെതിരെയായിരുന്നു തിടുക്കത്തിൽ ശാപം ഉച്ചരിച്ചത്. അതെ, ആ ശപഥം രാജകീയ ശക്തിയെ സംബന്ധിച്ചുള്ള ഒരു തെററായ വീക്ഷണത്തിൽ നിന്നോ ഒരു വ്യാജമായ തീക്ഷ്ണതയിൽ നിന്നോ ആയിരുന്നു ഉത്ഭവിച്ചത്. ആ ശപഥത്തിന് ദൈവത്തിന്റെ പിൻതുണയുണ്ടായിരുന്നില്ല. മൃഗ രക്തം സംബന്ധിച്ച് യിസ്രായേല്യ പടയാളികൾ പാപം ചെയ്തതിന്റെ ഒരു കാരണം ആ ശപഥമായിരുന്നു. അവർ ആ ശപഥത്താൽ പ്രതിബന്ധപ്പെടുത്തപ്പെട്ടില്ലായിരുന്നെങ്കിൽ അവർക്കു ഭക്ഷണം കണ്ടെത്തുന്നതിനും ഫെലിസ്ത്യരുടെമേൽ പൂർണ്ണമായി വിജയം വരിക്കുന്നതുവരെ അവരെ പിൻതുടരുന്നതിനും കഴിയുമായിരുന്നു.
യോനാഥാൻ (അറിവു കൂടാതെ) ശൗലിന്റെ ശപഥത്തെ ലംഘിച്ചു എന്നു തീരുമാനിക്കുന്നതിനു ദൈവം തുമ്മീമിന്റെ ഉപയോഗത്തെ അനുവദിക്കുകതന്നെ ചെയ്തു, എന്നാൽ അവൻ ഈ തിടുക്കത്തിലുള്ള ശപഥത്തെ അംഗീകരിച്ചു എന്ന് അർത്ഥമാക്കുന്നില്ല. ദൈവം യോനാഥാനെ കുററക്കാരനാണെന്നു വീക്ഷിച്ചതായി രേഖ ഒരിടത്തും പറയുന്നില്ല. യഥാർത്ഥത്തിൽ, യോനാഥാൻ തന്റെ പിതാവു തിടുക്കത്തിൽ ചെയ്ത ശപഥം ലംഘിച്ചതിനുള്ള അനന്തര ഫലങ്ങൾ സ്വീകരിക്കാൻ തയ്യാറായിരുന്നെങ്കിലും, സാഹചര്യങ്ങൾ യോനാഥാന്റെ ജീവൻ രക്ഷിക്കേണ്ടത് ആവശ്യമാക്കിത്തീർത്തു. യിസ്രായേല്യ പടയാളികൾ, യോനാഥാൻ “ദൈവത്തോടുകൂടെ” നിന്നുകൊണ്ട് ശ്രമസാദ്ധ്യമായ വീരകൃത്യം നിർവ്വഹിച്ചു എന്നു പറയുകയും അവർ യോനാഥാനെ ഒരു വിധത്തിൽ വീണ്ടെടുക്കുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ ശൗൽ ഒന്നിനുപുറകെ ഒന്നായി തെററു ചെയ്തുകൊണ്ടിരുന്നപ്പോൾ യോനാഥാനായിരുന്നു യഹോവയുടെ അംഗീകാരമുള്ളവനായി തുടർന്നത്.
◼ ശിംശോനെയും ഗിദെയോനെയും പോലെ എത്ര ന്യായാധിപൻമാർ ഉണ്ടായിരുന്നു?
ന്യായാധിപൻമാരെ എണ്ണുമ്പോൾ നിങ്ങൾ ചില യിസ്രായേല്യരെ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് എണ്ണം തിട്ടപ്പെടുത്തുന്നത്. യോശുവക്കും ശമൂവേലിനും ഇടയ്ക്കു 12 പുരുഷൻമാർ ന്യായാധിപൻമാരായി സേവിച്ചു എന്നു നിസംശയമായി പറയാൻ കഴിയും.
മോശെയുടെയും യോശുവയുടെയും കാലത്ത് സഭയിലെ ചില പ്രായമേറിയ പുരുഷൻമാർ നിയമപരമായ കേസുകൾ കേൾക്കുകയും തീരുമാനിക്കയും ചെയ്യുന്നതിന് തിരഞ്ഞെടുത്തിരുന്നവർ എന്ന അർത്ഥത്തിൽ അവൻ ന്യായാധിപൻമാരായിരുന്നു. (പുറപ്പാട് 18:21, 22; യോശുവ 8:33; 23:2) യോശുവയുടെ മരണത്തിനുശേഷം യിസ്രായേല്യർ സത്യാരാധനയിൽനിന്നു വീണുപോവുകയും മറ്റു ജനതകളാൽ പീഡിപ്പിക്കപ്പെടുകയും ചെയ്തു. ന്യായാധിപൻമാർ 2:16 ഇപ്രകാരം പറയുന്നു: “അതുകൊണ്ട് യഹോവ ന്യായാധിപൻമാരെ എഴുന്നേൽപ്പിക്കയും അവർ കൊള്ളക്കാരുടെ കയ്യിൽനിന്നു രക്ഷിക്കയും ചെയ്തിരുന്നു.” യഹോവ ആദ്യായി ഒഥനിയേൽ എന്നു പേരുള്ള പുരുഷനെ ഒരു ന്യായധിപൻ അഥവാ ‘രക്ഷകൻ’ എന്ന നിലയിൽ എഴുന്നേൽപ്പിച്ചു. (ന്യായാധിപൻമാർ 3:9) അതിനുശേഷം ഏഹൂദ്, ശങ്കർ, ബാരക്ക്, ഗിദെയോൻ, തോല, യായേർ, യിപ്താഹ്, ഇബ്സാൻ, ഏലോൻ, അബ്ദോൻ, ശിംശോൻ എന്നിവർ വന്നു.
ഈ 12 പേരെ കൂടാതെ ബൈബിൾ, ദബോര, ഏലി, ശമൂവേൽ എന്നിവരെയും ന്യായപാലനത്തോടു ബന്ധപ്പെട്ട് പരാമർശിക്കുന്നുണ്ട്. (ന്യായാധിപൻമാർ 4:4; 1 ശമൂവേൽ 4:16-18; 7: 15, 16) എന്നിരുന്നാലും ദബോര ആദ്യം ഒരു പ്രവാചകി എന്നു വിളിക്കപ്പെടുകയും ജനത്തെ ഞെരുക്കത്തിൽ നിന്നു വിടുവിക്കുന്നതിനു പ്രത്യേകാൽ നേതൃത്വമെടുത്ത ന്യായാധിപനായ ബാരാക്കിനോടു ബന്ധപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ, ഏലി പ്രധാനമായും ഒരു മഹാപുരോഹിതനായിരുന്നു, യിസ്രായേലിനെ യുദ്ധത്തിലൂടെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച ഒരു ‘രക്ഷകൻ’ ആയിരുന്നില്ല. (നെഹെമ്യാവ് 9:27) അതുകൊണ്ട്, ദബോരക്കും ഏലിക്കും യിസ്രായേലിൽ ന്യായപാലനം ചെയ്യുന്നതിൽ ഒരു പങ്കുണ്ടായിരുന്നെങ്കിലും വ്യക്തമായും പ്രാഥമികമായും പ്രത്യേകാൽ ന്യായധിപൻമാർ ആയി ‘എഴുന്നേൽപ്പിച്ചിരുന്ന’ 12 പുരുഷൻമാരുടെ കൂടെ പട്ടികപ്പെടുത്താതിരിക്കാൻ കാരണമുണ്ട്. പ്രവൃത്തികൾ 13:20 “ശമൂവേൽ പ്രവാചകൻ വരെ ന്യായധിപൻമാർ [നൽകപ്പെട്ടിരുന്നു] എന്നു പറയുന്നു. ഇതു ന്യായധിപൻമാരുടെ കാലഘട്ടം എന്നറിയപ്പെട്ടിരുന്നതിനെ പരിമിതപ്പെടുത്തുകയും ശമൂവേലിനെയും അവന്റെ പുത്രൻമാരെയും സാധാരണയായി ന്യായാധിപൻമാരുടെ കൂട്ടത്തിൽ എണ്ണാതിരിക്കയും ചെയ്യുന്നതിന്റെ കാരണം കാണിക്കയും ചെയ്യുന്നു.—1 ശമൂവേൽ 8:1.