50 തർസൊസുകാരനായ ശൗൽ
മനസ്സു പുതുക്കി
ജൂതന്മാർ സ്തെഫാനൊസിനെ കൊന്നപ്പോൾ അതു കണ്ടുകൊണ്ട് ഒരു ചെറുപ്പക്കാരൻ നിൽപ്പുണ്ടായിരുന്നു, തർസൊസുകാരനായ ശൗൽ.a സ്തെഫാനൊസിനെ കൊന്നതു ശരിയാണെന്നാണു ശൗൽ ചിന്തിച്ചത്. കാരണം ജൂതന്മാരുടേതാണു സത്യമതമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. യരുശലേമിലെ ക്രിസ്തുശിഷ്യർക്കെതിരെ ‘ഭീഷണി ഉയർത്തിക്കൊണ്ടിരുന്ന ശൗലിന് അവരെ ഇല്ലാതാക്കാൻ അടങ്ങാത്ത ആഗ്രഹമുണ്ടായിരുന്നു.’ അതുകൊണ്ട് നിരപരാധികളായ അനേകം സ്ത്രീപുരുഷന്മാരെ അദ്ദേഹം വലിച്ചിഴച്ചുകൊണ്ടുപോയി ജയിലിലാക്കി. ക്രിസ്ത്യാനികളെ വിചാരണ ചെയ്യുമ്പോൾ അവർക്കു വധശിക്ഷ വിധിക്കാൻ ശൗൽ പൂർണപിന്തുണ കൊടുത്തു. ഉപദ്രവം ശക്തമായതോടെ പല ക്രിസ്ത്യാനികൾക്കും യരുശലേമിൽനിന്ന് ഓടിപ്പോകേണ്ടിവന്നു. എന്നാൽ അതുകൊണ്ടൊന്നും അവരോടുള്ള ശൗലിന്റെ പകയും കോപവും അടങ്ങിയില്ല.
ദമസ്കൊസിലുള്ള ക്രിസ്ത്യാനികളെയും ഉപദ്രവിക്കാൻ അനുവദിച്ചുകൊണ്ടുള്ള കത്തുകൾ ശൗൽ മഹാപുരോഹിതനോട് ആവശ്യപ്പെട്ടു. കത്തുകൾ കിട്ടിയ ഉടനെ ശൗലും കൂട്ടരും വടക്കുള്ള ദമസ്കൊസ് നഗരത്തിലേക്കു യാത്രയായി. യേശു സ്വർഗത്തിൽ പിതാവിനോടൊപ്പം ജീവനോടെയുണ്ടെന്ന കാര്യം ശൗൽ അറിഞ്ഞില്ല. എന്നാൽ ശൗലിന് ഒരുപാടു നല്ല ഗുണങ്ങളുണ്ടെന്നും അദ്ദേഹത്തിനു നല്ലൊരു വ്യക്തിയായിത്തീരാനാകുമെന്നും യഹോവയും യേശുവും കണ്ടു. ശൗലും കൂട്ടരും ദമസ്കൊസിന് അടുത്ത് എത്തിയപ്പോൾ “സൂര്യപ്രകാശത്തെയും വെല്ലുന്ന ഒരു വെളിച്ചം” അദ്ദേഹത്തിനു ചുറ്റും മിന്നി. ശൗൽ നിലത്ത് വീണു. അദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.
അപ്പോൾ ഒരു ശബ്ദം, “ശൗലേ, ശൗലേ, നീ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്” എന്നു ചോദിച്ചു. മുടിങ്കോലിൽ തൊഴിക്കുന്നത് അദ്ദേഹത്തിനു ദോഷം ചെയ്യുമെന്നും പറഞ്ഞു. അപ്പോൾ ശൗൽ, “കർത്താവേ, അങ്ങ് ആരാണ്” എന്നു ചോദിച്ചു. “നീ ഉപദ്രവിക്കുന്ന യേശുവാണു ഞാൻ” എന്നായിരുന്നു മറുപടി. അതു കേട്ടപ്പോൾ ശൗൽ ഞെട്ടിപ്പോയിക്കാണും. തുടർന്ന് യേശു ശൗലിനോട് എഴുന്നേറ്റുനിൽക്കാൻ പറഞ്ഞു. എന്നിട്ട് അദ്ദേഹം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. യേശു പഠിപ്പിച്ചതെല്ലാം സത്യമാണെന്നു തെളിയിക്കുന്ന ഒരു സാക്ഷിയായി ശൗൽ മാറുമായിരുന്നു. അപ്പോൾ അന്ധനായിരുന്ന ശൗൽ, ഇരുട്ടിൽ കഴിയുന്നവരെ വെളിച്ചത്തിലേക്കു നയിച്ചുകൊണ്ട് അവരുടെ കണ്ണു തുറക്കണമായിരുന്നു.
ക്രിസ്ത്യാനികളെ ക്രൂരമായി ഉപദ്രവിച്ചിരുന്ന ഒരാൾ എങ്ങനെയാണു മാറ്റം വരുത്തി ക്രിസ്തുവിന്റെ തീക്ഷ്ണതയുള്ള സുവിശേഷകനായിത്തീർന്നത്?
യേശു പറഞ്ഞതെല്ലാം കേട്ടപ്പോൾ, താൻ എത്ര അഹങ്കാരിയും ക്രൂരനും ആണെന്നും താൻ മാറ്റം വരുത്തേണ്ടതുണ്ടെന്നും ശൗൽ തിരിച്ചറിഞ്ഞു. അപ്പോഴും അന്ധനായിരുന്ന ശൗലിനെ കൂടെയുള്ളവർ കൈയിൽ പിടിച്ചാണു ദമസ്കൊസിലേക്കു കൊണ്ടുപോയത്. ഒരു ക്രിസ്തുശിഷ്യൻ അവിടെ ചെന്ന് അദ്ദേഹത്തെ കാണുമായിരുന്നു. മൂന്നു ദിവസം ശൗൽ ഉപവസിച്ചു. കാരണം താൻ ചെയ്തുകൂട്ടിയതെല്ലാം ഓർത്ത് അദ്ദേഹത്തിനു ശരിക്കും സങ്കടം തോന്നിയിരിക്കണം. ശൗൽ ഉറപ്പായും യഹോവയോട് ഒരുപാടു നേരം പ്രാർഥിച്ചുകാണും. ദൈവത്തിന്റെ സ്വന്തം മകനെയാണു താൻ ഉപദ്രവിച്ചതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അനന്യാസ് എന്നൊരു ക്രിസ്ത്യാനിയെ യേശു ശൗലിന്റെ അടുത്തേക്ക് അയച്ചു. ആദ്യം പേടിയുണ്ടായിരുന്നെങ്കിലും അനന്യാസ് ചെന്ന് ശൗലിനെ കണ്ടു, അദ്ദേഹത്തിന്റെ മേൽ കൈകൾ വെച്ചു. അപ്പോൾ “ചെതുമ്പൽപോലുള്ള എന്തോ ശൗലിന്റെ കണ്ണുകളിൽനിന്ന് വീണു.” അദ്ദേഹത്തിനു കാഴ്ച തിരിച്ചുകിട്ടി! കൂടുതൽ താഴ്മയുള്ള ആളായി മാറിയ ശൗലിനു താൻ തുടർന്ന് എന്താണു ചെയ്യേണ്ടതെന്നു മനസ്സിലായി. അങ്ങനെ അദ്ദേഹം “എഴുന്നേറ്റ് സ്നാനമേറ്റു.”
ഒരു ക്രിസ്ത്യാനിയായിത്തീർന്ന ശൗൽ പെട്ടെന്നുതന്നെ പ്രസംഗപ്രവർത്തനം തുടങ്ങി. എന്നാൽ യരുശലേമിലേക്കു തിരിച്ചുപോകാതെ ദമസ്കൊസിലുള്ള സിനഗോഗുകളിലേക്കാണ് അദ്ദേഹം പോയത്. അത് ഒട്ടും എളുപ്പമായിരുന്നിരിക്കില്ല. കാരണം ഇത്രയും കാലം ക്രിസ്ത്യാനികളെ ഉപദ്രവിച്ചുകൊണ്ടിരുന്നവനാണു താനെന്ന് ഒരുപക്ഷേ അറിയാമായിരുന്ന ആളുകളാണ് അവിടെയുണ്ടായിരുന്നത്. ധൈര്യത്തിനായി ശൗൽ ഒരുപാടു പ്രാർഥിച്ചിട്ടുണ്ടാകും. താൻ ചെയ്തുകൊണ്ടിരുന്നതെല്ലാം തെറ്റായിരുന്നെന്നും ഇപ്പോൾ താൻ ക്രിസ്തുവിന്റെ ഒരു ശിഷ്യനാണെന്നും പറഞ്ഞപ്പോൾ അവിടെ കൂടിയിരുന്നവർക്കെല്ലാം എത്ര അതിശയം തോന്നിക്കാണും! തുടർന്ന് അദ്ദേഹം “കൂടുതൽക്കൂടുതൽ ശക്തി പ്രാപിച്ചു. യേശുതന്നെയാണു ക്രിസ്തുവെന്നു യുക്തിസഹമായി തെളിയിച്ചുകൊണ്ട് ശൗൽ ദമസ്കൊസിൽ താമസിച്ചിരുന്ന ജൂതന്മാരെ നിശ്ശബ്ദരാക്കി.”
ശൗൽ ദമസ്കൊസിൽ താമസിക്കുമ്പോൾ എപ്പോഴോ അറേബ്യയിലേക്കു പോയി. സാധ്യതയനുസരിച്ച് സിറിയൻ വിജനഭൂമിയായിരുന്നു അത്. അദ്ദേഹം എന്തിനാണ് അങ്ങോട്ടു പോയതെന്നു ബൈബിൾ പറയുന്നില്ല. അവിടെ ഒറ്റയ്ക്ക് ഇരുന്ന് ദീർഘനേരം യഹോവയോടു പ്രാർഥിക്കാനും യേശു പറഞ്ഞ കാര്യങ്ങളെയും തന്നെ ഏൽപ്പിച്ച നിയമനത്തെയും കുറിച്ച് ചിന്തിക്കാനും അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാകും. ദൈവവചനം പഠിക്കുകയും അതെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും ചെയ്യുന്ന ശീലം അദ്ദേഹം എന്നും തുടർന്നു. ശൗൽ ശരിക്കും മനസ്സു പുതുക്കി. അങ്ങനെ ചെയ്തുകൊണ്ടിരിക്കാൻ അദ്ദേഹം പിന്നീടു റോമിലുള്ള സഹക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.—റോമ. 12:2.
ചെയ്ത തെറ്റുകൾ വർഷങ്ങൾ കഴിഞ്ഞിട്ടും ശൗൽ മറന്നുപോയില്ല. കാരണം, താൻ “ദൈവത്തെ നിന്ദിക്കുന്നവനും ദൈവത്തിന്റെ ജനത്തെ ഉപദ്രവിക്കുന്നവനും ധിക്കാരിയും” ആയിരുന്നെന്നു അദ്ദേഹം പിന്നീടു പറഞ്ഞു. (1 തിമൊ. 1:13) അതുപോലെ സ്തെഫാനൊസിനെ കൊല്ലാൻ കൂട്ടുനിന്നതിലും അദ്ദേഹത്തിനു വലിയ വിഷമമുണ്ടായിരുന്നു. (പ്രവൃ. 22:19-21) എങ്കിലും യഹോവയും യേശുവും തന്നോടു ക്ഷമിച്ചെന്നും തന്നെ അനുഗ്രഹിക്കുന്നുണ്ടെന്നും ശൗലിന് ഉറപ്പായിരുന്നു.
മൂന്നു വർഷത്തോളം ശൗൽ ദമസ്കൊസിൽ കഴിഞ്ഞു. പിന്നെ ജൂതന്മാർ തന്നെ കൊല്ലാൻ നോക്കുന്നെന്ന് അറിഞ്ഞപ്പോൾ അദ്ദേഹത്തിന് ആ നഗരം വിട്ട് ഓടിപ്പോകേണ്ടിവന്നു. ശിഷ്യന്മാർ ശൗലിനെ ഒരു കൊട്ടയിലാക്കി നഗരമതിലിന്റെ കിളിവാതിലിലൂടെ താഴേക്ക് ഇറക്കി. അവിടെനിന്ന് അദ്ദേഹം യരുശലേമിലേക്കാണു പോയത്. ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ അദ്ദേഹത്തിന് ഇനിയും ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
തന്റെ ജീവിതത്തിലെ ഈ ഒരു സമയത്ത് തർസൊസുകാരനായ ശൗൽ എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. തന്റെ ജന്മനാടായ തർസൊസിനെക്കുറിച്ച് ‘പ്രധാനനഗരമെന്നു‘ ശൗൽ പറഞ്ഞത് എന്തുകൊണ്ടാണ്? (പ്രവൃ. 21:39; w99 5/15 പേ. 30 ഖ. 1) A
Todd Bolen/BiblePlaces.com
ചിത്രം A: കല്ലു പാകിയ ഒരു വഴി ഉൾപ്പെടെ, പുരാതന തർസൊസിന്റെ നാശാവശിഷ്ടങ്ങൾ
2. ശൗലിനു സാധ്യതയനുസരിച്ച് ജൂത-ഗ്രീക്ക്-റോമൻ സംസ്കാരങ്ങൾ പരിചിതമായിരുന്നത് എന്തുകൊണ്ട്? (bt പേ. 62, ചതുരം ഖ. 1-3)
3. “മാസം തികയാതെ പിറന്നവനെപ്പോലുള്ള” തനിക്കു യേശു പ്രത്യക്ഷനായെന്നു പറഞ്ഞപ്പോൾ ശൗൽ എന്താണ് ഉദ്ദേശിച്ചത്? (1 കൊരി. 15:8; w22.09 പേ. 27)
4. പ്രവൃത്തികൾ 9:11, 24, 25 വാക്യങ്ങളിൽ ലൂക്കോസ് എഴുതിയ കാര്യം കൃത്യമാണെന്നതിന് എന്തു തെളിവുണ്ട്? (g03 3/8 പേ. 24-26) B
Photo by ROLOC Color Slides
ചിത്രം B: ദമസ്കൊസിലെ ബാബ്ഷാർക്കീ ഗേറ്റ്, അവിടെയാണു നേർവീഥി അവസാനിക്കുന്നത്
നമുക്കുള്ള പാഠങ്ങൾ
ശൗൽ താഴ്മയോടെ അനന്യാസിൽനിന്നും മറ്റു ക്രിസ്ത്യാനികളിൽനിന്നും സഹായം സ്വീകരിച്ചു. (പ്രവൃ. 9:17, 18; കൊലോ. 4:10, 11) നമുക്കു മറ്റുള്ളവരുടെ സഹായം സ്വീകരിക്കേണ്ടിവരുന്ന ചില സാഹചര്യങ്ങൾ ഏതൊക്കെയാണ്?
ശൗൽ തന്റെ മുൻകാലനേട്ടങ്ങളോ തനിക്കു പറ്റിയ തെറ്റുകളോ യഹോവയെ ആരാധിക്കുന്നതിനു തടസ്സമാകാൻ അനുവദിച്ചില്ല. (ഫിലി. 3:4-8; 1 തിമൊ. 1:12-16) നമുക്ക് എങ്ങനെ അദ്ദേഹത്തെ അനുകരിക്കാം? C
ചിത്രം C
ഈ വിവരണത്തിൽ ശൗൽ കാണിച്ച ധൈര്യം വേറെ എങ്ങനെയും നിങ്ങൾക്ക് അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ഈ അധ്യായം പഠിച്ചുകഴിഞ്ഞപ്പോൾ ശൗൽ സ്വർഗത്തിൽ ക്രിസ്തുവിനോടൊപ്പം ഭരിക്കുമെന്നുള്ള അറിവ് നിങ്ങളെ സന്തോഷിപ്പിക്കുന്നത് എന്തുകൊണ്ട്?
കൂടുതൽ അറിയാൻ
മുമ്പ് ശൗലിനെപ്പോലെ യഹോവയുടെ സാക്ഷികളെ ഉപദ്രവിച്ചിരുന്ന ഒരാൾ മനസ്സു പുതുക്കിയത് എങ്ങനെയെന്നു കാണുക.
നല്ല പഠനശീലം ഉണ്ടായിരിക്കാനും സ്നേഹം വളർത്തിയെടുക്കാനും നമ്മളെക്കുറിച്ചുതന്നെ ശരിയായ ഒരു കാഴ്ചപ്പാട് നിലനിറുത്താനും ശൗലിന്റെ മാതൃക നമ്മളെ എങ്ങനെ സഹായിക്കും?
“ആത്മീയമായി പുരോഗമിക്കുക, പൗലൊസിനെ അനുകരിച്ചുകൊണ്ട്” (w08 5/15 പേ. 21-25)
a ശൗൽ പിന്നീട് പൗലോസ് എന്നാണ് അറിയപ്പെട്ടതെങ്കിലും ഈ അധ്യായത്തിൽ അദ്ദേഹത്തിന്റെ “ശൗൽ” എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്.