48 സ്തെഫാനൊസ്
‘വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞവൻ’
സ്തെഫാനൊസ് വെറും സാധാരണക്കാരനായിരുന്നു. എന്നാൽ ജീവൻ അപകടത്തിലായ ഒരു സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ‘മുഖം ഒരു ദൈവദൂതന്റെ മുഖംപോലിരുന്നു’ എന്നാണു ബൈബിൾ പറയുന്നത്. ജൂതന്മാരുടെ പരമോന്നത കോടതിയായ സൻഹെദ്രിന്റെ മുമ്പാകെ സംസാരിക്കാൻ പോകുകയായിരുന്നിട്ടും അദ്ദേഹം വളരെ ശാന്തനായിരുന്നു. ഏതാനും മാസങ്ങൾക്കു മുമ്പ് ഇതേ കോടതിയാണു യേശുവിനെ വധശിക്ഷയ്ക്കു വിധിച്ചത്. എന്നിട്ടും സ്തെഫാനൊസിന് ഇപ്പോൾ ശാന്തനായി നിൽക്കാൻ കഴിഞ്ഞു. അദ്ദേഹത്തിനു നല്ല ധൈര്യമുണ്ടായിരുന്നു.
സ്തെഫാനൊസ് “വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ” ഒരാളായിരുന്നെന്നു ബൈബിൾ പറയുന്നു. അതുകൊണ്ട് യരുശലേമിലെ അപ്പോസ്തലന്മാർ അദ്ദേഹത്തെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്വം ഏൽപ്പിച്ചു: സഭയിലെ ദരിദ്രരായ വിധവമാർക്കു വേണ്ട സഹായം നൽകുക. ഒരിക്കൽ ചില ജൂതന്മാർ സ്തെഫാനൊസിനോടു ദേഷ്യപ്പെട്ട്, തർക്കിക്കാൻതുടങ്ങി. എന്നാൽ അദ്ദേഹം തിരുവെഴുത്തുകൾ ഉപയോഗിച്ച് നന്നായി സംസാരിച്ചതുകൊണ്ട് അവർക്കു മറുപടിയൊന്നും പറയാനായില്ല. അതിൽ ദേഷ്യം തോന്നിയിട്ട് അവർ അദ്ദേഹത്തെ സൻഹെദ്രിന്റെ മുമ്പാകെ കൊണ്ടുവന്നു. വധശിക്ഷ വിധിക്കാൻപോലുമുള്ള അധികാരം സൻഹെദ്രിനുണ്ടായിരുന്നു.
ഇത്തരം സാഹചര്യങ്ങളെ നേരിടുന്ന തന്റെ അനുഗാമികൾക്കു യേശു കൊടുത്ത വാക്കും സ്തെഫാനൊസിന് അറിയാമായിരുന്നിരിക്കണം: “എന്തു പറയുമെന്നു മുൻകൂട്ടി ചിന്തിച്ച് ഉത്കണ്ഠപ്പെടേണ്ടാ. ആ സമയത്ത് പരിശുദ്ധാത്മാവ് നിങ്ങൾക്കു നൽകുന്നത് എന്തോ അതു പറയുക. കാരണം സംസാരിക്കുന്നതു നിങ്ങളല്ല, പരിശുദ്ധാത്മാവാണ്.” (മർക്കോ. 13:11) ആ ഉറപ്പ് സ്തെഫാനൊസിനെ ധൈര്യപ്പെടുത്തിയിരിക്കണം. കൂടാതെ സൻഹെദ്രിന്റെ മുമ്പാകെ ഒരു ദൈവദൂതനെപ്പോലെ ശാന്തനായി നിൽക്കാൻ യഹോവയുടെ ആത്മാവും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.
ജൂതമതത്തിൽ വലിയ അധികാരമുള്ള 71 പേരാണു സൻഹെദ്രിനിലുണ്ടായിരുന്നത്. വലിയൊരു ഹാളിൽ അർധവൃത്താകൃതിയിൽ മൂന്നു നിരകളായി ക്രമീകരിച്ചിരുന്ന ഇരിപ്പിടങ്ങളിൽ അവർ ഇരിക്കും. അവിടെ പറയുന്നതെല്ലാം രണ്ടു ശാസ്ത്രിമാർ എഴുതിയെടുക്കും. ദേവാലയത്തിനും മോശയിലൂടെ ദൈവം കൊടുത്ത നിയമത്തിനും എതിരെ സംസാരിച്ചു എന്നതായിരുന്നു സ്തെഫാനൊസിന്റെ പേരിലുള്ള ആരോപണം. അതു വധശിക്ഷ കിട്ടാവുന്ന ഒരു കുറ്റമായിരുന്നു. ആരോപണങ്ങൾ കേട്ട മഹാപുരോഹിതനായ കയ്യഫ, ഇതെല്ലാം സത്യമാണോ എന്നു സ്തെഫാനൊസിനോടു ചോദിച്ചു.
ഇസ്രായേൽ ജനതയുടെ ചരിത്രം പറഞ്ഞുകൊണ്ടാണു സ്തെഫാനൊസ് തുടങ്ങിയത്. ആദ്യം അബ്രാഹാമിനെക്കുറിച്ച് സംസാരിച്ചു. തുടർന്ന് യോസേഫിനെക്കുറിച്ചും സ്വന്തം സഹോദരന്മാർതന്നെ അദ്ദേഹത്തെ ഉപദ്രവിച്ചതിനെക്കുറിച്ചും പറഞ്ഞു. ആ സഹോദരന്മാരാണു പിന്നീട് ഇസ്രായേല്യരുടെ ഗോത്രപിതാക്കന്മാരായത്. പിന്നെ സ്തെഫാനൊസ് മോശയെയും അദ്ദേഹം ചെയ്ത അത്ഭുതങ്ങളെയും കുറിച്ച് സംസാരിച്ചു. മോശയെക്കുറിച്ച് എബ്രായ തിരുവെഴുത്തുകളിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത കാര്യങ്ങൾപോലും ദൈവാത്മാവിന്റെ സഹായത്തോടെ പറയാൻ അദ്ദേഹത്തിനു കഴിഞ്ഞു. എന്നാൽ മോശയെ ഇസ്രായേല്യർ അനുസരിക്കാതിരുന്ന കാര്യവും സ്തെഫാനൊസ് അവരെ ഓർമിപ്പിച്ചു.
മോശയുടെ നിയമത്തോടും വിശുദ്ധകൂടാരത്തോടും ദേവാലയത്തോടും തനിക്കു വലിയ ആദരവുണ്ടെന്നു സ്തെഫാനൊസിന്റെ സംസാരം തെളിയിച്ചു. അതേസമയം ദൈവജനം, അവരെ നയിക്കാൻ ദൈവം അയച്ചവരോടു കൂടെക്കൂടെ ധിക്കാരം കാണിച്ചെന്ന കാര്യം അദ്ദേഹം എടുത്തുപറഞ്ഞു.
ക്രിസ്ത്യാനികളെ ഇഷ്ടമില്ലാതിരുന്നവരും തന്നെ കൊല്ലാൻ തീരുമാനിച്ചുറച്ചിരുന്നവരും ആയ ഒരു കൂട്ടം ആളുകളുടെ മുന്നിൽ സ്തെഫാനൊസിനു തന്റെ വിശ്വാസത്തെക്കുറിച്ച് സംസാരിക്കേണ്ടിവന്നു
ആ കഠിനഹൃദയരിൽനിന്ന് തനിക്കു കരുണയൊന്നും കിട്ടില്ലെന്നു സ്തെഫാനൊസിന് ഏതാണ്ട് ഉറപ്പായിരുന്നു. അതുകൊണ്ട് അവരെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണം എന്താണെന്നു പറയാൻ പരിശുദ്ധാത്മാവിലൂടെ യഹോവ സ്തെഫാനൊസിനെ ധൈര്യപ്പെടുത്തി. അദ്ദേഹം അവരെ “ദുശ്ശാഠ്യക്കാരേ” എന്നു വിളിച്ചിട്ട്, അവരുടെ പൂർവികരെപ്പോലെതന്നെ അവരും എപ്പോഴും “പരിശുദ്ധാത്മാവിനെ എതിർത്തുനിൽക്കുന്നു” എന്നു പറഞ്ഞു. മാത്രമല്ല, മോശ മുൻകൂട്ടിപ്പറഞ്ഞ, മോശയെക്കാൾ വലിയ ആ പ്രവാചകനെത്തന്നെ അവർ കൊന്നുകളഞ്ഞു. അങ്ങനെ അവർ മിശിഹയായ യേശുവെന്ന നീതിമാന്റെ ‘ഒറ്റുകാരും കൊലയാളികളും’ ആയിത്തീർന്നെന്നും സ്തെഫാനൊസ് തുറന്നുപറഞ്ഞു.
ഇതൊക്കെ കേട്ടപ്പോൾ അവർക്കു ദേഷ്യം അടക്കാൻ പറ്റിയില്ല. അവർ സ്തെഫാനൊസിനെ “നോക്കി പല്ലിറുമ്മി.” എന്നാൽ പ്രോത്സാഹനം പകരുന്ന ഒരു ദർശനം യഹോവ അദ്ദേഹത്തിനു നൽകി. സ്തെഫാനൊസ് പറഞ്ഞു: “ഇതാ, ആകാശങ്ങൾ തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലതുഭാഗത്ത് നിൽക്കുന്നതും ഞാൻ കാണുന്നു.” അതു കേട്ടപ്പോൾ സൻഹെദ്രിനിലുള്ളവരുടെ ദേഷ്യം ഒന്നുകൂടി വർധിച്ചു. കാരണം സാധ്യതയനുസരിച്ച് അവർക്കു പരിചയമുള്ള വാക്കുകളായിരുന്നു അവ. കുറച്ച് മാസങ്ങൾക്കു മുമ്പാണ്, യേശു തന്റെ വിചാരണയുടെ സമയത്ത്, ‘മനുഷ്യപുത്രൻ ശക്തനായവന്റെ വലതുഭാഗത്ത് ഇരിക്കുന്നതു നിങ്ങൾ കാണും’ എന്നു പറഞ്ഞത്. (മത്താ. 26:64) യേശു പറഞ്ഞതു നിറവേറിയെന്നു സ്തെഫാനൊസിന്റെ വാക്കുകൾ തെളിയിച്ചു. യേശു യഹോവയോടൊപ്പം സ്വർഗത്തിലാണ്!
ഇതെല്ലാം കേട്ട് ദേഷ്യം അടക്കാനാകാതെ അവർ സ്തെഫാനൊസിന്റെ നേരെ പാഞ്ഞുചെന്നു. എന്നിട്ട് അദ്ദേഹത്തെ നഗരത്തിനു വെളിയിലേക്കു കൊണ്ടുപോയി കല്ലെറിയാൻതുടങ്ങി. അപ്പോൾ സ്തെഫാനൊസ്, തന്റെ ജീവൻ സ്വീകരിക്കണമെന്നു യേശുവിനോട് അപേക്ഷിച്ചു. അദ്ദേഹം ഒരുപക്ഷേ അപ്പോഴും യേശുവിനെ ദർശനത്തിൽ കാണുന്നുണ്ടായിരുന്നു. അവസാനമായി അദ്ദേഹം യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു: “ഈ പാപത്തിന് ഇവരെ ശിക്ഷിക്കരുതേ.” തുടർന്ന് സ്തെഫാനൊസ് യേശുവിന്റെ വിശ്വസ്താനുഗാമിയായി മരിച്ചു. വിശ്വാസത്തിന്റെ പേരിൽ രക്തസാക്ഷിയായ ആദ്യത്തെ ക്രിസ്ത്യാനിയായിരുന്നു അദ്ദേഹം. ഇതെല്ലാം കണ്ടുകൊണ്ട്, സ്തെഫാനൊസിന്റെ മരണം ആഗ്രഹിച്ച ഒരു ചെറുപ്പക്കാരൻ അവിടെയുണ്ടായിരുന്നു. മരിക്കുന്നതിനു തൊട്ടുമുമ്പ് സ്തെഫാനൊസ് പറഞ്ഞതൊന്നും അദ്ദേഹം ഒരിക്കലും മറന്നില്ല. അദ്ദേഹത്തെക്കുറിച്ച് 50, 51, 53 അധ്യായങ്ങളിൽ നമ്മൾ കൂടുതലായി പഠിക്കും.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
സ്തെഫാനൊസ് എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. “ദൈവാത്മാവും ജ്ഞാനവും നിറഞ്ഞ” സ്തെഫാനൊസിനെയും മറ്റുള്ളവരെയും ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യാൻ അപ്പോസ്തലന്മാർ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? (പ്രവൃ. 6:3-5; bt പേ. 41-42 ഖ. 17-18) A
ചിത്രം A
2. മോശയെക്കുറിച്ച് ബൈബിളിൽ മറ്റ് എവിടെയും കാണാത്ത എന്തെല്ലാം കാര്യങ്ങളാണു സ്തെഫാനൊസ് പറഞ്ഞത്? (bt പേ. 48 ഖ. 13, അടിക്കുറിപ്പ്)
3. ഉപദ്രവം നേരിട്ടപ്പോൾ സ്തെഫാനൊസിന് എങ്ങനെയാണ് അത്ര ശാന്തനായി നിൽക്കാൻ കഴിഞ്ഞത്? (w18.10 പേ. 32)
4. പ്രവൃത്തികൾ 7:59 സ്തെഫാനൊസ് യേശുവിനോടാണു പ്രാർഥിച്ചതെന്നു സൂചിപ്പിക്കുന്നുണ്ടോ? (w05 1/1 പേ. 31)
നമുക്കുള്ള പാഠങ്ങൾ
സ്തെഫാനൊസ് ‘വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞവനും’ അതുപോലെ ‘ദൈവികമായ ദയയും ശക്തിയും നിറഞ്ഞവനും’ ആയിരുന്നു. എന്നിട്ടും മനസ്സോടെ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യാൻ തയ്യാറായി. (പ്രവൃ. 6:2, 5, 8) നല്ല കഴിവും പ്രാപ്തിയും ഒക്കെ ഉള്ളവരോ സഭയിൽ വലിയ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരോ ആയ സഹോദരന്മാർക്കു സ്തെഫാനൊസിന്റെ മാതൃക എങ്ങനെ അനുകരിക്കാം? B
ചിത്രം B
സ്തെഫാനൊസ് തന്നെ ഉപദ്രവിച്ചവർക്കുവേണ്ടി പ്രാർഥിച്ചു. ഇന്നു നമുക്ക് എങ്ങനെ നമ്മളെ എതിർക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവരോടു സ്നേഹം കാണിക്കാം? (മത്താ. 5:44-48)
ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്കു സ്തെഫാനൊസിന്റെ ധൈര്യം അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ക്രിസ്തുവിനോടൊപ്പം ഭരിക്കാൻ സ്തെഫാനൊസിനെ തിരഞ്ഞെടുത്തതിൽ നിങ്ങൾ നന്ദിയുള്ളവരായിരിക്കുന്നത് എന്തുകൊണ്ട്?
കൂടുതൽ അറിയാൻ
സ്തെഫാനൊസിനെപ്പോലെ ആദരവോടെയും അതേസമയം ധൈര്യത്തോടെയും നമ്മുടെ വിശ്വാസത്തിനുവേണ്ടി സംസാരിക്കാനാകുന്ന വിധങ്ങൾ കാണുക.
“സ്തെഫാനൊസ്—‘ദൈവികമായ ദയയും ശക്തിയും നിറഞ്ഞവൻ’” (bt പേ. 47-50 ഖ. 9-19)
ഇന്ന് ഉപദ്രവം സഹിക്കേണ്ടിവരുമ്പോൾ യഹോവയുടെ ജനത്തിന് എങ്ങനെ സ്തെഫാനൊസിനെപ്പോലെ ധൈര്യമുള്ളവരായിരിക്കാം?