42 മറിയ
വളരെ പ്രധാനപ്പെട്ട ഒരു നിയമനം സ്വീകരിക്കാൻ ധൈര്യം കാണിച്ചു
ഒരിക്കൽ ഗലീലയിലെ നസറെത്തിൽ താമസിക്കുന്ന മറിയ എന്ന ജൂതകന്യകയുടെ വീട്ടിൽ ഒരു അതിഥി എത്തി. അദ്ദേഹം ഒരു സാധാരണ അതിഥിയല്ല, യഹോവയുടെ ദൂതനായ ഗബ്രിയേലായിരുന്നു!
ആ ദൂതന്റെ വരവിനു പിന്നിൽ ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. യഹോവയിൽനിന്ന് മുമ്പ് ഒരിക്കലും ഒരു മനുഷ്യനും കിട്ടിയിട്ടില്ലാത്ത ഒരു പ്രത്യേകനിയമനം ആ പെൺകുട്ടിക്കു നൽകാനാണു ദൂതൻ വന്നത്. ഗബ്രിയേൽ ദൂതൻ മറിയയോടു പറഞ്ഞു: “ദൈവത്തിന്റെ പ്രീതി ലഭിച്ചവളേ, നമസ്കാരം! യഹോവ നിന്റെകൂടെയുണ്ട്.” അതു കേട്ടപ്പോൾ മറിയ “ആകെ അന്ധാളിച്ചുപോയി.” അങ്ങനെയൊരു പുകഴ്ചയ്ക്കു താൻ യോഗ്യയാണ് എന്നൊന്നും മറിയ ചിന്തിക്കുന്നില്ല. എന്നാൽ ഗബ്രിയേൽ മറിയയെ ആശ്വസിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ദൈവത്തിനു നിന്നോടു പ്രീതി തോന്നിയിരിക്കുന്നു.” എന്നിട്ട് യഹോവയിൽനിന്നുള്ള ആ പ്രധാനപ്പെട്ട നിയമനത്തെക്കുറിച്ച് മറിയയോടു സംസാരിച്ചു. ദൂതൻ പറഞ്ഞു: “നീ ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിക്കും. . . . അവൻ മഹാനാകും. അത്യുന്നതന്റെ മകൻ എന്നു വിളിക്കപ്പെടും. ദൈവമായ യഹോവ അവന്, പിതാവായ ദാവീദിന്റെ സിംഹാസനം കൊടുക്കും.” അവൻ രാജാവായി ഭരിക്കുമായിരുന്നു.
ധൈര്യം സംഭരിച്ചുകൊണ്ട് മറിയ ആ ദൂതനോട്, “ഇത് എങ്ങനെ സംഭവിക്കും” എന്നു ചോദിച്ചു. കാരണം മറിയയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നെങ്കിലും വിവാഹം നടന്നിട്ടില്ലായിരുന്നു. ഒരു പുരുഷനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുമില്ല. അതുകൊണ്ട് ആ ചോദ്യം ന്യായമായിരുന്നു. യഹോവയുടെ ശക്തിയായ പരിശുദ്ധാത്മാവ് മറിയയുടെ “മേൽ നിഴലിടും” എന്നും അങ്ങനെ പൂർണതയുള്ള ഒരു ആൺകുഞ്ഞിനു മറിയ ജന്മം നൽകും എന്നും ദൂതൻ മറിയയോടു വിശദീകരിച്ചു. അവൻ “വിശുദ്ധനെന്ന്, ദൈവത്തിന്റെ മകനെന്ന്” വിളിക്കപ്പെടുമായിരുന്നു. തുടർന്ന് മറിയയുടെ ഒരു ബന്ധുവായ എലിസബത്തിനുവേണ്ടി യഹോവ ചെയ്ത കാര്യങ്ങളെക്കുറിച്ചും ദൂതൻ മറിയയെ അറിയിച്ചു. തന്റെ നിയമനത്തെക്കുറിച്ച് ദൂതൻ പറഞ്ഞ കാര്യങ്ങളെല്ലാം വിശ്വസിക്കാൻ മറിയയ്ക്ക് അതു മതിയായിരുന്നു. മറിയ താഴ്മയോടെ ഇങ്ങനെ പറഞ്ഞു: “ഇതാ, യഹോവയുടെ ദാസി! അങ്ങ് പറഞ്ഞതുപോലെ എനിക്കു സംഭവിക്കട്ടെ.” മറിയ യഹോവയെ സ്നേഹമുള്ള ഒരു യജമാനനായിട്ടാണു കണ്ടത്. അതേസമയം തന്നെത്തന്നെ അനുസരണമുള്ള ഒരു അടിമയായിട്ടും. യഹോവയുടെ ഇഷ്ടം ചെയ്യുകയാണെങ്കിൽ ദൈവം സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നു മറിയയ്ക്ക് ഉറപ്പായിരുന്നു. ആ കാഴ്ചപ്പാട് പ്രധാനപ്പെട്ട ഈ നിയമനം സ്വീകരിക്കാനുള്ള ധൈര്യം മറിയയ്ക്കു നൽകി.
ദൂതൻ പോയശേഷം മറിയ എലിസബത്തിന്റെ അടുത്തേക്കു പോയി. തങ്ങളുടെ പുതിയ നിയമനങ്ങൾ ഏറ്റെടുക്കാൻ അവർ രണ്ടു പേരും പരസ്പരം പ്രോത്സാഹിപ്പിച്ചു. തന്റെ ശക്തമായ വിശ്വാസം തെളിയിക്കുന്നതായിരുന്നു തുടർന്ന് മറിയ പറഞ്ഞ കാര്യങ്ങൾ. എലിസബത്തുമായുള്ള ആ ഒരൊറ്റ സംഭാഷണത്തിൽ 20-ലേറെ പ്രാവശ്യമാണു മറിയ എബ്രായതിരുവെഴുത്തുകളിൽനിന്നുള്ള വാക്കുകൾ ഉപയോഗിച്ചത്. മറിയയ്ക്ക് അതിനു കഴിഞ്ഞതു ദൈവവചനത്തെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചിട്ടുള്ളതുകൊണ്ടാണ്. അങ്ങനെ ചെയ്തിരുന്നതുകൊണ്ട് മറിയയ്ക്ക് യഹോവയെ നന്നായി അറിയാമായിരുന്നു. ദൈവം പറഞ്ഞ കാര്യങ്ങളെല്ലാം നടക്കുമെന്ന ശക്തമായ വിശ്വാസവുമുണ്ടായിരുന്നു. ഏകദേശം മൂന്നു മാസം എലിസബത്തിന്റെകൂടെ താമസിച്ചശേഷം മറിയ സ്വന്തം വീട്ടിലേക്കു മടങ്ങി. താൻ ഗർഭിണിയാണെന്നും അത് എങ്ങനെയാണു സംഭവിച്ചതെന്നും യോസേഫിനോടു വിവരിക്കാൻ മറിയയ്ക്കു നല്ല ധൈര്യം വേണ്ടിവന്നു. മറിയ പറഞ്ഞ കാര്യങ്ങൾ ആദ്യം യോസേഫ് വിശ്വസിച്ചില്ല. എന്നാൽ അതെല്ലാം സത്യമാണെന്ന് യഹോവയുടെ ദൂതൻ യോസേഫിനോടു പറഞ്ഞു.
യോസേഫിന്റെയും മറിയയുടെയും കല്യാണമൊക്കെ കഴിഞ്ഞ് മറിയയ്ക്കു പ്രസവത്തിനുള്ള സമയം അടുത്തു. അങ്ങനെയിരിക്കെയാണ് എല്ലാവരും സ്വന്തം ജന്മനാട്ടിൽ ചെന്ന് പേര് രേഖപ്പെടുത്താൻ സീസർ കല്പന നൽകിയത്. മറിയ പൂർണഗർഭിണിയായിരുന്നിട്ടും യോസേഫ് ബേത്ത്ലെഹെമിലേക്കു പോയപ്പോൾ മറിയയെയും കൂടെ കൊണ്ടുപോയി. ഈ സമയത്ത് ഏതാണ്ട് 150 കിലോമീറ്റർ കഴുതപ്പുറത്ത് യാത്ര ചെയ്യുന്നതു മറിയയ്ക്ക് ഒട്ടും എളുപ്പമായിരുന്നിരിക്കില്ല. അവിടെ എത്തിയ മറിയ ഒരു തൊഴുത്തിൽ കുഞ്ഞിനു ജന്മം നൽകി. എന്നിട്ട് അവനെ ഒരു പുൽത്തൊട്ടിയിൽ കിടത്തി. മറിയയ്ക്ക് അപ്പോഴും നല്ല ധൈര്യവും ശക്തമായ വിശ്വാസവും ഉണ്ടായിരുന്നു. തന്റെ ഈ കുഞ്ഞിനെ, ദൈവത്തിന്റെ സ്വന്തം മകനെ, സംരക്ഷിക്കാനും പരിപാലിക്കാനും തന്നാലാകുന്നതെല്ലാം ചെയ്യാൻ മറിയ തീരുമാനിച്ചുറച്ചിരുന്നു.
മുമ്പ് ഒരിക്കലും ഒരു മനുഷ്യനും കിട്ടിയിട്ടില്ലാത്ത തരം പ്രധാനപ്പെട്ട ഒരു നിയമനമാണു ദൈവദൂതൻ മറിയയ്ക്കു നൽകിയത്
പിന്നീടുള്ള ദിവസങ്ങളിലും വർഷങ്ങളിലും എല്ലാം മറിയയ്ക്കു ധൈര്യം വേണ്ടിവന്ന പല സാഹചര്യങ്ങളും നേരിട്ടു. ഉദാഹരണത്തിന്, ഹെരോദ് രാജാവിന്റെ വധഭീഷണിയെ തുടർന്ന് കുഞ്ഞായ യേശുവിനെയുംകൊണ്ട് യോസേഫിന്റെകൂടെ ഈജിപ്തിലേക്ക് ഓടിപ്പോകേണ്ടിവന്നു, ദരിദ്രരായിരിക്കെ യേശുവിനെ കൂടാതെ ആറു മക്കളെ എങ്കിലും വളർത്തേണ്ടതുണ്ടായിരുന്നു, തന്റെ പ്രിയ ഭർത്താവിനെ മരണത്തിൽ നഷ്ടപ്പെട്ടു (സാധ്യതയനുസരിച്ച്, യേശു മിശിഹയാകുന്നതിനു മുമ്പായിരുന്നു അത്.), കൂടെയുണ്ടായിരുന്ന യേശു തന്റെ നിയമനം ചെയ്യാനായി വീടു വിട്ട് പോയി. ഇതെല്ലാം മറിയയ്ക്കു ധൈര്യം ആവശ്യമായ സന്ദർഭങ്ങളായിരുന്നു. ഇനി, ഏറ്റവും ധൈര്യം വേണ്ടിവന്നത്, ശത്രുക്കൾ വ്യാജാരോപണങ്ങൾ ഉന്നയിച്ച് യേശുവിനെ വിചാരണ ചെയ്ത് വധിച്ചപ്പോഴായിരുന്നു. കൂടാതെ യേശുവിന്റെ ഒരു അനുഗാമിയായി ജൂതസമൂഹത്തിന്റെ എതിർപ്പു നേരിട്ടപ്പോഴും മറിയയ്ക്കു നല്ല ധൈര്യം വേണമായിരുന്നു.
എത്ര പ്രധാനപ്പെട്ട നിയമനമാണു മറിയയ്ക്കു ലഭിച്ചത്! അതു ചെയ്യാനുള്ള ധൈര്യം മറിയയ്ക്കു കിട്ടിയത് എങ്ങനെയാണ്? തന്റെ വിശ്വാസം ബലപ്പെടുത്തുന്ന കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ മറിയ അതെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചെന്നു ബൈബിൾ കാണിക്കുന്നു. അങ്ങനെ ചെയ്തതുകൊണ്ട് അതെല്ലാം ഓർത്തിരിക്കാനും ആത്മീയവിവരങ്ങളുടെ വലിയൊരു ശേഖരംതന്നെ ഹൃദയത്തിൽ സൂക്ഷിക്കാനും മറിയയ്ക്കു കഴിഞ്ഞു. ദൈവവചനത്തിൽനിന്നും ദൈവത്തിന്റെ ദാസരായ ദൂതന്മാരിൽനിന്നും മനുഷ്യരിൽനിന്നും തന്റെ മകനിൽനിന്നും കേട്ട സത്യങ്ങൾ അതിൽ ഉൾപ്പെടുന്നു. അതെക്കുറിച്ചെല്ലാം ആഴത്തിൽ ചിന്തിച്ചതുകൊണ്ട് ജീവിതത്തിൽ പലപല പ്രശ്നങ്ങൾ ഉണ്ടായപ്പോഴും ധൈര്യത്തോടെ അവയെ നേരിടാൻ മറിയയ്ക്കു കഴിഞ്ഞു.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
മറിയ എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. ലൂക്കോസ് 2:1-3 വരെയുള്ള വിവരണം ശരിയാണെന്നതിന് എന്തു തെളിവുണ്ട്? (g 4/11 പേ. 11 ഖ. 4-5-wcgr) A
British Library, London, UK, from the British Library archive/Bridgeman Images
ചിത്രം A: ഈജിപ്തിലെ റോമൻ ഗവർണർ പുറപ്പെടുവിച്ച, പേര് രേഖപ്പെടുത്താനുള്ള കല്പന, എ.ഡി. 104-ലേത്.
2. ബേത്ത്ലെഹെമിലേക്കുള്ള യാത്ര മറിയയ്ക്ക് ഒരുപക്ഷേ ബുദ്ധിമുട്ടായിരുന്നത് എന്തുകൊണ്ട്? (ia പേ. 176-177 ഖ. 4-7)
3. യേശു ഒരു കുഞ്ഞായിരുന്നപ്പോൾത്തന്നെ ശിമെയോൻ എന്നൊരാൾ മറിയയോട്, “നിന്റെ പ്രാണനിലൂടെയോ ഒരു നീണ്ട വാൾ തുളച്ചുകയറും” എന്നു പറഞ്ഞു. അത് എങ്ങനെയാണു നിറവേറിയത്? (ലൂക്കോ. 2:35; w08 3/15 പേ. 30 ഖ. 8)
4. സാധ്യതയനുസരിച്ച് മറിയ ഇപ്പോൾ സ്വർഗത്തിലാണെന്നു പറയാനാകുന്നത് എന്തുകൊണ്ട്? (w18.07 പേ. 10 ഖ. 14) B
ചിത്രം B: എ.ഡി. 33-ലെ പെന്തിക്കോസ്തിനു മുമ്പുള്ള ദിവസങ്ങളിൽ മറിയയും ആൺമക്കളും യരുശലേമിലുണ്ടായിരുന്നു
നമുക്കുള്ള പാഠങ്ങൾ
പ്രോത്സാഹനവും ധൈര്യവും ആവശ്യമായിവന്നപ്പോൾ മറിയ ചെന്ന് എലിസബത്തിനെ കണ്ടു. (ലൂക്കോ. 1:39, 40) പ്രശ്നങ്ങൾ നേരിടുമ്പോഴോ ബുദ്ധിമുട്ടുള്ള ഒരു നിയമനം ചെയ്യേണ്ടിവരുമ്പോഴോ പക്വതയുള്ള ഒരു ക്രിസ്ത്യാനിയോടു സഹായം ചോദിക്കേണ്ടത് എന്തുകൊണ്ട്? C
ചിത്രം C
യോസേഫുമായുള്ള മറിയയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നെങ്കിലും യഹോവ തന്റെ ദൂതനെ ആദ്യം അയച്ചതു മറിയയുടെ അടുത്തേക്കാണ്. വിശ്വസ്തരായ സ്ത്രീകളെ യഹോവ കാണുന്ന വിധത്തെക്കുറിച്ച് ഇതിൽനിന്ന് എന്തു മനസ്സിലാക്കാം?
നിങ്ങൾക്ക് എങ്ങനെ മറിയയുടെ ധൈര്യം അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ക്രിസ്തുവിനോടൊപ്പം ഭരിക്കാൻ മറിയയെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അതിൽ നന്ദിയുള്ളവരായിരിക്കാനാകുന്നത് എന്തുകൊണ്ട്?
കൂടുതൽ അറിയാൻ
മക്കളെ വളർത്തിക്കൊണ്ടുവരാൻ മറിയ ആത്മാർഥമായും നിസ്സ്വാർഥമായും പ്രവർത്തിച്ച വിധങ്ങളെക്കുറിച്ച് ചിന്തിക്കുക.
“മറിയയുടെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?” (w09 1/1 പേ. 5 ഖ. 5–പേ. 6 ഖ. 2-wcgr)
വളരെ പ്രധാനപ്പെട്ട ഒരു നിയമനം ചെയ്യാൻ മറിയയെയാണ് യഹോവ തിരഞ്ഞെടുത്തിരിക്കുന്നതെന്നു ദൂതൻ പറഞ്ഞപ്പോൾ മറിയയ്ക്ക് എന്തു തോന്നിക്കാണും?