37 ദാനിയേൽ
‘അശുദ്ധനാകില്ലെന്നു തീരുമാനിച്ച് ഉറപ്പിച്ചു’
ദാനിയേൽ ഇപ്പോൾ തന്റെ ജന്മനാട്ടിൽനിന്നെല്ലാം വളരെ അകലെയാണ്. യഹൂദാദേശത്തുനിന്ന് ബാബിലോൺകാർ ബന്ദികളായി കൊണ്ടുപോയ കുടുംബങ്ങളുടെ കൂട്ടത്തിൽ ദാനിയേലിന്റെ വീട്ടുകാരുമുണ്ടായിരുന്നു. ബാബിലോണിലേക്കുള്ള ആ യാത്രയ്ക്ക് ഏകദേശം നാലു മാസമെടുത്തുകാണും. ആ ബന്ദികളുടെ കൂട്ടത്തിൽനിന്ന് ദാനിയേലിനെയും മറ്റു ചില ചെറുപ്പക്കാരെയും അവർ ബാബിലോൺ നഗരത്തിലെ കൊട്ടാരത്തിലേക്കു പിടിച്ചുകൊണ്ടുപോയി, വീട്ടുകാരിൽനിന്നെല്ലാം അകലേക്ക്. അവിടെ ദാനിയേലിനു കൂട്ടുകാരായി കിട്ടിയ മൂന്ന് എബ്രായബാലന്മാരായിരുന്നു ഹനന്യ, മീശായേൽ, അസര്യ എന്നിവർ. തങ്ങളെ പിടിച്ചുകൊണ്ടുപോയവരുടെ ഉദ്ദേശ്യം എന്താണെന്ന് അവർക്കു പെട്ടെന്നുതന്നെ മനസ്സിലായി. ബാബിലോൺകാരിൽ ഒരാളെപ്പോലെയാക്കുന്നതിനു വേണ്ട പരിശീലനം നൽകുക എന്നതായിരുന്നു അത്.
വീട്ടുകാരിൽനിന്നെല്ലാം വളരെ അകലെയായിരുന്നപ്പോൾ യഹോവയോടു വിശ്വസ്തനായി തുടരാൻ ദാനിയേലിനു നല്ല ധൈര്യം വേണമായിരുന്നു
ഈ ചെറുപ്പക്കാരെ കൊട്ടാരത്തിലേക്കു കൊണ്ടുവന്ന ഉടൻതന്നെ നെബൂഖദ്നേസർ രാജാവ് കൊട്ടാരത്തിലെ പ്രധാന ഉദ്യോഗസ്ഥനായ അശ്പെനാസിനോട് അവരുടെ പേരുകൾ മാറ്റാൻ ആവശ്യപ്പെട്ടു. പല എബ്രായപേരുകളും സത്യദൈവത്തെ സ്തുതിച്ചുകൊണ്ടുള്ളതായിരുന്നു. ഉദാഹരണത്തിന്, “ദാനിയേൽ” എന്ന പേരിന്റെ അർഥം “ദൈവമാണ് എന്റെ ന്യായാധിപൻ” എന്നാണ്. എന്നാൽ ബാബിലോൺകാർ, തങ്ങളുടെ ദൈവങ്ങളെ സ്തുതിച്ചുകൊണ്ടുള്ള പേരുകളിടുന്നതു സാധാരണമായിരുന്നു. അതുകൊണ്ട് ദാനിയേലിന് അവർ ബേൽശസ്സർ എന്ന പേര് നൽകി. ആ പേരിന്റെ അർഥം “രാജാവിന്റെ ജീവൻ രക്ഷിക്കുക” എന്നാണ്. തെളിവനുസരിച്ച് അത് അവരുടെ ദൈവമായ ബേലിനോടുള്ള പ്രാർഥനയുടെ ഭാഗമായിരുന്നു. കൂടാതെ ഈ ചെറുപ്പക്കാർ ബാബിലോൺകാരെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും രാജാവ് ആഗ്രഹിച്ചു. അതിനുവേണ്ടി ബാബിലോൺകാരുടെ ഭാഷ സംസാരിക്കാനും എഴുതാനും അവരെ പഠിപ്പിക്കാൻ രാജാവ് കല്പിച്ചു. അങ്ങനെ കൊട്ടാരത്തിലെ ജോലികൾക്ക് അവരെ ഉപയോഗിക്കാനാകുമായിരുന്നു. എന്നാൽ ഇതെല്ലാം ഒരു തുടക്കം മാത്രമായിരുന്നു.
ബന്ദികളായി കൊണ്ടുവന്ന ഈ ചെറുപ്പക്കാർക്ക്, വേണ്ട പരിശീലനം നൽകാനുള്ള ചുമതല രാജാവ് അശ്പെനാസിനെ ഏൽപ്പിച്ചു. കൂടാതെ രാജാവ് കഴിക്കുന്ന വിശിഷ്ടമായ അതേ ഭക്ഷണവും വീഞ്ഞും അവർക്കു നൽകാനും ആവശ്യപ്പെട്ടു. അതു തങ്ങൾക്കു കിട്ടിയ ഒരു ബഹുമതിയായി പല ചെറുപ്പക്കാരും കണ്ടിരിക്കാം. എന്നാൽ തനിക്കും തന്റെ മൂന്ന് എബ്രായകൂട്ടുകാർക്കും അതു ശരിക്കും അപകടം വരുത്തിവെക്കുമെന്നു ദാനിയേൽ തിരിച്ചറിഞ്ഞു. എന്തായിരുന്നു ആ അപകടം?
ദാനിയേൽ ഒരുപക്ഷേ ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കാം: ‘ചില ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് യഹോവയുടെ നിയമം വിലക്കിയിട്ടുണ്ടെന്നു ഞങ്ങളെ പിടിച്ചുകൊണ്ടുവന്നവർക്ക് അറിയാം. ദൈവം അശുദ്ധമെന്നു പറഞ്ഞിരിക്കുന്ന അത്തരം സാധനങ്ങൾ കഴിക്കാൻ തന്നുകൊണ്ട് ദൈവനിയമം ലംഘിപ്പിക്കാൻ അവർ ശ്രമിക്കുമോ? ഇനി, ശരിയായി രക്തം കളയാത്ത ഇറച്ചി ഞങ്ങൾക്കു കഴിക്കാൻ തരുമോ? അതു കഴിച്ചുകൊണ്ട് ഞങ്ങൾ ദൈവനിയമം ലംഘിക്കാൻ അവർ ആഗ്രഹിക്കുമോ? അതുമല്ലെങ്കിൽ വ്യാജദൈവങ്ങളുടെ ആരാധനയ്ക്ക് ഉപയോഗിച്ച ഏതെങ്കിലും ഭക്ഷണസാധനം ഞങ്ങൾക്കു കഴിക്കാൻ തരുമോ? കൂടാതെ ശരിയായ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടാക്കുന്ന രീതിയിൽ ഒരുപാടു വീഞ്ഞ് അവർ ഞങ്ങൾക്കു കുടിക്കാൻ തരുമോ?’a
ദാനിയേൽ അതെക്കുറിച്ച് ഒരുപാടു പ്രാർഥിക്കുകയും അടുത്തതായി എന്തു ചെയ്യണമെന്ന് ആ മൂന്നു കൂട്ടുകാരുമായി ആലോചിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും യഹോവയെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ മാത്രമേ ചെയ്യുകയുള്ളൂ എന്നു ദാനിയേൽ ‘ഹൃദയത്തിൽ തീരുമാനിച്ച് ഉറപ്പിച്ചു.’ എന്നിട്ട് അശ്പെനാസിനെ പോയിക്കണ്ടു. ദാനിയേൽ വളരെ ആദരവോടെ, തനിക്കും തന്റെ മൂന്നു കൂട്ടുകാർക്കും തങ്ങളെ അശുദ്ധരാക്കുന്ന ഭക്ഷണം ഒഴിവാക്കിത്തരാമോ എന്ന് അദ്ദേഹത്തോടു ചോദിച്ചു. യഹോവ ദാനിയേലിന്റെ കൂടെയുണ്ടായിരുന്നു. അതുകൊണ്ട് കൊട്ടാരത്തിലെ ആ പ്രധാന ഉദ്യോഗസ്ഥനു ദാനിയേലിനോടു പ്രീതി തോന്നാൻ ദൈവം ഇടയാക്കി. എങ്കിലും അവർക്കു കൊടുക്കുന്ന ഭക്ഷണം കഴിക്കാതിരുന്നാൽ അവരുടെ ആരോഗ്യം ക്ഷയിക്കുമോ എന്ന് അദ്ദേഹത്തിനു പേടിയുണ്ടായിരുന്നു. അങ്ങനെയെങ്ങാനും സംഭവിച്ചാൽ നെബൂഖദ്നേസർ തന്നെ കുറ്റക്കാരനാക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. ദാനിയേൽ അദ്ദേഹത്തോട് എതിർത്തൊന്നും പറഞ്ഞില്ല. എന്നാൽ ദാനിയേൽ പിന്നീട്, അശ്പെനാസ് തങ്ങളുടെ ചുമതല ഏൽപ്പിച്ചിരുന്ന രക്ഷാധികാരിയുടെ അടുത്ത് ചെന്ന് ധൈര്യത്തോടെ ഒരു പരിഹാരം നിർദേശിച്ചു: അടുത്ത പത്തു ദിവസത്തേക്കു തനിക്കും കൂട്ടുകാർക്കും പച്ചക്കറികളും വെള്ളവും മാത്രം തന്നിട്ട് കാഴ്ചയ്ക്കു തങ്ങൾ എങ്ങനെയിരിക്കുന്നെന്നു മറ്റു ചെറുപ്പക്കാരുമായി ഒത്തുനോക്കാൻ പറഞ്ഞു. ആ രക്ഷാധികാരി അതിനു സമ്മതിച്ചു.
പത്തു ദിവസം കഴിഞ്ഞപ്പോൾ ആ പരീക്ഷണത്തിന്റെ ഫലം അറിഞ്ഞു. മറ്റു ചെറുപ്പക്കാരോടുള്ള താരതമ്യത്തിൽ ഈ നാലു പേരും നല്ല ആരോഗ്യമുള്ളവരായിരുന്നു. ഇങ്ങനെ ഒരു പരീക്ഷണം നടത്തിയതുകൊണ്ട് ഗുണമുണ്ടായി. തുടർന്നും അതേ ഭക്ഷണം കഴിക്കാൻ രക്ഷാധികാരി അവരെ അനുവദിച്ചു. ദാനിയേലും കൂട്ടുകാരും കാണിച്ച ആ വിശ്വാസത്തെയും ധൈര്യത്തെയും യഹോവ ശരിക്കും അനുഗ്രഹിച്ചു. അവർ ഒരിക്കലും തങ്ങളുടെ ഈ അനുഭവം മറന്നില്ല.
അടുത്ത അധ്യായത്തിൽ ദാനിയേലിന്റെ മൂന്നു കൂട്ടുകാരുടെ ധൈര്യം പരീക്ഷിച്ച മറ്റൊരു സംഭവത്തെക്കുറിച്ച് നമ്മൾ പഠിക്കും. ഇനി, ദാനിയേലാണെങ്കിൽ ഏതാണ്ട് 100 വർഷം ജീവിച്ചിരുന്നു. അക്കാലത്തിനുള്ളിൽ അദ്ദേഹത്തിന്റെ ധൈര്യം പല തവണ പരീക്ഷിക്കപ്പെട്ടു. ഉദാഹരണത്തിന്, നെബൂഖദ്നേസർ രാജാവിനുണ്ടായ സ്വപ്നങ്ങളുടെ അർഥം ദാനിയേലിന് അദ്ദേഹത്തോടു വിശദീകരിക്കേണ്ടിവന്നു. അഹങ്കാരിയായ രാജാവിനും അദ്ദേഹത്തിന്റെ രാജ്യത്തിനും നേരിടാൻ പോകുന്ന ദുരവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തുന്നതായിരുന്നു ആ സ്വപ്നങ്ങൾ. പിന്നീട് വർഷങ്ങൾക്കു ശേഷം ബേൽശസ്സർ രാജാവിന്റെ ഭരണകാലത്ത് ഭിത്തിയിൽ കണ്ട ഒരു എഴുത്തിന്റെ അർഥവും ദാനിയേൽ വിശദീകരിച്ചു. ബേൽശസ്സരിനു നേരിടാൻ പോകുന്ന നാശത്തെക്കുറിച്ചുള്ളതായിരുന്നു ആ വാർത്ത. ദാനിയേലിനു വളരെ പ്രായമായശേഷം വിശന്നുവലഞ്ഞിരിക്കുന്ന സിംഹങ്ങളുള്ള ഒരു കുഴിയിലേക്ക് അദ്ദേഹത്തെ എറിഞ്ഞു. ഈ ഓരോ സന്ദർഭത്തിലും ചെറുപ്പത്തിൽ താൻ കാണിച്ച അതേ ധൈര്യംതന്നെ ദാനിയേൽ പ്രകടമാക്കി. യഹോവയുടെ ഒരു ദൂതൻ ദാനിയേലിനെ ‘എത്രയും പ്രിയപ്പെട്ടവൻ’ എന്നു വിളിച്ചതിൽ ഒട്ടും അതിശയമില്ല.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
ദാനിയേൽ എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. ദാനിയേൽ 1:1-ഉം യിരെമ്യ 25:1-ഉം തമ്മിലുള്ള വ്യത്യാസത്തിന്റെ കാരണമെന്തായിരിക്കാം? (dp പേ. 18-19 ഖ. 14-15)
2. ദാനിയേൽ 1:2-ൽ നെബൂഖദ്നേസറിനു തന്റെ ‘ദൈവത്തിന്റെ ഒരു ഖജനാവ്’ ഉണ്ടായിരുന്നതായി നമ്മൾ വായിക്കുന്നു. അതെക്കുറിച്ച് ഒരു പുരാതനലിഖിതത്തിൽ എന്താണു കാണുന്നത്? (it “ഖജനാവ്” ഖ. 3-wcgr) A
© The Trustees of the British Museum. Licensed under CC BY-NC-SA 4.0. Source. Modifications: Box added
ചിത്രം A: മേരോദാക്കിന്റെ ക്ഷേത്രത്തിലെ ‘ഖജനാവിനെക്കുറിച്ച്’ നെബൂഖദ്നേസർ പറഞ്ഞതായി ഒരു പുരാതനലിഖിതത്തിൽ കാണിച്ചിരിക്കുന്നു
3. ബാബിലോണിലെ ‘മന്ത്രവാദികൾ’ എന്താണു ചെയ്തിരുന്നത്? (ദാനി. 1:20; it “മന്ത്രവാദവും ആഭിചാരവും” ഖ. 2-6-wcgr) B
ചിത്രം B: ഭൂതത്തിന്റെ ആക്രമണത്തിന് ഇരയായതായി കരുതപ്പെടുന്ന ഒരാളെ എങ്ങനെ ‘സുഖപ്പെടുത്തണം’ എന്നു വിശദീകരിക്കുന്ന ബാബിലോണിയൻ കളിമൺഫലകം
4. ദാനിയേലിനും മൂന്നു കൂട്ടുകാർക്കും കഴിക്കാൻ എന്തെല്ലാം പച്ചക്കറികൾ ഉണ്ടായിരുന്നിരിക്കാം? (ദാനി. 1:12; dp പേ. 40 ഖ. 25)
നമുക്കുള്ള പാഠങ്ങൾ
വീട്ടുകാരോടൊപ്പം അല്ലാത്തപ്പോൾപ്പോലും യഹോവയോടു വിശ്വസ്തരായിരിക്കുന്നതിനെക്കുറിച്ച് ദാനിയേലിന്റെ മാതൃകയിൽനിന്ന് ചെറുപ്പക്കാർക്ക് എന്തു പഠിക്കാം?
നേരത്തേതന്നെ ‘ഹൃദയത്തിൽ തീരുമാനിച്ച് ഉറപ്പിച്ചത്’ ധൈര്യമുള്ളവനായിരിക്കാൻ ദാനിയേലിനെ സഹായിച്ചത് എങ്ങനെ? (ദാനി. 1:8) നമുക്ക് എങ്ങനെ ആ മാതൃക അനുകരിക്കാം? C
ചിത്രം C
ദാനിയേലിന്റെ ധൈര്യം മറ്റ് ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്ക് അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന ദാനിയേലിനോട് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
ഈ ബൈബിൾവിവരണത്തിലെ സംഭവങ്ങളുടെ ഒരു വീഡിയോ കാണുക.
ദാനിയേൽ: വിശ്വാസത്തിന്റെ ഒരു ജീവിതരേഖ—ഭാഗം 1—ശകലം (13:07)
ദാനിയേലിന്റെ ധൈര്യവും വിശ്വസ്തതയും ഇന്നത്തെ ചെറുപ്പക്കാർക്ക് എങ്ങനെ അനുകരിക്കാനാകും?
“ദാനിയേലിന്റെ മാതൃകയിൽനിന്ന് പഠിക്കുക” (w23.08 പേ. 2-7)
a പുറപ്പാട് 34:15; ലേവ്യ 7:26; 11:1-7; സംഖ്യ 25:2; സുഭാഷിതങ്ങൾ 20:1 എന്നിവ കാണുക.