32 എലീശ
“യഹോവേ, ഇവന്റെ കണ്ണു തുറക്കേണമേ”
എലീശ പ്രവാചകനും അദ്ദേഹത്തിന്റെ ദാസനും ഇപ്പോൾ ദോഥാനിലാണ്. ചുറ്റും പർവതങ്ങൾ. അതിനു നടുവിലുള്ള താഴ്വാരത്തിലെ ഒരു കുന്നിൻ മുകളിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. നഗരത്തെ സംരക്ഷിക്കാനായി അതിനു ചുറ്റും ഒരു മതിലുണ്ട്. ഒരു ദിവസം രാവിലെ എലീശയുടെ ദാസൻ എഴുന്നേറ്റ് പുറത്ത് ചെന്ന് നോക്കിയപ്പോൾ ഞെട്ടിക്കുന്ന ഒരു കാഴ്ച കണ്ടു. ശക്തരായ സിറിയൻ സൈന്യം രാത്രിയിൽ കുതിരകളും യുദ്ധരഥങ്ങളും ആയി വന്ന് നഗരം വളഞ്ഞിരിക്കുന്നു. എലീശ പ്രവാചകനെ പിടികൂടുക എന്നതാണ് അവരുടെ ലക്ഷ്യം. ഇതു കണ്ട് ഭയന്നുവിറച്ച ആ ദാസൻ തന്റെ യജമാനന്റെ അടുത്തേക്ക് ഓടിച്ചെന്ന് അതെല്ലാം അദ്ദേഹത്തോടു പറഞ്ഞു.
എലീശയുടെ ജീവനു ഭീഷണി നേരിടുന്നത് ഇത് ആദ്യമായിട്ടല്ല. വർഷങ്ങൾക്കു മുമ്പ് യഹോവ ഏലിയ പ്രവാചകനെ എലീശയുടെ അടുത്തേക്ക് അയച്ചു. ഏലിയയുടെ പിൻഗാമിയായി പ്രവർത്തിക്കുന്നതിന് എലീശയ്ക്കു വേണ്ട പരിശീലനം നൽകുന്നതിനായിരുന്നു അത്. എലീശ ഏലിയയുടെകൂടെ പ്രവർത്തിക്കുന്ന സമയത്ത് അവർ ഇരുവരും ആഹാബ് രാജാവിന്റെയും അദ്ദേഹത്തിന്റെ രാജ്ഞിയായ ഇസബേലിന്റെയും അവരുടെ മകനായ അഹസ്യയുടെയും ദുഷ്ടതയ്ക്കു പാത്രമായിട്ടുണ്ട്. പിന്നീട് ഒരിക്കൽ അവർ ഒരുമിച്ച് നടന്നുപോകുമ്പോൾ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു രഥവും തീപോലെ ജ്വലിക്കുന്ന കുതിരകളും വന്ന് അവരെ വേർപിരിച്ചു. ഏലിയ കൊടുങ്കാറ്റിൽ ആകാശത്തേക്ക് ഉയർന്നു. ഒരുപക്ഷേ എലീശ പിന്നീട് ഒരിക്കലും അദ്ദേഹത്തെ കണ്ടിട്ടുണ്ടാകില്ല. എന്നിട്ടും ബാലാരാധനയ്ക്ക് എതിരെയുള്ള യഹോവയുടെ പോരാട്ടത്തിൽ എലീശ ‘പ്രവാചകപുത്രന്മാരെ’ നയിച്ചുകൊണ്ട് ഏലിയ തുടങ്ങിവെച്ച പ്രവർത്തനം തുടർന്നു.—2 രാജാ. 2:15.
കുറെയധികം അത്ഭുതങ്ങൾ ചെയ്യാൻ യഹോവ എലീശയെ സഹായിച്ചു. അതിൽ ഒന്നായിരുന്നു സിറിയയിലെ ബൻ-ഹദദ് രാജാവിന്റെ സൈന്യാധിപനായ നയമാനെ സുഖപ്പെടുത്തിയത്. എന്നാൽ അതിൽ നന്ദിയുള്ളവനായിരിക്കുന്നതിനു പകരം ബൻ-ഹദദ് ഇസ്രായേലിനെ തുടർന്നും ആക്രമിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ ഓരോ തവണ ബൻ-ഹദദ് ഇസ്രായേലിനെ ആക്രമിക്കാൻ ഒരുങ്ങുമ്പോഴും അക്കാര്യം എലീശയ്ക്കു വെളിപ്പെടുത്തിക്കൊടുത്തുകൊണ്ട് യഹോവ ആ പദ്ധതി പൊളിച്ചു. അതിൽ ദേഷ്യം തോന്നിയ സിറിയൻ രാജാവ് തന്റെ കൂട്ടത്തിൽ ആരാണു ശത്രുക്കൾക്കു തന്റെ രഹസ്യപദ്ധതികൾ ചോർത്തിക്കൊടുക്കുന്നതെന്ന് അന്വേഷിച്ചു. അപ്പോൾ ദാസന്മാരിൽ ഒരാൾ അദ്ദേഹത്തോട്, യഹോവയുടെ “പ്രവാചകനായ എലീശയാണ് അങ്ങ് കിടപ്പറയിൽ പറയുന്ന കാര്യങ്ങൾ ഇസ്രായേൽരാജാവിനെ അറിയിക്കുന്നത്” എന്നു പറഞ്ഞു. ഉടനെ ബൻ-ഹദദ്, എലീശ ദോഥാനിലുണ്ടെന്ന് അറിഞ്ഞിട്ട് അദ്ദേഹത്തെ പിടികൂടാനായി ആളുകളെ അങ്ങോട്ട് അയച്ചു.
വലിയൊരു സൈന്യം എലീശയെയും ദാസനെയും വളഞ്ഞപ്പോൾ അവർ കുടുങ്ങിയെന്നു തോന്നാമായിരുന്നെങ്കിലും ആ ദാസനു കാണാൻ കഴിയാഞ്ഞ ഒന്നു പ്രവാചകൻ കണ്ടു
എലീശയുടെ ദാസനാണു സിറിയൻ സൈന്യത്തെ ആദ്യം കണ്ടത്. ഉടനെ അദ്ദേഹം പ്രവാചകന്റെ അടുത്തേക്ക് ഓടിച്ചെന്നിട്ട്, “അയ്യോ, എന്റെ യജമാനനേ! നമ്മൾ ഇനി എന്തു ചെയ്യും” എന്നു ചോദിച്ചു. തന്റെ ദാസൻ വല്ലാതെ ഭയക്കുന്നു എന്നു കണ്ടിട്ട് എലീശ പറഞ്ഞു: “പേടിക്കേണ്ടാ!” എന്നിട്ട് അദ്ദേഹത്തെ ധൈര്യപ്പെടുത്തിക്കൊണ്ട് ഇങ്ങനെയും കൂട്ടിച്ചേർത്തു: “അവരോടുകൂടെയുള്ളതിനെക്കാൾ അധികം പേർ നമ്മളോടുകൂടെയുണ്ട്.” അതു കേട്ടപ്പോൾ ആ ദാസനു ശരിക്കും അതിശയം തോന്നിക്കാണും. കാരണം അവർ രണ്ടു പേരേ ഉള്ളൂ. എന്നാൽ വന്നിരിക്കുന്നതോ വലിയൊരു സൈന്യവും. അതുകൊണ്ട് എലീശ യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു: “യഹോവേ, ഇവന്റെ കണ്ണു തുറക്കേണമേ; ഇവൻ കാണട്ടെ.”
യഹോവ ഉടനടി ആ പ്രാർഥനയ്ക്ക് ഉത്തരം കൊടുത്തു. ദൈവദൂതന്മാരുടെ ഒരു വലിയ സൈന്യം തങ്ങൾക്കു ചുറ്റും നിൽക്കുന്നതു കാണാൻ യഹോവ ആ ദാസനെ സഹായിച്ചു. ഈ ദൂതസൈന്യത്തിന്റെ ശക്തിയോടും എണ്ണത്തോടും ഉള്ള താരതമ്യത്തിൽ സിറിയൻ സൈന്യം ഒന്നുമല്ലായിരുന്നു. കാരണം, “എലീശയ്ക്കു ചുറ്റുമുള്ള മലകൾ നിറയെ അഗ്നിരഥങ്ങളും കുതിരകളും” ആയിരുന്നു എന്നാണു ബൈബിൾ പറയുന്നത്.
എന്നാൽ യഹോവയുടെ ദൂതസൈന്യത്തെ സിറിയൻ സൈന്യത്തിനു കാണാൻ കഴിഞ്ഞില്ല. അവർ എലീശയെ പിടികൂടാനായി നേരെ നഗരത്തിലേക്കു വന്നു. അപ്പോൾ എലീശ, അവരെ അന്ധരാക്കണമെന്ന് യഹോവയോടു പ്രാർഥിച്ചു. യഹോവ ആ പ്രാർഥനയ്ക്ക് ഉത്തരം കൊടുത്തു. എന്നാൽ അക്ഷരാർഥത്തിൽ അവരുടെ കാഴ്ച നഷ്ടപ്പെട്ടില്ല. പകരം, കാണുന്ന കാര്യങ്ങൾ മനസ്സിലാക്കാനുള്ള അവരുടെ പ്രാപ്തിയാണ് യഹോവ ഇല്ലാതാക്കിയത്. അവർ ആകെ നിസ്സഹായാവസ്ഥയിലായി. അതുകൊണ്ട് അവരെ സഹായിക്കാമെന്ന് എലീശ പറഞ്ഞു. അദ്ദേഹം ഏതാണ്ട് 16 കിലോമീറ്റർ അകലെ ശമര്യയിലേക്കാണ് അവരെ കൂട്ടിക്കൊണ്ട് പോയത്. അവിടെ എത്തിയപ്പോൾ അവരുടെ കണ്ണു തുറക്കാൻ അദ്ദേഹം യഹോവയോടു പ്രാർഥിച്ചു. യഹോവ അതു ചെയ്തു. അപ്പോഴാണു തങ്ങൾ ഇപ്പോൾ ഇസ്രായേലിന്റെ തലസ്ഥാനനഗരമായ ശമര്യയിലാണു വന്നുപെട്ടിരിക്കുന്നതെന്ന് അവർ തിരിച്ചറിയുന്നത്. ഇസ്രായേൽ രാജാവ് അവരെ കൊന്നുകളയാൻ ആഗ്രഹിച്ചു. പക്ഷേ എലീശയ്ക്ക് അവരോടു കരുണ തോന്നി. അതുകൊണ്ട് ആ ശത്രുസൈന്യത്തിന് ആഹാരം കൊടുത്ത് മടക്കി അയയ്ക്കാൻ അദ്ദേഹം രാജാവിനോടു പറഞ്ഞു. ആ വിവരണം അവസാനിക്കുന്നത് ഇങ്ങനെയാണ്: “പിന്നെ ഒരിക്കലും സിറിയക്കാരുടെ കവർച്ചപ്പട ഇസ്രായേൽ ദേശത്തേക്കു വന്നില്ല.”
ദൈവദൂതന്മാരുടെ ഒരു സൈന്യമുണ്ടെന്ന സത്യം എലീശയ്ക്ക് അറിയാമായിരുന്നു. അദ്ദേഹം തന്റെ വിശ്വാസക്കണ്ണാൽ അതു ‘കണ്ടു.’ വർഷങ്ങളായി യഹോവയെ സേവിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന് യഹോവയും ദൂതന്മാരും എപ്പോഴും കൂടെയുണ്ടെന്നും ദൈവത്തിന്റെ വിശ്വസ്തദാസന്മാരെ സഹായിക്കാനായി അവർ എപ്പോഴും തയ്യാറാണെന്നും ഉള്ള ബോധ്യമുണ്ടായിരുന്നു. ഈ അറിവാണു ശരിക്കും എലീശയ്ക്കു ധൈര്യം പകർന്നത്. ഈ തിരിച്ചറിവ് നമുക്കും ധൈര്യം നൽകും.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
എലീശ എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. യഹോവ എലീശയെ ഒരു പ്രവാചകനായി തിരഞ്ഞെടുത്തപ്പോൾ അദ്ദേഹം എന്താണു ചെയ്തത്, എലീശയെക്കുറിച്ച് ഇതു നമ്മളെ എന്തു പഠിപ്പിക്കുന്നു? (1 രാജാ. 19:19-21; it “എലീശ” ഖ. 2-wcgr) A
ചിത്രം A
ചിത്രം A
2. എലീശ ഏലിയയുടെ “ആത്മാവിന്റെ ഇരട്ടി ഓഹരി” ആവശ്യപ്പെട്ടത് എന്തുകൊണ്ട്? (2 രാജാ. 2:9; w03 11/1 പേ. 31)
3. യഹോവ സിറിയക്കാർക്കു നൽകിയത് മാനസിക അന്ധതയായിരുന്നു, ശാരീരിക അന്ധതയല്ലായിരുന്നു എന്നു നമുക്കു പറയാനാകുന്നത് എന്തുകൊണ്ട്? (it “അന്ധത” ഖ. 6-wcgr)
4. ഒരു പ്രവാചകനെന്ന നിലയിൽ എലീശ എന്തെല്ലാം കാര്യങ്ങൾ ചെയ്തു? (it “എലീശ” ഖ. 27-28-wcgr)
നമുക്കുള്ള പാഠങ്ങൾ
ദൈവദൂതന്മാർ എപ്പോഴും കൂടെയുണ്ടെന്നുള്ള അറിവ് നമുക്കു ധൈര്യം പകരുന്നത് എങ്ങനെ? B
ചിത്രം B
എലീശ തന്റെ ദാസനെ പ്രോത്സാഹിപ്പിച്ച രീതി, മൂപ്പന്മാർക്കും നമുക്ക് എല്ലാവർക്കും അനുകരിക്കാവുന്നത് എങ്ങനെ?
നിങ്ങൾക്ക് എങ്ങനെ എലീശയുടെ ധൈര്യം അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന എലീശയോട് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
പുതിയൊരു നിയമനം കിട്ടുന്ന സഹോദരന്മാർക്ക് എലീശയിൽനിന്ന് എന്തു പഠിക്കാം?
എലീശയുടെ ജീവിതത്തിലുണ്ടായ സംഭവങ്ങളിൽനിന്ന് നമുക്കു കൂടുതലായി എന്തെല്ലാം പഠിക്കാം?
“എലീശാ അഗ്നിമയരഥങ്ങൾ കണ്ടു—നിങ്ങൾ കാണുന്നുണ്ടോ?” (w13 8/15 പേ. 28-30)