31 ഇസ്രായേല്യപെൺകുട്ടി
ഒരു അടിമപ്പെൺകുട്ടി ധൈര്യത്തോടെ സംസാരിക്കുന്നു
യഹോരാം രാജാവിന്റെ ഭരണകാലത്ത് ഇസ്രായേലിൽ ഒരു ചെറിയ പെൺകുട്ടിയുണ്ടായിരുന്നു. അവളുടെ പേര് ബൈബിളിലില്ല. എങ്കിലും ചെറുപ്പത്തിൽ അവളുടെ ജീവിതത്തിലുണ്ടായ ഒരു പ്രധാനപ്പെട്ട സംഭവത്തെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. യഹോരാമും ഇസ്രായേല്യരും യഹോവയോട് അവിശ്വസ്തരായിരുന്നു. അതുകൊണ്ട് ഇസ്രായേല്യരെ ആക്രമിക്കാൻ ദൈവം സിറിയക്കാരെ അനുവദിച്ചു. അവർ ഇസ്രായേല്യരുടെ വസ്തുവകകൾ കൊള്ളയടിക്കുകയും അവരിൽ ചിലരെ അടിമകളായി പിടിച്ചുകൊണ്ടുപോകുകയും ചെയ്തു. അങ്ങനെ ഈ പെൺകുട്ടിയെയും സിറിയയിലേക്കു കൊണ്ടുപോയി.
ആ കൊച്ചു പെൺകുട്ടിക്ക് എത്ര പേടി തോന്നിയിരിക്കും! അവളെക്കുറിച്ച് ഓർത്ത് അവളുടെ വീട്ടുകാർക്കും വലിയ സങ്കടവും ഉത്കണ്ഠയും തോന്നിക്കാണും. അവൾ ഇപ്പോൾ സിറിയൻ സൈന്യാധിപനായ നയമാന്റെയും ഭാര്യയുടെയും വീട്ടിൽ അടിമയാണ്. പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ അവൾ പരമാവധി ശ്രമിക്കുന്നുണ്ട്. അങ്ങനെയിരുന്നപ്പോൾ ആ വീട്ടിലുള്ളവർക്ക് എന്തോ വിഷമമുണ്ടെന്ന് അവൾ മനസ്സിലാക്കി. അവളുടെ യജമാനനായ നയമാനു കുഷ്ഠരോഗമാണ്. ആളുകളുടെ ശരീരം വികൃതമാക്കുന്ന, ഒരുപക്ഷേ ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത ഒരു രോഗമാണ് അത്.
വ്യാജാരാധകരുടെ ഇടയിൽ ഒരു അടിമയായിരുന്നെങ്കിലും അവൾ തുടർന്നും ധൈര്യവും അനുകമ്പയും കാണിച്ചു
ആ പെൺകുട്ടി വളരെ ദയയുള്ളവളായിരുന്നു. നയമാൻ ഇസ്രായേല്യരുടെ ശത്രുവായിരുന്നെങ്കിലും അവൾക്ക് യജമാനന്റെയും ഭാര്യയുടെയും അവസ്ഥ കണ്ടപ്പോൾ ഒരുപാടു സങ്കടം തോന്നി. യജമാനന്റെ അസുഖം ഭേദമാക്കാൻ ഒരു വഴിയുണ്ടെന്ന് അവൾക്ക് അറിയാമായിരുന്നു. ഒരുപക്ഷേ യഹോവ എലീശ പ്രവാചകനെ ഉപയോഗിച്ച് ചെയ്ത അത്ഭുതങ്ങളെക്കുറിച്ചുള്ള കഥകൾ അവളുടെ അപ്പനും അമ്മയും അവൾക്കു പറഞ്ഞുകൊടുത്തിരിക്കണം. എന്നാൽ എലീശ അതുവരെ ഇത്തരത്തിലുള്ള ഒരു രോഗം ബാധിച്ച ആരെയെങ്കിലും സുഖപ്പെടുത്തിയിട്ടുണ്ടോ ഇല്ലയോ എന്നൊന്നും അവൾക്ക് അറിയില്ല. എങ്കിലും ദൈവമായ യഹോവയ്ക്ക് ഈ പ്രവാചകനെ ഉപയോഗിച്ച് എന്തും ചെയ്യാനാകുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.
യഹോവയെക്കുറിച്ച് അവരോടു പറയണോ വേണ്ടയോ എന്ന് അവൾ ചിന്തിച്ചുകാണും. പറഞ്ഞാൽ ചിലപ്പോൾ പ്രശ്നമാകുമെന്ന് അവൾക്ക് അറിയാമായിരുന്നു. കാരണം നയമാൻ സിറിയക്കാരുടെ ദേവനായ രിമ്മോനെയാണ് ആരാധിച്ചിരുന്നത്. അതുപോലെ സിറിയയിലെ രാജാവിനെ രിമ്മോന്റെ ക്ഷേത്രത്തിൽ ആരാധനയ്ക്കു കൊണ്ടുപോകുന്ന പതിവും നയമാനുണ്ടായിരുന്നു. കൊടുങ്കാറ്റിന്റെയും ഇടിമിന്നലിന്റെയും മേൽ നിയന്ത്രണമുള്ള ശക്തനായ ഒരു ദേവനായിട്ടാണു സിറിയക്കാർ രിമ്മോനെ കണ്ടിരുന്നത്. ആ സ്ഥിതിക്ക്, താൻ ആരാധിക്കുന്ന യഹോവയെക്കുറിച്ച് പറഞ്ഞാൽ യജമാനന് എന്തു തോന്നുമെന്ന് അവൾ ചിന്തിച്ചിരിക്കണം. രിമ്മോനു കഴിയാത്തത് യഹോവയ്ക്കു കഴിയുമെന്നു കേൾക്കുമ്പോൾ നയമാന് ഇഷ്ടപ്പെടാതെവരുമോ? യഹോവയെക്കുറിച്ച് സംസാരിക്കുന്നതിനു മുമ്പ് അവൾ ധൈര്യത്തിനുവേണ്ടി പല തവണ പ്രാർഥിച്ചിട്ടുണ്ടാകണം. ഒടുവിൽ അവൾ തന്റെ യജമാനത്തിയോടു ധൈര്യത്തോടെ ഇങ്ങനെ പറഞ്ഞു: “യജമാനൻ ചെന്ന് ശമര്യയിലെ പ്രവാചകനെ കണ്ടാൽ പ്രവാചകൻ യജമാനന്റെ കുഷ്ഠം മാറ്റിക്കൊടുത്തേനേ!”
ആ പെൺകുട്ടി പറഞ്ഞതായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ആകെയുള്ള വാക്കുകളാണ് ഇവ. അവൾ അധികമൊന്നും പറഞ്ഞില്ലെങ്കിലും അതുകൊണ്ടുണ്ടായ ഫലം അതിശയിപ്പിക്കുന്നതായിരുന്നു. തൊട്ടടുത്ത വാക്യത്തിൽ നയമാൻ തന്റെ രാജാവായ ബൻ-ഹദദിനെ ചെന്നുകണ്ട് ആ പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തെ അറിയിക്കുന്നതു കാണാം. അപ്പോൾ ബൻ-ഹദദ്, യഹോരാം രാജാവിനുള്ള ഒരു കത്തുമായി നയമാനെ ഇസ്രായേലിലേക്ക് അയച്ചു. നയമാന്റെ കുഷ്ഠം മാറ്റിക്കൊടുക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ആ കത്ത്.
നയമാൻ ഇസ്രായേലിലേക്കു പോയതോടെ അദ്ദേഹത്തിന് എന്തു സംഭവിക്കുമെന്ന് ഓർത്ത് വീട്ടുകാരെല്ലാം വലിയ ആകാംക്ഷയിലാണ്. എന്നാൽ ആ കൊച്ചു പെൺകുട്ടിയോ? യഹോവ നയമാനുവേണ്ടി പ്രവർത്തിക്കാനും അങ്ങനെ യഹോവ മാത്രമാണു സത്യദൈവമെന്നു തിരിച്ചറിയാൻ അദ്ദേഹത്തെ സഹായിക്കാനും അവൾ ഉറപ്പായും യഹോവയോടു മുട്ടിപ്പായി പ്രാർഥിച്ചിട്ടുണ്ട്. ദിവസങ്ങളും ഒരുപക്ഷേ ആഴ്ചകളും കടന്നുപോയി. അങ്ങനെ ആ കാത്തിരിപ്പിന് ഒടുവിൽ നയമാൻ തിരിച്ചെത്തി. അദ്ദേഹത്തെ അടുത്ത് കണ്ടപ്പോൾ വീട്ടുകാർക്ക് എത്ര അത്ഭുതം തോന്നിക്കാണും! പോയപ്പോൾ കണ്ട രൂപമേ അല്ല ഇപ്പോൾ. അദ്ദേഹത്തിന്റെ ദേഹം ഒരു ബാലന്റെ ദേഹംപോലെ ആയിത്തീർന്നിരുന്നു. അതെ, അദ്ദേഹം സുഖം പ്രാപിച്ചിരിക്കുന്നു!
നടന്ന കാര്യങ്ങളൊക്കെ നയമാൻ ഓരോന്നായി വിവരിച്ചപ്പോൾ ആ പെൺകുട്ടി ശ്രദ്ധയോടെ കേട്ടുകാണും. എലീശ തന്നെ വീട്ടിലേക്കു ക്ഷണിച്ചെന്നും ചില നിർദേശങ്ങൾ തന്നെന്നും അതു കേട്ടപ്പോൾ ദേഷ്യം തോന്നിയെന്നും അദ്ദേഹം പറഞ്ഞിരിക്കണം. അതുപോലെ എലീശ കൊടുത്ത നിർദേശം അനുസരിക്കാൻ ഭൃത്യന്മാർ അപേക്ഷിച്ചതും അതനുസരിച്ച് യോർദാൻ നദിയിൽ ഏഴു തവണ മുങ്ങിയപ്പോൾ സുഖപ്പെട്ടതും അദ്ദേഹം വിവരിച്ചിട്ടുണ്ടാകും. എന്നാൽ സുഖപ്പെട്ടതിനു ശേഷം സംഭവിച്ച കാര്യമായിരിക്കാം അവളെ കൂടുതൽ സന്തോഷിപ്പിച്ചത്. അന്നുമുതൽ നയമാനും യഹോവയെ ആരാധിക്കാൻതുടങ്ങി!
അതിശയിപ്പിക്കുന്ന ആ കാര്യങ്ങളെല്ലാം സംഭവിച്ചത്, ആ കൊച്ചു പെൺകുട്ടി ധൈര്യത്തോടെ തന്റെ ദൈവത്തെക്കുറിച്ചും ആ പ്രവാചകനെക്കുറിച്ചും സംസാരിച്ചതുകൊണ്ടാണ്. അവളുടെ പേര് നമുക്ക് അറിയില്ലെങ്കിലും യഹോവയ്ക്ക് അറിയാം. ആ പെൺകുട്ടിയുടെ ധൈര്യം നമ്മൾ അനുകരിച്ചാൽ, ഭാവിയിൽ യഹോവ അവളെ ഉയിർപ്പിക്കുമ്പോൾ അതു കാണാൻ നമ്മളും അവിടെയുണ്ടായിരിക്കും. അവളെ കാണുന്നതും അവളുടെ പേര് ചോദിച്ചറിയുന്നതും അവളുടെ ജീവിതത്തിൽ പിന്നീട് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് കേൾക്കുന്നതും എത്ര സന്തോഷമുള്ള കാര്യമായിരിക്കും!
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
ഇസ്രായേല്യപെൺകുട്ടി എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. ഇസ്രായേല്യപെൺകുട്ടിക്കു സിറിയക്കാരെ പേടിയായിരുന്നതും അവരുടെ രീതികൾ വിചിത്രമായി തോന്നിയതും എന്തുകൊണ്ടായിരിക്കാം? (w96 5/15 പേ. 8 ഖ. 3) A
Courtesy of Musée du Louvre, Paris
ചിത്രം A: സിറിയക്കാരുടെ ഒരു പുരാതന വിഗ്രഹം, സാധ്യതയനുസരിച്ച് രിമ്മോൻ ദേവന്റേത്
2. കുഷ്ഠരോഗം ഒരു വ്യക്തിയുടെ ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം? (it “കുഷ്ഠരോഗം” ഖ. 3-5-wcgr)
3. നയമാൻ നൽകിയ പ്രതിഫലം എലീശാ സ്വീകരിക്കാതിരുന്നത് എന്തുകൊണ്ട്? (w05 8/1 പേ. 9 ഖ. 2)
4. നയമാൻ രിമ്മോന്റെ മുമ്പാകെ കുമ്പിടുന്നത് യഹോവ ക്ഷമിക്കുമെന്ന് എലീശയ്ക്ക് ഉറപ്പുണ്ടായിരുന്നത് എന്തുകൊണ്ട്? (2 രാജാ. 5:18, 19; w05 8/1 പേ. 9 ഖ. 3) B
ചിത്രം B
നമുക്കുള്ള പാഠങ്ങൾ
ഇസ്രായേല്യരെ ആക്രമിച്ചിരുന്ന സിറിയയിലെ ഒരു സൈന്യാധിപനായിരുന്നു നയമാൻ. എന്നിട്ടും യഹോവ അദ്ദേഹത്തെ സുഖപ്പെടുത്തി. ഇതു യഹോവയുടെ കരുണ, പക്ഷപാതമില്ലായ്മ എന്നിവയെക്കുറിച്ച് നിങ്ങളെ എന്തു പഠിപ്പിക്കുന്നു? C
ചിത്രം C
പേടി തോന്നുമ്പോഴും ദൈവത്തെക്കുറിച്ച് സംസാരിക്കാൻ ഇസ്രായേല്യപെൺകുട്ടിയുടെ മാതൃക നിങ്ങളെ എങ്ങനെയാണു പ്രോത്സാഹിപ്പിക്കുന്നത്?
ഇസ്രായേല്യപെൺകുട്ടിയുടെ ധൈര്യം മറ്റ് ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്ക് അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന ഇസ്രായേല്യപെൺകുട്ടിയോട് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?a
കൂടുതൽ അറിയാൻ
ആ ഇസ്രായേല്യപെൺകുട്ടിയുടെ പേര് ബൈബിളിലില്ലാത്തത് അവൾ തീരെ വിലയില്ലാത്തവൾ ആയിരുന്നതുകൊണ്ടാണോ?
“ചില കഥാപാത്രങ്ങളുടെ പേരുകൾ ബൈബിളിൽ പരാമർശിക്കാത്തത് എന്തുകൊണ്ട്?” (w13 8/1 പേ. 10-wcgr)
ഇസ്രായേല്യപെൺകുട്ടിയെപ്പോലെ ഇന്നു കുട്ടികൾക്ക് എങ്ങനെ ധൈര്യം കാണിക്കാനാകുമെന്നു കാണുക.
a മുതിർന്ന ശേഷമാണ് ആ പെൺകുട്ടി മരിച്ചതെങ്കിൽ തെളിവനുസരിച്ച് ഉയിർത്തെഴുന്നേൽക്കുമ്പോഴും അവൾ അങ്ങനെതന്നെയായിരിക്കും.