27 മെഫിബോശെത്ത്
അനീതി നേരിട്ടിട്ടും സന്തോഷം നിലനിറുത്തി
മെഫിബോശെത്ത് ഇസ്രായേൽരാജാവായ ശൗലിന്റെ കൊച്ചുമകനും, ധീരനും യഹോവയുടെ വിശ്വസ്താരാധകനും ആയ യോനാഥാന്റെ മകനും ആയിരുന്നു. എന്നാൽ മെഫിബോശെത്തിന് അഞ്ചു വയസ്സുള്ളപ്പോൾ അവന്റെ ജീവിതത്തിൽ പല ദുരന്തങ്ങളും സംഭവിച്ചു. മുത്തച്ഛനായ ശൗലിന് ഒരു യുദ്ധത്തിൽ മാരകമായി മുറിവേറ്റതുകൊണ്ട് അദ്ദേഹം ആത്മഹത്യ ചെയ്തു. അതേ യുദ്ധത്തിൽ മെഫിബോശെത്തിന്റെ അപ്പനായ യോനാഥാൻ കൊല്ലപ്പെടുകയും ചെയ്തു. ഞെട്ടിക്കുന്ന ഈ വാർത്ത കേട്ടപ്പോൾ മെഫിബോശെത്തിന്റെ വളർത്തമ്മ കുട്ടിയെയും എടുത്തുകൊണ്ട് പേടിച്ചോടി. ഓടുന്നതിനിടെ വളർത്തമ്മയുടെ കൈയിൽനിന്ന് അവൻ താഴെ വീണ് കാലുകൾക്കു ഗുരുതരമായ പരിക്കു പറ്റി. അങ്ങനെ ജീവിതകാലം മുഴുവൻ മെഫിബോശെത്തിന് ഒരു മുടന്തനായി കഴിയേണ്ടിവന്നു.
ജീവിതത്തിൽ ഇത്രയേറെ ദുരന്തങ്ങളൊക്കെ ഉണ്ടായിട്ടും മെഫിബോശെത്ത് ദേഷ്യപ്പെടുകയോ നിരാശപ്പെടുകയോ ചെയ്തില്ല. തനിക്കുള്ളതിൽ അദ്ദേഹം സന്തുഷ്ടനായിരുന്നു. ഇസ്രായേല്യനായ മാഖീർ തന്റെ വീട്ടിൽ മെഫിബോശെത്തിന് അഭയം നൽകി. അങ്ങനെയിരിക്കെ, തന്റെ പ്രിയ സുഹൃത്തായ യോനാഥാന്റെ വീട്ടുകാരോട് അചഞ്ചലസ്നേഹം കാണിക്കുമെന്നു വാക്കു കൊടുത്ത കാര്യം ദാവീദ് ഓർത്തു. (1 ശമു. 20:14-17) അതുകൊണ്ട് ദാവീദ് ആളയച്ച് മെഫിബോശെത്തിനെ വിളിപ്പിച്ചു.
മെഫിബോശെത്തിന് അപ്പോൾ ശരിക്കും പേടി തോന്നി. കാരണം ദാവീദിനെ വളരെയധികം ഉപദ്രവിച്ച ശൗൽ രാജാവിന്റെ കുടുംബത്തിൽപ്പെട്ട ആളാണല്ലോ മെഫിബോശെത്ത്. തന്നെയും കൊല്ലാനായിരിക്കുമോ ദാവീദിന്റെ ഉദ്ദേശ്യം എന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം. എന്നിട്ടും ദാവീദ് പറഞ്ഞതനുസരിച്ച് അദ്ദേഹം അവിടേക്കു ചെന്നു. ദാവീദ് അദ്ദേഹത്തോടു ദയയോടെ സംസാരിച്ചു. മുത്തച്ഛനായ ശൗലിന്റെ നിലങ്ങളെല്ലാം അദ്ദേഹത്തിനു മടക്കിക്കൊടുത്തു. എന്നിട്ട് ഇങ്ങനെ പറയുകയും ചെയ്തു: “താങ്കൾ സ്ഥിരമായി എന്റെ മേശയിൽനിന്ന് ഭക്ഷണം കഴിക്കും.“ തനിക്ക് അതിനുള്ള അർഹതയില്ലാഞ്ഞിട്ടും രാജാവ് എന്തിനാണു തന്നെ ഇങ്ങനെ ബഹുമാനിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹം തന്നെത്തന്നെ ഒരു ചത്ത നായയോടു താരതമ്യപ്പെടുത്തുകപോലും ചെയ്തു!
ചെറുപ്പത്തിൽത്തന്നെ മെഫിബോശെത്ത് മുടന്തനായി, അദ്ദേഹത്തിനു മാതാപിതാക്കളെ നഷ്ടപ്പെട്ടു, അദ്ദേഹം വഞ്ചനയ്ക്കും അനീതിക്കും ഇരയായി
കുറച്ച് കാലം കഴിഞ്ഞപ്പോൾ മെഫിബോശെത്തിന്റെ ജീവിതത്തിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി. ദാവീദിന്റെ മകൻ അബ്ശാലോം ദാവീദിനെ കൊന്ന് രാജാവാകാൻ ആഗ്രഹിച്ചു. കുറെ ആളുകൾ അബ്ശാലോമിനെ പിന്തുണയ്ക്കുകയും ചെയ്തു. അതുകൊണ്ട് ദാവീദിന് യരുശലേമിൽനിന്ന് ഓടിപ്പോകേണ്ടിവന്നു. അപ്പോൾ മെഫിബോശെത്തിന്റെ ദാസനായ സീബ ദാവീദിനെ സഹായിക്കാനായി ചെന്നെങ്കിലും തന്റെ യജമാനനെ കൂടെ കൂട്ടിയില്ല. അതുകൊണ്ട് ദാവീദിന്റെ അടുത്തേക്കു പോകാൻ മെഫിബോശെത്തിനു കഴിഞ്ഞില്ല. എന്നിട്ടും വിലപിക്കുന്ന ഒരാളെപ്പോലെ താടിയും മീശയും വെട്ടിയൊതുക്കാതിരുന്നുകൊണ്ട്, താൻ ദാവീദിനോടു വിശ്വസ്തനാണെന്നും ദാവീദിന് ഇങ്ങനെയൊക്കെ സംഭവിച്ചതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം തെളിയിച്ചു. അവസാനം അബ്ശാലോമുമായുള്ള യുദ്ധത്തിൽ വിജയിച്ച ദാവീദ് സമാധാനത്തോടെ യരുശലേമിലേക്കു മടങ്ങിവന്നു. എങ്കിലും മെഫിബോശെത്തിനോടു ദാവീദിനു ദേഷ്യം തോന്നി. എന്തുകൊണ്ട്?
സാധനങ്ങളുമായി ദാവീദിനെ കാണാൻ ചെന്ന സമയത്ത് സീബ ദാവീദിനോടു തന്റെ യജമാനനായ മെഫിബോശെത്തിനെക്കുറിച്ച് നുണ പറഞ്ഞു. അദ്ദേഹം ഒരു ചതിയനാണെന്നും രാജഭരണം മോഹിച്ച് യരുശലേമിൽത്തന്നെ കഴിയുകയാണെന്നും സീബ രാജാവിനെ തെറ്റിദ്ധരിപ്പിച്ചു. അതു കേട്ടപ്പോൾ ദാവീദിന് എത്ര വിഷമം തോന്നിക്കാണും! കാരണം ഈ അടുത്തിടെയാണ് അദ്ദേഹത്തിന്റെ സ്വന്തം മകനും അതുപോലെ അദ്ദേഹം ആത്മാർഥമായി സ്നേഹിച്ചിരുന്ന വിശ്വസ്ത ഉപദേശകനായ അഹിഥോഫെലും അദ്ദേഹത്തെ ചതിച്ചത്. അതുകൊണ്ടായിരിക്കാം അടുത്ത ആളും തന്നെ വഞ്ചിച്ചല്ലോ എന്ന് അദ്ദേഹം ചിന്തിച്ചുപോയത്. അപ്പോൾ ദാവീദ്, മെഫിബോശെത്തിന് അവകാശമായി കിട്ടിയ ശൗൽ രാജാവിന്റെ നിലമെല്ലാം സീബയ്ക്കു കൊടുക്കാൻ ഉത്തരവിട്ടു.
സീബ തന്നെക്കുറിച്ച് നുണ പറഞ്ഞെന്നു കേട്ട മെഫിബോശെത്ത് ദാവീദിനെ കണ്ട് ശരിക്കും എന്താണു സംഭവിച്ചതെന്ന് അദ്ദേഹത്തോടു പറയാൻ ആഗ്രഹിച്ചു. മെഫിബോശെത്തിനെ കണ്ടപ്പോൾ ദാവീദ് അദ്ദേഹത്തോട് എന്തുകൊണ്ടാണ് യരുശലേമിൽനിന്ന് തന്റെകൂടെ വരാഞ്ഞതെന്നു ചോദിച്ചു. താൻ ഒരു ‘മുടന്തൻ’ ആയതുകൊണ്ടാണു തനിക്കു പോരാൻ കഴിയാഞ്ഞതെന്നും സീബ തന്നെ പറ്റിച്ച് കടന്നുകളഞ്ഞതാണെന്നും മെഫിബോശെത്ത് രാജാവിനോടു പറഞ്ഞു. മെഫിബോശെത്ത് തന്റെ താടിയും മീശയും ഒന്നും വെട്ടി ഒതുക്കിയിട്ടില്ലെന്ന കാര്യം ദാവീദ് ശ്രദ്ധിച്ചുകാണും. ദാവീദ് ഇല്ലാത്ത നേരംനോക്കി രാജാവാകാൻ ശ്രമിക്കുന്നതിനു പകരം ദാവീദിനു സംഭവിച്ചതിനെക്കുറിച്ചെല്ലാം ഓർത്ത് മെഫിബോശെത്ത് ദുഃഖിച്ച് കഴിയുകയായിരുന്നു എന്നല്ലേ അതു കാണിക്കുന്നത്? എന്തായാലും ദാവീദ് അപ്പോഴും ദേഷ്യത്തിൽത്തന്നെയായിരുന്നു. അതുകൊണ്ട് കൂടുതലൊന്നും പറയേണ്ടെന്നു ദാവീദ് മെഫിബോശെത്തിനോടു പറഞ്ഞു. എന്നിട്ട് ദാവീദ് തന്റെ ഉത്തരവിനു ചെറിയൊരു മാറ്റം വരുത്തി, മെഫിബോശെത്തും സീബയും ശൗലിന്റെ നിലം പങ്കിട്ടെടുക്കാൻ പറഞ്ഞു.
തന്നെക്കുറിച്ച് രാജാവിനോടു നുണ പറഞ്ഞ, തന്നെ വഞ്ചിച്ച ആ ദാസനുമായി നിലം പങ്കിട്ടെടുക്കാനോ? മെഫിബോശെത്തിനു നല്ല ദേഷ്യം വന്നുകാണും. അനീതി നേരിടുമ്പോൾ നമുക്കു പെട്ടെന്നു നീരസവും ദേഷ്യവും ഒക്കെ തോന്നിയേക്കും. (ആവ. 19:18, 19) അത്തരം സന്ദർഭങ്ങളിൽ നമുക്കു സംഭവിച്ചതിനെക്കുറിച്ച് ഓർത്ത് സങ്കടപ്പെട്ടിരിക്കുകയോ മറ്റുള്ളവരുടെ തെറ്റുകളെക്കുറിച്ച് ചിന്തിച്ചിരിക്കുകയോ ചെയ്യുന്നതിനു പകരം എങ്ങനെ സമാധാനബന്ധം നിലനിറുത്താം എന്നതുപോലുള്ള പ്രധാനപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനു നമുക്കു ധൈര്യം ആവശ്യമാണ്. എന്തു ചെയ്യാനാണു മെഫിബോശെത്ത് തീരുമാനിച്ചത്?
മെഫിബോശെത്ത് താഴ്മയോടെ ദാവീദിനോടു പറഞ്ഞു: “(സീബ) മുഴുവനും എടുത്തുകൊള്ളട്ടെ. എന്റെ യജമാനനായ രാജാവ് സമാധാനത്തോടെ സ്വന്തം ഭവനത്തിലേക്കു തിരികെ വന്നല്ലോ, എനിക്ക് അതു മതി.” യഹോവ തിരഞ്ഞെടുത്ത രാജാവിന്റെ കാര്യത്തിലായിരുന്നു അദ്ദേഹത്തിനു കൂടുതൽ താത്പര്യം. മറ്റുള്ളവർ തന്നെക്കുറിച്ച് നുണ പറയുകയും തന്റെ സ്വത്ത് തട്ടിയെടുക്കുകയും ചെയ്തിട്ടും അദ്ദേഹം തുടർന്നും സന്തോഷത്തോടെ വിശ്വസ്തമായി യഹോവയെ സേവിച്ചു. മെഫിബോശെത്ത് യുദ്ധത്തിൽ ഒരു പടയാളിയായി പോരാടിയിട്ടില്ലെങ്കിലും മറ്റു പല പടയാളികളെക്കാളും വലിയ ധൈര്യമാണു കാണിച്ചത്!
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
മെഫിബോശെത്ത് എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. ദാവീദിന്റെ അടുത്തേക്കു കൊണ്ടുവരുന്നതിനു മുമ്പ് മെഫിബോശെത്ത് ‘മാഖീരിന്റെ വീട്ടിലാണു’ താമസിച്ചിരുന്നത്. മാഖീർ വിശ്വസ്തനും അതിഥിപ്രിയനും ആയിരുന്നു എന്നതിനു വേറെ എന്തു തെളിവുണ്ട്? (2 ശമു. 9:3, 4; it “മാഖീർ” നമ്പർ 2-wcgr)
2. മെഫിബോശെത്ത് തന്നെത്തന്നെ ‘ഒരു ചത്ത നായയോടു’ താരതമ്യപ്പെടുത്തിയത് എന്തുകൊണ്ട്? (2 ശമു. 9:8; it “നായ“ ഖ. 5-wcgr) A
PhotoStock-Israel/Photodisc via Getty Images
ചിത്രം A: പുരാതന ഇസ്രായേലിൽ നായ്ക്കളെ ശവംതീനികളായ അശുദ്ധമൃഗങ്ങളായിട്ടാണു കണക്കാക്കിയിരുന്നത്
3. മെഫിബോശെത്ത് ഒരിക്കലും രാജസ്ഥാനം മോഹിച്ചിട്ടില്ലെന്നു നമുക്ക് എങ്ങനെ അറിയാം? (w02 2/15 പേ. 14 ഖ. 11, അടിക്കുറിപ്പ്) B
ചിത്രം B: യഹോവ ആരെയാണു രാജാവായി തിരഞ്ഞെടുത്തിരിക്കുന്നത് എന്നതിനെക്കുറിച്ച് യോനാഥാൻ മകനോട് എന്തു പറഞ്ഞുകാണും?
4. ഈ വിവരണത്തിൽ പറഞ്ഞിരിക്കുന്ന സംഭവങ്ങൾക്കു ശേഷം യഹോവ ഏതെല്ലാം വിധങ്ങളിലാണു മെഫിബോശെത്തിനെ അനുഗ്രഹിച്ചത്? (it “മെഫിബോശെത്ത്” നമ്പർ 2 ഖ. 3-wcgr)
നമുക്കുള്ള പാഠങ്ങൾ
നമ്മളിൽ പലരും വിഷാദമോ മറ്റു പ്രശ്നങ്ങളോ നേരിടുന്നുണ്ട്. അതൊന്നും സഹോദരങ്ങൾക്കു പൂർണമായും മനസ്സിലാകണമെന്നില്ല. എന്നാൽ നമുക്ക് ആശ്വാസം തരുന്ന എന്തെല്ലാം പാഠങ്ങൾ മെഫിബോശെത്തിൽനിന്ന് പഠിക്കാനാകും?
ഒറ്റ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെഫിബോശെത്തിന്റെ നിലമെല്ലാം വേറെ ഒരാൾക്കു കൊടുക്കാൻ ദാവീദ് തീരുമാനിച്ചു. വസ്തുതകളെല്ലാം മനസ്സിലാക്കാതെ പെട്ടെന്നൊരു തീരുമാനത്തിലെത്തുന്നതിന്റെ അപകടത്തെക്കുറിച്ച് ഇതിൽനിന്ന് നമുക്ക് എന്തു പഠിക്കാം? C
ചിത്രം C
നിങ്ങൾക്ക് എങ്ങനെ മെഫിബോശെത്തിന്റെ ധൈര്യം അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന മെഫിബോശെത്തിനോട് എന്തു ചോദിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
ആരെങ്കിലും നമ്മളോട് അന്യായമായി പെരുമാറിയെന്നു തോന്നുമ്പോൾ നമുക്ക് എങ്ങനെ മെഫിബോശെത്തിനെ അനുകരിക്കാമെന്നു കാണുക.
അവർ എങ്ങനെയാണ് സമാധാനം വിതച്ച് സമാധാനം കൊയ്തത്—മെഫിബോശെത്ത് (3:25)
ആർക്കും തന്നെ ഇഷ്ടമില്ലെന്ന് ഒരു കുട്ടിക്കു തോന്നുന്നെങ്കിൽ മാതാപിതാക്കൾക്ക് എങ്ങനെ മെഫിബോശെത്തിനെക്കുറിച്ചുള്ള വിവരണം ഉപയോഗിച്ച് അവനെ സഹായിക്കാം?
ഒറ്റപ്പെടുന്നതായി നിങ്ങൾക്കു തോന്നിയിട്ടുണ്ടോ? (w11 10/1 പേ. 10-11)