26 നാഥാൻ
രാജാവിനു തിരുത്തൽ കൊടുത്തു
‘ഇത്രയും നല്ലൊരു മനുഷ്യന് എങ്ങനെയാണ് ഇതുപോലെ മോശമായ കാര്യങ്ങൾ ചെയ്യാൻ പറ്റുന്നത്?’ തന്റെ കൂട്ടുകാരനായ ദാവീദ് രാജാവിന്റെ കൊട്ടാരത്തിലേക്കു നടക്കുമ്പോൾ നാഥാൻ പ്രവാചകൻ മിക്കവാറും അങ്ങനെ ചിന്തിച്ചുകാണും. ദാവീദിനു കിട്ടാൻപോകുന്ന വലിയൊരു ബഹുമതിയെക്കുറിച്ച് അദ്ദേഹത്തോടു പറയാൻ കുറച്ച് കാലം മുമ്പ് യഹോവ നാഥാനോടു പറഞ്ഞിരുന്നു, അതായത്, ദാവീദിന്റെ കുടുംബത്തിൽനിന്നായിരിക്കും മിശിഹ വരുന്നതെന്ന കാര്യം. (2 ശമു. 7:4, 12, 13) എന്നാൽ ഇപ്പോൾ ദാവീദ് വലിയ തെറ്റുകളാണു ചെയ്തുകൂട്ടിയിരിക്കുന്നത്. അദ്ദേഹത്തിനു വേണ്ട തിരുത്തൽ കൊടുക്കാൻ യഹോവ നാഥാനോട് ആവശ്യപ്പെട്ടു.
ദാവീദ് അതൊക്കെ രഹസ്യമായിട്ടാണു ചെയ്തതെങ്കിലും യഹോവ എല്ലാം കാണുന്നുണ്ടായിരുന്നു. എന്താണു സംഭവിച്ചതെന്ന് യഹോവ നാഥാനോടു പറഞ്ഞു. ഒരു ദിവസം വൈകുന്നേരം ദാവീദ് കൊട്ടാരത്തിന്റെ മട്ടുപ്പാവിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. അവൾ ‘അതീവസുന്ദരിയാണെന്നു’ കണ്ട് ദാവീദ് ആളയച്ച് ആ സ്ത്രീയെ വരുത്തി. ഹിത്യനായ ഊരിയാവ് എന്ന തന്റെ വിശ്വസ്തപടയാളിയുടെ ഭാര്യ ബത്ത്-ശേബയാണ് അതെന്ന് അറിഞ്ഞിട്ടും ദാവീദ് ആ സ്ത്രീയുമായി വ്യഭിചാരം ചെയ്തു. പിന്നീട് താൻ ഗർഭിണിയായെന്ന കാര്യം ബത്ത്-ശേബ ദാവീദിനെ അറിയിച്ചു. അപ്പോൾ താൻ ചെയ്ത തെറ്റു മറച്ചുവെക്കാൻ ദാവീദ് ശ്രമിച്ചു. ദാവീദ് ആളയച്ച് ഊരിയാവിനെ യുദ്ധസ്ഥലത്തുനിന്ന് വരുത്തിയിട്ട് വീട്ടിൽ പോയി ഭാര്യയോടൊപ്പം കഴിയാൻ നിർബന്ധിച്ചു. (1 ശമുവേൽ 21:5 താരതമ്യം ചെയ്യുക.) പക്ഷേ തന്റെ ജോലിയോട് ആത്മാർഥതയുണ്ടായിരുന്ന അദ്ദേഹം അതിനു തയ്യാറായില്ല. അതുകൊണ്ട് ഊരിയാവ് യുദ്ധത്തിൽ മരിക്കേണ്ടതിന്, പൊരിഞ്ഞ പോരാട്ടം നടക്കുന്നിടത്ത് മുൻനിരയിലായി അദ്ദേഹത്തെ നിറുത്താൻ ദാവീദ് തന്റെ സൈന്യാധിപനോട് ആവശ്യപ്പെട്ടു. ആ ദുഷ്ടപദ്ധതി വിജയിച്ചു. ഊരിയാവ് മരിച്ചശേഷം ദാവീദ് ബത്ത്-ശേബയെ തന്റെ ഭാര്യയാക്കി.
ബൈബിൾ പറയുന്നു: “ദാവീദ് ചെയ്തത് യഹോവയ്ക്ക് ഒട്ടും ഇഷ്ടമായില്ല.” അതുകൊണ്ട് ആ തെറ്റിനെക്കുറിച്ച് അദ്ദേഹത്തോടു പറയാൻ യഹോവ നാഥാനോട് ആവശ്യപ്പെട്ടു. അതു പറയുമ്പോൾ ദാവീദ് എന്തു ചെയ്യുമെന്ന് ഓർത്ത് നാഥാനു പേടി തോന്നിക്കാണും. കാരണം ഊരിയാവിനെ കൊല്ലാൻ മടിക്കാത്ത ദാവീദ്, തെറ്റു ചൂണ്ടിക്കാണിച്ച് അതു തിരുത്താൻ ആവശ്യപ്പെടുന്ന തന്നോടും അതുതന്നെ ചെയ്യുമോ എന്നു നാഥാൻ ചിന്തിച്ചിരിക്കാം. ദാവീദ് ചെയ്ത കാര്യം എത്ര മോശമാണെന്ന് അദ്ദേഹത്തിനു മനസ്സിലാക്കിക്കൊടുക്കാൻ നാഥാൻ ആഗ്രഹിച്ചു. പ്രവാചകൻ എന്തായാലും അതെക്കുറിച്ച് പ്രാർഥിച്ചിട്ടുമുണ്ട്. ദാവീദിനോടു പറയാൻ പറ്റിയ ഒരു ദൃഷ്ടാന്തവും കണ്ടുപിടിച്ച് നാഥാൻ അദ്ദേഹത്തിന്റെ അടുത്തെത്തി.
ഇതായിരുന്നു നാഥാൻ പറഞ്ഞ ദൃഷ്ടാന്തം: ഒരു നഗരത്തിൽ രണ്ടു പുരുഷന്മാരുണ്ടായിരുന്നു. ഒരാൾ ഒരുപാട് ആടുമാടുകളുള്ള ഒരു ധനവാൻ, മറ്റേ ആളോ ഒരു ദരിദ്രനും. ആ ദരിദ്രന് ഒരു ചെമ്മരിയാട്ടിൻകുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാൾ അതിനെ സ്വന്തം മകളെപ്പോലെ ഓമനിച്ചാണു വളർത്തിയിരുന്നത്. അങ്ങനെയിരിക്കെ ധനവാന്റെ വീട്ടിലേക്ക് അപ്രതീക്ഷിതമായി ഒരു അതിഥി വന്നു. അയാൾക്കു ഭക്ഷണം കൊടുക്കാൻ ഒരു ആടിനെ വേണം. എന്നാൽ ആ ധനവാൻ സ്വന്തം ആടുമാടുകളിൽനിന്ന് ഒന്നിനെ കൊല്ലാതെ “ആ ദരിദ്രന്റെ ആട്ടിൻകുട്ടിയെ” കൊന്ന് ഭക്ഷണം പാകംചെയ്ത് അതിഥിക്കു വിളമ്പി. നാഥാൻ പറഞ്ഞതു കേട്ടപ്പോൾ ദാവീദിന് ആ ധനവാനോടു നല്ല ദേഷ്യം തോന്നി. അദ്ദേഹം പറഞ്ഞു: “യഹോവയാണെ, ഇതു ചെയ്തവൻ മരിക്കണം!” ആ ധനവാൻ ഒട്ടും “കരുണയില്ലാതെ” പ്രവർത്തിച്ചതുകൊണ്ടാണു ദാവീദിന് അത്രയ്ക്കു ദേഷ്യം തോന്നിയത്.
നാഥാനു താൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരു രാജാവിനു ശക്തമായ ഉപദേശവും തിരുത്തലും നൽകേണ്ടിവന്നു
വളരെ നല്ലൊരു ദൃഷ്ടാന്തമാണു നാഥാൻ പറഞ്ഞത്. ദാവീദും മുമ്പ് ഒരു ആട്ടിടയനായിരുന്നു. മാത്രമല്ല അനീതി അദ്ദേഹം അങ്ങേയറ്റം വെറുക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് നാഥാൻ ധൈര്യത്തോടെ “ആ മനുഷ്യൻ താങ്കളാണ്!” എന്നു പറഞ്ഞപ്പോൾ ദാവീദ് ശരിക്കും ഞെട്ടിപ്പോയിട്ടുണ്ടാകും. ദാവീദ് ചെയ്ത മോശമായ കാര്യങ്ങളെല്ലാം നാഥാൻ എടുത്തുപറഞ്ഞു. അതെല്ലാം യഹോവ കണ്ടിരുന്നു. അതിന്റെ പേരിൽ ദാവീദിനു നേരിടാൻപോകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് യഹോവ അറിയിച്ച കാര്യം നാഥാൻ ദാവീദിനോടു പറഞ്ഞു. അതനുസരിച്ച് ദാവീദിന്റെ കുടുംബത്തിനു വർഷങ്ങളോളം അക്രമവും ദുരന്തവും നേരിടുമായിരുന്നു. അതു കേട്ടപ്പോൾ ദാവീദ് എന്തു ചെയ്തു?
അദ്ദേഹം പറഞ്ഞു: “ഞാൻ യഹോവയോടു പാപം ചെയ്തുപോയി.” തന്റെ തെറ്റിനെക്കുറിച്ച് ദാവീദ് ആത്മാർഥമായി പശ്ചാത്തപിച്ചു. അപ്പോൾ നാഥാൻ പറഞ്ഞു: “യഹോവ അങ്ങയുടെ പാപം ക്ഷമിക്കുന്നു. അങ്ങു മരിക്കില്ല.” യഹോവയുടെ കരുണയെക്കുറിച്ചുള്ള ആ സന്ദേശം അറിയിക്കാൻ നാഥാനു ശരിക്കും സന്തോഷം തോന്നിക്കാണും. എന്നാൽ ബത്ത്-ശേബയുമായി ചെയ്ത ആ പാപത്തിന്റെ ഫലമായി ദാവീദിന് ഒരുപാടു കഷ്ടങ്ങൾ സഹിക്കേണ്ടിവന്നു. അവിഹിതബന്ധത്തിൽ ജനിച്ച മകൻ മരിച്ചു. കൂടാതെ വർഷങ്ങളോളം ദാവീദിന്റെ കുടുംബത്തിന് അക്രമവും അവിശ്വസ്തതയും വഞ്ചനയും പോലുള്ള പ്രശ്നങ്ങളും നേരിടേണ്ടിവന്നു.
ഇങ്ങനെയൊക്കെ സംഭവിച്ചെങ്കിലും ദാവീദ് യഹോവയോടു വിശ്വസ്തനായി തുടർന്നു. മാനസാന്തരപ്പെടുന്ന പാപികളോട് യഹോവ എങ്ങനെയാണു ക്ഷമിക്കുന്നത് എന്നതിനെക്കുറിച്ചുള്ള മനോഹരമായ സങ്കീർത്തനങ്ങളും അദ്ദേഹം എഴുതി. (സങ്കീർത്തനം 32-ഉം 51-ഉം) രാജാവ് യഹോവയുമായുള്ള തന്റെ സ്നേഹബന്ധം വീണ്ടെടുത്തു. മാത്രമല്ല നാഥാൻ പ്രവാചകൻ നൽകിയ ഉപദേശമനുസരിച്ച് അദ്ദേഹം തുടർന്ന് ജീവിക്കുകയും ചെയ്തു. യഹോവയുടെ ഒരു വിശ്വസ്തദാസനായിട്ടാണു ദാവീദ് മരിച്ചത്. (1 രാജാ. 9:4) ഗുരുതരമായ തെറ്റുകൾ ചെയ്ത ആ രാജാവിനു വേണ്ട ഉപദേശം നൽകാൻ ധൈര്യം കാണിച്ചതിൽ നാഥാന് എത്ര സന്തോഷം തോന്നിക്കാണും!
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
നാഥാൻ എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. നാഥാൻ ഒരു ബൈബിളെഴുത്തുകാരൻ ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ മാതാപിതാക്കളെക്കുറിച്ചോ അദ്ദേഹത്തിന്റെതന്നെ ജീവിതത്തെക്കുറിച്ചോ നമുക്ക് ഒന്നും അറിയില്ല. അദ്ദേഹം എങ്ങനെയുള്ള ഒരാളായിരുന്നിരിക്കാം എന്നാണ് അതു കാണിക്കുന്നത്? (w12 2/15 പേ. 25 ഖ. 2-3)
2. ഊരിയാവ് ഒരു ഹിത്യനായിരുന്നു. അദ്ദേഹം എങ്ങനെയാണു ദാവീദിന്റെ സൈന്യത്തിന്റെ ഭാഗമായത്? (w24.04 പേ. 31)
3. ദാവീദിന്റെ കുടുംബത്തിനു നേരിടാൻപോകുന്ന പ്രശ്നങ്ങളെക്കുറിച്ച് നാഥാൻ പ്രവചിച്ചു. അതെല്ലാം എങ്ങനെയാണു നിറവേറിയത്? (it “ദാവീദ്” ഖ. 29-wcgr)
4. ദാവീദിന്റെ ഭരണത്തിന്റെ അവസാനവർഷങ്ങളിൽ നാഥാൻ എങ്ങനെയാണു ധൈര്യത്തോടെ പ്രവർത്തിച്ചത്? (w12 2/15 പേ. 25 ഖ. 1) A
ചിത്രം A
നമുക്കുള്ള പാഠങ്ങൾ
ഗുരുതരമായ തെറ്റു ചെയ്യുന്ന ഒരു സുഹൃത്തിനെ എങ്ങനെ സഹായിക്കാം എന്നതിനെക്കുറിച്ച് നാഥാനിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
ഒരാളുടെ ഹൃദയത്തെ തൊടുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ നമുക്ക് എങ്ങനെ നാഥാന്റെ മാതൃക അനുകരിക്കാം? B
ചിത്രം B
നാഥാന്റെ ധൈര്യം മറ്റ് ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്ക് അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന നാഥാനോട് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
ദാവീദ് ചെയ്ത കാര്യങ്ങൾ, അദ്ദേഹത്തെയും കുടുംബത്തെയും കൂട്ടുകാരെയും ദൈവമായ യഹോവയെയും സങ്കടപ്പെടുത്തിയത് എങ്ങനെ?
ഓർക്കുക: സ്നേഹം സ്വാർഥതയോടെ തൻകാര്യം നോക്കുന്നില്ല (1:14)
നാഥാൻ നൽകിയ ഉപദേശം വളരെ ഫലപ്രദമായിരുന്നത് എന്തുകൊണ്ടെന്നു കാണുക.
“തിരുത്തൽ ലഭിക്കുമ്പോൾ താഴ്മയോടെ സ്വീകരിക്കുക” (വെബ്സൈറ്റിലെ “ബൈബിൾപഠനം രസകരമാക്കാം.”)