23 ദാവീദ്
അവൻ ഒരു മല്ലനെ നേരിട്ടു
ദാവീദ് നോക്കിയപ്പോൾ ഏലെ താഴ്വരയുടെ മറുവശത്ത് മല്ലനായ ഒരാൾ. ഗൊല്യാത്തായിരുന്നു അത്! അതിശക്തനായ ആ മനുഷ്യന് ഏകദേശം 3 മീറ്റർ (9.5 അടി) ഉയരമുണ്ടായിരുന്നു. അയാളുടെ അരികിൽ നിന്നിരുന്ന പരിചവാഹകൻ അയാളുമായുള്ള താരതമ്യത്തിൽ നിസ്സാരനായി കാണപ്പെട്ടിരിക്കാം. ഗൊല്യാത്തിനെ കാണുമ്പോൾ ആളുകൾക്കു പൊതുവേ പേടിയായിരുന്നു. എന്നാൽ ദാവീദ് പേടിച്ചില്ല. ദാവീദിനു ധൈര്യം തോന്നാൻ കാരണമുണ്ടായിരുന്നു.
ഈ സംഭവം നടക്കുന്നതിനു കുറച്ചുനാൾ മുമ്പാണു പ്രവാചകനായ ശമുവേൽ ദാവീദിനെ അഭിഷേകം ചെയ്തതും അദ്ദേഹം ഇസ്രായേലിന്റെ അടുത്ത രാജാവാകുമെന്നു പറഞ്ഞതും. അന്നുമുതൽ യഹോവയുടെ ആത്മാവ് ദാവീദിന്റെ മേൽ അതിശയകരമായ രീതിയിൽ പ്രവർത്തിക്കാൻതുടങ്ങി. ആ സമയത്ത് സൈന്യത്തിൽ ചേരാനുള്ള പ്രായമായിരുന്നില്ലെങ്കിലും ദാവീദ് ‘ധീരനും ശൂരനും ആയ ഒരു യോദ്ധാവായി’ അറിയപ്പെട്ടു. ഒരു ദിവസം ദാവീദിന്റെ അപ്പനായ യിശ്ശായി ദാവീദിനോട്, യുദ്ധം നടക്കുന്ന സ്ഥലത്ത് ചെന്ന് ചേട്ടന്മാരുടെ ക്ഷേമം അന്വേഷിച്ചിട്ട് വരാൻ പറഞ്ഞു. അവർ ഇസ്രായേൽസൈന്യത്തിലെ പടയാളികളായിരുന്നു. ദാവീദ് അപ്പോൾ ഒരു കൗമാരപ്രായക്കാരൻ ആയിരുന്നിരിക്കണം.
ദാവീദ് ഏലെ താഴ്വരയിൽ എത്തിയപ്പോൾ ഒരു വശത്ത് ഇസ്രായേൽസൈന്യത്തെയും മറുവശത്ത് ഫെലിസ്ത്യരുടെ സൈന്യത്തെയും കണ്ടു. ഇസ്രായേല്യർക്കു ഗൊല്യാത്തിനെ നേരിടാനോ ഫെലിസ്ത്യരെ ആക്രമിക്കാനോ ഉള്ള ധൈര്യമില്ലായിരുന്നു. രണ്ടു കൂട്ടരും പരസ്പരം പോരാടാതെ ആഴ്ചകൾ കടന്നുപോയി. വ്യാജദൈവത്തെ ആരാധിക്കുന്ന ആ യോദ്ധാവ്, ദൈവമായ യഹോവയെ പരിഹസിക്കുന്നതു കേട്ടപ്പോൾ ദാവീദിന് ഒട്ടും സഹിക്കാനായില്ല. ദാവീദ് പല പടയാളികളോടും യഹോവയുടെ സൈന്യത്തെ വെല്ലുവിളിക്കുന്ന ഫെലിസ്ത്യനെ പരാജയപ്പെടുത്തുന്ന വ്യക്തിക്കു ശൗൽ രാജാവ് എന്തു പ്രതിഫലം കൊടുക്കുമെന്നു ചോദിച്ചു. ഗൊല്യാത്തിന് എതിരെ പോരാടാൻ പടയാളികളെ പ്രോത്സാഹിപ്പിക്കുന്നതിനാണു ദാവീദ് അങ്ങനെ ചെയ്തത്. അപ്പോൾ, യുദ്ധം കാണാനാണു ദാവീദ് അവിടെ വന്നിരിക്കുന്നതെന്നു പറഞ്ഞ് ചേട്ടനായ എലിയാബ് ദാവീദിനോടു ദേഷ്യപ്പെട്ടു. പക്ഷേ അതുകൊണ്ടൊന്നും ദാവീദ് മടുത്ത് പിന്മാറിയില്ല.
ദാവീദ് പറഞ്ഞതിനെക്കുറിച്ച് അറിഞ്ഞപ്പോൾ ശൗൽ രാജാവ് ദാവീദിനെ വിളിപ്പിച്ചു: “(ഗൊല്യാത്ത്) കാരണം ആരുടെയും മനസ്സു തളർന്നുപോകരുത്,” (“ധൈര്യം ചോർന്നുപോകരുത്,” അടിക്കുറിപ്പ്) എന്നു പറഞ്ഞ് രാജാവിനെ പ്രോത്സാഹിപ്പിക്കാൻ ദാവീദ് ശ്രമിച്ചു. താൻ “ആ ഫെലിസ്ത്യനോടു പോരാടും” എന്നു ദാവീദ് പറഞ്ഞു. ശൗൽ ആദ്യം എതിർത്തു. കാരണം അയാൾ ദാവീദിനെ കൊല്ലുമെന്നു ശൗലിന് ഉറപ്പായിരുന്നു. എന്നാൽ അപ്പന്റെ ആടുകളെ ആക്രമിക്കാൻ വന്ന ഒരു സിംഹത്തെയും കരടിയെയും കൊല്ലാൻ തന്നെ സഹായിച്ച യഹോവ ഇത്തവണയും തന്നെ സഹായിക്കുമെന്നു ദാവീദ് ശൗലിനോടു പറഞ്ഞു. അങ്ങനെ അവസാനം ശൗൽ സമ്മതിച്ചു. ശൗൽ ദാവീദിനെ പടത്തൊപ്പിയും പടച്ചട്ടയും അണിയിച്ചു. തന്റെ വാളും കൊടുത്തു. എന്നാൽ അതൊന്നും ഉപയോഗിച്ച് ശീലമില്ലാതിരുന്നതുകൊണ്ട് ദാവീദ് അതെല്ലാം ഊരി മാറ്റി. എന്നിട്ട് തന്റെ സ്വന്തം ആയുധങ്ങളായ, ഇടയന്റെ കോലും കവണയും കൈയിലെടുത്തു.
ദാവീദ് ഗൊല്യാത്തിനെ നേരിടാൻ താഴ്വരയിലൂടെ പോകുന്ന വഴി ഒരു അരുവിയിൽനിന്ന് മിനുസമുള്ള അഞ്ചു കല്ല് എടുത്തു. എന്നിട്ട് ഭീമാകാരനായ ആ യോദ്ധാവിന്റെ അടുത്തേക്കു നടന്നു. അപ്പോൾ “വടികളുമായി” തന്റെ നേരെ വരുന്നെന്നു പറഞ്ഞ് ഗൊല്യാത്ത് ദാവീദിനെ കളിയാക്കി. അയാൾ അതു പറഞ്ഞപ്പോൾ ദാവീദിന്റെ കൈയിലുണ്ടായിരുന്ന ഇടയന്റെ കോലായിരിക്കാം ഉദ്ദേശിച്ചത്. ദാവീദിനു വിദഗ്ധമായി ഉപയോഗിക്കാൻ കഴിയുമായിരുന്ന കവണ, ഒരുപക്ഷേ ഗൊല്യാത്ത് ശ്രദ്ധിച്ചുകാണില്ല. ഫെലിസ്ത്യനായ ആ വീരയോദ്ധാവ് “തന്റെ ദൈവങ്ങളുടെ നാമത്തിൽ ദാവീദിനെ ശപിച്ചു.” കൂടാതെ ദാവീദിന്റെ ശവം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇട്ടുകൊടുക്കുമെന്നും പറഞ്ഞു.
ചെറുപ്പമായിരുന്നപ്പോൾ ദാവീദ് യഹോവയെ അപമാനിച്ച ഒരു ഭീമാകാരനെ നേരിട്ടു
അപ്പോൾ ദാവീദ് പറഞ്ഞു: “നീ വാളും കുന്തവും ഏറുകുന്തവും കൊണ്ട് എന്റെ നേർക്കു വരുന്നു. പക്ഷേ, ഞാനോ നീ വെല്ലുവിളിച്ച ഇസ്രായേൽപടനിരയുടെ ദൈവമായ, സൈന്യങ്ങളുടെ അധിപനായ യഹോവയുടെ നാമത്തിൽ നിന്റെ നേർക്കു വരുന്നു.” തനിക്ക് എങ്ങനെയാണ് ഇത്ര ധൈര്യം കിട്ടിയതെന്നു ദാവീദ് അതിലൂടെ വ്യക്തമാക്കി. ഗൊല്യാത്ത് തന്നെക്കാൾ എത്ര വലുതാണെന്നല്ല, ദൈവമായ യഹോവയുടെ മുന്നിൽ ഗൊല്യാത്ത് എത്ര ചെറുതാണെന്നാണു ദാവീദ് ചിന്തിച്ചത്. അതുകൊണ്ട് തനിക്കു ഗൊല്യാത്തിനെ കൊല്ലാനാകുമെന്നും ഫെലിസ്ത്യസൈന്യം പരാജയപ്പെടുമെന്നും ദാവീദിന് ഉറപ്പായിരുന്നു.
ആ ശത്രുവിനെ നേരിടാനായി ദാവീദ് പോർമുഖത്തേക്ക് ഓടി. അതിനിടെ സഞ്ചിയിൽ കൈയിട്ട് ഒരു കല്ല് എടുത്ത് കവണയിൽവെച്ച് ചുഴറ്റാൻതുടങ്ങി. അപ്പോഴായിരിക്കാം ഗൊല്യാത്ത് ദാവീദിന്റെ കൈയിലിരിക്കുന്ന കവണ കണ്ടത്. പക്ഷേ വൈകിപ്പോയിരുന്നു. ദാവീദ് ആ കല്ല് ഫെലിസ്ത്യന്റെ നേർക്ക് എറിഞ്ഞു. അതു ലക്ഷ്യത്തിൽത്തന്നെ കൊണ്ടു, അയാളുടെ നെറ്റിയിൽ തുളച്ചുകയറി. “അയാൾ മുഖംകുത്തി നിലത്ത് വീണു.” ദാവീദ് ഓടിച്ചെന്ന് ഗൊല്യാത്തിന്റെ വാൾ എടുത്ത് അയാളുടെ തല വെട്ടിമാറ്റി. അതു കണ്ടപ്പോൾ ഇസ്രായേൽ സൈന്യത്തിന്റെ പേടി മാറി. അവർ ആർത്തുകൊണ്ട് ഫെലിസ്ത്യരെ ആക്രമിക്കാൻ ചെന്നു. ആ ദിവസം ദൈവജനത്തിന് ഒരു വൻവിജയം നേടാനായി. ദാവീദ് ചെയ്ത കാര്യം ഇസ്രായേല്യർക്കു നല്ല ധൈര്യം പകർന്നു. അന്നുമുതൽ ഇങ്ങോട്ട് ദാവീദിന്റെ ഈ ധൈര്യം ദൈവജനത്തിന് ഒരു പ്രചോദനമായിട്ടുണ്ട്.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
ചെറുപ്പക്കാരനായ ദാവീദ് എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. ദാവീദിന്റെ ധൈര്യശാലികളായ ചില പൂർവികർ ആരെല്ലാമായിരുന്നു? (മത്താ. 1:5, 6; ലൂക്കോ. 3:31-38; ia പേ. 57 ഖ. 25)
2. ഈ വിവരണം ശരിയാണെന്നതിന് എന്തു തെളിവുണ്ട്? (wp16.4 പേ. 13) A
Collection the Israel Antiquities Authority. Photo © The Israel Museum, by Meidad Suchowolski
ചിത്രം A: ‘ദാവീദിന്റെ ഭവനത്തെക്കുറിച്ച്’ പരാമർശിക്കുന്ന, ഒൻപതാം നൂറ്റാണ്ടിൽനിന്നുള്ള ഒരു ശകലം
3. ഇടയനായുള്ള ദാവീദിന്റെ ചെറുപ്പകാലത്തെക്കുറിച്ച് വിവരിക്കുക. (w11 9/1 പേ. 27 ഖ. 1–പേ. 28 ഖ. 1-wcgr) B
Todd Bolen/BiblePlaces.com
ചിത്രം B
4. മറ്റുള്ളവർ പലപ്പോഴും ദാവീദിനെ വില കുറച്ച് കണ്ടിരുന്നെന്നു നമുക്ക് എങ്ങനെ അറിയാം? (w21.03 പേ. 3 ഖ. 6; it “എലിയാബ്” നമ്പർ 4 ഖ. 1-wcgr)
നമുക്കുള്ള പാഠങ്ങൾ
ദാവീദിന്റെ മാതൃക പിൻവരുന്ന കാര്യങ്ങൾക്കെതിരെ പോരാടാൻ നിങ്ങളെ എങ്ങനെ സഹായിക്കും. . .
ഭയത്തിന് എതിരെ? C
ചിത്രം C
തെറ്റായ ആഗ്രഹങ്ങൾക്കെതിരെ?
നിങ്ങൾ ധൈര്യം കാണിക്കുമ്പോൾ, ആ മാതൃക മറ്റുള്ളവരെ എങ്ങനെ സഹായിച്ചേക്കാം? (1 ശമു. 17:50-53)
ഈ വിവരണത്തിലെ ദാവീദിന്റെ ധൈര്യം മറ്റ് ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്ക് അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന ദാവീദിനോട് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഈ ഒരു സമയത്തെക്കുറിച്ച് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
കുട്ടികൾക്കുവേണ്ടിയുള്ള ഈ പാട്ടിൽനിന്ന് ദാവീദിനെ ധൈര്യശാലിയാക്കിയത് എന്താണെന്നു കാണുക.
ദാവീദിനെപ്പോലെ മറ്റുള്ളവരുടെ ആദരവ് നേടാൻ സഹോദരന്മാർക്ക് എങ്ങനെ കഴിയും?
“ചെറുപ്പക്കാരേ, നിങ്ങൾക്ക് എങ്ങനെ മറ്റുള്ളവരുടെ വിശ്വാസം നേടാം?” (w21.03 പേ. 2-5 ഖ. 1-11)