22 യോനാഥാൻ
വിശ്വസ്തനായിരിക്കാൻ ധൈര്യം കാണിച്ചു
ധൈര്യശാലികളായ രണ്ടു പേർ ആയുധങ്ങളുമായി വേഗത്തിൽ കുത്തനെയുള്ള ഒരു മല കയറുകയാണ്. ഫെലിസ്ത്യസൈന്യത്തെ ആക്രമിക്കുകയാണു ലക്ഷ്യം. ഇസ്രായേലിലെ ആദ്യത്തെ രാജാവായ ശൗലിന്റെ മകൻ യോനാഥാനാണു മുമ്പേ നടക്കുന്നത്. തൊട്ടുപുറകേയുള്ളത് അദ്ദേഹത്തിന്റെ ധൈര്യശാലിയായ ആയുധവാഹകനും. “ആൾബലം കൂടുതലോ കുറവോ ആകട്ടെ, രക്ഷിക്കുന്നതിൽനിന്ന് യഹോവയെ തടയാൻ ഒന്നിനുമാകില്ല” എന്ന യോനാഥാന്റെ വാക്കു കേട്ട് പ്രചോദിതനായാണ് അദ്ദേഹം കൂടെപ്പോകുന്നത്. ആ പറഞ്ഞതു സത്യമാണെന്ന് യഹോവ പെട്ടെന്നുതന്നെ കാണിച്ചുകൊടുത്തു. അവർ ഏതാണ്ട് 20 പടയാളികളെ കൊന്നൊടുക്കി. അതു ദൈവജനത്തിന് ഒരു വൻവിജയം നേടുന്നതിനു വഴിയൊരുക്കി.
യോനാഥാൻ എത്ര ധൈര്യശാലിയായിരുന്നെന്നു കണ്ടോ. എന്നാൽ യുദ്ധഭൂമിയിൽ മാത്രമല്ല ആരോടു വിശ്വസ്തനായിരിക്കുമെന്നു തെളിയിക്കേണ്ടിവന്നതുപോലുള്ള മറ്റു സാഹചര്യങ്ങളിലും യോനാഥാൻ ധൈര്യം കാണിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, യോനാഥാൻ എന്നും ശൗലിന്റെ വിശ്വസ്തമകനായിരുന്നു. എന്നാൽ ശൗൽ യഹോവയോട് അനുസരണക്കേടു കാണിക്കാൻതുടങ്ങിയപ്പോൾ സ്വന്തം അപ്പനോടുള്ളതിനെക്കാൾ യഹോവയോടുള്ള വിശ്വസ്തതയാണു തനിക്കു കൂടുതൽ പ്രധാനമെന്നു തെളിയിച്ചു.
വർഷങ്ങൾക്കു ശേഷം, യോനാഥാന് 50 വയസ്സിനോടടുത്ത് പ്രായമായപ്പോൾ അദ്ദേഹം ചെറുപ്പക്കാരനായ ദാവീദുമായി കൂട്ടായി. ആ സമയത്ത് ദാവീദ് ഫെലിസ്ത്യമല്ലനായ ഗൊല്യാത്തിനെ കൊന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനു ശൗലും ജനവും ഉറപ്പായും ദാവീദിനെ ഒരുപാടു പ്രശംസിച്ചിട്ടുണ്ട്. അപ്പോൾ യോനാഥാന് എന്തു തോന്നി? അദ്ദേഹത്തിന് ഒട്ടും അസൂയ തോന്നിയില്ല. പകരം യോനാഥാൻ വില്ല് ഉൾപ്പെടെയുള്ള തന്റെ ആയുധങ്ങൾ ദാവീദിന് ഒരു സമ്മാനമായി കൊടുത്തു. അമ്പ് എയ്യുന്നതിൽ വളരെ വിദഗ്ധനായ യോനാഥാൻ ആ വില്ല് ദാവീദിനു കൊടുത്തത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. ദാവീദിനെക്കാൾ ഏതാണ്ട് 30 വയസ്സ് മൂത്തതായിരുന്നു യോനാഥാൻ. എങ്കിലും എന്നും സുഹൃത്തുക്കളായിരിക്കുമെന്ന് അവർ പരസ്പരം വാക്കുകൊടുത്തു, അവർ അതു പാലിക്കുകയും ചെയ്തു.
യോനാഥാൻ സ്വന്തം അപ്പനോടുള്ളതിനെക്കാൾ വിശ്വസ്തത ദൈവത്തോടു കാണിക്കണമായിരുന്നു
ആദ്യമൊക്കെ ശൗലിനും ദാവീദിനെ ഇഷ്ടമായിരുന്നു. പക്ഷേ പെട്ടെന്നുതന്നെ ശൗലിനു ദാവീദിനോട് അസൂയയും വെറുപ്പും ആയി. എന്നാൽ യോനാഥാനാകട്ടെ, ഇസ്രായേലിന്റെ അടുത്ത രാജാവായി തന്നെയല്ല ദാവീദിനെയാണ് യഹോവ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് അറിഞ്ഞിട്ടും ദാവീദിന്റെ വിശ്വസ്തസുഹൃത്തായി തുടർന്നു. ശൗൽ ദാവീദിനെ കൊല്ലാൻ ഉദ്ദേശിച്ചപ്പോൾ യോനാഥാൻ ദാവീദിനുവേണ്ടി വാദിച്ചു. അതിനു ശരിക്കും ധൈര്യം വേണമായിരുന്നു. കാരണം ശൗലിനു നല്ല പ്രായമായിരുന്നെങ്കിലും അദ്ദേഹം അപ്പോഴും കരുത്തനായ ഒരു പോരാളിയായിരുന്നു. ഒരിക്കൽ യോനാഥാൻ ദാവീദിനുവേണ്ടി സംസാരിച്ചപ്പോൾ സ്വന്തം മകനാണെന്നുപോലും നോക്കാതെ ശൗൽ യോനാഥാനു നേരെ കുന്തം എറിഞ്ഞു. കുന്തം ദേഹത്ത് കൊണ്ടില്ലെങ്കിലും അപ്പൻ തന്നെ കൊല്ലാൻ നോക്കിയല്ലോ എന്നോർത്ത് യോനാഥാനു സങ്കടമായി. ദാവീദിനെ കൊല്ലാനാണ് അപ്പന്റെ പരിപാടിയെന്നു യോനാഥാൻ ദാവീദിനെ അറിയിച്ചു. അങ്ങനെ യോനാഥാൻ ദാവീദിന്റെ വിശ്വസ്തസുഹൃത്താണെന്നു കാണിച്ചു. തന്റെതന്നെ ജീവൻ അപകടത്തിലായതുകൊണ്ട് തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്റെ കുടുംബത്തെ നോക്കണമെന്നും യോനാഥാൻ ദാവീദിനോടു പറഞ്ഞു.
ശൗൽ ദാവീദിനെ കൊല്ലാൻ നോക്കിയതുകൊണ്ട് ദാവീദിന് അവിടെനിന്നും ഓടിപ്പോയി പലപല സ്ഥലങ്ങളിൽ ഒളിച്ചുകഴിയേണ്ടിവന്നു. ശൗലിന്റെയും സൈന്യത്തിന്റെയും കൂടെ യോനാഥാനും ഉണ്ടായിരുന്നോ? ബൈബിൾ അതെക്കുറിച്ച് ഒന്നും പറയുന്നില്ല. എങ്കിലും അതിന് ഒട്ടും സാധ്യതയില്ല. ഒരിക്കൽ ദാവീദ് ഒളിച്ചിരിക്കുന്നു സ്ഥലം മനസ്സിലാക്കിയ യോനാഥാൻ അവിടെ ചെന്നു. എന്തിനായിരിക്കാം? ബൈബിൾ പറയുന്നത്, ‘യഹോവയിൽ ശക്തിയാർജിക്കാൻ യോനാഥാൻ ദാവീദിനെ സഹായിച്ചു’ എന്നാണ്. അദ്ദേഹം പറഞ്ഞു: “പേടിക്കേണ്ടാ. എന്റെ അപ്പനായ ശൗൽ നിന്നെ കണ്ടുപിടിക്കില്ല. നീ ഇസ്രായേലിനു രാജാവാകും. ഞാൻ നിനക്കു രണ്ടാമനും.” പിന്നെ അവർ പിരിഞ്ഞു. അത് അവരുടെ അവസാനത്തെ കൂടിക്കാഴ്ചയായിരുന്നു.
കുറച്ച് കാലം കഴിഞ്ഞ് യോനാഥാൻ ശൗലിന്റെ കൂടെനിന്ന് ശരിക്കുള്ള ശത്രുക്കൾക്കു നേരെ, അതായത് ഫെലിസ്ത്യസൈന്യത്തിനു നേരെ, പോരാടി. അങ്ങനെ യഹോവയോടു വിശ്വസ്തനാണെന്നു തെളിയിച്ചു. എന്നാൽ അപ്പോഴേക്കും ശൗൽ ഒരു വിശ്വാസത്യാഗിയായി മാറിയിരുന്നു. അദ്ദേഹം ആത്മാക്കളുടെ ഉപദേശം തേടുന്നവരിലേക്കുപോലും തിരിഞ്ഞു. ശൗലിന് യഹോവയുടെ അനുഗ്രഹം നഷ്ടമാകുകയും ചെയ്തിരുന്നു. അതുകൊണ്ട് ഇസ്രായേല്യർ ആ യുദ്ധത്തിൽ പരാജയപ്പെട്ടു. ശൗൽ രാജാവിനു മുറിവേറ്റു. അതെത്തുടർന്ന് അദ്ദേഹം ജീവനൊടുക്കി. അന്നേദിവസം യുദ്ധത്തിൽ യോനാഥാൻ ഉൾപ്പെടെ ശൗലിന്റെ മൂന്നു പുത്രന്മാരും കൊല്ലപ്പെട്ടു.
അത് അറിഞ്ഞ ദാവീദിന് ആകെ സങ്കടമായി. തന്റെ സങ്കടവും കൂട്ടുകാരനോടുള്ള സ്നേഹവും വർണിച്ചുകൊണ്ട് ദാവീദ് “വില്ല്” എന്ന പേരിൽ ഒരു വിലാപകാവ്യം രചിച്ചു. വർഷങ്ങൾക്കു മുമ്പ് യോനാഥാൻ കൊടുത്ത ആ സമ്മാനത്തെക്കുറിച്ച് ഓർത്തിട്ടായിരിക്കാം ദാവീദ് ആ പേര് നൽകിയത്. “യോനാഥാനേ, എൻ സോദരാ, നിന്നെ ഓർത്ത് എന്റെ മനം വിതുമ്പുന്നു” എന്നു ദാവീദ് എഴുതി. രാജാവായശേഷം ദാവീദ് യോനാഥാന്റെ ബന്ധുക്കളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കുകയും അദ്ദേഹത്തിന്റെ മുടന്തനായ ഒരു മകനെ കണ്ടെത്തുകയും ചെയ്തു. മെഫിബോശെത്ത് എന്നായിരുന്നു ആ മകന്റെ പേര്. ദാവീദ് മെഫിബോശെത്തിനെ യരുശലേമിന് അടുത്ത് താമസിപ്പിച്ചു. എന്നിട്ട് അദ്ദേഹത്തിനു വേണ്ടതെല്ലാം ചെയ്തുകൊടുത്തു. അങ്ങനെ ദാവീദ് യോനാഥാനു കൊടുത്ത വാക്കു പാലിച്ചു.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
യോനാഥാൻ എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. ഫെലിസ്ത്യർ ആരായിരുന്നു? (w95 2/1 പേ. 31)
2. “പീം” എന്ന വാക്ക് ഈ ബൈബിൾവിവരണം കൃത്യതയുള്ളതാണെന്നു തെളിയിക്കുന്നത് എങ്ങനെ? (1 ശമു. 13:21; w05 3/15 പേ. 29) A
ചിത്രം A: തൂക്കം അളക്കാൻ ഉപയോഗിച്ചിരുന്ന പീം കല്ല്
3. മിക്മാശ് ചുരം കടക്കുന്നതു ബുദ്ധിമുട്ടായിരുന്നിരിക്കാവുന്നത് എന്തുകൊണ്ട്? അതുവഴി പോകാൻ യോനാഥാനെ എന്തു സഹായിച്ചിരിക്കാം? [it “മിക്മാശ് (മിക്മാസ്)” ഖ. 4-wcgr] B
Todd Bolen/BiblePlaces.com
ചിത്രം B: മിക്മാശ് ചുരം ഉണ്ടായിരുന്നിരിക്കാൻ സാധ്യതയുള്ള സ്ഥലം
ചിത്രം B: മിക്മാശ് ചുരം ഉണ്ടായിരുന്നിരിക്കാൻ സാധ്യതയുള്ള സ്ഥലം
Todd Bolen/BiblePlaces.com
4. യോനാഥാന്റെ കുടുംബത്തെ നോക്കാമെന്ന വാക്കു പാലിക്കാൻ ദാവീദ് എന്തു ചെയ്തു? (it “മെഫിബോശെത്ത്” നമ്പർ 2 ഖ. 1-wcgr)
നമുക്കുള്ള പാഠങ്ങൾ
യോനാഥാൻ ശൗലിനോടുള്ളതിനെക്കാൾ യഹോവയോടുള്ള വിശ്വസ്തതയ്ക്ക് ഒന്നാം സ്ഥാനം നൽകി. വിശ്വസ്തതയുടെ കാര്യത്തിൽ സമാനമായ ഒരു പരീക്ഷണം ഏതെല്ലാം സാഹചര്യങ്ങളിൽ നമുക്ക് ഉണ്ടായേക്കാം? C
ചിത്രം C
ദാവീദും യോനാഥാനും തമ്മിലുള്ള ബന്ധം പിൻവരുന്ന കാര്യങ്ങളെക്കുറിച്ച് നമ്മളെ എന്തു പഠിപ്പിക്കുന്നു. . .
കൂട്ടു കൂടുന്നതിനെക്കുറിച്ച്?
താഴ്മയെക്കുറിച്ച്?
വിശ്വസ്തതയെക്കുറിച്ച്?
യോനാഥാന്റെ ധൈര്യം മറ്റ് ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്ക് അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന യോനാഥാനോട് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
അടുത്ത കൂട്ടുകാരായിരിക്കാൻ യോനാഥാനെയും ദാവീദിനെയും സഹായിച്ചത് എന്താണ്? നമുക്ക് എങ്ങനെ അത്തരം സുഹൃദ്ബന്ധം ഉണ്ടായിരിക്കാനാകും?
യോനാഥാന്റെ ജീവിതത്തിൽനിന്ന് എന്തൊക്കെ പഠിക്കാനാകുമെന്നു മനസ്സിലാക്കാൻ മക്കളെ സഹായിക്കുക.