8 യോസേഫ്
പ്രലോഭനത്തെ ചെറുത്തുനിന്നു
യോസേഫ് ചെറുപ്പത്തിൽത്തന്നെ തന്റെ അപ്പനായ യാക്കോബിനും ദൈവമായ യഹോവയ്ക്കും പ്രിയങ്കരനായിരുന്നു. എങ്കിലും യോസേഫിന്റെ ജീവിതം അത്ര സുഖകരമായിരുന്നില്ല. യാക്കോബ് യോസേഫിനോടു പ്രത്യേകസ്നേഹം കാണിച്ചതുകൊണ്ട് ചേട്ടന്മാർക്ക് യോസേഫിനെ ഒട്ടും ഇഷ്ടമല്ലായിരുന്നു. അവർക്കു യോസേഫിനോട് അസൂയയും വെറുപ്പും തോന്നി. ഒരു ദിവസം യഹോവ യോസേഫിനു ചില സ്വപ്നങ്ങൾ കാണിച്ചുകൊടുത്തു. ഒരിക്കൽ വീട്ടുകാരെല്ലാം യോസേഫിന്റെ മുന്നിൽ കുമ്പിടുമെന്നായിരുന്നു ആ സ്വപ്നത്തിന്റെ അർഥം. അതുകൂടെ കേട്ടപ്പോൾ ചേട്ടന്മാരുടെ ദേഷ്യം ഇരട്ടിയായി.
യോസേഫിന് ഏകദേശം 17 വയസ്സുള്ളപ്പോൾ ഒരു ദിവസം അപ്പൻ യോസേഫിനെ, ചേട്ടന്മാരുടെ സുഖവിവരം അന്വേഷിക്കാനായി അവരുടെ അടുത്തേക്കു പറഞ്ഞയച്ചു. കുറച്ച് ദിവസങ്ങൾ നീളുന്ന യാത്രയായിരുന്നു അത്. യോസേഫ് അവരുടെ അടുത്ത് എത്തിയപ്പോൾ അവർ യോസേഫിനെ ക്രൂരമായി ഉപദ്രവിക്കുകയും വെള്ളമില്ലാത്ത ഒരു കുഴിയിൽ ഇടുകയും ചെയ്തു. സഹായത്തിനായി യോസേഫ് കരഞ്ഞ് അപേക്ഷിച്ചിട്ടും അവർ അതു കേൾക്കാൻ കൂട്ടാക്കിയില്ല. യോസേഫിനെ കൊല്ലാൻ ആലോചിച്ചെങ്കിലും അതുവഴി വന്ന ഒരു കച്ചവടസംഘത്തിനു വിൽക്കാൻ അവർ പിന്നീടു തീരുമാനിച്ചു. യോസേഫിനെ ഒരു ക്രൂരമൃഗം തിന്നുകാണുമെന്ന് അപ്പനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു പിന്നെ അവരുടെ ശ്രമം. അവർ അതിൽ വിജയിച്ചു. വാസ്തവത്തിൽ യോസേഫിനെ ആ കച്ചവടക്കാർ ഈജിപ്തിലേക്കു കൊണ്ടുപോയി. എന്നിട്ട് ഫറവോന്റെ കൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥനായ പോത്തിഫറിന് അടിമയായി വിറ്റു.
ഇനി പ്രതീക്ഷയ്ക്കു വകയില്ലെന്നു യോസേഫിനു വേണമെങ്കിൽ ചിന്തിക്കാമായിരുന്നു. എന്നാൽ യോസേഫ് അങ്ങനെ ചെയ്തില്ല. പകരം ധൈര്യത്തോടെ പ്രവർത്തിച്ചു; കഠിനാധ്വാനം ചെയ്തു. ‘യഹോവ യോസേഫിന്റെ കൂടെയുണ്ടായിരുന്നു’ എന്നാണു ബൈബിൾ പറയുന്നത്. യോസേഫ് ചെയ്യുന്നതെല്ലാം യഹോവ സഫലമാക്കി. പോത്തിഫർ തനിക്കുള്ളതെല്ലാം യോസേഫിനെ ഏൽപ്പിച്ചു.
“യോസേഫ് വളർന്ന് സുമുഖനും സുന്ദരനും ആയിത്തീർന്നു.” അപ്പോൾ അടുത്ത പ്രശ്നം തലപൊക്കി. പോത്തിഫറിന്റെ ഭാര്യക്കു യോസേഫിനോട് ഇഷ്ടം തോന്നി. ആ ഇഷ്ടം അവൾ മറച്ചുവെച്ചുമില്ല. “എന്നോടുകൂടെ കിടക്കുക” എന്നുപോലും ആ സ്ത്രീ പറഞ്ഞു. യോസേഫ് ഇപ്പോൾ എന്തു ചെയ്യും? വീട്ടുകാരെല്ലാം വളരെ ദൂരെയാണ്, യോസേഫ് വെറുമൊരു അടിമയും. ഉടമസ്ഥർക്കാണെങ്കിൽ ഒരു അടിമയോട് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇനി, യജമാനന്റെ ഭാര്യയായിരുന്നതുകൊണ്ടുതന്നെ, അവളുടെ ആഗ്രഹത്തിനു വഴങ്ങാതിരുന്നാൽ യോസേഫിന്റെ ജീവിതം കഷ്ടത്തിലാക്കാനും അവൾക്കു കഴിയുമായിരുന്നു. ഇങ്ങനെയെല്ലാമുള്ള ഒരു സാഹചര്യത്തിൽ, വഴങ്ങിക്കൊടുക്കാൻ യോസേഫിനു പ്രലോഭനം തോന്നിയോ? അതോ പറ്റില്ലെന്നു പറയാനുള്ള ധൈര്യം യോസേഫിനുണ്ടായിരുന്നോ?
തന്റെ ജീവിതം കഷ്ടത്തിലാക്കാൻ യജമാനന്റെ ഭാര്യക്കു കഴിയുമായിരുന്നിട്ടും അവളുടെ നിർബന്ധത്തെ ചെറുക്കാൻ യോസേഫിനു കഴിഞ്ഞത് എങ്ങനെ?
‘യോസേഫ് അതിനു സമ്മതിച്ചില്ല’ എന്നാണു ബൈബിൾ പറയുന്നത്. അവളുടെ ഭർത്താവ്, തന്നെ പൂർണമായും വിശ്വസിക്കുന്നുണ്ടെന്നും അതുകൊണ്ട് അദ്ദേഹത്തെ ചതിക്കാൻ തനിക്കാകില്ലെന്നും യോസേഫ് അവളോടു പറഞ്ഞു. അതിലും പ്രധാനമായി, “ഇത്ര വലിയൊരു തെറ്റു ചെയ്ത് ഞാൻ ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ” എന്നും യോസേഫ് പറഞ്ഞു. തന്റെ പിതാവായ യഹോവയോടുള്ള സ്നേഹമാണ് ആ സാഹചര്യത്തിൽ വഴങ്ങിക്കൊടുക്കാതെ ഉറച്ചുനിൽക്കാൻ യോസേഫിനു ധൈര്യം നൽകിയത്. എന്നാൽ അതുകൊണ്ടൊന്നും പോത്തിഫറിന്റെ ഭാര്യ അടങ്ങിയില്ല. അവൾ “എല്ലാ ദിവസവും” യോസേഫിനെ നിർബന്ധിച്ചുകൊണ്ടിരുന്നു. അവസാനം ഒരു ദിവസം മറ്റു ദാസന്മാരൊന്നും അവിടെ ഇല്ലാത്ത നേരത്ത് അവൾ യോസേഫിന്റെ വസ്ത്രത്തിൽ കടന്നുപിടിച്ചിട്ട്, “എന്റെകൂടെ കിടക്കുക!” എന്നു പറഞ്ഞു. അപ്പോൾ യോസേഫ് തന്റെ വസ്ത്രം ഉപേക്ഷിച്ച് ഓടിപ്പോയി. പോത്തിഫർ വരുന്നതുവരെ അവൾ ആ വസ്ത്രം അടുത്ത് വെച്ചുകൊണ്ടിരുന്നു. എന്നിട്ട് അദ്ദേഹം വന്നപ്പോൾ അവൾ ആ വസ്ത്രം കാണിച്ചിട്ട് യോസേഫ് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ചു. അതു കേട്ട് കോപം ആളിക്കത്തിയ പോത്തിഫർ യോസേഫിനെ തടവറയിലാക്കി.
യോസേഫ് ഇപ്പോൾ ഇരുട്ടു നിറഞ്ഞ ഒരു തടവറയിലാണ്. കുറച്ച് കാലത്തേക്കു യോസേഫിന്റെ കാലിൽ വിലങ്ങും കഴുത്തിൽ ചങ്ങലയും ഉണ്ടായിരുന്നു. (സങ്കീ. 105:17, 18) ഇനി പ്രതീക്ഷയ്ക്ക് ഒരു വകയുമില്ലെന്നു ചിന്തിച്ചുപോകാവുന്ന ഒരു അവസ്ഥയിലായിരുന്നു യോസേഫ്. എന്നാൽ യഹോവ യോസേഫിനെ കൈവിട്ടോ? ഇല്ല. ദൈവം തന്നെ കൈവിടില്ലെന്നു യോസേഫിന് ഉറപ്പായിരുന്നു. തടവറയിലായിരുന്ന സമയത്തെല്ലാം യോസേഫ് നന്നായി ജോലി ചെയ്തു. യഹോവ അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു. അധികം വൈകാതെ തടവറയുടെ മേലധികാരി യോസേഫിനെ കൂടുതൽ ചുമതല ഏൽപ്പിച്ചു. വർഷങ്ങളോളം തടവറയിൽ കഴിയേണ്ടിവന്നെങ്കിലും യോസേഫ് ധൈര്യത്തോടെ സഹിച്ചുനിന്നു.
യോസേഫിനു വിശ്വാസവും ധൈര്യവും ഉണ്ടായിരുന്നതുകൊണ്ട് യഹോവയ്ക്ക് അദ്ദേഹത്തെ തുടർന്നും ഉപയോഗിക്കാനായി. കുറച്ച് നാൾ കഴിഞ്ഞപ്പോൾ ദൈവം ഫറവോനെ, ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള രണ്ടു സ്വപ്നം കാണിച്ചുകൊടുത്തു. അവയുടെ അർഥം വിശദീകരിക്കാനുള്ള കഴിവ് ദൈവം യോസേഫിനു കൊടുത്തു. ഏഴു വർഷം വലിയ സമൃദ്ധിയും അതെത്തുടർന്നുള്ള ഏഴു വർഷം ക്ഷാമവും ഉണ്ടാകുമെന്നാണ് ആ സ്വപ്നങ്ങളുടെ അർഥമെന്നു യോസേഫ് രാജാവിനോടു പറഞ്ഞു. സ്വപ്നം വ്യാഖ്യാനിക്കാനും നല്ല ഉപദേശം നൽകാനും ഉള്ള കഴിവ് ദൈവം യോസേഫിനു നൽകിയതു കണ്ട് ഫറവോൻ ക്ഷാമത്തെ നേരിടാൻ വേണ്ട ഒരുക്കങ്ങൾ ചെയ്യാനുള്ള ഉത്തരവാദിത്വം യോസേഫിനെ ഏൽപ്പിച്ചു. ഫറവോൻ യോസേഫിനെ ആ ദേശത്തെ വലിയൊരു അധികാരിയാക്കി. ഫറവോൻ കഴിഞ്ഞാൽ അടുത്ത സ്ഥാനം യോസേഫിനായിരുന്നു. അങ്ങനെ ക്ഷാമത്തിൽനിന്ന് ഈജിപ്തുകാരെ മാത്രമല്ല തന്റെ വീട്ടുകാരെയും രക്ഷിക്കാൻ യോസേഫിനായി. എന്നാൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യാൻ ചുമതലയുണ്ടായിരുന്ന അധികാരി തങ്ങളുടെ അനിയനാണെന്നു യോസേഫിന്റെ ചേട്ടന്മാർക്കു മനസ്സിലായില്ല. അത് അറിയാതെ അവർ യോസേഫിന്റെ മുന്നിൽ കുമ്പിട്ടു. അങ്ങനെ ചെറുപ്പത്തിൽ യഹോവ യോസേഫിനു കാണിച്ചുകൊടുത്ത ആ സ്വപ്നം സത്യമായിത്തീർന്നു. കാലങ്ങൾകൊണ്ട് തങ്ങളുടെ സ്വഭാവത്തിനു മാറ്റം വന്നെന്നു ചേട്ടന്മാരും തെളിയിച്ചു. അവർ ഒരിക്കൽ വെറുത്തിരുന്ന ആ സഹോദരൻ ഇപ്പോൾ അവരെയും അവരുടെ അപ്പനെയും അവരുടെ പിൻതലമുറക്കാരെയും രക്ഷിച്ചു. ഇതിനെല്ലാം കാരണമായതു യോസേഫ് കാണിച്ച ധൈര്യവും യഹോവയിലുള്ള വിശ്വാസവും ആണ്.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
യോസേഫ് എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. ഈജിപ്തിലെ യോസേഫിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരണം സത്യമാണെന്നതിന് എന്തെല്ലാം തെളിവുകളുണ്ട്? (g 11/10 പേ. 15 ഖ. 2-wcgr)
2. വ്യഭിചാരത്തെ ‘വലിയൊരു തെറ്റായിട്ടാണ്’ യഹോവ കാണുന്നതെന്നു യോസേഫ് മനസ്സിലാക്കിയത് എങ്ങനെ? (ഉൽപ. 39:9; w22.08 പേ. 26 ഖ. 2)
3. ഈജിപ്തിലെ പ്രധാനമന്ത്രിയാകാൻ യഹോവ യോസേഫിനെ അനുവദിച്ചത് എന്തുകൊണ്ട്? (w96 5/1 പേ. 11 ഖ. 4) A
ചിത്രം A
4. യോസേഫിന് 110-ാം വയസ്സിലും യഹോവയിൽ ശക്തമായ വിശ്വാസമുണ്ടായിരുന്നെന്നു നമുക്ക് എങ്ങനെ അറിയാം? (ഉൽപ. 50:25, 26; w07 6/1 പേ. 28 ഖ. 10-11) B
ചിത്രം B
നമുക്കുള്ള പാഠങ്ങൾ
ഒരു സഹക്രിസ്ത്യാനി നമ്മളോടു മോശമായി പെരുമാറുമ്പോൾ നമുക്ക് എങ്ങനെ യോസേഫിനെ അനുകരിക്കാം? (ഉൽപ. 45:4, 5; 50:19-21)
യോസേഫ് വീട്ടിൽനിന്ന് വളരെ ദൂരെയായിരുന്നെങ്കിലും യഹോവയോടു വിശ്വസ്തനായിരുന്നു. അദ്ദേഹത്തിന്റെ മാതൃക നമ്മളെ എങ്ങനെ സഹായിക്കും. . .
സ്കൂളിലായിരിക്കുമ്പോൾ? C
ചിത്രം C
യാത്രയിലായിരിക്കുമ്പോൾ? D
ചിത്രം D
മൊബൈൽഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കുമ്പോൾ? E
ചിത്രം E
നിങ്ങൾക്ക് എങ്ങനെ യോസേഫിന്റെ ധൈര്യം അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന യോസേഫിനോട് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
യോസേഫിന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് യഹോവ തടഞ്ഞില്ലെങ്കിലും സഹിച്ചുനിൽക്കാൻ യഹോവ യോസേഫിനെ സഹായിച്ചു. യഹോവയ്ക്കു നിങ്ങളെയും എങ്ങനെ സഹായിക്കാനാകുമെന്നു കാണുക.
“വിജയിക്കാൻ യഹോവ നിങ്ങളെ സഹായിക്കുന്നു” (w23.01 പേ. 14-19)
മറ്റു കുട്ടികൾ തങ്ങളോടു മോശമായി പെരുമാറുമ്പോൾ കുട്ടികൾക്ക് എങ്ങനെ യോസേഫിനെ അനുകരിക്കാം?