7 യാക്കോബ്
ധൈര്യത്തോടെ തന്റെ കുടുംബത്തെ സംരക്ഷിച്ചു
യാക്കോബ് തന്റെ ജീവിതകാലത്തെക്കുറിച്ച് അവസാനനാളുകളിൽ പറഞ്ഞത് അതു “ഹ്രസ്വവും കഷ്ടത നിറഞ്ഞതും ആയിരുന്നു” എന്നാണ്. (ഉൽപ. 47:9) അദ്ദേഹം പറഞ്ഞതു സത്യമായിരുന്നോ? തന്നെ കൊല്ലാൻ ആഗ്രഹിച്ച സഹോദരനിൽനിന്ന് രക്ഷപ്പെടാനായി അദ്ദേഹത്തിനു കുറെക്കാലം മുമ്പ് ദൂരെയുള്ള ഹാരാനിലേക്ക് ഓടിപ്പോകേണ്ടിവന്നു. ഹാരാനിൽവെച്ച് യാക്കോബ് റാഹേലുമായി പ്രണയത്തിലായി. എന്നാൽ റാഹേലിന്റെ അപ്പനായ ലാബാൻ യാക്കോബിനെ പറ്റിച്ച് റാഹേലിന്റെ ചേച്ചിയെ ആദ്യം വിവാഹം ചെയ്തുകൊടുത്തു. അങ്ങനെ യാക്കോബിനു രണ്ടു ഭാര്യമാരുണ്ടായി. എന്നാൽ അവർ തമ്മിൽ അത്ര രസത്തിലായിരുന്നില്ല. ഇനി, വർഷങ്ങളോളം യാക്കോബ് ലാബാനുവേണ്ടി പണിയെടുത്തെങ്കിലും പറഞ്ഞൊത്ത കൂലി കൊടുക്കാതെ അദ്ദേഹം യാക്കോബിനെ പറ്റിച്ചുകൊണ്ടിരുന്നു. ഇത്തരം ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നിട്ടും യാക്കോബ് നല്ല ധൈര്യവും വിശ്വാസവും സഹനശക്തിയും കാണിച്ചു.
ഒരു ദിവസം യഹോവ യാക്കോബിനോടു ഹാരാനിൽനിന്ന് കനാനിലുള്ള വീട്ടിലേക്കു മടങ്ങിപ്പോകാൻ പറഞ്ഞു. പക്ഷേ അങ്ങനെയൊരു തീരുമാനമെടുക്കുന്നതിൽ ഒരു അപകടമുണ്ടായിരുന്നു. കാരണം ലാബാൻ ഒരു അത്യാഗ്രഹിയും യാക്കോബിനുള്ളതെല്ലാം തന്റേതാണെന്നു ചിന്തിക്കുന്നയാളും ആയിരുന്നു. അതുകൊണ്ട് യാക്കോബ് തന്റെ കുടുംബവുമായി ആലോചിച്ചിട്ടു ലാബാനോടു പറയാതെ അവരെയും കൂട്ടി അവിടെനിന്ന് ഓടിപ്പോന്നു. ഇത് അറിഞ്ഞ ലാബാൻ തന്റെ ആളുകളോടൊപ്പം യാക്കോബിനെ പിന്തുടർന്നു. അവസാനം അവരെ കണ്ടെത്തിയപ്പോൾ തന്നോടു പറയാതെ പോയതിനു ലാബാൻ യാക്കോബിനെ കുറ്റപ്പെടുത്തി. യാക്കോബിനെ ‘ദ്രോഹിക്കാൻ തനിക്കു കഴിയും’ എന്നു പറഞ്ഞ് അദ്ദേഹം യാക്കോബിനെ ഭീഷണിപ്പെടുത്തുകപോലും ചെയ്തു. എന്നാൽ തന്റെ ഭാഗം ശരിയാണെന്നു യാക്കോബ് ധൈര്യത്തോടെ വാദിച്ചു. ലാബാൻ തന്നോടു അന്യായം ചെയ്തെന്നും വർഷങ്ങളോളം തന്നെ വഞ്ചിച്ചെന്നും യാക്കോബ് തുറന്നുപറഞ്ഞു. പക്ഷേ അപ്പോഴും ലാബാനുമായി സമാധാനത്തിലാകാൻ യാക്കോബ് തയ്യാറായിരുന്നു. അവസാനം അവർ തമ്മിൽ ഒരു സമാധാന ഉടമ്പടി ഉണ്ടാക്കി, സന്തോഷത്തോടെ പിരിഞ്ഞു.
തന്നോടു ദേഷ്യത്തിലായിരുന്ന കുടുംബാംഗങ്ങളുമായി സമാധാനത്തിലാകാനും ശക്തനായ ദൈവദൂതനോടുപോലും മല്ലുപിടിക്കാനും ധൈര്യം യാക്കോബിനെ സഹായിച്ചു
എന്നാൽ യാക്കോബിന്റെ പ്രശ്നങ്ങൾ അവിടംകൊണ്ട് തീർന്നില്ല. തന്റെ ഇരട്ട സഹോദരനായ ഏശാവ് തന്നെ കൊല്ലാൻ പദ്ധതിയിട്ടതിനെക്കുറിച്ച് വർഷങ്ങൾക്കു മുമ്പ് അമ്മയായ റിബെക്ക യാക്കോബിനോടു പറഞ്ഞിട്ടുണ്ടായിരുന്നു. യാക്കോബ് തന്ത്രപൂർവം അപ്പന്റെ അനുഗ്രഹം തട്ടിയെടുത്തെന്നാണ് ഏശാവ് വിചാരിച്ചത്. എന്നാൽ ഇപ്പോൾ ഏശാവുമായി സമാധാനത്തിലാകാൻ യാക്കോബ് ആഗ്രഹിച്ചു. ഏശാവ് 400 പുരുഷന്മാരെയും കൂട്ടി തന്റെ നേരെ വരുന്നതായി യാക്കോബ് അറിഞ്ഞു. അപ്പോൾ “യാക്കോബ് ആകെ ഭയന്നുപോയി, വല്ലാതെ പേടിച്ചുവിറച്ചു” എന്നാണു ബൈബിൾ പറയുന്നത്. അതുകൊണ്ട് യാക്കോബ് വിലയേറിയ കുറെ സമ്മാനങ്ങളുമായി തന്റെ ദാസന്മാരെ തനിക്കു മുമ്പായി ഏശാവിന്റെ അടുത്തേക്ക് അയച്ചു. എന്നാൽ ഏശാവിന്റെ ദേഷ്യം അടക്കാൻ അതു മതിയാകുമായിരുന്നോ എന്നൊന്നും ആ സമയത്ത് യാക്കോബിന് അറിയില്ലായിരുന്നു.
അന്നുതന്നെ അതിശയിപ്പിക്കുന്ന ഒരു സംഭവം നടന്നു. പാതിരാ കഴിഞ്ഞ നേരത്ത്, യാക്കോബ് ഒറ്റയ്ക്കായിരുന്നപ്പോൾ ഒരു അപരിചിതനെ കണ്ടു. അത് യഹോവയുടെ ഒരു ദൂതനായിരുന്നു. ആ ദൂതൻ യാക്കോബുമായി മല്ലുപിടിക്കാൻതുടങ്ങി. തന്നെ അനുഗ്രഹിക്കാൻ ആ ദൂതനു കഴിയുമെന്നു മനസ്സിലാക്കിയ യാക്കോബ് ദൂതനുമായി മണിക്കൂറുകളോളം മല്പിടിത്തം നടത്തി. യാക്കോബിന് അപ്പോൾ 97 വയസ്സുണ്ടായിരുന്നു; ദൂതനാണെങ്കിൽ യാക്കോബിനെക്കാൾ വളരെവളരെ ശക്തനും. എന്നിട്ടും വിട്ടുകൊടുക്കാൻ യാക്കോബ് തയ്യാറായില്ല. അദ്ദേഹം കഠിനമായി പോരാടി, അനുഗ്രഹത്തിനായി കരഞ്ഞപേക്ഷിച്ചു. (ഹോശേ. 12:4) യഹോവയിൽനിന്നുള്ള അനുഗ്രഹം എത്ര അമൂല്യമാണെന്നു യാക്കോബിന് അറിയാമായിരുന്നു. അതു നേടാനായി തന്നെക്കൊണ്ടാകുന്നതെല്ലാം ചെയ്യാൻ യാക്കോബ് ഉറച്ച തീരുമാനമെടുത്തിരുന്നു. നേരം പുലരാറായപ്പോൾ ആ ദൂതൻ യാക്കോബിന്റെ ഇടുപ്പെല്ലിൽ തൊട്ടു. അത് ഉളുക്കിപ്പോയി. പിന്നെ ദൂതൻ യാക്കോബിനോട് അതിശയിപ്പിക്കുന്ന ഒരു കാര്യം പറഞ്ഞു, അതായത് അദ്ദേഹത്തിന്റെ പേര് ഇനിമുതൽ ഇസ്രായേൽ എന്നായിരിക്കുമെന്ന്. ആ പേരിന് ഒരു അർഥമുണ്ടായിരുന്നു: ദൈവത്തോടു പോരാടുന്നവൻ. അതു വളരെ യോജിക്കുന്ന ഒരു പേരായിരുന്നു. കാരണം യഹോവയിൽനിന്നുള്ള അനുഗ്രഹം നേടാനായി യാക്കോബ് മടുത്തുപോകാതെ സർവശക്തിയുമെടുത്ത് പോരാടി.
യാക്കോബ് മുടന്തിമുടന്തി തന്റെ വീട്ടുകാരുടെ അടുത്തേക്കു ചെന്നു. കുറച്ച് കഴിഞ്ഞപ്പോൾ, ഏശാവ് 400 പുരുഷന്മാരോടൊപ്പം അങ്ങു ദൂരെനിന്ന് വരുന്നതു യാക്കോബ് കണ്ടു. അപ്പോൾ യാക്കോബ് ഒറ്റയ്ക്കു തന്റെ വീട്ടുകാർക്കു മുമ്പേ ഏശാവിനെയും കൂടെയുള്ളവരെയും കാണാൻ അവരുടെ അടുത്തേക്കു ചെന്നു. ഏശാവിന്റെ അടുത്ത് എത്തുംവരെ യാക്കോബ് ഏഴു പ്രാവശ്യം നിലംവരെ കുനിഞ്ഞ് നമസ്കരിച്ചു. അപ്പോൾ ഏശാവ് ഓടിവന്ന് യാക്കോബിനെ കെട്ടിപ്പിടിച്ചു. അദ്ദേഹത്തിന്റെ കൈയിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. രണ്ടു പേരും പൊട്ടിക്കരഞ്ഞു. യാക്കോബിന്റെ താഴ്മയോടെയുള്ള പെരുമാറ്റവും അദ്ദേഹം ഏശാവിനു കൊടുത്തുവിട്ട സമ്മാനങ്ങളും യാക്കോബിനോടുളള ഏശാവിന്റെ മനോഭാവം പാടേ മാറ്റി. ഒരുപക്ഷേ യാക്കോബിന്റെ ധൈര്യവും ഏശാവിനെ അതിശയിപ്പിച്ചുകാണും. അങ്ങനെ യാക്കോബ് തന്റെ സഹോദരനുമായി സമാധാനത്തിലായി.
ഇടുപ്പ് ഉളുക്കിയതുകൊണ്ട് ശേഷിച്ച ജീവിതകാലമെല്ലാം യാക്കോബ് മുടന്തിയാണു നടന്നത്. അദ്ദേഹത്തിനു വേറെയും ഒരുപാടു കഷ്ടങ്ങൾ സഹിക്കേണ്ടിവന്നു. എന്നാൽ യഹോവയെ അനുസരിക്കാനും ദൈവദൂതനുമായി മല്ലിടാനും എടുത്ത തീരുമാനത്തെ ഓർത്ത് യാക്കോബ് ഒരിക്കലും ദുഃഖിച്ചില്ല. യഹോവ നൽകിയ വാഗ്ദാനം വർഷങ്ങൾക്കു ശേഷം അങ്ങനെതന്നെ നിറവേറി. ഇസ്രായേൽ ഒരു മഹാജനതയായിത്തീർന്നു. (ഉൽപ. 28:14) മാത്രമല്ല, ബൈബിൾ യഹോവയെ ‘യാക്കോബിന്റെ ദൈവം’ എന്നു പലപ്പോഴും വിളിച്ചിട്ടുണ്ട്. (പുറ. 3:6) യേശുക്രിസ്തുവും അങ്ങനെതന്നെ പറഞ്ഞിട്ടുണ്ട്. യേശു ഇങ്ങനെയും കൂട്ടിച്ചേർത്തു: യഹോവ “മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമാണ്. കാരണം ദൈവമുമ്പാകെ അവരെല്ലാം ജീവിച്ചിരിക്കുന്നവരാണ്.” (ലൂക്കോ. 20:37, 38) അതുകൊണ്ട് യാക്കോബിന് എന്തായാലും പുനരുത്ഥാനം ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്. പുതിയ ലോകത്തിൽ യാക്കോബിന്റെ ജീവിതം ഹ്രസ്വവും കഷ്ടത നിറഞ്ഞതും ആയിരിക്കില്ല. പകരം യാക്കോബ് സന്തോഷത്തോടെ എന്നെന്നും ജീവിക്കും.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
യാക്കോബ് എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. യഹോവ ജന്മാവകാശം ഏശാവിനു നൽകാതെ യാക്കോബിനു നൽകിയത് എന്തുകൊണ്ട്? (w03 10/15 പേ. 29 ഖ. 2)
2. യഹോവ യാക്കോബിനു സ്വപ്നത്തിൽ എന്തു കാണിച്ചുകൊടുത്തു, അതിലൂടെ നൽകിയ ഉറപ്പ് എന്താണ്? (w03 10/15 പേ. 28 ഖ. 3–പേ. 29 ഖ. 1) A
ചിത്രം A
3. ദൈവദൂതനിൽനിന്ന് തനിക്ക് അനുഗ്രഹം നേടാനാകുമെന്നു യാക്കോബിന് ഉറപ്പുണ്ടായിരുന്നത് എന്തുകൊണ്ട്? (w03 10/15 പേ. 31 ഖ. 1) B
ചിത്രം B
4. കനാന്യരുടെ സ്വാധീനത്തിൽനിന്ന് തന്റെ കുടുംബത്തെ സംരക്ഷിക്കാൻ യാക്കോബ് എന്തൊക്കെ ചെയ്തു? (w95 9/15 പേ. 21 ഖ. 5, അടിക്കുറിപ്പ്)
നമുക്കുള്ള പാഠങ്ങൾ
തന്നെ ഏൽപ്പിച്ച ഓരോ ആടിന്റെയും കാര്യത്തിൽ തനിക്ക് ഒരു ഉത്തരവാദിത്വമുണ്ടെന്നു യാക്കോബ് ചിന്തിച്ചു. (ഉൽപ. 31:38-40) ഇന്നു ക്രിസ്തീയ ഇടയന്മാർക്ക് എങ്ങനെ യഹോവയുടെ ആടുകളുടെ കാര്യത്തിൽ, അതായത് തങ്ങളുടെ സഹോദരങ്ങളുടെ കാര്യത്തിൽ, നല്ല ശ്രദ്ധയുള്ളവരായിരിക്കാം? C
ചിത്രം C
പേടി തോന്നിയപ്പോൾ യാക്കോബ് യഹോവയോടു പ്രാർഥിച്ചു. (ഉൽപ. 32:6-12) പ്രാർഥനയിൽ എന്തൊക്കെ ഉൾപ്പെടുത്താം എന്നതിനെക്കുറിച്ച് യാക്കോബിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
നിങ്ങൾക്ക് എങ്ങനെ യാക്കോബിന്റെ ധൈര്യം അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന യാക്കോബിനോട് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
നമ്മൾ ഒരു സഹവിശ്വാസിയെ വിഷമിപ്പിച്ചതായി തിരിച്ചറിഞ്ഞാൽ യാക്കോബിനെ അനുകരിച്ചുകൊണ്ട് നമുക്ക് എന്തു ചെയ്യാം?
“യേശു പറയുന്നതു തുടർന്നും ശ്രദ്ധിക്കുക” (w21.12 പേ. 25-27 ഖ. 10-18)
യാക്കോബിനെക്കുറിച്ച് നിങ്ങളുടെ കുടുംബത്തെ പഠിപ്പിക്കാൻ ഈ ബൈബിൾ ചിത്രകഥ ഉപയോഗിക്കുക.