6 റിബെക്ക
മറ്റൊരു ദേശത്തേക്കു പോകാൻ ധൈര്യം കാണിച്ചു
റിബെക്ക ഒരു വലിയ കുടവുമായി കിണറിന് അരികിലേക്കു വരുകയാണ്. സൂര്യൻ അസ്തമിക്കാറായി. വീട്ടാവശ്യങ്ങൾക്കുള്ള വെള്ളം കോരുന്ന സമയമാണിത്. റിബെക്ക പതിവായി ഇത്തരം ജോലികളൊക്കെ ചെയ്യാറുണ്ട്. എന്നാൽ റിബെക്ക നോക്കിയപ്പോൾ പരിചയമില്ലാത്ത കുറെ പുരുഷന്മാർ ഒട്ടകങ്ങളുമായി കിണറിന് അരികിൽ നിൽക്കുന്നു. എങ്കിലും റിബെക്ക ധൈര്യത്തോടെ നേരെ നീരുറവിന് അടുത്തേക്കു ചെന്ന് തന്റെ കുടം നിറച്ചു.
ഭാരമുള്ള ആ കുടവുമായി റിബെക്ക വീട്ടിലേക്കു പോകാൻതുടങ്ങിയപ്പോൾ അക്കൂട്ടത്തിൽനിന്ന് പ്രായമുള്ള ഒരു മനുഷ്യൻ ഓടിവന്ന്, “കുടത്തിൽനിന്ന് എനിക്കു കുറച്ച് വെള്ളം കുടിക്കാൻ തരുമോ” എന്നു ചോദിച്ചു. ആ അപരിചിതരോടു ദയ കാണിക്കാൻ റിബെക്ക ഒരു മടിയും കാണിച്ചില്ല. “യജമാനനേ, കുടിച്ചാലും” എന്നു പറഞ്ഞുകൊണ്ട് റിബെക്ക തോളിൽനിന്ന് കുടം കൈയിലിറക്കി അയാൾക്കു വേണ്ടത്ര വെള്ളം കുടിക്കാൻ കൊടുത്തു.
അതു മാത്രമല്ല റിബെക്ക ചെയ്തത്. അവരുടെ പത്ത് ഒട്ടകങ്ങൾക്കും വെള്ളം കോരി കൊടുക്കാമെന്നു റിബെക്ക പറഞ്ഞു. സുന്ദരിയായ ആ പെൺകുട്ടി വെള്ളം കോരാനായി വീണ്ടുംവീണ്ടും നീരുറവിലേക്ക് ഓടിയിറങ്ങുന്നതും എല്ലാ ഒട്ടകങ്ങളും മതിയാവോളം കുടിക്കുന്നതുവരെ തൊട്ടിയിൽ വെള്ളം നിറയ്ക്കുന്നതും ആ അപരിചിതൻ ആശ്ചര്യത്തോടെ നോക്കിനിന്നു. അവൾ ആരുടെ മകളാണ് എന്നും തങ്ങൾക്കു രാത്രി തങ്ങാൻ അപ്പന്റെ വീട്ടിൽ സ്ഥലമുണ്ടോ എന്നും അദ്ദേഹം അവളോടു ചോദിച്ചു. അപ്പോൾ ഒരു മടിയുംകൂടാതെ റിബെക്ക, അവർക്കു തന്റെ അപ്പന്റെ വീട്ടിൽ വന്ന് താമസിക്കാമെന്നും മൃഗങ്ങൾക്ക് ആവശ്യത്തിനു തീറ്റി കൊടുക്കാമെന്നും പറഞ്ഞു.
റിബെക്കയ്ക്ക് അറിയില്ലായിരുന്നെങ്കിലും ഇങ്ങനെ ഒരു കൂടിക്കാഴ്ചയ്ക്ക് ഇടയാക്കിയത് യഹോവയായിരുന്നു. പ്രായമുള്ള ആ മനുഷ്യൻ ദൂരദേശത്തുനിന്ന് വന്ന വിശ്വസ്തനായ ഒരു ദാസനായിരുന്നു; സാധ്യതയനുസരിച്ച് എലീയേസർ. കുറെ ആഴ്ചകൾക്കു മുമ്പ് അദ്ദേഹത്തിന്റെ യജമാനനായ അബ്രാഹാം തന്റെ മകനും അനന്തരാവകാശിയും ആയ യിസ്ഹാക്കിന് ഒരു ഭാര്യയെ കണ്ടെത്താൻ ദൂരെ ഒരു ദേശത്തേക്കു യാത്രചെയ്യാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ആ പെൺകുട്ടി യഹോവയെ ആരാധിക്കുന്ന ഒരു കുടുംബത്തിൽനിന്നായിരിക്കണമെന്നും അബ്രാഹാം പറഞ്ഞിരുന്നു. അതുകൊണ്ട് എലീയേസർ സഹായത്തിനായി യഹോവയോടു പ്രാർഥിച്ചു. യിസ്ഹാക്കിനുവേണ്ടി യഹോവ തിരഞ്ഞെടുത്തിരിക്കുന്ന പെൺകുട്ടി തങ്ങളോട് ആതിഥ്യം കാണിക്കാൻ ഇടയാക്കണമെന്ന് അദ്ദേഹം യഹോവയോട് അപേക്ഷിച്ചു. അതുതന്നെയാണു റിബെക്ക ചെയ്തതും!
മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത ആ മനുഷ്യരെ സഹായിക്കാൻ റിബെക്ക മനസ്സോടെ തയ്യാറായി. “ക്രൂരന്മാരും നന്മ ഇഷ്ടപ്പെടാത്തവരും” ഒരുപാടുള്ള നമ്മുടെ ഈ കാലത്തെക്കാൾ വ്യത്യസ്തമായിരുന്നു ആ സമയം എന്നതു ശരിയാണ്. (2 തിമൊ. 3:1, 3) എങ്കിലും അപരിചിതരോട് ആതിഥ്യം കാണിക്കാൻ നല്ല ധൈര്യം വേണമായിരുന്നു. മറ്റു വിധങ്ങളിലും റിബെക്ക ധൈര്യം കാണിച്ചു.
ആ പുരുഷന്മാർ ഇത്രയും ദൂരം യാത്ര ചെയ്തുവന്നതിന്റെ കാരണം അധികം വൈകാതെതന്നെ റിബെക്കയ്ക്കു മനസ്സിലായി. അവർ വീട്ടിൽ എത്തിയപ്പോൾ റിബെക്കയുടെ അപ്പൻ ബഥൂവേലും ആങ്ങള ലാബാനും എലീയേസരിനെ ഭക്ഷണം കഴിക്കാൻ വിളിച്ചു. എന്നാൽ താൻ വന്നതിന്റെ കാരണം പറയാതെ ഭക്ഷണം കഴിക്കില്ലെന്ന് ആ ദാസൻ അവരോടു പറഞ്ഞു. റിബെക്കയെ കണ്ടെത്താൻ യഹോവ തന്നെ അനുഗ്രഹിച്ചത് എങ്ങനെയെന്ന് അദ്ദേഹം അവരോടു വിശദീകരിച്ചു. യഹോവയാണ് അദ്ദേഹത്തെ സഹായിച്ചതെന്നു തിരിച്ചറിഞ്ഞ ബഥൂവേലും ലാബാനും “ഇത് യഹോവയിൽനിന്നാണ്” എന്നു പറഞ്ഞു.
റിബെക്ക വീടു വിട്ട് ദൂരദേശത്തേക്കു പോകാനും മുമ്പ് കണ്ടിട്ടില്ലാത്ത ഒരാളെ കല്യാണം കഴിക്കാനും ദൈവം ആഗ്രഹിച്ചു
റിബെക്ക ഇപ്പോൾ എന്തു ചെയ്യുമായിരുന്നു? പെൺകുട്ടി ചിലപ്പോൾ എലീയേസരിന്റെകൂടെ കനാനിലേക്കു വരാൻ തയ്യാറാകാതിരുന്നേക്കാം എന്ന കാര്യം അബ്രാഹാം പറഞ്ഞിട്ടുണ്ടായിരുന്നു. പോകണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സാധ്യതയനുസരിച്ച് പെൺകുട്ടിക്ക് ഉണ്ടായിരുന്നു. പിറ്റേന്നു രാവിലെ എലീയേസർ അവരോട്, റിബെക്കയെയും കൂട്ടി താൻ പൊയ്ക്കൊള്ളട്ടെയെന്നു ചോദിച്ചു. അതെക്കുറിച്ച് റിബെക്കയോടുതന്നെ ചോദിക്കാം എന്നാണു വീട്ടുകാർ അപ്പോൾ പറഞ്ഞത്. അവർ ചോദിച്ചപ്പോൾ റിബെക്ക “പോകാൻ ഞാൻ തയ്യാറാണ്” എന്നു പറഞ്ഞു. വീട്ടുകാരെ ഇനി എന്നെങ്കിലും കാണാൻ പറ്റുമോ എന്ന് അറിയില്ലായിരുന്നെങ്കിലും അവരെയെല്ലാം വിട്ട് ദൂരെയുള്ള കനാനിലേക്കു പോകാൻ റിബെക്ക ഒരുക്കമായിരുന്നു. എങ്ങനെയാണു റിബെക്കയ്ക്ക് അതിനുള്ള ധൈര്യം കിട്ടിയത്? തന്നെക്കുറിച്ചുള്ള യഹോവയുടെ ഇഷ്ടം ഇതാണെന്നു റിബെക്കയും തിരിച്ചറിഞ്ഞിട്ടുണ്ടാകണം.
ഒട്ടകപ്പുറത്തുള്ള ആഴ്ചകൾ നീണ്ട യാത്രയ്ക്കൊടുവിൽ അവർ കനാനിൽ അബ്രാഹാം താമസിച്ചിരുന്ന സ്ഥലത്ത് എത്തി. ഇരുട്ടു പരക്കാറായ ആ സമയത്ത് ഒരാൾ ഒറ്റയ്ക്കു വെളിമ്പ്രദേശത്തുകൂടി നടക്കുന്നതു റിബെക്ക കണ്ടു. അദ്ദേഹം ധ്യാനിക്കാൻവേണ്ടി അവിടെ പോയതായിരുന്നു. അതു യിസ്ഹാക്കാണെന്നു മനസ്സിലാക്കിയപ്പോൾ റിബെക്ക താഴ്മയോടെ മൂടുപടം എടുത്ത് അണിഞ്ഞു. അദ്ദേഹത്തെ തന്റെ ഭർത്താവായി സ്വീകരിക്കുന്നതിന്റെ അടയാളമായിരുന്നു അത്. 40 വയസ്സുണ്ടായിരുന്ന യിസ്ഹാക്ക് നല്ല സ്നേഹമുള്ള ആളായിരുന്നു. അമ്മയായ സാറ മൂന്നു വർഷം മുമ്പ് മരിച്ചുപോയതിന്റെ സങ്കടത്തിലായിരുന്നു അദ്ദേഹം. യഹോവയിൽനിന്ന് തനിക്കു ലഭിച്ച ആ വലിയ ഉത്തരവാദിത്വം ചെയ്യാനുള്ള ധൈര്യം റിബെക്കയ്ക്ക് ഉണ്ടായിരിക്കുമായിരുന്നോ? റിബെക്ക യിസ്ഹാക്കിനു പിന്തുണ നൽകുന്ന സ്നേഹനിധിയായ ഒരു ഭാര്യയായിരിക്കുമായിരുന്നോ? കുടുംബത്തിന്റെ തലയായിരുന്നുകൊണ്ട് യഹോവയെ വിശ്വസ്തമായി സേവിക്കാൻ യിസ്ഹാക്കിനെ റിബെക്ക സഹായിക്കുമായിരുന്നോ? റിബെക്ക അങ്ങനെയെല്ലാം ചെയ്തെന്നു ബൈബിളിൽ കാണാനാകും. അവരുടെ വിവാഹജീവിതത്തിന്റെ തുടക്കത്തെക്കുറിച്ച് ബൈബിൾ പറയുന്നത് ഇതാണ്: “യിസ്ഹാക്കിനു റിബെക്കയെ ഇഷ്ടമായി. അങ്ങനെ, അമ്മയുടെ വേർപാടിൽ ദുഃഖിച്ചിരുന്ന യിസ്ഹാക്കിന് ആശ്വാസം ലഭിച്ചു.”
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
റിബെക്ക എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. അബ്രാഹാമിനു മക്കളുണ്ടായപ്പോൾ എലീയേസരിനെ അത് എങ്ങനെയാണു ബാധിച്ചത്? അദ്ദേഹത്തിനു പരിഭവമൊന്നും തോന്നിയില്ലെന്നു നമുക്ക് എങ്ങനെ അറിയാം? (ഉൽപ. 15:2-4; 24:12; w97 1/1 പേ. 30 ഖ. 2)
2. യിസ്ഹാക്ക് റിബെക്കയുടെ നാട്ടിലേക്കു പോകുന്നതിനു പകരം റിബെക്ക കനാനിലേക്കു വരാൻ അബ്രാഹാം ആഗ്രഹിച്ചത് എന്തുകൊണ്ടാണ്? (w97 1/1 പേ. 30 ഖ. 3)
3. റിബെക്കയ്ക്കും വീട്ടുകാർക്കും സമ്മാനങ്ങൾ കൊടുത്തത് എന്തിനെ സൂചിപ്പിച്ചു? (it “റിബെക്ക” ഖ. 4-wcgr)
4. ഹാരാനിൽനിന്ന് നെഗെബിലെ യിസ്ഹാക്കിന്റെ വീട്ടിലേക്കുള്ള റിബെക്കയുടെ യാത്രയെക്കുറിച്ച് വിശദീകരിക്കുക. (wp16.3 പേ. 15 ഖ. 1-wcgr) A
www.LifeintheHolyLand.com
ചിത്രം A: നെഗെബ് ഒരു കാലത്ത് പലരും താമസിച്ചിരുന്ന സ്ഥലവും അബ്രാഹാമിന്റെ വലിയ ആട്ടിൻപറ്റത്തിന്റെ മേച്ചിൽപ്പുറവും ആയിരുന്നു
നമുക്കുള്ള പാഠങ്ങൾ
വിവാഹയിണയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അബ്രാഹാം, റിബെക്ക, യിസ്ഹാക്ക് എന്നിവരിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ഉൽപ. 24:2, 3; 27:46–28:1)
റിബെക്ക കഠിനാധ്വാനിയും ഉദാരമതിയും ആദരവുള്ളവളും ആയിരുന്നു. ഇന്നു സഹോദരിമാർക്ക് ആ മാതൃക എങ്ങനെ അനുകരിക്കാം? B
ചിത്രം B
നിങ്ങൾക്ക് എങ്ങനെ റിബെക്കയുടെ ധൈര്യം അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന റിബെക്കയോട് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
വിശ്വസ്തയായ ഭാര്യയും അമ്മയും എന്ന നിലയിൽ റിബെക്ക എങ്ങനെയാണു തുടർന്നും ധൈര്യം കാണിച്ചതെന്നു കാണുക.
“റിബെക്ക ദൈവഭക്തയും കർമോത്സുകയും ആയ ഒരു സ്ത്രീ” (w04 4/15 പേ. 8-11)
റിബെക്കയിൽനിന്ന് കുട്ടികൾക്ക് എന്തൊക്കെ പഠിക്കാനാകും?
“റിബെക്കയുടെ നല്ല ഗുണങ്ങൾ” (വെബ്സൈറ്റിലെ “ചിത്രങ്ങളിലൂടെ പഠിക്കാം.”-wcgr)