5 അബ്രാഹാം
ബുദ്ധിമുട്ടായിരുന്നെങ്കിലും ദൈവത്തെ അനുസരിച്ചു
യഹോവ പറഞ്ഞ സ്ഥലത്തേക്ക് അബ്രാഹാം മെല്ലെ നടന്നുനീങ്ങുകയാണ്. കുറച്ച് ദിവസങ്ങൾമാത്രം നീളുന്ന ഒരു യാത്ര. എങ്കിലും തന്റെ നീണ്ട ജീവിതകാലത്ത് അബ്രാഹാം നടത്തിയ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു യാത്രയായിരുന്നു അത്.
യഹോവ തന്നോട് ആവശ്യപ്പെട്ട കാര്യത്തെക്കുറിച്ചാണ് അബ്രാഹാം ഇപ്പോൾ ചിന്തിക്കുന്നത്: “നിന്റെ മകനെ, നീ ഒരുപാടു സ്നേഹിക്കുന്ന നിന്റെ ഒരേ ഒരു മകനായ യിസ്ഹാക്കിനെ, കൂട്ടിക്കൊണ്ട് മോരിയ ദേശത്തേക്കു യാത്രയാകുക. അവിടെ ഞാൻ കാണിക്കുന്ന ഒരു മലയിൽ നീ അവനെ ദഹനയാഗമായി അർപ്പിക്കണം.” യിസ്ഹാക്കിനെ അബ്രാഹാമിന് എത്ര ഇഷ്ടമാണെന്ന് യഹോവയ്ക്ക് അറിയാം. എന്നിട്ടും ദൈവം എന്തുകൊണ്ടാണ് ഇങ്ങനെ ഒരു കാര്യം ആവശ്യപ്പെട്ടത്? അത് അനുസരിക്കാൻ ആവശ്യമായ വിശ്വാസവും ധൈര്യവും അബ്രാഹാമിന് എങ്ങനെ കിട്ടി?
‘വിശ്വാസമുള്ള സകലരുടെയും പിതാവ്’ എന്നാണു ബൈബിൾ അബ്രാഹാമിനെ വിളിക്കുന്നത്. (റോമ. 4:11) ഈ യാത്രയ്ക്കു വളരെ മുമ്പുതന്നെ അബ്രാഹാമിന് യഹോവയിൽ ശക്തമായ വിശ്വാസമുണ്ടായിരുന്നു. അതു കൂടുതൽ ശക്തമാക്കാൻ യഹോവ സഹായിക്കുകയും ചെയ്തു. വർഷങ്ങൾക്കു മുമ്പു നടന്ന ഒരു സംഭവം അതിന് ഉദാഹരണമാണ്. അന്നു ദൈവം അബ്രാഹാമിനോടു ദുഷ്ടനഗരങ്ങളായ സൊദോമിനെയും ഗൊമോറയെയും താൻ നശിപ്പിക്കാൻ പോകുകയാണെന്നു പറഞ്ഞു. അതു കേട്ടപ്പോൾ അബ്രാഹാമിന് ആകെ വിഷമമായി. അദ്ദേഹം യഹോവയോടു ദുഷ്ടന്മാരുടെകൂടെ നല്ല ആളുകളെയും നശിപ്പിച്ചുകളയുമോ എന്നു ചോദിച്ചു. അപ്പോൾ യഹോവ പറഞ്ഞത്, കുറച്ച് നീതിമാന്മാരെയെങ്കിലും ആ നഗരങ്ങളിൽ കണ്ടാൽ താൻ അവയെ നശിപ്പിക്കില്ല എന്നാണ്. (ഉൽപ. 18:16-33) താൻ മനസ്സിലാക്കിയ ആ കാര്യം അബ്രാഹാം ഒരിക്കലും മറന്നില്ല: യഹോവ ന്യായത്തോടെ കാര്യങ്ങൾ ചെയ്യുന്ന കരുണയുള്ള ഒരു ദൈവമാണ്.
സ്നേഹമുള്ള ഒരു അപ്പനു ചിന്തിക്കാൻപോലും പറ്റാത്ത ഒരു കാര്യമാണ് യഹോവ അബ്രാഹാമിനോട് ആവശ്യപ്പെട്ടത്
അതു കഴിഞ്ഞ് അധികം വൈകാതെയാണ് യഹോവ അബ്രാഹാമിനും സാറയ്ക്കും വേണ്ടി ഒരു അത്ഭുതം പ്രവർത്തിച്ചത്. അബ്രാഹാമിന് അപ്പോൾ ഏതാണ്ട് 100 വയസ്സും സാറയ്ക്ക് 90 വയസ്സും ഉണ്ടായിരുന്നു. തനിക്കും സാറയ്ക്കും ഒരു കുഞ്ഞു ജനിക്കാനുള്ള പ്രായം കടന്നുപോയെന്ന് അബ്രാഹാം ചിന്തിച്ചിരിക്കുമ്പോഴാണ് യഹോവ അതു ചെയ്തത്. അവർക്ക് ഒരു മകൻ ജനിക്കാൻ യഹോവ ഇടയാക്കി. ആ മകനാണു യിസ്ഹാക്ക്. അതിലൂടെ അബ്രാഹാം മറ്റൊരു പാഠം പഠിച്ചു: യഹോവയ്ക്ക് ഒന്നും അസാധ്യമല്ല. (റോമ. 4:18, 19) അതും അബ്രാഹാമിന്റെ മനസ്സിലും ഹൃദയത്തിലും തങ്ങിനിന്നു.
ഇപ്പോൾ ഏതാണ്ട് 25 വർഷം കഴിഞ്ഞ് മോരിയയിലേക്കു നടക്കുമ്പോൾ ഇക്കാര്യങ്ങളെല്ലാം അബ്രാഹാമിന്റെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാകും. അബ്രാഹാമിന് ഒരു കാര്യം ഉറപ്പായിരുന്നു: യിസ്ഹാക്ക് മരിച്ചാലും യഹോവയ്ക്ക് അവനെ ഉയിർപ്പിക്കാനാകും, യഹോവ ഉയിർപ്പിക്കുകതന്നെ ചെയ്യും! (എബ്രാ. 11:19) ആ പ്രത്യാശ അബ്രാഹാമിനു ധൈര്യം പകർന്നു. അങ്ങനെ അബ്രാഹാം തന്റെ ലക്ഷ്യസ്ഥാനത്തേക്കു നടന്നുനീങ്ങി.
യഹോവ പറഞ്ഞ ആ സ്ഥലം ദൂരെനിന്ന് കണ്ടപ്പോൾ അബ്രാഹാം തന്റെ ദാസന്മാരോട് അവിടെ നിൽക്കാനും താനും യിസ്ഹാക്കും പോയി ബലി അർപ്പിച്ചിട്ടു വരാമെന്നും പറഞ്ഞു. തന്നോടൊപ്പം യിസ്ഹാക്കും മടങ്ങിവരുമെന്ന് അബ്രാഹാമിന് ഉറച്ച ബോധ്യമുണ്ടായിരുന്നു എന്നാണ് ആ വാക്കുകൾ തെളിയിക്കുന്നത്. അവർ രണ്ടു പേരും മലമുകളിൽ എത്തി. അവസാനം യിസ്ഹാക്കിനെ ബലി അർപ്പിക്കാനുള്ള സമയമായി. ആ അപ്പൻ യിസ്ഹാക്കിന്റെ കൈയും കാലും കെട്ടി, യാഗപീഠത്തിൽ കിടത്തി. നല്ല കരുത്തുള്ള ചെറുപ്പക്കാരനായിരുന്നെങ്കിലും യിസ്ഹാക്ക് താഴ്മയോടെ അതിനെല്ലാം വഴങ്ങിക്കൊടുത്തു. അബ്രാഹാം കത്തി ഉയർത്തി—സ്നേഹമുള്ള ഒരു അപ്പന് ഒരിക്കലും ചിന്തിക്കാൻ പറ്റാത്ത ഒരു കാര്യം. അപ്പോൾ അബ്രാഹാമിന്റെ പേര് വിളിച്ചിട്ട് ദൈവദൂതൻ “മകന്റെ മേൽ കൈവയ്ക്കരുത്” എന്നു പറഞ്ഞു.
തുടർന്ന്, നല്ല വിശ്വാസവും അനുസരണവും കാണിച്ചതിന് ദൈവം അബ്രാഹാമിനെ അഭിനന്ദിച്ചു. എന്നിട്ട്, അബ്രാഹാമിനെ അനുഗ്രഹിക്കുമെന്നും അദ്ദേഹത്തിന്റെ സന്തതിയെ വർധിപ്പിക്കുമെന്നും അബ്രാഹാം തന്റെ വാക്കു കേട്ട് അനുസരിച്ചതുകൊണ്ട് അബ്രാഹാമിന്റെ സന്തതിയിലൂടെ “ഭൂമിയിലെ സകല ജനതകളും അനുഗ്രഹം നേടും” എന്നും ഉള്ള ആ വാഗ്ദാനം ദൈവം ആവർത്തിച്ചു.
അബ്രാഹാമിനോടുള്ള യഹോവയുടെ ആ വാഗ്ദാനം ഇന്നും നിറവേറിക്കൊണ്ടിരിക്കുകയാണ്. ആ വാഗ്ദാനം ആളുകൾക്ക് എന്നും നിലനിൽക്കുന്ന അനുഗ്രഹങ്ങൾ കൊണ്ടുവരും. അബ്രാഹാമിനോടും യിസ്ഹാക്കിനോടും ഉള്ള യഹോവയുടെ ഇടപെടലിലൂടെ യഹോവ മറ്റൊരു കാര്യവും നമ്മളെ പഠിപ്പിച്ചു: വിശ്വസ്തരായ മനുഷ്യരെ രക്ഷിക്കാൻവേണ്ടി താൻ അനുഭവിക്കേണ്ടിവരുമായിരുന്ന വേദന എത്ര വലുതായിരിക്കുമെന്ന്. താൻ ഒരുപാടു സ്നേഹിക്കുന്ന തന്റെ മകനെ ഒരു ബലിയായി നൽകാൻ അബ്രാഹാം തയ്യാറായതുപോലെതന്നെ നമ്മുടെയെല്ലാം പ്രയോജനത്തിനായി തന്റെ ഒരേ ഒരു മകനെ നൽകാൻ യഹോവയും തയ്യാറായി. (യോഹ. 3:16) അബ്രാഹാമിന്റെ നിസ്സ്വാർഥമായ ആ പ്രവൃത്തിയെക്കുറിച്ച് പഠിക്കുന്നതിലൂടെ യഹോവയ്ക്കു നമ്മളോടുള്ള സ്നേഹത്തിന്റെ ആഴം തിരിച്ചറിയാൻ നമുക്കാകുന്നു.
യഹോവയെക്കുറിച്ച് നമ്മൾ ഇതുവരെ പഠിച്ചതും യഹോവ കഴിഞ്ഞ കാലത്ത് നമുക്കുവേണ്ടി ചെയ്തതും ആയ കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാം. അപ്പോൾ അബ്രാഹാമിന്റേതുപോലെ നമ്മുടെയും വിശ്വാസം ശക്തമാകും. നമ്മുടെ വിശ്വാസം ശക്തമാകുന്നതനുസരിച്ച് നമ്മുടെ ധൈര്യവും കൂടും. ദൈവം അബ്രാഹാമിനോട് ആവശ്യപ്പെട്ടതുപോലുള്ള ഒരു കാര്യം എന്തായാലും നമ്മളോട് ആവശ്യപ്പെടില്ല. എന്നാൽ നമുക്ക് ഒരു കാര്യത്തിൽ ഉറപ്പുള്ളവരായിരിക്കാം: ദൈവം നമ്മളോട് എന്തുതന്നെ ആവശ്യപ്പെട്ടാലും നമുക്കു ദൈവത്തിൽ വിശ്വാസമുണ്ടെങ്കിൽ അത് അനുസരിക്കാനുള്ള ധൈര്യം കിട്ടും. അങ്ങനെ അനുസരിക്കുമ്പോൾ ഒരുപാട് അനുഗ്രഹങ്ങളും ലഭിക്കും, നമുക്കു ചിന്തിക്കാവുന്നതിനും അപ്പുറം!
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
തന്റെ ജീവിതത്തിലെ ഈ ഒരു സമയത്ത് അബ്രാഹാം എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. അബ്രാഹാം ശരിക്കും ജീവിച്ചിരുന്നു എന്നതിന് എന്തു തെളിവുണ്ട്? (g 5/12 പേ. 18, ചതുരം; it “അബ്രാഹാം” ഖ. 22-23-wcgr) A
ചിത്രം A: ഈജിപ്തിലെ കർണക്കിലുള്ള ഒരു പുരാതന ചുവരെഴുത്തിൽ “അബ്രാമിന്റെ നിലം” എന്ന് എഴുതിയിരിക്കുന്നു
2. അബ്രാഹാം ദൈവമായ യഹോവയെക്കുറിച്ച് പഠിച്ചത് എങ്ങനെയായിരിക്കാം? (ia പേ. 29 ഖ. 4-5)
3. യഹോവ അബ്രാഹാമിന്റെ ആരാധന സ്വീകരിച്ചത് എന്തുകൊണ്ടാണ്? (rr പേ. 20 ഖ. 18)
4. ഉൽപത്തി 22:17-ൽ കാണുന്ന അബ്രാഹാമിനോടുള്ള യഹോവയുടെ വാഗ്ദാനം ബൈബിൾ ശാസ്ത്രീയമായി കൃത്യതയുള്ളതാണെന്നു തെളിയിക്കുന്നത് എങ്ങനെ? (g89 4/8 പേ. 25) B
ചിത്രം B
ചിത്രം B
നമുക്കുള്ള പാഠങ്ങൾ
ധൈര്യമുള്ളവനായിരിക്കാൻ പ്രത്യാശ അബ്രാഹാമിനെ സഹായിച്ചത് എങ്ങനെ, പ്രത്യാശയിൽ ശ്രദ്ധ പതിപ്പിക്കുന്നതു ധൈര്യമുള്ളവരായിരിക്കാൻ നമ്മളെ എങ്ങനെ സഹായിക്കും? C
ചിത്രം C
അബ്രാഹാമിന്റെ ധൈര്യം അനുകരിച്ചുകൊണ്ട് നമുക്ക് എങ്ങനെ ഒരു യാഗം അർപ്പിക്കാം . . .
സന്തോഷവാർത്ത അറിയിക്കാൻ ഒരു അവസരം കിട്ടുമ്പോൾ? (എബ്രാ. 13:15)
നമ്മുടെ വസ്തുവകകൾ എങ്ങനെ ഉപയോഗിക്കണമെന്നു തീരുമാനിക്കുമ്പോൾ? (സുഭാ. 3:9)
സഹവിശ്വാസികളിൽ ആർക്കെങ്കിലും ഒരു സഹായം ആവശ്യമാണെന്ന് അറിയുമ്പോൾ? (ഫിലി. 4:18)
ഈ വിവരണത്തിലെ അബ്രാഹാമിന്റെ ധൈര്യം മറ്റ് ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്ക് അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന അബ്രാഹാമിനോടും യിസ്ഹാക്കിനോടും എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
ഈ വിവരണത്തിലെ ഹൃദയസ്പർശിയായ രംഗങ്ങൾ കാണുക.
അബ്രാഹാം എങ്ങനെയാണ് യഹോവയുടെ ഉറ്റ സ്നേഹിതനായത്, യഹോവയുമായുള്ള നിങ്ങളുടെ സൗഹൃദം എങ്ങനെ ശക്തമാക്കാം?
“യഹോവ അവനെ എന്റെ ‘സ്നേഹിതൻ’ എന്നു വിളിച്ചു” (w16.02 പേ. 8-12)