4 അബ്രാഹാം
യഹോവയ്ക്കുവേണ്ടി ആദ്യത്തെ യുദ്ധം ചെയ്തയാൾ
യഹോവ തന്റെ സ്നേഹിതനായ അബ്രാഹാമിന് ഒരു വാഗ്ദാനം നൽകി. ഭൂമിയിലുള്ള എല്ലാ മനുഷ്യരെയും ബാധിക്കുന്ന ഒന്നായിരുന്നു അത്. ‘ഞാൻ നിന്നെ ഒരു മഹാജനതയാക്കും’ എന്നാണു ദൈവം പറഞ്ഞത്. ആ ജനത കൈവശമാക്കാനിരിക്കുന്ന മനോഹരമായ ദേശം ദൈവം അബ്രാഹാമിനു കാണിച്ചുകൊടുക്കുകയും ചെയ്തു. (ഉൽപ. 12:2; 13:14, 15) എന്നാൽ ആ ജനത ഉണ്ടാകുന്നതിനു മുമ്പുതന്നെ അതു തടയാനാണു സാത്താൻ ശ്രമിച്ചത്. കാരണം സാത്താനെയും അവന്റെ ദുഷ്ടലോകത്തെയും തകർക്കുന്ന മുൻകൂട്ടിപ്പറഞ്ഞ ആ “സന്തതി” വരുന്നത് ആ ജനതയിലൂടെയാണെന്നു പിശാചിന് അറിയാമായിരുന്നു.—ഉൽപ. 3:15.
അബ്രാഹാമും കുടുംബവും സാത്താന്റെ ആക്രമണങ്ങൾക്ക് ഇരയായി. ഉദാഹരണത്തിന്, അബ്രാഹാമിന്റെ സഹോദരപുത്രനായ ലോത്തിന്റെ കാര്യമെടുക്കുക. വാഗ്ദത്തദേശത്ത് എവിടെ താമസിക്കണമെന്ന് ആദ്യം തീരുമാനിക്കാനുള്ള അവസരം അബ്രാഹാം സ്നേഹത്തോടെ ലോത്തിനു നൽകി. സമ്പന്നവും ഫലഭൂയിഷ്ഠവും ആയ ഒരു പ്രദേശമാണു ലോത്ത് തിരഞ്ഞെടുത്തത്. അതു സൊദോം നഗരത്തിന് അടുത്തായിരുന്നു. അവിടെയുള്ള ആളുകൾ “ദുഷ്ടരും യഹോവയുടെ മുമ്പാകെ കൊടുംപാപികളും ആയിരുന്നു.” (ഉൽപ. 13:8-13) സൊദോം രാജാവിനും മറ്റു നാലു കനാന്യരാജാക്കന്മാർക്കും ഏലാം രാജാവിനോടു ദേഷ്യം തോന്നി. കാരണം അവർ ആ രാജാവിനു കപ്പം കൊടുത്ത് മടുത്തിരുന്നു. അതുകൊണ്ട് അവർ ഏലാം രാജാവിന് എതിരെ തിരിഞ്ഞു. അപ്പോൾ ഏലാം രാജാവ് വേറെ മൂന്നു രാജാക്കന്മാരോടൊപ്പം ദൂരെനിന്ന് ഈ കനാന്യരാജാക്കന്മാർക്ക് എതിരെ യുദ്ധത്തിനു വരുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തു. ഏലാം രാജാവും കൂട്ടരും സ്വന്തം നാട്ടിലേക്കു തിരികെ പോയപ്പോൾ ഇവിടെനിന്ന് കുറെ സാധനങ്ങൾ കൊള്ളയായി കൊണ്ടുപോയി; ഒപ്പം കുറെ ആളുകളെ ബന്ദികളായും. അവരിൽ ലോത്തും കുടുംബവും ഉണ്ടായിരുന്നു.
അബ്രാഹാം ധൈര്യത്തോടെ തന്റെകൂടെയുള്ള 318 ആളുകളെയുംകൊണ്ട് കരുത്തരായ നാലു രാജാക്കന്മാരുടെ സൈന്യത്തെ പിന്തുടർന്ന് ചെന്ന് അവർക്ക് എതിരെ പോരാടി
അബ്രാഹാം ഇപ്പോൾ എന്തു ചെയ്യും? ‘ലോത്തിനെ രക്ഷിക്കാൻ ഞാൻ എന്തിനു പോകണം? സൊദോമിലേക്കു പോകാനുള്ള തീരുമാനം ലോത്തുതന്നെ എടുത്തതല്ലേ? അതുകൊണ്ടാണല്ലോ ഈ പ്രശ്നങ്ങളൊക്കെ നേരിടേണ്ടിവന്നത്’ എന്നു വേണമെങ്കിൽ അബ്രാഹാമിനു ചിന്തിക്കാമായിരുന്നു. ഇനി, ലോത്തിനെ രക്ഷിക്കാൻ പോയാൽ കരുത്തരായ ആ നാലു രാജാക്കന്മാരുടെ സഖ്യത്തോട് അബ്രാഹാമിനു യുദ്ധം ചെയ്യേണ്ടിവരുമായിരുന്നു. യുദ്ധപരിചയമൊന്നും ഇല്ലാത്ത നാടോടിയായ ഒരു ഇടയന് ഒറ്റക്കെട്ടായി നിൽക്കുന്ന ആ സൈന്യത്തെ എങ്ങനെ തോൽപ്പിക്കാനാകും? അതുപോലെ ആ നാലു പേരിൽ ഒരാളെങ്കിലും ശിനാർ ഭരിക്കുന്ന രാജാവുമാണ്. അബ്രാഹാമാണെങ്കിൽ ശിനാർ ദേശത്തെ ഊർ നഗരത്തിൽനിന്നുള്ള ആളും. ആ രാജാവിനോടു യുദ്ധത്തിനു പോയാൽ പിന്നെ ഒരിക്കലും അബ്രാഹാമിന് എല്ലാവിധ സുഖസൗകര്യങ്ങളുമുള്ള തന്റെ നാട്ടിലേക്കു തിരിച്ചുപോകാനാകുമായിരുന്നില്ല. പക്ഷേ അബ്രാഹാം അങ്ങനെയൊന്നും ചിന്തിച്ചില്ല. യഹോവ തന്റെ കൂടെയുണ്ടായിരിക്കുമെന്നും തനിക്കു ജയം നൽകുമെന്നും ഉള്ള ഉറപ്പോടെ ലോത്തിനെ രക്ഷിക്കാൻതന്നെ അദ്ദേഹം തീരുമാനിച്ചു.
ആ സമയമായപ്പോഴേക്കും അബ്രാഹാമിന്റെകൂടെ 1,000-ത്തിലേറെ ആളുകൾ ഉണ്ടായിരുന്നിരിക്കാം. അക്കൂട്ടത്തിൽ യുദ്ധപരിശീലനം ലഭിച്ച 318 ദാസന്മാരുണ്ടായിരുന്നു. അവരെയുംകൂട്ടി അബ്രാഹാം യുദ്ധത്തിനു പോയി. അബ്രാഹാമുമായി സഖ്യതയിലായിരുന്ന മറ്റു ചിലരും കൂടെയുണ്ടായിരുന്നു. അങ്ങു വടക്ക് ദാനിൽ എത്തിയപ്പോൾ അവർ ശത്രുസൈന്യത്തെ കണ്ടു. അബ്രാഹാം തന്റെ ആളുകളെ പല സംഘങ്ങളായി തിരിച്ച് രാത്രിയിൽ ശത്രുക്കളെ ആക്രമിച്ചു. അബ്രാഹാമിന്റെ കൂടെയുണ്ടായിരുന്നവർ എണ്ണത്തിൽ കുറവായിരുന്നെങ്കിലും അവർ ശത്രുസൈന്യത്തെ തോൽപ്പിച്ച് ഓടിച്ചു. ആ നാലു രാജാക്കന്മാരും കൂടെയുള്ള ആളുകളും കൂടുതൽ വടക്കോട്ട് നീങ്ങിയെങ്കിലും അബ്രാഹാം അവരെ പിന്തുടർന്നു. അവസാനം ദമസ്കൊസിന് അടുത്തുവെച്ച് അബ്രാഹാം അവരെ പൂർണമായി പരാജയപ്പെടുത്തുകയും കനാനിൽനിന്ന് കൊള്ളയായി കൊണ്ടുപോയതെല്ലാം തിരിച്ചുപിടിക്കുകയും ചെയ്തു. അങ്ങനെ ലോത്തിനെയും കുടുംബത്തെയും രക്ഷപ്പെടുത്തി.
അബ്രാഹാം കാണിച്ച ധൈര്യത്തെയും വിശ്വാസത്തെയും യഹോവ എങ്ങനെയാണു കണ്ടത്? അബ്രാഹാം ശാലേം നഗരത്തിന് അടുത്തുകൂടി കടന്നുപോയപ്പോൾ ഉണ്ടായ ഒരു കാര്യത്തിൽനിന്ന് നമുക്ക് അതു മനസ്സിലാക്കാം. ശാലേം നഗരത്തിലെ രാജാവായ മൽക്കീസേദെക്ക് യഹോവയുടെ ഒരു പുരോഹിതനുമായിരുന്നു. മൽക്കീസേദെക്ക് അബ്രാഹാമിനെ കാണാനും യഹോവയുടെ നാമത്തിൽ അനുഗ്രഹിക്കാനും നഗരത്തിൽനിന്ന് വന്നു. അബ്രാഹാം താഴ്മയോടെ, താൻ പിടിച്ചെടുത്ത കൊള്ളവസ്തുക്കളിൽ വിശേഷപ്പെട്ടവയുടെ പത്തിലൊന്നു മൽക്കീസേദെക്കിനു കൊടുത്തു.
ഉറപ്പായും അബ്രാഹാം നടത്തിയ ആ യുദ്ധം യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിൽ, യഹോവയുടെ സഹായത്താൽ, നടത്തിയ ഒന്നായിരുന്നു എന്നാണ് അതു കാണിക്കുന്നത്. ബൈബിളിൽ ‘യഹോവയുടെ യുദ്ധപുസ്തകത്തെക്കുറിച്ച്’ പറഞ്ഞിട്ടുണ്ട്. (സംഖ്യ 21:14) അബ്രാഹാം നടത്തിയ ഈ യുദ്ധമായിരിക്കാം അതിൽ ആദ്യം രേഖപ്പെടുത്തിയത്. നൂറ്റാണ്ടുകൾക്കു ശേഷം അബ്രാഹാമിന്റെ പിൻതലമുറക്കാർ വാഗ്ദത്തദേശം കൈവശമാക്കാനായി ദുഷ്ടരായ കനാന്യർക്ക് എതിരെ യുദ്ധം ചെയ്തപ്പോൾ തന്റെ വിശ്വസ്തജനത്തിന് യഹോവ ഒന്നിനു പുറകേ ഒന്നായി വിജയം നൽകി.
എന്നാൽ പിന്നീട് ദൈവജനം യഹോവയെ ഉപേക്ഷിച്ചപ്പോൾ അവർക്കു യഹോവയുടെ സംരക്ഷണം നഷ്ടമായി. അവസാനം അവർ തന്റെ പുത്രനായ മിശിഹയെ തള്ളിക്കളഞ്ഞപ്പോൾ യഹോവ അവരെ പൂർണമായി ഉപേക്ഷിക്കുകയും ചെയ്തു. എന്നിട്ട് ആ ഇസ്രായേൽ ജനതയ്ക്കു പകരം ക്രിസ്തുവിന്റെ നേതൃത്വത്തിൻകീഴിലുള്ള അഭിഷിക്തക്രിസ്ത്യാനികളുടെ ഒരു കൂട്ടത്തെ യഹോവ അനുഗ്രഹിക്കാൻതുടങ്ങി. എന്നാൽ അക്ഷരാർഥത്തിലുള്ള യുദ്ധം ചെയ്യുന്നതിൽനിന്ന് യേശു തന്റെ ശിഷ്യന്മാരെ വിലക്കി. (മത്താ. 26:52) പകരം ഒരു ആത്മീയപോരാട്ടം എങ്ങനെ നടത്താമെന്നു യേശു അവരെ പഠിപ്പിച്ചു. അതിനും നല്ല ധൈര്യം ആവശ്യമാണെന്നു യേശു തന്റെ മാതൃകയിലൂടെ കാണിക്കുകയും ചെയ്തു.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
തന്റെ ജീവിതത്തിലെ ഈ ഒരു സമയത്ത് അബ്രാഹാം എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. ഈ വിവരണം കൃത്യതയുള്ളതാണെന്നതിന് എന്തെല്ലാം പുരാവസ്തു തെളിവുകളാണുള്ളത്? (w89 7/1 പേ. 5 ഖ. 4–പേ. 6 ഖ. 1-wcgr)
2. സൊദോമിനെയും ഗൊമോറയെയും കുറിച്ചുള്ള ബൈബിൾവിവരണം സത്യമാണെന്നതിനു ഭൂമിശാസ്ത്രപരമായി എന്തു തെളിവാണുള്ളത്? (it “ഉപ്പുകടൽ” ഖ. 6-wcgr) A
BestTravelPhotography/iStock via Getty Images Plus
ചിത്രം A: പുരാതന സൊദോം സ്ഥിതിചെയ്തിരിക്കാൻ സാധ്യതയുള്ള പ്രദേശത്ത് ഇന്നും ഈന്തപ്പനകളും മറ്റു ചെടികളും ധാരാളമായി കാണാം
3. ശാലേമിലെ രാജാവും ഒരു പുരോഹിതനും ആയിരുന്നു മൽക്കീസേദെക്ക്. എവിടെയായിരുന്നു ഈ ശാലേം? (it “ശാലേം”-wcgr)
4. മൽക്കീസേദെക്കിനും യേശുവിനും തമ്മിൽ എന്തെല്ലാം സമാനതകളുണ്ട്? (it “മഹാപുരോഹിതൻ” ഖ. 27-28-wcgr) B
ചിത്രം B
നമുക്കുള്ള പാഠങ്ങൾ
ദേശത്തിന്റെ ഏറ്റവും നല്ല ഭാഗം തിരഞ്ഞെടുക്കാൻ അബ്രാഹാം ലോത്തിനെ അനുവദിച്ചു. കുടുംബത്തിലുള്ളവരോടും സഹാരാധകരോടും മറ്റുള്ളവരോടും ഇടപെടുമ്പോൾ നമുക്ക് എങ്ങനെ അബ്രാഹാമിനെ അനുകരിക്കാം? C
ചിത്രം C
ലോത്തിനെ രക്ഷിക്കാൻ അബ്രാഹാം തയ്യാറായതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
ഈ വിവരണത്തിലെ അബ്രാഹാമിന്റെ ധൈര്യം മറ്റ് ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്ക് അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന അബ്രാഹാമിനോടും ലോത്തിനോടും എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
അബ്രാഹാം യഹോവയിൽ പൂർണമായി വിശ്വസിക്കാൻ തുടങ്ങിയത് എങ്ങനെ?
ഊർ നഗരം വിട്ടുപോകുന്നതിനു മുമ്പുതന്നെ അബ്രാഹാം ധൈര്യം കാണിച്ചത് എങ്ങനെ?