3 സാറ
തിരിഞ്ഞ് നോക്കിയില്ല
സാറ അബ്രാഹാമിന്റെ പ്രിയ ഭാര്യയായിരുന്നു. ശിനാർ ദേശത്തുള്ള ഊർ നഗരത്തിലാണ് അവർ താമസിച്ചിരുന്നത്. മഹാനദിയായ യൂഫ്രട്ടീസിന്റെ തീരത്ത് ചുറ്റും കൂറ്റൻ മതിലുകളോടുകൂടിയ വലിയൊരു നഗരമായിരുന്നു അത്. അവിടെയുള്ള ആളുകളെല്ലാം കടുത്ത വിഗ്രഹാരാധകർ ആയിരുന്നെങ്കിലും അബ്രാഹാം അവരിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നു. ഏക സത്യദൈവമായ യഹോവയെയാണ് അദ്ദേഹം ആരാധിച്ചത്. സാറയും ആ ദൈവത്തിൽത്തന്നെ വിശ്വസിച്ചിരുന്നു. എന്നാൽ ഒരു ദിവസം സാറയുടെ വിശ്വാസത്തിനും ധൈര്യത്തിനും കൂടുതലായ പരീക്ഷണം നേരിട്ടു. എന്താണു സംഭവിച്ചത്?
യഹോവ തന്നോടു സംസാരിച്ചെന്ന് ഒരു ദിവസം അബ്രാഹാം സാറയോടു പറഞ്ഞു. അതു കേട്ടപ്പോൾ സാറ വലിയ ആവേശത്തിലായി. എന്നാൽ യഹോവ പറഞ്ഞ കാര്യം ചെയ്യുന്നത് അത്ര എളുപ്പമായിരുന്നില്ല. ഊർ നഗരത്തിലുള്ള തങ്ങളുടെ സ്വന്തം വീടും ബന്ധുക്കളെയും എല്ലാം വിട്ട് അവർ ദൂരെയുള്ള ഒരു ദേശത്തേക്കു പോകണമായിരുന്നു. ദാസീദാസന്മാരെയെല്ലാം കൂട്ടി ഒട്ടകപ്പുറത്തുള്ള ഒരു നീണ്ട യാത്രയായിരുന്നു അത്. മാത്രമല്ല, അവർ കൂടാരങ്ങളിൽ താമസിക്കുകയും ചെയ്യണമായിരുന്നു. കൂറ്റൻ നഗരമതിലുകളുടെയോ കാവൽക്കാരുടെയോ സംരക്ഷണം ഇനി അവർക്കില്ല. അതുപോലെ ജലവിതരണ സംവിധാനങ്ങളും മറ്റു സുഖസൗകര്യങ്ങളും ഉള്ള വലിയ വീടില്ല. സാധനങ്ങൾ വാങ്ങാൻ ചന്തസ്ഥലങ്ങളും ഇല്ല! അങ്ങനെ ഒരുപാടൊരുപാട് പ്രശ്നങ്ങൾ. എന്നിട്ടും സാറ പോകാൻ തയ്യാറായി. യഹോവയിൽ വിശ്വാസം അർപ്പിച്ച സാറ സാധനങ്ങളെല്ലാം എടുത്ത് കൂട്ടുകാരോടും ബന്ധുക്കളോടും ഒക്കെ യാത്ര പറഞ്ഞ് അബ്രാഹാമിനോടൊപ്പം പോയി, എങ്ങോട്ടാണെന്നുപോലും അറിയാതെ.
സുരക്ഷിതമായ ഒരു ജീവിതത്തിലേക്കു തിരിച്ചുപോകാൻ അബ്രാഹാമിനെ നിർബന്ധിക്കുന്നതിനു പകരം യഹോവ അയയ്ക്കുന്നിടത്തേക്കു പോകാനുള്ള അബ്രാഹാമിന്റെ തീരുമാനത്തെ സാറ പിന്തുണച്ചു
മറ്റൊരു വിധത്തിലും സാറ ധൈര്യം കാണിച്ചു. അപ്പോസ്തലനായ പൗലോസ് അബ്രാഹാമിനെയും സാറയെയും കുറിച്ച് എഴുതിയത് ഇങ്ങനെയാണ്: “തങ്ങൾ വിട്ടുപോന്ന ദേശത്തെക്കുറിച്ചായിരുന്നു അവരുടെ ചിന്തയെങ്കിൽ അവിടേക്കു മടങ്ങിപ്പോകാൻ അവർക്ക് അവസരങ്ങളുണ്ടായിരുന്നു.” (എബ്രാ. 11:15) ഊർ നഗരത്തിലെ തന്റെ വീടിനെക്കുറിച്ചും അവിടെയുണ്ടായിരുന്ന സംരക്ഷണത്തെക്കുറിച്ചും ഒക്കെ സാറയ്ക്കു വേണമെങ്കിൽ ചിന്തിക്കാമായിരുന്നു. എന്നാൽ സാറ അങ്ങനെ ചെയ്തില്ല. പകരം ധൈര്യത്തോടെ മുന്നോട്ടുപോകാൻതന്നെ തീരുമാനിച്ചു.
അങ്ങനെ അവസാനം അവർ കനാൻ ദേശത്ത് എത്തി. യൂഫ്രട്ടീസ്പോലുള്ള വലിയ നദികളൊന്നും ഇല്ലാത്തതുകൊണ്ട് ദൂരസ്ഥലങ്ങളിൽനിന്ന് കപ്പൽമാർഗം അവിടേക്കു സാധനങ്ങൾ എത്തുന്നില്ലെന്ന കാര്യം സാറ പെട്ടെന്നുതന്നെ മനസ്സിലാക്കി. അതുകൊണ്ട് കനാൻ ദേശത്ത് ക്ഷാമം വന്നപ്പോൾ അവർക്കു മറ്റൊരു സ്ഥലത്തേക്കു മാറുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ശരിക്കും ബുദ്ധിമുട്ടുള്ള സമയമായിരുന്നിരിക്കണം അത്. എന്നിട്ടും ഊർ ദേശത്തേക്കു തിരിച്ചുപോകാൻ സാറ വാശിപിടിച്ചില്ല, പകരം മനസ്സോടെ അബ്രാഹാമിന്റെകൂടെ ഈജിപ്തിലേക്കു പോകാൻ തയ്യാറായി.
സാറ നല്ല സുന്ദരിയായിരുന്നതുകൊണ്ട് സാറയെ സ്വന്തമാക്കുന്നതിനുവേണ്ടി തന്നെ ആരെങ്കിലും കൊന്നുകളയുമോ എന്ന് അബ്രാഹാം പേടിച്ചു. അതുകൊണ്ട് തന്റെ പെങ്ങളാണെന്നു പറയാൻ അബ്രാഹാം സാറയോട് ആവശ്യപ്പെട്ടു. പക്ഷേ ഈജിപ്തിലെ ഫറവോൻ സാറയുടെ സൗന്ദര്യത്തെക്കുറിച്ച് അറിഞ്ഞപ്പോൾ സാറയെ തന്റെ അരമനയിലേക്കു കൊണ്ടുവരാൻ ഉത്തരവിട്ടു. ഒരു നാടോടിയായി പല സ്ഥലങ്ങളിൽ കൂടാരം അടിച്ച് കഴിയുന്നതിനെക്കാൾ എത്ര സുഖകരവും സുരക്ഷിതവും ആണ് കൊട്ടാരത്തിലെ ജീവിതമെന്നു സാറയ്ക്കു ചിന്തിക്കാമായിരുന്നു. എന്നാൽ അബ്രാഹാമിനെ ഉപേക്ഷിച്ച് ഫറവോനോടൊപ്പം സുഖമായി കഴിയാമെന്നു സാറ ചിന്തിച്ചോ? ഇല്ല. സാറ ധൈര്യം കാണിക്കുകയും ഭർത്താവിനോടു വിശ്വസ്തയായി നിൽക്കുകയും ചെയ്തതുകൊണ്ട് യഹോവ സാറയെ രക്ഷിച്ചു. അങ്ങനെ സാറയ്ക്കു പെട്ടെന്നുതന്നെ തന്റെ പ്രിയപ്പെട്ടവന്റെ അടുത്ത് മടങ്ങിയെത്താനായി.a
അബ്രാഹാമിൽനിന്ന് ഒരു വലിയ ജനതയുണ്ടാകുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സാറയ്ക്ക് അതുവരെ ഒരു കുഞ്ഞിനു ജന്മം നൽകാൻ കഴിഞ്ഞിരുന്നില്ല. അതു സാറയ്ക്കു വലിയൊരു സങ്കടമായിരുന്നു. എന്നാൽ കനാനിൽ എത്തി, വർഷങ്ങൾക്കു ശേഷം യഹോവ സാറയെ അനുഗ്രഹിച്ചു. സാറയ്ക്ക് ഒരു ആൺകുഞ്ഞ് ജനിച്ചു. അങ്ങനെ 90 വയസ്സുണ്ടായിരുന്നെങ്കിലും സാറയുടെ ആ വലിയ ആഗ്രഹം യഹോവ സാധിച്ചുകൊടുത്തു. യഹോവ പറഞ്ഞതനുസരിച്ച് അവർ കുഞ്ഞിനു യിസ്ഹാക്ക് എന്നു പേരിട്ടു. “ചിരി” എന്നാണ് ആ പേരിന്റെ അർഥം. ആ പേര് എന്തുകൊണ്ടും ചേരുമായിരുന്നു. കാരണം, തങ്ങൾക്ക് ഒരു മകൻ ഉണ്ടാകുമെന്ന് അറിഞ്ഞപ്പോൾ അബ്രാഹാമും സാറയും സന്തോഷംകൊണ്ട് ചിരിച്ചിരുന്നു. കൂടാതെ, യഹോവ തനിക്കുവേണ്ടി ചെയ്ത ഈ അത്ഭുതത്തെക്കുറിച്ച് കേൾക്കുമ്പോൾ മറ്റ് ആളുകളും തന്നോടൊപ്പം ചിരിക്കുമെന്നു സാറയ്ക്ക് ഉറപ്പുണ്ടായിരുന്നു.
സാറ കുറെക്കാലം ജീവിച്ചു. അങ്ങനെ തന്റെ മകനെ വളർത്തിക്കൊണ്ടുവരാനും അവൻ നല്ലൊരു വ്യക്തിയായി ജീവിക്കുന്നതു കാണാനും സാറയ്ക്കു കഴിഞ്ഞു. സാറ സ്നേഹമുള്ള ഒരു അമ്മയായിരുന്നതുകൊണ്ടും മകനെ സംരക്ഷിക്കാനുള്ള ധൈര്യം കാണിച്ചതുകൊണ്ടും ആണ് അതു സാധിച്ചത്. താൻ വിട്ടിട്ടുപോന്ന ആ സുഖകരമായ ജീവിതത്തിലേക്കു സാറ മരണംവരെ തിരിഞ്ഞുനോക്കിയില്ല. പകരം വരാനിരിക്കുന്ന ആ നല്ല ഭാവിയിലേക്കാണു നോക്കിയത്. യഹോവ വാഗ്ദാനം ചെയ്ത ആ ഭാവിജീവിതം സാറയും കുടുംബവും ഇതുവരെ കണ്ടിട്ടില്ല. എന്നാൽ പെട്ടെന്നുതന്നെ അവർ അതു കാണുമെന്ന് ഉറപ്പാണ്!
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
സാറ എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. സാറയും തന്റെ അർധസഹോദരനായ അബ്രാഹാമും തമ്മിൽ വിവാഹം കഴിച്ചതിൽ തെറ്റുണ്ടോ? (wp17.3 പേ. 12 ഖ. 5, അടിക്കുറിപ്പ്)
2. സാറ ഊർ നഗരത്തിൽ ഉപേക്ഷിച്ച് പോന്നത് എന്തൊക്കെയായിരിക്കാമെന്നു വിശദീകരിക്കുക. (wp17.3 പേ. 13 ഖ. 3–പേ. 14 ഖ. 2) A
Photograph taken by courtesy of the British Museum
ചിത്രം A: പുരാതന ഊർ നഗരം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തുനിന്ന് കുഴിച്ചെടുത്ത ഒരു ആഭരണം
3. സാറ തന്റെ ഭാര്യയാണെന്ന കാര്യം അബ്രാഹാം മറച്ചുവെച്ചതു ജ്ഞാനമായിരുന്നെന്നു പറയാനാകുന്നത് എന്തുകൊണ്ട്? (wp17.3 പേ. 14 ഖ. 6–പേ. 15 ഖ. 1)
4. സാറ അബ്രാഹാമിനു കീഴ്പെട്ടിരുന്നു എന്നതിന്റെ അർഥം തന്റെ അഭിപ്രായങ്ങൾ ഒന്നും ഒരിക്കലും തുറന്നുപറഞ്ഞില്ലെന്നാണോ? വിശദീകരിക്കുക. (g 1/08 പേ. 29 ഖ. 4-5) B
ചിത്രം B
നമുക്കുള്ള പാഠങ്ങൾ
സാറയെയും ലോത്തിന്റെ ഭാര്യയെയും തമ്മിൽ താരതമ്യം ചെയ്യുക.
അവർ തമ്മിലുള്ള സമാനതകൾ എന്തൊക്കെയാണ്? (ഉൽപ. 12:1; 13:5-7; 19:12, 15)
അവർ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്? (ഉൽപ. 19:17, 26; ലൂക്കോ. 17:28-32)
അവരെടുത്ത തീരുമാനങ്ങളിൽനിന്നും അവർക്ക് എന്തു സംഭവിച്ചു എന്നതിൽനിന്നും നമുക്ക് എന്തു പഠിക്കാം?
സാറ വളരെ സുന്ദരിയും ഭർത്താവ് സമ്പന്നനും ആയിരുന്നു. നമ്മുടെ സാഹചര്യം അതുപോലെ ഒന്നാണെങ്കിൽ സാറയുടെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (സുഭാ. 31:30; 1 തിമൊ. 6:17-19)
നിങ്ങൾക്ക് എങ്ങനെ സാറയുടെ ധൈര്യം അനുകരിക്കാം? C
ചിത്രം C
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന സാറയോട് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
സാറയുടെ മാതൃക ഭാര്യമാർക്കു മാത്രമുള്ളതാണോ? ഭർത്താക്കന്മാർക്കും ആ മാതൃകയിൽനിന്ന് എന്തൊക്കെ പഠിക്കാം?
അബ്രാഹാമും സാറയും, പരസ്പരം ബഹുമാനിക്കുന്നുണ്ടെന്നു തെളിയിക്കാൻ എന്തെല്ലാം ചെയ്തു?
“‘യാഹിന്റെ ജ്വാല’ അണയാതെ സൂക്ഷിക്കുക” (w23.05 പേ. 24-25 ഖ. 15-17)
a പിന്നീട് അബീമേലെക്ക് രാജാവ് സാറയെ പിടിച്ചുകൊണ്ട് പോയപ്പോഴും സാറയ്ക്ക് ഇങ്ങനെ ഒരു അനുഭവമുണ്ടായി. സാറ അപ്പോൾ അബ്രാഹാമിന്റെ നിർദേശങ്ങൾ ധൈര്യത്തോടെ അനുസരിക്കുകയും യഹോവ വീണ്ടും സാറയെ രക്ഷിക്കുകയും ചെയ്തു.