2 നോഹ
ലോകത്തെ കുറ്റം വിധിച്ചു
ഹാനോക്കിന്റെ കാലത്തിനു ശേഷം ഭൂമിയിലെ അവസ്ഥ കൂടുതൽ മോശമായി. എന്താണു സംഭവിച്ചത്? സ്വർഗത്തിലെ ദൂതന്മാരിൽ ചിലർ ദൈവത്തെ ധിക്കരിച്ചു. ആ ദുഷ്ടദൂതന്മാർ സ്ത്രീകളോടു മോഹം തോന്നിയിട്ട് മനുഷ്യരൂപമെടുത്ത് ഭൂമിയിൽ വരുകയും തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെയെല്ലാം ഭാര്യമാരാക്കുകയും ചെയ്തു. അവരുടെ മക്കളായ സങ്കരസന്തതികളെ നെഫിലിമുകൾ എന്നാണു വിളിച്ചിരുന്നത്. അവർ അങ്ങേയറ്റം ക്രൂരന്മാരും അക്രമികളും ആയിരുന്നു. അവരുടെ സ്വാധീനത്തിൽപ്പെട്ട് ഭൂമിയിലെ ആളുകൾ കൂടുതൽ ദുഷ്ടന്മാരായി. അങ്ങനെ, ദൈവം നോക്കിയപ്പോൾ തന്റെ മനോഹരസൃഷ്ടിയായ മനുഷ്യസമൂഹം ആകെ ദുഷിച്ചിരിക്കുന്നതായി കണ്ടു. എന്നാൽ ഒരു മനുഷ്യൻ അവരിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നു: ഹാനോക്കിന്റെ കൊച്ചുമകന്റെ മകനായ നോഹ.
ഹാനോക്കിനെപ്പോലെ നോഹയും നീതിമാനായിത്തീർന്നു. എപ്പോഴും ദൈവത്തെ അനുസരിച്ചതുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് ബൈബിൾ പറയുന്നത് “നോഹ സത്യദൈവത്തോടുകൂടെ നടന്നു” എന്നാണ്. പിന്നീട് നോഹ കല്യാണം കഴിച്ചു. അവർ രണ്ടു പേരും ചേർന്ന് തങ്ങളുടെ മൂന്ന് ആൺമക്കളെയും യഹോവയെ അനുസരിക്കാൻ പഠിപ്പിച്ചു. അതുകൊണ്ടുതന്നെ അവരുടെ കുടുംബം ചുറ്റുമുള്ളവരെപ്പോലെയായിരുന്നില്ല.
ഒരു ദിവസം യഹോവ നോഹയോട്, താൻ ഒരു ജലപ്രളയത്തിലൂടെ ഭൂമിയിലെ എല്ലാ ദുഷ്ടന്മാരെയും നശിപ്പിക്കാൻ പോകുകയാണെന്നു പറഞ്ഞു. എന്നാൽ നീതിമാന്മാരെ രക്ഷിക്കാൻ യഹോവ ആഗ്രഹിച്ചു. അതുകൊണ്ട് നോഹയോട് ഒരു വലിയ പെട്ടകം പണിയാൻ ആവശ്യപ്പെട്ടു. യഹോവ പറഞ്ഞതുപോലുള്ള ഒരു ആഗോളപ്രളയം നോഹ ഒരിക്കലും കണ്ടിട്ടില്ലായിരുന്നു. അതുപോലുള്ള ഒരു കൂറ്റൻ പെട്ടകം നോഹ മുമ്പ് പണിതിട്ടുമില്ല. എന്നാൽ യഹോവയുടെ വാഗ്ദാനങ്ങളിൽ വിശ്വസിച്ചുകൊണ്ട് നോഹ പണി തുടങ്ങി.
തങ്ങളുടെ സന്ദേശത്തെയും പ്രവർത്തനത്തെയും വെറുത്തിരുന്ന കരുത്തരും ദുഷ്ടരും ആയ ശത്രുക്കളെ നോഹയ്ക്കും കുടുംബത്തിനും നേരിടേണ്ടിവന്നു
ഇതു ചെയ്യാൻ നോഹയ്ക്കും കുടുംബത്തിനും നല്ല ധൈര്യം വേണമായിരുന്നു. കാരണം സാധ്യതയനുസരിച്ച് പല ആളുകളും അവരെ കളിയാക്കുകയും ജോലി തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ശക്തരായ ദുഷ്ടദൂതന്മാരും അവർക്ക് ഒരു ഭീഷണിയായിരുന്നു. ആ ദുഷ്ടദൂതന്മാരുടെ മക്കളാണെങ്കിൽ മറ്റുള്ളവരെ ക്രൂരമായി ഉപദ്രവിക്കുന്നവരുമായിരുന്നു. പക്ഷേ നോഹയും ഭാര്യയും മൂന്നു പുത്രന്മാരും അവരുടെ ഭാര്യമാരും തങ്ങളുടെ ജോലി തുടർന്നു. ഏതാണ്ട് 50 വർഷത്തോളം ആ എട്ടു പേരും പെട്ടകം പണിയുന്ന ജോലിയിൽ മുഴുകി.
പെട്ടകം പണിയുന്നതോടൊപ്പം നോഹ മറ്റൊരു കാര്യവും ചെയ്തു. ബൈബിൾ അദ്ദേഹത്തെ വിളിക്കുന്നത് “നീതിയെക്കുറിച്ച് പ്രസംഗിച്ച നോഹ” എന്നാണ്. വരാൻപോകുന്ന നാശത്തെക്കുറിച്ച് ആളുകൾക്കു മുന്നറിയിപ്പു കൊടുക്കുന്നതിൽ കുടുംബനാഥൻ എന്ന നിലയിൽ നോഹ തന്റെ കുടുംബത്തിനു നല്ലൊരു മാതൃകവെച്ചു. പക്ഷേ അതൊന്നും ശ്രദ്ധിക്കാൻ ആരും തയ്യാറായില്ല, അദ്ദേഹത്തിന്റെ ബന്ധുക്കൾപോലും. തങ്ങളുടെ ദുഷ്ടവഴികൾക്കു മാറ്റം വരുത്താൻ അവരൊന്നും തയ്യാറല്ലായിരുന്നു. നോഹയുടെ ശക്തമായ വിശ്വാസം ചുറ്റുമുള്ള ആളുകളിൽനിന്നും അദ്ദേഹത്തെ വളരെ വ്യത്യസ്തനാക്കി. ‘വിശ്വാസത്താൽ നോഹ ലോകത്തെ കുറ്റം വിധിച്ചു’ എന്നു ബൈബിൾ പറയുന്നതിൽ ഒട്ടും അതിശയമില്ല.
അവസാനം നോഹയും കുടുംബവും പെട്ടകത്തിന്റെ പണി പൂർത്തിയാക്കി. അടുത്തതായി അവർ തങ്ങൾക്കും പെട്ടകത്തിൽ കയറ്റുന്ന മൃഗങ്ങൾക്കും ആവശ്യമായ ഭക്ഷണവും വെള്ളവും മറ്റു സാധനങ്ങളും ശേഖരിക്കണമായിരുന്നു. അതിനിടെ അതിശയിപ്പിക്കുന്ന ഒരു കാര്യം നടന്നു: എല്ലാ തരം ജീവികളും ആണും പെണ്ണും ആയി പെട്ടകത്തിന് അടുത്തേക്കു വരാൻതുടങ്ങി! അവ ‘ജോടിയായി പെട്ടകത്തിൽ നോഹയുടെ അടുത്ത് ചെന്നു.’
കുടുംബത്തെയുംകൂട്ടി പെട്ടകത്തിൽ കടക്കുന്നതിന് ഒരുങ്ങാൻ ദൈവം നോഹയോടു പറഞ്ഞു. കാരണം ഏഴു ദിവസം കഴിയുമ്പോൾ മഴ തുടങ്ങുമായിരുന്നു. സാധനങ്ങളെല്ലാം പെട്ടകത്തിൽ കയറ്റാനും എല്ലാം ഒന്നു ക്രമീകരിക്കാനും അവർ അവസാനനിമിഷം തിരക്കിട്ട് ജോലി ചെയ്യുന്നതു നിങ്ങൾക്കു ഭാവനയിൽ കാണാൻ കഴിയുന്നുണ്ടോ? ആളുകൾ ഇപ്പോൾ അവരെ കൂടുതൽ കളിയാക്കിക്കാണും. എന്നാൽ അവർ എല്ലാ സാധനങ്ങളും പെട്ടകത്തിൽ കയറ്റി, അവരും ഉള്ളിൽ കടന്നപ്പോൾ യഹോവതന്നെ പെട്ടകത്തിന്റെ വാതിൽ അടച്ചു. അതു കണ്ടപ്പോൾ ആ പരിഹാസികളുടെ വായ് അടഞ്ഞുകാണും. പിന്നെ പെരുമഴ തുടങ്ങി. 40 ദിവസം അതു തുടർന്നു. പർവതങ്ങൾപോലും മൂടുന്നതുവരെ വെള്ളം പൊങ്ങിക്കൊണ്ടിരുന്നു. അങ്ങനെ യഹോവ ഭൂമിയിൽനിന്ന് ദുഷ്ടത തുടച്ചുനീക്കി.
നോഹയും കുടുംബവും ഒരു വർഷത്തിലേറെ സുരക്ഷിതരായി ആ പെട്ടകത്തിൽ കഴിഞ്ഞു. അതിനിടെ വെള്ളം ക്രമേണ ഇറങ്ങിത്തുടങ്ങി. അവസാനം പെട്ടകം ഒരു പർവതത്തിൽ ഉറച്ചു. പിന്നീട് യഹോവ നോഹയോട് ഇനി പെട്ടകത്തിൽനിന്ന് പുറത്ത് കടക്കാമെന്നു പറഞ്ഞു. പെട്ടകത്തിൽനിന്ന് പുറത്ത് വന്ന അവർ യഹോവ തങ്ങളുടെ ജീവൻ രക്ഷിച്ചതിനുള്ള നന്ദിസൂചകമായി യഹോവയ്ക്ക് ഒരു ബലി അർപ്പിച്ചു. ഇനി ഒരിക്കലും ഇതുപോലൊരു ജലപ്രളയം വരുത്തില്ലെന്ന് യഹോവ വാഗ്ദാനം ചെയ്തു. മഴവില്ല് ഒരു അടയാളമായി നൽകിക്കൊണ്ടാണ് യഹോവ അതിന് ഉറപ്പു കൊടുത്തത്.
ഇന്നു ജീവിച്ചിരിക്കുന്ന നമ്മളെല്ലാം നോഹയുടെ കുടുംബത്തിൽനിന്ന് വന്നതാണ്. അന്ന് ആ ദുഷ്ടലോകത്തിന്റെ ഭാഗമാകാതെ ഉറച്ചുനിൽക്കാൻ അവർ ധൈര്യം കാണിച്ചതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്!
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
നോഹ എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. ജലപ്രളയത്തിനു മുമ്പുള്ള ജീവിതം എങ്ങനെയുള്ളതായിരുന്നു? (w02 3/1 പേ. 5 ഖ. 4–പേ. 6 ഖ. 4)
2. പെട്ടകം പണിയാൻ ദൈവം എപ്പോഴാണു നോഹയോട് ആവശ്യപ്പെട്ടത്? പ്രളയം തുടങ്ങുന്ന കൃത്യസമയം യഹോവ എപ്പോഴാണു വെളിപ്പെടുത്തിയത്? (w12 4/15 പേ. 23 ഖ. 5-8)
3. പ്രളയം ശരിക്കും ഉണ്ടായെന്നു നമുക്ക് എങ്ങനെ വിശ്വസിക്കാം? (ijwbq ലേഖനം 156 ഖ. 2-5, ചതുരം) A
Historic Collection/Alamy Stock Photo
ചിത്രം A: ഒരു ആഗോളപ്രളയത്തെ അതിജീവിക്കാനായി ഒരു മനുഷ്യൻ ബോട്ട് ഉണ്ടാക്കിയതിനെക്കുറിച്ച് ഹിന്ദുപുരാണങ്ങളിൽ പറയുന്നുണ്ട്. പ്രളയത്തിനു ശേഷം അദ്ദേഹം ഒരു ബലി അർപ്പിക്കുകയും എല്ലാ മനുഷ്യരുടെയും പൂർവികനാകുകയും ചെയ്തു
4. പ്രളയത്തെത്തുടർന്ന് 100-ലധികം വർഷം കഴിഞ്ഞപ്പോൾ എന്തു സംഭവിച്ചു? വൃദ്ധനായ നോഹയെ അത് എങ്ങനെ ബാധിച്ചിരിക്കാം? (it “നോഹ” നമ്പർ 1 ഖ. 12-wcgr) B
ചിത്രം B
നമുക്കുള്ള പാഠങ്ങൾ
നമ്മുടെ കാലം നോഹയുടെ നാളുകൾപോലെയായിരിക്കുന്നത് എങ്ങനെ? (മത്താ. 24:36-39)
നോഹയുടെ മാതൃക പിൻവരുന്ന കാര്യങ്ങളുടെ പ്രാധാന്യം നിങ്ങളെ പഠിപ്പിക്കുന്നത് എങ്ങനെ. . .
ചിട്ടയോടെ കാര്യങ്ങൾ ചെയ്യുന്നതിന്റെ? C
ചിത്രം C
കഠിനാധ്വാനം ചെയ്യുന്നതിന്റെ? D
ചിത്രം D
ക്ഷമയോടിരിക്കുന്നതിന്റെ? E
ചിത്രം E
നിങ്ങൾക്ക് എങ്ങനെ നോഹയുടെ ധൈര്യം അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന നോഹയോട് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
ഒരു അപ്പൻ നോഹയുടെ മാതൃക അനുകരിക്കാൻ കഠിനമായി ശ്രമിക്കുന്നത് എങ്ങനെയെന്നു കാണുക.
നോഹയിൽനിന്നുള്ള പാഠങ്ങൾ പഠിക്കാൻ നിങ്ങളുടെ മക്കളെ സഹായിക്കുക.