1 ഹാനോക്ക്
ദൈവത്തിന്റെകൂടെ നടന്നു
ഹാനോക്ക് ചുറ്റുമുള്ളവരിൽനിന്നെല്ലാം വളരെ വ്യത്യസ്തനായിരുന്നു. അതുകൊണ്ടുതന്നെ ഒറ്റപ്പെടുന്നതിന്റെ വേദന അദ്ദേഹത്തിനു ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ടാകാം. അക്കാലത്ത് ജീവിച്ചിരുന്ന ആളുകളിൽ, ‘സത്യദൈവത്തിന്റെകൂടെ നടന്നതായി’ ബൈബിളിൽ പറഞ്ഞിരിക്കുന്നതു ഹാനോക്കിനെക്കുറിച്ച് മാത്രമാണ്. ഭൂമിയിൽ ജീവിക്കുന്ന വെറുമൊരു മനുഷ്യന് എങ്ങനെ ദൈവത്തിന്റെകൂടെ നടക്കാനാകും? ഹാനോക്കിൽനിന്ന് ധൈര്യത്തെക്കുറിച്ച് നമുക്ക് എന്തൊക്കെ പഠിക്കാം?
രണ്ടു വിധങ്ങളിലെങ്കിലും ഹാനോക്ക് സത്യദൈവത്തിന്റെകൂടെ നടന്നു: ചില കാര്യങ്ങൾ ചെയ്യാതിരുന്നുകൊണ്ടും ചില കാര്യങ്ങൾ ചെയ്തുകൊണ്ടും. തനിക്കു ചുറ്റുമുള്ള ദൈവഭക്തിയില്ലാത്ത ആളുകളെപ്പോലെയായിരിക്കാൻ അദ്ദേഹം തയ്യാറായില്ല. ആദാമിന്റെയും ഹവ്വയുടെയും കുടുംബത്തിലെ ഏഴാം തലമുറയിൽപ്പെട്ട ആളായിരുന്നു ഹാനോക്ക്. നല്ല പ്രായമായെങ്കിലും ആദാം അപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു. (“ഗോത്രപിതാക്കന്മാരുടെ കാലംമുതൽ ന്യായാധിപന്മാരുടെ കാലംവരെ” എന്ന സമയരേഖ കാണുക.) ആദാമിന്റെയും ഹവ്വയുടെയും ധിക്കാരമനോഭാവമാണു പിന്നീടു വന്ന മിക്കവരിലുമുണ്ടായിരുന്നത്. അവരുടെ മകനായ കയീൻ സ്വന്തം അനിയനായ ഹാബേലിനെ കൊന്നു. ദൈവത്തോടു വിശ്വസ്തനായിരുന്ന ആദ്യത്തെ മനുഷ്യനായിരുന്നു ഹാബേൽ. കയീന്റെ പിൻതലമുറക്കാരിൽ പലരും കയീനെപ്പോലെ ദുഷ്ടന്മാരായിരുന്നു. ചിലരാണെങ്കിൽ കയീനെക്കാൾ മോശം. (ഉൽപ. 4:23, 24) എന്നാൽ അത്തരം മോശമായ സ്വാധീനങ്ങളിൽപ്പെടാതെ ഹാനോക്ക് ധൈര്യത്തോടെ ഉറച്ചുനിന്നു. അദ്ദേഹം സമാധാനം ഇഷ്ടപ്പെടുന്ന ആളായിരുന്നു. അതു ദൈവത്തെ സന്തോഷിപ്പിച്ചു.
ഹാനോക്ക് ജനിക്കുന്നതിന് ഒരുപാടു വർഷങ്ങൾക്കു മുമ്പുതന്നെ “ആളുകൾ യഹോവയുടെ പേര് വിളിച്ചുതുടങ്ങി.” (ഉൽപ. 4:26) സാധ്യതയനുസരിച്ച് അവർ അങ്ങനെ ചെയ്തത് ദൈവത്തെ സ്തുതിക്കാനായിരുന്നില്ല, നിന്ദിക്കാനായിരുന്നു. എന്നാൽ ഹാനോക്ക് അവരോടൊപ്പം ചേർന്നില്ല. അദ്ദേഹം ദൈവത്തിന്റെ വിശുദ്ധനാമത്തെ സ്നേഹിക്കുകയും അങ്ങേയറ്റം ആദരിക്കുകയും ചെയ്തു. അങ്ങനെ ഹാനോക്ക് അക്കാലത്തെ ആളുകളിൽനിന്ന് വ്യത്യസ്തനായി നിന്നു.
ഹാനോക്ക് പറഞ്ഞ കാര്യങ്ങൾ ഇഷ്ടപ്പെടാത്തതുകൊണ്ട് ആളുകൾ അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ചു. അപ്പോൾ യഹോവ അദ്ദേഹത്തെ സംരക്ഷിച്ചു
എന്നാൽ അതിലും ധൈര്യം വേണ്ട ഒരു കാര്യം ചെയ്യാൻ യഹോവ ഹാനോക്കിനോട് ആവശ്യപ്പെട്ടു. ഒരു പ്രവാചകനായി സേവിക്കാനുള്ള പ്രത്യേകനിയമനമായിരുന്നു അത്. അന്നത്തെ ദുഷ്ടമനുഷ്യരോട് അദ്ദേഹം ഈ സന്ദേശം അറിയിക്കണമായിരുന്നു: “ഇതാ, യഹോവ തന്റെ ആയിരമായിരം വിശുദ്ധരോടുകൂടെ വന്നിരിക്കുന്നു; എല്ലാവർക്കും എതിരെ ന്യായവിധി നടപ്പാക്കാനും ദൈവഭക്തിയില്ലാത്തവർ ഭക്തിവിരുദ്ധമായി ചെയ്ത എല്ലാ ദുഷ്ചെയ്തികളെയും ദൈവഭക്തിയില്ലാത്ത പാപികൾ തനിക്ക് എതിരെ പറഞ്ഞ മോശമായ എല്ലാ കാര്യങ്ങളെയും പ്രതി അവരെ കുറ്റം വിധിക്കാനും വേണ്ടി ദൈവം വന്നിരിക്കുന്നു.”
ഇതൊരു പ്രവചനമായിരുന്നെങ്കിലും യഹോവ തന്റെ ന്യായവിധി നടപ്പാക്കിക്കഴിഞ്ഞതുപോലെയാണു ഹാനോക്ക് സംസാരിച്ചത്. കാരണം അതു നടക്കുമെന്നു ഹാനോക്കിന് അത്ര ഉറപ്പായിരുന്നു. ആ സന്ദേശം വളരെ ശക്തവുമായിരുന്നു. അന്നത്തെ ആളുകളെക്കുറിച്ച്, അവർ ദൈവഭക്തിയില്ലാത്തവരാണെന്ന കാര്യം ഹാനോക്ക് ആവർത്തിച്ചുപറഞ്ഞു. ഹാനോക്ക് അറിയിച്ച സന്ദേശം കേട്ടപ്പോൾ അവർക്കു ശരിക്കും ദേഷ്യം വന്നുകാണും. പക്ഷേ ഹാനോക്ക് ധൈര്യത്തോടെ യഹോവയ്ക്കു പറയാനുള്ള കാര്യങ്ങൾ അവരോടു പറഞ്ഞു.
എന്നാൽ ആളുകൾ അതിനോട് എങ്ങനെയാണു പ്രതികരിച്ചത്? ബൈബിൾ അതു കൃത്യമായി പറയുന്നില്ലെങ്കിലും ഹാനോക്ക് വലിയ അപകടത്തിലായിരുന്നു എന്നതിന്റെ സൂചന ബൈബിൾ നൽകുന്നുണ്ട്. അതെക്കുറിച്ച് ബൈബിൾ പറയുന്നത് ഇതാണ്: “ദൈവം ഹാനോക്കിനെ എടുത്തതുകൊണ്ട് പിന്നെ ആരും ഹാനോക്കിനെ കണ്ടിട്ടില്ല.” ശരിക്കും എന്തായിരിക്കാം സംഭവിച്ചത്? അന്നത്തെ ദുഷ്ടരായ ആളുകൾ ഹാനോക്കിനെ അങ്ങേയറ്റം വെറുത്തു. ഹാനോക്കിനെ യഹോവയ്ക്ക് ഇഷ്ടമായിരുന്നതുകൊണ്ട് ആ ദുഷ്ടന്മാരുടെ ഉപദ്രവം സഹിക്കാനോ അവരുടെ കൈയാൽ മരിക്കാനോ ഇടയാകാതെ ദൈവം ഹാനോക്കിനെ എടുത്തു, അഥവാ മരണനിദ്രയിലേക്കു മാറ്റി. അങ്ങനെ ആർക്കും ഉപദ്രവിക്കാനാകാത്ത അവസ്ഥയിൽ, അതായത് യഹോവയുടെ ഓർമയിൽ ഹാനോക്ക് സുരക്ഷിതനായി കഴിയുന്നു.
എന്നാൽ അതിനു മുമ്പുതന്നെ യഹോവ ഹാനോക്കിന് ഒരു സമ്മാനം നൽകിയിരുന്നു. ‘ഹാനോക്ക് ദൈവത്തെ പ്രസാദിപ്പിച്ചു എന്ന ഉറപ്പായിരുന്നു’ അത്. ഒരുപക്ഷേ യഹോവ ഹാനോക്കിനെ ഭാവിയിൽ അദ്ദേഹത്തിനു ലഭിക്കാനിരിക്കുന്ന പറുദീസാഭൂമിയിലെ സമാധാനത്തോടെയുള്ള ഒരു ജീവിതം ദർശനമായി കാണിച്ചിരിക്കാം. അവസാനമായി കണ്ണടയ്ക്കുമ്പോൾ ഹാനോക്കിന് എന്തായാലും ഒരു കാര്യത്തിൽ സംശയമില്ലായിരുന്നു: ശക്തമായ വിശ്വാസവും അചഞ്ചലമായ ധൈര്യവും കാണിച്ച തനിക്ക് യഹോവയുടെ സ്നേഹവും അംഗീകാരവും ഉണ്ട്!
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
ഹാനോക്ക് എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. “ആളുകൾ യഹോവയുടെ പേര് വിളിച്ചുതുടങ്ങി” എന്നു പറഞ്ഞിരിക്കുന്നത് ഏത് അർഥത്തിലായിരിക്കാം? (ഉൽപ. 4:26; w01 9/15 പേ. 29 ഖ. 3)
2. ഒരു പ്രത്യേകനിയമനം കിട്ടിയ ആദ്യത്തെ മനുഷ്യനായിരുന്നു ഹാനോക്ക്. എന്തായിരുന്നു ആ നിയമനം? അദ്ദേഹത്തിന് ആ നിയമനം ചെയ്യാനായത് എങ്ങനെ? (w01 9/15 പേ. 31 ഖ. 5)
3. പ്രവാചകനായുള്ള നിയമനം തുടങ്ങുന്നതിനു മുമ്പുതന്നെ, അതു ചെയ്യാൻ ധൈര്യം വേണ്ടിവന്നേക്കാമെന്നു ഹാനോക്ക് തിരിച്ചറിഞ്ഞത് എങ്ങനെ? (w06 10/1 പേ. 19 ഖ. 13-14) A
ചിത്രം A
4. ഹാനോക്ക് സ്വർഗത്തിലേക്കു പോയെന്നു ചിലർ വിശ്വസിക്കുന്നുണ്ടെങ്കിലും അതു ശരിയല്ലെന്നു നമുക്ക് എങ്ങനെ തെളിയിക്കാം? (യോഹ. 3:13; എബ്രാ. 11:5, 13)
നമുക്കുള്ള പാഠങ്ങൾ
സന്തോഷവാർത്ത അറിയിക്കാൻ നമുക്കു കൂടുതൽ ധൈര്യം ആവശ്യമായി വന്നേക്കാവുന്നത് എപ്പോഴാണ്? ഇക്കാര്യത്തിൽ നമുക്ക് എന്തു സഹായം കിട്ടുമെന്നാണു ഹാനോക്കിന്റെ മാതൃക കാണിക്കുന്നത്? B
ചിത്രം B
നമ്മൾ ധൈര്യത്തോടെ യഹോവയുടെകൂടെ നടക്കുമ്പോൾ യഹോവയ്ക്ക് എന്താണു തോന്നുന്നത്? (സുഭാ. 27:11; എബ്രാ. 11:5)
നിങ്ങൾക്ക് എങ്ങനെ ഹാനോക്കിന്റെ ധൈര്യം അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന ഹാനോക്കിനോട് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
അക്രമം നിറഞ്ഞ ലോകത്ത് മുന്നോട്ടുപോകാൻ ഹാനോക്കിന്റെ മാതൃക നമ്മളെ എങ്ങനെ സഹായിക്കും?
വിശ്വാസം വളർത്തിയെടുക്കാൻ ഹാനോക്കിനെ എന്താണു സഹായിച്ചതെന്നു കാണുക.
“പ്രക്ഷുബ്ധമായ ഈ നാളുകളിൽ ദൈവത്തോടുകൂടെ നടക്കുക” (w05 9/1 പേ. 13-17)